news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

"സൂര്യന്‍ അതിന്‍റെ ആകാശയാത്രയില്‍ ഒറ്റയ്ക്കാണല്ലോ, എന്നിട്ടെന്താ അതിന്‍റെ ശക്തിക്കും പ്രാഭവത്തിനും വല്ല കുറവുമുണ്ടോ? താഴ്വരയിലെ ഉയര്‍ന്ന കുന്നും ഒറ്റതിരിഞ്ഞല്ലേ? അതുപോലെ ഗ്രാമത്തിന് പുറത്തുള്ള ആ കിണറും ഒറ്റതിരിഞ്ഞല്ലേ! എന്നിട്ടും അതിന് അതിന്‍റേതായ സ്ഥാനമില്ലേ? വാസ്തവത്തില്‍ ഇവയൊക്കെയാണ് യഥാര്‍ത്ഥ വഴികാട്ടികള്‍. മരുഭൂമിയിലെ യാത്രക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്കുന്നത് ഈ സൂര്യനും മലയും കിണറുമാണ.്" ഏലിയാപ്രവാചകന്‍റെ ജീവിതത്തെ ആധാരമാക്കിയെഴുതിയ പൗലോ കൊയ്ലോയുടെ ഫിഫ്ത് മൗണ്ടന്‍ എന്ന നോവലില്‍ ഒരു പ്രവാചകനെ കുറിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളാണ് ഇവ. പ്രവാചകരും അവരുടെ ശബ്ദവും ഒറ്റതിരിഞ്ഞതും വേറിട്ടതുമാണ്.

ഹെന്‍റി എട്ടാമന്‍ ആനിബോളിനെ നിയമാനുസൃതമല്ലാതെ വിവാഹം ചെയ്യുമ്പോള്‍ അന്ന് രാജ്യത്തിലെ സകലരും ഹെന്‍റിയുടെ ഒപ്പം നിന്നു. (നിര്‍ത്തി എന്നുപറയുന്നതാണ് കൂടുതല്‍ ശരി) പക്ഷേ ഹെന്‍റി അസ്വസ്ഥനായിരുന്നു, കാരണം തോമസ് മൂര്‍ എതിരാണ്. ഒരു രാജ്യം മുഴുവന്‍ പിന്നിലുണ്ടായിരുന്നിട്ടും എന്തിനാണ് ഹെന്‍റി തോമസിനെ ഭയന്നത്? കാരണം തോമസ് മൂര്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു. ഒറ്റയ്ക്കു ഭൂരിപക്ഷം നേടുന്നവര്‍ പ്രവാചകരാണ്. ഒടുവില്‍ ശിരസ്സ് ശരീരത്തില്‍നിന്ന് വേര്‍പെടുത്തിയിട്ടുപോലും ഒറ്റയ്ക്കു തോമസ് നേടിയ വിജയം ഇല്ലാതാക്കാന്‍ ഹെന്‍റിക്കു കഴിഞ്ഞില്ല.

പഴയനിയമത്തില്‍ ഉടനീളം തന്‍റെ ജനത്തെ നേര്‍വഴിക്ക് നയിക്കാന്‍ പെടാപ്പാടുപെടുന്ന ഒരു ദൈവത്തെ നാം കണ്ടുമുട്ടുന്നുണ്ട്. എല്ലായിടത്തും ഒന്നിനുപിറകേ ഒന്നായി ജനം ഉടമ്പടി ലംഘിക്കുമ്പോഴും തോല്‍ക്കാന്‍ മനസ്സില്ല എന്ന വാശിയോടെയാണ് ദൈവം അവര്‍ക്കിടയിലേക്ക് പ്രവാചകന്മാരെ അയയ്ക്കുന്നത്. അവരാകട്ടെ ഒറ്റയ്ക്കു സഞ്ചരിക്കുന്ന സൂര്യനെകണക്കായിരുന്നു. അവര്‍ ഇസ്രായേല്‍ ജനത്തിന്‍റെ ജീവിതത്തിനുമുന്നില്‍ എന്നും ചോദ്യചിഹ്നമായി ഉയര്‍ന്നുനിന്നു; സമതലത്തിലെ പര്‍വ്വതം കണക്കേ.

ഹെബ്രായ ഭാഷയില്‍ 'നബി' എന്ന വാക്കാണ് പ്രവാചകനെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. ആ വാക്കിന്‍റെ അര്‍ത്ഥം തേടുമ്പോള്‍ ചെന്നുനില്‍ക്കുന്ന താകട്ടെ മൂന്ന് വാക്കുകളിലും. വിളി (to call)  തിളച്ചു മറിയുക(to boil)  മുന്‍പില്‍ പറയുക (Forthtell). വേദപുസ്തകത്തിലെ പ്രവാചകന്‍ എന്ന വാക്കിന്‍റെ പൂര്‍ണ്ണഅര്‍ത്ഥം ലഭിക്കുന്നത് ഈ മൂന്ന് അര്‍ത്ഥങ്ങളും ഒരുപോലെ സമന്വയിക്കപ്പെടുമ്പോഴാണ്.

ഉയിരു നല്‍കിയവന്‍റെ 'വിളി' കേട്ട് പുറമേ കാണുന്ന അനീതിക്കെതിരെ ഉള്ളില്‍ ഉയരുന്ന 'തിളച്ചുമറിയലുകളെ' നിര്‍ഭയത്തോടെ 'വിളിച്ചവന്‍റെ' വാക്കു കണക്കേ ജനത്തിന്‍റെ 'മുന്‍പില്‍ പറയുന്ന'വനാണ് പ്രവാചകന്‍.

പഴയനിയമവും പുതിയനിയമവും പ്രവാചകശബ്ദത്താല്‍ മുഖരിതമാണ്. മുഖംനോട്ടം ഇല്ലാതെയുള്ള വിളിച്ചുപറച്ചിലാണ് അവന്‍റേത്. അനീതിക്കെതിരെ ആ ശബ്ദം എവിടെയും ഉയരും. ഉടമ്പടി ലംഘിക്കപ്പെടുമ്പോള്‍ അവന്‍ ജനത്തിന് മുന്നറിയിപ്പു നല്കും. ആ ശബ്ദത്തിന് മയമില്ല. രാജാവെന്നോ പ്രജയെന്നോ വ്യത്യാസമില്ല. കാരണം ഉള്ളിലെ 'തിളയ്ക്കുന്ന' പ്രചോദനം വിളിച്ചുപറയാനുള്ള 'വിളിയാണ്' പ്രവാചകന്‍റേത്. അവന്‍റെ വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്.

A.W. Tazer എന്ന അമേരിക്കന്‍ വചനപ്രഘോഷകന്‍ പറയുന്നത് ശ്രദ്ധിക്കുക: "പ്രവാചകര്‍ ഉദ്യോഗസ്ഥരല്ല, അതിനാല്‍ത്തന്നെ അവരുടെ വാക്കുകള്‍ അനുരഞ്ജനത്തിന്‍റേതല്ല, തീര്‍പ്പുകല്പിക്കലിന്‍റേതാണ്. അവിടെ ഭയത്തിനു സ്ഥാനമില്ല."

നാഥാന്‍ എന്ന പ്രവാചകനെ നോക്കുക എത്ര കണിശതയോടും നിര്‍ഭയത്തോടും കൂടിയാണ് അയാള്‍ പ്രവാചകശബ്ദം ഉയര്‍ത്തുന്നത്. രാജ്യവും രാജ്യത്തിലെ സകലവും രാജാവിന്‍റെ സ്വന്തമായിരുന്ന ഒരു കാലഘട്ടത്തില്‍ ഒരു പടയാളിയുടെ ഭാര്യയെ സ്വന്തമാക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല, എന്നിട്ടും അത് ദൈവകല്പനയ്ക്കു വിരുദ്ധമാണെന്ന തിരിച്ചറിവില്‍ രാജാവ് നീചനാണെന്ന് നാഥാന് പറയാതിരിക്കാനാവുന്നില്ല(2 സാമു. 12: 7-12).

നാബോത്ത് എന്ന പാവം കര്‍ഷകന്‍റെ മുന്തിരിത്തോട്ടം തട്ടിയെടുക്കാന്‍ ജസബേലിന്‍റെ നീചതന്ത്രം ഉപയോഗിക്കുന്ന ആഹാബിനു വരാന്‍പോകുന്ന വിധിയെപറ്റി എത്ര പരുക്കനായാണ് ഏലിയാ വിളിച്ചു പറയുന്നത്(1രാജാ 21).

സഹോദരന്‍റെ ഭാര്യയെ സ്വന്തമാക്കിയ ഹേറോദിന്‍റെ ചെയ്തിയെ എത്ര കണിശമായാണ് സ്നാപകന്‍ വിമര്‍ശിക്കുന്നത്. സ്നാപകന്‍റെ വാക്കുകളില്‍ തീയാണ് ആളുന്നത്.

അനാവശ്യനിയമങ്ങളുടെ നൂലാമാലയില്‍ കുരുക്കി ജനങ്ങളെ പീഡിപ്പിക്കുന്ന മതമേലദ്ധ്യക്ഷന്മാര്‍ക്ക് എതിരെ ക്രിസ്തു ഉയര്‍ത്തുന്ന പ്രവാചക സമരം എത്ര തീവ്രമാണ്(മത്തായി 23).

ബീഹാറില്‍ കല്‍ക്കരി മാഫിയായ്ക്കെതിരെ ഒറ്റയ്ക്കു നിന്ന സി. വത്സാ ജോണിനെയും ഞാറയ്ക്കല്‍ ഒരുമിച്ചുനിന്ന് അനീതിക്കെതിരെ ഒന്നായി ശബ്ദമുയര്‍ത്തിയ സി. എം. സി. സന്ന്യാസിനികളെയും അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ച് മരം മുറിക്കുന്നതിനെതിരെ ഒറ്റയ്ക്കു സെക്രട്ടറിയേറ്റു പടിക്കല്‍ സമരം ചെയ്ത പ്രകൃതിസ്നേഹിയെയും പ്രവാചകര്‍ എന്നല്ലാതെ മറ്റെന്തു വിളിക്കാന്‍! മേല്‍പ്പറഞ്ഞ പ്രവാചകരെല്ലാം ഒറ്റക്കായിരുന്നു- ആകാശത്ത് നീങ്ങുന്ന സൂര്യനെപ്പോലെ, താഴ്വരയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതങ്ങളെപ്പോലെ.

കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന കാലഘട്ടം വ്യാജപ്രവാചകന്മാര്‍ അരങ്ങുതകര്‍ക്കുന്ന ഒന്നാണ്. പ്രവചനം എന്ന വാക്കുപോലും വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. വേദപുസ്തകത്തില്‍ എവിടെയും അമിതപ്രാധാന്യം നല്കാത്ത ഭാവിപറച്ചില്‍ എന്ന പ്രതിഭാസത്തിലേക്ക് പ്രവചനങ്ങളും പ്രവാചകന്മാരും തരംതാണുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ എന്നും യാഥാര്‍ത്ഥ്യം അംഗീകരിക്കാനും അഭിമുഖീകരിക്കാനും മടിക്കും. അതുകൊണ്ടുതന്നെ അവരുടെ അന്വേഷണം കുറുക്കുവഴികള്‍  തേടിയുള്ളതാണ്. ഈ യാത്രകള്‍ ചെന്നുനില്‍ക്കുന്നതാകട്ടെ ഭാവിയില്‍ നല്ലതുവരും, എല്ലാം ശുഭമാകും എന്നു പറഞ്ഞു ആശ്വാസം വില്‍ക്കുന്ന സിദ്ധരുടെ പക്കലും. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തുടങ്ങിയ ഈ യാത്രകള്‍ ഇന്നും തുടരുകയാണ്. ജനം അന്വേഷിക്കുന്നതും ആഘോഷിക്കുന്നതും കണ്ണടച്ച് പ്രവചനങ്ങള്‍ നടത്തുന്നവരെയാണ്. കണ്ണുതുറന്ന് കണ്ട്  പ്രശ്നങ്ങളെ വിളിച്ചുപറയുന്നവരെയല്ല. ഞാന്‍ വിദേശത്ത് പോകുമോ, എനിക്കു ജോലികിട്ടുമോ, എന്‍റെ കോഴി മുട്ടയിടുമോ എന്ന ചോദ്യവുമായി ഭാവി അറിയാന്‍ കാംക്ഷിക്കുന്നവര്‍ നമ്മുടെയിടയില്‍ വര്‍ദ്ധിച്ചുവരുകയാണ്.  അവര്‍ക്കുവേണ്ടി പ്രവചനങ്ങള്‍ നടത്തുന്നവരുടെ അടുക്കലേക്ക് ആളുകള്‍ ഓടിക്കൂടുകയാണ്. അതിന് ഉപയോഗിക്കുന്നതാകട്ടെ തെറ്റായി വ്യാഖ്യാനിക്കുന്ന വചനത്തിന്‍റെ പിന്‍ബലവും.

കൊച്ചുപ്രാര്‍ത്ഥനക്കാര്‍ വലിയ പ്രാര്‍ത്ഥനക്കാരാകാന്‍ പൗലോസിന്‍റെ ആഹ്വാനമനുസരിച്ച് പ്രവചനവരത്തിനായി തീക്ഷ്ണമായി പ്രയത്നിക്കുകയാണ്(1കൊറി. 14:5). പക്ഷെ പൗലോസ് അവിടെ ഉദ്ദേശിക്കുന്നത് ഭാവി പ്രവചിക്കാനുള്ള കഴിവല്ലായെന്ന് മനസിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

എല്ലാവരും പ്രവാചകര്‍ ആണെന്നാണ് സാര്‍ത്രിന്‍റെ നിരീക്ഷണം. പക്ഷേ അതിനുവേണ്ടുന്ന വില നല്‍കാന്‍ മടിച്ച് സ്വയം തീര്‍ക്കുന്ന മഞ്ഞുഗുഹകള്‍ക്കിടയില്‍ ഹിമക്കരടി കണക്കേ സുഖമായി നിദ്രയില്‍ ആണ്ടിരിക്കുകയാണ് നമ്മള്‍. അതുകൊണ്ടുതന്നെയായിരിക്കണം പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചാള്‍സ് സ്പര്‍ഗിയോണ്‍ എന്ന ബ്രിട്ടീഷ് പ്രാസംഗികന്‍ ഇങ്ങനെ പറഞ്ഞത് "നാം എല്ലാവരും അബോധാവസ്ഥയില്‍ കഴിയുന്ന പ്രവാചകരാണ്"

സഭയിലെയും സമൂഹത്തിലെയും ജീര്‍ണ്ണതകള്‍  ക്കെതിരെ പ്രവാചകശബ്ദം ഉയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പ്രവാചകര്‍ ഇല്ലാതാകുന്നതോടെ വീടും നാടും നഗരവും ദേശവും അധപ്പതനത്തെ അഭിമുഖീകരിക്കുകയാണ്. കണ്ണുതുറന്ന് ലോകത്തെ നോക്കുകയെന്നതു മാത്രമാണ് നമ്മിലെ പ്രവാചകനെ ഉണര്‍ത്താനുള്ള ഏക മാര്‍ഗ്ഗം. കുഞ്ഞുങ്ങള്‍ ദൈവികകാര്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതെ വളരുന്നത് കാണുമ്പോള്‍, കോടികള്‍ മുടക്കി ആരാധനാലയം പണിയാന്‍ ചിട്ടവട്ടം കൂട്ടുമ്പോള്‍, ഇന്നലെ ടാറിട്ട റോഡ് ഇന്നത്തെ മഴയില്‍ പൊളിയാന്‍ തുടങ്ങുമ്പോള്‍, പ്രാര്‍ത്ഥിക്കേണ്ട നേരത്ത് സന്ന്യാസി ഷട്ടില്‍ കളിക്കാന്‍ ഇറങ്ങുന്നതു കാണുമ്പോള്‍, നിയന്ത്രണമില്ലാതെ പച്ചക്കറികള്‍ക്ക് വില വര്‍ദ്ധിക്കുന്നതു കാണുമ്പോള്‍ പ്രവചിക്കാന്‍ ധൈര്യം കാട്ടേണ്ടിയിരിക്കുന്നു.

പ്രവാചകന്‍ ദൈവത്തിന്‍റെ ശബ്ദമായി മാറേണ്ടവനാണ്. അവിടെ ഭയത്തിനു സ്ഥാനമില്ല. ഇന്നും പഴയ ആ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. "ആര് എനിക്കുവേണ്ടി പോകും?" (ഏശ. 6:8).

ക്ലാസിഫൈഡ്സില്‍ ദൈവം പരസ്യം നല്‍കി. പ്രവാചകരെ ആവശ്യമുണ്ട്. യോഗ്യത: ഒറ്റയാന്‍ ഭൂരിപക്ഷമായി നില്‍ക്കാനുള്ള തന്‍റേടം. ജോലി: ദൈവത്തിന്‍റെ സ്വരമായി ജനത്തിന്‍റെ മുന്‍പില്‍ നില്‍ക്കുക, കല്ലേറുകള്‍ ഏറ്റുവാങ്ങുക, ക്രൂരമായി വധിക്കപ്പെടുവാന്‍ മനസ്സ് കാട്ടുക.(NB. ശിപാര്‍ശയോ മുന്‍പരിചയമോ ആവശ്യമില്ല.) 

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts