news-details
സാമൂഹിക നീതി ബൈബിളിൽ

മോഷ്ടിക്കരുത് മോഹിക്കരുത്

ഭൂമിയില്‍ മനുഷ്യജീവിതം സുഗമവും സുരക്ഷിതവും സന്തോഷപ്രദവും ആക്കുന്നതിന് അവശ്യം പാലിക്കേണ്ട നിബന്ധനകളാണ് പത്തുപ്രമാണങ്ങള്‍. ഇതില്‍ ഏഴും പത്തും പ്രമാണങ്ങളാണ് ഇവിടെ ചര്‍ച്ചാവിഷയം. ജീവന്‍ നിലനിര്‍ത്താനും വളര്‍ന്നു വികസിക്കാനും ആവശ്യമായ ഭൗതികസാഹചര്യങ്ങളെ സംബന്ധിക്കുന്നതാണ് ഈ രണ്ടു പ്രമാണങ്ങള്‍. അന്യന്‍റെ വസ്തുക്കള്‍ മോഷ്ടിക്കരുത്, മോഹിക്കരുത് അഥവാ സ്വന്തമാക്കാന്‍ ആഗ്രഹിക്കുകപോലും അരുത് എന്ന കല്പനകള്‍ സകല മനുഷ്യരുടെയും മാത്രമല്ല സകല ജീവജാലങ്ങളുടെയും ജീവിതത്തിനു സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.

സാമൂഹ്യനീതിയെ സംബന്ധിച്ച അടിസ്ഥാനപരമായൊരു നിയമമാണിത്. ഈ നിയമത്തിന്‍റെ വിവിധ വശങ്ങളെ സംബന്ധിച്ച സഭയുടെ പ്രബോധനം "കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം" (CCC) 2401-2463; 2534-2557 ഖണ്ഡികകളിലും യുവജനമതബോധനഗ്രന്ഥം (YOUCAT) 426-451; 465-468 ഖണ്ഡികകളിലും കാണാം. കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകളില്‍ മാര്‍പ്പാപ്പാമാര്‍ ചാക്രികലേഖനങ്ങളിലൂടെ ഈ വിഷയത്തെ സംബന്ധിച്ചു നല്കിയ പ്രബോധനങ്ങള്‍ 1991ല്‍ പി.ഒ.സി.യില്‍നിന്നു പ്രസിദ്ധീകരിച്ച "റേരും നൊവാരും മുതല്‍ ചെന്തേസിമുസ് ആനൂസ്വരെ" എന്ന ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നു. ലെയോ XIII,, പീയൂസ് XI, ജോണ്‍ XXIII, പോള്‍ VI, ജോണ്‍ പോള്‍ II  എന്നീ മാര്‍പ്പാപ്പാമാരുടെ ഒമ്പതു ചാക്രികലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ "ലൗദാത്തോ സി" എന്ന ചാക്രികലേഖനമാണ് ഈ വിഷയത്തെ സംബന്ധിച്ച കത്തോലിക്കാസഭയുടെ ഏറ്റം പുതിയ പ്രബോധനം. ഫാ. തോമസ് സ്രാമ്പിക്കല്‍, അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ രചിച്ച "നീതിയും സത്യസന്ധതയും" എന്ന വിശിഷ്ടഗ്രന്ഥം ഈ പ്രമാണങ്ങളുടെ വിവിധവശങ്ങള്‍ സമഗ്രമായി ചര്‍ച്ചചെയ്യുന്നുണ്ട്. ഈ രണ്ടു പ്രമാണങ്ങള്‍ അവതരിപ്പിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെക്കുറിച്ച് ദീര്‍ഘമായ ഒരു ചര്‍ച്ചയ്ക്ക് മുതിരാതെ, ബൈബിളില്‍, പ്രത്യേകിച്ചും പഞ്ചഗ്രന്ഥത്തില്‍ കാണുന്ന സുപ്രധാനമായ ചില കാര്യങ്ങള്‍ എടുത്തുകാട്ടാന്‍ മാത്രമേ ഈ ലേഖനത്തില്‍ ശ്രമിക്കുന്നുള്ളു. വിശദമായ പഠനത്തിന് മേലുദ്ധരിച്ച ഗ്രന്ഥങ്ങള്‍ സഹായകമായിരിക്കും. പ്രവാചക വീക്ഷണവും പുതിയനിയമ കാഴ്ചപ്പാടുകളും തുടര്‍ന്നുള്ള ലേഖനങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതാണ്.

പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും വിധാതാവും നാഥനും ദൈവം മാത്രമാണ് എന്ന അടിസ്ഥാന സത്യത്തിലാണ് മനുഷ്യന് ഭൗതികവസ്തുക്കളിന്മേലുള്ള അവകാശം ഊന്നിനില്ക്കുന്നത്. "ഭൂമി മുഴുവന്‍ എന്‍റേതാണ്" (പുറ 19, 5). "ഭൂമി എന്‍റേതാണ്. നിങ്ങള്‍ പരദേശികളും കുടികിടപ്പുകാരുമാണ്" (ലേവ്യ 25,23). താന്‍ സൃഷ്ടിച്ച ഭൂമിയില്‍ ദൈവം മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അവകാശം നല്കി. എല്ലാവര്‍ക്കും വളരാനും വികസിക്കാനും ആവശ്യമായവ ഈ ഭൂമിയില്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ മനുഷ്യന്‍ ഭൂമിയുടെ ഉടമയല്ല; ദൈവത്തിന്‍റെ പ്രതിനിധിയും ഉപഭോക്താവും മാത്രമാണ്. ഉടമസ്ഥാവകാശം ആര്‍ക്കുമില്ല; ഉപയോഗിക്കാനുള്ള അവകാശമേ ദൈവം നല്കിയിട്ടുള്ളു. അതിനാല്‍ത്തന്നെ ഓരോ മനുഷ്യവ്യക്തിക്കും ഈ ഭൂമിയുടെയും അതിലെ വിഭവങ്ങളുടെയും മേലുള്ള അവകാശങ്ങള്‍ക്കു പരിധിയുണ്ട്. അപരന്‍റെ അവകാശമാണ് എന്‍റെ അവകാശത്തിന്‍റെ പരിധി. ആ "അപരന്‍" മനുഷ്യനോ, മൃഗമോ, സസ്യമോ, സൃഷ്ടപ്രപഞ്ചത്തിലെ മറ്റേതെങ്കിലും, സചേതനമോ അചേതനമോ ആയ അംഗമായിരിക്കാം. അപരന്‍റെ അവകാശങ്ങള്‍ മാനിക്കണം എന്നതാണ് മോഷ്ടിക്കരുത്, മോഹിക്കരുത് എന്ന പ്രമാണങ്ങളുടെ അര്‍ത്ഥം. ഇതിലൂടെ എല്ലാ ജീവജാലങ്ങള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നു.

ബൈബിളില്‍ മാത്രമല്ല, ഏതു മനുഷ്യസമൂഹത്തിലും നിലനില്ക്കുന്ന ഒരു നിയമമാണിത്. ഈ നിയമം മാനിക്കാതെ ഒരു സമൂഹത്തിനും വ്യക്തിക്കും നിലനില്പ് സാധ്യമല്ല. ഒരാള്‍ ശേഖരിച്ച പഴങ്ങളും കിഴങ്ങുകളും പിടിച്ച മീനും മൃഗവും മറ്റൊരാള്‍ അപഹരിക്കരുത് എന്ന അലിഖിതനിയമം മനുഷ്യവര്‍ഗ്ഗത്തിന്‍റെ ആരംഭം മുതലേ നിലനിന്നു. അതു മാനിക്കാത്തിടത്ത് സംഘര്‍ഷങ്ങളുണ്ടാകും. അതു സംഘട്ടനത്തിലേക്കും രക്തച്ചൊരിച്ചിലേക്കും നയിക്കും. പക്ഷേ അതു തന്നെയാണല്ലോ മാനവചരിത്രത്തെ രക്തപങ്കിലമാക്കുന്ന മുഖ്യഘടകം. മോഷ്ടിക്കരുത് എന്ന പ്രമാണത്തിന്‍റെ ലംഘനമാണ് അനീതിക്കു മുഖ്യകാരണം. എന്നാല്‍ എന്താണ് മോഷണം എന്നു തീരുമാനിക്കുന്ന കാര്യത്തില്‍ വ്യത്യസ്ത മനോഭാവങ്ങളുണ്ടാകാം. അവകാശം എന്നു കരുതി കരസ്ഥമാക്കുന്നത് ചിലപ്പോള്‍ മോഷണമാകാം. അതുപോലെതന്നെ, മോഷണമെന്നു മുദ്രകുത്തുന്ന പലതും മോഷണമല്ലെന്നും വരും.

ദൈവം എല്ലാവര്‍ക്കുംവേണ്ടി സൃഷ്ടിച്ചതാണ് ഭൂമി. അതു പൊതുസ്വത്താണ്; അഥവാ സകല ജീവജാലങ്ങളുടെയും അമ്മയാണ് ഭൂമി. അതേസമയം ഓരോ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും അതില്‍ ജീവിതത്തിന് ആവശ്യമായത് കണ്ടെത്താന്‍ അവകാശമുണ്ട്. ഇവിടെ പൊതുസ്വത്തും സ്വകാര്യസ്വത്തും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ആവശ്യമായി വരുന്നു. അതിനു സഹായിക്കുന്നതാണ് മോഷ്ടിക്കരുത് എന്ന പ്രമാണം.

"മോഷ്ടിക്കരുത്" എന്ന പ്രമാണത്തിന് നിഷേധാത്മകവും ഭാവാത്മകവുമായ രണ്ടു വശങ്ങളുണ്ട്. ഒരാള്‍ക്ക് അവകാശപ്പെട്ടത് മറ്റൊരാള്‍ കരസ്ഥമാക്കരുത് എന്നതാണ് വിലക്ക്. അതേസമയം ഒരാള്‍ക്കു ജീവിക്കാന്‍ ആവശ്യമായതു ലഭ്യമാക്കണം എന്ന കല്പനയും ഈ പ്രമാണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ദൈവംതന്നെയാണ് ഇവ രണ്ടിന്‍റെയും അടിസ്ഥാനം. ദൈവികനിയമമാണ് ഇതിനു സംരക്ഷണമായി നില്ക്കുന്നത്. ഇതിനെ ലംഘിക്കുന്നത് ദൈവത്തിനെതിരേ ചെയ്യുന്ന പാപമായി പരിഗണിക്കപ്പെടും, കഠിനമായ ശിക്ഷ വിളിച്ചുവരുത്തുന്ന മാരകപാപം.

സൃഷ്ടികര്‍മ്മത്തിന്‍റെ ആരംഭത്തില്‍ ദൈവം മനുഷ്യനു നിശ്ചയിക്കുന്ന ലക്ഷ്യത്തില്‍ത്തന്നെ ഈ ദാനവും ദൗത്യവും കാണാം. "നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്ക്... ഭൂമി മുഴുവന്‍റെയും... മേല്‍ ആധിപത്യമുണ്ടായിരിക്കട്ടെ" (ഉല്‍പ 1,26-28). ഇതിന്‍റെ ഒരു വിശദീകരണം ഉല്‍പ 2,5-14 ല്‍ ഉണ്ട്. "ഏദേന്‍ തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനുമായി കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി." എല്ലാവര്‍ക്കും വളര്‍ന്നുവികസിക്കാന്‍ ആവശ്യമായതു ദൈവം സൃഷ്ടിച്ചിട്ടുണ്ട്; എല്ലാ മനുഷ്യര്‍ക്കുമായി നല്കിയിട്ടുമുണ്ട്. ദൈവത്തിന്‍റെ പ്രതിനിധിയും അവിടുത്തെ തോട്ടം സൂക്ഷിപ്പുകാരനും എന്ന നിലയില്‍ ഈ ഭൂമിയില്‍ അധ്വാനിക്കാനും വിഭവങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമായ വിധത്തില്‍ വിതരണം ചെയ്യാനും മനുഷ്യന് ഉത്തരവാദിത്വമുണ്ട്. മനുഷ്യന്‍ ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നു എന്നു ഉറപ്പുവരുത്തുന്നതാണ് ചര്‍ച്ചാവിഷയമായ പ്രമാണങ്ങള്‍.

വാഗ്ദത്തഭൂമിയെ ലക്ഷ്യംവച്ചു യാത്രചെയ്യുന്ന ഇസ്രായേല്‍ ജനം തങ്ങളുടെ യാത്രാമദ്ധ്യേ ഈ അവകാശവും കടമയും പഠിച്ചു; പഠിക്കാന്‍ ദൈവം അവര്‍ക്ക് നിരവധി അവസരങ്ങള്‍ നല്കി. നൂറ്റാണ്ടുകളായി തങ്ങളെക്കൊണ്ട് അടിമവേല ചെയ്യിച്ച്, തങ്ങളുടെ അധ്വാനഫലം അന്യായമായി കൈവശംവച്ച ഈജിപ്തുകാരില്‍നിന്ന് ഇസ്രായേല്‍ക്കാര്‍ പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി അവരെ കൊള്ളയടിച്ചത് നീതിപൂര്‍വ്വകമായൊരു പ്രവൃത്തി ആയിട്ടാണ് ബൈബിള്‍ അവതരിപ്പിച്ചിരിക്കുന്നത് (പുറ 12, 35-36). മോഷ്ടിക്കരുത് എന്ന പ്രമാണത്തിന്‍റെ ഭാവാത്മകവും ഒരുപക്ഷേ ബൈബിളില്‍ ആദ്യത്തേതുമായ ഒരു വ്യാഖ്യാനമായി ഈ സംഭവത്തെ കാണാവുന്നതാണ്. തങ്ങള്‍ക്കവകാശപ്പെട്ടത് എടുക്കുക മാത്രമാണ് ഇസ്രായേല്‍ക്കാര്‍ ചെയ്തത് എന്നത്രേ ധ്വനി. അനുദിനജീവിതത്തില്‍ അനേകം വ്യാഖ്യാനസാധ്യതകള്‍ ഉള്ളതാണ് ഈ സംഭവം. വിശക്കുന്നവന് ആഹാരം ലഭിക്കുക എന്നത് സ്വകാര്യ സ്വത്തുടമസ്ഥതയേക്കാള്‍ പ്രധാനപ്പെട്ടതായി ബൈബിള്‍ കാണുന്നു. അതിനാലാണല്ലോ അരികുതീര്‍ത്തു കൊയ്യരുത്, കാലാപെറുക്കരുത്, വഴിയില്‍ വീഴുന്ന കറ്റ എടുക്കരുത് (ലേവ്യര്‍ 19, 9-10) മുന്തിരിത്തോട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ മുന്തിരിങ്ങാ പറിച്ചു ഭക്ഷിക്കാം (നിയ 23, 24-25) എന്നൊക്കെ കല്പിച്ചിരിക്കുന്നത്.

ദൈവം ആകാശത്തുനിന്ന് ദാനമായി വര്‍ഷിച്ച മന്നായെ സംബന്ധിച്ച വിവരണത്തില്‍ ഈ പ്രമാണത്തിന്‍റെ മറ്റൊരു മാനം ദൃശ്യമാണ്. മന്നാ സമൃദ്ധമായി പെയ്തു. എത്ര വേണമെങ്കിലും അവര്‍ക്കു ശേഖരിക്കാമായിരുന്നു. എന്നാല്‍ ഇവിടെ ഒരു നിബന്ധനവയ്ക്കുന്നു. "കര്‍ത്താവ് കല്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ഓരോരുത്തനും തന്‍റെ കൂടാരത്തിലുള്ള ആളിന്‍റെ എണ്ണമനുസിച്ച് ആളൊന്നിന് ഒരു ഓമര്‍വീതം ശേഖരിക്കട്ടെ" (പുറ 16,16). എന്നാല്‍ കല്പന ലംഘിച്ച് ചിലര്‍ കൂടുതല്‍ ശേഖരിച്ചു; മറ്റുചിലര്‍ക്ക് കുറച്ചേ കിട്ടിയുള്ളു. എന്നാല്‍ പിന്നീട് അളന്നുനോക്കിയപ്പോള്‍ ഈ വ്യത്യാസം കണ്ടില്ല; എല്ലാവര്‍ക്കും തുല്യമായ വിഹിതമാണ് ലഭിച്ചത്.  അന്നന്നത്തെ ആവശ്യത്തിനുമാത്രമേ ശേഖരിക്കാവൂ, ഒന്നും സൂക്ഷിച്ചുവയ്ക്കരുത് എന്ന നിയമം മാനിക്കാതെ ചിലര്‍ തങ്ങള്‍ ശേഖരിച്ചതില്‍ അല്പം പിറ്റേദിവസത്തേക്കായി മാറ്റിവച്ചു. എന്നാല്‍ അത് പുഴുത്തു മോശമായി (പുറ, 16,17-21). ദൈവം നല്കിയിരിക്കുന്ന ഭൗതികസമ്പത്ത് എപ്രകാരം ഉപയോഗിക്കണം എന്നു വ്യക്തമായി പഠിപ്പിക്കുന്ന ഒരു സംഭവമാണിത്. ഓരോരുത്തരും ആവശ്യത്തിനുമാത്രമേ എടുക്കാവൂ. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതു ശേഖരിച്ചു സൂക്ഷിച്ച് ധനികനാകാന്‍ ശ്രമിക്കരുത്.

മന്നായെ സംബന്ധിച്ചു മാത്രമല്ല, ഭൂമിയെയും അതിലെ സകല വിഭവങ്ങളെയും കുറിച്ചും ഈ ഉദാഹരണം പ്രസക്തമാണ്. ജോഷ്വായുടെ നേതൃത്വത്തില്‍ കാനാന്‍ദേശം ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കായി വിഭജിച്ചപ്പോള്‍ എല്ലാവര്‍ക്കും ഒരുതുണ്ടു ഭൂമി കിട്ടി. അത് തലമുറയായി കൈമാറപ്പെടണം. ഏതെങ്കിലും കാരണത്താല്‍ ഒരാള്‍ തന്‍റെ പിതൃസ്വത്ത് അന്യാധീനപ്പെടുത്തിയാല്‍ ജൂബിലിവര്‍ഷത്തില്‍ അത് ആദ്യ ഉടമയ്ക്കു തിരിച്ചുകിട്ടണം (ലേവ്യ 25, 28). ദൈവം സ്വതന്ത്രരായി സൃഷ്ടിക്കുകയും പിന്നീട് അടിമത്തത്തില്‍നിന്നു സ്വതന്ത്രരാക്കുകയും ചെയ്ത ജനം ആരെയും അടിമകളാക്കരുത്; സ്വയം അടിമകളാവുകയുമരുത്. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ ഒരാള്‍ അടിമയായിത്തീര്‍ന്നാല്‍ ഇസ്രായേല്‍ക്കാരനെങ്കില്‍ സാബത്തു വര്‍ഷത്തിലും വിജാതീയനെങ്കില്‍ ജൂബിലിവര്‍ഷത്തിലും അയാള്‍ക്കു സ്വാതന്ത്ര്യം ലഭിക്കണം (നിയ 15,12; ലേവ്യ 25, 39-55). ഇപ്രകാരം സാമൂഹ്യനീതി പുനഃസ്ഥാപിക്കുന്നതിനുള്ള ക്രമീകരണമായിരുന്നു സാബത്ത് - ജൂബിലിവര്‍ഷങ്ങള്‍.

അയല്ക്കാരന്‍റെ സ്വത്ത് കൈവശപ്പെടുത്തുന്നത് കഠിനമായ കുറ്റമായി പരിഗണിക്കപ്പെട്ടിരുന്നു - ദൈവശാപം വിളിച്ചുവരുത്തുന്ന മാരകപാപം. "അയല്ക്കാരന്‍റെ അതിര്‍ത്തിക്കല്ലു മാറ്റുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ" (നിയ 27,17). സ്വകാര്യവ്യക്തികള്‍ തമ്മിലുള്ള അതിര്‍ത്തിബന്ധങ്ങളില്‍ മാത്രമല്ല ഈ നിയമവും ശാപവും പ്രസക്തമാകുന്നത്. രാജ്യങ്ങള്‍ തമ്മിലും ഇതു പ്രസക്തമാകുന്നു. ലോകചരിത്രം രേഖപ്പെടുത്തുന്ന യുദ്ധങ്ങളുടെയെല്ലാം മുഖ്യകാരണം ഈ അതിര്‍ത്തിലംഘനങ്ങളും കയ്യേറ്റങ്ങളുമായിരുന്നല്ലോ. ഇന്നും രാജ്യാതിര്‍ത്തികള്‍ നിര്‍ണ്ണയിക്കലും മാറ്റിപ്രതിഷ്ഠിക്കലും തന്നെയാണല്ലോ സംഘര്‍ഷങ്ങളുടെ ഒരു മുഖ്യകാരണം. വ്യാവസായിക-വിനോദയാത്ര വികസനങ്ങളുടെ പേരില്‍ കര്‍ഷകന്‍റെ തുണ്ടുഭൂമി ബലമായി പിടിച്ചെടുക്കുകയും പകരം ന്യായമായ പരിഹാരം നല്കാതിരിക്കുകയും ചെയ്യുന്നിടത്ത് ഈ നിയമലംഘനം കാണാം. പതിനായിരക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുകയും ജീവിക്കാന്‍ ഒരിടവും ലഭിക്കാതെ അലയുകയും ചെയ്യുന്നതും ഈ നിയമം പാലിക്കപ്പെടാത്തതുകൊണ്ടല്ലേ? ജനാധിപത്യപ്രക്രിയയിലൂടെ ജനം തിരഞ്ഞെടുത്തത് അധികാരത്തില്‍ പ്രതിഷ്ഠിച്ച സര്‍ക്കാരുകള്‍ തന്നെ ഇപ്രകാരമുള്ള നീതി നിഷേധത്തിനു സഹായകമായ നിയമങ്ങള്‍ നിര്‍മ്മിച്ച് നടപ്പിലാക്കുന്നത് ദൈവികനിയമത്തിന്‍റെ ലംഘനമാകുന്നു; ദൈവത്തിന്‍റെ ന്യായാസനത്തിനുമുമ്പില്‍ കണക്കു പറയേണ്ട കുറ്റം.

കൂലിയെ സംബന്ധിച്ച ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഈ നിയമത്തിന്‍റെ ഭാഗമായി ബൈബിള്‍ അവതരിപ്പിക്കുന്നുണ്ട്. ദൈവം സൃഷ്ടിച്ച ഭൂമിയില്‍ മനുഷ്യന്‍റെ അധ്വാനമാണ് സമ്പത്തുണ്ടാക്കുന്നത്. അതിനാല്‍ അധ്വാനിക്കുന്ന മനുഷ്യന് അര്‍ഹമായ കൂലി ലഭിക്കണം. എന്നാല്‍ ഭൂമിയും മറ്റു വിഭവങ്ങളും പല മാര്‍ഗ്ഗങ്ങളിലൂടെ കയ്യടക്കുന്നവര്‍ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഭൂമിയില്‍ അധ്വാനിക്കുന്നവര്‍ക്കു പലപ്പോഴും ന്യായമായ കൂലി നല്കാറില്ല. ഇതിനെയും കഠിനമായ കുറ്റമായിട്ടാണ് ബൈബിള്‍ വീക്ഷിക്കുന്നത്. "അഗതിയും ദരിദ്രനുമായ കൂലിക്കാരനെ, അവന്‍ നിന്‍റെ അയല്ക്കാരനോ... പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്. അവന്‍റെ കൂലി അന്നന്നു സൂര്യനസ്തമിക്കുന്നതിനു മുന്‍പു കൊടുക്കണം.... അവന്‍ നിനക്കെതിരായി നിലവിളിച്ചാല്‍ നീ കുറ്റക്കാരനായിരിക്കും" (നിയ 24,14-15). "വേലക്കാരന്‍റെ കൂലി കൊടുക്കാതിരിക്കുന്നത് രക്തച്ചൊരിച്ചിലാണ്" (പ്രഭാ 34, 22), ആ രക്തം, ആബേലിന്‍റെ രക്തംപോലെ, പ്രതികാരത്തിനായി നിലവിളിക്കും. ദൈവം നിലവിളി കേള്‍ക്കും (യാക്കോ 5, 4).

വേലക്കാര്‍ക്ക് ന്യായമായ കൂലി കൊടുക്കാതിരിക്കുന്നത് മോഷണമാണ് എന്ന കാഴ്ചപ്പാടില്‍നിന്നു നോക്കുമ്പോള്‍ ആധുനിക-ആഗോള സമ്പദ്വ്യവസ്ഥയില്‍ നിലനില്ക്കുന്ന അനീതിയുടെ ഭീകരത വ്യക്തമാകും. ഒരേ ജോലിക്കുതന്നെ നല്കുന്ന കൂലിയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ കാണാം. അതു പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസമാകാം; സ്വദേശിയും വിദേശിയും തമ്മിലാകാം. അതുപോലെതന്നെ വ്യത്യസ്ത ജോലികള്‍ക്കു നല്കുന്ന കൂലിയിലുള്ള ഭീമമായ അന്തരത്തെയും മോഷണമായിത്തന്നെയല്ലേ പരിഗണിക്കേണ്ടത്?

ഒരേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍, നേഴ്സ്, തൂപ്പുകാര്‍ തുടങ്ങി വ്യത്യസ്ത തട്ടുകളിലെ ജോലികള്‍ക്കു കൊടുക്കുന്ന കൂലിയിലുള്ള അന്തരം ഉദാഹരണമായെടുക്കാം. ഒരോരുത്തരും ചെയ്യുന്ന ജോലിയുടെ പ്രാധാന്യവും അതിനാവശ്യമായ പരിശീലനവും വ്യത്യസ്തമാണ്; അതിനാല്‍ത്തന്നെ വേതനത്തിലും വ്യത്യാസമുണ്ടാവുക സ്വാഭാവികമത്രേ. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് അനേകലക്ഷം കൊടുക്കുമ്പോള്‍ മറ്റു ജോലിക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനംപോലും കൊടുക്കാതിരിക്കുന്നതിനെ മോഷണം എന്നല്ലാതെ എന്തു വിളിക്കും. ജോലികളില്‍ താഴ്ന്നതും ഉയര്‍ന്നതും എന്ന തരംതിരിവും അതുവഴി സമൂഹത്തില്‍ നല്കപ്പെടുന്ന ആദരവും അവഗണനയും എല്ലാം ഈ പ്രമാണത്തിന്‍റെ പരിധിയില്‍ പരിഗണിക്കേണ്ടതില്ലേ? പ്രഗത്ഭരെന്നു ഖ്യാതിനേടിയ ഡോക്ടറെ ഒരു ഹോസ്പിറ്റലില്‍നിന്നു പറിച്ചെടുത്തു സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ഹോസ്പിറ്റല്‍ ഭീമമായ തുക വാഗ്ദാനം ചെയ്യുന്നു; അതിനാവശ്യമായ തുക രോഗികളെ പിഴിഞ്ഞും ജോലിക്കാര്‍ക്കു നീതി നിഷേധിച്ചും സമാഹരിക്കുന്നു. ഇങ്ങനെ മോഷണത്തിന്‍റെ എത്രയെത്ര മുഖങ്ങള്‍! ന്യായമായ വേതനം നല്കാതിരിക്കുന്നതു മോഷണമാണെങ്കില്‍ അര്‍ഹമല്ലാത്ത കൂലി സംഘടനാബലമോ സ്വാധീനമോ ഉപയോഗിച്ച് ഈടാക്കുന്നതും മോഷണം തന്നെയെന്നു സമ്മതിച്ചേ മതിയാകൂ.

ന്യായമായ കൂലി നിഷേധിക്കുന്നതും അന്യായകൂലി വാങ്ങുന്നതുംപോലെതന്നെ, ഒരു പക്ഷേ അതിനേക്കാള്‍ ഒരുപടി കൂടുതല്‍ കുറ്റകരമാണ് കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും. അര്‍ഹതയില്ലാത്തതു ലഭിക്കാന്‍വേണ്ടി കൈക്കൂലി കൊടുക്കുന്നവരുണ്ട്; അര്‍ഹതമായതു കൊടുക്കാന്‍വേണ്ടി കൈക്കൂലി വാങ്ങുന്നവരുമുണ്ട്. ഇന്ന് ഇതൊരു ആഗോളപ്രതിഭാസമായിത്തീര്‍ന്നിരിക്കുന്നതിനാല്‍ ഒരു അലിഖിതനിയമമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്നാലും ചെറിയ തുക കൈക്കൂലി വാങ്ങിയവരെ കുറ്റക്കാരായി പരിഗണിച്ച് ശിക്ഷിക്കുക വിളരമായെങ്കിലും സംഭവിക്കുമ്പോഴും കോടികള്‍ വാങ്ങിയവര്‍ മാന്യരായി നടക്കുന്നു. "കൈക്കൂലി വാങ്ങരുത്; അതു വിജ്ഞനെ അന്ധനാക്കുന്നു; നീതിമാനെ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നു" (പുറ 23, 8; നിയമ 16,19) എന്ന തിരുവചനം ഇവിടെ പ്രസക്തമാകുന്നു.

വ്യാപാരത്തിലും വ്യവസായത്തിലും നിലനില്ക്കുന്ന അനീതിയും മോഷണത്തിന്‍റെ പരിധിയില്‍ വരുന്നതായി കാണാം. "ലാഭം" എന്നാണതിനെ വിശേഷിപ്പിക്കുന്നതെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ ലാഭംതന്നെ മോഷണമാണെന്നു വ്യക്തമാകും. പ്രതിവര്‍ഷം സഹസ്രകോടികളുടെ ലാഭം പ്രഖ്യാപിക്കുന്ന ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ മുതലായവ ഏതു മാര്‍ഗ്ഗത്തിലാണ് ഈ വലിയ ലാഭമുണ്ടാക്കുന്നത് എന്നു ചോദിക്കാന്‍ ആരും മെനക്കെടാറില്ല. മരുന്നുകമ്പനികള്‍ കൊയ്യുന്ന കോടികള്‍ മനുഷ്യജീവനു വിലപറഞ്ഞു സമ്പാദിക്കുന്നതാണെന്ന കാര്യം നിഷേധിക്കാനാവുമോ? പ്രകൃതിവിഭവങ്ങള്‍ക്കും കാര്‍ഷികോല്പന്നങ്ങള്‍ക്കും തുഛമായ വില നല്കി വ്യവസായ സ്ഥാപനങ്ങള്‍ സമ്പാദിക്കുന്ന അമിതലാഭത്തിലും മോഷണംതന്നെയല്ലേ കാണുന്നത്? കാര്‍ഷികോല്പന്നമായ റബറും വ്യാവസായികോല്പന്നമായ ടയറും ശ്രദ്ധേയമായ ഉദാഹരണമാണ്. രണ്ടുവര്‍ഷം മുമ്പ് കിലോക്ക് 250 ക. കര്‍ഷകനു ലഭിച്ചിരുന്ന റബറിന് ഇന്നു വില 100 ക. എന്നാല്‍ ടയറിന്‍റെ വില കൂടിയതല്ലാതെ അല്പംപോലും കുറഞ്ഞിട്ടില്ല. ഇത് ചെറിയൊരുദാഹരണം മാത്രം.

പണത്തെ ഏറ്റവും വലിയ മൂല്യമാക്കുകയും ഏതുവിധേനയും അതാര്‍ജിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മനോഭാവത്തിന്‍റെ നാരായവേരറക്കുന്നതാണ് ഏഴും ഒമ്പതും പ്രമാണങ്ങള്‍. ഏതു മാര്‍ഗ്ഗത്തിലൂടെ ആര്‍ജിച്ചതായാലും കുഴപ്പമില്ല, ധനം ഭാവിക്കു സുരക്ഷിതത്വവും സമൂഹത്തില്‍ വലിയ സ്ഥാനവും നല്കും എന്ന ചിന്തയാണല്ലോ പലവിധത്തിലുള്ള മോഷണങ്ങള്‍ക്കും പ്രേരിപ്പിക്കുന്നത്. ചിന്തകള്‍ ബോധ്യങ്ങളിലേക്കും ബോധ്യങ്ങള്‍ പ്രവര്‍ത്തനത്തിലേക്കും മനോഭാവങ്ങളിലേക്കും ജീവിതശൈലിയിലേക്കും നയിക്കുന്നു. അതിനാല്‍ മൂല്യങ്ങളുടെ തലത്തിലാണ് വ്യതിയാനം ആവശ്യം എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.

ഈ ഭൂമിയും ഇതിലെ വിഭവങ്ങളും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഞാന്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ എടുത്താല്‍ അത് മോഷണമാകും. പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണവും തന്മൂലം സംജാതമാകുന്ന ജല-വായു മലിനീകരണം, ധാതുക്കളുടെ ശോഷണം, കാലാവസ്ഥ വ്യതിയാനം മുതലായ അനേകം ദുരന്തങ്ങളും ഈ പ്രമാണം ലംഘിക്കുന്നതിന്‍റെ ഫലമല്ലേ? വരുംതലമുറകള്‍ക്കവകാശപ്പെട്ടത് ഇന്നു നാം തിന്നുതീര്‍ക്കരുത്!

സ്വരുക്കൂട്ടി വയ്ക്കുന്ന ഭൗതികസമ്പത്ത് മനുഷ്യജീവിതത്തെ ധന്യമാക്കുകയില്ല. മരിക്കുമ്പോള്‍ ഒന്നും കൂടെകൊണ്ടുപോകാന്‍ കഴിയുകയില്ല (ലൂക്കാ 12,15-21). ഈ സത്യം അംഗീകരിക്കാതെ സാമൂഹികനീതി നടപ്പിലാക്കുക സാധ്യമല്ല. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊന്നുകൂടെയുണ്ട്. വില്ക്കല്‍ - വാങ്ങലിലെ ഒരു വിനിമയോപാധി എന്ന നിലവിട്ട് പണം അതില്‍ത്തന്നെ ഒരു പരമമൂല്യമായി പരിഗണിക്കാന്‍ തുടങ്ങുന്നിടത്ത് വിഗ്രഹാരാധന ഉടലെടുക്കുന്നു. അതുകൊണ്ടാണ് യേശു ധനത്തെ "മാമോന്‍" എന്നു വിശേഷിപ്പിച്ചത്. ദൈവത്തിനു മാത്രം നല്കേണ്ട ആരാധന ആവശ്യപ്പെടുന്ന മാമോന്‍ ഇന്ന് സകല വേദികളിലും, രാഷ്ട്രീയവും സാമൂഹികവും മാത്രമല്ല മതപരമായ വേദികളില്‍പ്പോലും ആധിപത്യം സ്ഥാപിച്ചിരിക്കുന്നതുപോലെ തോന്നും.

ഏതു പ്രവൃത്തിയുടെയും മുഖ്യലക്ഷ്യം സാമ്പത്തികലാഭമാണെന്ന നില വന്നുചേരുന്നു. വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ മാത്രമല്ല, തിരുനാളാഘോഷങ്ങളും ബൈബിള്‍ കണ്‍വന്‍ഷനുകളും, ധ്യാനപരിപാടികളും പോലും നടത്തിക്കഴിയുമ്പോള്‍ സംഘാടകരുടെ മുഖ്യവ്യഗ്രത "എന്തു മിച്ചമുണ്ട്" എന്നാണെങ്കില്‍ മതാചാരങ്ങള്‍പോലും മോഷണത്തിനുള്ള വേദിയാകുന്നില്ലേ എന്നു സംശയിക്കണം. ഇവിടെ മാമോന്‍ ദൈവത്തിന്‍റെ സ്ഥാനത്തു കയറിപ്പറ്റുന്നു. ദീര്‍ഘമായ പ്രാര്‍ത്ഥനയുടെ മറവില്‍ വിധവകളുടെ വീടു വിഴുങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു (മര്‍ക്കോ 12, 38-44). മാമോന്‍ ആരാധനയ്ക്കെതിരെ ജാഗ്രത പാലിക്കാനും സമൂഹത്തിലെ എല്ലാവര്‍ക്കും നീതിലഭിക്കാനും സഹായിക്കുന്നതാണ് മോഷ്ടിക്കരുത്, മോഹിക്കരുത് എന്ന പ്രമാണങ്ങള്‍. ഈ പ്രമാണങ്ങളുടെ വിവിധവശങ്ങളെക്കുറിച്ചുള്ള പ്രവാചകപ്രബോധനങ്ങളാണ് നാം അടുത്തതായി കാണാന്‍ ശ്രമിക്കുന്നത്. 

You can share this post!

സ്മൃതി ബോബി

ജോസ് കട്ടികാട
അടുത്ത രചന

ആരാധനാഭാസങ്ങള്‍

മൈക്കിള്‍ കാരിമറ്റം
Related Posts