news-details
കവർ സ്റ്റോറി

അയാളെ കേള്‍ക്കുന്നുണ്ടോ?

"നീ എന്‍റെ ജീവനല്ലേ.."  ഒരു കുഞ്ഞു വഴക്കിന്‍റെ മീതെ ഇരുണ്ടു കൂടിയ പിണക്കം തീര്‍ക്കാന്‍ മോളെ സോപ്പിടാന്‍ ചെന്നതാ, മറുപടി കിട്ടി.

"അല്ല, ഞാനല്ല... അമ്മയാ അച്ചേടെ ജീവന്‍."

"അതെന്താ നീ അങ്ങനെ പറയുന്നേ?"

"അമ്മപറയുന്നതല്ലേ അച്ച കേള്‍ക്കുള്ളൂ."

"ആര് പറഞ്ഞു... നീ പറയുന്നതും ഞാന്‍ കേള്‍ക്കാറുണ്ടല്ലോ..."

"പക്ഷെ അമ്മ പറയുന്നതല്ലേ അച്ച സീരിയസ് ആയി എടുക്കുള്ളൂ."

"ഇത്രേ ഉള്ളാരുന്നോ?" കാര്യം ഒന്ന് തണുപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു

"അല്ല, എപ്പോളും അച്ച  ആദ്യം അമ്മെ അല്ലെ കെട്ടിപ്പിടിക്കുന്നെ?"

നോ കമെന്‍റ്സ്  

"ഇന്നാള് ഞാന്‍ വീണപ്പോ തനിയെ എണീറ്റോളാന്‍ പറഞ്ഞിട്ട് ഇന്നലെ അമ്മ വീഴാന്‍ തുടങ്ങി യപ്പോ അച്ച ഹെല്പ് ചെയ്തില്ലേ.."

"അത് നീ തനിയെ എണീക്കാന്‍ പഠിക്കാന്‍ വേണ്ടി അല്ലെ.."

"പക്ഷെ അച്ച അടുത്തുള്ളപ്പോ അച്ച ഹെല്പ് ചെയ്യണ്ടേ.. സ്കൂളിലൊക്കെ വീഴുമ്പോ ഞാന്‍ തന്നെ അല്ലെ എനിക്കുന്നെ.."

"ഓക്കേ, കഴിഞ്ഞോ.."

'ഇല്ല"

"ഇനിയെന്താ?"

"ഇന്നലെ നമ്മള് ബേക്കറിയില്‍ കയറി ഐ സ്ക്രീം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ അച്ചേടെ ഐ സ്ക്രീം ബാക്കി വന്നപ്പോ അമ്മക്കല്ലേ കൊടുത്തേ"  

"അടിപൊളി.. അതിന്  നിന്‍റെ ഐസ്ക്രീം തീര്‍ന്നില്ലാരുന്നല്ലോ.."

"പക്ഷെ അച്ച എന്നോട് വേണോ എന്ന് ചോദി ക്കണമാരുന്നു.."

മകള്‍ ഒരിക്കല്‍ക്കൂടി എന്‍റെ ബോധി വൃക്ഷ മാകുന്നു...

മനുഷ്യന്‍, മനുഷ്യനോട് ചെയ്യേണ്ട 4 സുകൃതങ്ങളാ അവള്‍ പറഞ്ഞത്

1. അയാളെ കേള്‍ക്കുന്നുണ്ടോ?  

അമ്മ പറയുന്നതല്ലേ കേള്‍ക്കൂ എന്ന് പറഞ്ഞാല്‍ അത് കേള്‍വിയെപ്പറ്റിയാണെന്നു തെറ്റി ധരിക്കരുത്.. അവളുടെ  വാക്കിനു നല്‍കിയ വിലയെപ്പറ്റിയാ.. കേട്ടില്ലെന്നല്ല.. കേട്ടത് കാര്യമായി എടുത്തോ എന്നതാണ് പ്രശ്നം.. പിന്നെ ഉള്ള ഒരു മാനം ഞാന്‍ നിന്‍റെ പ്രിയോറിറ്റി ആണോ എന്നതാ... കേട്ടിരിക്കുന്ന ഒരുവന്‍ പകുത്തു നല്‍കുന്നത് ചെവിയല്ല... ഹൃദയം പോലുമല്ല... ജീവിതം തന്നെയാ... സമയം പകുത്തു നല്‍കുന്നവന്‍ ആയുസു പകുത്തു നല്‍കുന്നവന്‍ തന്നെ... ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു.. എന്നെ കേള്‍ക്കാന്‍ നീ നിക്കുമോ, ഞാന്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു നിനക്ക് പിടികിട്ടുന്നുണ്ടോ.. എങ്കില്‍ ഞാന്‍ നിന്‍റെ ജീവനാ കാന്‍ സാധ്യത ഉണ്ട്..

2. ചേര്‍ത്ത് പിടിക്കുന്നുണ്ടോ?

എന്‍റെ വള്‍നെറബിലിറ്റിഗള്‍ (vulnerabilities) മൊത്തം അറിഞ്ഞിട്ടും നിനക്കെന്നെ ചേര്‍ത്തു പിടിക്കാന്‍ പറ്റുന്നുണ്ടോ? ഈ പുറമെ കാണുന്നതിനപ്പുറം വലിയ കാമ്പൊന്നും ഇല്ലെന്നറിഞ്ഞിട്ടും നിനക്കെന്നെ കെട്ടിപ്പിടിക്കാന്‍ പറ്റുന്നുണ്ടോ? ആനുപാതികമല്ലാത്ത എന്‍റെ മമതകളും,  വിചിന്ത നമില്ലാത്ത ചായ്വുകളും ഒക്കെ കേട്ടിട്ടും നീ എന്നെ മാറത്തു അണയ്ക്കുമോ.. എങ്കില്‍ ഞാന്‍ നിന്‍റെ ജീവനായിരിക്കും..

3. വീണിടത്തു നിന്ന് എണീപ്പിച്ചിട്ടുണ്ടോ?

യൂട്യൂബില്‍ funny video compilation എന്ന് തിരഞ്ഞാല്‍ വരുന്ന വീഡിയോകളില്‍ അധികവും ആളുകള്‍ കാലു തെന്നി വീഴുന്നതാ എന്ന് ഈയിടെ ശ്രദ്ധിച്ച ഒരു കാര്യമാണ് . പണ്ടൊക്കെ ആരെങ്കിലും വീഴുന്നത് കണ്ടാല്‍ ഈശോ എന്നൊരു വിളിയും ഓടി അടുത്ത് ചെല്ലുന്ന ആളുകളും ഒക്കെ ആയിരുന്നു കാഴ്ച്ച. വീണുപോകുമോ എന്ന പേടി വല്ലാണ്ട് ഉണ്ട് മനുഷ്യര്‍ക്ക്.. ജോലിയില്‍, കുടുംബ ജീവിതത്തില്‍, നല്ല പേരില്‍, സാമ്പത്തികത്തില്‍.. എന്തിലെങ്കിലും വീണു പോയാല്‍ ചുറ്റും ഉണ്ടാ കാനിടയുള്ള  ചിരിയെപ്പറ്റി ഒരു മനുഷ്യന്‍ പേറുന്ന ആകുലതക്ക് പറയുന്ന പേരല്ലാതെ എന്താണ് ഈ സ്ട്രെസ് എന്നൊക്കെ പറയുന്നത്. പോട്ടെന്നു പറയാന്‍, പിടിച്ചെണീപ്പിക്കാന്‍ എനിക്കൊരു കരം വേണം..

4. നിന്‍റെ നന്മകളുടെ മധുരം അയാള്‍ക്കു നീട്ടിയോ?

നിന്‍റെ നന്മകള്‍, വിജയങ്ങള്‍ ഒക്കെ ആഘോഷിക്കാന്‍ നീ കൂടെ കൂട്ടുന്ന കൂട്ടാണോ ഞാന്‍? നിന്‍റെ കൂട്ടുകാരനാകണം എനിക്കെന്ന എന്‍റെ ആഗ്രഹത്തെ നിനക്ക് പിടിത്തം കിട്ടുന്നുണ്ടോ?  

ഇതുവരെ ഉള്ള കൗണ്‍സിലിങ് അനുഭവങ്ങളെ ആകെ ഒന്നു ചുരുക്കി എഴുതിയാല്‍ ഈ പറഞ്ഞ തില്‍ ഏതെങ്കിലും ഒന്നിന്‍റെ അഭാവത്തില്‍ നിന്ന് ആരംഭിക്കുകയോ വളരുകയോ ചെയ്ത പ്രതി സന്ധികളാ മനുഷ്യര്‍ക്കു കൂടുതല്‍ പറയാനുള്ളത്.  പ്രതീക്ഷിച്ച ഇടങ്ങളില്‍ നിന്ന് കിട്ടാതെപോയ എന്തിനോടൊക്കെയോ ഉള്ള നിരാശയോടാണ് താന്‍ യഥാര്‍ത്ഥത്തില്‍ ഈ കലഹിച്ചുകൊണ്ടി രിക്കുന്നതെന്നു അവന്‍ തിരിച്ചറിയുന്ന ഒരു സ്റ്റേജ് ഉണ്ട് കൗണ്‍സിലിങ്ങില്‍.. തന്‍റെ പ്രശ്നത്തിന് ഒറ്റമൂലി പ്രതീക്ഷിച്ചു കൗണ്‍സിലറിന്‍റെ അടുത്തെ ത്തുന്നവന്‍, ആ ഒറ്റമൂലി തന്‍റെ തന്നെ ഉള്ളില്‍ നിന്നും കാടും പടര്‍പ്പും വകഞ്ഞുമാറ്റി കണ്ടെ ത്തുന്ന ഒരു പ്രോസസ്സ്.. ചിലപ്പോള്‍ അവന്‍ കാര്യം വിശദമായി പറഞ്ഞു കഴിയുമ്പോള്‍ തന്നെ.. മറ്റു ചിലപ്പോള്‍ ചില ചോദ്യങ്ങള്‍ കൊണ്ട് മറ്റൊരു പെര്‍സ്പെക്റ്റീവില്‍ നോക്കാന്‍ പ്രേരിപ്പിച്ചു.. എന്തായാലും ഉത്തരം തിരയേണ്ടതും കണ്ടെത്തേണ്ടതും ഉള്ളില്‍ നിന്ന് തന്നെ..

എല്ലാം ഉള്ളില്‍ തന്നെയാണേല്‍ പിന്നെ എന്നാത്തിനാ ഈ കൗണ്‍സിലിറിന്‍റെ അടുത്ത് പോകുന്നെ എന്നാണോ ഇപ്പൊ ചിന്തിക്കുന്നത് ?

വലതു വശത്തു വല ഇടാന്‍ ഒരു മുക്കുവനെ ഉപദേശിക്കുന്ന തച്ചനെ പറ്റി വായിച്ചിട്ടില്ലേ ? ദിവസം മുഴുവന്‍ വല എറിഞ്ഞിട്ടും അയാള്‍ വലതു വശത്തു വല ഇട്ടുകാണില്ല എന്ന് ചിന്തിച്ചാലും ഒരു ലോജിക് ഇല്ല.. പിന്നെ എന്തായിരിക്കും സംഭവം? പ്രതീക്ഷക്കൊത്ത വിധം കാര്യങ്ങള്‍ നടക്കാതിരി ക്കുമ്പോള്‍ ഉണ്ടാകുന്ന വികാര വേലിയേറ്റങ്ങള്‍ക്കി ടയില്‍, ദാ ഇവിടെ ഒന്ന് വല എറിഞ്ഞു നോക്കെന്നു പറയാന്‍ ഒരാള്‍ വേണം.. ആഴത്തില്‍ ഉള്ള മീന്‍ എന്ന സാധ്യതയെ അറിയുന്ന ഒരാള്‍.. അയാള്‍ തച്ചനാണെങ്കിലും അയാള്‍ക്കു കടലും കടല്‍ക്ക രയും പരിചയമുള്ള ഇടമാണല്ലോ.  

ആ കൗണ്‍സിലിങ് റൂമിന്‍റെ ഉള്ളില്‍ ലോകത്തുള്ള  എല്ലാ ചോദ്യത്തിനും ഉത്തരം അറിയുന്ന ഒരാള്‍ ആകില്ല സുഹൃത്തേ.. പക്ഷെ രാത്രി മുഴുവന്‍ വല എറിഞ്ഞിട്ടും ഒരു മീന്‍ പോലും കിട്ടിയില്ല എന്ന് നീ പറഞ്ഞു തുടങ്ങുക.. എവിടെ വല ഇടണമെന്ന് അയാള്‍ പറയും.. അവിടെ വല ഇടാന്‍ നീ തയ്യാറാകണം.

You can share this post!

സഹായം തേടാന്‍ ധൈര്യമുണ്ടാകട്ടെ

ഫാ. സുബിന്‍ പുഴക്കര എം. എസ്. എഫ്. എസ്.
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts