news-details
മറ്റുലേഖനങ്ങൾ

ഒരൊറ്റ റിയാലിന് ഒരു വില്ലയും ഒരു കാറും ആജീവനാന്ത സൗജന്യ ശമ്പളവും...

സ്കൂളിലേക്കുള്ള ഗതാഗത സൗകര്യത്തിന് ഒരു റിയാലായിരുന്നു വാര്‍ഷിക വരിസംഖ്യ. ആ ഒരൊറ്റ റിയാല്‍ കൊടുക്കാന്‍ വകയില്ലാഞ്ഞതിനാല്‍ സ്കൂളില്‍ പോവാന്‍ പറ്റാതെ ഏറെ വേദനിച്ച ഒരു കുട്ടിക്കാലമായിരുന്നു എന്‍റേത്. അത്ര ദരിദ്രമായിരുന്നു എന്‍റെ കുടുംബം.

ഒരിക്കല്‍ വാഹനവരിസംഖ്യയടയ്ക്കാനുള്ള ഒരു റിയാലിനു വേണ്ടി ദിവസങ്ങളോളം ഞാന്‍ വീട്ടില്‍ കരഞ്ഞു കേണപേക്ഷിച്ചു. വരിസംഖ്യ അടയ്ക്കേണ്ടതിന്‍റെ തലേ ദിവസം ഒരു ചെറിയ സംഭവമുണ്ടായി. പാലസ്തീനിയായ എന്‍റെ അദ്ധ്യാപകന്‍റെ ഒരു ചോദ്യത്തിന് ഞാന്‍ ശരിയുത്തരം പറഞ്ഞു. അതിനദ്ദേഹം സമ്മാനമായി എനിക്ക് തന്നത് ഒരു റിയാല്‍! സഹപാഠികള്‍ കൂട്ടത്തോടെ കയ്യടിച്ചു. അന്നനുഭവിച്ച സന്തോഷം ഇന്നുമെനിക്ക് വാക്കുകളില്‍ വര്‍ണ്ണിക്ക വയ്യ. അടുത്ത ഒരു വര്‍ഷത്തേക്ക് സ്കൂളില്‍ പോവാന്‍ എനിക്ക് മുന്നിലിനി തടസ്സങ്ങളില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ തുള്ളിച്ചാടുകയായിരുന്നു.

എത്രയും പെട്ടെന്ന് ഞാന്‍ വാഹനവരിസംഖ്യയടച്ചു. എന്‍റെ കരച്ചില്‍ പരമാനന്ദത്തിനു വഴിമാറി. കാലക്രമത്തില്‍ വിദ്യാഭ്യാസ ഘട്ടം കഴിഞ്ഞ് ഞാന്‍ ജീവിതത്തിലേക്ക് കടന്നു. പിന്നീട് തൊഴിലും ജീവിതവും മറ്റുമായി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാട്ടിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചൊക്കെ ചെറുതായി ഞാന്‍ മനസ്സിലാക്കി തുടങ്ങി.

ആയിടെയാണ് കുട്ടിക്കാലത്ത് സമ്മാനമായി ഒരു റിയാല്‍ തന്ന ആ പാലസ്തീനി അധ്യാപകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്‍റെ ചിന്തകളില്‍ നിറയാന്‍ തുടങ്ങിയത്. സത്യത്തില്‍ അദ്ദേഹം എനിക്ക് നല്‍കിയ ആ ഒരു റിയാല്‍ വെറുമൊരു ദാനമായി രുന്നോ അതോ ചോദ്യത്തിന് ഉത്തരം നല്‍കിയതിനുള്ള സമ്മാനമായിരുന്നോ! ഇടയ്ക്കിടെ ചിന്തയിലേക്ക് വരുന്ന ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. എങ്കിലും, ഒരു മഹാ പ്രതിസന്ധിയായിരുന്നു അന്നെനിക്ക് മുന്നില്‍ പരിഹരിക്കപ്പെട്ടതെന്ന് എനിക്കോര്‍മ്മയുണ്ട്. ആ ഓര്‍മ്മ, ഒരിക്കല്‍ക്കൂടി ആ സ്കൂളിലേക്ക് തിരിച്ചുപോവാനും എന്‍റെ പ്രിയപ്പെട്ട അധ്യാപകനെ കുറിച്ചന്വേഷിക്കാനും എന്നെ പ്രേരിപ്പിച്ചു.

അന്വേഷണത്തിനൊടുവില്‍, തൊഴിലില്ലാതെ വളരെ ദുരിതം നിറഞ്ഞ അവസ്ഥയില്‍ അദ്ദേഹത്തെ ഞാന്‍ കണ്ടെത്തി. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ പാലസ്തീനിലേക്ക് തിരിച്ചു പോവാന്‍ ഒരുങ്ങുകയായിരുന്നു അദ്ദേഹം.

പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹമെന്നെ തിരിച്ചറിഞ്ഞു. വിശദമായ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം; അദ്ദേഹത്തിനു തിരികെ നല്‍കാന്‍ വര്‍ഷങ്ങളായി കാത്തു സൂക്ഷിക്കുന്ന വളരെ വലിയൊരു കടമുണ്ടെന്‍റെ കയ്യിലെന്നു ഞാന്‍ സൂചിപ്പിച്ചു. അദ്ദേഹം മറന്നുപോയ ആ ഒരു റിയാലിന്‍റെ കഥ ഞാനോര്‍മ്മിപ്പിച്ചു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ നിസ്സാര സംഭവം ഞാനോര്‍ക്കുന്നത് അദ്ദേഹത്തില്‍ കൗതുകം ജനിപ്പിച്ചു. ആ ഒരു റിയാല്‍ മടക്കി തരാന്‍ വേണ്ടിയാണോ ഇത്രയും ദൂരം എന്നെ അന്വേഷിച്ചു വന്നതെന്ന് ആശ്ചര്യത്തോടെ അദ്ദേഹം ചോദിച്ചു.

തുടര്‍ന്ന് അദ്ദേഹത്തോട് എന്‍റെ കാറില്‍ കയറാനും കൂടെ വരാനും ഞാന്‍ അഭ്യര്‍ഥിച്ചു. അല്‍പ്പദൂരം പിന്നിട്ട്, സുന്ദരമായൊരു വില്ലയുടെ മുന്നില്‍ വാഹനം നിര്‍ത്തി, അതില്‍ പ്രവേശിച്ച ശേഷം ഞാന്‍ പറഞ്ഞു:

'എന്‍റെ ഉസ്താദേ.. ഈ ഭവനവും നമ്മള്‍ സഞ്ചരിച്ച വാഹനവും താങ്കള്‍ സ്വയം നിശ്ചയിക്കുന്നൊരു തുകയുടെ ആജീവനാന്ത സൗജന്യശമ്പളവുമാണ് ഞാന്‍ മടക്കിത്തരുന്ന താങ്കളുടെ കടം'

'പക്ഷെ.. ഇത്.. ഇത്... വളരെ വളരെ കൂടുതലാണ്...!!'

അതിയായ ആഹ്ലാദത്തോടെയും ആശ്ച്ചര്യത്തോടെയും അദ്ദേഹം പ്രതിവചിച്ചു.
'എന്നാല്‍, അന്ന് ആ ഒരു റിയാല്‍ താങ്കളെന്‍റെ കയ്യില്‍ വച്ച് തന്നപ്പോള്‍ ഞാനനുഭവിച്ച ആഹ്ളാദം ഇതിനേക്കാള്‍ അനേകായിരം മടങ്ങായിരുന്നുവെന്ന് പറഞ്ഞാല്‍ താങ്കള്‍ വിശ്വസിക്കുമോ!' എന്നായി എന്‍റെ മറുചോദ്യം.

............

2011 ഫെബ്രുവരി 12 ന് അന്തരിച്ച സൗദി ബില്ല്യണേയറായിരുന്ന സാലിഹ് ബിന്‍ അബ്ദില്‍ അസീസ് അല്‍ റാജ്ഹി, പറഞ്ഞ കഥ.

'മറ്റുള്ളവരുടെ മനസ്സില്‍ സന്തോഷം നിറയ്ക്കുക; അവരുടെ ദുരിതങ്ങള്‍ അകറ്റാന്‍ ശ്രമിക്കുക. പ്രതിഫലം പരമദയാലുവില്‍ നിന്നു മാത്രം പ്രതീക്ഷിക്കുക.' എന്ന വാചകത്തിലാണ് അദ്ദേഹം  തന്‍റെ അനുഭവവിവരണം അവസാനിപ്പിച്ചത്.

സാലിഹ് ബിന്‍ അബ്ദില്‍ അസീസ് പൊതുജന സേവനത്തിനായി നീക്കിവെച്ച അനേകം ചാരിറ്റി സംവിധാനങ്ങളുടെ കൂട്ടത്തില്‍ സൗദിയിലെ അല്‍ഖസീം പ്രവിശ്യയില്‍ ഒരീന്തപ്പനത്തോട്ടമുണ്ട്. രണ്ട് ലക്ഷം ഈന്തപ്പനകളുള്ള ഈ തോട്ടം ലോകത്തെ ഏറ്റവും വലിയ ചാരിറ്റിനീക്കിവെയ്പ്പായും ലോകത്തെ ഏറ്റവും വലിയ ഈന്തപ്പനത്തോട്ടമായും ഗിന്നസ് ബുക്ക് രേഖപ്പെടുത്തിയിരിക്കുന്നു. 

You can share this post!

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts