news-details
സാമൂഹിക നീതി ബൈബിളിൽ

സാമൂഹ്യനീതിയുടെ പഠനക്കളരി

"നിന്‍റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിന് നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക." (പുറ. 20:13)

ദൈവ-മനുഷ്യ ബന്ധത്തെ സംബന്ധിക്കുന്ന അടിസ്ഥാന നിയമങ്ങളാണ് ആദ്യത്തെ മൂന്നുപ്രമാണങ്ങളുടെ വിഷയം. തുടര്‍ന്നുള്ള ഏഴു പ്രമാണങ്ങള്‍ മനുഷ്യര്‍ പരസ്പരമുള്ള ബന്ധത്തില്‍ അവശ്യം പാലിക്കേണ്ട നിയമങ്ങള്‍ അവതരിപ്പിക്കുന്നു. അവയില്‍ ആദ്യത്തെ പ്രമാണമാണ് ആരംഭത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്. മാതാപിതാക്കളെ ബഹുമാനിക്കണം എന്ന നിയമത്തില്‍ സമൂഹത്തിന്‍റെ അടിസ്ഥാനഘടകമായ കുടുംബത്തില്‍ പാലിക്കപ്പെടേണ്ട ക്രമം വ്യക്തമാക്കുന്നു.

മക്കള്‍ക്കു മാതാപിതാക്കളോടുള്ള കടമ മാത്രമല്ല, മാതാപിതാക്കള്‍ക്കു മക്കളോടുള്ള കടമയും ഈ നിയമത്തിന്‍റെ വിഷയം തന്നെ. അതിലുപരി നീതിനിഷ്ഠമായ ഒരു സമൂഹനിര്‍മ്മിതിക്കും നിലനില്പ്പിനും ആവശ്യകമായ അധികാര സംവിധാനവും ഈ നിയമത്തിന്‍റെ പരിധിയില്‍ വരുന്നു. പഴയനിയമത്തിലും പുതിയ നിയമത്തിലും ഒരുപോലെ അനേകം തവണ പരാമര്‍ശവിഷയമാകുന്നതാണ് ഈ നിയമം. ഈ നിയമത്തെ സംബന്ധിച്ച സഭയുടെ ആധികാരിക പ്രബോധനം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 2168-2256 ഖണ്ഡികകളിലും യുവജനമതബോധന ഗ്രന്ഥം 367-377 ഖണ്ഡികകളിലും കാണാം.

ദൈവ-മനുഷ്യബന്ധത്തില്‍നിന്ന് മനുഷ്യര്‍ക്കു പരസ്പരമുണ്ടായിരിക്കേണ്ട ബന്ധങ്ങളിലേക്കു കടക്കുമ്പോള്‍ ആദ്യമേ പ്രതിപാദിക്കുന്നത് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധമാണെന്നതു പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ജീവന്‍റെ ഉറവിടവും ഉടയവനും ദൈവമാണ്. ദൈവത്തില്‍നിന്നു മനുഷ്യവ്യക്തികളിലേക്കു ജീവന്‍ കടന്നുവരുന്നത് മാതാപിതാക്കളിലൂടെയാണല്ലോ. മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കുകയും സന്താനപുഷ്ടിയുള്ളവരായി ഭൂമിയില്‍ ദൈവിക പ്രതിച്ഛായ വഹിക്കുന്ന മനുഷ്യരെ സൃഷ്ടിക്കുന്നതില്‍ പങ്കുകാരാകാന്‍ വിളിച്ച് അനുഗ്രഹിക്കുകയും ചെയ്തത് ദൈവമാണ് (ഉല്‍പ. 1: 27-28). മാതാപിതാക്കളും മക്കളും അടങ്ങുന്നതാണ് കുടുംബം. കുടുംബമാണ് സമൂഹത്തിന്‍റെ ഏറ്റം ചെറുതും അതേ സമയം അടിസ്ഥാനവുമായ ഘടകം. അതിനാല്‍ത്തന്നെ കുടുംബത്തെ സംബന്ധിച്ച ദൈവഹിതം മറ്റു പ്രമാണങ്ങള്‍ക്കു മുമ്പേ അവതരിപ്പിക്കുന്നു.

ഈ പ്രമാണം അനുസരിക്കുന്നതിനു പ്രചോദനമായി ഒരു പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത് ശ്രദ്ധേയമത്രെ. "വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന" (എഫേ. 6: 3) എന്നാണ് പൗലോസ് ശ്ലീഹാ ഈ പ്രമാണത്തെ വിശേഷിപ്പിക്കുന്നത്. എന്താണ് ഈ വാഗ്ദാനം? "നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിന്" എന്ന ആമുഖവാക്യത്തില്‍ ഈ വാഗ്ദാനം കാണാം. എഫേസിയ ലേഖനത്തില്‍ "ഭൂമിയില്‍ ദീര്‍ഘകാലം" എന്നാണു കാണുക. ഏതാണ് ദൈവം തരുന്ന രാജ്യം? രക്ഷാചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ അതു കാനാന്‍ദേശം എന്ന വാഗ്ദത്തഭൂമിയാണെന്നും കരുതാനാവും. ദൈവത്തിന്‍റെ ഉടമ്പടി പാലിക്കുന്നിടത്തോളം കാലം മാത്രമേ അവര്‍ക്കു വാഗ്ദത്തഭൂമിയില്‍ വസിക്കാന്‍ കഴിയൂ.

ഉടമ്പടി ലംഘിച്ചാല്‍ വാഗ്ദത്തഭൂമിയില്‍നിന്ന് നിഷ്കാസിതരാകും എന്ന് അനേകം തവണ അനുസ്മരിപ്പിച്ചിട്ടുണ്ട്. ജനം ഉടമ്പടി ലംഘിച്ചു. അതിനാല്‍ അവര്‍ക്കു വാഗ്ദത്തഭൂമിക്കു പുറത്ത് പ്രവാസികളായി കഴിയേണ്ടി വന്നു. വിലാപങ്ങളുടെ പുസ്തകം എടുത്തുകാട്ടുന്ന മുഖ്യപ്രമേയമാണിത്. പ്രവാചകന്മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ജനം അതു വകവച്ചില്ല. അതിനാല്‍ ഉടമ്പടിയുടെ നിബന്ധന പ്രകാരംതന്നെ അവര്‍ ശിക്ഷിക്കപ്പെട്ടു (ജെറ. 34: 18-22). അതിനാല്‍ കര്‍ത്താവു തരുന്ന രാജ്യം എന്നത് വാഗ്ദത്തഭൂമിയെ സൂചിപ്പിക്കുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. എന്നാല്‍ അതു മാത്രമല്ല.

പറുദീസായിലാക്കിയ മനുഷ്യന് ദൈവം നല്കിയ താക്കീത് ഇവിടെ ശ്രദ്ധേയമാണ്: "നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കും" (ഉല്‍പ. 2: 17). എന്നാല്‍ കല്പന ലംഘിച്ച മനുഷ്യന്‍ ഉടനെ മരിച്ചില്ല. പക്ഷേ മറ്റൊന്നു സംഭവിച്ചു. അവര്‍ക്ക് നഗ്നതാബോധവും ലജ്ജയും ഉണ്ടായി; ദൈവികസാന്നിദ്ധ്യത്തെ അവര്‍ ഭയന്നു. പറുദീസാ അവര്‍ക്കു നഷ്ടമായി. ദൈവത്തോടൊന്നിച്ച്, അവിടുത്തെ സാന്നിദ്ധ്യത്തിലുള്ള ജീവിതമാണ്, അഥവാ ദൈവികജീവനിലേക്കുള്ള പങ്കുചേരലാണ് പറുദീസാ. അതിനാല്‍ പറുദീസാ നഷ്ടപ്പെടുക എന്നാല്‍ ദൈവികജീവനില്‍ നിന്ന് വിച്ഛേദിക്കപ്പെടുക എന്നത്രെ അര്‍ത്ഥം.

ഈ കാഴ്ചപ്പാടില്‍നിന്നു നോക്കുമ്പോള്‍ നാലാം പ്രമാണം നല്കുന്ന വാഗ്ദാനവും അതുള്‍ക്കൊള്ളുന്ന താക്കീതും കൂടുതല്‍ വ്യക്തമാകുന്നു. ദൈവം തരുന്ന രാജ്യം ഏതെങ്കിലും ഭൗമികമായ സ്ഥലമല്ല, ഈ ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗവുമല്ല. മറിച്ച് ദൈവിക സാന്നിദ്ധ്യവും ദൈവികജീവനിലുള്ള പങ്കുചേരലുമാണ്. അതാണ് പിന്നീട് "ദൈവരാജ്യം" എന്ന് യേശു വിശേഷിപ്പിച്ചത്. ദൈവികജീവനില്‍ പങ്കുകാരാകണമെങ്കില്‍ തങ്ങള്‍ക്കു ജീവന്‍ നല്കിയ മാതാപിതാക്കളെ ആദരിക്കണം, ബഹുമാനിക്കണം.

ഇനി എന്താണ് ദീര്‍ഘകാലം? എത്ര വര്‍ഷം ജീവിച്ചാല്‍ അതു ദീര്‍ഘകാലമാകും? മനുഷ്യജീവിതം എഴുപത്, കൂടിയാല്‍ എണ്‍പത് (സങ്കീ. 90: 10) എന്ന പരിധിയെ മറികടന്ന് നൂറുവര്‍ഷം ജീവിച്ചാലും അതിനെ ദീര്‍ഘകാലം എന്നു പറയാനാവുമോ? അതേസമയം വളരെ ചെറുപ്പത്തില്‍തന്നെ മരിച്ചുപോകുന്നവരെക്കുറിച്ച് എന്തു പറയണം? മാതാപിതാക്കന്മാരെ ബഹുമാനിക്കാത്തതുകൊണ്ടാണോ വി. കൊച്ചു ത്രേസ്യാ ഇരുപത്തിനാലാം വയസ്സില്‍ ക്ഷയരോഗിയായി മരിച്ചത്? ഇവിടെ ദീര്‍ഘകാലം എന്നതുകൊണ്ട് ബൈബിള്‍ ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക കാലയളവല്ല, മറിച്ച് അവസാനമില്ലാത്ത ജീവിതം, അഥവാ നിത്യജീവിതം തന്നെയാണ്. ദൈവത്തോടൊന്നിച്ച് എന്നേക്കും ജീവിക്കണമെങ്കില്‍ മാതാപിതാക്കളെ ബഹുമാനിക്കണം.

മാതാപിതാക്കളെ ബഹുമാനിക്കുക എന്ന പ്രമാണത്തിന് പല അര്‍ത്ഥസൂചനകളുണ്ട്. മാതാപിതാക്കളോട് മക്കള്‍ക്കുണ്ടായിരിക്കേണ്ട മനോഭാവവും അവര്‍ അനുവര്‍ത്തിക്കേണ്ട സമീപനങ്ങളും അനേകം തവണ ബൈബിളില്‍ പ്രതിപാദനവിഷയമാകുന്നുണ്ട്. "മകനേ, പിതാവിന്‍റെ പ്രബോധനം ചെവിക്കൊള്ളുക; മാതാവിന്‍റെ ഉപദേശം നിരസിക്കരുത്"(സുഭാ. 1: 8) "മകനേ, പിതാവിന്‍റെ കല്പന കാത്തുകൊള്ളുക; മാതാവിന്‍റെ ഉപദേശം നിരസിക്കരുത്" (സുഭാ. 6: 20). ഈ പ്രബോധനങ്ങളും ഉപദേശങ്ങളും ഹൃദയത്തില്‍ സ്വീകരിക്കണം; നിരന്തരം അനുസ്മരിക്കണം; ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. മാതാപിതാക്കളുടെ ഉപദേശങ്ങള്‍ മക്കള്‍ക്കു മാര്‍ഗ്ഗദര്‍ശനമായിരിക്കണം. "പൂര്‍ണ്ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക; നൊന്തുപെറ്റ അമ്മയെ മറക്കരുത്" (പ്രഭാ. 7: 27-28).

മാതാപിതാക്കളുടെ ഉപദേശം സ്വീകരിച്ചാല്‍ മാത്രം പോരാ, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണം. പ്രത്യേകിച്ചും രോഗികളും വൃദ്ധരുമാകുമ്പോള്‍ അവരെ സംരക്ഷിക്കാനും പരിപാലിക്കാനും മക്കള്‍ക്കുള്ള കടമയും ഈ പ്രമാണം അനുശാസിക്കുന്നു. മറിച്ചായാല്‍ ദൈവകോപത്തിനിരയാകും എന്ന് പ്രത്യേകം അനുസ്മരിപ്പിക്കുന്നു. "നിനക്കു ജന്മം നല്‍കിയ പിതാവിനെ അനുസരിക്കുക; വൃദ്ധയായ അമ്മയെ നിന്ദിക്കരുത്" (സുഭാ. 23: 22). "അപ്പനില്‍ നിന്നോ, അമ്മയില്‍ നിന്നോ പിടിച്ചുപറിച്ചിട്ട് അതു തെറ്റല്ല എന്നു പറയുന്നവന്‍ അക്രമിയുടെ കൂട്ടുകാരനാണ്" (സുഭാ. 28: 24). "പിതാവിനെ പരിഹസിക്കുകയും അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്‍റെ കണ്ണ് മലങ്കാക്ക കൊത്തിപ്പറിക്കുകയും കഴുകന്മാര്‍ തിന്നുകയും ചെയ്യും" (സുഭാ. 30: 17). അതേ സമയം "പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്‍റെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നു; അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നു" (പ്രഭാ. 3: 3).

മാതാപിതാക്കളെ അനുസരിക്കണം, ആദരിക്കണം; ആവശ്യമുള്ളതെല്ലാം നല്കി പരിപാലിക്കണം. ഒരിക്കലും തങ്ങള്‍ അനാഥരോ ആവശ്യമില്ലാത്ത അധികപ്പറ്റോ ആയി തോന്നാന്‍ അവര്‍ക്കിടയാകരുത്. ഇതെല്ലാം മാതാപിതാക്കളോടുള്ള സ്നേഹത്തിന്‍റെയും നന്ദിയുടെയും പ്രകടനമാകണം. തലമുറകളുടെ തുടര്‍ച്ചയാണല്ലോ മനുഷ്യജീവിതം. മാതാപിതാക്കളെ തങ്ങള്‍ എപ്രകാരം സ്നേഹിച്ച്, ആദരിച്ച്, പരിപാലിക്കുന്നു എന്നത് തങ്ങളുടെ മക്കള്‍ കാണുന്നുണ്ടെന്നും ഓര്‍ക്കണം. തങ്ങളും ഒരിക്കല്‍ വൃദ്ധരും രോഗികളും പരസഹായം കൂടാതെ ജീവിക്കാന്‍ കഴിയാത്തവരും ആയിത്തീരാം എന്നതും മറക്കരുത്.

മാതാപിതാക്കളോടുള്ള കടമ ദൈവപ്രമാണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതായി യേശു തന്നെ എടുത്തു കാട്ടിയിട്ടുണ്ട്. നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം എന്നു ചോദിച്ച അധികാരിക്ക് കൊടുത്ത മറുപടിയില്‍ എടുത്തുപറയുന്ന പ്രമാണങ്ങളെല്ലാം മനുഷ്യര്‍ പരസ്പരമുള്ള ബന്ധത്തെ നിയന്ത്രിക്കുന്നവയാണ്. അവയില്‍ ഏറ്റം അവസാനത്തേതായി, അഥവാ ഏറ്റം പ്രധാനപ്പെട്ടതായി ചൂണ്ടിക്കാട്ടുന്നത് നാലാം പ്രമാണമാണ് (ലൂക്കാ 18: 20). മാതാപിതാക്കന്മാരോടുള്ള കടമയില്‍ വീഴ്ചവരുത്തുന്നത് വലിയ പാപമായി യേശു പഠിപ്പിക്കുന്നു. മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് ഇവിടെ പരാമര്‍ശവിഷയം (മര്‍ക്കോ. 7: 9-12).

മക്കള്‍ക്കു മാതാപിതാക്കളോടുള്ളതുപോലെ തന്നെ മാതാപിതാക്കള്‍ക്കു മക്കളോടുള്ള കടമയും ഈ പ്രമാണത്തിന്‍റെ ഭാഗമാണ്. "ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പഠിപ്പിക്കുക; വാര്‍ദ്ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല" (സുഭാ. 22: 6). മാതാപിതാക്കള്‍ മക്കള്‍ക്കു മാതൃകയും മാര്‍ഗ്ഗദീപങ്ങളുമാകണം. മാതാപിതാക്കളില്‍ നിന്നാണല്ലോ മക്കള്‍ ജീവിതത്തെ സംബന്ധിച്ച ആദ്യപാഠങ്ങള്‍ ഹൃദിസ്ഥമാക്കുക. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തവും വിലമതിക്കുന്ന മൂല്യങ്ങളും ജീവിതശൈലിയുമെല്ലാം മക്കള്‍ക്കു മാതൃകയും പ്രചോദനവുമാകും. "ശിശുവിന്‍റെ ഹൃദയത്തില്‍ ഭോഷത്തം കെട്ടുപിണഞ്ഞു കിടക്കുന്നു; ശിക്ഷണത്തിന്‍റെ വടി അതിനെ ആട്ടിയോടിക്കുന്നു" (സുഭാ. 22: 15).

കുട്ടികള്‍ക്കു ശരിയായ ബോധനവും ശിക്ഷണവും നല്കേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷകന്‍ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. (പ്രഭാ. 30: 1-13). മക്കളെ ദൈവത്തിന്‍റെ ദാനമായി കണ്ട് സ്വീകരിക്കുക, സ്നേഹിക്കുക, അവരെ ദൈവത്തിന്‍റെ മക്കളായി വളര്‍ത്തുക -  ഇതു ദൈവം തന്നെ മാതാപിതാക്കളെ ഏല്പിച്ചിരിക്കുന്ന പരിപാവനമായ ദൗത്യമാണ്. "പിതാക്കന്മാരേ നിങ്ങള്‍ കുട്ടികളേ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്മേഷരാകും" (കൊളോ. 3: 2) എന്നിങ്ങനെയുള്ള അപ്പസ്തോലന്‍റെ പ്രബോധനങ്ങള്‍ നാലാം പ്രമാണത്തിന്‍റെ മറുഭാഗം വ്യക്തമാക്കുന്നു.

അടിസ്ഥാനഘടകമായ കുടുംബത്തിലെന്ന പോലെ, പൊതുസമൂഹത്തില്‍ നിലനില്‍ക്കേണ്ട അധികാര സംവിധാനത്തെയും ഭരണകര്‍ത്താക്കളും ഭരണീയരും തമ്മില്‍ ഉണ്ടായിരിക്കേണ്ട ആരോഗ്യകരമായ ബന്ധങ്ങളെയുംകുറിച്ച് നാലാം പ്രമാണത്തിന്‍റെ നിര്‍ദ്ദേശം പ്രസക്തമാണ്. പരസ്പരമുള്ള ആദരവും പൊതുനന്മയ്ക്കുവേണ്ടിയുള്ള നിയമനിര്‍മ്മാണങ്ങളും ഭരണക്രമവുമെല്ലാം മനുഷ്യനെ സംബന്ധിച്ച ദൈവികപദ്ധതിയുടെയും ഭാഗമാണ്; നീതിനിഷ്ഠമായ സമൂഹനിര്‍മ്മിതിക്ക് അത്യന്താപേക്ഷിതവുമാണ്. നിലവിലിരിക്കുന്ന അധികാരസംവിധാനങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണെന്നും അവയെ അനുസരിക്കുക ഓരോ വിശ്വാസിയുടെയും പൗരന്‍റെയും കടമയാണെന്നും വി. പൗലോസ് അനുസ്മരിപ്പിക്കുന്നു: "നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമണ്..... (അധികാരി) ദൈവത്തിന്‍റെ ശുശ്രൂഷകനാണ്..... " (റോമാ. 13:1-7). "ഉന്നതാധികാരിയായ രാജാവോ..... പ്രാദേശികാധികാരികളോ ആരായിരുന്നാലും നിങ്ങള്‍ കര്‍ത്താവിനെ പ്രതി എല്ലാ മാനുഷാധികാരികള്‍ക്കും വിധേയരായിരിക്കുവിന്‍" (1 പത്രോ. 2: 13-16) എന്ന വി. പത്രോസിന്‍റെ നിര്‍ദ്ദേശം ഈ പ്രമാണത്തിന്‍റെ സാമൂഹിക തലത്തിലുള്ള വിശദീകരണമായി കാണാന്‍ കഴിയും.

മാതാപിതാക്കളെ ബഹുമാനിക്കണം എന്ന പ്രമാണത്തിന്‍റെ താത്വികമായ വശം വളരെ വ്യക്തവും സുതാര്യവുമാണ്. ഈ പ്രമാണം അനുസരിക്കാതെ സാമൂഹ്യനീതി സാധ്യമാവില്ല എന്നു നിസംശയം പറയാം. എന്നാല്‍ പ്രായോഗിക തലത്തിലേക്കു കടക്കുമ്പോള്‍ അനേകം തെറ്റിദ്ധാരണകളും വികലമായ വ്യാഖ്യാനങ്ങളും വിട്ടുവീഴ്ചകളും ഉടലെടുക്കുന്നു. മാതാപിതാക്കളെ ഭാരമായി കരുതുന്ന മക്കളുടെയും മക്കള്‍ അനാവശ്യവും ഒഴിവാക്കേണ്ട ഒരു ബാധ്യതയായി കരുതുന്ന ദമ്പതികളുടെയും എണ്ണം വര്‍ദ്ധിച്ചുവരുന്നതായി തോന്നും. പല കാരണങ്ങളാലും മാതാപിതാക്കളെ ശ്രദ്ധിക്കാനോ പരിചരിക്കാനോ കഴിയാതെ വരുന്നവര്‍ വൃദ്ധസദനങ്ങളെ ആ ജോലി ഏല്പിക്കുക സാധാരണമായി വരുന്നു. കാര്‍ഷികമേഖലയില്‍ നിന്ന് വ്യവസായ-വ്യാപാര-സേവന മേഖലകളിലേക്ക് സമൂഹത്തിലെ ഭൂരിഭാഗം കടന്നപ്പോള്‍ കുടുംബങ്ങളുടെ പഴയ കെട്ടുറപ്പു നഷ്ടപ്പെട്ടു; കൂട്ടുകുടുംബങ്ങള്‍ നല്കിയിരുന്ന സുരക്ഷിതത്വവും പരിഗണനയും ഇല്ലാതായി. ഈ പുതിയ സാഹചര്യത്തില്‍ എപ്രകാരമാണ് നാലാം പ്രമാണം പ്രാവര്‍ത്തികമാക്കാന്‍ കഴിയുക എന്ന ചോദ്യം ഗൗരവമായി കണക്കിലെടുക്കണം.

വൃദ്ധസദനങ്ങള്‍ ഒരു പരിഹാരമാകുമോ? പലപ്പോഴും വിദേശത്തു ജോലിചെയ്യുന്ന മക്കള്‍ മാതാപിതാക്കള്‍ക്കായി വലിയ വീടും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. എന്നാല്‍ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ തങ്ങളുടെ മാളികകളില്‍ തടവുകാരെപ്പോലെ കഴിയേണ്ടിവരുന്നു. ചെറിയ കുടുംബം സന്തുഷ്ടകുടുംബം; മതമേതായാലും മക്കള്‍ ഒന്നു മതി തുടങ്ങിയ 'ആദര്‍ശ'വാക്യങ്ങള്‍ സ്വീകരിച്ച് അണുകുടുംബങ്ങള്‍ രൂപപ്പെടുത്തുകയും മക്കള്‍ക്ക് കഴിയുന്നത്ര വിദേശജോലി ലഭ്യമാക്കുന്ന വിദ്യാഭ്യാസം നല്കുകയും ചെയ്യുക വഴി, ഒരു പരിധിവരെ, മാതാപിതാക്കളും പൊതുസമൂഹവും ഈ പ്രതിസന്ധിക്കു കാരണമായിട്ടില്ലേ എന്ന ചോദ്യം പ്രസക്തമാണ്.

ജീവിതവീക്ഷണത്തെ, പ്രത്യേകിച്ചും സമ്പത്തിനെയും ജീവിതസൗകര്യങ്ങളെയും സംബന്ധിച്ച് നാം വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടുകളെ, ദൈവവചനത്തിന്‍റെയും അനുദിനാനുഭവങ്ങളുടെയും വെളിച്ചത്തില്‍ ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ തിരുത്തിക്കുറിക്കാനും സന്നദ്ധരാകാന്‍ നാലാം പ്രമാണം നിര്‍ബ്ബന്ധിക്കുന്നു. കൂടുതല്‍ ശമ്പളം കിട്ടാവുന്ന ജോലി, അതും വിദേശത്തു കിട്ടുന്ന ജോലിയാണ് ഒരാളുടെ ജീവിതത്തെ ധന്യമാക്കുന്നത് എന്ന കാഴ്ചപ്പാട് എപ്പോഴും ശരിയാകണമെന്നില്ല. ഇപ്രകാരം ഒരു ജീവിതവീക്ഷണത്തോടെ കുറച്ചുകാലമായി നാം പടുത്തുയര്‍ത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും സേവനകേന്ദ്രങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന മൂല്യങ്ങള്‍ ഏവയെന്നും പരിഗണിക്കേണ്ടതുണ്ട്. മാനവശേഷി കയറ്റുമതി സ്ഥാപനങ്ങളായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണമോ എന്നു ഗൗരവമായി ചിന്തിക്കണം.

മക്കള്‍ക്ക് ശരിയായ ശിക്ഷണം നല്‍കാന്‍ സമൂഹം പരാജയപ്പെടുന്നില്ലേ എന്ന സംശയവും നിലനില്ക്കുന്നു. ശിക്ഷിക്കാന്‍ പാടില്ല എന്നല്ല, ശാസിക്കുന്നതു പോലും കുറ്റകരമായി അവതരിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സംസ്കാരം എപ്രകാരമുള്ള ഭാവിപൗരന്മാരെ ആയിരിക്കും വാര്‍ത്തെടുക്കുക? വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗ്ഗിക വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, യാതൊരു നിയന്ത്രണവും ശിക്ഷണവുമില്ലാതെ കയറൂരി വിട്ടാല്‍ ഏതു വിധമുള്ള സമൂഹമായിരിക്കും നാം രൂപപ്പെടുത്തുക? കടമകളെക്കുറിച്ച് ഒരു ബോധ്യവുമില്ലാതെ അവകാശങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ തുടങ്ങുന്നിടത്ത് പതനത്തിന്‍റെ തുടക്കം കാണാം. ഒരുപക്ഷേ ഇതുതന്നെയല്ലേ മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നതിന്‍റെ ഒരു കാരണം? അവകാശങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുകയും സംഘടിത ശക്തിയിലൂടെ ഉദ്യോഗസ്ഥ-തൊഴിലാളി വൃന്ദം അവ നേടിയെടുക്കുകയും ചെയ്യുമ്പോള്‍ ഭൂരിപക്ഷം വരുന്ന അസംഘടിതരായ വ്യക്തികള്‍ ദാരിദ്ര്യത്തിലേക്കും നിരാശയിലേക്കും കൂപ്പുകുത്തുന്നതും ഒരു പക്ഷെ നാലാം പ്രമാണത്തിന്‍റെ ലംഘനം മൂലമാണെന്നു പറയാന്‍ കഴിയില്ലേ?

ദൈവം തരുന്ന രാജ്യത്ത്, അഥവാ ദൈവരാജ്യത്തില്‍, ദൈവികജീവനില്‍ പങ്കുചേര്‍ന്ന് എന്നേക്കും ജീവിക്കാന്‍ കുടുംബത്തിലും സമൂഹത്തിലും നീതിനിഷ്ഠമായ ജീവിതം നയിക്കണം; അതിനുതകുന്ന ജീവിത സാഹചര്യങ്ങള്‍ കരുപ്പിടിപ്പിക്കണം; നിലനിര്‍ത്തണം. മക്കള്‍ക്കു മാതാപിതാക്കളോടും മാതാപിതാക്കള്‍ക്കു മക്കളോടും ഉള്ള കടമകളും കടപ്പാടുകളും, സ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍, കണിശമായും പാലിക്കപ്പെടണം. മറിച്ച് കുടുംബംതന്നെ വേണ്ടെന്നുവയ്ക്കുന്ന കൂടിത്താമസവും, സ്വവര്‍ഗ്ഗ വിവാഹവും, മക്കള്‍ വേണ്ടെന്നുവയ്ക്കുന്ന മനോഭാവവും നീതിനിഷ്ഠമായ സമൂഹസൃഷ്ടിക്കു സഹായകമാവില്ല എന്നതിന് ഈ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ തിക്താനുഭവങ്ങള്‍ സാക്ഷി.

"വ്യക്തികളുടെയും മാനവസമൂഹത്തിന്‍റെയും ക്രൈസ്തവ സമൂഹത്തിന്‍റെയും ക്ഷേമം ദാമ്പത്യസമൂഹത്തിന്‍റെയും കുടുംബസമൂഹത്തിന്‍റെയും സുസ്ഥിതിയുമായി അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു" (CCC 2250). "സത്യം, നീതി, സഹാനുഭാവം, സ്വാതന്ത്ര്യം എന്നിവയുടെ ചൈതന്യത്തില്‍ സമൂഹത്തെ പടുത്തുയര്‍ത്തുന്നതിന് രാഷ്ട്രീയാധികാരികളോടൊപ്പം അധ്വാനിക്കാന്‍ പൗരന്മാര്‍ക്ക് കടമയുണ്ട്" (CCC 2255).

You can share this post!

സ്മൃതി ബോബി

ജോസ് കട്ടികാട
അടുത്ത രചന

ആരാധനാഭാസങ്ങള്‍

മൈക്കിള്‍ കാരിമറ്റം
Related Posts