news-details
കവർ സ്റ്റോറി

അതിജീവനത്തിന്‍റെ മനശ്ശാസ്ത്രം

പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് എല്ലാ ദൈവസൃഷ്ടികള്‍ക്കുമുണ്ട്. വെളിച്ചം കുറവുള്ള സ്ഥലത്തുനിന്ന് വെളിച്ചത്തിലേക്ക് തലനീട്ടി വളരുന്ന ചെടിയും ശരീരത്തിലെ മുറിവുകളുണക്കി സുഖപ്പെട്ടു വളരുന്ന വന്യജീവിയും ഒക്കെ അതിജീവനത്തിന്‍റെ കഥകള്‍ പറയുന്നു. എന്നാല്‍ മനുഷ്യനില്‍ അതിജീവനം കേവലം ശാരീരികമായ ഒരു പ്രതിഭാസം മാത്രമല്ല. ഇതിന് ഒരു മനശ്ശാസ്ത്രമാനം കൂടിയുണ്ട്.

ആധുനിക സമൂഹത്തില്‍ ആത്മഹത്യകളും മാനസ്സികപ്രശ്നങ്ങളും 'വയലന്‍സും' മനുഷ്യരുടെ ഇടയില്‍ വര്‍ദ്ധിക്കുമ്പോള്‍ അതിജീവനം എന്നതിനുള്ള കഴിവിനെപ്പറ്റി വിശദമായി വിശകലനം ചെയ്യപ്പെടേണ്ടതാണ്.

എങ്ങനെയാണ് ഒരു മനുഷ്യന്‍ തകര്‍ന്നു പോകുന്നത്?

ശാരീരികമോ സാമ്പത്തികമോ സാമൂഹികമോ ആയ സ്ട്രെസില്‍പ്പെട്ടു പോകുമ്പോഴാണ് അവര്‍ തളര്‍ന്നുപോകുന്നത്.

സ്ട്രെസില്‍ നിന്ന് സാവകാശം പുറത്തുകടക്കുവാനും വളരുവാനും സാധിക്കുന്നവര്‍ അതിജീവനം നേടുന്നു. മറ്റുള്ളവര്‍ നാശോന്മുഖമായി തീരുന്നു. കേവലശാരീരികരോഗങ്ങള്‍ പോലും ശ്രദ്ധിച്ചുനോക്കൂ. ചിലര്‍ ചങ്കൂറ്റത്തോടെ ഇതെന്തു നിസ്സാരപ്രശ്നമെന്ന ചിന്തയോടെ രോഗത്തെ സമീപിക്കുന്നു. അവര്‍ വേഗത്തില്‍ മരുന്നുകളോട് പ്രതികരിക്കും. രോഗമുക്തിയിലേക്ക് വേഗം എത്തിച്ചേരും. എന്നാല്‍ മറ്റൊരു കൂട്ടര്‍ മനോധൈര്യം ചോര്‍ന്ന് രോഗത്തിന്‍റെ തീവ്രതയിലേക്ക് വേഗംതന്നെ പെട്ടുപോകുന്നതു കാണാം.  ചിലര്‍ മരണപ്പെടും, ചിലര്‍ ഏറെ പരിശ്രമിച്ച് സമയമെടുത്ത് രക്ഷപ്പെടുന്നത് കാണാം.

കേരളത്തിലെ ആത്മഹത്യകളെ വിശകലനം ചെയ്യുമ്പോഴും ഈ സത്യം നമുക്ക് ബോധ്യപ്പെടും. ഏററവും അധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചവരോ, മാനഹാനി അനുഭവിച്ചവരോ ആണോ ആത്മഹത്യ ചെയ്തത്? അല്ല.

പ്രശ്നങ്ങളെ പര്‍വ്വതീകരിച്ച് കാണുകയും മനസ്സിലാക്കുകയും തരണം ചെയ്യാനുള്ള അറിവിനേയും കഴിവിനേയും തമസ്കരിക്കുകയും ചെയ്തവരാണ് മരണം പുല്‍കിയത്. അല്ലാതെ ഏററവും അധികം പ്രതിസന്ധി ഉണ്ടായവരല്ല.

അതി-ജീവനത്തിനു വേണ്ട പ്രധാന മാനസികഗുണങ്ങള്‍ അറിവും സമചിത്തതയുമാണ്. പ്രതിസന്ധികളില്‍നിന്ന് പുറത്തുകടക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ള അറിവ് ഏറെ പ്രധാനപ്പെട്ടതാണ്. ഇത് ഒരു ദിവസം കൊണ്ട് നേടുന്നതല്ല. ചെറുപ്പം മുതലേ ലഭിക്കുന്ന അനുഭവ-പഠന ജ്ഞാനവും അതോടൊപ്പം നാം ഏര്‍പ്പെടുന്ന സംരംഭങ്ങളെപ്പറ്റിയുള്ളതും അതു സംബന്ധിച്ച് നിയമപരവും സാമൂഹികവുമായ അവഗാഹവും ഒക്കെ ഇതില്‍പ്പെടുന്നു. ഈ അറിവുകളെ ക്രോഡീകരിച്ച് ഉപയോഗിക്കുമ്പോള്‍ അതിജീവനം സാധ്യമാകും.

നിയമപരിജ്ഞാനം, ചികിത്സയെ കുറിച്ചുള്ള അറിവ്, സാമ്പത്തിക മാനേജ്മെന്‍റിനെക്കുറിച്ചുള്ള അറിവ്, സ്വന്തം കഴിവുകളെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും ഉള്ള അറിവ്, സ്വന്തം പരിമിതികളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഭയങ്ങളെക്കുറിച്ചുമുള്ള തിരിച്ചറിവ് ഇവയെല്ലാം പ്രധാനപ്പെട്ടതാണ്.

എന്നാല്‍ എത്ര അറിവുണ്ടായിട്ടും സമചിത്തത നഷ്ടപ്പെട്ടാല്‍ അതിജീവനം പ്രയാസമായിത്തീരും. പ്രശ്നമുണ്ടാകുമ്പോള്‍ സ്വഭാവികമായി ഉത്കണ്ഠ ഉണ്ടാകുകതന്നെ ചെയ്യും. എന്നാല്‍ ഈ ഉത്കണ്ഠ ഭയത്തിലേക്ക് പോകുകയും ആ  ഭയം നമ്മെ കീഴടക്കുകയും ചെയ്താല്‍ നാം അവസാനിച്ചതുതന്നെ. ഭയം ഇല്ലാത്ത മനുഷ്യരില്ല. എന്നാല്‍ ഭയത്തെ എങ്ങനെ നേരിടുന്നു എന്നതാണ് പ്രശ്നം.

മൂന്നുവിധത്തില്‍ ഭയം പ്രവര്‍ത്തിക്കുന്നതു കാണാം.

1. ആരോഗ്യപരമായി: അതായത് ഭയം നമ്മുടെ പ്രതിസന്ധികളെ നേരിടാന്‍ ആവശ്യമായ കഴിവും മാനസിക ഒരുക്കവും നല്കുന്നു. അതിജീവനത്തിനുവേണ്ട കഴിവുകളെ പുറത്തെടുത്ത് ഉപയോഗിക്കുവാനും അറിവുകളെ തേടിപ്പോകാനും പ്രാപ്തി നല്കുന്ന ഭയം  മാനസിക ആരോഗ്യത്തിന്‍റെ ലക്ഷണവും അതിജീവനത്തിന്‍റെ നട്ടെല്ലുമാണ്.

2. ഭയമില്ലായ്മ: ചില ആളുകള്‍ ആപത്ഘട്ടങ്ങളില്‍ ആവശ്യത്തിന് ഉത്കണ്ഠയും ഭയവും അനുഭവിക്കുന്നവരാണ്. അവര്‍ ഉദാസീനതയോടെ ആപത്ഘട്ടങ്ങളെ കൈകാര്യം ചെയ്തു. തന്മൂലം അതിജീവനത്തിനുവേണ്ട കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കാനോ അറിവുകളെ കണ്ടെത്താനോ സാധിക്കാതെ ദുര്‍ബലമായ അതിജീവനമോ പൂര്‍ണമായ തകര്‍ച്ചയോ നേരിടുന്നു.

3. അമിതമായ ഭയവും ഉത്കണ്ഠയും: ഇത് മനുഷ്യന്‍റെ കഴിവുകളെ മരവിപ്പിച്ച് അതിജീവനശ്രമത്തെ പൂര്‍ണമായും പരാജയപ്പെടുത്തുന്നു. അതോടൊപ്പം ദൂരവ്യാപകമായ വ്യക്തിത്വവൈകല്യങ്ങളും വികലമായ ആത്മബോധവും ഒക്കെ ഒരാളില്‍ സൃഷ്ടിക്കാനും കാരണമായേക്കാം.

എങ്ങനെ നമുക്ക് ഭയത്തെ ആരോഗ്യകരമായി നേരിടാം

ആരോഗ്യമുള്ള വ്യക്തിത്വമാണ് ഇതിന് ഏറ്റവും പ്രധാനം. അവനവന്‍റെ കഴിവുകളെ കുറിച്ചും പരിമിതിയെപ്പറ്റിയുമുള്ള യാഥാര്‍ത്ഥ്യബോധം, വൈകാരിക നിയന്ത്രണം, ജീവിതസാഹചര്യങ്ങളെ പറ്റിയുള്ള ശരിയായ ധാരണ, നല്ല ശീലങ്ങള്‍, ആരോഗ്യകരമായ സാമൂഹ്യബന്ധങ്ങള്‍, ദൈവവിശ്വാസം, ശാരീരിക ആരോഗ്യം ഇവയെല്ലാം പ്രതിസന്ധികളിലെ ഭയത്തെ നേരിടാന്‍ കരുത്തു നല്കുന്ന ഘടകങ്ങളാണ്.

വലിയ കഴിവും പ്രാപ്തിയും ഇല്ലാത്തവര്‍പോലും ശക്തമായ ദൈവവിശ്വാസം ഒന്നുകൊണ്ട് മാത്രം ജീവിതസാഹചര്യങ്ങളെ പോസിറ്റീവായി കാണുകയും തകര്‍ന്നുപോകാതെ രക്ഷപ്പെടുകയും ചെയ്യുന്നത് നമുക്ക് ചുറ്റും കാണാറുണ്ട്. ശുഭപ്രതീക്ഷ നമുക്ക് നല്‍കാനും ആ ശുഭപ്രതീക്ഷയില്‍ ജീവിക്കാനും ദൈവബന്ധം ഏറെ  സഹായിക്കും. അതുപോലെതന്നെ നല്ല സൗഹൃദങ്ങളും വിശാലമായ ജീവിതകാഴ്ചപ്പാടുകളും ഭയത്തെ അതിജീവിക്കാന്‍ സഹായിക്കും. വഴക്കമുള്ള വ്യക്തിത്വവും സാഹചര്യങ്ങള്‍ക്ക് അനുസരണമായി പുതിയ കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും രൂപപ്പെടുത്താന്‍ നമ്മെ സഹായിക്കും.

അതുകൊണ്ട് മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ സുരക്ഷിതരായി വളര്‍ത്തുക എന്ന പേരില്‍ കൊച്ചു കൊച്ചു പ്രതിസന്ധികളെ സ്വയമേ നേരിടാന്‍ അവസരം നല്‍കാതെ സംരക്ഷിക്കുകയല്ല വേണ്ടത്.

പ്രായത്തിനനുസരിച്ച് അനുഭവവേദ്യമാകുന്ന ബുദ്ധിമുട്ടുകളെ മറികടക്കാന്‍ പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്കി, ചെറുപ്പം മുതലേ പ്രശ്നങ്ങളെ നേരിട്ട് ശീലമുള്ളവരാക്കി വൈകാരിക പക്വത ഉള്ളവരാക്കി വളര്‍ത്താന്‍ ശ്രദ്ധിക്കണം. 

You can share this post!

ഫ്രാന്‍സിസിന്‍റെ അസ്സീസിയില്‍

സക്കറിയ
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts