news-details
സാമൂഹിക നീതി ബൈബിളിൽ

പ്രമാണങ്ങള്‍ നീതിയുടെ അടിസ്ഥാനം

"നിങ്ങള്‍ നിവര്‍ന്നു നടക്കേണ്ടതിനു നിങ്ങളുടെ നുകത്തിന്‍റെ കെട്ടുകള്‍ ഞാന്‍ പൊട്ടിച്ചു" (ലേവ്യ 26: 13).

കരുത്തുറ്റ കരംനീട്ടി ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് താന്‍ മോചിപ്പിച്ച ജനം ഇനി ഒരിക്കലും ആരുടെയും അടിമകളാകരുത്; ആരെയും അടിമകളാക്കുകയുമരുത് എന്ന് ദൈവം ആഗ്രഹിച്ചു. അവര്‍ നിവര്‍ന്നു നടക്കുന്ന, അന്തസ്സും അഭിമാനവുമുള്ള ഒരു ജനതയായിരിക്കണം; അതോടൊപ്പം ലോകജനതകള്‍ക്കെല്ലാം മാതൃകയും. ആരും ആരുടെയും മുമ്പില്‍ നട്ടെല്ലുവളയ്ക്കാനോ മുട്ടുകുത്താനോ ഇടയാകരുത്. തന്‍റെതന്നെ ഛായയിലും സാദൃശ്യത്തിലും താന്‍ രൂപംനല്കിയ മനുഷ്യര്‍ എന്നും സ്വതന്ത്രരും ആത്മാഭിമാനമുള്ളവരുമായിരിക്കണം. അതിന് അടിമത്തത്തില്‍നിന്ന് ഒരിക്കല്‍ മോചനം നേടിയാല്‍ മാത്രംപോരാ. എല്ലാവര്‍ക്കും സ്വാതന്ത്ര്യവും മഹത്വവും ഉറപ്പുവരുത്തുന്ന ഒരു സമൂഹസംവിധാനം ആവശ്യമാണ്.

ഒറ്റപ്പെട്ട വ്യക്തികളായിട്ടല്ല, നീതിനിഷ്ഠമായ ഒരു കൂട്ടായ്മയായി മനുഷ്യര്‍ വളരണം. അതായിരുന്നു ദൈവികപദ്ധതി. നീതിയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഉടമ്പടിയുടെ നിബന്ധനകളായി പത്തുപ്രമാണങ്ങള്‍ നല്കിയത്. കര്‍ത്താവ് തന്‍റെ വിരല്‍കൊണ്ട് കല്പലകയില്‍ എഴുതിയ പത്തുപ്രമാണങ്ങള്‍  സാമൂഹ്യനീതിയുടെ മാഗ്നാകര്‍ട്ടായായി നിലകൊള്ളുന്നു. എക്കാലത്തും ഏതു സമൂഹത്തിലും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന ഉറച്ച അടിസ്ഥാനമാണ് പത്തുപ്രമാണങ്ങള്‍.

ഉടമ്പടിയുടെ പ്രമാണങ്ങള്‍ എന്നാണ് പത്തുകല്പനകള്‍ അറിയപ്പെടുന്നത്. ഉഭയകക്ഷി സമ്മതത്തോടെ ചെയ്യുന്ന ഒരു കരാറാണല്ലോ ഉടമ്പടി. ദൈവ-മനുഷ്യബന്ധത്തെയും മനുഷ്യര്‍ പരസ്പരമുള്ള ബന്ധത്തെയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനുവേണ്ടി, ദൈവംതന്നെ മുന്‍കൈ എടുത്ത് സൗജന്യമായി നല്കിയതാണ് സീനായ് ഉടമ്പടി. ജനം ആ ഉടമ്പടി സ്വീകരിക്കണം; പ്രമാണങ്ങള്‍ അനുസരിക്കണം. ആ ഉടമ്പടിയുടെ സാഹചര്യവും നിബന്ധനകളും പുറ. 19-20 അധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. "ഈജിപ്തുകാരോട് ഞാന്‍ ചെയ്തതെന്തെന്നും കഴുകന്മാരുടെ ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങളെ എങ്ങനെ എന്‍റെയടുക്കലേക്കു കൊണ്ടുവന്നെന്നും നിങ്ങള്‍ കണ്ടുകഴിഞ്ഞു. അതുകൊണ്ട് നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലുംവച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും. കാരണം ഭൂമി മുഴുവന്‍ എന്‍റേതാണ്. നിങ്ങള്‍ എനിക്ക് പുരോഹിതരാജ്യവും വിശുദ്ധജനവുമായിരിക്കും" (പുറ. 19 : 4-6)

ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ടതാണ് വിശുദ്ധം. വിശുദ്ധജനം എന്ന വിശേഷണം ഇസ്രായേല്‍ രാജ്യത്തിന്‍റെ സവിശേഷത വ്യക്തമാക്കുന്നു. ദൈവം തന്‍റേതായി തിരഞ്ഞെടുത്ത ജനം. ആ തിരഞ്ഞെടുപ്പിനും അവര്‍ക്കു നല്കിയ വിമോചനത്തിനും ഒരു ലക്ഷ്യമുണ്ട്. ലോകജനതകള്‍ക്കിടയില്‍ അവര്‍ ഒരു പുരോഹിതരാജ്യമായിരിക്കണം. ദൈവത്തിനും രാജ്യത്തിനുമിടയില്‍ മധ്യസ്ഥനായി നില്ക്കുന്നവനാണ് പുരോഹിതന്‍. അവന്‍ ദൈവഹിതം ജനത്തെ അറിയിക്കണം; തിരുഹിതമനുസരിച്ച് ജീവിക്കാന്‍ പഠിപ്പിക്കണം. അതോടൊപ്പം ജനത്തിന്‍റെ യാചനകളും പ്രാര്‍ത്ഥനകളും കാണിക്കകളും ദൈവസന്നിധിയില്‍ അര്‍പ്പിക്കണം. ദൈവത്തില്‍നിന്ന് അനുഗ്രഹം പ്രാപിച്ച് ജനത്തിനു നല്കണം. ദൈവതിരുമനസ്സ് അനുസരിച്ച് ജനത്തെ രൂപപ്പെടുത്തുക; ജനത്തെ മുഴുവന്‍ ദൈവത്തിനു സ്വീകാര്യമായ കാഴ്ചയായി സമര്‍പ്പിക്കുക. ഇതാണ് പൗരോഹിത്യധര്‍മ്മത്തിന്‍റെ കാതല്‍.

ഇപ്രകാരമൊരു പുരോഹിതശുശ്രൂഷ നടത്തുവാന്‍ വേണ്ടിയാണ് ഇസ്രായേല്‍ ജനം വിളിക്കപ്പെട്ടത്. അവരില്‍നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ലേവീ ഗോത്രത്തിലെ അഹറോന്‍ വംശജര്‍ മാത്രമല്ല, ഇസ്രായേല്‍ മുഴുവന്‍ പുരോഹിതരാകണം. അതാണല്ലോ "പുരോഹിതരാജ്യം" എന്ന പ്രയോഗത്തിലെ ധ്വനി. ഈ പുരോഹിതശുശ്രൂഷ സാധ്യമാകണമെങ്കില്‍ ഇസ്രായേല്‍ ജനം ഒന്നടങ്കം ഒരു പ്രത്യേകജീവിതക്രമം പാലിക്കണം. അതാണ് ഉടമ്പടിയുടെ പ്രമാണങ്ങളായി നല്കപ്പെട്ടിരിക്കുന്നത്.

പത്തുപ്രമാണങ്ങളെ സാധാരണ രണ്ടു ഗണങ്ങളായി തിരിക്കാറുണ്ട്: ദൈവ-മനുഷ്യബന്ധത്തെയും മനുഷ്യര്‍ പരസ്പരമുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നവ. ആദ്യത്തെ മൂന്നുപ്രമാണങ്ങള്‍ ദൈവത്തോടുള്ള ബന്ധത്തെ പരാമര്‍ശിക്കുന്നു; ബാക്കി ഏഴുപ്രമാണങ്ങള്‍ മനുഷ്യര്‍ പരസ്പരമുള്ള ബന്ധത്തെയും. എന്നാല്‍ ഓര്‍ത്തിരിക്കേണ്ട ഒരു സുപ്രധാന കാര്യമുണ്ട്. മനുഷ്യന് ദൈവത്തോടുള്ള ബന്ധമാണ് പരസ്പരബന്ധത്തിന്‍റെതന്നെ അടിസ്ഥാനം. അതിനാല്‍ ദൈവ-മനുഷ്യബന്ധത്തെക്കുറിച്ചു പ്രതിപാദിക്കുന്നതുതന്നെ ദൈവത്തിനു സംരക്ഷണം നല്കാന്‍ വേണ്ടിയല്ല, മനുഷ്യരുടെ ഇടയിലുള്ള ബന്ധം നീതിനിഷ്ഠമായിരിക്കും എന്നുറപ്പുവരുത്തുന്നതിനുവേണ്ടിയാണ്.

സീനായ് ഉടമ്പടിയുടെ പ്രമാണങ്ങള്‍ പത്താണെന്ന് എല്ലാവരും അംഗീകരിക്കുമ്പോഴും ഓരോ പ്രമാണത്തിന്‍റെയും സ്ഥാനക്രമം നിശ്ചയിക്കുമ്പോള്‍ കത്തോലിക്കരും പ്രോട്ടസ്റ്റന്‍റുസഭകളും തമ്മില്‍ ആശയവ്യത്യാസമുണ്ട്. കത്തോലിക്കര്‍ക്ക് സാബത്തിനെ സംബന്ധിച്ച പ്രമാണം മൂന്നാമത്തേതാണ്; പ്രോട്ടസ്റ്റന്‍റുസഭകള്‍ക്കു നാലാമത്തേതും. കാരണം വിഗ്രഹാരാധന വിലക്കുന്നത് രണ്ടാംപ്രമാണമായി ഇവര്‍ കരുതുമ്പോള്‍ അത് ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന ഒന്നാം പ്രമാണത്തിന്‍റെ ഭാഗമായി കത്തോലിക്കര്‍ കരുതുന്നു. ഈ വ്യത്യാസം കാരണം പത്താം പ്രമാണത്തിലും വ്യത്യാസമുണ്ട്. മോഹിക്കരുത് എന്ന ഒറ്റ നിയമത്തിനു കീഴില്‍ അയല്‍ക്കാരന്‍റെ ഭാര്യയും കഴുതയും ഭവനവും എല്ലാം പെടുന്നു പ്രോട്ടസ്റ്റന്‍റു കാഴ്ചപ്പാടില്‍; കത്തോലിക്കര്‍ ഇതിനെ 9-10 എന്ന രണ്ടു പ്രമാണങ്ങളായി തിരിക്കുന്നു. അങ്ങനെ വ്യക്തികളും വസ്തുക്കളും തമ്മില്‍ വ്യത്യാസം കല്പിക്കുന്നു. ഭാര്യയ്ക്കും കഴുതയ്ക്കും ഒരേ സ്ഥാനമല്ല ഈ വിഭജനത്തിലുള്ളത്.

വിഭജനത്തിലുള്ള ഈ വ്യത്യാസം ബൈബിളില്‍ത്തന്നെ കാണാം. പുറ. 20: 1-17; നിയ. 5: 6-21 എന്നീ ഭാഗങ്ങളില്‍ പ്രമാണങ്ങളുടെ രണ്ടു പട്ടികകള്‍ ഉണ്ട്. പുരോഹിതപാരമ്പര്യത്തില്‍(P)പെട്ട ആദ്യത്തെ പട്ടികയാണ് പ്രോട്ടസ്റ്റന്‍റ് സഭക്കാര്‍ സ്വീകരിച്ചിരിക്കുന്നത്; നിയമാവര്‍ത്തന പാരമ്പര്യത്തില്‍(D)പെട്ട രണ്ടാമത്തെ പട്ടിക കത്തോലിക്കരും. ഈ രണ്ടു പട്ടികകള്‍ തമ്മില്‍ ചുരുക്കം ചില ഊന്നലുകളിലും വ്യത്യാസമുണ്ട്. അതു വഴിയേ കാണുന്നതായിരിക്കും. വിഭജനക്രമത്തില്‍ വ്യത്യാസമുണ്ടെങ്കിലും ആശയതലത്തില്‍ കാതലായ വ്യത്യാസം ഒന്നുമില്ല. രണ്ടു പട്ടികകളും അവതരിപ്പിക്കുന്നത് ഒരേ നിയമസംഹിത തന്നെ.

ഓരോ പ്രമാണത്തിന്‍റെയും വിശദമായ ഒരു ചര്‍ച്ച ഈ ലേഖനത്തിന്‍റെ പരിധിയില്‍ ഒതുങ്ങുന്നതല്ല. സാമൂഹ്യനീതിയെ സംബന്ധിച്ച പ്രധാനപ്പെട്ട ചില ആശയങ്ങള്‍ എടുത്തുകാട്ടാന്‍ മാത്രമേ ഇവിടെ ശ്രമിക്കുന്നുള്ളൂ. ദൈവ-മനുഷ്യ ബന്ധത്തെ സംബന്ധിക്കുന്ന ആദ്യത്തെ മൂന്നു പ്രമാണങ്ങളാണ് ഈ ലേഖനത്തില്‍ തുടര്‍ന്നു ചര്‍ച്ചചെയ്യുന്നത്. 4-10 വിഷയങ്ങള്‍ അടുത്ത ലക്കത്തില്‍ പഠനവിഷയമാക്കുന്നതാണ്.

ദൈവത്തെ ആരാധിക്കണം, ദൈവത്തെ മാത്രമേ ആരാധിക്കാവൂ; ദൈവത്തിന്‍റെ നാമം വൃഥാ ഉപയോഗിക്കരുത്; ആഴ്ചയിലെ ഏഴാം ദിവസം കര്‍ത്താവിന്‍റെ ദിവസം എന്ന രീതിയില്‍ വിശുദ്ധമായി ആചരിക്കണം. ഇത്രയുമാണ് ആദ്യത്തെ മൂന്നുപ്രമാണങ്ങളുടെ സാരസംഗ്രഹം.

പത്തുപ്രമാണങ്ങളുടെയും അടിസ്ഥാനമായി നില്ക്കുന്നതാണ് ദൈവാരാധനയെ സംബന്ധിച്ച ആദ്യപ്രമാണം. ദൈവം ആരെന്നും ദൈവം ജനത്തിനുവേണ്ടി എന്തു ചെയ്തെന്നും ജനത്തിന് ദൈവത്തോടുള്ള ബന്ധം ഏതു വിധത്തിലുള്ളതായിരിക്കണം എന്നും ഈ ആദ്യപ്രമാണത്തില്‍ വ്യക്തമാക്കുന്നു. "അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍നിന്ന് നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ (ദൈവങ്ങള്‍) നിനക്കുണ്ടാകരുത്." ഇതാണ് പ്രമാണത്തിന്‍റെ കാതല്‍. വിഗ്രഹനിര്‍മ്മാണവും വിഗ്രഹാരാധനയും വിലക്കുന്നത് ഈ പ്രമാണത്തിന്‍റെതന്നെ രണ്ടാംഭാഗത്തിന്‍റെ വിശദീകരണമാണ്.

ഇസ്രായേല്‍ ജനം ആരാധിക്കാന്‍ കടപ്പെട്ടിരിക്കുന്ന ദൈവത്തിന് ഒരു സവിശേഷതയുണ്ട്. ദാസ്യഭവനമായ ഈജിപ്തില്‍നിന്ന് അവരെ മോചിപ്പിച്ചവനാണ് ദൈവം. കര്‍ത്താവ് എന്നാണ് അവിടുത്തെ നാമം. സീനായ് മലയില്‍വച്ച് മോശയ്ക്കു വെളിപ്പെടുത്തിയ 'കര്‍ത്താവ്' എന്ന നാമം 'വിമോചകന്‍' എന്ന ദൈവത്തിന്‍റെ സവിശേഷത എടുത്തുകാട്ടുന്നു. അതോടൊപ്പം നാളിതുവരെയുള്ള ജനത്തിന്‍റെ ചരിത്രാനുഭവങ്ങളിലേക്ക്, പ്രത്യേകിച്ചും ഈജിപ്തിലെ അടിമത്തം, പീഡനം, നിലവിളി, ദൈവത്തിന്‍റെ ശക്തിപ്രകടനം, ദൈവം നല്കിയ വിമോചനം, മരുഭൂമിയില്‍ ജനം അനുഭവിച്ച സംരക്ഷണം, പരിപാലനം എന്നിങ്ങനെ അനുഭവത്തിന്‍റെ വിവിധ മേഖലകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. വിമോചകനായ ദൈവത്തെ ആരാധിക്കുക എന്നത് സ്വാതന്ത്ര്യത്തിന്‍റെ അവശ്യനിബന്ധനയാണ്.

ആരാധനയെന്നാല്‍ സമ്പൂര്‍ണ്ണമായ സമര്‍പ്പണം എന്നാണല്ലോ അര്‍ത്ഥമാക്കുക. നീയാണ് എന്‍റെ ഉറവിടവും ലക്ഷ്യവും; ഞാനും എനിക്കുള്ളതും എല്ലാം നിന്‍റെ സൗജന്യദാനമാണ്. ഞാന്‍ പൂര്‍ണ്ണമായും നിന്‍റേതുമാത്രമാണ്. നീയല്ലാതെ എനിക്കു വേറെ ലക്ഷ്യമില്ല; നാഥനുമില്ല. ഇപ്രകാരം ഒരു പരിപൂര്‍ണ്ണവിധേയത്വം വ്യക്തമാക്കുന്ന ആരാധനയാണ് ദൈവം ആവശ്യപ്പെടുന്നത് എന്നുപറയുമ്പോള്‍ ദൈവം മനുഷ്യനെ വീണ്ടും അടിമയാക്കുകയല്ലേ എന്ന ചോദ്യം ഉദിക്കാം. ആരാണ് ദൈവം എന്നു ഗ്രഹിക്കാത്തതിനാലാണ് ഈ ചോദ്യം ഉയരുന്നത്. നിലവിളികേട്ട് ഇറങ്ങിവന്ന്, നിലവിളിയുടെ കാരണമായ അടിമത്തത്തിന് അറുതിവരുത്തിയവനാണ് ദൈവം. അവിടുന്നാഗ്രഹിക്കുന്നത് അടിമകളുടെ വിധേയത്വമല്ല, മക്കളുടെ സ്നേഹമാണ്. അതിനാല്‍ ഭയം വേണ്ടാ, ദൈവാരാധന മാനവസ്വാതന്ത്ര്യത്തിന്‍റെയും സാമൂഹ്യനീതിയുടെയും മൂലക്കല്ലാണ്. അതെടുത്തു മാറ്റിയാല്‍ നീതിനിഷ്ഠമായ ഒരു സമൂഹം സാധ്യമാവില്ല എന്നതിനു ചരിത്രം സാക്ഷി.

മറ്റു ദൈവങ്ങള്‍ ഉണ്ടാകരുത് എന്ന കല്പന അനേകം ദൈവങ്ങളുടെ അസ്തിത്വത്തിലേക്കു വിരല്‍ ചൂണ്ടുന്നതായി തോന്നാം. എന്നാല്‍ പ്രമാണം എടുത്തു പരിശോധിച്ചാല്‍ മനസ്സിലാകും, കര്‍ത്താവല്ലാതെ വേറെ ദൈവങ്ങള്‍ ഉണ്ടെന്നല്ല, മറ്റൊന്നിനെയും മറ്റാരെയും ദൈവമായി പരിഗണിക്കരുത്, ആരാധിക്കരുത് എന്നാണ് പ്രമാണം ഊന്നിപ്പറയുന്നത്. കാരണം മറ്റാരെയെങ്കിലും ആരാധിച്ചാല്‍ ആരാധിക്കുന്നവന്‍ ആരധനാവസ്തുവിന്‍റെ അഥവാ വ്യക്തിയുടെ അടിമയായിത്തീരും. അപ്പോള്‍ ദൈവം നല്കിയ സ്വാതന്ത്ര്യം നഷ്ടമാകും. നുകങ്ങള്‍ ഒടിക്കുകയും കെട്ടുകള്‍ പൊട്ടിക്കുകയും ചെയ്യുന്ന വിമോചകനാണ് ഏകദൈവമായ കര്‍ത്താവ്. ആകയാല്‍ ഏകദൈവരാധന അനുശാസിക്കുന്ന ഒന്നാം പ്രമാണംതന്നെയാണ് മറ്റെല്ലാ പ്രമാണങ്ങളുടെയും തദ്വാര സാമൂഹ്യനീതിയുടെയും അടിസ്ഥാനം. അതിനുപകരം മനുഷ്യനിര്‍മ്മിതമായ വസ്തുക്കളെയോ ആദര്‍ശങ്ങളെയോ പ്രത്യയശാസ്ത്രങ്ങളെയോ ആരാധനവിഷയമാക്കുന്നവര്‍ അവയുടെതന്നെ അടിമകളായിത്തീരുന്നു; മറ്റുള്ളവരെയും അടിമകളാക്കുന്നു എന്നതിന് ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാം.

ദൈവത്തിന്‍റെ സ്ഥാനത്തു കയറിനിന്ന് ആരാധന ആവശ്യപ്പെടുന്ന ഒന്നിനെ 'മാമ്മോന്‍' എന്നാണ് യേശു വിശേഷിപ്പിച്ചത്. ഒറ്റവാക്കില്‍ 'പണം' എന്നു പറയാമെങ്കിലും മനുഷ്യനെ അടിമയാക്കുന്ന സകലഭൗതികശക്തികളും ആശയങ്ങളുമെല്ലാം അതിനു പിന്നിലുണ്ട്. റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിന്‍റെ തുടക്കത്തില്‍ വിഗ്രഹാരാധന വരുത്തിവയ്ക്കുന്ന ഭീകരമായ അടിമത്തത്തെയും ദുരന്തത്തെയും വി. പൗലോസ് വിശദമായി അവതരിപ്പിക്കുന്നുണ്ട്. (റോമാ 1:18-22). "ദൈവത്തെ അംഗീകരിക്കുന്നത് ഒരു പോരായ്മയായി അവര്‍ കരുതിയതുനിമിത്തം അധമവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്" (റോമാ 1: 28-29).

നേതാക്കന്മാരെ ആദരിക്കുന്നതോ, പ്രതിമകളെ വണങ്ങുന്നതോ, വിശുദ്ധരുടെ മാധ്യസ്ഥ്യം തേടുന്നതോ വിഗ്രഹാരാധനയാകണം എന്നില്ല. ആദരവും ആരാധനയും ഒന്നല്ല;  മാദ്ധ്യസ്ഥ്യം തേടുന്നതോ വണങ്ങുന്നതോ ആരാധനയല്ല. എന്നാല്‍ വിശുദ്ധന്മാരെ അത്ഭുതപ്രവര്‍ത്തകരായും മതാത്മകതയെ ഉദ്ദിഷ്ടകാര്യസാധ്യത്തിനുള്ള ഉപകരണമായും മാത്രം കരുതുമ്പോള്‍ വിഗ്രഹാരാധന ഉടലെടുക്കുന്നു എന്നതു വിസ്മരിക്കാനാവില്ല. അത്ഭുതം പ്രവര്‍ത്തിക്കുന്നത് ദൈവം മാത്രമാണ്. വിശുദ്ധര്‍ ദൈവതിരുമുമ്പില്‍ മാധ്യസ്ഥ്യം വഹിക്കുകമാത്രമേ ചെയ്യുന്നുള്ളൂ. നേരെമറിച്ചു ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഒന്നാം പ്രമാണത്തിന്‍റെ ലംഘനത്തിലേക്കായിരിക്കും അറിയാതെ വഴുതിവീഴുക.

ഒരേ വിശുദ്ധന്‍റെതന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രതിമകള്‍ക്ക് ശക്തിയില്‍ കൂടുതതല്‍-കുറവ് ഉണ്ടെന്നു കരുതുമ്പോള്‍ ശ്രദ്ധാകേന്ദ്രം ദൈവത്തില്‍നിന്ന് ആ പ്രത്യേക പ്രതിമയിലേക്കു തെന്നിമാറുന്നു. വീണ്ടും വിഗ്രഹാരാധന തന്നെയാവും ഫലം. ശക്തി പ്രതിമയ്ക്കോ വിശുദ്ധനോ അല്ല, ദൈവത്തിനാണ് എന്ന കാര്യം മറക്കരുത്. ചില സ്ഥലങ്ങളില്‍ ചില വിശുദ്ധര്‍ക്ക് മനുഷ്യരെ, കുട്ടികളെയും മുതിര്‍ന്നവരെയും 'അടിമവയ്ക്കുന്ന' പതിവിനെക്കുറിച്ചും ഇതുതന്നെ പറയേണ്ടിയിരിക്കുന്നു. ഒരു വിശുദ്ധന്‍റെ പ്രത്യേകമായ മാധ്യസ്ഥത്തിനു സ്വയം സമര്‍പ്പിച്ച്, ആ വിശുദ്ധനോട് സവിശേഷമായി പ്രാര്‍ത്ഥിക്കുന്നതിനെയാണ് 'അടിമവയ്ക്കല്‍' സൂചിപ്പിക്കുന്നത് എങ്കില്‍ തെറ്റുപറയാനാവില്ല. അല്ലെങ്കില്‍ വീണ്ടും വിഗ്രഹാരാധനയിലേക്കു വഴുതിവീഴലാകും സംഭവിക്കുക- ഫലത്തില്‍ ഒന്നാം പ്രമാണത്തിന്‍റെ ലംഘനംതന്നെ.

ദൈവത്തിന്‍റെ നാമം വൃഥാ പ്രയോഗിക്കരുത് എന്ന രണ്ടാം പ്രമാണം ദൈവത്തോട് ആവശ്യമായ ആദരവും വിധേയത്വവും ഉറപ്പുവരുത്തുക മാത്രമല്ല, സാമൂഹ്യനീതിയുടെ സംരക്ഷണവും സൂചിപ്പിക്കുന്നുണ്ട്. ദൈവനാമത്തില്‍ ആണയിട്ട് അസത്യം സത്യമായി ഉറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ദൈവത്തെ അനീതിക്കു കൂട്ടുനിര്‍ത്താന്‍ ശ്രമിക്കുന്നു. ഇവിടെ ദൈവം അവഹേളിക്കപ്പെടുകയും ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ രണ്ടാംപ്രമാണവും ഫലത്തില്‍ മനുഷ്യനുതന്നെയാണ് സംരക്ഷണം നല്കുന്നത്.

സാബത്താചരണത്തെ സംബന്ധിച്ച മൂന്നാംപ്രമാണം ദൈവാരാധനയ്ക്കായി സമയം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം അധ്വാനിക്കുന്ന മനുഷ്യന് വിശ്രമത്തിനുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ദൈവം ആറുദിവസംകൊണ്ട് സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, ഏഴാംദിവസം വിശ്രമിച്ചു; അതുപോലെ മനുഷ്യനും ഏഴാംദിവസം വിശ്രമിക്കണം, അഥവാ സാബത്താചരിക്കണം എന്ന പുരോഹിതപാരമ്പര്യത്തിലെ(P) നിര്‍ദ്ദേശം (പുറ. 20: 8-11) ദൈവാരാധനയ്ക്ക് ഊന്നല്‍ നല്കുമ്പോള്‍ നിയമാവര്‍ത്തന പാരമ്പര്യത്തിലെ(D) പ്രമാണം അധ്വാനിക്കുന്നവര്‍ക്ക് അവകാശപ്പെട്ട വിശ്രമത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്നു.

"നീ ഈജിപ്തില്‍ അടിമയായിരുന്നെന്നും നിന്‍റെ ദൈവമായ കര്‍ത്താവ് കരുത്തുറ്റ കരംനീട്ടി അവിടെനിന്ന് നിന്നെ മോചിപ്പിച്ചുകൊണ്ടുവന്നുവെന്നും ഓര്‍മ്മിക്കുക. അതുകൊണ്ട് സാബത്തുദിവസം ആചരിക്കാന്‍ അവിടുന്ന് നിന്നോടു കല്പിച്ചിരിക്കുന്നു" ( നിയ. 5: 15). വിശ്രമം മനുഷ്യന് ആവശ്യമാണ് - ശരീരത്തിനും മനസ്സിനും. ഈ വിശ്രമം ദൈവത്തെക്കുറിച്ചുള്ള അവബോധത്തില്‍ ആഴപ്പെടാനും അതേസമയം ശരീരത്തിനും മനസ്സിനും ഊര്‍ജ്ജവും ഉന്മേഷവും വീണ്ടെടുക്കാനും ആവശ്യമാണ്; അധ്വാനിക്കുന്ന മനുഷ്യന്‍റെ അവകാശമാണ് വിശ്രമം. മനുഷ്യന്‍ അധ്വാനത്തിന്‍റെ അടിമയാകാതിരിക്കാന്‍ സാബത്തുനിയമം സഹായിക്കുന്നു. അടുത്തകാലത്തു പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുന്ന 24/7 പ്രവണത സാബത്തുലംഘനം മാത്രമല്ല, മനുഷ്യന്‍റെ മൗലികാവകാശത്തിന്‍റെ നിഷേധം കൂടിയാവാം. അധ്വാനവും ധനസമ്പാദനവും ജീവിതലക്ഷ്യമാകുമ്പോള്‍ ലക്ഷ്യം മാര്‍ഗത്തിനു വഴിമാറുകയാണെന്നതു വിസ്മരിക്കാനാവില്ല.

ചുരുക്കത്തില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തി, മനുഷ്യനു സംരക്ഷണം നല്കുന്നതാണ് ദൈവ-മനുഷ്യബന്ധത്തെ നിര്‍ണ്ണയിക്കുന്ന ആദ്യത്തെ മൂന്നുപ്രമാണങ്ങള്‍. ഈ പ്രമാണങ്ങള്‍ ലംഘിക്കപ്പെടുന്നിടത്ത് അടിമത്തം ഉടലെടുക്കുന്നു; മനുഷ്യന് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. തുടര്‍ന്നുള്ള ഏഴുപ്രമാണങ്ങള്‍ സാമൂഹ്യനീതിയുടെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്നു; നിയന്ത്രിക്കുന്നു. അത് അടുത്ത ലക്കത്തില്‍.   

You can share this post!

സ്മൃതി ബോബി

ജോസ് കട്ടികാട
അടുത്ത രചന

ആരാധനാഭാസങ്ങള്‍

മൈക്കിള്‍ കാരിമറ്റം
Related Posts