news-details
ധ്യാനം

കോപത്തിന്‍റെ മുഖങ്ങള്‍

സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പ് നമ്മിലുള്ളകോപം അസ്തമിക്കണമെന്ന് വിശുദ്ധ പൗലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് എവിടെ നോക്കിയാലും പെട്ടെന്ന് കോപിക്കുന്നവരെ കാണാം. ക്ഷിപ്രകോപം ഈ കാലഘട്ടത്തിന്‍റെ തന്നെ ഒരു പ്രത്യേകതയായി മാറിയിരിക്കുന്നു. ചെറിയ കാര്യത്തിനു ഭാര്യയോട് പൊട്ടിത്തെറിക്കുന്ന ഭര്‍ത്താവ്, ഭര്‍ത്താവിനെ പ്രകോപിപ്പിക്കുന്ന വാക്കുകള്‍ പറയുന്ന ഭാര്യ, മക്കളോട് അകാരണമായി കോപിക്കുന്ന മാതാപിതാക്കള്‍, മാതാപിതാക്കളോട് കോപിക്കുന്ന മക്കള്‍, കീഴ്ജീവനക്കാരുടെ നേരെ എടുത്തുചാടുന്ന മേലധികാരികള്‍. അല്പമൊന്ന് ശാന്തമായി ചിന്തിച്ചാല്‍ ഈ കോപത്തില്‍നിന്നൊക്കെ നമുക്ക് മോചനം നേടുവാന്‍ കഴിയില്ലേ? ദിനപത്രങ്ങളില്‍ കാണുന്ന പല കൊലപാതകങ്ങളും പെട്ടെന്നുള്ള കോപത്തില്‍നിന്നുണ്ടാകുന്നതാണ്. പല ദാമ്പത്യബന്ധങ്ങളും തകരുന്നത് മുന്‍കോപത്തിന്‍റെ ഫലമായാണ്. വിവിധങ്ങളായ കോപമേഖലകളില്‍നിന്നും നാം മോചനം പ്രാപിക്കേണ്ടതുണ്ട്.

നാലുവിധത്തിലുള്ള കോപങ്ങളാണ് മനുഷ്യനിലുള്ളത്. ഒന്നാമതായി എന്നോടുതന്നെയുള്ള കോപത്തിലേക്ക് ഒന്നു ശ്രദ്ധിക്കാം. ഒരു സ്ത്രീയായി പിറന്നുപോയതില്‍ കോപിക്കുന്നവരുണ്ട്. എനിക്കു ലഭിച്ച ജീവിതപങ്കാളിയെ ഓര്‍ത്തു കോപിക്കുന്നു. ലഭിച്ച വീട്, ജോലി, മക്കള്‍, കുടുംബം, അവസ്ഥ എന്നിവയിലൊന്നും തൃപ്തിയില്ലാതെ വരുമ്പോള്‍ കോപം ജ്വലിച്ചു തുടങ്ങും. സ്വയം മുറുമുറുക്കാനും പരാതിപ്പെടുവാനും തുടങ്ങുന്നു. ഈ ജീവിതം ഒന്നവസാനിച്ചാല്‍ മതിയായിരുന്നു എന്നു പറയുന്നവരെ കണ്ടിട്ടുണ്ട്. ആന്തരികമായ ഒരു അസ്വസ്ഥതയുടെ അടിമയായി ഞാന്‍ മാറുന്നു. ഇഷ്ടമില്ലാത്ത കാലാവസ്ഥയെക്കുറിച്ചും ഇഷ്ടമില്ലാത്ത ഭക്ഷണത്തെപ്പറ്റിയും ഒക്കെ പരാതികള്‍ ഉയര്‍ന്നു തുടങ്ങുന്നു. ഒരു കാര്യം ഞാനിവിടെ ഓര്‍ക്കണം; എറിയപ്പെട്ട ഒരു കല്ലുപോലെയാണ് ജീവിതം. എവിടെയാണോ കല്ലു വീണത് അവിടെ അത് സ്വസ്ഥമായി കിടക്കണം. ഞാനെവിടെയാണോ, ആ അവസ്ഥയില്‍ ഞാന്‍ സ്വസ്ഥമായി ഇരിക്കുവാന്‍ പഠിക്കണം. എന്നോടുതന്നെയുള്ള കോപത്തില്‍ നിന്ന് ഈ മനോഭാവം എന്നെ രക്ഷിക്കും.

രണ്ടാമതായി, അപരനോടുള്ള കോപമാണ്. അപരന്‍റെ സംസാരവും പെരുമാറ്റവും എന്നെ അസ്വസ്ഥനാക്കി മാറ്റുന്നു. ഞാന്‍ പറയുന്നതു മാത്രമാണ് ശരിയെന്നും മറ്റുള്ളവരെല്ലാം തെറ്റാണെന്നുമുള്ള ചിന്തയാണ് ഈ കോപത്തിനു കാരണം. അപരന്‍റെ അവസ്ഥയിലേക്ക് എന്നെ ഒന്നു വച്ചുനോക്കുക. ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഞാന്‍ ആയിരുന്നെങ്കിലും ഇങ്ങനെതന്നെ പെരുമാറുമെന്ന് ഞാന്‍ കണ്ടെത്തും. ഈ കണ്ടെത്തല്‍ എന്നെ ശാന്തനാക്കും. എന്‍റെ ജീവിതപങ്കാളിയുടെ മാനസികാവസ്ഥ ഞാന്‍ മനസ്സിലാക്കണം. അപരന്‍ വളര്‍ന്നു വന്ന കുടുംബപശ്ചാത്തലം, വൈകാരിക മേഖല എന്നിവയെക്കുറിച്ചു ചിന്തിക്കുക. ഈ ചിന്ത എന്നെ ശാന്തനാക്കും.

മൂന്നാമത്തെ കോപം എന്‍റെ സാഹചര്യങ്ങളോടാണ്. പിറന്നു വീണ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഓര്‍ത്ത് ക്ഷോഭിക്കുന്നവരെ കണ്ടിട്ടുണ്ട്. സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങളെക്കുറിച്ച് അരിശപ്പെടുന്നവരുണ്ട്. മേലധികാരികളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും കോപിക്കുന്നവരുണ്ട്. ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിനപ്പുറമാണ്. അവയെ അതുപോലെ അംഗീകരിക്കണം. നമുക്കു തിരുത്താന്‍ പറ്റാത്തവയെക്കുറിച്ച് അമിതമായി ആകുലപ്പെടരുത്. അവയെ അതിന്‍റെ വഴി വിട്ടേക്കുക.

നാലാമതായി നമുക്കു തോന്നുന്ന കോപം ദൈവത്തോടാണ്. എന്തിന് എന്‍റെ ജീവിതത്തില്‍ ദൈവം ഇങ്ങനെ ചെയ്തു എന്ന് പരിഭവിക്കുന്നവരുണ്ട്. നമുക്കു മനസ്സിലാക്കാന്‍ പറ്റാത്തതെല്ലാം ദൈവത്തിന്‍റെ പേരിലേക്ക് തള്ളിവിടുന്ന രീതിയാണിത്. മറ്റു വഴികളില്ലാതെ വരുമ്പോള്‍ ഇങ്ങനെ പറഞ്ഞുപോകുന്നതാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാട്, സാമ്പത്തിക തകര്‍ച്ച, വിട്ടുമാറാത്ത രോഗം എന്നിവയൊക്കെ സംഭവിക്കുമ്പോള്‍ ആരും ഇങ്ങനെ പറഞ്ഞുപോകും. നമ്മള്‍ അതിരുകള്‍ കാണുന്നവരാണ്. ദൈവം അനന്തതയെ കാണുന്നവനാണ്. നമുക്ക് ശരിയല്ലെന്നു തോന്നുന്ന പലതിന്‍റെയും പിറകില്‍ ദൈവം കാണുന്ന ശരികളുണ്ട്; ഈ തിരിച്ചറിവ് നമ്മെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കും. ശാന്തശീലനായ ക്രിസ്തുവിന്‍റെ മുഖം നമ്മുടെ മനസ്സില്‍ തെളിയട്ടെ. എന്‍റെ ഈ സാഹചര്യത്തില്‍ കര്‍ത്താവായിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ചിന്തിക്കുക. കര്‍ത്താവിന്‍റെ മുഖത്തുനോക്കി യാത്ര തുടരുക.  

You can share this post!

പരിശുദ്ധാത്മാവിലുള്ള ജീവിതം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ദൈവരാജ്യം ബലപ്രയോഗത്തിലൂടെ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts