ഉള്ളിലെ നീറുന്ന തീയും പുകയും അണയ്ക്കാനാണ് ആദ്യമായി ഇവനെന്‍റെ ചുണ്ടില്‍ ചേരുന്നത്. അന്നെനിക്ക് 18 വയസ്സ്. ഏതോ ഒരു സുഹൃത്ത് പാതി വലിച്ചു നീട്ടിയതാണ്. ഒന്നില്‍ കൂടുതല്‍ പേര്‍ വലിച്ച് പാതിയോളം തീര്‍ത്ത ആ സിഗരറ്റ്കുറ്റിയിലെ അവസാനത്തെ പുക ഞാന്‍ അന്ന് ആവേശത്തോടെ ഉള്ളിലേക്കെടുത്തു. അവരുടെയെല്ലാം ഉമിനീരിന്‍റെ നനവ് അതില്‍ പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ഉള്ളിലെ തീ അണയ്ക്കാന്‍ ആ എരിയുന്ന മറ്റൊരു തീയ്ക്ക് ആയി എന്ന യാഥാര്‍ത്ഥ്യം അതിശയിപ്പിക്കുന്നതാണ്.

പിന്നീടും ഞാനിവനെ കൂട്ടു പിടിച്ചു. പ്രണയം നഷ്ടപ്പെട്ടപ്പോഴും ഇന്‍റര്‍വ്യൂകളില്‍ പരാജയപ്പെട്ടപ്പോഴും അമ്മ ആശുപത്രിയിലായിരുന്നപ്പോഴും അച്ഛന്‍ മരിച്ചപ്പോഴും കടങ്ങള്‍ തലയ്ക്കു മീതെ ഒരു വാളായി തൂങ്ങിക്കിടന്നപ്പോഴും ഭാര്യ പ്രസവമുറിയില്‍ കിടക്കുമ്പോഴുമെല്ലാം ഇവനെന്‍റെ ചുണ്ടില്‍ ഞാന്‍ പോലും അറിയാതെതന്നെ ചേര്‍ന്നു.
ഇന്ന് ഈ വിട്ടില്‍ നിന്നിറങ്ങുമ്പോഴും വലിക്കണമെന്നുണ്ടായിരുന്നു. എന്തോ അതിനു കഴിഞ്ഞില്ല. ഇന്നാണു റിസല്‍ട്ട് വന്നത്. അവളോട് പറഞ്ഞിട്ടില്ല. എന്നും ഓഫീസില്‍ നിന്നിറങ്ങാറുള്ള സമയത്ത് തന്നെ ഇറങ്ങിയത് ഒരു കണക്കിനു നന്നായി. എവിടേക്കാണെന്നുള്ള അവളുടെ ചോദ്യം ഉണ്ടാവില്ലല്ലോ. ഗേറ്റ് കടക്കും മുന്‍പേ ഒന്നു പ്രാര്‍ത്ഥിച്ചു. പതിവില്ലാത്തതാണെങ്കിലും പ്രാര്‍ത്ഥിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതു തീരും മുമ്പേ അവളുടെ പുറകില്‍ നിന്നുള്ള വിളി കേട്ടു. "ദേ, ചോറെടുത്തിട്ടില്ലാ.." ഓഫീസില്‍ നിന്ന് ഉച്ചക്ക് മടങ്ങിവരാമെന്ന് അവള്‍ക്ക് വാക്കും കൊടുത്ത് അവിടെ നിന്ന് ഇറങ്ങി.

ടൂ വീലറോ ഫോര്‍വീലറോ ഇല്ല. കാരണം ലളിതമാണ്. ഓടിക്കാന്‍ അറിയില്ല. ശ്രമിക്കാഞ്ഞിട്ടല്ല. ഇതുവരെ അതു നടന്നിട്ടില്ല. മോള്‍ ശ്രീക്കുട്ടി എന്നും പറയാറുണ്ട്, മോള്‍ വലുതാകുമ്പോള്‍ അച്ഛനെ വണ്ടി ഓടിക്കാന്‍ പഠിപ്പിക്കാമെന്ന്. ഇനി അതിനു കഴിയുമോ എന്നറിയില്ല. എന്തോ റിസല്‍ട് കയ്യില്‍ കിട്ടും മുമ്പേ എല്ലാം തീര്‍ച്ചപ്പെടുത്തിയായിരുന്നു യാത്ര. വീട്ടില്‍ നിന്ന് അടുത്തു തന്നെയാണ് ആശുപത്രി. അങ്ങനെതന്നെ വേണമെന്ന് അവള്‍ക്കായിരുന്നു നിര്‍ബ്ബന്ധം.

അതിപ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നുന്നു. ആശുപത്രി അടുക്കും തോറും ഹൃദയമിടിപ്പും ശരീരത്തിലെ ചൂടും കൂടി വന്നു. ഫോണില്‍ മിസ്ഡ് കോള്‍ വന്നു കിടപ്പുണ്ട്. വിഷ്ണുവാണ്. അവനോട് പറഞ്ഞിരുന്നു ഇന്നു റിസല്‍ട്ട് കിട്ടുമെന്ന്. തിരിച്ചു വിളിക്കാനായി ഡയല്‍ ചെയ്തെങ്കിലും വിളിച്ചില്ല. കൈകാലുകള്‍ക്കെല്ലാം ഒരു തളര്‍ച്ചപോലെ. എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത സ്ഥലമാണ് ആശുപത്രി. പക്ഷേ, മിക്കപ്പോഴും അവിടെ മണിക്കൂറുകളോളം ഇരിക്കേണ്ടി വരാറുണ്ട്. ഇതിപ്പോ ആദ്യമായാണു തിരക്ക് കുറവുള്ളതും ഡോക്ടര്‍ പെട്ടെന്നു തന്നെ ഉള്ളിലേക്ക് വിളിക്കുന്നതും. ഡോക്ടര്‍ ചെറുപ്പമാണ്. ഒരു മുപ്പതിനോട് അടുത്ത പ്രായം. അതുകൊണ്ട് തന്നെ മുഖവുരയില്ലാതെതന്നെ കാര്യം അവതരിപ്പിച്ചു, എനിക്ക് ക്യാന്‍സറാണെന്ന സത്യം. പിന്നീട് അവിടെ നിന്നില്ല. പെട്ടെന്നുതന്നെ ഇറങ്ങി. തിരിച്ച് വീട്ടില്‍ പോവാന്‍ തോന്നിയില്ല. മാത്രവുമല്ല വീട്ടില്‍ പോയാല്‍ അവര്‍ നേരത്തെ വന്നതിനുള്ള കാരണം തിരക്കും. അത് വേണ്ട. പിന്നെ മനസ്സില്‍ ഓടിയെത്തിയത് പൂട്ടിക്കിടക്കുന്ന തറവാടാണ്. പിന്നെ അവിടേക്കായിരുന്നു യാത്ര. പറമ്പിലും വീടിന്‍റെ പൂമുഖത്തും ഇരുന്ന് എന്തൊക്കെയോ ചിന്തിച്ചുകൂട്ടി. ഇടയ്ക്ക് കണ്ണൊന്നു നനഞ്ഞു. അത് ഒരിക്കലും മരണത്തെക്കുറിച്ചോര്‍ത്തായിരുന്നില്ല. കഴിഞ്ഞുപോയ കാലങ്ങളെ ഓര്‍ത്തായിരുന്നു. തറവാടിനപ്പുറത്ത് ഏട്ടനും കുടുംബവും താമസിക്കുന്നുണ്ട്.

അവിടെയൊന്ന് കേറി. ദീര്‍ഘകാലമായുള്ള പരാതി തീര്‍ത്തു. കൂട്ടത്തില്‍ പഴയ കൂട്ടുകാരുടെ വീട്ടിലും ഒന്നു കേറി. പിന്നെ വൈകാതെ തന്നെ തിരിച്ചു. വരുന്ന വഴിയില്‍ അവളുടെ വീട്ടിലേക്കും നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. എന്‍റെ നഷ്ടപ്രണയിനിയുടെ വീട്. പണ്ടൊക്കെ ഈ വഴി പോവുമ്പോള്‍ അവിടേക്ക് ഒന്ന് എത്തി നോക്കാറുണ്ടായിരുന്നു. അവളെ നഷ്ടപ്പെട്ടതു മുതല്‍ ആ ശീലം നിര്‍ത്തിയതാണ്. ഇതിപ്പോള്‍ ഈ അവസ്ഥയില്‍ ശീലങ്ങളൊക്കെ തെറ്റിക്കാമെന്ന് കരുതി.

സന്ധ്യയ്ക്കു മുന്‍പേ വീടെത്തി. ലത പതിവു പോലെ ചായ എടുത്തു. കൂടെ, വയ്യാതിരിക്കുന്നതെന്താണെന്ന ചോദ്യവും. പക്ഷേ, എന്‍റെ ശ്രദ്ധ അവളുടെ കയ്യിലെ ശ്രീക്കുട്ടിയിലായിരുന്നു. അവള്‍ക്ക് ഒന്നര വയസ്സേ ആയിട്ടുള്ളു. അവളുടെ മോണ കാട്ടിയുള്ള ചിരി എന്നെ കൂടുതല്‍ തളര്‍ത്തുന്നു. അവളെ എടുക്കാനായി മുതിര്‍ന്നെങ്കിലും കൈ വിറയ്ക്കുന്നുണ്ടായിരുന്നു. അവള്‍ക്കു മുന്‍പില്‍ കരയാതിരിക്കാനായി മുറിയിലേക്കു പോയി തല ചായ്ച്ചു. അപ്പോഴും അണയാതെ തന്നെ നെഞ്ചിലെ തീ കത്തുന്നുണ്ടായിരുന്നു. പതിവു പോലെ അത് അണയ്ക്കാനായി മേശയ്ക്ക് മുകളിലിരിക്കുന്ന സിഗരറ്റ് പായ്ക്കെറ്റിലേയ്ക്ക് കൈ നീണ്ടു. അതിലെ അവസാനത്തെ സിഗരറ്റ്കുറ്റി എനിക്ക് വേണ്ടി അവശേഷിച്ചിരിപ്പുണ്ടായിരുന്നു. 

You can share this post!

മാര്‍ജാരഗര്‍ജ്ജനം

ഷോബി ടി.ജി.
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts