കാലാകാലമായി എല്ലാവര്‍ഷവും ക്രിസ്ത്യാനികള്‍ ഒരു ചോദ്യത്തിന് ഉത്തരം തേടാറുണ്ട്. ചോദ്യം ഇതാണ്: ഈ വര്‍ഷത്തെ നോമ്പ് ഞാന്‍ എങ്ങനെ ആചരിക്കണം? എല്ലാ വര്‍ഷവും പല ഉത്തരങ്ങള്‍ സ്വയം കണ്ടെത്തിയല്ലേ നോമ്പ് ആചരിച്ചത്. ഇത്തവണ നമ്മുടെ ആദ്ധ്യാത്മിക പിതാവായ ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ശ്രവിക്കാം.

1. മടി എന്ന തിന്മയോടുള്ള അടിമത്തം ഉപേക്ഷിക്കാം.

നോമ്പ് ഊര്‍ജ്ജസ്വീകരണത്തിന്‍റെ കാലമാണ്. നമ്മില്‍ ഒരു മാറ്റം കൊണ്ടുവരുവാനുള്ള കാലം. നമുക്കെല്ലാവര്‍ക്കും മാറ്റം, മുന്നോട്ട് ഒരു ചുവടുവയ്പ് ആവശ്യമാണ്. നോമ്പ് ഈ മാറ്റത്തിനു നമ്മെ സഹായിക്കുന്നു. പഴയ ദുഃശീലങ്ങളെ ഉപേക്ഷിക്കാന്‍, മടി എന്ന അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ ഈ നോമ്പ് നമുക്ക് സഹായകം ആകട്ടെ.

2. സ്വയം മുറിപ്പെടുന്ന ജീവിതക്രമം സ്വീകരിക്കാം.

സ്വയം ഇല്ലാതാകാന്‍ ഉള്ള ഏറ്റവും നല്ല കാലമാണ് നോമ്പ്. സ്വയം ദരിദ്രനായി അതില്‍ നിന്ന് മിച്ചം പിടിക്കുന്നത് മറ്റൊരുവന് ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കാന്‍ നമ്മള്‍ മനസ്സു കാണിക്കണം. യഥാര്‍ത്ഥ ദാരിദ്ര്യം എന്നും മുറിപ്പെടുത്തുന്ന അനുഭവം ആണ്. പരിത്യാഗം ഇല്ലാതെ ശൂന്യവത്കരണം അസാധ്യമാണ്. സ്വയം വില കൊടുക്കാതെയും മുറിയപ്പെടാതെയും നടത്തപ്പെടുന്ന ഒരു നോമ്പിലും എനിക്ക് വിശ്വാസം ഇല്ല.

3. നിസ്സംഗതയോടെ ജീവിക്കരുത്

സഹോദരങ്ങളോടും ദൈവത്തോടും കാണിക്കുന്ന നിസ്സംഗത ഒരു വലിയ പ്രലോഭനം ആണ്. നമ്മെ അസ്വസ്ഥപ്പെടുത്തുന്ന പ്രവാചക വചനങ്ങള്‍ ശ്രവിക്കണം. ദൈവം ഒരിക്കലും നിസ്സംഗനായിരുന്നിട്ടില്ല. അതുകൊണ്ട് തന്നെ തന്‍റെ പുത്രനെ നമ്മുടെ രക്ഷയ്ക്കായി നമുക്ക് അവിടുന്ന് നല്‍കി.

4. ദൈവത്തിന്‍റെ ഹൃദയംപോലെ നമ്മുടെ ഹൃദയവുമാകാന്‍ പ്രാര്‍ത്ഥിക്കാം

ഈ നോമ്പില്‍ എല്ലാവരും ഒരുപോലെ ഇങ്ങനെ പ്രാര്‍ത്ഥിക്കട്ടെ:"എന്‍റെ ഹൃദയം അങ്ങയുടേതുപോലാക്കി മാറ്റണമേ. അങ്ങനെ കരുണയുള്ള, ഉറപ്പുള്ള, ഉദാരമായ, തുറവിയുള്ള, നിസ്സംഗമാകാത്ത ഒരു ഹൃദയം നമുക്കുണ്ടാകട്ടെ."

5. കൂദാശകള്‍ സ്വീകരിക്കുക

നോമ്പ് കൂദാശകളിലൂടെ ക്രിസ്തു നമ്മെ ശുദ്ധീകരിക്കുന്ന കാലമാണ്. ഇതിലൂടെ നമ്മള്‍ അവനെപ്പോലെ ആയി മാറട്ടെ. വചനം കേള്‍ക്കുന്നതിലൂടെയും കൂദാശകള്‍ സ്വീകരിക്കുന്നതിലൂടെയും പ്രത്യേകിച്ച് വി. കുര്‍ബാന സ്വീകരിക്കുന്നതിലൂടെ നാം അവിടുത്തെപ്പോലെ ആയി മാറണം.

6. പ്രാര്‍ത്ഥന

ജീവിതത്തില്‍ ഒന്നിന് പുറകേ ഒന്നായി മുറിവുകള്‍ കടന്നുവന്ന് നമ്മുടെ ഹൃദയങ്ങളെ വീണ്ടും വീണ്ടും കഠിനമാക്കി മാറ്റുമ്പോള്‍ പ്രാര്‍ത്ഥനയിലൂടെ അവിടുത്തെ അനന്ത സ്നേഹത്തിന്‍റെ കടലിലേയ്ക്ക് നമുക്ക് മുങ്ങാംകുഴിയിടാം. നോമ്പ് പ്രാര്‍ത്ഥനയുടെ കാലമാണ്. കൂടുതല്‍ തീക്ഷ്ണതയോടെയും വീര്യത്തോടെയും സഹോദരനുവേണ്ടിയും നമുക്കുവേണ്ടി തന്നെയും തമ്പുരാന്‍റെ മുമ്പില്‍ നിലവിളിക്കാന്‍ ഉള്ള സമയം.

7. ഉപവാസം

പരമ്പരാഗതമായ ഉപവാസം നമുക്ക് ഉപേക്ഷിക്കാം. കാരണം ഈ ഉപവാസം ഞാന്‍ സ്വയം നല്ലതാണ്  അല്ലെങ്കില്‍ ഞാന്‍ കുറെ മെച്ചപ്പെട്ടു എന്ന് ചിന്തിക്കാന്‍ പ്രേരണ നല്‍കുന്ന ഒന്നാണ്. നമ്മുടെ സൗകര്യങ്ങളെ ചോദ്യം ചെയ്യുന്നു എങ്കില്‍ മാത്രമേ ഉപവാസം, ഉപവാസം ആകുന്നുള്ളൂ. നല്ല സമറിയാക്കാരനെപോലെ ആവശ്യക്കാരന്‍റെ പക്കലേക്ക് കുനിയാന്‍ നമുക്ക് കഴിയട്ടെ. അതായിരിക്കട്ടെ നമ്മുടെ ഉപവാസം.

8. ദാനധര്‍മ്മം

എല്ലാം പണം കൊണ്ട് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഇന്നിന്‍റെ ലോകത്തില്‍ കൃതജ്ഞത എന്ന വാക്കിന് അര്‍ത്ഥം ഇല്ലാതാവുകയാണ്. എല്ലാം കൃത്യമായ കണക്കുകൂട്ടലുകളിലൂടെയാണ് കടന്നുപോകുന്നത്. ദാനധര്‍മ്മം എല്ലാം സ്വന്തമാക്കുന്നതിലെ അടിമത്തത്തില്‍ നിന്നും നമുക്ക് മോചനം നല്‍കുന്നു. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെയുള്ള നല്‍കലിന്‍റെ സന്തോഷം ഉള്ളില്‍ ഉദിപ്പിക്കുന്നു.

9. പാവങ്ങളെ സഹായിക്കുക

പാവങ്ങളിലും പുറന്തള്ളപ്പെട്ടവരിലും നാം ക്രിസ്തുവിന്‍റെ മുഖമാണ് കാണുന്നത്. അവരെ സഹായിക്കുന്നതിലൂടെയും സ്നേഹിക്കുന്നതിലൂടെയും നമ്മള്‍ ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നു. മനുഷ്യന്‍റെ മഹത്വത്തെ ഉയര്‍ത്തുന്ന വേര്‍തിരിവുകള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളിലേയ്ക്ക് നമ്മള്‍ തിരിയേണ്ടിയിരിക്കുന്നു. നീതിക്കും സത്യത്തിനും ലാളിത്യത്തിനും പങ്കുവയ്ക്കലിനും തക്കവണ്ണം നമ്മുടെ മനസ്സാക്ഷിയെ പരിവര്‍ത്തന വിധേയമാക്കാം.

10. സുവിശേഷം അറിയിക്കുക.

ക്രിസ്തു നമ്മോട് ആഹ്വാനം ചെയ്യുന്നത് ആനന്ദത്തോടെ അവന്‍റെ രക്ഷയുടെ സന്ദേശം എല്ലാവരിലും എത്തിക്കാനാണ്. തകര്‍ന്ന ഹൃദയങ്ങള്‍ക്ക് സാന്ത്വനം നല്‍കാനും, ജീവിതത്തില്‍ പ്രതീക്ഷയില്ലാത്തവര്‍ക്ക് പ്രതീക്ഷ നല്‍കാനും ആണ്, അവിടുത്തെ രക്ഷയുടെ സുവിശേഷം നമ്മുടെ കരങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. 

You can share this post!

തൊട്ടില്‍ക്കാലം

ഷാജി സി എം ഐ
അടുത്ത രചന

ലൂബ്രിക്കന്‍റ്

ഫാ. ഷാജി സി എം ഐ
Related Posts