news-details
മറ്റുലേഖനങ്ങൾ

ജീവിച്ചിരിക്കുമ്പോള്‍ മരിക്കാതിരിക്കാന്‍..!

എന്‍റെ പ്രിയതമന്‍റെ ഷെലോഷിം ദിനങ്ങളുടെ അവസാനമായിരുന്നു ഇന്ന. ആദ്യത്തെ 30 ദിനങ്ങള്‍.  പ്രിയപ്പെട്ട  വ്യക്തിയുടെ ശവസംസ്കാരത്തിനു ശേഷം വരുന്ന 7 ദിനങ്ങള്‍, യഹൂദമതത്തിന്‍റെ നിയമമനുസരിച്ച്  കടുത്ത ദുഃഖാചരണത്തിന്‍റേ താണ്. ഷിവ എന്നാണതറിയപ്പെടുന്നത്. ഈ ഏഴുദിനങ്ങള്‍ക്കുശേഷം ഒരാള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. എന്നാല്‍ ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം  ഷെലോഷിമാണ് മതപരമായ ദുഃഖാചരണത്തിന്‍റെ പൂര്‍ണ്ണത.

യഹൂദപുരോഹിതനായ എന്‍റെയൊരു ബാല്യ കാലസുഹൃത്ത്, അദ്ദേഹം വായിച്ച അതിവിശിഷ്ടമായ ഒരു പ്രാര്‍ത്ഥനയെപ്പറ്റി ഈയിടെ എന്നോടു പറയുകയുണ്ടായി : ڇജീവിച്ചിരിക്കുമ്പോള്‍ എന്നെ മരിക്കാന്‍ അനുവദിക്കരുതേ...  ഡേവിനെ നഷ്ട മാകുംവരെ, ആ പ്രാര്‍ഥനയുടെ അര്‍ഥം എനിക്കു മനസ്സിലായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നുണ്ട്. ഒരു ദുരന്തമുണ്ടാകുമ്പോള്‍, അത് ചില തെരഞ്ഞെടുപ്പുകള്‍ക്കുള്ള അവസരമാണെന്ന് എനിക്കു തോന്നുന്നു. ഒന്നുകില്‍, നിങ്ങളുടെ ഹൃദയത്തെയും ശ്വാസകോശത്തെയും, ചിന്തിക്കാനോ ശ്വസി ക്കാനോ പോലുമുള്ള നിങ്ങളുടെ കഴിവിനെയുമൊക്കെ കീഴട ക്കുന്ന വല്ലാത്തൊരു ശൂന്യതയിലേക്ക് നിപതിക്കുക. അല്ലെങ്കില്‍ ചില തിരിച്ചറിവുകളില്‍ എത്തിച്ചേരുക. കഴിഞ്ഞ മുപ്പ തുദിനങ്ങളില്‍ ഒരു പാട് നിമിഷങ്ങള്‍ ഞാനും ഈ ശൂന്യ തയില്‍ത്തന്നെയായിരുന്നു. എനിക്കറിയാം, ഭാവിയില്‍ ഒരുപാട് നിമിഷങ്ങള്‍ ഇനിയുമങ്ങനെയായിരിക്കും.

പക്ഷേ, ജീവിതത്തെയും അത് നല്‍കുന്ന തിരിച്ചറിവുകളെയും തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ അതുകൊണ്ടുമാത്രം ഞാനെഴുതട്ടെ ഈ ഷെലോഷിം ദിനങ്ങള്‍ക്ക് വിരാമമിടുവാനും മറ്റുള്ളവര്‍ എനിക്കു നല്‍കിയതില്‍ ചിലതൊക്കെ മടക്കിനല്‍കാനും വേദനയുടെ അനുഭവം തികച്ചും വ്യക്തിപരമെന്ന് നന്നായി മനസ്സിലാക്കുമ്പോഴും അല്പമെങ്കിലും കരകയറാന്‍ എനിക്ക് കൈതന്നു സഹായിച്ചത് സമാനമായ ദുരന്തങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട ചിലരുടെ സ്വന്തം അനുഭവങ്ങളായിരുന്നു. സ്വന്തം ഹൃദയം എനിക്കുപകര്‍ന്നവരില്‍ ചിലര്‍ എന്‍റെ ഏറ്റവുമടുത്ത സുഹൃത്തുക്കളാണ്. പരസ്യമായി ഉപദേശിക്കുകയും വിവേകമരുളുകയും ചെയ്ത മറ്റുള്ളവരാകട്ടെ, എനിക്ക് തികച്ചും അപരിചിതരായിരുന്നു. അതുകൊണ്ട്, ഞാന്‍ മനസ്സിലാക്കുന്നത് ഇവിടെക്കുറിക്കട്ടെ, മറ്റാര്‍ക്കെങ്കിലും സഹായമാകുമെന്നും അങ്ങനെ ഈ ദുരന്തത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്നും പ്രത്യാശിച്ചുകൊണ്ട്ٹഈ മുപ്പതുദിവസങ്ങള്‍ കൊണ്ട് ഞാന്‍ മുപ്പതുകൊല്ലങ്ങള്‍ ജീവിച്ചു. ഞാന്‍ മുപ്പതു കൊല്ലം ദുഃഖിതയാണ്. ഞാന്‍ മുപ്പതുകൊല്ലം വിവേകിയുമായി എന്ന് എനിക്കെന്നെപ്പറ്റി തോന്നുന്നു.

എന്‍റെ മക്കളുടെ നിലവിളിയും കരച്ചിലും എനിക്കുണ്ടാക്കുന്ന വേദനയില്‍നിന്ന്, എന്‍റെ അമ്മ എന്നെച്ചൊല്ലി അനുഭവിക്കുന്ന വേദനയില്‍നിന്ന് ഒക്കെ ഒരു അമ്മ എന്തായിരിക്കണമെന്നതിനെപ്പറ്റി കൂടുതല്‍ ആഴമുള്ള അവബോധം എനിക്കു നേടാനായിരിക്കുന്നു. ഞാന്‍ കരഞ്ഞുതളര്‍ന്നുറങ്ങും വരെ, ഓരോ രാത്രിയും എന്നെ ചേര്‍ത്തുവച്ച്, അമ്മ, എന്‍റെ കിടക്കയിലെ ഒഴിഞ്ഞയിടം  പൂരിപ്പിക്കുന്നു. സ്വന്തം കണ്ണുനീരിനോട് യുദ്ധം ചെയ്തുകൊണ്ട് അവര്‍ എനിക്കിടമൊരുക്കുന്നു. നിന്‍റെയും നിന്‍റെ കുട്ടികളുടെയും കൂടെയാണ് ഞാനനുഭവിക്കുന്ന ഈ കഠിനവേദന എന്ന് അവര്‍ എന്നെ ബോധവതിയാ ക്കുന്നു. അമ്മയുടെ കണ്ണുകളിലെ വേദന, അപ്പറഞ്ഞത് സത്യമാണെന്ന് എന്നെ ബോധ്യപ്പെടുത്തുന്നു.

ആവശ്യത്തിലിരിക്കുന്നവരോട് എന്തു പറയണമെന്ന് എനിക്കറിയാമായിരുന്നില്ലെന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നുണ്ട്. എല്ലാം ശരിയാകുമെന്നു പറഞ്ഞ് ആളുകളെ ആശ്വസിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. പ്രത്യാശയാണ് ഒരു വ്യക്തിക്ക് നല്‍കാനാവുന്ന ഏറ്റവും ആശ്വാസദായകമായ കാര്യം എന്നായിരുന്നു എന്‍റെ ധാരണ. കാന്‍സറിന്‍റെ അവസാനഘട്ടത്തെ നേരിടുന്ന എന്‍റെയൊരു സുഹൃത്ത് പറഞ്ഞു, തന്നോട് ആളുകള്‍ പറയുന്ന ഏറ്റവും വൃത്തികെട്ട വാക്യമാണിതെന്ന് ڊ ڇഎല്ലാം ശരിയാകും.ڈ ആ വാക്കുകള്‍ ഒരു നിലവിളി പോലെയാണയാള്‍ക്കനുഭവപ്പെടുന്നത്. നിങ്ങള്‍ക്കെ ങ്ങനെയറിയാം, എല്ലാം ശരിയാകാന്‍ പോവുകയാണെന്ന്!? ഞാന്‍ വൈകാതെ മരിച്ചുപോകുമെന്ന് നിങ്ങള്‍ക്കറിയില്ലേ?ڈ ആ മനുഷ്യന്‍ എന്താണ് പഠിപ്പിച്ചതെന്ന് ഇന്നു ഞാന്‍ മനസ്സിലാക്കുന്നുണ്ട്. യഥാര്‍ത്ഥ സഹാനുഭൂതി എല്ലാം ശരിയാകുമെന്ന പറച്ചിലല്ല മറിച്ച് യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്ത പ്പെടാന്‍ ഒരാളെ സഹായിക്കുകയാണ്.

നിന്‍റെയും കുഞ്ഞുങ്ങളുടെയും ജീവിതത്തില്‍ സന്തോഷത്തിന്‍റെ നാളുകള്‍ തിരികെവരുമെന്ന് പറയുമ്പോള്‍ എന്‍റെ ഹൃദയം മന്ത്രിക്കുന്നുണ്ട്, ഞാനുമങ്ങനെ കരുതുന്നു, പക്ഷേ, എനിക്കറിയാം, എനിക്കിനിയൊരിക്കലും ആ ശുദ്ധമായ സന്തോഷമനുഭവപ്പെടില്ല. നീ വീണ്ടും സാധാരണ ജീവിതത്തി ലേക്ക് തിരികെവരും, എന്നാലത് പഴയതുപോലെ അത്ര നല്ലതായിരിക്കില്ലڈ എന്ന് ചിലര്‍ പറയുമ്പോള്‍ എനിക്ക് കൂടുതല്‍ ആശ്വാസം തോന്നുന്നുണ്ട്, അപ്പറയുന്നത് സത്യമായതുകൊണ്ടുതന്നെ. ڇഎങ്ങനെയുണ്ട്?ڈ എന്ന സുമനസ്സോടെയുള്ള സാധാരണചോദ്യം പോലും ഇന്നെങ്ങനെയുണ്ട് എന്ന് മാറിയിരുന്നെങ്കിലെന്ന് ആശിക്കുന്നു. എന്നോട് എങ്ങനെയുണ്ട് എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ ഇപ്പോള്‍ എനിക്കുള്ളില്‍ കോപം നുരയാറുണ്ട്. എന്‍റെ ഭര്‍ത്താവു മരിച്ചിട്ട് കേവലം 30 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ എനിക്ക് എങ്ങനെയുണ്ടാവുമെന്നാണ് നിങ്ങള്‍ കരുതുന്നത്?! എന്നാല്‍ ഇന്നെങ്ങനെയുണ്ട്? എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ ഞാന്‍ ഓരോദിവസവും എങ്ങനെയാവും കഴിച്ചുകൂട്ടുക എന്നതിനെപ്പറ്റി ആ മനുഷ്യന്‍, ബോധവാനാണെന്ന് എനിക്കു തോന്നുന്നുണ്ട്.

ശ്രദ്ധേയമായ ചില പ്രായോഗികകാര്യങ്ങളെപ്പറ്റിയും ഞാന്‍ ഇപ്പോള്‍ ബോധവതിയാണ്. ഡേവ് പെട്ടെന്ന് എന്നെ വിട്ടുപോയി എന്നറിയുമ്പോഴും ആ മരണം ആംബുലന്‍സില്‍ വച്ചാണ് സംഭവിച്ചതെന്ന് ഞാനറിഞ്ഞിരുന്നില്ല. ആശുപത്രിയിലേക്കുള്ള ആ യാത്രയ്ക്ക് വേഗം വളരെക്കുറവായിരുന്നു. റോഡരികിലേക്കു മാറാന്‍ മടിച്ച ഓരോ കാറിനെയും സ്വന്തം ലക്ഷ്യത്തിലേക്ക് ഒരു നിമിഷമെങ്കിലും മുമ്പ് എത്തിച്ചേരാനുള്ള തിരക്കില്‍ ഞങ്ങള്‍ക്ക് കടന്നു പോകാന്‍ അവസരം നല്‍കാത്ത ഓരോ മനുഷ്യനെയും ഞാനിപ്പോഴും വെറുക്കുന്നു. പല രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ഞാനിത് മുമ്പും ശ്രദ്ധിച്ചിട്ടുള്ളതാണ്. അല്‍പ്പമൊന്ന് വഴിമാറിക്കൊടുക്കാം. ആരുടെയൊക്കെയോ അപ്പനമ്മമാരോ, ജീവിതപങ്കാളിയോ കുഞ്ഞോ ഒക്കെ നമ്മുടെ ആ വഴിമാറലിനെ ആശ്രയിക്കുന്നുണ്ടാവാം.

എത്ര ക്ഷണികമാണ് ജീവിതത്തിലെ പലതുമെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നുണ്ട്; ഒരുപക്ഷേ എല്ലാം തന്നെ. നമ്മള്‍ ചവിട്ടിനില്‍ക്കുന്ന ഈ പരവതാനി ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് വലിച്ചെടുക്കപ്പെട്ടേക്കാം. അപ്രതീക്ഷിതമായി സ്വന്തം ഭര്‍ത്താവിനെ നഷ്ടപ്പെട്ട, അങ്ങനെ ഒരുപാടു പരവതാനികള്‍ കാല്‍ക്കീഴില്‍നിന്ന് ഒരുമിച്ച് നീങ്ങിപ്പോയ ധാരാളം സത്രീകള്‍ ഇക്കഴിഞ്ഞ 30 ദിനങ്ങളില്‍ എന്നോട് സംസാരിച്ചിട്ടുണ്ട്. പലരും വൈകാരികമായ തകര്‍ച്ചയുടെയും സാമ്പത്തിക ദുരിതത്തിന്‍റെയും നാളുകളില്‍ ഒറ്റയ്ക്കായിരുന്നു, സഹായിക്കാനാരുമുണ്ടായില്ല. ഈ സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും അവരുടെ ദുരന്ത കാലത്ത് ഉപേക്ഷിച്ചുവല്ലോ എന്ന വേദന എനിക്കിന്നുണ്ട്.

സഹായം ചോദിക്കാനും ഞാന്‍ പഠിച്ചു; എത്രത്തോളം സഹായം എനിക്കാവശ്യമാണെന്നും. അതുവരെ ഞാനൊരു വല്യേച്ചിയായിരുന്നു. സി ഒ ഒ, കാര്യസ്ഥ, ആസൂത്രക. എന്നാലിത് ഞാന്‍ പ്ലാന്‍ ചെയ്തതേയല്ല. ഇതു സംഭവിച്ചപ്പോള്‍, എനിക്കൊന്നും ചെയ്യാനും കഴിയുമായിരുന്നില്ല. എനിക്കേറ്റവും പ്രിയപ്പെട്ടവര്‍ എല്ലാം ഏറ്റെടുത്തു. അവര്‍ ആസൂത്രണം ചെയ്തു, സംഘടിപ്പിച്ചു. എവിടെയിരിക്കണമെന്ന് അവരെന്നോട് പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ എന്നെ ഓര്‍മ്മിപ്പിച്ചു. എനിക്കും കുഞ്ഞുങ്ങള്‍ക്കും താങ്ങായി അവര്‍ ഇപ്പോഴും എന്‍റെ കൂടെയുണ്ട്.

കഠിനമായ ഈ മാനസികാവസ്ഥയില്‍നിന്ന് മുക്തി നേടാന്‍ ശ്രമിക്കുന്നതെങ്ങനെയെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഈ പുനരുജ്ജീവനത്തിനേറ്റവും പ്രധാനപ്പെട്ട മൂന്നു പാഠങ്ങള്‍ എനിക്കു പറഞ്ഞു തന്നത് ആദം എം ഗ്രാന്‍റ് ആണ്. ഈ ദുരന്തം എന്‍റെ കുഴപ്പംകൊണ്ട് സംഭവിച്ചതല്ലെന്നതാണ് ആദ്യപാഠം. ഇക്കാര്യത്തില്‍, സോറി എന്ന വാക്ക് ഒരിക്കലുമരുത് എന്ന് അദ്ദേഹമെന്നോട് പറഞ്ഞു. സ്വയം വീണ്ടും വീണ്ടും പറയുക, ഇത് സംഭവിച്ചത് എന്‍റെ കുഴപ്പം കൊണ്ടല്ല.

രണ്ടാമതായി, സ്ഥായിയായ വേദനയല്ല ഇത് എന്നോര്‍ക്കുക. എല്ലാക്കാലത്തും ഈ വേദന എന്നെ പിന്തുടരില്ല. എന്‍റെ അവസ്ഥ തീര്‍ച്ചയായും മെച്ചപ്പെടും. ഇനി, ഈ ദുര്‍വിധി എന്‍റെ ജീവിത ത്തിന്‍റെ എല്ലാ മേഖലയെയും ബാധിക്കുന്ന ഒന്നല്ല എന്നുമറിയുക. ആരോഗ്യകരമായി ജീവിതം തുടരാന്‍, സ്വകാര്യജീവിതത്തിന്‍റേതു മാത്രമായി ഈ വേദനയെ ചുരുക്കുന്നതായിരിക്കും നന്ന്.
എന്നെ സംബന്ധിച്ചിടത്തോളം, ജോലിയിലേക്കുള്ള മടക്കം ഏറെ ആശ്വാസദായകമാണ്. സ്വയം കര്‍ത്തവ്യങ്ങളില്‍ മുഴുകുവാനും ബന്ധങ്ങളില്‍ തുടരുവാനുമൊക്കെയുള്ള അവസരം. പക്ഷേ, പെട്ടെന്നെനിക്കു മനസ്സിലാകുന്നുണ്ട്, ആ ബന്ധങ്ങള്‍ പോലും ആകെ മാറിപ്പോയിരിക്കുന്നു. ഞാനടുത്തേക്കെത്തുമ്പോള്‍ എന്‍റെ സഹപ്രവര്‍ത്തകരുടെ കണ്ണുകളില്‍ څഭയം നിഴലിക്കുന്നുണ്ട്. എനിക്കറിയാം, അവര്‍ക്കെന്നെ സഹായിക്കണമെന്നുണ്ട്, പക്ഷേ എങ്ങനെയെന്നറിയില്ല.  ഞാനത് ശ്രദ്ധിക്കണോ? ശ്രദ്ധിക്കാതിരിക്കണോ? ഇനിയത് ശ്രദ്ധിച്ചാല്‍ത്തന്നെ ഞാനെന്താണവരോട് പറയുക?

ഒടുവില്‍ ഞാന്‍ തിരിച്ചറിയുന്നു, എന്‍റെ സഹപ്രവര്‍ത്തകരോടുള്ള അടുപ്പം എനിക്ക് വീണ്ടെടുക്കേണ്ടതുണ്ട്. ഞാനവരോട് സ്വയം മുറിപ്പെട്ടുകൊണ്ട്, തുറന്നിടപെടണമെന്നാണ് ഇത് അര്‍ഥമാക്കുന്നത്. ഒടുവില്‍, ڇനിങ്ങള്‍ക്ക് ചോദിക്കാനുള്ളത് തുറന്നു ചോദിക്കൂ ഞാന്‍ മറുപടി നല്‍കാമെന്ന് എന്നോട് ഏറ്റവുമടുത്തിടപഴകുന്ന സഹപ്രവര്‍ത്തകരോട് ഞാന്‍ പറഞ്ഞു. ഒപ്പം, എനിക്കുണ്ടായ ഈ ദുരന്തത്തെ എങ്ങനെയാണവര്‍ നോക്കിക്കണ്ടതെന്നും ഞാനാരാഞ്ഞു.  

സ്ഥിരമായി എന്‍റെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു എന്നും എന്നാല്‍ വീട്ടിനുള്ളിലെത്തി എന്നെക്കാണാന്‍ ധൈര്യം വന്നില്ലെന്നും ഒരു സഹപ്രവര്‍ത്തക സമ്മതിച്ചു. ഞാനടുത്തുള്ളപ്പോള്‍ എന്തു പറയണമെന്നറിയാത്ത വല്ലാത്തൊരു മരവിപ്പനുഭവപ്പെട്ടെന്നാണ് മറ്റൊരു സഹപ്രവര്‍ത്തകന്‍ പറഞ്ഞത്.

ഇങ്ങനെ, തുറന്നുള്ള സംഭാഷണം ഒരുമിച്ച് പ്രവര്‍ത്തിക്കാനും സംവദിക്കാനുമുള്ള ആ ബുദ്ധിമുട്ട് നീക്കി. എനിക്കു വളരെ പ്രിയപ്പെട്ട ഒരു കാര്‍ട്ടൂണില്‍ ഒരാനയുണ്ട്. ഫോണെടുത്ത്, ڇഅതെ, ഇത് ആനയാണെന്നു പറയുന്ന ഒരു ആന. ഒരിക്കല്‍ ഈ ആനയെ നേരിടാന്‍ തയ്യാറായപ്പോള്‍, അതിനെ മുറിയില്‍നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു!

അതേ സമയം, ചില അവസരങ്ങളില്‍ എനിക്ക് ആളുകളെ ഒട്ടും ഉള്‍ക്കൊള്ളാനായില്ല. എന്‍റെ കുട്ടികളുടെ സ്കൂളിലെ ഒരു പ്രദര്‍ശനത്തിന് ഞാന്‍ പോയി. കുട്ടികള്‍ അവര്‍ ചെയ്ത കരകൗശല പ്രവൃത്തികള്‍ രക്ഷിതാക്കളെ കാണിക്കുകയായിരുന്നു അവിടെ. അനേകം രക്ഷാകര്‍ത്താക്കള്‍ അവര്‍ കനിവുള്ളവരാണ്, ڊ എന്‍റെ മുഖത്തേക്കു നോക്കി എന്തെങ്കിലും ആശ്വാസവാക്കുപറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആര്‍ക്കും മുഖംകൊടുക്കാതെ തലകുനിച്ചു തന്നെ ഞാന്‍ മുഴുവന്‍ സമയവും കഴിച്ചുകൂട്ടി. അവര്‍ എന്നെ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു.

കൃതജ്ഞതയുള്ളവളായിരിക്കണമെന്നും ഞാന്‍ പഠിച്ചു. ഈ ജീവിതംപോലെ, പകരം ഒന്നും നല്‍ കാതെ ലഭിച്ച എല്ലാത്തിനോടുമുള്ള കൃതജ്ഞത. ഹൃദയം തകര്‍ന്നിരിക്കുമ്പോഴും, ദിനവും ഞാനെന്‍റെ മക്കളെ കാണുന്നു. അവര്‍ നന്നായിരിക്കുന്നു എന്നതില്‍ സന്തോഷിക്കുന്നു. ഓരോ പുഞ്ചിരിയും, ആലിംഗനവും എന്നെ ധന്യയാക്കുന്നു. ഈ ദിനങ്ങള്‍ വിലയില്ലാത്തതല്ലെന്ന് ഞാന്‍ കരുതുന്നു.

ജന്മദിനങ്ങളെ താന്‍ വെറുക്കുന്നു എന്നും അതാഘോഷിക്കാറില്ലെന്നും പറഞ്ഞ ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞു, ജന്മദിനങ്ങള്‍ ആഘോഷിക്കൂ.. ഓരോ ജന്മദിനവും കാണാന്‍ കഴിയുന്നത് തന്നെ ഭാഗ്യമാണ്. എന്‍റെ അടുത്ത പിറന്നാള്‍ നരകതുല്യം വേദനാജനകമായിരിക്കും എന്നുറപ്പാണ്. എന്നാലും മറ്റെന്നത്തേക്കാളും നന്നായി ഞാനതാഘോഷിക്കും, എന്‍റെ ഹൃദയത്തില്‍.

എന്നോട് സഹതപിച്ച അനേകരോട് ഞാന്‍ സത്യമായും നന്ദിയുള്ളവളാണ്. ഒരു സഹപ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞു, ഞാനിതുവരെ കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്‍റെ ഭാര്യ എന്നെ അനുകൂലിച്ചുകൊണ്ട്, ഏറെ കൊല്ലങ്ങള്‍ക്കപ്പുറം മുടങ്ങിയ തന്‍റെ വിദ്യാഭ്യാസം തുടരാന്‍ തീരുമാനിച്ചു എന്ന്. അതെ, അവസരങ്ങള്‍ അനുവദിക്കുമെങ്കില്‍ ഞാന്‍ വിശ്വസിക്കുന്നു, നാം കഴിയുന്നിടത്തോളം മുന്നേറുകതന്നെ വേണം. ഇപ്പോള്‍ ഞാനറിയുന്ന ധാരാളം പുരുഷന്മാരും ഡേവിന്‍റെ ജീവിതത്തെ അനുകരിച്ച് തങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും തീരുമാനിച്ചുവത്രേ.

അരികില്‍ ഞങ്ങളുണ്ട് എന്നുറപ്പുതന്നുകൊണ്ട് എന്നെ ഈ ദുര്‍ഘടസന്ധിയില്‍ താങ്ങിയ സുഹൃത്തുക്കളോടും ബന്ധുക്കളോടും നന്ദി പറയാന്‍ വാക്കുകളില്ല. ശൂന്യതയിലേക്ക് നിപതിച്ച നാളുകളില്‍, മുന്നിലുള്ള മാസങ്ങളും വര്‍ഷങ്ങളും അന്തമില്ലാത്ത ശൂന്യത മാത്രം കണ്മുന്നിലെത്തിച്ചപ്പോള്‍ ആ കൊടിയ ഏകാന്തതയില്‍ നിന്നും ഭയത്തില്‍ നിന്നും എന്നെ രക്ഷിച്ചത് നിങ്ങളുടെ മുഖങ്ങളാണ്. എന്‍റെ കടപ്പാട് സീമാതീതമാണ്.

എന്‍റെയീ സുഹൃത്തുക്കളിലൊരാളോട് ഞാന്‍ പറയുകയായിരുന്നു, ഡേവ് പോയതോടെ ഇല്ലാതായ അച്ഛന്‍-മക്കള്‍ ബന്ധത്തെപ്പറ്റി. ആ ഒഴിവെങ്ങനെയാണ് പരിഹരിക്കുക?! ഞാന്‍ കരഞ്ഞു. എനിക്ക് ഡേവിനെ വേണം. എനിക്ക് ഓപ്ഷന്‍ എ തന്നെ വേണം.  അയാള്‍ എന്നെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് പറഞ്ഞു, ഓപ്ഷന്‍ എ ലഭ്യമല്ല. നമുക്ക് ഓപ്ഷന്‍ ബി കൊണ്ട് തൃപ്തരാവുകയേ നിവൃത്തിയുള്ളു.

ഡേവ്, നിന്‍റെ ഓര്‍മ്മയെ ആദരിക്കാന്‍, നിന്‍റെ മക്കളെ അവരര്‍ഹിക്കുന്ന തരത്തില്‍ വളര്‍ത്താന്‍ ലഭ്യമായ ഈ ഓപ്ഷന്‍ ബി ഉപയോഗിച്ച് എനിക്കാവുന്നതെല്ലാം ഞാന്‍ ചെയ്യും. ഈ ഷെലോഷിം നാളുകള്‍ അവസാനിക്കുമ്പോഴും ഞാന്‍ ഓപ്ഷന്‍ എക്കായി കരയുന്നു. ഞാനെന്നും അതിനായി കരയും. ബോണോ പാടിയതുപോലെ..വേദനയ്ക്ക് അവസാനമില്ല പ്രണയത്തിനുംٹ ഐ ലവ് യു ഡേവ്!

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts