news-details
അധ്യാത്മികം

സ്നാനം മനസ്സിന് കുളിര്‍മ പകരുന്ന കര്‍മ്മമാണ്, ഹൃദയത്തിനും മനസ്സിനും ഒരുപോലെ. കുളിച്ച് ഈറനണിഞ്ഞ് ക്ഷേത്രത്തില്‍ ദൈവദര്‍ശനത്തിനായി പോകുന്ന ഓരോ വിശ്വാസിയുടേയും ആന്തരീക പ്രചോദനവും ഇതുതന്നെ. മനുഷ്യന്‍റെ ദൈവസങ്കല്‍പ്പങ്ങളെ ഉദ്ദീപിപ്പിക്കാന്‍ ഓരോ സ്നാനത്തിനും കഴിവുണ്ട്. ദൈവത്തെ പ്രാപിക്കുവാന്‍ ആന്തരിക വിശുദ്ധിക്കൊപ്പം ബാഹ്യവിശുദ്ധിയും കൂടിവേണം എന്ന ചിന്തയാവണം അവനെ പ്രേരിപ്പിക്കുന്നത്. ദൈവചൈതന്യം ഉള്ളില്‍ പേറുവാനുള്ള മനുഷ്യന്‍റെ കൊതി അവനെ മതങ്ങള്‍ കാട്ടിക്കൊടുക്കുന്ന വഴിയിലൂടെ ശുദ്ധിയോടെ നടക്കുവാന്‍ ഉത്തേജിപ്പിക്കുന്നു.

മാമ്മോദീസായും അത്തരമൊരു സ്നാനമാണ്. ക്രിസ്തുവില്‍ അത് പുതുജീവന്‍ പകരുന്നതിനൊപ്പം അവനില്‍ ഏക ശരീരമായിത്തീരുന്നതിനും ഈ സ്നാനം ആവശ്യമാണ്. സെന്‍റ് പോള്‍ തന്‍റെ കൊറീന്ത്യര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നു, നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമായിത്തീരുവാന്‍ ജ്ഞാനസ്നാനമേറ്റു. അപ്പോള്‍ സ്നാനം ഐക്യത്തിന്‍റെ പ്രതീകമാണ്. ക്രൈസ്തവീകതയുടെ അടയാളമാണ്. ഒരു മായാത്ത മുദ്രപോലെ ക്രിസ്തുവിന്‍റെ കുരിശിന്‍റെ അടയാളം നമ്മിലത് പതിപ്പിക്കുന്നു. അതാണ് ക്രിസ്ത്യാനിയെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കുന്നതും. പരസ്യജീവിതം ആരംഭിക്കുന്നതിനുമുമ്പ് ക്രിസ്തുവും യോഹന്നാനുമുന്നില്‍ തലകുനിച്ചു. ഈ സുവിശേഷഭാഗം ഓരോ തവണയും വായിക്കുമ്പോഴും നമ്മുടെ ഉള്ളില്‍ ഒരു ചോദ്യം ഉയര്‍ന്നുവരാം. ദൈവപുത്രനായിട്ടും എന്തുകൊണ്ട് ക്രിസ്തു മാമ്മോദീസാ സ്വീകരിച്ചു? അതിനുത്തരം സഭാപിതാവായ അലക്സാണ്ട്രായിലെ വി. ക്ലമന്‍റ് പറഞ്ഞുതരുന്നുണ്ട്. "ക്രിസ്തുവും മനുഷ്യകുലവും തമ്മിലൊന്നാകുവാന്‍ ഈ സ്നാനം ആവശ്യമായിരുന്നു" അപ്പോള്‍  ഈ വിശുദ്ധകുളി ഒരുമയുടെ വാതില്‍ തുറക്കുന്ന ദിവ്യാനുഭവമായിത്തീരുന്നു.
സ്നാനത്തെ ഇനി ഇങ്ങനെ വ്യാഖ്യാനിക്കാം. സ്നാനം എന്നാല്‍ ക്രിസ്തുവിനെ ധരിക്കുക. ഇങ്ങനെ ക്രിസ്തുവിനെ ധരിക്കുവാന്‍ ആദിമക്രൈസ്തവസമൂഹം കാട്ടിയ തീക്ഷ്ണത നമ്മെ അതിശയിപ്പിക്കും. പ്രാര്‍ത്ഥനയും ഉപവാസവുംവഴി അവര്‍ തങ്ങളെത്തന്നെ ഒരുക്കി. മാമ്മോദീസാ സ്വീകരിക്കുവാനുള്ളവരുടെ ഒപ്പം സമൂഹവും ഇതേ വഴികളിലൂടെ തങ്ങളെതന്നെ ശുദ്ധീകരിച്ചു. അത്യാഡംബരപൂര്‍ണ്ണങ്ങളായ മാമ്മോദീസായുടെ വേളകള്‍ നമ്മില്‍നിന്നും തട്ടിപ്പറിക്കുന്നതും ഈ ചൈതന്യം തന്നെയാണ്. വീണ്ടും, ആദിമസഭയ്ക്ക് ഒരു കൂട്ടായ്മയുടെ മനോഭാവം ഉണ്ടായിരുന്നു. അതുകൊണ്ടായിരുന്നു മാമ്മോദീസാ സമൂഹമധ്യത്തില്‍ വച്ച് മാത്രം പരികര്‍മ്മം ചെയ്യപ്പെട്ടിരുന്നത്. തിരുസഭ ഇന്ന് ഈ പാരമ്പര്യം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അതിന്‍റെ അര്‍ത്ഥം അവളില്‍നിന്നും പഴയതലമുറയുടെ തീക്ഷ്ണത മറഞ്ഞിട്ടില്ല എന്നതു തന്നെ. ക്രിസ്തുവില്‍ സ്നാനം ചെയ്യപ്പെട്ട ഒരന്ധന്‍റെ ചരിത്രം യോഹന്നാന്‍ സുവിശേഷകന്‍ 9-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. തുപ്പല്‍കൊണ്ട് ചെളിയുണ്ടാക്കി അവന്‍റെ കണ്ണുകളില്‍ പുരട്ടിയശേഷം ക്രിസ്തു അവനോട് പറയുന്നത് സീലോഹായില്‍ പോയി കഴുകുക എന്നാണ്. സീലോഹാ എന്നാല്‍ അയയ്ക്കപ്പെട്ടവനെന്നര്‍ത്ഥം. അതായത് നീ ക്രിസ്തുവിനെ സ്വീകരിക്കുക എന്നുള്‍പ്പൊരുള്‍. അപ്പോള്‍ സ്നാനം ക്രിസ്തുവിനെ ധരിക്കലാകുന്നു.

എന്താണ് ക്രിസ്തുവിനെ ധരിക്കുക എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്? ഉത്തരം റോമാലേഖനം 13-ാം അധ്യായം വിവരിക്കുന്നുണ്ട്. "നമുക്ക് അന്ധകാരത്തിന്‍റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിക്കാം... കര്‍ത്താവായ ഈശോമിശിഹായെ ധരിക്കുവിന്‍, ദുര്‍മോഹങ്ങളിലേക്ക് നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍. ലോകത്തിന് മരിച്ചവനായി ദൈവത്തിന് സാക്ഷ്യം വഹിക്കുവാന്‍ പൗലോസ്ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതാണ് ക്രിസ്തുവില്‍ സ്നാനപ്പെട്ട അന്ധനും പഠിപ്പിക്കുന്നത്. ക്രിസ്തുവിന്‍റെ മായാത്ത മുദ്ര പതിപ്പിക്കപ്പെട്ടപ്പോള്‍ അവന് മുന്നില്‍ ലോകം ഒന്നുമല്ലാതായി. അവനും മറ്റൊരു അയയ്ക്കപ്പെട്ടവനായിത്തീര്‍ന്നു. അതുകൊണ്ടാണവന്‍ ഫരിസേയരുടെ മുന്നില്‍വച്ച് താന്‍ സമൂഹത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ക്രിസ്തുവാണ് തന്നെ സുഖപ്പെടുത്തിയതെന്നും അവനൊരു പ്രവാചകനാണെന്നുമൊക്കെ യാതൊരു കൂസലും കൂടാതെ പ്രഖ്യാപിക്കുന്നത്. ഒരിക്കലൊരു ശിഷ്യന്‍ തന്‍റെ ഗുരുവിനോട് ചോദിച്ചു. ഗുരോ അറിവും ബോധോദയവും തമ്മിലുള്ള വ്യത്യാസമെന്താണ്? ഗുരു പറഞ്ഞു: അറിവുണ്ടാകുമ്പോള്‍ നീ വിളക്കുകൊണ്ട് വഴി കാണിച്ചുകൊടുക്കുന്നു. ബോധോദയം ലഭിക്കുമ്പോള്‍ നീ തന്നെ വിളക്കായി മാറുന്നു. ക്രിസ്തുവിനെയാണ് നാം ധരിച്ചിരിക്കുന്നതെന്ന അവബോധം നമ്മില്‍ വളരട്ടെ. അപ്പോള്‍ അനേകര്‍ക്കുവേണ്ടി പ്രകാശമായി മാറാനും, ഈ ലോകത്തിന് മരിച്ചവരാകാനും നമുക്ക് കഴിയും.

ലോകത്തിന് മരിക്കുക എന്നാല്‍ ജീവനിലേക്ക് പ്രവേശിക്കുക എന്നതാണ്. "നാം അവനോടുകൂടെ മരിച്ചെങ്കില്‍ അവനോടുകൂടെ ജീവിക്കും" എന്ന് സെന്‍റ് പോള്‍ നമ്മെ ധൈര്യപ്പെടുത്തുന്നുണ്ട്. ക്രിസ്തുവിന്‍റെ മരണത്തോട് നമ്മെ ധൈര്യപ്പെടുത്തിയ ജ്ഞാനസ്നാനം മൂലം നാം അവനോടൊപ്പം സംസ്ക്കരിക്കപ്പെട്ടു. അവന്‍ മരിച്ചശേഷം പിതാവിന്‍റെ മഹത്വത്തില്‍ ഉയര്‍ത്തെഴുന്നേറ്റതുപോലെ നാമും പുതുജീവിതം നയിക്കേണ്ടതിനാണ് അവനോടൊപ്പം സംസ്ക്കരിക്കപ്പെട്ടത് എന്ന തിരിച്ചറിവ് നമ്മുടെ അകക്കണ്ണുകള്‍ തുറപ്പിക്കട്ടെ. അപ്പോള്‍ സ്നാനം നമുക്ക് പുതുജീവന്‍ നല്‍കും എന്ന ബോധ്യത്തില്‍ നാം എത്തിച്ചേരും. സഭയുടെ ഗര്‍ഭപാത്രമായ മാമ്മോദീസാതൊട്ടി ആ അര്‍ത്ഥത്തില്‍ ഒരു തീച്ചൂള ആയിത്തീരും. അതുകൊണ്ടാണ് സഭാപിതാവായ നര്‍സായി ഇങ്ങനെ പറയുന്നത്: "അതി നിഗൂഢമായ ഉദ്ദേശത്താല്‍ ജലത്തിന്‍റെ ചൂള അവിടുന്നൊരുക്കി. അഗ്നിക്ക് പകരം അവിടുന്നു തന്‍റെ അരൂപിയാല്‍ അതിനെ ജ്വലിപ്പിച്ച് തന്‍റെ സൃഷ്ടിക്ക് രൂപാന്തരം നല്‍കുവാന്‍ കഴിവുള്ള ശില്‍പ്പിയെ തന്‍റെ കരവേലകൊണ്ട് അവിടുന്ന് രൂപപ്പെടുത്തി. ജലത്തിന്‍റേയും അരൂപിയുടെയും താപനത്തില്‍ തന്‍റെ സൃഷ്ടി രൂപാന്തരം പ്രാപിക്കണം എന്നായിരുന്നു അവിടുത്തെ ഉദ്ദേശ്യം." മിശിഹായിലേക്കുള്ള സ്നാനം  മനുഷ്യനെ പുതുസൃഷ്ടിയാക്കുന്നു. മാമ്മോദീസ വേളയില്‍ ബോധപൂര്‍വ്വമല്ലെങ്കിലും നാമൊക്കെ അണിയുന്ന തൂവെള്ളവസ്ത്രം അനുസ്മരിപ്പിക്കുന്നതും ഈ സത്യംതന്നെയാണ്.

പാശ്ചാത്യസുറിയാനി മാമ്മോദീസാക്രമത്തിലെ വെള്ളം വെഞ്ചരിക്കുന്ന ഒരു പ്രാര്‍ത്ഥന ഇപ്രകാരമാണ്. "പാപികളും മര്‍ത്യരുമായ മക്കളെ പ്രസവിച്ച ഹവ്വായുടെ ഗര്‍ഭപാത്രംപോലെയാകാതെ ആത്മീയവും അമര്‍ത്യരുമായ മക്കളെ പുറപ്പെടുവിക്കുന്ന ഗര്‍ഭാശയമാകാന്‍ കഴിയുന്നവിധം ഈ വെള്ളത്തെ വിശുദ്ധീകരിക്കണമെ" സ്നാനം കറകള്‍ കഴുകിക്കളയുന്നു. പുതുജീവന്‍ പകരുന്നു, പുതുസൃഷ്ടിയാക്കുന്നു. കണക്കിലെ സമവാക്യംപോലെ മാമ്മോദീസായെ ഇനി ഇങ്ങനെ പറയും.

സ്നാനം = ക്രിസ്തുവിനെ ധരിക്കുക.
ക്രിസ്തുവിനെ ധരിക്കുക = ലോകത്തിന് മരിക്കുക
ലോകത്തിന് മരിക്കുക = ജീവനിലേക്ക് പ്രവേശിക്കുക
സ്നാനം = ജീവന്‍

You can share this post!

ഗുബിയോ

ബ്രദര്‍ സെബാസ്റ്റ്യന്‍ ഐസക്
അടുത്ത രചന

പ്രാര്‍ത്ഥന : 1

ഡോ. ജെറി ജോസഫ് OFS
Related Posts