news-details
മറ്റുലേഖനങ്ങൾ

'അരുത്' എന്ന് ഉറക്കെപ്പറയുക!

"നാം മുന്നോട്ടാണോ പിന്നോട്ടാണോ യാത്ര ചെയ്യുന്നതെന്ന കാര്യത്തില്‍ അതിയായ സങ്കടങ്ങളും സംശയങ്ങളുമുള്ളയാളാണു ഞാന്‍. ജാതി, മതം, സമുദായം, സമുദായരക്ഷായാത്രകള്‍, വോട്ടുബാങ്കുകള്‍, വോട്ടുചോര്‍ച്ചകള്‍, സമുദായസംഗമങ്ങള്‍, വെല്ലുവിളികള്‍, അധികാരവും ജാതിയും മതവും രാഷ്ട്രീയവും കച്ചവടം ചെയ്യുന്ന മുതലാളിമാര്‍.... എല്ലാം ചേര്‍ന്നു പങ്കിട്ടെടുക്കുന്ന ഭൂമിയിലാണു നാം ജീവിക്കുന്നത്. പച്ചയായ മനുഷ്യസ്നേഹമെന്നത് ഖനനം ചെയ്തെടുക്കേണ്ട ഒരു അപൂര്‍വ്വവസ്തുവായിക്കഴിഞ്ഞിരിക്കുന്നു. ചുറ്റിലുമുള്ള മനുഷ്യരെ മാത്രമല്ല, പ്രകൃതിയെക്കൂടി നാം പല വര്‍ണ്ണങ്ങള്‍ നല്‍കി പങ്കിട്ടെടുത്തു കഴിഞ്ഞു. തൊട്ടടുത്തിരിക്കുന്നയാള്‍ നമുക്ക് നമ്മെപ്പോലുള്ള ഒരു മനുഷ്യനല്ല ഇന്ന്,  ഒരു പ്രത്യേക സമുദായക്കാരനാണ്, മതക്കാരനാണ്."-രഞ്ജിത്ത്

കോഴിക്കോട്ടുകാരന്‍ നൗഷാദിന്‍റെ മരണവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് എഴുതിയ കുറിപ്പില്‍ എഴുതിയിരിക്കുന്നത് നമ്മുടെ സമൂഹത്തെക്കുറിച്ചാണ്. നാം വീണ്ടും നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കു സഞ്ചരിക്കുകയാണ്. ഒരുകാലത്ത് അനേകം മഹത്വ്യക്തികള്‍ യാതനകള്‍ സഹിച്ച് മാറ്റിയെടുത്ത ദുരാചാരങ്ങള്‍ പലതും മുന്‍വാതിലില്‍ക്കൂടിത്തന്നെ കടന്നുവരുന്നു. ജാതിമതവ്യത്യാസങ്ങളാണ് ഏറ്റവും പ്രധാനമെന്നും ഓരോരുത്തരും സംഘടിക്കേണ്ടത് ജാതീയമായിട്ടാണെന്നും പുതിയ തീട്ടൂരങ്ങള്‍ വരുന്നു. ഓരോരുത്തരുടെയും വ്യക്തിത്വം സ്വന്തം ജാതിമതവുമായി ബന്ധപ്പെട്ടതു മാത്രമാണെന്ന സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. നാം നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളെ പല്ലിളിച്ചുകാട്ടുന്ന നരാധമന്മാര്‍ സമൂഹത്തില്‍ വിഷം കലക്കുന്നു. വോട്ടുബാങ്കുകളെ ഭയക്കുന്നവര്‍ മൗനവ്രതത്തിലേയ്ക്ക് തലപൂഴ്ത്തുന്നു.

പണ്ട് നാം കേട്ടത് എല്ലാവരും ഒന്നാണ്; ജാതിയുടെയോ മതത്തിന്‍റെയോ നിറത്തിന്‍റെയോ വ്യത്യാസം കാര്യമാക്കാനില്ല എന്നൊക്കെയാണ്. ഇപ്പോള്‍ ഭിന്നതയാണ് പ്രധാനം എന്നു വരുന്നു. ഓരോരുത്തരും സ്വന്തം മേന്മകളില്‍ അഭിരമിക്കുന്നു. 'അപരനെ' സൃഷ്ടിച്ച് സത്യത്തെ ഗുഹയിലടയ്ക്കുന്നു. എന്നിട്ട് അകത്തിരുന്നു കാണുന്ന നിഴലാണു സത്യമെന്നു കരുതി ജീവിക്കുന്നു. ഇതെല്ലാം എന്തുകൊണ്ടു സംഭവിക്കുന്നു എന്ന ചോദ്യം സുപ്രധാനമാണ്. കുളം കലക്കുന്നവര്‍ക്ക് മീന്‍ പിടിക്കാനുണ്ട്. എല്ലാ അസ്വസ്ഥതകളും സൃഷ്ടിക്കപ്പെടുന്നതാണ് എന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഇതൊരു കൃഷിയാണ്. അധികാരം ലക്ഷ്യമാക്കിയുള്ള കൃഷി. സമുദായ, ജാതി, മത ശക്തികള്‍ സമ്മര്‍ദ്ദഗ്രൂപ്പുകളായി വിലപേശുന്നു. രാഷ്ട്രീയകക്ഷികള്‍ പലപ്പോഴും അവരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. വോട്ടിനുവേണ്ടി ആരെയും വണങ്ങുവാന്‍ അവര്‍ തയ്യാറാകുന്നു. അപ്പോള്‍ തങ്ങളെല്ലാം വലിയ ആളുകളാണെന്ന് ചിലര്‍ക്കെല്ലാം തോന്നുന്നു. വളരെക്കാലം കൊണ്ട് നാം തന്നെ നമുക്കിടയില്‍ വളര്‍ത്തിയെടുത്ത മുതലകളാണ് ഇത്തരം പ്രതിലോമശക്തികള്‍ എന്നതാണ് യാഥാര്‍ഥ്യം.

ഏറെ പുരോഗമിച്ചു എന്നു പറയുന്ന കേരളത്തിലും ജാതി-മത രാഷ്ട്രീയത്തിന് ആഴത്തില്‍ വേരോട്ടം ലഭിക്കുന്നതെന്തുകൊണ്ടാണ്? ജാതിസ്വത്വത്തില്‍ മുങ്ങിത്താഴാതെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയാത്തതെന്തുകൊണ്ട്? വൈവിധ്യങ്ങളാണ് ലോകത്തിന്‍റെ, ഭൂമിയുടെ ഭംഗി എന്നത് അംഗീകരിക്കാനാവാതെവന്നാല്‍ എന്തൊരു ദുരന്തം ആയിരിക്കും സംഭവിക്കുക? ജൈവവൈവിധ്യങ്ങളെല്ലാം നശിക്കുന്ന കാലമാണിത്. അതുപോലെ എല്ലാ രംഗത്തെയും വൈവിധ്യം ഇല്ലാതാക്കാനുള്ള ഗൂഢശ്രമം നടക്കുന്നുണ്ട്. സമൂഹം ജാഗ്രതയോടെ കാണേണ്ട കാര്യമാണിത്. നാം മയങ്ങിക്കിടന്നാല്‍ നമുക്കു മുകളിലൂടെ പാതകങ്ങള്‍ മഴപോലെ പെയ്യും. 'അരുത്' എന്ന് ശക്തിയോടെ വിളിച്ചുപറയാനുള്ള ബാധ്യത നമുക്കോരോരുത്തര്‍ക്കുമുണ്ട്. മനുഷ്യസ്വത്വത്തിന്‍റെ സാധ്യതകളെ പരമാവധി വികസിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്; ചുരുക്കി ഏതെങ്കിലും കുറ്റിയില്‍ കെട്ടിയിടാനല്ല. സ്വതന്ത്രചിന്തയും അന്വേഷണങ്ങളും ഒത്തുചേരലുകളുമെല്ലാമാണ് ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത്. ഈ പന്തിഭോജനങ്ങളില്ലാതായാല്‍ നാം വീണ്ടും പ്രാകൃതാവസ്ഥയിലേക്കു കൂപ്പുകുത്തും.

ഉപഭോഗസംസ്കാരത്തിന്‍റെ ധൃതരാഷ്ട്രാലിംഗനത്തില്‍ അമര്‍ന്നിരിക്കുന്ന സമൂഹമാണ് ഇവിടുള്ളത്. വ്യക്തിജീവിതത്തിന് സാമൂഹ്യമാനങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒറ്റപ്പെട്ടവ്യക്തികളുടെ കൂട്ടമായി, ആള്‍ക്കൂട്ടമായി നാം മാറിയിരിക്കുന്നു.പരസ്പരം കൂട്ടിയിണക്കുന്ന കണ്ണികള്‍ അറ്റുപോകുന്നു. ബന്ധത്തിന്‍റെ നൂലിഴകളില്‍ വിള്ളല്‍ വീണിരിക്കുന്നു. ഒറ്റയ്ക്ക് അധികകാലം മുന്നോട്ടുപോവാത്ത മനുഷ്യന്‍ ഏതെങ്കിലും സംഘത്തില്‍ ചേരാന്‍ വിധിക്കപ്പെടുന്നു. അതു പലപ്പോഴും ജാതി-മത സംഘര്‍ഷങ്ങളായിരിക്കും എന്നതാണ് നാം മനസ്സിലാക്കേണ്ടത്. സമൂഹമെന്ന സങ്കല്‍പ്പത്തിനേറ്റ ക്ഷതം പുതിയ സംഘംചേരലുകളില്‍ നമുക്കു കാണാം. ഏതെങ്കിലും കൂട്ടത്തില്‍ ചേരാത്തവര്‍ അപകര്‍ഷബോധത്തിന് അടിമകളാകുന്നു. ആത്മാവ് നഷ്ടപ്പെട്ട ആള്‍ക്കൂട്ടം പെട്ടെന്ന് വികാരത്തിന് അടിപ്പെടുന്നു. ഈ വൈകാരികാവസ്ഥ ഹിംസയ്ക്കു വളമാകുന്നു. പെട്ടെന്ന് അസഹിഷ്ണുക്കളാകുന്ന 'വിശ്വാസി'കളായി നാം മാറുന്നത് അങ്ങനെയാണ്. നാം ജീവിക്കുന്ന വലയത്തിനു പുറത്തുള്ള യാഥാര്‍ഥ്യങ്ങളെ കാണാനും അംഗീകരിക്കാനും കഴിയാത്തവിധം മനസ്സ് അടഞ്ഞുപോകുന്നു. ഇതൊരു ദുരന്തമാണ്. വാതിലുകള്‍ തുറക്കുന്നതാണ് ജീവിതം; വാതിലടച്ചുകളയുന്നത് മരണവും. തുറക്കാത്ത വാതിലുകള്‍ക്കുള്ളില്‍ ജീര്‍ണ്ണിക്കുന്ന, പിരിമുറുക്കം അനുഭവിക്കുന്ന ആളുകളാണ് ചുറ്റിലും. അവരോട് വാതില്‍ തുറന്നിടാനും പുറത്തുള്ള ശുദ്ധവായു അകത്തേയ്ക്ക് കയറ്റാനുമാണ് ചില വിവേകമതികള്‍ അഭ്യര്‍ത്ഥിക്കുന്നത്. പരസ്പരം കലഹിച്ച് സമാധാനത്തിന്‍റെ തീരമണയാന്‍ നമുക്കാവില്ല. തമ്മിലടിപ്പിക്കുന്ന ചെന്നായ്ക്കള്‍ക്ക് ചോരയാണാവശ്യം. ഇതു മനസ്സിലാക്കാന്‍ നാം വൈകിയാല്‍ നമ്മുടെ ഭാവി ഇരുളടഞ്ഞതാകും.

എല്ലാ മതങ്ങളും യഥാര്‍ത്ഥത്തില്‍ നന്മയിലേക്ക്, സ്നേഹത്തിലേക്ക്, ഒരുമയിലേക്ക് നമ്മെ ക്ഷണിക്കുന്നവയാണ്. സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ കടന്നുവരുമ്പോള്‍ എല്ലാറ്റിലും വിഷം കലരുന്നു. വിഷം കലര്‍ത്തി, സ്വന്തമാക്കി പുതിയ കൂട്ടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് അധികാരവും പണവുമെല്ലാം ലക്ഷ്യമാണ്. സാധാരണമനുഷ്യര്‍ ഇതിന് ഇരകളായി മാറുന്നു എന്നതാണ് വൈപരീത്യം. പരസ്പരം ബഹുമാനിക്കാനും അപരന്‍റെ വിശ്വാസത്തെ ആദരിക്കാനും കഴിഞ്ഞില്ലെങ്കില്‍ നമുക്കൊരിക്കലും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല. നാം ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് എന്ന കാര്യം മറക്കരുത്. മധ്യകാലഘട്ടത്തില്‍ നിലനിന്ന ഇരുട്ടിന്‍റെ ശക്തികള്‍ വീണ്ടും കടന്നുവരുന്നു. അവരുടെ ആഭാസകരമായ കൂത്താട്ടങ്ങളാണ് ചുറ്റും കാണുന്നത്. ജാഗ്രതയോടെ, സൂക്ഷ്മതയോടെ ഈ വസ്തുത തരിച്ചറിയേണ്ട കാലമാണിത്.

വൈവിധ്യസമ്പന്നമായ ഒരു ലോകമാണ് നമ്മുടെ സ്വപ്നം; എല്ലാവര്‍ക്കും ഒന്നിച്ച് ശാന്തിയോടെ ജീവിക്കാന്‍ ഒരു ഭൂമി. അവിടെ ജാതിമതഭേദങ്ങള്‍ക്ക് സ്ഥാനമില്ല. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്നതാണ് അവിടുത്തെ മുദ്രാവാക്യം. മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്നവരെ കരുതിയിരുന്നില്ലെങ്കില്‍ അശാന്തിപര്‍വ്വത്തിലേക്ക് നാം വലിച്ചെറിയപ്പെടും. വിപണിയുടെ പ്രലോഭനത്തില്‍ ആണ്ടുകിടക്കുന്ന നമുക്ക് ഉന്നതരും ജാഗ്രതയുള്ളവരാകാനും കഴിയണം. വിഘടിക്കാനുള്ള കാര്യങ്ങള്‍ക്കു പകരം ഒന്നിക്കാനുള്ള ഘടകങ്ങളാണ് നാം അന്വേഷിക്കേണ്ടത്. "ഓരോരുത്തനും അവനവന്‍റെ  സത്യത്തിന്‍റെ കണികയില്‍ വാശിയോടെ പിടിച്ചുതൂങ്ങാം, വേണമെങ്കില്‍ അതിനുവേണ്ടി മരിക്കുകയോ കൊല്ലുകയോ ചെയ്യാം" എന്ന് ലൂയി ബുനുവേര്‍ പറയുന്നതോര്‍ക്കുക. സത്യത്തിന്‍റെ കണികമാത്രമാണ് നമുക്കു സ്വന്തമായുള്ളത്; അതിനപ്പുറത്ത് സത്യത്തിന്‍റെ വിശാലലോകമുണ്ട് എന്നറിയുക.

You can share this post!

'അറിവി'നെ പൊളിച്ചെഴുതുക

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts