തിരുപ്പിറവിയുടെ സ്മരണകള്‍ ഒരിക്കല്‍ക്കൂടി മനുഷ്യഹൃദയത്തിലേയ്ക്ക് കടന്നുവരുന്ന സമയമാണിത്. എല്ലാ മനുഷ്യരും രക്ഷക്കായി ഓടുകയും രക്ഷകനെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ശാരീരികരോഗത്തിനു സൗഖ്യംതരുന്ന വൈദ്യന്മാരെ തേടി ലോകം ഓടുന്നു. മാനസികമുറിവുകള്‍ക്കു ശാന്തി തരുന്നവരെയും തേടിയലയുന്നവരുണ്ട്. എന്നാല്‍ ശരീരത്തിനും മനസ്സിനും ആത്മാവിനും സൗഖ്യം തരുവാന്‍ കഴിയുന്നവനായി യേശു കടന്നുവരുന്നു. സകല ജനത്തിനുമുള്ള സദ്വാര്‍ത്തയായാണ് ക്രിസ്തു കടന്നുവരുന്നത്? അവന്‍ പിറന്ന രാത്രിയില്‍ ഒരു അത്ഭുത നക്ഷത്രം ആകാശത്തില്‍ ഉദിച്ചുയര്‍ന്നു. അവന്‍റെ വരവോടുകൂടി ഒരു പ്രകാശത്തിന്‍റെ ലോകം ഉദിച്ചുയര്‍ന്നു. അന്ധകാരത്തില്‍ കഴിഞ്ഞ ജനത ഒരു പുതിയ പ്രകാശത്തിലേക്കു പ്രവേശിച്ചു. ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണെന്ന് പിന്നീട് ക്രിസ്തു പറയുന്നുണ്ട്. ക്രിസ്തു എന്ന പുതിയ പ്രകാശത്തില്‍ ജീവിതത്തെ നോക്കിക്കാണണം. എല്ലാറ്റിനെയും നവീകരിക്കുന്നവനായി അവന്‍ വന്നു. ഉണ്ണിയേശുവിന്‍റെ കണ്ണുകള്‍ക്ക് മുന്തിരിപ്പഴത്തിന്‍റെ നിറമായിരുന്നു. പിന്നീട് ആ മുന്തിരിപ്പഴത്തില്‍നിന്നും അള്‍ത്താരയിലെ തിരുരക്തം രൂപപ്പെട്ടു. ഉണ്ണിയേശുവിന്‍റെ ശരീരത്തിന് ഗോതമ്പുമണിയുടെ നിറമായിരുന്നു. ആ ഗോതമ്പുമണി അള്‍ത്താരയിലെ തിരുവോസ്തിയായി മാറേണ്ടിയിരുന്നല്ലോ.

യേശുവിന്‍റെ ജന്മദിനത്തില്‍ മാലാഖമാര്‍ പാട്ടുപാടി. രണ്ടു ജന്മദിനങ്ങളെക്കുറിച്ചു ബൈബിളില്‍ പറയുന്നുണ്ട്. ഹേറോദേസിന്‍റെയും യേശുവിന്‍റെയും ജന്മദിനങ്ങള്‍. ഹേറോദേസിന്‍റെ ജന്മദിനത്തില്‍ കൊട്ടാരം നര്‍ത്തകികള്‍ നൃത്തം ചവിട്ടി. ആസ്ഥാനഗായകസംഘം ഗാനങ്ങളാലപിച്ചു. സലോമിയുടെ നൃത്തം പ്രധാനപരിപടിയായിരുന്നു. ആ ആഘോഷങ്ങളുടെ അവസാനത്തില്‍ ദൈവത്തിന്‍റെ ശബ്ദമായ സ്നാപകയോഹന്നാന്‍റെ ശിരസ്സ് അറുത്തെടുക്കപ്പെട്ടു. ഭൗതികമായ ആഘോഷങ്ങള്‍ അതിരുവിടുമ്പോള്‍ ഭൂമിയിലെ ദൈവസ്വരങ്ങള്‍ നശിപ്പിക്കപ്പെടും. ക്രിസ്തുവിന്‍റെ ജന്മദിനത്തില്‍ സ്വര്‍ഗ്ഗത്തിലെ ഗായകസംഘം പാട്ടുപാടി. മാലാഖമാര്‍ ആകാശത്തില്‍ നക്ഷത്രവിളക്കു തൂക്കി. ഒന്നുമില്ലാത്തവന്‍റെ പിറവിത്തിരുനാളില്‍ ദൈവം എല്ലാം നടത്തിക്കൊടുത്തു.

എത്ര കിട്ടിയാലും പോരാ, പോരാ എന്നു പറയുന്ന സമൂഹത്തില്‍ 'എനിക്കിതു മതി' എന്നു പറയുവാന്‍ പഠിപ്പിക്കുന്ന തീരുമാനമാണ് ക്രിസ്തുമസ്സ്. എല്ലാവര്‍ക്കും മെത്തയും കിടക്കയും സത്രവും ലഭിക്കുമ്പോള്‍ ഈ കാലിത്തൊഴുത്തും വൈക്കോലും, ചാണകവും എനിക്കു മതിയെന്നു പറഞ്ഞുകൊണ്ടു യേശു കടന്നുവന്നു. ആര്‍ത്തിസംസ്കാരത്തിനുമുമ്പില്‍ മിനിമംകൊണ്ടു തൃപ്തിപ്പെടുവാന്‍ ക്രിസ്തുമസ്സു നമ്മെ പഠിപ്പിക്കുന്നു. അവന്‍ പിറന്ന രാത്രിയില്‍ ഒരു നക്ഷത്രപ്രഭ ജ്ഞാനികളെ വഴിനടത്തി. യേശു പഠിപ്പിക്കുന്ന വഴികള്‍ നമുക്കും മാതൃകയാക്കാം. അവന്‍റെ പിറവിയെക്കുറിച്ചു അറിഞ്ഞ പൗരസ്ത്യദേശത്തെ ജ്ഞാനികള്‍ അവനെ അന്വേഷിച്ച് ഇറങ്ങിത്തിരിച്ചു. സത്യത്തെതേടി നാം യാത്രതിരിക്കണം. ഹേറോദേസിന്‍റെ കൊട്ടാരത്തിലെ ജ്ഞാനികള്‍ സത്യത്തെക്കുറിച്ചു കേട്ടിട്ടും സുഖമായി ഉറങ്ങി. വിശ്രമിച്ചു. സത്യത്തിനുനേരെ കണ്ണടച്ച് ഉറങ്ങി വിശ്രമിക്കാതെ യഥാര്‍ത്ഥസത്യം തേടി യാത്ര തിരിക്കുവാന്‍ പിറവിത്തിരുനാള്‍ നമ്മെ ക്ഷണിക്കുന്നു.

പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാരിലൂടെയും, പലവഴികളിലൂടെയും നമ്മോടു സംസാരിച്ച ദൈവം അവസാനനാളുകളില്‍ തന്‍റെ ഏകജാതനിലൂടെ നമ്മോടു സംസാരിക്കുന്നു (ഹെബ്രാ. 1:1). "ഇനി ഇവനെ ശ്രദ്ധിക്കുവിന്‍" എന്ന് യേശുവിന്‍റെ ജ്ഞാനസ്നാനവേളയില്‍ സ്വര്‍ഗ്ഗം" വിളിച്ചുപറഞ്ഞു. പഴയനിയമവും പഴയ ആകാശവും, ഭൂമിയും കടന്നുപോയി. യേശുവിലൂടെ ഒരു പുതിയലോകക്രമം കടന്നുവരുന്നു. പ്രത്യാശയും പ്രതീക്ഷയും നല്‍കുന്ന ഒരു പുത്തന്‍ ആകാശവും ഭൂമിയും.

ആട്ടിടയന്മാരുടെ നിഷ്കളങ്കതയും ജീവിതവിശുദ്ധിയും നമ്മെ നയിക്കണം. സ്നാപകയോഹന്നാന്‍റെ പ്രസംഗത്തില്‍ പറയുന്നതുപോലെ നമ്മുടെ ജീവിതത്തിലെ അഹങ്കാരമെന്ന കുന്നും മലയും നാം നിരത്തണം. ദൈവത്തിനു ചേരാത്ത വളഞ്ഞവഴികളെ നാം ഉപേക്ഷിക്കണം. പരുപരുത്തുപോയ ജീവിതങ്ങളെ നാം മയപ്പെടുത്തണം. അങ്ങനെ നമ്മുടെ ദൈവത്തിനു വസിക്കുവാന്‍ തക്കവിധമുള്ള ഒരു വാസഗൃഹമായി ജീവിതത്തെ മാറ്റണം.

ഭിത്തിയും വാതിലുകളുമില്ലാത്ത പശുത്തൊഴുത്തില്‍ ഉണ്ണി പിറന്നുവീണു. ആര്‍ക്കും തടസ്സംകൂടാതെ പ്രവേശിക്കുവാന്‍ കഴിയുന്ന പശുത്തൊഴുത്ത്. യേശുവെന്ന തൊഴുത്തിലേക്ക് ആര്‍ക്കും പ്രവേശിക്കാം. ആരെയും അവന്‍ അകറ്റിനിര്‍ത്തുന്നില്ല. പാപിനിയായ സ്ത്രീക്കും ജ്ഞാനികള്‍ക്കും, ഇടയന്മാര്‍ക്കും, അന്ധനും ബധിരനും മൂകനും അവന്‍ സ്വാഗതം അരുളുന്നു. നമുക്കും ദിവ്യശിശുവിന്‍റെ സന്നിധിയിലണയാം.

You can share this post!

പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍
അടുത്ത രചന

ദൈവരാജ്യം ബലപ്രയോഗത്തിലൂടെ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts