news-details
കവർ സ്റ്റോറി

വണക്കമാസപ്പുരയിലെ ലുത്തീനിയകള്‍

ഏതാണ്ട് പത്തുപന്ത്രണ്ടുവര്‍ഷക്കാലം താമസിച്ച വൈക്കം, കൊട്ടാരപ്പള്ളി ആശ്രമ ദേവാലയത്തിന്‍റെ ചരിത്രം പഴമക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത് പറയുമ്പോള്‍ അവര്‍ക്ക് എന്തൊരു ആവേശമാണ്! ആശ്രമദേവാലയത്തിന്‍റെ തുടക്കം ഒരു  വണക്കമാസപ്പുരയില്‍ നിന്നാണ് എന്നതാണ് അവര്‍ അടിവരയിട്ട് ആവര്‍ത്തിച്ച് പറയുന്നത്. നിറയെ തോടുകളും പാടങ്ങളും കായലും ഒക്കെയുള്ള ഒരു സ്ഥലത്ത് അല്പം മണ്ണിട്ടുപൊക്കി ഒരു തറയുണ്ടാക്കി ഓലകൊണ്ട് മേല്‍ക്കൂരയും തഴപ്പായകൊണ്ട് നാലു വശങ്ങളും മറച്ച് ഒരു ചെറിയ വീട്. അവിടെ മെയ് മാസത്തില്‍ മാതാവിന്‍റെ ചില്ലിട്ട പസ്കിരൂപം, ജൂണ്‍ മാസത്തില്‍ തിരുഹൃദയ ത്തിന്‍റേത് എന്നിങ്ങനെ രൂപങ്ങള്‍ മാറിമാറി പ്രതിഷ്ഠിച്ചു പ്രാര്‍ത്ഥന നടത്തി. വിശേഷപ്പെട്ട ദിവസങ്ങ ളില്‍ മൈലുകള്‍ വഞ്ചി തുഴഞ്ഞുപോയി ഒരു അച്ചനെ കൊണ്ടുവരും. അച്ചന്‍ അവിടെ കുര്‍ബാന ചൊല്ലും. അങ്ങനെ ഒരു വിശ്വാസിസമൂഹം അവിടെ ബലപ്പെട്ടു വന്നു. ഈ അനുഭവത്തെ പുനഃസൃഷ്ടിക്കാന്‍ അവിടെ താമസിച്ചിരുന്ന സമയത്ത് പള്ളിവികാരിയായിരുന്ന തോംസണ്‍ തെക്കിനിയത്ത് അച്ചനോടൊപ്പം പ്രവര്‍ത്തിച്ചത് ഓര്‍ക്കുന്നു.

മെയ് മാസത്തില്‍ മാതാവിന്‍റെ വണക്കമാസം ആയിരുന്നു വണക്കമാസപ്പുരയില്‍ ആഘോഷിച്ചത്. വൈകുന്നേരം ആകുമ്പോള്‍ കുറെ കുട്ടികളും അമ്മമാരും കുറച്ച് ചേട്ടന്മാരും അവിടെ വരും, ജപമാല ചൊല്ലും, വണക്കമാസം വായിക്കും, സുകൃതജപം ചൊല്ലും. 'നല്ല മാതാവേ മരിയെ' എന്ന പാട്ടുപാടും. അവസാനം ഏതെങ്കിലും ചേട്ടന്മാര്‍ മുണ്ടിന്‍റെ മടിയില്‍ കരുതിയിരുന്ന കടലയോ, മിഠായിയോ കുട്ടികള്‍ക്ക് വിതരണം ചെയ്യും. ഗ്രാമീണ സൗഹൃദത്തിന്‍റെ സുഗന്ധം വണക്കമാസപ്പുരയില്‍ നിറഞ്ഞുനിന്നു. വണക്കമാസം കാലംകൂടുന്ന അന്ന് അമ്മമാര്‍ പാച്ചോര്‍ ഉണ്ടാക്കി വിതരണം ചെയ്യും. മെയ് മാസം കഴിഞ്ഞു ജൂണ്‍ ആയി. മാതാവിന്‍റെ ചിത്രം മാറ്റി തിരുഹൃദയത്തിന്‍റെ സ്ഥാപിച്ചു. പക്ഷേ സ്കൂള്‍ തുറന്നതിനാലും, മഴ ശക്തിപ്പെട്ടതിനാലും അധിക ദിവസം അത് തുടരാനായില്ല. എങ്കിലും തിരുഹൃദയത്തോടുള്ള ജപവും പ്രാര്‍ത്ഥനയും കുര്‍ബാനയുടെ അവസാനം തുടര്‍ന്നു പോന്നു.

നമ്മുടെയൊക്കെ പെരവാസ്തൂലിക്ക് തിരുഹൃദ യത്തിന്‍റെ രൂപമോ, ചിത്രമോ ആശീര്‍വദിച്ച് പ്രതിഷ്ഠിക്കണമെന്നത് നിര്‍ബന്ധമാണ്. വികാരിയച്ചന്‍റെ ഭവനസന്ദര്‍ശന സമയത്തും, ആണ്ടുതോറുമുള്ള വീട് വെഞ്ചെരിപ്പിന്‍റെ സമയത്തും തിരുഹൃദയ പ്രതിഷ്ഠ നടത്തി ഭവനത്തെ വിശുദ്ധീകരിക്കാറുമുണ്ട്. കുടുംബ പ്രാര്‍ത്ഥനകള്‍ക്കായി അപ്പനും അമ്മയും മക്കളും മുട്ടുകുത്തുന്നതും ഈ തിരു ഹൃദയ നടയിലാണ്. വീടിന്‍റെ പ്രധാനപ്പെട്ട നിമിഷ ങ്ങളിലൊക്കെ അതിനു മുമ്പില്‍ മെഴുകുതിരികള്‍ എരിഞ്ഞു നിന്നു. അതുകൊണ്ടുതന്നെ ആദ്യം ഉള്ളില്‍ പതിഞ്ഞ ചിത്രങ്ങളില്‍ ഒന്ന് തിരുഹൃദയത്തിന്‍റേതാണ്. ജൂണ്‍ മാസങ്ങളില്‍ 'തിരുഹൃദയച്ചെടി' എന്ന് വിളിക്കുന്ന ചെടിയുടെ തണ്ടുകള്‍, പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ഫിലമെന്‍റ് ബള്‍ബ് ഫ്യൂസ് ആയി കഴിഞ്ഞാല്‍ അതിന്‍റെ  മൂട് തട്ടിപ്പൊളിച്ച്, അതില്‍ വെള്ളമൊഴിച്ച് രൂപത്തിനു മുമ്പില്‍ തൂക്കിയിട്ട് അലങ്കരിച്ചു പോന്നു. ആദ്യ കുര്‍ബാന സ്വീകരണം കഴിഞ്ഞ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമ്മയോടൊപ്പം പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത്, കുര്‍ബാന സ്വീകരിച്ചു കഴിയുമ്പോള്‍ അമ്മ പറയും 'മിശിഹായുടെ ദിവ്യാത്മാവേ ....' എന്ന തിരുഹൃദ യലുത്തീനിയ ചൊല്ലി പ്രാര്‍ത്ഥിക്കൂ എന്ന്. അങ്ങനെ ചെറുപ്പത്തിലെ പതിഞ്ഞുപോയ ഒരു തിരുഹൃദയ ഭക്തി ഇന്നും മനസ്സില്‍ മായാതെ ജ്വലിച്ചു നില്‍ക്കുന്നു.

തിരുഹൃദയ ഭക്തിയുടെ ചരിത്രത്താളുകള്‍ റഫര്‍ ചെയ്യുമ്പോള്‍ വിശുദ്ധ മാര്‍ഗ്ഗരറ്റ് മേരി അലക്കോക്ക് എന്ന സന്യാസിനിക്ക് ലഭിച്ച ദര്‍ശനങ്ങളുടെ വിവരണങ്ങളില്‍ എത്തിച്ചേരും. 1673- 75 കാലഘട്ടത്തില്‍ ആയിരുന്നു ഇത് സംഭവിച്ചത്. ഈ കാല ഘട്ടത്തില്‍ ഒരു ഡിസംബര്‍ മാസം 27 -മാര്‍ഗരറ്റിനു തിരുഹൃദയത്തിന്‍റെ ദര്‍ശനം കിട്ടി. ഈ ദിവസം വിശുദ്ധ യോഹന്നാന്‍ സുവിശേഷകന്‍റെ ഓര്‍മ്മദിനമാണ്. അന്ത്യാത്താഴ സമയത്ത് യേശുവിന്‍റെ മാറിലേക്ക് ചാരികിടന്ന പ്രിയ ശിഷ്യന്‍റെ ഓര്‍മ്മദിനം. അന്നേദിവസം അവള്‍ക്ക് കിട്ടിയ ദര്‍ശനത്തില്‍ നിന്നാണ് ഇന്ന് നാം വണങ്ങുന്ന തിരുഹൃദയചിത്രം രൂപംകൊണ്ടത്. ദര്‍ശനം ഇങ്ങനെയായിരുന്നു. ഒരു ഹൃദയം, അതിനെ ചുറ്റി മുള്ളുകളുടെ ഒരു വലയം. ഹൃദയത്തിന് മുകളില്‍ അഗ്നിജ്വാലകള്‍. ജ്വാലകള്‍ക്ക് നടുവില്‍  ഒരു കുരിശ്. തീനാളങ്ങള്‍ക്കിടയിലെ ഒരു ഹൃദയമാണത്.

യുക്തിയെക്കാള്‍ ജീവിതം കളര്‍ ആക്കുന്നത് മിക്കവാറും മിത്തുകളാണ്. മനുഷ്യഭാവന ആത്മീയതക്ക്  കൊടുത്ത ഒരു കളര്‍ഫുള്‍ ചിത്രമാണ് തിരുഹൃദയം. തിരുഹൃദയത്തെ നോക്കിയിരിക്കു മ്പോള്‍ മനസ്സില്‍ കടന്നുവന്ന ചില വിചാരങ്ങള്‍ ഇവയൊക്കെയാണ്.

ഒന്ന് : ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ കുന്നു കയറുന്ന അപ്പനും മകനും. മകന്‍ അപ്പനോട് ചോദിക്കുന്നുണ്ട്. 'തീയും വിറകുമുണ്ട്. ബലിമൃഗം എവിടെ?' ലോകം മുഴുവനും വേണ്ടി ബലിയായി തീര്‍ന്ന ദൈവപുത്രന്‍റെ സ്പന്ദിക്കുന്ന തിരുഹൃദയം.

രണ്ട്: മോശ മുള്‍പ്പടര്‍പ്പില്‍ കേട്ടസ്വരം 'ഞാനാകുന്നു.' ദൈവസാന്നിധ്യത്തിന്‍റെ പുതിയനിയമ എഡിഷന്‍ ആണ് തിരുഹൃദയം.

മൂന്ന്:  പഴയ നിയമത്തിലെ വാഗ്ദാന പേടകത്തെ വീട്ടിലേക്ക് കൊണ്ടുവന്ന് പ്രതിഷ്ഠിക്കു ന്നതിന്‍റെ ഓര്‍മ്മയാണ് തിരുഹൃദയ രൂപം. ദൈവം ഒരിടത്ത് മാത്രം കുരുങ്ങിയ ഒന്നായി അവര്‍ സങ്കല്‍പ്പിച്ചിട്ടില്ല. അവരോടൊപ്പം സദാ സഞ്ചരിക്കുന്ന ഒരു ചൈതന്യം. രാത്രി അഗ്നിയായും പകല്‍ മേഘ മായും കൂട്ടുപോകുന്ന ഒരു ദൈവം.

നാല്:  'അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്ന വരും എന്‍റെ അടുക്കല്‍ വരിക ഞാന്‍ ശാന്തശീലനും വിനീതഹൃദയനും ആണ്'

അഞ്ച്:  'ശിഷ്യന്മാരില്‍ വച്ച് യേശുവിന് ഏറ്റവും പ്രിയനായ ശിഷ്യന്‍ അവന്‍റെ മാറോട് ചേര്‍ന്ന് കിടന്നു.'

ആറ്: 'പടയാളികളില്‍ ഒരുവന്‍ കുന്തംകൊണ്ട് അവന്‍റെ വിലാപ്പുറത്തു കുത്തി. ഉടനെ രക്തവും വെള്ളവും പുറത്തുവന്നു.'

ഏഴ്: എല്ലാ അപമാനങ്ങള്‍ക്കും ഒടുവില്‍ സ്നേഹം അതിന്‍റെ കിരീടം ചൂടും എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അവനെ അപമാനിക്കാനായി ശിരസ്സില്‍ അണിയിച്ച മുള്‍ക്കിരീടം ഇപ്പോള്‍ ഹൃദയത്തെ ചുറ്റി നില്‍ക്കുന്നു.

യേശു ഇന്നും നമ്മുടെ വീട്ടകങ്ങളില്‍ സജീവമായി നില്‍ക്കുന്നു. ഈ കുറിപ്പ് എഴുതുമ്പോള്‍ മുറിയിലെ ടേപ്പ് റെക്കോര്‍ഡറില്‍  നിന്നും ഒരു അനുഗ്രഹവര്‍ഷംപോലെ ഗാനഗന്ധര്‍വന്‍റെ ശബ്ദ ത്തില്‍ ആവര്‍ത്തിച്ച് പാടിക്കൊണ്ടിരിക്കുന്നു...

ജ്വാലതിങ്ങും ഹൃദയമേ ദിവ്യ ഹൃദയമേ
സ്നേഹാഗ്നിജ്വാല തിങ്ങും തിരുഹൃദയമേ
തണുത്തുറഞ്ഞൊരെന്‍ ഹൃദയം
തരളമാകുമീ ജ്വാലയില്‍   (ജ്വാല..)
ഇതള്‍ കരിയാതെ പൂവിനുള്ളില്‍
എരിതീ കത്തുന്ന പോലെ (ഇതള്‍..)
തിരുഹൃദയത്തിന്‍ മനുഷ്യസ്നേഹം
മനുഷ്യസ്നേഹം എരിഞ്ഞെരിഞ്ഞുനില്പിതാ
എരിഞ്ഞെരിഞ്ഞുനില്പിതാ (ജ്വാല...)
മരുവില്‍ പണ്ട് ദീപ്തി ചിന്തി
ജ്വലിച്ച മേഘത്തൂണുപോല്‍ (മരുവില്‍..)
മധുരദര്‍ശനസുഖതമല്ലോ സുഖതമല്ലോ
കരുണ തൂകും തിരുഹൃദയം
യേശുമിശിഹാതന്‍ ഹൃദയം (ജ്വാല..)
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ - നീയെന്‍റെ സ്നേഹമായിരിക്കണമേ.

You can share this post!

ഫ്രാന്‍സിസിന്‍റെ അസ്സീസിയില്‍

സക്കറിയ
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts