news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

എന്‍റെയപ്പന്‍റെ കുടുംബത്തില്‍പെട്ടവര്‍ക്ക് ആഘോഷമെന്നോ രസമെന്നോ ഒക്കെ പറഞ്ഞാല്‍ എന്താണെന്നുകൂടി അറിയില്ല. അമ്മയുടെ വീട്ടുകാര്‍ അങ്ങനെയല്ല; രസികരാണ്. അതുകൊണ്ട് കുട്ടിക്കാലത്തെ ഓണാവധിയും ക്രിസ്മസ് അവധിയും മുറതെറ്റാതെ ആഘോഷിച്ചിരുന്നത് അമ്മവീട്ടിലാണ്. വീട്ടുകാരെല്ലാംകൂടി തറവാട്ടില്‍ ഒന്നിച്ചുകൂടും. പെണ്ണുങ്ങള്‍ പകലുമുഴുവന്‍ വെച്ചും വിളമ്പിയും അടുക്കളയിലായിരിക്കും. ആണുങ്ങള്‍ ചാരായക്കുപ്പിയും ചീട്ടുമായി ഒറ്റയിരുപ്പാണ്. കുടിയും കളിയും കളിയെപ്പറ്റി ചര്‍ച്ചയുമായി ദിവസം തീര്‍ക്കും. വൈകുന്നേരമാകുമ്പോള്‍ കടയിലേക്കാണെന്നും പറഞ്ഞ് വല്ല്യപ്പന് ഒരു പോക്കുണ്ട്. പോകരുതെന്ന് കൊച്ചുകുട്ടിയായ ഞാന്‍ ചിലപ്പോഴൊക്കെ കെഞ്ചിപ്പറഞ്ഞിട്ടുണ്ട്. കേട്ടിട്ടില്ല. രാത്രിയില്‍ അദ്ദേഹം തിരികെയെത്തുന്നതോടെ അന്തരീക്ഷം ആകെ കലങ്ങിമറിയും. പിന്നെ നെഞ്ചത്തടിയും അലറിവിളിക്കലും കരച്ചിലും ബഹളവും വീട്ടില്‍ നിറയും. കടയിലേക്കുപോയ വല്ല്യപ്പന്‍ തിരികെ വരരുതേയെന്ന് ശരിക്കും പ്രാര്‍ത്ഥിച്ചുപോയിട്ടുണ്ട്. അദ്ദേഹം അലറിക്കൊണ്ട് ഒരു മുറിയില്‍ കയറുമ്പോള്‍ മറ്റൊരു മുറിയിലേക്ക് ഭീതിയോടെ ഓടിപ്പോകുന്ന പെങ്ങളുടെ മുഖം ഇന്നും മനസ്സിലുണ്ട്. കുട്ടികള്‍ക്ക് പാമ്പിനെയും പട്ടിയെയുമൊക്കെ പേടിയാണ്. അതുപോലെ ഭയപ്പെടേണ്ടവനാണോ വല്ല്യപ്പന്‍? ആ രാത്രി ഒരാള്‍ മാത്രം സന്തോഷിക്കുകയും ബാക്കിയുള്ളവരെല്ലാം നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്നു. പകല്‍ മുഴുവന്‍ പണിയെടുക്കുന്ന പെണ്ണുങ്ങള്‍ക്ക് രാത്രിയും നഷ്ടപ്പെടുന്നു. ഉണ്ടില്ലെങ്കിലും ഊട്ടേണ്ടവന്‍, ഉടുത്തില്ലെങ്കിലും ഉടുപ്പിക്കേണ്ടവനാണു കിടന്നുറയുന്നത്. നാട്ടുകാര്‍ക്കെല്ലാം സാറും വലിയ ഉപകാരിയുമായിരുന്നു അദ്ദേഹം. പക്ഷേ അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍റെ ഓര്‍മ്മയില്‍ ബാക്കിയുള്ളത് അദ്ദേഹത്തിന്‍റെ ചുവന്ന കണ്ണുകളും അലറിവിളിയുമാണ്. ഒരായുസ്സു മുഴുവന്‍ ഈ മണ്ണില്‍ ജീവിച്ചിട്ട് ചിലര്‍ ബാക്കിവയ്ക്കുന്നത് ഇത്തരം ചില കാര്യങ്ങളാണ്! എത്ര ചെറുതാണ് ഈ ജീവിതം, അല്ലേ? ഏറിയാല്‍ എണ്‍പതുകൊല്ലം. അതിനിടയില്‍ എത്ര കുറച്ചുപേരോടാണു നമ്മള്‍ ശരിക്കും അടുത്തിടപെടുന്നത്? ഏറിയാല്‍ പത്തുപേര്‍. ആ പത്തുപേരുടെ നെഞ്ചുകളെപ്പോലും ഒന്നു തണുപ്പിക്കാതെ ആയുസ്സു തീര്‍ക്കുന്ന എത്രയോ പേരുണ്ടിവിടെ? നമ്മുടെ കുമ്പസാരക്കൂടുകളിലൊക്കെ ഏറ്റവും കൂടുതല്‍ കണ്ണീരു വീഴുന്നത് ആരുടെ പേരിലാണ്? ശത്രുക്കളുടെയോ അയല്‍പക്കക്കാരുടെയോ പേരിലല്ല, ആരുടെ കരം ഗ്രഹിച്ച് അവസാനശ്വാസംവരെ ഒരുമിച്ചുണ്ടാകുമെന്നു വാക്കുകൊടുത്തോ അവരുടെ പേരിലാണ്.

***

ആറരക്കൊല്ലം മുമ്പു കണ്ട ആ സ്ത്രീയുടെ മുഖം ഓര്‍മ്മയില്‍നിന്ന് ഇന്നും മാഞ്ഞിട്ടില്ല. കറുത്തവള്‍. കൂലിപ്പണിക്കാരി. ചെറിയ ക്ലാസുകളിലേ പഠിച്ചിട്ടുള്ളൂ. മനസ്സു മടുത്തുപോയി; അതുകൊണ്ട് ഭരണങ്ങാനത്തു ധ്യാനം കൂടാന്‍ വന്നതായിരുന്നു. അവള്‍ പറഞ്ഞ കാര്യങ്ങള്‍ ഏകദേശം ഇതൊക്കെയാണ്: ഇരുപതു കൊല്ലമായി വിവാഹജീവിതം നയിച്ചുവരുന്നു. സ്നേഹിക്കപ്പെട്ടു എന്നു പറയാന്‍ പറ്റുന്ന ഒരു ദിവസംപോലും അതിനിടയില്‍ അവള്‍ക്കു കിട്ടിയില്ല. രാത്രിയില്‍ നാലുകാലില്‍ കയറിവരുന്നവനില്‍നിന്ന് അടി കിട്ടുമെന്നുറപ്പാണ്. എന്നാലും അത്താഴമൊരുക്കി കാത്തിരിക്കണം. ഉപ്പില്ല, എരിവില്ല എന്നൊക്കെ പറഞ്ഞ് പലപ്പോഴും ഭക്ഷണം എടുത്തെറിയപ്പെടും. ഒന്നും എതിര്‍ക്കരുത്. കിടക്കയിലും എതിര്‍ക്കരുത്. അങ്ങനെയായിരുന്നു ആ ഗതികെട്ട ജീവിതം. ഒരിക്കല്‍ അവള്‍ ഭര്‍ത്താവിന്‍റെ വസ്ത്രം അലക്കിക്കൊണ്ടിരുന്നപ്പോള്‍ പുറകില്‍നിന്നു വന്ന അയാള്‍ പുറത്തിനിട്ട് ഒറ്റയിടിയാണ്. മൂക്കുകുത്തി അവള്‍ വീണത് അലക്കുകല്ലിലേക്ക്. ധ്യാനം കൂടാന്‍ തീരുമാനിച്ചത് അതോടെയാണ്. സങ്കടം മുഴുവന്‍ പെയ്തുകഴിഞ്ഞപ്പോള്‍ അവള്‍ ഒരു ചോദ്യം ചോദിച്ചു. "അച്ചോ! എന്‍റെ ഭര്‍ത്താവിനെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന് എനിക്കൊന്നു പറഞ്ഞുതരാമോ?" പഠിച്ച സകല അഭ്യാസവും ഉപയോഗിച്ച് അവളുടെ പ്രശ്നത്തിന് മനസ്സില്‍ പരിഹാരം അന്വേഷിക്കുകയായിരുന്നു ഞാന്‍ അതുവരെ. അവസാനം മാത്രമാണ് അതു ഞാനറിഞ്ഞത്: അവള്‍ക്കു വേണ്ടത് പ്രശ്നത്തിനു പരിഹാരമല്ല, തോറ്റുകൊടുക്കാനുള്ള കരുത്താണ്. ജോണ്‍സണിന്‍റെ ആത്മകഥയായ 'കുടിയന്‍റെ കുമ്പസാര'ത്തിലെ യഥാര്‍ത്ഥ നായകന്‍ ഗ്രന്ഥകാരന്‍റെ ഭാര്യ രാജിയാണെന്ന് അവതാരികയില്‍ ഷൗക്കത്ത്. "രാജിയുടെ സഹനവും ക്ഷമയും സ്നേഹവും കാത്തിരിപ്പും ഇല്ലായിരുന്നെങ്കില്‍ ഇന്നു ജോണ്‍സണില്ല. പുനര്‍ജന്മമില്ല... ഈ പുസ്തകവുമില്ല. പുസ്തകം വായിച്ചുകഴിഞ്ഞ് രാജിചേച്ചിയോട് ഞാനിതു പറഞ്ഞപ്പോള്‍ വളരെ നിസ്സംഗതയോടെ അവര്‍ പറഞ്ഞത്, 'അതില്‍ വലിയ കാര്യമൊന്നുമില്ല. വേറെന്തു ചെയ്യാനാ? ആരായാലും ഇതു ചെയ്യും' എന്നാണ്." ജോണ്‍സണിന്‍റെ ഭാര്യ ജീവിക്കുന്നത് ജോണ്‍സണിന്‍റെ അമ്മയുടെ ജീവിതംതന്നെയാണ്. തന്‍റെയപ്പന്‍റെ കുടിനിര്‍ത്താനായി അമ്മ അപ്പനറിയാതെ മരുന്നു കൊടുത്തതിനുശേഷമുള്ളതിനെപ്പറ്റി ജോണ്‍സണ്‍ എഴുതുന്നു: "പിറ്റേന്നു മുതല്‍ രണ്ടു ദിവസത്തേക്ക് ധഅപ്പന്‍പ കട്ടിലില്‍ പുതച്ചുമൂടിക്കിടന്നു. കരിക്കിന്‍വെള്ളവും കഞ്ഞിവെള്ളവും മോരും പലതവണകളായി അമ്മ അപ്പനു കൊടുത്തു. തല ഉയര്‍ത്താനായപ്പോഴൊക്കെ അമ്മയെ ചീത്ത വിളിച്ചിട്ടും, അമ്മ കട്ടിലിന്‍റെ തലയ്ക്കലിരുന്ന് അപ്പനു ഛര്‍ദ്ദിക്കാന്‍ പരുവത്തില്‍ കട്ടിലിന്‍റെ നാലുവശത്തും മേലും കീഴും കോളാമ്പി ഉയര്‍ത്തിപ്പിടിച്ചുകൊടുത്തു... 'വീട്ടിലെ സഞ്ചരിക്കുന്ന കോളാമ്പിയാണു ഞാന്‍' എന്നു പറഞ്ഞ് അമ്മ വിതുമ്പി." കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് ഭര്‍ത്താവ് അസഭ്യവര്‍ഷം ചൊരിയുന്ന ഒരു സ്ത്രീയെ പരിചയപ്പെട്ടു. പ്രമേഹം വന്നു അയാളുടെ ഒരു കാല്‍ പകുതി മുറിച്ചുമാറ്റിയിരുന്നു. മുഴുനീളക്കുടിയനാണ് അയാള്‍. എന്നിട്ടും പണ്ടെന്നോ ചെയ്ത ഒരു വാഗ്ദാനത്തിന്‍റെ പേരില്‍ ഭൂമിയോളം ക്ഷമിച്ചങ്ങനെ ആ സ്ത്രീ... ചിറകില്ലാത്ത മാലാഖമാരേ, ആക്രോശങ്ങള്‍ക്കിടയിലും നിങ്ങള്‍ പുലര്‍ത്തുന്ന നിശ്ശബ്ദത, മദ്യത്തിന്‍റെ കെട്ടമണത്തിനിടയിലും നിങ്ങള്‍ പൊഴിക്കുന്ന കണ്ണീര്‍ പുഞ്ചിരി, നിരന്തരം തോല്പിക്കപ്പെടുമ്പോഴും തോല്‍ക്കാത്ത നിങ്ങളുടെ കരളുറപ്പ്... എല്ലാറ്റിനും മുമ്പില്‍ ഞങ്ങള്‍ പുരുഷവര്‍ഗം ആദരവോടെ നില്ക്കുന്നു.

***

പൂസായ ഒരാള്‍ ബസിലെങ്ങാനും കയറിക്കിട്ടിയാല്‍ ഇരയെ കിട്ടിയ സന്തോഷമാണു ചിലര്‍ക്ക്. കളിയാക്കലും കളിപ്പിക്കലും പൊട്ടിച്ചിരികളുമായി അതാഘോഷമാക്കും അവര്‍. കോമാളിവേഷം കെട്ടുന്ന അയാളുടെ കൂടെപ്പിറപ്പാരെങ്കിലും ആ യാത്രക്കാര്‍ക്കിടയിലുണ്ടെന്ന് ഒന്നു സങ്കല്പിച്ചുനോക്കൂ. അവര്‍ക്കെന്താവും തോന്നുന്നുണ്ടാകുക? കാപട്യവും കാര്‍ക്കശ്യവും ഏറെയുള്ള മലയാളിയുടെ സദാചാരബോധത്തിന്‍റെ ഇരകളാണ് മദ്യപരും. എനിക്കൊരു അമ്മാവനുണ്ടായിരുന്നു. മരിച്ചുപോയി. ഇന്ത്യന്‍ എക്സ്പ്രസിലും ഹിന്ദുവിലുമൊക്കെ പണിയെടുത്തു. ഒരുപാടു പേരുടെ ആദരവു പിടിച്ചുപറ്റിയയാള്‍. ഓഫീസിലെ ഒരു പ്യൂണിനെ പറഞ്ഞുവിടാന്‍ അധികാരികള്‍ തീരുമാനിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ച് രാജിക്കു തയ്യാറായ ആളാണ്. പക്ഷേ മദ്യം കീഴ്പെടുത്തിക്കളഞ്ഞു. ഇംഗ്ലീഷില്‍ നല്ല പ്രാഗത്ഭ്യമുണ്ടായിരുന്ന അദ്ദേഹം ഒടുക്കം പറ്റിയ വാക്കു എഴുതാന്‍ കിട്ടാതെ പുലര്‍കാലെ വെരുകുപോലെ മുറിയില്‍ നടക്കുന്നതു കണ്ടിട്ടുണ്ട്. മനസ്സില്‍നിന്നു വാക്കുകളും കൈയില്‍നിന്നു ജീവിതവും വഴുതിപ്പോകുകയായിരുന്നു. എന്നിട്ടും എന്തേ സ്വയം നിയന്ത്രിച്ചില്ല? അതിന് അദ്ദേഹത്തിന്‍റെ മറുപടി: "യാത്രയിലാണെങ്കിലും കക്കൂസില്‍ പോകണമെന്നു തോന്നിയാല്‍ നിങ്ങള്‍ ഇറങ്ങിയോടില്ലേ? ഷാപ്പു കാണുമ്പോള്‍ എന്‍റെ സ്ഥിതിയും അതുപോലെയാണ് ." മാന്യനായ യാത്രക്കാരാ, ഈ മനുഷ്യന്‍ നിങ്ങളുടെ ബസില്‍ കയറിയാല്‍ അദ്ദേഹത്തെ വെറുതെ വിടൂ. എന്‍റെ അമ്മാവനാണത്. ജീവിതം കൈവിട്ടുപോയതുനിമിത്തം വേവുന്ന നെഞ്ചുമായി നടക്കുന്നവന്‍. ചിലപ്പോള്‍ നിങ്ങളേക്കാള്‍ ഒരുപാടു നന്മയുള്ളയാള്‍.

***

ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് കണ്ടിട്ടുണ്ട്, ചുമയ്ക്കുള്ള സിറപ്പും അയഡക്സ് പുരട്ടിയ ബ്രഡും ഒക്കെ കഴിക്കുന്ന കുട്ടികളെ. ആദ്യം പരിചയപ്പെടുമ്പോള്‍ അങ്ങനെയൊന്നുമായിരുന്നില്ല അവര്‍. പരിശീലിച്ചെടുത്തതാണ് അത്. കുടിച്ചുതുടങ്ങുമ്പോള്‍ ആര്‍ക്കും നല്ലയുറപ്പാണ്: എപ്പോള്‍ വേണമെങ്കിലും ഇതു നിര്‍ത്താമല്ലോ. ഒരു കുടിയന്‍റെ ഏറ്റവും വലിയ പ്രലോഭനം അതാണെന്നു കേട്ടിട്ടുണ്ട്. സ്വയം അതു ബോധ്യപ്പെടുത്താന്‍ നോമ്പുകാലത്തും മറ്റും കുടി നിര്‍ത്തുകയും ചെയ്യും. എന്നാല്‍ പിന്നീട് എപ്പോഴെങ്കിലും ഒരു തുള്ളി അകത്തുചെല്ലുന്നതോടെ പഴയതിലും മോശം സ്ഥിതിയിലാകുകയാണ് കാര്യങ്ങള്‍. ഇതു തിരിച്ചറിയാന്‍ സ്വന്തം ജീവിതാനുഭവംതന്നെ വേണമെന്നു വാശിപിടിക്കരുത്. തിരിച്ചറിഞ്ഞിട്ടും വീണ്ടും വിടരാനാകാതെ കൊഴിഞ്ഞുപോയ എത്രയോ പൂവുകളെ നമ്മുടെ ചുറ്റുവട്ടത്തുനിന്നും കാറ്റു തൂത്തെറിഞ്ഞിരിക്കുന്നു!

കള്ളിന്‍റെ ലഹരിയില്‍ നമ്മള്‍ ആസ്വദിക്കാതെ പോകുന്നത് ജീവിതത്തിന്‍റെ ലഹരിയാണ്.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts