news-details
കവർ സ്റ്റോറി

ഇത് മഹത്തായ ഒരു 'ഇതാണ് '

ഒരു എന്‍ സി സി ക്യാമ്പു കഴിഞ്ഞ് തിരിച്ചുവന്ന് ബസിറങ്ങുമ്പോള്‍ രാത്രിയായിരുന്നു. അപ്പോള്‍ നല്ല മഴയും. ബസിലിരുന്നുതന്നെ കണ്ടിരുന്നു കുടയുമായി നില്‍ക്കുന്ന അപ്പച്ചനെ... ചുണ്ടിനിടയില്‍ കടിച്ചുപിടിച്ച ബീഡിയുടെ അറ്റത്തെ ചുവന്ന കനലും...

അപ്പച്ചന്‍റെ കൂടെ ഒരു കുടക്കീഴില്‍, ബീഡിപ്പുകയുടെ മണത്തിനൊപ്പം വരുന്ന ചാരായത്തിന്‍റെ മണവുമറിഞ്ഞ് ബാഗും ചേര്‍ത്തുപിടിച്ച് വീട്ടിലേക്കു നടക്കുമ്പോള്‍ മനസ്സിലും പെയ്യുന്നുണ്ടായിരുന്നു ഒരു മഴ. ഇത്തിരി പൊടിമീശയൊക്കെയായതിനുശേഷം അപ്പച്ചനുമൊത്ത് ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടാ. പണ്ട് നാലാം ക്ലാസില്‍ സ്കൂളില്‍വച്ച്, കാലുളുക്കിയപ്പോള്‍ സ്കൂള്‍ മുതല്‍ വീടുവരെ അപ്പച്ചന്‍റെ തോളില്‍ക്കയറിയിരുന്ന് വന്നതോര്‍ക്കുന്നു. അത്രയും ഉയരത്തിലിരുന്നു കാഴ്ചകള്‍ കണ്ടത് അന്നാദ്യമായിട്ടായിരുന്നു.

കുടയുടെ ഒരു കമ്പി ഇത്തിരി ഒടിഞ്ഞിരുന്നതിനാല്‍ കൊച്ചുമകന് നനയുന്നെന്ന് തോന്നിയ ആ നിമിഷം അപ്പച്ചന്‍ തോളില്‍ക്കൂടെ കൈയിട്ട് ചേര്‍ത്തുപിടിച്ചു. മഴയെ, നിനക്കു നന്ദി;  നീ നിര്‍ത്താതെ പെയ്തതിന്. അല്ലായിരുന്നെങ്കില്‍ ഈ നിറഞ്ഞൊഴുകുന്ന കണ്ണ് അപ്പച്ചന്‍ കണ്ടേനെ... നീ പെയ്തില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു നിമിഷം ഉണ്ടാകില്ലായിരുന്നില്ലല്ലോ.

യുവത്വത്തെപ്പറ്റി എഴുതാനിരുന്നപ്പോള്‍ ഈ ഓര്‍മ്മ മനസ്സിലേക്കു തള്ളിക്കയറിവന്നതെന്തിനെന്ന് മനസ്സിലായില്ല ആദ്യം. ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്: എഴുതേണ്ടത് യുവത്വം നനയുന്ന മഴയെയും അവനു കുടപിടിച്ചു നില്‍ക്കുന്ന നരയെയും അവന്‍റെ കണ്ണുനിറയ്ക്കുന്ന, മനസ്സില്‍ പെയ്തിറങ്ങുന്ന ചേര്‍ത്തുപിടിക്കലിനെയും കുറിച്ചാണെന്ന്.

***

Tabula Rasa - ക്ലിയര്‍ സ്ലേറ്റ്  

മുന്‍വിധിയില്ലാത്ത മനസ്സിനെ സൂചിപ്പിക്കാന്‍ ഫിലോസഫിയില്‍ ഉപയോഗിക്കുന്ന പ്രയോഗം. ഇങ്ങനെവേണം എഴുത്തിനിരിക്കാന്‍ എന്നാഗ്രഹമുണ്ട്. പക്ഷേ, യുവത്വം എന്നതിനോട് എന്തുകൊണ്ടോ ഒരു പറ്റം മുന്‍വിധികളും ചേര്‍ന്നുനില്‍ക്കുന്നുണ്ട്. ഇക്കാലത്തു മാത്രമല്ല അവന്‍റെ കാലത്തും അങ്ങനെതന്നെയായിരുന്നു.

ഒന്ന്: അവന്‍റെ ഭാഷ ഞങ്ങളുടേതുമായി ചേരുന്നില്ല.

രണ്ട്: ഞങ്ങള്‍ കാണുന്നതുപോലെയും പഠിപ്പിക്കുന്നതുപോലെയുമല്ല, അവന്‍  അവന്‍റെ രീതിയിലാ കാര്യങ്ങള്‍ കണ്ടത്. സാബത്തിനെക്കുറിച്ചുള്ള അവന്‍റെ പറച്ചില്‍ കേട്ടില്ലേ?

മൂന്ന്: ഞങ്ങള്‍ കാര്യമായെടുക്കുന്നതിനെയൊന്നും അവന്‍ കാര്യമായി എടുക്കുന്നില്ല. ദൈവാലയത്തില്‍ പോയിരുന്നു പ്രാര്‍ത്ഥിക്കുന്നതിനു പകരം പ്രാര്‍ത്ഥിക്കാനെന്നു പറഞ്ഞ് മല കയറുന്നു... എന്തൊരു ആത്മീയത! തോന്ന്യാസം അല്ലാതെന്ത്!

നാല്: രഹസ്യമായി ഞങ്ങള്‍ ചേര്‍ത്തുനിര്‍ത്തുകയും പരസ്യമായി ഞങ്ങള്‍ കല്ലെറിയുകയും ചെയ്യുന്നവരെ അവന്‍ പരസ്യമായി ചേര്‍ത്തുനിര്‍ത്തുന്നു.

എല്ലാം കഴിഞ്ഞിട്ടൊരു ചോദ്യം: "നിങ്ങളില്‍ആര്‍ക്ക് എന്നില്‍ കുറ്റം ആരോപിക്കാനാവും?"
ശരിയാ ചുങ്കക്കാരായിരുന്നു കൂട്ടുകാരെങ്കിലും അവനെ ഒരു നാണയവും പ്രലോഭിപ്പിച്ചിട്ടില്ല. ഗണികകള്‍ അവനോടൊപ്പം പോയിരുന്നെങ്കിലും അവന്‍ കൂടെയായിരിക്കുമ്പോഴെല്ലാം അവര്‍ 'പ്രകാശത്തിലായിരുന്നു'.. രാത്രിയല്ലായിരുന്നു.
വല്ലാത്തൊരു പഹയന്‍തന്നെ.

***

മുപ്പത്തിയഞ്ചു വയസ്സാകുന്നതിനുമുമ്പേ നരച്ചുതുടങ്ങിയ താടിയും മുടിയും നോക്കി മകളുള്‍പ്പെടെ "അച്ച, വയസ്സനായി" എന്നു പറയുമ്പോഴും ഉള്ളിലൊരു തോന്നലുണ്ടായിരുന്നു; ഇല്ല, ഇത് ആ നരയല്ലെന്ന്. ചിന്തകളിലും കാഴ്ചപ്പാടുകളിലും യുവത്വമുണ്ടെന്ന്. എന്നാല്‍ കഴിഞ്ഞദിവസം ഇരുപതുകാരെ പറ്റി നടന്ന ഒരു ചര്‍ച്ചയില്‍ "ഇവര്‍ക്കൊന്നും ഒരു ബോധവുമില്ലേ" എന്നൊരു കമന്‍റ് വായില്‍നിന്നു വീണപ്പോള്‍ മനസ്സിലായി താടിയും മുടിയും മാത്രമല്ല മനസ്സും നരപിടിച്ചു തുടങ്ങിയെന്ന്.

കഴിഞ്ഞുപോയ കാലം കടലിനക്കരെ...

ഞങ്ങളുടെ കാലം മാത്രമാണ് ശരിയെന്ന കണ്ണട ഊരിവച്ച് കാലത്തെ നോക്കാന്‍ കടവുളേ കാപ്പാത്തുങ്കോ...

ഇത് മഹത്തായ ഒരു 'ഇതാണ്'

യുവജനദിനങ്ങള്‍ വരുമ്പോള്‍ എഴുതിക്കൂട്ടുന്ന ലേഖനങ്ങളില്‍ യുവത്വം എന്ന മഹത്തായ സാധ്യതയെയും അതിന്‍റെ വര്‍ണ്ണങ്ങളെയും ചിറകുകളെയും ക്രിയാത്മകതയെയുംകുറിച്ച് വാചാലമാകുകയും തീന്‍മേശ ചര്‍ച്ചകളില്‍ യുവത്വം സകലവിധ അരാജകത്വവും നിറഞ്ഞതും നൂലുപൊട്ടിയ പട്ടവുമാണെന്നു പറയുകയും ചെയ്യുന്ന ആ കപടത ഇനി നമുക്കു വേണ്ട. ഇത് മഹത്തായ ഒരു ഇതാണെങ്കില്‍, എല്ലാത്തിനുമുള്ളതുപോലെ സാധ്യതയ്ക്കൊപ്പം വെല്ലുവിളികളുമുണ്ട് യുവത്വത്തിന്. വീട്ടിലേക്കുള്ള വഴിയില്‍ ഇരുട്ടും മഴയുമുണ്ടെങ്കില്‍ കുടപിടിച്ച് ഞങ്ങള്‍ക്കു കൂട്ടുവരേണ്ടവര്‍, 'ഇരുട്ടിലും മഴയിലും  ഇവരെന്തിനാ യാത്രപോകുന്നത്' എന്നു ചോദിച്ച് ഞങ്ങളെ തളച്ചിട്ടാലോ...

***

പടിഞ്ഞാറ് മേഘം ഉയരുന്നതു കണ്ട് മഴ വരുന്നുവെന്ന് നിങ്ങള്‍ പറയുന്നു. അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. കപടനാട്യക്കാരെ ആകാശത്തിന്‍റെയും ഭൂമിയുടെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം, എന്നാല്‍ ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തത് എന്തുകൊണ്ട്?

* ജീവിച്ചിരിക്കുന്ന ചുറ്റുപാടുകളുടെ സാംസ്കാരിക - രാഷ്ട്രീയ പൈതൃകങ്ങള്‍ക്കപ്പുറം അറിയാന്‍ സാങ്കേതിക വിദ്യ മാത്രമല്ല, അവ നേരിട്ടനുഭവിക്കാന്‍ യാത്രയും എളുപ്പമായ കാലം.

* വീട്ടില്‍ വരുത്തിയിരുന്ന പത്രങ്ങള്‍ക്കും മാസികകള്‍ക്കുമപ്പുറം അറിവിനെ ബലപ്പെടുത്താന്‍ സാധ്യതയുള്ള കാലം.

* അറിയുന്നതിലെ, പറയുന്നതിലെ, കേള്‍ക്കുന്നതിലെ യുക്തി, ശരി, തെറ്റ് ഒക്കെ തിരിച്ചറിയാന്‍(verify) ഉപാധികളുള്ള കാലം.

* ഏതു കാര്യത്തിന്‍റെയും ഒരു വശം മാത്രമല്ലാതെ മറുവശം കൂടി, അത് ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഒരുവനില്‍ എത്തപ്പെടുന്ന കാലം. ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തെക്കുറിച്ച് കേട്ടറിഞ്ഞ സണ്‍ഡേസ്കൂള്‍ ക്ലാസുകളില്‍ നിന്ന് നേരെയെത്തിയാല്‍ Youtubeല്‍ Evalution Theory, നിര്‍ദ്ദേശമായി (Suggestion) വരുന്ന കാലം.

* എന്തു കാഴ്ചയും കണ്‍മുമ്പിലെത്തുന്ന കാലം.

* ഈ ചുറ്റും വ്യാപരിക്കുന്ന ആളുകളും ആശയങ്ങളും മാത്രമല്ലാതെ ഒരു വെര്‍ച്വല്‍ പാരലല്‍ (Virtual parallel) ലോകവും അവിടെ മുതിര്‍ന്നവര്‍ അറിയാത്ത ആളുകളും ആശയങ്ങളും യുവാക്കളെ സ്വാധീനിക്കുന്ന കാലം. ഞാനുള്‍പ്പെടെയുള്ള 'മുതിര്‍ന്നവര്‍' എന്ന വാഴ്ത്തു കേള്‍ക്കുന്ന ഓരോരുത്തരോടും പറയട്ടെ, സത്യത്തില്‍ വളരെ എളുപ്പമായിരുന്നു നമ്മുടെ കാലം. എന്നിട്ടും നിസ്സാരമല്ലാത്ത പരുക്കുകളൊക്കെ നമുക്കു പറ്റിയെങ്കില്‍ പാവം ഇവര്‍...

പറയാനുള്ളത് യുവത്വത്തോടല്ല,

ഞങ്ങളോടുതന്നെയാണ്. നിങ്ങളുടെ മുമ്പേ നടന്ന ഞങ്ങളോട്...

ആഘോഷം

ഒരിക്കലും അനുഭവിക്കാതെ, സമ്പാദിച്ചുകൂട്ടിവയ്ക്കുന്ന കാഴ്ചപ്പാടില്‍നിന്ന് ഒറ്റജീവിതമെന്ന പുതിയ കാഴ്ചപ്പാടിലേക്ക് മാറിയപ്പോള്‍ ജീവിതം ആഘോഷമാക്കുക എന്നതിനെ രണ്ടുവിധത്തില്‍ സമീപിച്ചു യുവത്വം; സുകൃതം നിറച്ചും, സുകൃതങ്ങളെ ലവലേശം പരിഗണിക്കാതെയും.

ഉയര്‍ന്ന നിയോഗങ്ങളിലേക്ക് തങ്ങളെത്തന്നെ സമര്‍പ്പിച്ച ഇത്തിരികൂടെ മെച്ചപ്പെട്ട നാളെ -തങ്ങളുടെ തന്നെയും മറ്റുള്ളവരുടെയും- എന്ന ലക്ഷ്യത്തിലേക്ക് അത്യദ്ധ്വാനം ചെയ്യുന്ന ചെറുപ്പക്കാര്‍ ഒരുവശത്ത്, ജീവിതം വച്ചുനീട്ടുന്ന എല്ലാ സന്തോഷത്തിലേക്കും അതു നൈമിഷികവും കുറെക്കഴിഞ്ഞാല്‍ തന്നെത്തന്നെ മുറിവേല്പിക്കുന്നതുമാണെന്ന എല്ലാ മുന്നറിയിപ്പുകളെയും അവഗണിച്ച് പറന്നിറങ്ങുന്ന ഈയാമ്പറ്റകളൊക്കെയും ചിലര്‍. പകര്‍ന്നുകൊടുക്കേണ്ടത് ബോധ്യങ്ങളാണെന്നു പറയുമ്പോള്‍ ഒന്നോര്‍ക്കണം, കേട്ടുകൊണ്ടല്ല കണ്ടുകൊണ്ടാണ് അവര്‍ ബോധ്യങ്ങള്‍ രൂപപ്പെടുത്തുന്നത്. ആസ്വദിക്കൂ എന്നു പറയുന്നവരെല്ലാം ചാര്‍വാഗന്‍റെയും എപ്പിക്യൂറിയന്‍റെയും പിന്‍ഗാമികളായി മുദ്രകുത്തപ്പെടരുത്. ത്യജിക്കുവിന്‍ എന്നു പറയുന്നവരെല്ലാം ക്രിസ്തുവോ അസ്സീസിയോ തെരേസയോ ആകുന്നില്ല. നമ്മള്‍ കൂടെ നടക്കുമ്പോള്‍ ശല്യമായും നമ്മുടെ ആശങ്കകളെ പഴഞ്ചന്‍ മനോഭാവത്തില്‍ നിന്നുയരുന്ന സദാചാരമനോഭാവമായും ആകാംക്ഷകളെ പ്രൈവസി(Privacy)യിലേക്കുള്ള നുഴഞ്ഞുകയറ്റമായും താക്കീതുകളെ കലഹമായും തിരുത്തലുകളെ തര്‍ക്കമായും അവര്‍ കാണുന്നെങ്കില്‍ നമ്മള്‍ പറയുന്നതിലോ കേള്‍ക്കുന്നതിലോ എന്തോ കുഴപ്പമില്ലേ. മതി, പറഞ്ഞത്; ജീവിച്ചുകാണിക്കാം. ജീവിതം സുകൃതം നിറഞ്ഞ ആഘോഷമാക്കേണ്ടതെങ്ങനെയെന്ന് ജീവിച്ചു കാണിക്കാം.

നീലാകാശം, പച്ചക്കടല്‍, ചുവന്നഭൂമി

യാത്ര ചെയ്യുന്നവരാണ് ഇന്നിന്‍റെ യുവത്വം. ഒറ്റയ്ക്കും കൂട്ടായും. അറിയപ്പെടുന്ന ഇടങ്ങള്‍  മാത്രമല്ല, അറിയപ്പെടാത്ത ഇടങ്ങള്‍തേടിയും അവര്‍ പുറപ്പെടുന്നുണ്ട്. ഒരു ദിവസത്തില്‍ എത്ര വിളവെടുത്തു എന്നതിന്‍റെ അടിസ്ഥാനത്തിലല്ലാതെ  എത്ര വിത്തുകള്‍ നട്ടു എന്നതിന്‍റെ അടിസ്ഥാനത്തില്‍ക്കൂടി ജീവിതത്തെ വിലയിരുത്തുന്നവര്‍ക്ക് യാത്ര ഒരു എന്‍റിച്ചിങ്ങ് എക്സ്പീരിയന്‍സ് (Enriching experience) ആകുന്നുണ്ട്. എത്തിച്ചേരേണ്ട ലക്ഷ്യത്തേക്കാളുപരി യാത്രയെത്തന്നെ പ്രണയിക്കുന്നവര്‍ക്ക് യാത്ര സമ്മാനിക്കുന്ന അനുഭവങ്ങള്‍ വെളിച്ചമാകുന്നത് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട് ചില ട്രാവല്‍ ബ്ലോഗുകള്‍ കാണുമ്പോഴും നവയാത്രികരുടെ യാത്രാനുഭവ എഴുത്തുകള്‍ വായിക്കുമ്പോഴും. എല്ലാ സൗകര്യങ്ങളും ഒത്തുവരാനൊന്നും കാത്തിരിക്കാതെ Hitch Hiking (ഹിച്ച് ഹൈക്കിങ്) നടത്തിയും സൈക്കിളിലും ബൈക്കിലും എന്തിനു നടന്നുപോലും കാണണമെന്ന് ആഗ്രഹിച്ചു മാത്രമിരിക്കുന്ന കാഴ്ചകളിലേക്കു സഞ്ചരിക്കുന്ന യുവത്വമേ, തുടരുക നിന്‍റെ യാത്രകള്‍.

"പുല്ലാണ് പുസ്തകജ്ഞാനം പുലരിതന്‍
പുല്ലാംകുഴല്‍വിളി വന്നു പുണരവേ;
തോല്‍ക്കുകിലെന്തു പരീക്ഷയില്‍? തെല്ലുമേ-
തോല്ക്കൊലാ സൗഭഗാസ്വാദനത്തിങ്കല്‍ നാം"

എന്ന് ഇടപ്പള്ളി  രാഘവന്‍പിള്ള എഴുതുന്നത് പുലരിയുടെ പുല്ലാംകുഴല്‍ വിളികേള്‍ക്കാതെ മുറിയില്‍ അടച്ചിട്ടിരിക്കുന്നവരെക്കുറിച്ചാകില്ലല്ലോ.

ഒരുപാട് യാത്രചെയ്യുന്നവരുടെ ഗോത്രത്തില്‍ പിറന്നതിനാലാകണം, ജന്മം മുതല്‍ ഒരുപാട് യാത്രചെയ്തതിനാലാകണം അവന് മനുഷ്യനെ മനസ്സിലാക്കാനായത്. കാലാതീതമായി യാത്രചെയ്യുന്ന സുവിശേഷം എല്ലാക്കാലത്തുമുള്ള മനുഷ്യര്‍ക്കായി നല്കാനായത്. യുവാവായ യാത്രക്കാരാ, നിന്‍റെ യാത്രകള്‍ ബാക്കിവയ്ക്കുന്ന സുവിശേഷമെന്താവും? ബാക്കിവയ്ക്കാനൊരു സുവിശേഷമുണ്ടോയെന്നറിയാന്‍ ഉള്ളിലേക്ക് നീയെത്ര യാത്രകള്‍ നടത്തിയിട്ടുണ്ട്...

ചങ്ങലപ്പാട്

ഒരിക്കല്‍ ബന്ധിക്കപ്പെട്ടിരുന്നവന്‍ പൊട്ടിച്ചെറിഞ്ഞ ചങ്ങലയുടെ ഓര്‍മ്മ ശരീരത്തില്‍ പേറുന്നതാണ് ചങ്ങലപ്പാട്. ആ അര്‍ത്ഥത്തില്‍ ചങ്ങലപ്പാട് സ്വതന്ത്രന്‍റെ അടയാളമാണ്. അവന്‍ തിരിച്ചുപോകാന്‍ ആഗ്രഹിക്കാത്ത അടിമത്തത്തെ അവനെ ഓര്‍മ്മിപ്പിക്കുന്ന പാട്. ബൈബിളില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന വാക്ക് 'റബ്ബേ' (Lord)എന്നാണ്. അടിമ തന്‍റെ ഉടമയെ വിളിക്കുന്നതല്ല, മഹത്വത്തിനു മുന്നില്‍ സ്വയം സമര്‍പ്പിച്ചവന്‍ വിലയറിഞ്ഞ് വിളിക്കുന്ന വിളി. ഇങ്ങനെ സ്വയം വിധേയപ്പെടേണ്ട ചിലതുണ്ട്: സ്നേഹിക്കുന്നവന്‍റെ കരുതലിനുമുന്‍പില്‍; നന്മ കാംക്ഷിക്കുന്നവന്‍റെ താക്കീതുകള്‍ക്കു മുന്‍പില്‍; മഹത്തായ ഒരു ആശയത്തിനു മുന്‍പില്‍; സുകൃതമുള്ളൊരു കര്‍മ്മത്തിനു മുന്നിലൊക്കെ. സ്വയം വിധേയനാകുന്നവന് ചങ്ങല വേണ്ടല്ലോ. ഇതിനപ്പുറം, നൈമിഷികവും നശീകരണസാധ്യവുമാണ് എന്നറിയുന്നതിലും യുവത്വം സ്വയം ചങ്ങലയെടുത്തണിയുന്നുണ്ടെങ്കില്‍ സുകൃതമുള്ളയൊന്നിനെ അവന്‍റെ ലഹരിയാക്കാന്‍ ശ്രദ്ധിക്കാതിരുന്ന ഞാനുംകൂടിയല്ലേ അതിന്‍റെ ഉത്തരവാദി.

വായിക്കാനൊരു നല്ല പുസ്തകം
കൊടുക്കാമായിരുന്നു;
അറിവിന്‍റെ അടിമയായേനെ അവന്‍.
പിന്‍ചെല്ലാനൊരു നല്ലയാശയം
കൊടുക്കാമായിരുന്നു;
ചിന്തകളുടെ അടിമയായേനെ അവന്‍.
കൊതിപ്പിക്കുന്ന സ്നേഹം കൊടുക്കാമായിരുന്നു;
മാനവികതയുടെ അടിമയായേനെ അവന്‍.
എന്തിനെങ്കിലും മുന്നില്‍ വിലയറിഞ്ഞ് വിധേയനായവനാണോ നീ? സുകൃതമാണത്. അടിമയാണോ? നിനക്കൊപ്പം ഞാനും മിഴിപൂട്ടാം, കൈകോര്‍ക്കാം. പൊട്ടിച്ചെറിഞ്ഞ ചങ്ങലപ്പാടുമായി എനിക്കു നിന്നെ കാണണം. ഞാന്‍ കൂടി ഉത്തരവാദിയായ ചങ്ങല തീര്‍ത്ത ആ പാടില്‍ എനിക്കൊന്നു ചുംബിക്കണം...

സന്ദേഹി

ദിദീമോസ് ഇരട്ടമനുഷ്യനാണ്. വിശ്വാസത്തിന്‍റെയും സന്ദേഹത്തിന്‍റെയും ഇരട്ടമനുഷ്യനെ ഉള്ളില്‍പ്പേറുന്നുണ്ടോ ഇന്നത്തെ യുവത്വം. പുരോഗമനചിന്താ പ്രസ്ഥാനങ്ങളെന്ന പേരില്‍ ദൈവനിഷേധം യുറ്റ്യൂബില്‍ വന്നു നിറയുന്നതു മാത്രമാണ് ഈ സന്ദേഹത്തിനു കാരണമെന്നു പറഞ്ഞ് കൈകഴുകേണ്ട. അതിനേക്കാള്‍ മൂല്യമുണ്ട് സുവിശേഷം മുന്നോട്ടുവയ്ക്കുന്ന ജീവിതാഭിമുഖ്യങ്ങള്‍ക്കും പകര്‍ന്നുനല്കുന്ന പ്രതീക്ഷകള്‍ക്കുമെന്നു കരുതിയിരുന്ന യുവത്വത്തെപ്പോലും ഇടര്‍ച്ചയിലേക്കു തള്ളിയിട്ടത്, എങ്ങോട്ടു തിരിഞ്ഞുനിന്ന് കുര്‍ബാന ചൊല്ലണം എന്നതിന്‍റെ പേരില്‍ നമ്മള്‍, മുതിര്‍ന്നവര്‍ കാട്ടിക്കൂട്ടിയതൊക്കെത്തന്നെ. ഇതുവരെ നമ്മള്‍ പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം - അള്‍ത്താരയുടെ വിശുദ്ധിമുതല്‍ സഭയെ നയിക്കുന്ന ആത്മാവിന്‍റെ പ്രവര്‍ത്തനംവരെ- അവന്‍റെ മുന്നിലിട്ട് തച്ചുടച്ചപ്പോള്‍ കൂടെ ഉടഞ്ഞത് അവന്‍ കൊണ്ടുനടന്ന ചില  ബോധ്യങ്ങള്‍ക്കൂടിയായിരുന്നു.

വിശ്വാസികളൊരുമിച്ചുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ ദൈവവചനത്തെക്കാള്‍ അന്യമതവിശകലനവും വിദ്വേഷവും നിറഞ്ഞ പോസ്റ്റുകള്‍ കാണുമ്പോള്‍ സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്‍റെ സൃഷ്ടിയെത്തന്നെയാണല്ലോ ഈ വിധിയെഴുതുന്നവന്‍ വിധിക്കുന്നത് എന്ന സന്ദേഹം അവനുണ്ടാകുന്നത് ആരുടെ തെറ്റാണ്? ക്രിസ്ത്യാനിയുടെ എണ്ണവും മറ്റുള്ളവരുടെ എണ്ണവും താരതമ്യം ചെയ്ത് ജാഗരൂകരാകേണ്ടതിനെ ഉദ്ബോധിപ്പിക്കുമ്പോള്‍ It is not the quantity but the quality, he demanded എന്ന് മറന്നുപോകുന്നതെന്തേയെന്ന് അവന്‍ സന്ദേഹപ്പെട്ടാല്‍, ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യന്‍ പദ്ധതി വിഭാവനം ചെയ്യുന്നതു കണ്ട് ഇത്ര ചെറുതോ ദൈവമെന്ന് അവനു തോന്നിയാല്‍ ആരാണതിനുത്തരവാദി? ഈ ചെയ്യുന്നതെന്തെന്നറിയാത്ത ഞാനും നീയുമല്ലാതെ...

Mea Culpa - എന്‍റെ പിഴ

മുട്ടുകുത്തി കുമ്പസാരിക്കുക ദൈവമഹത്വത്തിനുവേണ്ടി എന്നു കരുതി, ദൈവരാജ്യത്തിനുവേണ്ടി എന്നു കരുതി പങ്കുവച്ച പോസ്റ്റുകളില്‍ അവന്‍ ആവര്‍ത്തിച്ചു പറഞ്ഞ സ്നേഹം എന്ന ഒറ്റ സുവിശേഷം ഇല്ലാതെപോയതിന്‍റെ പേരില്‍. അതിനെപ്രതി ഈ ചെറിയവരില്‍ ഒരാള്‍ക്കുണ്ടായ ഇടര്‍ച്ചയുടെ പേരില്‍...

കേട്ടിട്ടുള്ള ഒരു സൂഫിക്കഥകൂടി പറഞ്ഞു നിര്‍ത്താം. മരച്ചുവട്ടില്‍ കാല്‍നീട്ടിയിരിക്കുന്ന യാത്രികനെ സന്ന്യാസി വഴക്കുപറഞ്ഞു. "കിഴക്കോട്ടു കാല്‍നീട്ടിയങ്ങിരിക്കുന്നോ!!! അവിടെ ദൈവത്തിന്‍റെ ദിക്കല്ലേ..." നടന്നുനീങ്ങിയ സന്ന്യാസിയുടെ പിന്നാലെയെത്തി കിതച്ചുകൊണ്ടാണയാള്‍ ചോദിച്ചത്, "ഗുരോ ദൈവമില്ലാത്തൊരു ദിക്ക് കാട്ടിത്തന്നിട്ടു പോകാമോ?  ഒന്നു കാലുനീട്ടിയിരിക്കാനാണ്..."

സംശയിക്കുന്ന തോമസില്‍നിന്ന് വിശ്വസിക്കുന്ന തോമസി (-Doubting Thomas to Confirming Thomas) ലേക്കുള്ള ദൂരം ഒരു ദൈവദര്‍ശനത്തിന്‍റേതാണ്. എന്നിലൂടെയും നിന്നിലൂടെയും അവന്‍ കൈവച്ചു തൊട്ടറിയേണ്ട ദൈവത്തിന്‍റെ, ദൈവദര്‍ശനത്തിന്‍റെ.

You can share this post!

മരച്ചുവട്ടില്‍ അവള്‍ കണ്ണാടി നോക്കുന്നു!

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts