news-details
മറ്റുലേഖനങ്ങൾ

അധികാരത്തിന്‍റെ മനശ്ശാസ്ത്രം

ഒരു ഓഫീസ് മേധാവിയുടെ വിരമിക്കല്‍ ദിനം. നീണ്ടകാലത്തെ സേവനത്തിനുശേഷം പടിയിറങ്ങുന്നതിന്‍റെ സംഘര്‍ഷം അദ്ദേഹത്തിന്‍റെ മനസ്സിലുണ്ട്. അവസാനത്തെ എഴുത്തുകുത്തുകളില്‍ മുഴുകിയിരിക്കുന്ന ആ വ്യക്തിയുടെ മുന്‍പില്‍ അടുത്തതായി ചുമതലയേല്‍ക്കാനാഗ്രഹിക്കുന്ന വ്യക്തി ഇരിക്കുന്നു. താനിരിക്കാനുള്ള കസേരയെ ആസക്തിയോടെ നോക്കിക്കാണുകയാണയാള്‍. അതില്‍ ഇരിക്കുന്ന ആള്‍ എത്രയും വേഗം ഇറങ്ങിപ്പോയെങ്കില്‍! അയാള്‍ മനസ്സില്‍ വിചാരിക്കുന്നു. ഇവിടെ കസേര അധികാരത്തിന്‍റെ ചിഹ്നമാണ്. അധികാരത്തിന് ഭിന്നമുഖങ്ങളും അര്‍ത്ഥങ്ങളുമുണ്ട്. രാഷ്ട്രീയാധികാരവും മതത്തിലെയും ഔദ്യോഗികരംഗങ്ങളിലെയും അധികാരവുമെല്ലാം അധികാരത്തിന്‍റെ ഭിന്നരൂപങ്ങളാണ്. കുടുംബത്തിനുള്ളിലും എല്ലാ മാനുഷികവ്യവഹാരങ്ങളിലും അധികാരത്തിന്‍റെ ഇടപെടലുകളുണ്ട്.

അധികാരത്തിന് സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളുണ്ട്. ഭരണകൂടം മുതലുള്ള ശ്രേണീബദ്ധമായ ഘടനയ്ക്കുള്ളില്‍ അതിവിപുലമായ അധികാരവ്യവസ്ഥയുണ്ട്. മതവും സാംസ്കാരികരംഗവുമെല്ലാം അധികാരവുമായി ബന്ധപ്പെട്ടുതന്നെയാണ് നിലകൊള്ളുന്നത്. 'അധികാരം ദുഷിപ്പിക്കുന്നു. പരമമായ അധികാരം പരമമായി ദുഷിപ്പിക്കുന്നു' എന്ന ചൊല്ല് വളരെ പ്രശസ്തമാണ്. ദുഷിച്ചവര്‍ അധികാരത്തിലേക്കു പാഞ്ഞടുക്കുന്നു എന്നും പറയുന്നു. ഓരോ മനുഷ്യന്‍റെ ഉള്ളിലും അധികാരിയുടെ സൂക്ഷ്മരൂപമുണ്ട്. ഒരു ചെറിയ ഹിറ്റ്ലര്‍. അവസരം വരുമ്പോഴാണ് അധികാരത്തിന്‍റെ ഹീനമുഖങ്ങള്‍ പ്രകടമാകുക. ലാറ്റിനമേരിക്കന്‍ നോവലുകളിലും ഒ.വി. വിജയന്‍റെ ധര്‍മ്മപുരാണത്തിലും മിലന്‍ കുന്ദേരയുടെ നോവലുകളിലും കലിഗുള എന്ന നാടകത്തിലുമെല്ലാം അധികാരത്തിന്‍റെ വൈചിത്ര്യഭാവങ്ങള്‍ നാം കാണുന്നു.

ഓരോ അധികാരിയും സ്വയം അപ്രമാദിത്വം കല്പിക്കുന്നു. ആത്യന്തികസത്യത്തിന്‍റെ വക്താവായി അധികാരി മാറുന്നു. 'അല്പന് ഐശ്വര്യമുണ്ടായാല്‍ അര്‍ദ്ധരാത്രിയും കുട പിടിക്കും' എന്നു പറയുന്നതിനെ 'അല്പന് അധികാരം കിട്ടിയാല്‍' എന്നു മാറ്റിപറയാം. അല്പജ്ഞര്‍ ജ്ഞാനികളെന്നു ഭാവിക്കുമ്പോള്‍ രംഗം വഷളാകുന്നു. ആരു പറഞ്ഞാലും താന്‍ പിടിച്ച മുയലിന്‍റെ കൊമ്പിന്‍റെ അഴകിനെക്കുറിച്ച് അവര്‍ പ്രഘോഷിച്ചുകൊണ്ടിരിക്കും. ഇവരോടൊപ്പം പ്രവര്‍ത്തിക്കേണ്ടിവരുന്നവരുടെ അവസ്ഥ കഷ്ടതരമായിരിക്കും. ഏകപക്ഷീയമായ അധികാരപ്രയോഗം അതനുഭവിക്കുന്നവരെ ചെറുതാക്കുന്നു.

അധികാരത്തില്‍ ഭ്രമിക്കുന്നവര്‍ സ്വന്തം കാലുകള്‍ വയ്ക്കാന്‍ ശിരസ്സുകള്‍ പ്രതീക്ഷിക്കുന്നു. തന്‍റെ പാദം വയ്ക്കാനാണ് മറ്റുള്ളവരുടെ ശിരസ്സ് എന്നാണ് ചിലരുടെ ഭാവം. തനിക്കു താഴെയുള്ളവര്‍ക്കും വ്യക്തിത്വവും അഭിമാനവുമുണ്ടെന്ന് അവര്‍ വിചാരിക്കുന്നില്ല. അധികാരത്തിന്‍റെ ഏകാന്തതയില്‍ സ്വയം അഭിരമിക്കുന്നവര്‍ മറ്റുള്ളവരിലേക്ക് ഒരിക്കലും പാലം പണിയുന്നില്ല. ഈ ലോകം കറങ്ങുന്നത് താനൊരാള്‍ ഉള്ളതുകൊണ്ടാണെന്ന മൂഢവിശ്വാസമാണ് ഇത്തരക്കാരെ നയിക്കുന്നത്.

അധികാരസ്ഥാനത്തിരിക്കുന്ന ചിലര്‍ ഏതുസമയത്തും തനിക്കുതാഴെയുള്ളവരെ അപമാനിക്കും, കൊല്ലാന്‍ ശ്രമിക്കും. (ആരാണ് ഇതിനൊക്കെ അധികാരം നല്കിയതെന്നു മാത്രം ചോദിക്കരുത്) അവര്‍ ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും ഒട്ടും ഇഷ്ടപ്പെടുന്നില്ല. തന്‍റെ അഭിപ്രായങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഏതു ഹീനമാര്‍ഗത്തിലും മുന്നേറാന്‍ ഇവര്‍ മടിക്കില്ല. തനിക്കു മുകളിലുള്ളവര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ഇവര്‍ ക്ഷോഭം കൊള്ളും. അതിലെ അനീതിയെ ചോദ്യം ചെയ്യും. എന്നാല്‍ തന്‍റെ പെരുമാറ്റങ്ങളെക്കുറിച്ച് ഒരിക്കലും ആത്മപരിശോധനയ്ക്ക് ഇവര്‍ തയ്യാറാവുകയില്ല. തന്നെ എല്ലാവരും എപ്പോഴും പുകഴ്ത്തിക്കൊണ്ടിരിക്കുന്നതാണ് ഇത്തരക്കാര്‍ക്കു താല്പര്യം. തന്‍റെ വേഷഭൂഷാദികള്‍, സൗന്ദര്യം, കഴിവുകള്‍ എല്ലാം പുകഴ്ത്തലിനു വിഷയമാകാം. എന്നാല്‍ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ ഇവര്‍ അക്രമാസക്തരാകും.

തന്നെ ആരും വേണ്ടത്ര ഗൗനിക്കുന്നില്ല, ബഹുമാനിക്കുന്നില്ല എന്നു കരുതുന്ന അധികാരികള്‍ നിരവധിയാണ്. രാഷ്ട്രീയം, മതം, ഓഫീസ് എന്നിവിടങ്ങളിലെല്ലാം ഇത്തരക്കാരെ നാം കാണുന്നു. ബഹുമാനമെന്നത് കൊടുത്തു നേടാനുള്ളതാണ് എന്നിവര്‍ കരുതുന്നില്ല. എല്ലാവരും തന്നെ ബഹുമാനിച്ചുകൊളളണം എന്നാണ് ഇവര്‍ കരുതുന്നത്. വണങ്ങിനില്ക്കുന്നവര്‍ക്ക് ഉപഹാരങ്ങളും പ്രോത്സാഹനങ്ങളും നല്കി കൂട്ടത്തില്‍ നിര്‍ത്തുന്നത് ഇവരുടെ ശീലമാണ്. ബഹുമാനം പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന ഇവര്‍ ഇടയ്ക്കിടയ്ക്ക്   തന്‍റെ പദവിയെക്കുറിച്ച് ഓര്‍മ്മിപ്പിക്കും. 'ഞാനാണിവിടെ അധികാരി, എല്ലാവര്‍ക്കും മേധാവി' എന്നു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ ആദരം ചോദിച്ചുവാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. എപ്പോഴും താന്‍ മാത്രം ശ്രദ്ധാകേന്ദ്രമായിരിക്കണമെന്നാഗ്രഹിക്കുന്ന ഇത്തരക്കാര്‍ മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തിക്കൊണ്ടിരിക്കും. ജന്മി-കുടിയാന്‍ സമ്പ്രദായമൊക്കെ അവസാനിച്ചത് ഇവര്‍ അറിയുന്നില്ലെന്നു തോന്നുന്നു.

അധികാരത്തില്‍ ആസക്തിയോടെ മുങ്ങിക്കിടക്കുന്നവര്‍ മറ്റുള്ളവരെ സംശയത്തോടെ നോക്കുന്നു. എല്ലാവരും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് എന്നാണവര്‍ കരുതുന്നത്. തന്നെ എപ്പോഴും ദുഷിച്ചു സംസാരിക്കുകയാണ് മറ്റുള്ളവര്‍ എന്ന് ധരിച്ചുവശാകുന്നവര്‍ തീരെ ആത്മവിശ്വാസമില്ലാത്തവരായിരിക്കും. ആത്മവിശ്വാസമുള്ളവര്‍ സ്വന്തം കര്‍മ്മങ്ങളും കര്‍ത്തവ്യങ്ങളും അനുഷ്ഠിച്ച് മുന്നോട്ടു പോകും. മറ്റുള്ളവരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അവര്‍ പരിധിയില്‍ കവിഞ്ഞ് ശ്രദ്ധിക്കുകയില്ല. ആത്മവിശ്വാസം കുറഞ്ഞ അധികാരപ്രിയര്‍ ചുറ്റും ഗൂഢാലോചന മണക്കും. എല്ലാ അഭിപ്രായങ്ങളെയും അവര്‍ സംശയത്തോടെ കാണുന്നു. തന്‍റെ കസേര തട്ടിയെടുക്കാന്‍, അധികാരം കൈക്കലാക്കാനാണ് ഏവരും കാത്തിരിക്കുന്നത് എന്നു കരുതുന്ന അവര്‍ മനോരോഗികളായി മാറുന്നു. 'മെഗലോമാനിയിക്' എന്നു വിളിക്കാവുന്ന തരത്തിലുള്ള അധികാരികള്‍ നമുക്കിടയിലുണ്ട്. സ്വയംപൂര്‍ണരായി അവരോധിക്കുന്നവര്‍  എതിരഭിപ്രായങ്ങള്‍ക്കു നേരെ അസഹിഷ്ണുക്കളാകുന്നു. 'അറിവിന് അതിരും എതിരുമുണ്ട്. അറിവില്ലായ്മയ്ക്ക് ഇതു രണ്ടുമില്ലെന്ന' എം. ഗോവിന്ദന്‍റെ വാക്കുകള്‍ ഇവരില്‍ സാര്‍ത്ഥകമാകുന്നു. എല്ലാ ഗ്രഹങ്ങളും തങ്ങള്‍ക്കു ചുറ്റും കറങ്ങണമെന്നു കരുതുന്ന കൊച്ചുസൂര്യന്മാരാണെന്നു കരുതുന്ന സുന്ദരവിഡ്ഢികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.

മനുഷ്യവ്യവഹാരങ്ങളിലെ അധികാരത്തിന്‍റെ സാന്നിധ്യത്തിന്‍റെ സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച മിഷേല്‍ ഫൂക്കോ മനുഷ്യസ്വഭാവത്തിലെ ചില പ്രത്യേകതകള്‍ കൂടിയാണ് അവതരിപ്പിക്കുന്നത്. 'വില്‍ ടു പവര്‍' എന്ന ഗ്രന്ഥത്തില്‍ നീഷേ അധികാരാസക്തിയെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ നടത്തുന്നതും ശ്രദ്ധേയം. 'ഹിറ്റ്ലറുടെ മനസ്സ്' എന്ന കൃതിയില്‍ എറിക് ഫ്രോം മനുഷ്യമനസ്സിനെ അധികാരം എപ്രകാരം സ്വാധീനിച്ചുവെന്ന് നിരീക്ഷിക്കുന്നു. അധികാരം കൈയിലെത്തുമ്പോള്‍ മനുഷ്യനുണ്ടാകുന്ന മാറ്റങ്ങള്‍ അപഗ്രഥിക്കേണ്ടതാണ്. പണത്തേക്കാള്‍ പ്രലോഭനം അധികാരത്തിനുണ്ട്. അധികാരത്തിലെത്തുന്നവരാരും തന്നെ സ്വയം മാറിനില്‍ക്കാന്‍ തയ്യാറാകുന്നില്ല. തള്ളിമാറ്റുമ്പോള്‍ മാത്രമാണ് അവര്‍ മാറുന്നത്. ഇത് രാഷ്ട്രീയത്തിലും മതത്തിലും മറ്റു മേഖലകളിലുമെല്ലാം കാണാവുന്ന വസ്തുതയാണ്.
അധികാരത്തില്‍ അഭിരമിച്ച് മറ്റുള്ളവരുടെ വ്യക്തിത്വത്തിനുമേല്‍ കടന്നുകയറുന്നവര്‍ അവശ്യം വായിക്കേണ്ട കൃതിയാണ് ടോള്‍സ്റ്റോയിയുടെ 'ഇവാന്‍ ഇല്ലിച്ചിന്‍റെ മരണം.' സര്‍വ്വാധികാരിയായ ഒരു വ്യക്തിക്കു ജീവിതാവസാനം നേരിടേണ്ടിവരുന്ന ദുരന്തം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. അധികാരത്തിലേക്കു പാഞ്ഞടുക്കുന്നവര്‍ കാലമെന്ന ആത്യന്തികസത്യത്തെ ക്കുറിച്ചോര്‍ക്കണമെന്ന സൂചനയാണ് ടോള്‍സ്റ്റോയി നല്കുന്നത്.

അധികാരത്തില്‍ ആണ്ടുകിടക്കുന്നവര്‍ അവ്യക്തമായ ചിന്തകളാല്‍, ഭയത്താല്‍, സംശയത്താല്‍ നെയ്തെടുക്കുന്ന ഒരു  സാങ്കല്പികലോകത്തില്‍ സ്വയം അകപ്പെടുന്നു. ഇതൊരു തടവറയായി മാറുന്നു. അങ്ങനെ നൈസര്‍ഗികത നഷ്ടപ്പെട്ടവരായി അവര്‍ അധപ്പതിക്കുന്നു. ചിന്തകളിലൂടെയും വാക്കുകളിലൂടെയും കര്‍മ്മങ്ങളിലൂടെയും ആ തടവറ അവര്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു.

"എന്നിലെ എന്നെ ഞാന്‍  തന്നെ തടവിലാക്കി
എന്‍റെ തടവറയിലെ മതിലുകള്‍ അനുദിനം
ഞാന്‍ തന്നെ പണിതു തുടങ്ങി
ആ തടവറയിലെ ഇരുട്ടില്‍ എനിക്കെന്നെത്തന്നെ
നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്" എന്ന സത്യം തിരിച്ചറിയാത്തവരാണ് അധികാരാസക്തിയില്‍ മുങ്ങിക്കിടക്കുന്നവര്‍. അവര്‍ അങ്ങനെ രോഗികളായിരിക്കുന്നു. ഇത്തരം രോഗികള്‍ തന്‍റെ ചുറ്റുപാടും രോഗത്തിന്‍റെ, അസ്വസ്ഥതയുടെ, ജീര്‍ണതയുടെ, പൊങ്ങച്ചത്തിന്‍റെ, മൂഢതയുടെ വിത്തുകള്‍ വിതയ്ക്കുന്നു. അധികാരത്തിന്‍റെ അണുക്കളെ പ്രതിരോധിക്കാന്‍ ആത്മശക്തി ഉജ്ജ്വലിപ്പിക്കുകയാണ് വേണ്ടത്.  

You can share this post!

ചവിട്ടുനാടകം

ജെര്‍ളി
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts