news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

നമ്മള്‍ നോക്കിനില്‍ക്കേ ഒരാള്‍ ഓടിവന്ന് നമ്മുടെ കൈയിലെ സാധനങ്ങള്‍ തട്ടിപ്പറിച്ചുകൊണ്ട് ഓടുന്ന അവസ്ഥയാണ് ഇന്ന് ഒരു ശരാശരി ഇന്ത്യക്കാരന്‍റേത്. ഞങ്ങളുടെ നാട്ടില്‍ പണ്ടൊരു കല്ലുവെട്ടുകാരന്‍ മത്തായിച്ചേട്ടനുണ്ടായിരുന്നു. മണ്ണിലെ പണിയായതുകൊണ്ട് മണ്ണിന്‍റെ നിറമുള്ള കാവിമുണ്ടായിരുന്നു മത്തായിച്ചേട്ടന്‍റെ പണിവേഷം. മലയാറ്റൂര്‍ മലകയറാന്‍ ചില ക്രിസ്ത്യാനികള്‍ കാവി പുതയ്ക്കാറുണ്ട്. പക്ഷേ ഇന്നിപ്പോള്‍ കാവിയെന്നത് സന്ന്യാസികളെ പോലും അടയാളപ്പെടുത്തുന്നില്ല. അത് ഒരു പാര്‍ട്ടി അങ്ങു ഹൈജാക്ക് ചെയ്തിരിക്കുകയാണ്. കാവിയുടെ അര്‍ത്ഥം തന്നെ അങ്ങനെ മാറിപ്പോയിരിക്കുന്നു. ഗുജറാത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്ന പേര് ഗാന്ധിയുടെയോ, അവിടെ പാലൊഴുക്കിയ കുര്യന്‍റെതോ അല്ല മോദിയുടേതാണല്ലോ. അയോദ്ധ്യയെന്നത് രാമന്‍റെ ജന്മഭൂമിയാണോ മസ്ജിദിന്‍റെ സ്ഥലമാണോ എന്നാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. രാമന്‍റെയോ മസ്ജിദിന്‍റെയോ അല്ലാ, അവിടുത്തെ ജനത്തിന്‍റെതാണ് അയോദ്ധ്യ എന്ന് ആരും ഒന്നും സംശയിക്കുന്നുപോലുമില്ല. ഇന്ത്യ എന്നത് രാമന്‍റെ രാജ്യമോ ബാബറുടെ രാജ്യമോ അല്ല, ഇവിടുത്തെ ജനങ്ങളുടെ മണ്ണാണ്. എന്‍റെ ക്രിസ്ത്യാനിയായ സഹോദരി വിവാഹശേഷം സിന്ദൂരക്കുറി തൊടുമായിരുന്നു. ഇന്നിപ്പോള്‍ സിന്ദൂരക്കുറികള്‍ക്ക് മറ്റെന്തൊക്കെയോ അര്‍ത്ഥങ്ങളാണ്. നമ്മള്‍ കൊളുത്തുന്ന നിലവിളക്കിന്, നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്, നമ്മള്‍ വയ്ക്കുന്ന നൃത്തച്ചുവടുകള്‍ക്ക്, നമ്മള്‍ പാടുന്ന പാട്ടുകള്‍ക്ക്, നമ്മുടെ നാട്ടിലെ പച്ചമരുന്നുകള്‍ക്ക്, നാടന്‍കലകള്‍ക്ക്, നമ്മള്‍ ധരിക്കുന്ന തുണിക്ക് എല്ലാമെല്ലാം ഇതുവരെ പരിചയമില്ലാതിരുന്ന അര്‍ത്ഥവും മാനവും പെട്ടെന്നു വന്നു ഭവിച്ചിരിക്കുകയാണ്. നമ്മുടേതെന്ന് നാം ഇത്രനാളും കരുതിയതൊക്കെ നമ്മില്‍ നിന്ന് ചീന്തിക്കൊണ്ടുപോയിരിക്കുന്നു. നൂറ്റാണ്ടുകളുടെ കൊടുക്കല്‍ വാങ്ങലുകളിലൂടെ, വിരുന്നുകളിലൂടെ, സമ്പര്‍ക്കങ്ങളിലൂടെ, പൊതു സമരങ്ങളിലൂടെ നാം പടുത്തുയര്‍ത്തിയതൊക്കെയും ഇവിടുത്തെ ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയും ഒറ്റയടിക്ക് കൈയടക്കിയിരിക്കുകയാണ്. അവര്‍ക്കൊപ്പം ആര്, അവര്‍ക്കെതിരെ ആര് എന്നതിന്‍റെ അടയാളങ്ങളായി എല്ലാം മാറ്റപ്പെട്ടിരിക്കുന്നു.

"അഭിമാനത്തോടെ പറയൂ നാം ഹിന്ദുക്കാളാണ്" ഇതാണ് ഇവിടുത്തെ ഭരണകക്ഷി പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ചോദ്യം ഹിന്ദു ധര്‍മ്മവുമായി ഈ ഭരണ കൂടത്തിന് എന്തു ബന്ധമാണുള്ളത് എന്നാണ്. സ്ഥാനത്യാഗം ചെയ്ത് കാട്ടില്‍ പോയ ശ്രീരാമനും ചെങ്കോട്ടയെ സ്വപ്നം കണ്ട് അയോദ്ധ്യയിലേക്കു രഥമുരുട്ടിയ അദ്വാനിയും തമ്മില്‍ എന്തു ബന്ധം? സര്‍വ്വമത സമ്മേളനത്തിന് അമേരിക്കയിലായിരുന്ന നാളില്‍ കാശില്ലാതെ വലഞ്ഞപ്പോള്‍  മദ്രാസിലുള്ള ചെട്ട്യാര്‍ക്ക് കാശു ചോദിച്ച് കമ്പിയടിച്ച വിവേകാനന്ദനും ബറാക് ഒബാമയെ ഒന്നുസ്വീകരിക്കാന്‍ ലക്ഷങ്ങളുടെ വിലയുള്ള കോട്ടുധരിച്ച നരേന്ദ്രമോദിയും തമ്മില്‍ എന്തു ബന്ധം? ശ്രീനാരായണഗുരുവിനെയും കാവിപുതപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം. ആരായിരുന്നു അദ്ദേഹം? അമ്പലം ഉപയോഗിച്ച് അമ്പലത്തെ വെല്ലുവിളിക്കുകയായിരുന്നു ഗുരു. അമ്പലം തിരിച്ചു പിടിക്കുകയല്ല, മനുഷ്യനെ തിരിച്ചു പിടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കര്‍മ്മപരിപാടി. അതുകൊണ്ടാണ് ഇനിയിവിടെ വേണ്ടത് അമ്പലങ്ങളല്ല, വിദ്യാലയങ്ങളും തൊഴില്‍ ശാലകളുമാണ് എന്നദ്ദേഹം പറഞ്ഞത്. ആ മാനവനെയാണ് ഭരണകക്ഷി ഹൈജാക്കുചെയ്യുന്നത്. സ്വച്ഛഭാരതത്തിന്‍റെ പേരില്‍ അവര്‍ ഗാന്ധിയെയും സ്വന്തമാക്കിയിരിക്കുന്നു. ആര്‍.എസ്.എസ് അംഗം ഗോഡ്സേ ഗാന്ധിയുടെ നെഞ്ചിലേക്ക് ഉതിര്‍ത്ത വെടിയുണ്ടയിലൂടെയാണ് അവര്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം നേടിയതെന്ന വസ്തുത അങ്ങനെ സൗകര്യപൂര്‍വ്വം തമസ്കരിക്കപ്പെടുന്നു. (ആനുഷംഗികമായി പറയേണ്ട മറ്റൊരുകാര്യം, മോദിയും കൂട്ടരും നാടു വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന നീളമുള്ള കൈപിടിയുള്ള ചൂല് അവര്‍ തള്ളിക്കളയാന്‍ നോക്കുന്ന നെഹ്റുവിന്‍റെ സംഭാവനയാണ് എന്നുള്ളതാണ്. 1960 ജൂണ്‍ 12ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും നെഹ്റു എഴുതിയ ഒരു കത്തിനെ തുടര്‍ന്നാണ് നട്ടെല്ലു വളയ്ക്കാതെ ജോലി ചെയ്യാന്‍ വേണ്ടി നീളമുള്ളചൂലുകള്‍ മുന്‍സിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ജോലിക്കാര്‍ക്ക് കൊടുത്ത് തുടങ്ങിയത്.) പറഞ്ഞുവരുന്നത് ഇവിടുത്തെ ഭരണകൂടത്തിനും അതിന്‍റെ പിണിയാളുകള്‍ക്കും ഹൈന്ദവ മതവുമായിട്ടോ, അതിലെ ദൈവങ്ങളുമായിട്ടോ ഒരു ബന്ധവുമില്ലെന്നാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലല്ല അവരുടെ ശ്രദ്ധ, ഡല്‍ഹിയിലെ ചെങ്കോട്ട തങ്ങളുടെ കൈയില്‍ നിലനിര്‍ത്തുന്നതിലാണ്. അതിനായി അവര്‍ ആരേയും എന്തിനേയും ഉപയോഗിക്കുന്നു, അത്രമാത്രം. മഹാരാഷ്ട്രയില്‍ ശിവസേന, പഞ്ചാബില്‍ അകാലിദള്‍, കാശ്മീരില്‍ പിഡിപി- എല്ലാം ഭരണത്തിന് വേണ്ടിയുള്ള അഭ്യാസങ്ങളും കൂട്ടുകെട്ടുകളും.

ഇവിടുത്തെ ഭരണകൂടത്തിന്‍റെ പിന്നാമ്പുറത്തു പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ വാദികളുടെ വേരുകള്‍ ചികയേണ്ടത് ഹൈന്ദവികതയിലല്ല ഫാഷിസത്തിലാണെന്നു നമുക്കു കൃത്യമായി പറഞ്ഞു തന്ന രണ്ടുപേര്‍ കെ.എന്‍ പണിക്കരും എം. എന്‍ വിജയനുമാണ്. അവരുടെ എഴുത്തുകളും പ്രഭാഷണങ്ങളും ഒരു കാര്യം നിസ്സംശയം തെളിയിക്കുന്നു: ഹിന്ദുത്വ വാദികള്‍ക്ക് അടുപ്പമുള്ളത് രാമനോടോ കൃഷ്ണനോടോ അല്ല, മുസ്സോളിനിയോടും ഹിറ്റ്ലറോടുമാണ്. അവര്‍ വേദങ്ങള്‍ പ്രസംഗത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും മനഃപാഠമാക്കിയിരിക്കുന്നത് മുസ്സോളിനിയുടെ കുറിപ്പുകളും ഹിറ്റ്ലറുടെ മെയിന്‍ കാംഫുമാണ്. മുസ്സോളിനി പറയുന്നത് ദേശീയതയെ നിര്‍വചിക്കുന്നത് ഭരണകൂടമാണെന്നാണ്. ഇതുതന്നെ ഹിന്ദുത്വ വാദികളും പറയുന്നു. അവര്‍ നിര്‍വചിക്കുന്നതാണത്രേ ഇന്ത്യന്‍ ദേശീയത. തിരഞ്ഞെടുപ്പിനു ശേഷം മോദിയെ അംഗീകരിക്കാത്തവര്‍ പാകിസ്ഥാനിലേയ്ക്ക് പൊയിക്കൊള്ളണം എന്ന് പറഞ്ഞത് ഗിരിരാജ് സിംഗാണ്. അദ്ദേഹം ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാണ്. തനിക്കൊപ്പമല്ലാത്തവരെ ശത്രുവത്കരിക്കലായിരുന്നു ഹിറ്റ്ലറുടെ പരിപാടി. ആദ്യം യഹൂദര്‍, പിന്നെ കമ്മ്യുണിസ്റ്റുകാര്‍, അതിനുശേഷം കത്തോലിക്കര്‍ - ഇവരെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും നുണകള്‍ പുറത്തു വിട്ടുകൊണ്ടേയിരുന്നു അയാള്‍. അതുതന്നെ ഇവിടെയും നടക്കുന്നു. ശത്രുപക്ഷത്തുള്ളവര്‍ പെറ്റുപെരുകുകയാണെന്ന്, അവര്‍ തങ്ങളുടെ പെണ്‍കുട്ടികളെ പ്രണയത്തില്‍ കുടുക്കുകയാണെന്ന്, അവരുടെ കൂറ് മറ്റെവിടെയോ ആണെന്ന് ഒരു സ്ഥിതിവിവരണകണക്കുമില്ലാതെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

അങ്ങനെയാണ് നമ്മള്‍ ചില കള്ളികളില്‍ നാമറിയാതെ പെട്ടുപോകുന്നത്. ഓരോ കലാപത്തിനും ശേഷം, ഓരോ പുരകത്തലിനും നിലവിളിക്കും ശേഷം നമുക്കിടയിലെ മതിലുകള്‍ കൂടുതല്‍ ബലിഷ്ഠമാവുകയാണ്. "ഘര്‍ വാപസ് ആവോ"(വീട്ടിലേയ്ക്ക് മടങ്ങിവരൂ) എന്ന് വിളിച്ചുപറയുന്നതിനര്‍ത്ഥം ഒരു കൂട്ടര്‍ വീട്ടിലുള്ളവരും വേറൊരുകൂട്ടര്‍ ധൂര്‍ത്തപുത്രരുമാണ് എന്നാണ്. ചന്തയുടെ നടുക്കുനിന്ന് ഒരു പന്തവും കത്തിച്ചുപിടിച്ച് കബീര്‍ പറഞ്ഞത് മാമൂലുകളുടെ വീടുകള്‍ കത്തിച്ചു കളയൂ, എന്‍റെ കൂടെ വരൂ എന്നാണ്. മുന്നോട്ടു പോകാന്‍ കബീര്‍ പറയുമ്പോള്‍ പിന്നോട്ടു വലിച്ചു മടങ്ങിവരാനാണു ഹിന്ദുത്വവാദികള്‍ പറയുന്നത്. അതിനു പിന്‍ബലമെന്നവണ്ണം എല്ലാ ഗണിതങ്ങളുടെയും ഉറവിടം ഇന്ത്യന്‍ ഗണിതമാണെന്നും സംസ്കൃതം കമ്പ്യൂട്ടര്‍ ഭാഷയാണെന്നും, വിമാനം ആദ്യം ഉണ്ടാക്കിയത് ഇന്ത്യയിലാണെന്നും തട്ടിവിടുകയാണ്. ആര്‍ഷ ഭാരതത്തില്‍ പ്ളാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു എന്നതിനു ഗണപതിയെ തെളിവായി അവതരിപ്പിച്ചത് നമ്മുടെ സാക്ഷാല്‍ പ്രധാന മന്ത്രിതന്നെയാണ്. ഒരേ നിറത്തിലുള്ള നിക്കറിടുന്ന, ഒരേ അളവില്‍ ഉടുപ്പിന്‍റെ കൈമടക്കി വയ്ക്കുന്ന, ഒരേ തൊപ്പി ധരിക്കുന്ന, ഒരേ ഭാഷ സംസാരിക്കുന്ന, ഒരേ മതം, ഒരേ ദൈവം ഉള്ള വീട്ടുകാരും വീടുമാക്കി ഇന്ത്യയെ മാറ്റുക- ഇതാണവര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. യൂണിഫോമിടുന്നവര്‍ അറിയുന്നില്ല, അവര്‍ക്കു നഷ്ടപ്പെടുന്നത് അവരുടെ ജീവിതമാണെന്ന്. ഒരു മനുഷ്യന്‍ പോലീസ് വേഷം അണിഞ്ഞാല്‍ പിന്നെ അയാള്‍ പോലീസാണ്. മേധാവിയുടെ ആജ്ഞ അനുസരിക്കല്‍ മാത്രമണു പിന്നീടുള്ള പോംവഴി. ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് ചക്രവര്‍ത്തിയുടെ ആജ്ഞയനുസരിച്ച് ഓരോ ടോര്‍പ്പിഡോയുടെയും കൂടെ ഓരോ ജാപ്പനീസുകാരനെക്കൂടി കെട്ടിവിടുമായിരുന്നത്രേ. ഒരൊറ്റ ടോര്‍പിഡോ പോലും സ്ഥാനത്ത് എത്താതിരിക്കാന്‍ പാടില്ല. അതുകൊണ്ടാണ് അതിന്‍റെ കൂടെ മനുഷ്യനും പോയി പൊട്ടിചിതറിയിരുന്നത്. മനുഷ്യന്‍ അങ്ങനെ യന്ത്രമാവുകയാണ്. യൂണിഫോമിന്‍റെ പ്രശ്നം അതാണ്. ഒറ്റക്ക് ഒരുറുമ്പിനെ പോലും കൊല്ലാത്ത നീ യൂണിഫോമിട്ട ഒരു കൂട്ടത്തിന്‍റെ ഭാഗമാകുമ്പോള്‍ ഒരമ്മയുടെ ഗര്‍ഭപാത്രം പോലും കൈവിറയ്ക്കാതെ പിളര്‍ത്തിക്കളയും. നീയങ്ങനെ ആട്ടിതെളിക്കപ്പെടുകയാണ്.

നാം നമ്മോടും ഹിന്ദുത്വവാദികളോടും ചോദിക്കേണ്ട ചോദ്യം ഈ ഇന്ത്യയെ ഇന്ത്യയാക്കിയത് ആര് എന്നതാണ്. ഇവിടുത്തെ ഏതുകാര്യത്തിലാണ് നമ്മുടെയെല്ലാം കൈയൊപ്പ് വീഴാത്തത്? ലക്ഷ്മിയുടെയും സരസ്വതിയുടെയും ചിത്രങ്ങള്‍ വരച്ച രാജാരവിവര്‍മ്മയെപോലെ തന്നെ കേരളത്തിലെയും ഇന്ത്യയിലെയും പള്ളികളില്‍ വരച്ചുവച്ചിരിക്കുന്ന അള്‍ത്താരചിത്രങ്ങളാണ് ഇവിടുത്തെ ചിത്രകലയുടെ നവോത്ഥാനത്തിനു കാരണമായതെന്ന് എം. എന്‍ വിജയന്‍ ഓര്‍മ്മിക്കുന്നു. ഉത്തരേന്ത്യന്‍ സംഗീതം ഇവിടുത്തെ സംഗീതത്തിന്‍റെയും പേര്‍ഷ്യന്‍ സംഗീതത്തിന്‍റെയും സങ്കലനമാണ്. ഇവിടുത്തെ ശില്പകലയും വാസ്തുവിദ്യയും ഹിന്ദു-മുസ്ലീം സഹകരണത്തിന്‍റെ മായാത്ത തെളിവുകളാണ്. തൃശ്ശുര്‍പൂരവും മലയാറ്റൂര്‍ പെരുന്നാളും ഒരേപോലെ ഈ മണ്ണിലെ ഉത്സവങ്ങളാണ്. തൃശ്ശൂര്‍ പൂരത്തിന് ആനയുടെ നെറ്റിപ്പട്ടമുണ്ടാക്കുന്നതിലും കരിമരുന്നുണ്ടാക്കുന്നതിലും അവിടെ കച്ചവടം നടത്തുന്നതിലും പങ്കുചേരുന്ന  എത്രയെത്ര ക്രിസ്ത്യാനികളുണ്ട്. ചില സൂചനകള്‍ നല്കിയെന്നേയുള്ളൂ. നാം ജീവിക്കുന്നത് നമ്മള്‍ പടുത്തുയര്‍ത്തിയ ഒരു സംസ്കാരത്തിലാണ്. എന്‍റെയും നിന്‍റെയും കൈയ്യൊപ്പുണ്ടതില്‍.

നമ്മേ പലപല കള്ളികളായി വേര്‍തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കേ അവയ്ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും വിശകലനങ്ങളും ഒരേപോലെ ഇവിടെ നടക്കണം. നമുക്ക് പരസ്പരം സൗഹൃദം തേടിപ്പോകുകയും വിരുന്നുണ്ണുകയും ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ ജീവിതം ഏതെങ്കിലും അധികാരകേന്ദ്രത്തിന്‍റെ തിട്ടൂരത്താല്‍ നിയന്ത്രിക്കപ്പെടേണ്ട ഒന്നല്ല.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts