news-details
മറ്റുലേഖനങ്ങൾ

അതിജീവനമല്ല ജീവിതം

"നമ്മുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കേണ്ടത് നാം തന്നെയാണ്. അസ്തിത്വമുണ്ടായിരിക്കുക എന്നു പറഞ്ഞാല്‍ നിങ്ങളുടെതന്നെ ജീവിതത്തെ സൃഷ്ടിക്കുക എന്നാണ്."

സോഫിയുടെ ലോകം - ജസ്റ്റിന്‍ ഗാര്‍ഡര്‍

സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ശാസ്ത്രസാങ്കേതികവിദ്യകള്‍ അനുനിമിഷം മുന്നോട്ടുകുതിക്കുന്നു. സമ്പത്തും ഭൗതികസുഖസൗകര്യങ്ങളും പെരുകുന്നു. പെരുകുന്ന പാതകള്‍ യാത്ര ദുഷ്കരമാക്കുന്നു. തിരഞ്ഞെടുപ്പിന്‍റെ യാതന മനുഷ്യസത്തയെ ചൂഴുന്നു. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ ജീവിതത്തിന്‍റെ അര്‍ത്ഥമെന്തെന്ന ആരായലിനുപോലും ഇടമില്ലാതാകുന്നു. എല്ലാം വാരിക്കൂട്ടുന്നവരാണ് ജീവിതത്തില്‍ വിജയിക്കുന്നതെന്ന ധാരണ പരക്കെയുണ്ട്. ആസക്തികളെ പൂരിപ്പിച്ച് അടുത്തതിന്‍റെ പിന്നാലെ പായുന്നതാണ് വിപണി ഒരുക്കുന്ന സന്തോഷത്തിന്‍റെ മാതൃക. അകംപൊള്ളയായ പെരുമ്പറയുടെ ഭീതിദശബ്ദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ആശയങ്ങളും ദര്‍ശനങ്ങളും ആരെയും പ്രചോദിപ്പിക്കാനായിരിക്കുന്നു.

സമസ്തമേഖലകളിലും മൂല്യരാഹിത്യം ദര്‍ശിക്കാന്‍ സാധിക്കും. താല്‍ക്കാലിക വിജയത്തിനായി എന്തും കൈവിടാന്‍ നാം തയ്യാറാകുന്നു. എന്തധര്‍മ്മവും ചെയ്യാന്‍ മടിയില്ലാത്തവര്‍ ഏറിവരുന്നു. എല്ലാ സാമൂഹികസ്ഥാപനങ്ങളും ദര്‍ശനരാഹിത്യത്തിന്‍റെ ബലക്കുറവ് പേറുന്നു. ധാര്‍മ്മികശക്തി നഷ്ടപ്പെട്ട സമൂഹത്തെ നയിക്കുന്നത് അധാര്‍മ്മികതയുടെ വക്താക്കളാണ്. ചിന്തിക്കുന്നതും പറയുന്നതും പ്രവൃത്തിക്കുന്നതും തമ്മിലുള്ള വൈരുധ്യം ഞെട്ടിക്കുന്നതാണ്. അതിജീവനത്തിന്‍റെ നെടുമ്പാതയില്‍ പകച്ചുനില്‍ക്കുന്ന മനുഷ്യന്‍ ആധുനിക നാഗരികതയുടെ സൃഷ്ടിയാണ്.

"എല്ലാം ദ്രുതഗതിയില്‍ മാറുകയാണ്. ഭീരുത്വം എമ്പാടും സ്വാര്‍ത്ഥലോകത്തെ കാര്‍ന്നുതിന്നുകയാണ്. ഇതു ലോകത്തെയും വീടിനെയും ആരാധനാലയങ്ങളെയും ദൈവങ്ങളെയും നശിപ്പിക്കുന്നു. അവര്‍ സ്നേഹത്തെയും നശിപ്പിക്കുന്നു" എന്നെഴുതിയത് ബെന്‍ ഓക്രിയാണ്. ദ്രുതഗതിയിലുള്ള മാറ്റത്തിന്‍റെ കൊടുങ്കാറ്റ് മൂല്യവത്തായ പലതിനെയും കടപുഴക്കിക്കൊണ്ടിരിക്കുന്നു. മാറ്റം അനിവാര്യമെങ്കിലും സമൂഹത്തെയും ലോകത്തെയും താങ്ങിനിര്‍ത്തേണ്ട തൂണുകളായ ദര്‍ശനങ്ങളും മൂല്യങ്ങളും അസ്തമിക്കുമ്പോള്‍ പ്രത്യാശയില്ലാതാകുന്നു. ഇതെല്ലാം മനുഷ്യസ്വത്വത്തെ അഗാധമായി ഇളക്കിമറിക്കുന്നു. പ്രതിജ്ഞാബദ്ധമായ ജീവിതങ്ങള്‍ പരാജയത്തിന്‍റെ അടയാളങ്ങളായി കരുതുന്നകാലത്ത് വിജയത്തിന്‍റെ നിര്‍വചനങ്ങള്‍ വ്യത്യസ്തമാകുന്നു.

വലിയ വിദ്യാഭ്യാസവും പദവികളുമുള്ളവരും ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസത്തിന് എന്തോ തകരാറുണ്ട്. മതത്തിന്‍റെ പേരിലുള്ള കെട്ടുകാഴ്ചകള്‍ ഏറിവരുമ്പോഴും മാനവികമൂല്യങ്ങള്‍ ക്ഷയിക്കുന്നുവെങ്കില്‍ എന്തോ പ്രശ്മുണ്ട്. രാഷ്ട്രീയവും ഇപ്രകാരം തന്നെ. അനേകമാളുകള്‍ ബലി നല്കി വളര്‍ത്തിയെടുത്തതെല്ലാം പുത്തന്‍കൂറ്റുകാര്‍ 'തീണ്ടി അശുദ്ധമാക്കുകയാണ്.' ജനാധിപത്യമൂല്യങ്ങള്‍ അപകടസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു. അസഹിഷ്ണുതയും അപരവിരോധവും വളര്‍ത്തി താല്‍ക്കാലികനേട്ടങ്ങള്‍ വാരിക്കൂട്ടുന്നു. ഭയത്തിലും മൗനത്തിലും ആണ്ടിരിക്കുന്ന പൗരസമൂഹത്തിന് പുതിയ സുഖത്തിന്‍റെ സന്ദേശം നല്‍കി വിപണി മയക്കിക്കിടത്തുന്നു. ആരും ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. ഏകഭാഷണമെന്ന അശ്ലീലം വായുവില്‍ നിറയുന്നു.

"ഈ ലോകം ഒരു ചന്തയാണ്; എന്തൊരു അവസാനമില്ലാത്ത പരക്കംപാച്ചില്‍" എന്ന് ഏറെക്കാലം മുമ്പേ കുറിച്ച തോറോ എത്ര ശരിയാണ്. ഏവരും ഓടിക്കൊണ്ടിരിക്കുന്നു. അതിനിടയില്‍ വഴുതിപ്പോകുന്നത് ജീവിതംതന്നെയാണ്. ജീവിതവും നിലനില്പും രണ്ടാണ്. അതിജീവനത്തെ ജീവിതമെന്ന് വിളിക്കാനാവില്ല. ജീവിതത്തിന് ഏറെ മാനങ്ങളും ആഴങ്ങളുമുണ്ട്. അതിജീവനം ഏകമുഖമാണ്. തിന്നുംകുടിച്ചും ഭോഗിച്ചും അവസാനിക്കുന്നതാണ്. ഏതു ജീവിക്കും ഇതു സാധ്യമാണ്. എന്നാല്‍ ജീവിതം ഒരു വിടരലാണ്. അത് അപരനിലേക്കും പടരുന്നതാണ്. അത് മൂല്യങ്ങളും കാഴ്ചപ്പാടുകളും സ്വപ്നങ്ങളും കവിതകളും നിറഞ്ഞതാണ്. ആര്‍ജ്ജനം മാത്രമല്ല ജീവിതത്തിന്‍റെ വഴി; വിട്ടുകൊടുക്കലുമാണ്. 'മരണത്തിനുമുമ്പ് ജീവിതമുണ്ടോ?' എന്ന് ഓഷോ ചോദിച്ചത് ഈ അര്‍ത്ഥത്തിലാണ്. അതിജീവനത്തിനുള്ള തന്ത്രങ്ങള്‍ മാത്രം പഠിക്കുന്നവര്‍ ജീവിതത്തെ വഴിയില്‍ ഉപേക്ഷിക്കുന്നു. നാം കാണുന്ന പലതിന്‍റെയും പിന്നില്‍ അതിജീവിക്കാനും വെട്ടിപ്പിടിക്കാനുമുള്ള അദമ്യമായ തൃഷ്ണയാണുള്ളത്.

നമ്മുടെ ആകാശം ചുരുങ്ങിവരുന്നതുപോലെ. 'ഒടിച്ചുമടക്കിയ ആകാശം' എന്നു കവി എഴുതിയത് പ്രവചനാത്മകമാകുന്നു. മതത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ, സംസ്കാരത്തിന്‍റെ. ജീവിതത്തിന്‍റെ... എല്ലാം ആകാശം ഒടിച്ചുമടക്കപ്പെടുന്നു. അധികാരം കേന്ദ്രീകൃതമാകുന്നു; ഏകാധിപത്യസ്വഭാവം പ്രകടമാകുന്നു. അധികാരത്തിലെത്താന്‍ എന്തുമാകാം എന്ന നില വന്നിരിക്കുന്നു. ചങ്ങാത്തമുതലാളിത്തത്തിന്‍റെ ഇരകള്‍ പെരുകിനിറയുന്നു. ചോദ്യം ചോദിക്കുന്നവര്‍ നിശ്ശബ്ദരാക്കപ്പെടുന്നു. 'നിര്‍വികാരിത ഒരു കറുത്ത തുണിപോലെ ഈ ഗ്രാമത്തെ പൊതിഞ്ഞിരിക്കുന്നു' എന്ന് കവി പറഞ്ഞത് അന്വര്‍ത്ഥമാകുന്നു.

ഈ ദശാസന്ധിയില്‍ മയക്കത്തില്‍ നിന്ന് ഉണരുകയാണ് വേണ്ടത്. ധാര്‍മ്മികബലം വീണ്ടെടുത്താലേ ചോദ്യങ്ങള്‍ ചോദിക്കാനാവൂ. ദര്‍ശനങ്ങളും ധാര്‍മ്മികതയും നൈതികതയും കരുത്തുനല്‍കുന്ന സമൂഹമേ തിരുത്തല്‍ശക്തിയായി മാറൂ. അതിജീവനം മാത്രമല്ല ജീവിതമെന്ന തിരിച്ചറിവ് കരുത്താകും. നിര്‍വികാരതയെ തകര്‍ക്കാനുള്ള ധാര്‍മ്മികബലം കൈവരിക്കുന്നവര്‍ ഭാവിയുടെ വക്താക്കളാവും. ചെറിയ പ്രതീക്ഷകളുടെ നാമ്പുകളാണ് ഇപ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നത്.    

You can share this post!

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts