news-details
സാമൂഹിക നീതി ബൈബിളിൽ

"നന്മയെ ദ്വേഷിക്കുകയും തിന്മയെ സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ തൊലി ഉരിഞ്ഞെടുക്കുന്നു; അവരുടെ അസ്ഥികളില്‍നിന്നു മാംസവും. നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ മാംസം ഭക്ഷിക്കുന്നു; തൊലി ഉരിഞ്ഞെടുക്കുന്നു. അവരുടെ അസ്ഥികള്‍ തകര്‍ക്കുന്നു. ചട്ടിയിലെ ഇറച്ചിയും കുട്ടകത്തിലെ മാംസവും പോലെ അവരെ നുറുക്കുകയും ചെയ്യുന്നു(മിക്കാ 3,2-3).

ലോകജനതകള്‍ക്കു മദ്ധ്യേ നീതിയും ന്യായവും പ്രവര്‍ത്തിച്ച്, വിമോചകനായ സത്യദൈവത്തിനു സാക്ഷ്യം വഹിച്ച്, ലോകത്തിനു പ്രകാശമായി വര്‍ത്തിക്കാന്‍ വേണ്ടിയാണ് ദൈവം ഒരുപറ്റം അടിമകളെ  ഈജിപ്തില്‍ നിന്നും മോചിപ്പിച്ച്, സീനായ് മലയില്‍വച്ച് ഉടമ്പടി നല്കി, സ്വന്തം ജനമാക്കിയതും വാഗ്ദത്തഭൂമി അവര്‍ക്കു സ്വന്തമായി നല്കിയതും. അവരിലൂടെ, അവരുടെ ജീവിതത്തിലൂടെ, സകലജനതകളും ദൈവത്തെ അറിയണം. അങ്ങനെ സകലരും ദൈവത്തെ പിതാവും പരസ്പരം സഹോദരങ്ങളുമായി തിരിച്ചറിഞ്ഞ്, അംഗീകരിച്ച്, സന്തോഷത്തിലും സമാധാനത്തിലും ജീവിക്കണം. ഇതായിരുന്നു ബൈബിളിലൂടെ വെളിപ്പെടുത്തുന്ന ദൈവിക പദ്ധതി.

എന്നാല്‍ വാഗ്ദത്തഭൂമിയില്‍ വാസമുറപ്പിച്ചവര്‍ രൂപപ്പെടുത്തിയ സാമൂഹികക്രമത്തില്‍ ഭൂരിപക്ഷത്തിനും നീതി നിഷേധിക്കപ്പെട്ടു. എല്ലാവര്‍ക്കുമായി ദൈവം നല്കിയ വാഗ്ദത്തഭൂമി ചുരുക്കം പേരുടെ കൈകളില്‍ ഒതുങ്ങി. തുല്യരായിരിക്കേണ്ടവരില്‍ ചിലര്‍ വലിയവരും അനേകര്‍ ചെറിയവരുമായി. രാജാക്കന്‍മാര്‍ ജനത്തിനു സംരക്ഷണം നല്‍കേണ്ടതിനു പകരം അവരെ ചൂഷണം ചെയ്തു. ജനത്തിന്‍റെ ജീവനും സ്വത്തിനും കുടുംബത്തിനും സുരക്ഷിതത്വമില്ലാതായി. ഊറിയായ്ക്ക് ഭാര്യയും ജീവനും നഷ്ടപ്പെട്ടു. നാബോത്തിന് വീടും മുന്തിരിത്തോട്ടവും മാത്രമല്ല കുടുംബത്തില്‍ സകലരുടെയും ജീവനും നഷ്ടമായി. ഇപ്രകാരമുള്ള സാഹചര്യത്തിലാണ് പ്രതികാരത്തിനു വേണ്ടി ഉയരുന്ന രക്തത്തിന്‍റെ നിലവിളി ഏറ്റുവാങ്ങിയ നാഥാനും ഏലിയായും പോലുള്ള പ്രവാചകന്മാര്‍ രംഗത്തു വന്നത്.

മോശയും  സാമുവേലും നാഥാനും ഏലിയായും പ്രവാചകന്മാരുടെ ആദ്യപതിപ്പുകളാണ്. രാജഭരണകാലത്ത് അനീതിക്കെതിരെയുള്ള ദൈവത്തിന്‍റെ സിംഹഗര്‍ജ്ജനമായി കരുത്തരായ പ്രവാചകന്‍മാരുടെ ഒരു നിര തന്നെ രംഗത്തുവന്നു. ഇതരമതങ്ങളില്‍ നിന്നെല്ലാം ഇസ്രായേലിനെ വ്യത്യസ്തമാക്കുന്ന ഒരു പ്രത്യേകഘടകവും പ്രതിഭാസവുമാണ് ഈ പ്രവാചകന്മാര്‍. ജനത്തെ സംബന്ധിച്ച ദൈവഹിതം വെളിപ്പെടുത്താനും ആ തിരുഹിതമനുസരിച്ച് ജീവിക്കാന്‍ സകലരെയും ആഹ്വാനം ചെയ്യാനുമായി ദൈവത്താല്‍ അയയ്ക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍.

സ്വന്തം പേരില്‍ പുസ്തകമുള്ളവരെ എഴുത്തുകാരായ പ്രവാചകന്മാര്‍ എന്നും പേരില്‍ പുസ്തകമില്ലാത്തവരെ എഴുത്തുകാരല്ലാത്ത പ്രവാചകന്മാര്‍ എന്നും വിളിക്കുന്നു. ആദ്യ ഗണത്തില്‍ നാലു വലിയ പ്രവാചകന്മാരും പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുമുണ്ട്. ബി.സി. 760 മുതല്‍ 500 വരെയാണ് ഈ പ്രവാചകന്മാരുടെ സുവര്‍ണ്ണദശ. ജെറൊബൊവാം രണ്ടാമന്‍റെ ഭരണകാലത്ത് (ബി.സി.783-743) വടക്കന്‍ രാജ്യമായ ഇസ്രായേലില്‍ പ്രസംഗിച്ച ആമോസ് (760) ആണ് ഈ പ്രവാചകന്മാരില്‍, കാലക്രമത്തിലും ആശയതലത്തിലും ഒന്നാമന്‍. സാമൂഹ്യനീതിയുടെ പ്രവാചകന്‍ എന്നാണ് ആമോസ് അറിയപ്പെട്ടതു തന്നെ. തുടര്‍ന്നു വന്ന പ്രവാചകന്മാരെല്ലാം ആമോസില്‍ നിന്ന് ആശയവും വാക്കുകളും കടമെടുക്കുന്നതു കാണാം. ആമോസിനു തൊട്ടു പിന്നാലെ, വടക്കന്‍ രാജ്യമായ ഇസ്രായേലില്‍ വന്ന പ്രവാചകനാണ് ഹോസിയാ (750-720). ഇതേ കാലഘട്ടത്തില്‍ തന്നെയാണ് തെക്ക് യൂദായില്‍ ഏശയ്യായും മിക്കായും പ്രസംഗിച്ചത്. (ബി.സി. 740-700). ബി. സി. 721-ല്‍ ഇസ്രായേല്‍ രാജ്യം ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായി. അസീറിയാ അവരെ കീഴടക്കി, നാടുകടത്തി പിന്നീട് ഇസ്രായേല്‍ ജനം "യൂദാ" എന്ന തെക്കന്‍ രാജ്യത്തില്‍ ഒതുങ്ങി. ബി.സി. 587-ല്‍ ബാബിലോണ്‍ സൈന്യം ജറുസലെം നശിപ്പിച്ചു, രാജാവിനെയും ജനത്തെയും നാടുകടത്തി. അങ്ങനെ ബാബിലോണ്‍ പ്രവാസം ആരംഭിച്ചു. പ്രവാസത്തിന് എകദേശം 40 വര്‍ഷം മുമ്പേ  ബി.സി. 626-ല്‍ ജറുസലേമില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രവാചകനാണ് ജറെമിയാ. താന്‍ പ്രവചിച്ച ദുരന്തങ്ങളെല്ലാം സ്വന്തം കണ്ണുകൊണ്ടുകാണാന്‍ അയാള്‍ക്കു ദൗര്‍ഭാഗ്യമുണ്ടായി. ജറെമിയായുടെ സമകാലികരായി ജനത്തെ മാനസാന്തരത്തിനു ക്ഷണിക്കാന്‍ ജറുസലെമിലേക്കു അയയ്ക്കപ്പെട്ടവരാണ് സെഫാനിയ, നാഹും, ഹബക്കുക്ക്, ഒബാദിയ എന്നിവര്‍.

ബി.സി. 598-ല്‍ ബാബിലോണ്‍ ചക്രവര്‍ത്തി ജറുസലെം ആക്രമിച്ചു കീഴടക്കുകയും അനേകം പേരെ  തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോവുകയും ചെയ്തിരുന്നു. ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാളാണ് എസെക്കിയേല്‍ പ്രവാചകന്‍. ജറുസലെം പൂര്‍ണ്ണമായി നശിപ്പിക്കപ്പെടുന്നതിനുമുമ്പുള്ള എകദേശം പത്തുവര്‍ഷത്തിനിടയിലാണ് എസെക്കിയേലിന്‍റെ പ്രവചനങ്ങള്‍ അധിക പങ്കും നടന്നത്. ഈ പ്രവാചകന്മാരിലൂടെയെല്ലാം ദൈവം നിരന്തരമായി ആവശ്യപ്പെട്ടതായിരുന്നു നീതിയുടെ പ്രവര്‍ത്തനം. അവരുടെ പ്രബോധനങ്ങളിലൂടെ കടന്നുപോയാല്‍ സാമൂഹ്യനീതിയെക്കുറിച്ച് ദൈവം നല്‍കുന്ന പാഠങ്ങള്‍ വ്യക്തമായി ഗ്രഹിക്കാന്‍ കഴിയും.

പ്രവാചകന്‍ - ദീര്‍ഘദര്‍ശി

കാണുന്നവന്‍ എന്നര്‍ത്ഥമുള്ള "റോയേ" എന്ന പേരിലാണ് പ്രവാചകന്മാര്‍ ആദ്യം അറിയപ്പെട്ടിരുന്നത്. സാധാരണക്കാര്‍ കാണുന്നതിലും ആഴത്തിലും ദൂരത്തിലും അവര്‍ കാണുന്നു. അതിനാല്‍ അവരെ ദീര്‍ഘദര്‍ശികള്‍ എന്നും ക്രാന്തദര്‍ശികള്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. ദൈവത്തിന്‍റെ ദൃഷ്ടിയിലൂടെ ചരിത്രത്തെയും ചരിത്രത്തിലെ ഓരോ സംഭവങ്ങളെയും നോക്കിക്കാണുന്ന അവര്‍ കര്‍ത്താവില്‍ നിന്നു കാഴ്ച ലഭിച്ചവരാണ്, ദര്‍ശനം സിദ്ധിച്ചവരാണ്. ദര്‍ശനം എന്നാല്‍ അസാധാരണമായ എന്തെങ്കിലും കാഴ്ചകള്‍ എന്നല്ല, മറിച്ച് ജനജീവിതത്തെ സംബന്ധിച്ച ദൈവികപദ്ധതിയെക്കുറിച്ചുള്ള ആഴമേറിയ ഉള്‍ക്കാഴ്ച എന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. ഈ ദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ സമൂഹത്തെ വീക്ഷിക്കുമ്പോള്‍ കാണുന്ന വൈരുധ്യങ്ങളും വരുത്തേണ്ട  തിരുത്തലുകളും അവര്‍ ഉറക്കെ പ്രഘോഷിക്കും. അവിടെ പ്രവാചകത്വത്തിന്‍റെ മറ്റൊരു മാനം വ്യക്തമാക്കുന്നു.

പ്രവാചകര്‍ - ദൈവത്തിന്‍റെ വക്താക്കള്‍

മറ്റൊരാള്‍ക്കുവേണ്ടി, (ദൈവത്തിനു വേണ്ടി) സംസാരിക്കുക എന്നര്‍ത്ഥമുള്ള പ്രൊഫേമി (prophemi) എന്ന ഗ്രീക്കു ക്രിയാധാതുവില്‍ നിന്നാണ് പ്രൊഫേതേസ് ( prophetes) എന്ന നാമത്തിന്‍റെ നിഷ്പത്തി. ദൈവത്തിനുവേണ്ടി, സംസാരിക്കുന്നവന്‍ എന്നര്‍ത്ഥം. ഏതാണ്ട് ഇതേ അര്‍ത്ഥം തന്നെയാണ് "നബി" എന്ന ഹീബ്രു വാക്കിനുമുള്ളത്. വിളിച്ചു പറയുന്നവന്‍ എന്ന് മൂലാര്‍ത്ഥം. ദൈവത്തിന്‍റെ വചനം വിശ്വസ്തതയോടെ, നിര്‍ഭയം വിളിച്ചു പറയാന്‍ വിളിക്കപ്പെട്ടവരാണ് പ്രവാചകര്‍. അവര്‍ പറയുന്നതു സ്വന്തം തോന്നലുകളല്ല, ദൈവത്തിന്‍റെ വചനങ്ങളായിരിക്കും. ഇപ്രകാരം ദൈവവചനം പ്രഘോഷിച്ച പ്രവാചകന്മാര്‍ സാമൂഹിക നീതിയെക്കുറിച്ച് എന്തു പറയുന്നു എന്നന്വേഷിക്കുമ്പോള്‍ മുഖ്യമായും മൂന്നു മേഖലകള്‍ ശ്രദ്ധയില്‍പ്പെടുന്നു. 1. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതിയെക്കുറിച്ചുള്ള രൂക്ഷമായ വിമര്‍ശനം. 2. മാനസാന്തരത്തിന് ആഹ്വാനം. 3. മാനസാന്തരപ്പെടുന്നില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ഭീകരമായ ശിക്ഷാവിധി.

അനീതിക്കെതിരേ വിമര്‍ശനം

ഏശയ്യാ മുതല്‍ മലാക്കിവരെയുള്ള പതിനാറു പ്രവാചകന്മാരിലും പ്രത്യക്ഷപ്പെടുന്ന ഒന്നാണ് സമൂഹത്തില്‍ നടമാടുന്ന അക്രമങ്ങള്‍ക്കും അനീതികള്‍ക്കും എതിരെയുള്ള അതിശക്തമായ വിമര്‍ശനം. ഈ പ്രവാചകന്മാരില്‍, ചരിത്രപരമായ ക്രമത്തില്‍ നോക്കുമ്പോള്‍ ആദ്യമേ കടന്നുവരുന്നത് സാമൂഹ്യ നീതിയുടെ പ്രവാചകന്‍ എന്നറിയപ്പെടുന്ന ആമോസാണ് (ബി.സി. 760). വടക്കന്‍ രാജ്യമായ ഇസ്രായേലിന്‍റെ തലസ്ഥാനമായ സമറിയായിലും ആരാധനകേന്ദ്രമായ ബെഥേലിലുമാണ് അദ്ദേഹം മുഖ്യമായും പ്രവര്‍ത്തിച്ചത്. ഏതാനും മാസങ്ങള്‍ മാത്രം ദീര്‍ഘിച്ച അദ്ദേഹത്തിന്‍റെ പ്രവാചകവചനങ്ങള്‍ സിംഹഗര്‍ജ്ജനംപോലെ ജനങ്ങള്‍ക്കനുഭവപ്പെട്ടു. ദൈവവചനം കേട്ടു നടുങ്ങിയ അധികാരികള്‍ ആമോസിനെതിരെ വിലക്കു കല്പിക്കുക മാത്രമല്ല, ആ ശബ്ദം അടിച്ചമര്‍ത്തുകയും ചെയ്തു.

കൊന്നു കളഞ്ഞു എന്നാണ് പാരമ്പര്യം സാക്ഷിക്കുന്നത്. അത്രമാത്രം ഭയം ജനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വചനങ്ങള്‍. ഏതാനും ഉദാഹരണങ്ങള്‍ ഇത് വ്യക്തമാക്കും. ദരിദ്രരെ പീഡിപ്പിക്കുകയും അവശരെ ചവിട്ടിയരയ്ക്കുകയും ഞങ്ങള്‍ക്കു കുടിക്കാന്‍ കൊണ്ടുവരിക എന്ന് ഭര്‍ത്താക്കന്മാരോടു പറയുകയും ചെയ്യുന്ന സമറിയായിലെ ബാഷാന്‍ പശുക്കളെ ശ്രവിക്കുവിന്‍... ശത്രു നിങ്ങളെ കൊളുത്തിട്ടിഴയ്ക്കുന്ന നാള്‍ വരുന്നു... ഹെര്‍മോന്‍ മലയിലേക്കു നിങ്ങള്‍ വലിച്ചെറിയപ്പെടും" (ആമോ 4, 1-3). സമൂഹത്തിലെ ഉന്നതന്മാരുടെ സുഖലോലുപരായ ഭാര്യമാരെയാണ് ഇവിടെ ബാഷാന്‍ പശുക്കള്‍ എന്നു വിശേഷിപ്പിക്കുന്നത്. ഏറ്റം നല്ല മേച്ചില്‍പുറങ്ങളായിരുന്നു ബാഷാന്‍ ദേശം. അവിടുത്തെ കാളക്കുറ്റന്മാരും പശുക്കളും ഒരുപോലെ മേദസ്സ് മുറ്റിയവരായിരുന്നു. അറവുമൃഗങ്ങളെപ്പോലെ അവയെ കൈകാര്യം ചെയ്യും എന്ന താക്കീത് ഭയാനകം എന്നു മാത്രമല്ല, പ്രകോപനപരവും ആയിരുന്നു.

"ഇസ്രായേല്‍ ഭവനമേ, നിങ്ങളെക്കുറിച്ചുള്ള എന്‍റെ വിലാപഗാനം കേള്‍ക്കുവിന്‍. ഇസ്രായേല്‍ കന്യക വീണുപോയി. അവള്‍ ഇനി എഴുന്നേല്ക്കുകയില്ല. അവള്‍ സ്വദേശത്ത് പരിത്യക്തയായി കിടക്കുന്നു. എഴുന്നേല്പിക്കാന്‍ ആരുമില്ല" (ആമോ 5, 1-2), ജോറോബൊവാം രണ്ടാമന്‍റെ കാലത്ത് (ബി. സി. 783-743) സമൃദ്ധിയുടെ ഉച്ചകോടിയില്‍ കഴിഞ്ഞിരുന്ന ഒരു ജനത്തോട് ആമോസ് ഇപ്രകാരം സംസാരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കാരണം പൊതുവേ നോക്കുമ്പോള്‍ സമ്പല്‍സമൃദ്ധിയും ആഡംബരാഘോഷങ്ങളും കാണുന്നിടത്ത്, ദൈവിക ദൃഷ്ടിയിലൂടെ നോക്കുന്ന ആമോസ് ആസന്നമായിരിക്കുന്ന സമൂലനാശം കാണുന്നു. അതിനു കാരണവും പ്രവാചകന്‍ തന്നെ പറയുന്നുണ്ട്.

"ഇസ്രായേല്‍ ആവര്‍ത്തിച്ചു ചെയ്ത തിന്മകള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. അവര്‍ നീതിമാന്മാരെ വെള്ളിക്കു വില്ക്കുന്നു; ഒരു ജോടി ചെരുപ്പിനു സാധുക്കളെയും. പാവപ്പെട്ടവരുടെ തല അവര്‍ പൂഴിയില്‍ ചവിട്ടി മെതിക്കുന്നു. ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിക്കുന്നു. അങ്ങനെ അവര്‍ എന്‍റെ വിശുദ്ധ നാമത്തിനു കളങ്കം വരുത്തുന്നു" (ആമോ 2, 6-7). ദൈവം സ്വതന്ത്രരാക്കിയ മനുഷ്യരെ ഇപ്പോള്‍ സമറിയായിലെ ചന്തകളില്‍ മൃഗങ്ങളെപ്പോലെ ലേലം വിളിച്ചു വില്ക്കുന്നു. അതും ഒരു ജോടി ചെരുപ്പിന്‍റെ വിലയ്ക്ക്! ചെരുപ്പിനെക്കുറിച്ചുള്ള പരാമര്‍ശം ഈ ലേലത്തിനും അടിമക്കച്ചവടത്തിനും ഭരണകൂടത്തിന്‍റെ അംഗീകാരവും അനുമതിയും ഉണ്ടെന്നു സൂചിപ്പിക്കുന്നു. ചെരുപ്പ് കൈമാറുന്നത് മുദ്രപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിന് തുല്യമായ ഒരു പ്രവൃത്തിയായിരുന്നു (റൂത്ത് 4,7). കൊടുത്തു വീട്ടാത്ത കടത്തിന്‍റെ പേരില്‍ അടിമയായി വില്ക്കപ്പെടുന്നവര്‍ക്ക് പിന്നെ കുടുംബമില്ല, അവകാശങ്ങള്‍ ഒന്നും അവശേഷിപ്പിക്കുന്നില്ല. പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടിവന്ന നരകയാതനയിലേക്കാണ് അപ്പനും മകനും ഒരേ യുവതിയെ പ്രാപിക്കുന്നു എന്ന കുറ്റപത്രം വിരല്‍ ചൂണ്ടുന്നത്.

ജനത്തില്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് ഏറ്റം താഴെക്കിടയിലുള്ളവര്‍ക്ക്, നീതി ഉറപ്പുവരുത്തുന്നതായിരുന്നു ഉടമ്പടിയുടെ ഭാഗമായി ദൈവം നല്കിയ സാമൂഹിക നിയമങ്ങള്‍. അവയെ കാറ്റില്‍ പറത്തി, തത്സ്ഥാനത്ത് രാജകീയ നിയമങ്ങള്‍ നിലവില്‍ വന്നു. അവയാകട്ടെ സമ്പന്നര്‍ക്ക് സംരക്ഷണവും ചൂഷണത്തിന് അവസരവും ഉറപ്പുവരുത്തുന്നതായിരുന്നു. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് വീണ്ടും നീതി ഉറപ്പുവരുത്താനുള്ള സംവിധാനമായിരുന്നു രാജ്യത്തെ നീതി-ന്യായ വ്യവസ്ഥ. കോടതികളാണ് നിഷേധിക്കപ്പെട്ട നീതി നേടികൊടുക്കേണ്ടത്. എന്നാല്‍ അവിടെയും അനീതി കടന്നുകൂടി. "നഗരത്തില്‍ ന്യായം വിധിക്കുന്നവരെ അവര്‍ ദ്വേഷിക്കുന്നു. സത്യം പറയുന്നവരെ അവര്‍ ജുഗുപ്സയോടെ നോക്കുന്നു... നിങ്ങള്‍ നീതിമാന്മാരെ പീഡിപ്പിക്കുകയും കോഴവാങ്ങുകയും നിരാലംബര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നു(ആമോ 5, 10-13).

You can share this post!

സ്മൃതി ബോബി

ജോസ് കട്ടികാട
അടുത്ത രചന

ആരാധനാഭാസങ്ങള്‍

മൈക്കിള്‍ കാരിമറ്റം
Related Posts