news-details
ധ്യാനം

ഫിലിപ്പിയര്‍ 4/13ല്‍ വി. പൗലോസ് എഴുതുന്നു: "എന്നെ ശക്തനാക്കുന്ന ക്രിസ്തുവില്‍ എനിക്കെല്ലാം സാധ്യമാണ്. സഹനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കടന്നുവരുമ്പോള്‍ ക്രിസ്തുവിനോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ പിടിച്ചുനില്ക്കും. ചെറുതും വലുതുമായ സഹനങ്ങള്‍ നമുക്കനുവദിക്കുമ്പോള്‍ പലപ്പോഴും നാം പകച്ചു നില്‍ക്കാറില്ലേ? എന്തിനുവേണ്ടിയാണ് സഹനങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്കല്പമൊന്നു ധ്യാനിക്കാം. ഒന്നാമതായി നമുക്ക് അത്യാവശ്യമായി ഒരു വീണ്ടെടുപ്പ് വേണമെന്ന് സഹനം നമ്മെ പഠിപ്പിക്കുന്നു. നിസ്സഹായാവസ്ഥയിലും തകര്‍ച്ചയിലുമാണ് ഞാനെത്തിയിരിക്കുന്നതെന്നും അടിയന്തരമായ ഒരു വീണ്ടെടുപ്പ് എനിക്കാവശ്യമാണെന്നും സഹനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എനിക്കൊരു കുറവുമില്ല, ഞാനെല്ലാം തികഞ്ഞവനാണ് എന്നു കരുതിയിരിക്കുമ്പോള്‍ ഒരു മാരകരോഗം എന്നെ പിടികൂടുന്നു. ഞാനെത്രയോ നിസ്സാരനാണെന്ന ബോധ്യത്തിലേക്ക് ഞാന്‍ കടന്നുവരുന്നു. ഞാനും മറ്റുള്ളവരെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്നും ഒരു വീണ്ടെടുപ്പില്ലാതെ എനിക്കു മുന്നോട്ടു പോകാനാവില്ലെന്നും ഞാന്‍ തിരിച്ചറിയുന്നു.

രണ്ടാമതായി ദൈവത്തിലും, മറ്റു മനുഷ്യരിലും ആശ്രയിക്കാതെ എനിക്കു തുടരാനാവില്ലെന്ന് സഹനം എന്നെ ഓര്‍മ്മിപ്പിക്കുന്നു. ഞാനൊന്നുമല്ലെന്നും എനിക്കൊന്നുമില്ലെന്നും ദൈവമല്ലാതെ മറ്റൊന്നിനും എന്നെ രക്ഷിക്കാനാവില്ലെന്നുമുള്ള ഒരു പാഠം ഞാനിവിടെ പഠിക്കുന്നു. പരസ്പരാശ്രയത്തിലൂടെയേ എനിക്കു ജീവിക്കാന്‍ കഴിയൂ എന്ന വലിയ ബോധ്യം സഹനം സമ്മാനിക്കുന്നു. മൂന്നാമതായി സ്വന്തം വലുപ്പത്തെയും, സ്വകാര്യതയെയും സഹനം തകിടം മറിക്കുന്നു. ഒരു വ്യക്തിയെ എളിമപ്പെടുത്താനും വിനായന്വിതനാക്കാനും സഹനത്തെക്കാള്‍ വലിയ മറ്റൊരു വഴിയില്ല. അഹങ്കാരികളെ വിനയപ്പെടുത്തിക്കൊണ്ട് ഞാന്‍ മറ്റുള്ളവരെപ്പോലുള്ള ഒരു സാധാരണക്കാരനാണെന്ന ബോധ്യം എന്നില്‍ വളര്‍ന്നു വരും. നാലാമതായി, മറ്റുള്ളവരുമായി മത്സരിക്കേണ്ടവനല്ലെന്നും, മറ്റുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടവനാണെന്നും സഹനം പഠിപ്പിക്കുന്നു. നമ്മുടെ എല്ലാ മത്സരങ്ങളും സഹനത്തിന്‍റെ മുമ്പില്‍ അവസാനിക്കും. അപരന്‍റെ സഹായമില്ലാതെ ഒരടിപോലും മുന്നോട്ടുവയ്ക്കാനാവില്ലെന്ന അറിവ് എന്നെ വിനായാന്വിതനാക്കുന്നു. അപരനിലേക്ക് എളിമയോടെ തിരിയുവാന്‍ സഹനം എന്നെ പ്രേരിപ്പിക്കുന്നു.

അഞ്ചാമതായി സുഖലോലുപതയില്‍നിന്ന് ജീവിതത്തിന്‍റെ അത്യാവശ്യങ്ങളിലേക്ക് സഹനം എന്നെ എത്തിക്കുന്നു. എല്ലാ സുഖങ്ങളും സന്തോഷങ്ങളും പരമാവധി ആസ്വദിക്കാനുള്ള ശ്രമത്തില്‍ നിന്നും പച്ചയായ ജീവിതത്തിന്‍റെ അത്യാവശ്യങ്ങളിലേക്കു മാത്രം ഞാന്‍ ശ്രദ്ധിക്കുന്നു. അത്യാവശ്യമുള്ള മരുന്ന്, ഭക്ഷണം എന്നിവയിലേക്കു ശ്രദ്ധ തിരിച്ചുകൊണ്ട് ഏറ്റവും ചുരുങ്ങിയ വസ്തുക്കള്‍ കൊണ്ട് തൃപ്തിയടയുവാന്‍ ഞാന്‍ പഠിക്കുന്നു. ആറാമതായി, ക്ഷമാശീലത്തില്‍ വളരുവാന്‍ സഹനം എന്നെ സഹായിക്കുന്നു. ഒത്തിരി ക്ഷമയോടെ കാത്തിരിക്കുവാനും കാത്തിരിപ്പിന്‍റെ അവസാനം ലഭിക്കുന്ന സഹായത്തിലാശ്രയിക്കാനും എന്നെ ശക്തിപ്പെടുത്തുന്ന ഔഷധമായി സഹനം മാറുന്നു.
ഏഴാമതായി, കാര്യഗൗരവമുള്ള ഭയവും അകാരണമായ ഭയവും തമ്മിലുള്ള വ്യത്യാസം ഞാന്‍ തിരിച്ചറിയുന്നു ചെറിയ ചെറിയ കാര്യങ്ങളെ അകാരണമായി ഭയന്ന എന്നെ കാര്യഗൗരവമുള്ള ഭയത്തെക്കുറിച്ച് തകര്‍ച്ചകള്‍ എന്നെ ഓര്‍മ്മിപ്പിക്കും. വലിയ രോഗത്തിന്‍റെയും ക്ഷീണത്തിന്‍റെയും മുമ്പില്‍ ചെറിയ ചെറിയ ഭയങ്ങള്‍ അസ്ഥാനത്തായിത്തീരുന്നു.

അവസാനമായി, സഹനസന്ദേശങ്ങള്‍ സുവിശേഷത്തിന്‍റെ സദ്വാര്‍ത്ത എന്നെ ഓര്‍മ്മിപ്പിക്കുന്നു. ഭീഷണിയോ ശാസനയോ ആയല്ല സഹനം കടന്നുവരുന്നത്. ദൈവത്തിന്‍റെ കരുതലും സ്നേഹവും പരിഗണനയും പഠിപ്പിച്ചുകൊണ്ടാണ് സുവിശേഷം സഹനത്തെ നേരിടുവാന്‍ നമ്മെ പഠിപ്പിക്കുന്നത്. എല്ലാറ്റിലുമുപരി ദൈവമാണ് എന്‍റെ ആശ്വാസദായകനും വഴികാട്ടിയും സുഹൃത്തുമെന്ന് സഹനം എന്നെ ബോദ്ധ്യപ്പെടുത്തുന്നു. 

You can share this post!

പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍
അടുത്ത രചന

ദൈവരാജ്യം ബലപ്രയോഗത്തിലൂടെ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts