news-details
കവർ സ്റ്റോറി

മനസ്സ് ഒരു മാന്ത്രികക്കൂട്

മാനസികാരോഗ്യപ്രശ്നങ്ങള്‍ നമുക്കിടയില്‍ എത്രമാത്രം ഉണ്ട് എന്നതിന് കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും ലോകജനസംഖ്യയില്‍ 45 കോടിയോളം ജനങ്ങള്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ കാരണങ്ങളാല്‍ കഷ്ടത അനുഭവിക്കുന്നു എന്നതാണ് സത്യം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 2020കളില്‍ വിഷാദരോഗം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അസുഖമായി മാറിയിരിക്കുന്നു, ആഗോളതലത്തില്‍ത്തന്നെ ഈ പ്രശ്നം. വികസിത-വികസ്വര രാജ്യങ്ങളുടെ ചികിത്സാപരിധികള്‍ക്ക് അതീതമായിരിക്കും, ഇതിന്‍റെ ചികിത്സാച്ചെലവ്. അതുകൊണ്ടുതന്നെ നമ്മള്‍ തിരിച്ചറിയാതെ പോകുന്ന മാനസികാരോഗ്യപ്രശ്നങ്ങളിലേക്ക് ഒന്നു ശ്രദ്ധവയ്ക്കുന്നതും മാനസികാരോഗ്യ അഭിവൃദ്ധിക്ക് കുറച്ചുകൂടി പ്രാധാന്യം കൊടുക്കുന്നതും അഭികാമ്യമാണ്.

വിഷാദം

ഈ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതും ഇന്ന് ആബാലവൃദ്ധം ജനങ്ങളിലും സര്‍വ്വസാധാരണയായി കാണപ്പെടുന്നതുമാണ് വിഷാദരോഗം. ഹൃദയാഘാതം, പ്രമേഹം എന്നതുപോലെ ഒരു രോഗാവസ്ഥ തന്നെയാണ് വിഷാദവും. വിഷാദരോഗത്തിന് രോഗി കാരണക്കാരനല്ല എന്നത് വീട്ടുകാരും സുഹൃത്തുക്കളും മനസ്സിലാക്കിയിരിക്കണം. രോഗിയെ അലസന്‍, അധീരന്‍ എന്നിങ്ങനെ മുദ്രകുത്തി അവഗണിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനൊന്നും ചികിത്സ ആവശ്യമില്ല, തനിയേ മാറിക്കോളും എന്നതാണ് പൊതുവേയുള്ള മിഥ്യാധാരണ. രോഗത്തെക്കുറിച്ചുള്ള അജ്ഞതയും അതില്‍നിന്നുണ്ടാകുന്ന അപമാനഭീതിയുമാണ് വിഷാദരോഗത്തെ രോഗമായിക്കണ്ട് അംഗീകരിക്കാന്‍ സമൂഹം മടിക്കുന്നതിന്‍റെ പ്രധാനകാരണങ്ങള്‍. ഒന്നിലും താല്പര്യമില്ലാതിരിക്കുക, ഏകാന്തത, അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ, വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം, അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ചിലപ്പോള്‍ കൂടുതല്‍ വിശപ്പ്, വളരെ കുറച്ചോ കൂടുതലോ കഴിക്കുക, കൂടുതലായോ കുറവായോ ഉറങ്ങുക മുതലായ ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയാതിരിക്കുക.

ഉത്കണ്ഠാരോഗങ്ങള്‍

വളരെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു രോഗമാണ് ഉത്കണ്ഠാരോഗങ്ങള്‍. മാനസികവൈകല്യങ്ങളില്‍ ഏറ്റവും സാധാരണമായത് ഉത്കണ്ഠാ വൈകല്യങ്ങളാണ് (anxiety disorders). ഇത് ഏകദേശം 30% മുതിര്‍ന്നവരെയും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ബാധിക്കുന്നു. ഒരു വ്യക്തിയുടെ വ്യക്തിപരവും തൊഴില്‍പരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ തകരാര്‍ സംഭവിക്കുന്ന തരത്തില്‍, വളരെ കാര്യമായതും അനിയന്ത്രിതവുമായ വികാരങ്ങളാല്‍ പ്രകടമാകുന്ന മാനസികവൈകല്യങ്ങളുടെ ഒരു കൂട്ടമാണ് ഉത്കണ്ഠാ രോഗങ്ങള്‍. അസ്വസ്ഥത, ക്ഷോഭം, കൂടെക്കൂടെയുള്ള ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, നെഞ്ചുവേദന, വയറുവേദന, വിറയല്‍, ഉറക്കക്കുറവ്, വ്യക്തിയെ അടിസ്ഥാനമാക്കി വ്യത്യസ്തമായേക്കാവുന്ന മറ്റു പലതരം ലക്ഷണങ്ങളും ശാരീരികവും ബുദ്ധിപരവുമായ ലക്ഷണങ്ങളും ഉണ്ടാവാം. സാമാന്യവത്കരിച്ച ഉത്കണ്ഠാരോഗം, രോഗ ഉത്കണ്ഠ, പ്രത്യേക ഭയം, സാമൂഹിക ഉത്കണ്ഠ, വേര്‍പിരിയല്‍ ഉത്കണ്ഠ, അഗോറോഫോബിയാ, പാനിക് ഡിസോര്‍ഡര്‍, സെലക്ടീവ് മ്യൂട്ടിസം എന്നുള്‍പ്പെടെ നിരവധി തരത്തിലുള്ള ഉത്കണ്ഠാവൈകല്യങ്ങള്‍ ഉണ്ട്. ചികിത്സാരീതികളില്‍ ജീവിതശൈലി മാറ്റങ്ങള്‍, തെറാപ്പി, മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഒ.സി.ഡി. അഥവാ ഒബ്സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍

സ്വയമായി നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കാന്‍ കഴിയാതെ വേണ്ടാത്ത ചിന്തകള്‍ അകാരണമായി മനസ്സിലേക്ക് കടന്നുവന്ന് നമ്മെ മഥിക്കുന്ന അവസ്ഥയാണ് ഒ സി ഡി. മനസ്സിനെ അനിയന്ത്രിതമായി അലട്ടുന്ന ഇത്തരം പ്രശ്നങ്ങളെ 'ഒബ്സഷന്‍' എന്നും ഇതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രവൃത്തികളെ 'കംപല്‍ഷന്‍' എന്നും പറയുന്നു. തുടര്‍ച്ചയായ കൈകഴുകല്‍, പല്ലുതേയ്ക്കല്‍, കുളി, പാത്രംകഴുകല്‍, തുടയ്ക്കല്‍, വസ്ത്രം അലക്കല്‍ എന്നിവ ചെയ്യുമ്പോള്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത് ഇക്കൂട്ടരില്‍ പ്രത്യേകമായി കാണാം. ശരീരത്തില്‍ അഴുക്കു പറ്റുമോ എന്നു ഭയമുള്ള ഇക്കൂട്ടര്‍ മറ്റുള്ളവര്‍ക്ക് ഹസ്തദാനം ചെയ്യാന്‍പോലും മടിക്കും. ആത്മവിശ്വാസമില്ലായ്മ, അനിയന്ത്രിതമായ ലൈംഗികചിന്തകള്‍, ഉറപ്പില്ലായ്മ, അരക്ഷിതാബോധം, നാളയെക്കുറിച്ചുള്ള അനാവശ്യമായ ആകാംക്ഷ, തന്‍റെ വസ്തുക്കള്‍ നഷ്ടപ്പെടുമോ എന്ന  ചിന്ത, ഉപയോഗശൂന്യവും ആവശ്യമില്ലാത്തതുമായ പഴയ പാത്രങ്ങള്‍, പത്രമാസികകള്‍ തുടങ്ങി ഒരു വസ്തുക്കളും കളയാതെ സൂക്ഷിക്കുക, തലമുടിയില്‍ ശക്തമായി വലിക്കുക, നഖം കടിക്കുക, പ്രത്യേകരീതിയില്‍ ശബ്ദം പുറപ്പെടുവിക്കുക, ഭക്ഷണത്തിനോട് അമിതമായ വിരക്തിയോ ആര്‍ത്തിയോ ഉണ്ടാകുക മുതലായവയും ഒ സി ഡി യുടെ ലക്ഷണങ്ങളാണ്.  സ്വഭാവരൂപവത്കരണത്തിന് ജീവിതശൈലി പുനക്രമീകരണം, യോഗ, സൈക്കോതെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, റിലാക്സേഷന്‍ ട്രെയിനിങ്ങ് എന്നിവയും മരുന്നുകള്‍ക്കൊപ്പം പ്രാധാന്യം അര്‍ഹിക്കുന്നു.

ഈറ്റിംഗ് ഡിസോര്‍ഡര്‍

നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, നമ്മുടെ വികാരങ്ങളെയും ജീവിതത്തിലെ പ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള നമ്മുടെ കഴിവിനെയും പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ഈറ്റിംഗ് ഡിസോര്‍ഡര്‍ അഥവാ ഭക്ഷണക്രമക്കേട്. ഈറ്റിംഗ് ഡിസോര്‍ഡര്‍ എന്നത് ഭക്ഷണത്തോട് അമിതമായ ആര്‍ത്തിയോ അല്ലെങ്കില്‍ വിരക്തിയോ ആകാം. ഒരാള്‍ തന്‍റെ ശരീരത്തിനു വേണ്ടുന്ന അളവിലുള്ള ഭക്ഷണത്തിനേക്കാള്‍ ഏറെ കഴിക്കുന്നതും വേണ്ടുന്ന അളവിനെക്കാള്‍ വളരെ കുറച്ചു കഴിക്കുന്നതും ഭക്ഷണം ഒന്നുംതന്നെ കഴിക്കാതിരിക്കുന്നതും ഭക്ഷണക്രമക്കേടിന്‍റെ പരിധിയില്‍ വരും. ഈറ്റിംഗ് ഡിസോര്‍ഡറിന്‍റെ മറ്റ് വകഭേദങ്ങളാണ് അനോറെക്സിയ നെര്‍വോസ് അഥവാ ഭക്ഷണം വളരെയധികം കുറയ്ക്കുക, ബുളിമിയ നെര്‍വോസ് അല്ലെങ്കില്‍ അധികം ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുക, സിങ്കെ ഈറ്റിംഗ് അഥവാ അസാധാരണമാംവിധം അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ വലിയ അളവില്‍ കഴിക്കുക എന്നിവ. ചികിത്സയിലൂടെയും ജീവിതശൈലി ക്രമീകരണത്തിലൂടെയും ഈ അവസ്ഥയെ മറികടക്കാവുന്നതാണ്.

സ്വഭാവപെരുമാറ്റവൈകാരിക വൈകല്യങ്ങള്‍

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒരു മേഖലയാണ് ശൈശവത്തിലും ബാല്യത്തിലും ഉടലെടുക്കുന്ന സ്വഭാവപെരുമാറ്റവൈകാരിക വൈകല്യങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടവയാണ് പ്രതിപക്ഷധിക്കാരപരമായ ക്രമക്കേട്(Oppositional Defiant Disorder/ODD)പെരുമാറ്റ ക്രമക്കേട് (Conduct Disorder /CD)അമിതവികൃതിയും ശ്രദ്ധക്കുറവും(Attention Deficit Hyperactivity Disorder /ADHD) എന്നിവ. അനിയന്ത്രിതമായ കോപം, പൊതുവിലുള്ള ദേഷ്യസ്വഭാവം, അധികാരികള്‍, മുതിര്‍ന്നവര്‍ എന്നിവരുമായി സ്ഥിരമായുണ്ടാകുന്ന വാദപ്രതിവാദങ്ങള്‍, അധികാരികളുടെ അഭ്യര്‍ത്ഥനയും നിയമങ്ങളും സജീവമായി ധിക്കരിക്കുകയും നിരസിക്കുകയും ചെയ്യുക, മറ്റുള്ളവരെ മനപ്പൂര്‍വ്വം ശല്യപ്പെടുത്തുക, സ്വന്തം തെറ്റുകള്‍ക്കും മോശം പെരുമാറ്റത്തിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുക മുതലായവയാണ് ODD ഉള്ള കുഞ്ഞുങ്ങളുടെ ലക്ഷണങ്ങള്‍. എന്നാല്‍ പെരുമാറ്റ ക്രമക്കേട് ഉള്ള കുഞ്ഞുങ്ങള്‍ ആളുകളെയും മൃഗങ്ങളെയും ആക്രമിക്കുകയും സ്വത്തു നശിപ്പിക്കുകയും മോഷണം, വഞ്ചന മുതലായ പെരുമാറ്റരീതികള്‍ പ്രകടിപ്പിക്കുകയും ചെയ്യും. നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന ഒരു മാനസികരോഗമാണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍(ADHD). ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, അമിതമായ ശാരീരികപ്രവര്‍ത്തനങ്ങള്‍, പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍

മാനസികക്ഷതം അഥവാ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ എന്നത് ഒരു മാനസിക വൈകല്യവും പെരുമാറ്റ വൈകല്യവുമാണ്. ലൈംഗികാതിക്രമം, ഗുരുതരമായ അപകടങ്ങള്‍, കുട്ടിക്കാലത്തെ ലൈംഗികദുരുപയോഗം, ഗാര്‍ഹികപീഡനം, ആഴത്തില്‍ മുറിപ്പെടുത്തിയ ജീവിതാനുഭവങ്ങള്‍, ജീവനു ഭീഷണിയായ സംഭവങ്ങള്‍ മുതലായ കാരണങ്ങളാല്‍ PTSD ഒരാളില്‍ രൂപംകൊള്ളുന്നു. PTSDയുടെ ലക്ഷണങ്ങള്‍ സാധാരണയായി ആഘാതകരമായ സംഭവത്തിനുശേഷം മൂന്നുമാസത്തിനുള്ളില്‍ ആരംഭിക്കുന്നു. അസ്വസ്ഥജനകമായ ചിന്തകള്‍, വികാരങ്ങള്‍, സ്വപ്നങ്ങള്‍, ആഘാതവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍, ഓര്‍മ്മകളുമായി ബന്ധപ്പെട്ട ശാരീരിക മാനസിക അസ്വസ്ഥതകള്‍, ഓര്‍മ്മകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍, ആത്മഹത്യാചിന്തകള്‍ മുതലായവ ലക്ഷണങ്ങളാണ്.

മേല്‍പ്പറഞ്ഞവ കൂടാതെ ഭ്രമാത്മകത, ചിത്തഭ്രമം, സംശയരോഗങ്ങള്‍, മനോജന്യരോഗങ്ങള്‍, ഉന്മാദവും വിഷാദവും മാറിമാറി വരിക, വിഘടിതവൈകല്യങ്ങള്‍, വ്യക്തിത്വവൈകല്യങ്ങള്‍, ചിത്തവിഭ്രാന്തി മുതലായ വിവിധങ്ങളായ മനോരോഗാവസ്ഥകള്‍ കണ്ടുവരാറുണ്ട്. ഇതിന്‍റെയെല്ലാം വെളിച്ചത്തില്‍ നമ്മുടെ സമൂഹം മാനസികാരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ട രീതി മാറ്റേണ്ടതാണ്. ഇതിനുള്ള ഏക പരിഹാരം ആവശ്യമുള്ളപ്പോള്‍ തക്ക സഹായം തേടുകയും ഉടനടി പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നം ഉണ്ടെന്ന് അംഗീകരിക്കുകയും അതിനാവശ്യമായ ജീവിതശൈലിക്രമീകരണം, ഔഷധചികിത്സ, തെറാപ്പി, കൗണ്‍സലിംഗ് മുതലായ സേവനം ഉറപ്പുവരുത്തുകയും ചെയ്യുക.

You can share this post!

സഹായം തേടാന്‍ ധൈര്യമുണ്ടാകട്ടെ

ഫാ. സുബിന്‍ പുഴക്കര എം. എസ്. എഫ്. എസ്.
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts