news-details
മറ്റുലേഖനങ്ങൾ

ഞാനൊത്തിരി വളര്‍ന്നുപോയോ?

പ്രശ്നഭരിതമാണ് നമ്മുടെ ചുറ്റുപാടുകളെല്ലാം തന്നെ. എന്താണ് പ്രശ്നം എന്ന് ചോദിച്ചാല്‍ എല്ലാം പ്രശ്നമാണ് അല്ലെങ്കില്‍ എല്ലായിടത്തും പ്രശ്നങ്ങളാണ് എന്നതാകും ലഭിക്കുന്ന ഉത്തരം. ഇന്ത്യയെന്ന രാഷ്ട്രത്തെ നോക്കിയാലും, ഓരോ സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധിച്ചാലും അവിടെയെല്ലാം അനേകം പ്രശ്നങ്ങള്‍ ഉള്ളതായി കാണാന്‍ പറ്റും. രാഷ്ട്രം, രാഷ്ട്രീയം എന്നതില്‍ നിന്നും മാറി നിന്ന് സഭ,  വിശ്വാസം  തുടങ്ങിയ കാര്യങ്ങള്‍ പരി ശോധിക്കുമ്പോഴും പ്രശ്നങ്ങള്‍ ഏറെയുണ്ട് എന്നത് വ്യക്തമാണ്. ഇവയുടെയെല്ലാം നടുവി ലാണ് വലിയ പരിക്കുകള്‍ ഇല്ലാതെ നാം ജീവിക്കുന്നതും നമ്മുടെ അനുദിനവ്യാപാരങ്ങള്‍ നടത്തുന്നതും എന്നതു മറക്കുന്നില്ല.

നാമിപ്പോള്‍ അഭിസംബോധന ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മുടേതിനേക്കാള്‍ മോശമായി നില നിന്നിരുന്ന ഒരു കാലഘട്ടത്തിലെ ഒരു സമൂഹത്തില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്തതിനാല്‍ ഈശോ കൃത്യമായി അവനെ കേട്ടവരോട് പറഞ്ഞു: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാ കുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍" (മത്തായി 18:3-4). അവന്‍റെ വാക്കുകള്‍ പകരുന്ന വ്യക്തത എത്രയോ ആഴമേറിയതാണ്. എങ്കിലും അതിലൂടെ എന്ത് നന്മയാണ് സൃഷ്ടിക്കപ്പെടുക എന്ന സംശയം ഉടലെടുക്കുന്നത് സ്വാഭാ വികമാണ്.

ഞാന്‍ എന്തിനാണ് ഒരു ശിശുവിനെപ്പോലെ ചെറുതാകേണ്ടത്? സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക എന്നതിനൊപ്പം നിങ്ങളെല്ലാവരും സഹോദരന്മാരാണ് എന്ന ഈശോയുടെ വാക്കുകളും നമ്മുടെ മുന്‍പിലുണ്ട്. സഹോദരങ്ങള്‍ ഒന്നുചേര്‍ന്ന് രൂപപ്പെടുന്ന സാഹോദര്യത്തില്‍ ദൈവികതയുണ്ടാകണമെങ്കില്‍ അവിടെ ചെറുതാകാനുള്ള മനസ്സും മനോഭാവവും വേണം. സ്വര്‍ഗത്തിലേക്കുളള വഴി ഇത്തരത്തില്‍ തുറക്കപ്പെടുകയും ചെയ്യും.

പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍ തുടങ്ങിയ വാക്കുകള്‍ രൂപപ്പെടുത്തുന്നവ അത്ര സുഖകരമല്ലാത്ത കാര്യങ്ങളാണ്. ഏതു കാലത്തും ഇതങ്ങിനെയാണ്. എന്നാല്‍ എത്ര വലിയ പ്രശ്നങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇടങ്ങളിലും സ്വയം ചെറുതാകാന്‍ മനസ്സുള്ളവര്‍ക്ക് ജീവിക്കാന്‍ സാധിക്കും എന്നാണ് ഈശോ കാണിച്ചു തന്നിട്ടുള്ളത്. അവന്‍ ആയിരുന്നത് പിതാവായ ദൈവത്തോടൊപ്പമായിരുന്നു. മണ്ണിന്‍റെ മാലിന്യങ്ങളിലൊന്നും സ്പര്‍ശിക്കാതെയുള്ള ജീവിതം. അവിടെനിന്നുമാണ് പുതിയൊരു നിയോഗവുമായി അവന്‍ ഈ മണ്ണിലേക്ക് ഇറങ്ങുന്നത്. അന്നോളമുള്ള ദൈവസങ്കല്‍പമനുസരിച്ച് വളരെ ഉയരത്തില്‍ നില്‍ക്കുന്നതും നില്‍ക്കേണ്ടതുമാണ് അവനിലെ ദൈവത്വം. എന്നാല്‍ അവന്‍ അതെല്ലാം മാറ്റിവച്ചാണ് മണ്ണിലേക്കു വരുന്നത്. മനുഷ്യന് രക്ഷകൊടുക്കാന്‍ മനുഷ്യനാകുന്നതും ചെറുതാകുന്നതുമായ കാര്യം മാറ്റിവച്ച് മറ്റേതെല്ലാം വഴികള്‍ ദൈവത്തിന് തിരഞ്ഞെടുക്കാമായിരുന്നു. പക്ഷേ അവന്‍ മനുഷ്യനാകാന്‍ തീരുമാനിച്ചു. ഈ ചെറുതാകലില്‍ തുടങ്ങുകയാണ് പുതിയ ഒരു ആത്മീയത അല്ലെങ്കില്‍ പുതിയ ഒരു ജീവിതക്രമം. ഈ ചെറുതാകലിന്‍റെ വഴി അല്ലെങ്കില്‍ ജീവിതക്രമം ഇഷ്ടപ്പെടുന്നവരും സ്വീകരിക്കുന്നവരും ഒരു ന്യൂനപക്ഷം മാത്രമാണ്.

എല്ലാവരും വലിയവരാകാന്‍ ശ്രമിക്കുന്നതിന്‍റെ കാഴ്ചകള്‍ എല്ലായിടത്തും കാണാന്‍ സാധിക്കും. ആര്‍ക്കാണ് ചെറുതാകാന്‍ ഇഷ്ടമുള്ളത്? നിസ്സാര സന്യാസ സഹോദരന്മാരുടെ സമൂഹമെന്ന് പൊതുവെ വിളിക്കപ്പെടുന്ന അസ്സീസിയിലെ വി. ഫ്രാന്‍സീസിന്‍റെ പാതയിലൂടെ ക്രിസ്തുവിനെ അനുധാവനം ചെയ്യുന്ന ഞാനുള്‍പ്പെടെയുള്ളവരിലേക്ക് നോക്കുമ്പോഴും കാണാന്‍ സാധിക്കുന്നത് ചെറുതാകാന്‍ താത്പര്യമില്ലാത്തവരെ തന്നെയാണ്. കര്‍ത്താവ് പറഞ്ഞതുപോലെ ചെറുതാകുമ്പോള്‍ ലാഭമൊന്നുമില്ല എന്നതാകാം പ്രധാന കാരണം. ഞാനൊരാളെ സഹോദരനും സഹോദരിയുമൊക്കെയായി കാണുമ്പോള്‍, അവരില്‍ നിന്നും എന്തെങ്കിലും കിട്ടുകയല്ല മറിച്ച് ഞാനവര്‍ക്ക് കൊടുക്കാന്‍ ബാധ്യസ്ഥനാകുകയാണ്. ആത്മീയത, ഭൗതികത തുടങ്ങി ഏതാണ്ട് എല്ലാ മേഖലയിലും ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ മുന്‍പോട്ട് നീങ്ങുന്നത്. വലിയവര്‍ എന്നതിന് പല അര്‍ത്ഥങ്ങള്‍ കൊടുക്കാന്‍ കഴിയും. മാത്രമല്ല, വലിയവര്‍ എന്നതിലൂടെ മനുഷ്യമനസ്സില്‍ കടന്നുകൂടിയിട്ടുള്ള ഭൗതികമായ അനവധി സാധ്യതകളുണ്ട് ഇവയെല്ലാം ഒഴിവാക്കി ഒന്നുമില്ലാത്തവരായി കഴിയാന്‍ ഇന്നത്തെ കാലത്ത് ആരാണ് മനസ്സുകാണിക്കുക? അങ്ങനെയാകാന്‍ ജീവിതവ്രതമെടുത്തവര്‍ പോലും ജീവിച്ചുകാണിക്കുന്നത് അതിന്‍റെ മറുരൂപമല്ലേ.

ഈശോ പറഞ്ഞവയോരോന്നും എത്രയെത്ര പ്രാവശ്യം കേട്ടിട്ടുള്ളവരാണ് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളായ മനുഷ്യര്‍. എന്നിട്ടും വലുതാകുക, വലിയവനാകുക എന്ന ആശയങ്ങളാണ് എപ്പോഴും മേല്ക്കൈ നേടുന്നത് എന്നറിയുമ്പോള്‍ സന്തോഷിക്കാന്‍ വകയൊന്നുമില്ല. ഇത് എനിക്കു മാത്രം തോന്നുന്ന കാര്യമല്ല എന്നാണെന്‍റെ വിശ്വാസം. ക്രിസ്തുവിന്‍റെ പാതയില്‍ ജീവിക്കുന്നവര്‍ എന്ന പറച്ചിലും അതിന്‍ വിപരീതമായ ജീവിതവും നമ്മെ ഒരിക്കലും തലയുയര്‍ത്തി നടക്കാന്‍ സഹായിക്കുകയില്ലല്ലോ. ഞാന്‍ ക്രിസ്തുവിന്‍റേതാണെങ്കില്‍ അവന്‍ ജീവിച്ചതുപോലെ ജീവിക്കാനുള്ള എന്‍റെ പരിശ്രമം എന്നെ അവന്‍ ചെറുതായതു പോലെ ചെറുതാകാന്‍ പ്രേരിപ്പിക്കും എന്നതല്ലേ യാഥാര്‍ത്ഥ്യം.

സ്കൂളില്‍ പഠിക്കാന്‍ തുടങ്ങിയ കാലം ഉള്ളില്‍ കയറിക്കൂടിയതും ഇന്നും ഉള്ളില്‍നിന്നും ഇറങ്ങി പ്പോകാത്തതുമായ ഒരു കാര്യം അവിടെ എല്ലാ ദിവസവും ചൊല്ലിക്കൊണ്ടിരുന്ന പ്രതിജ്ഞയാണ്. പ്രത്യേകിച്ച് അതിന്‍റെ ആദ്യഭാഗം. "ഇന്ത്യ എന്‍റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു." ഞാന്‍ മാത്രമല്ല ഇന്ത്യയിലെ എല്ലാവരും പലവുരു പറഞ്ഞ് ശീലിച്ച വാക്കുകളാണിത്. ഈ പ്രതിജ്ഞ പ്രകാരം എനിക്ക് കോടിക്കണക്കിന് സഹോദരീസഹോദരന്മാരുള്ള ഇന്ത്യയില്‍, അന്ന് ഞാന്‍ എല്ലാവരേയും സ്നേഹിക്കുന്നു എന്ന് ആവര്‍ത്തിച്ച് പറഞ്ഞതിനെ വെറുതെയൊന്ന് ഓര്‍ത്തുനോക്കൂ, ഞാന്‍ പറഞ്ഞതില്‍ എത്രമാത്രം ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെന്നും അല്ലെങ്കില്‍ വെറുതെ പറഞ്ഞതായിരുന്നോ എന്നതും മനസിലാക്കാം.

എല്ലാവരും സഹോദരീ സഹോദരന്മാരായതിനാല്‍ ഇന്ത്യയെന്ന രാജ്യത്തും, "നിങ്ങളെല്ലാം സഹോദരന്മാരാണ്"  (മത്തായി 23:8) എന്ന് ഈശോ പറയുന്നതിനാല്‍ സഭയിലും പ്രശ്നരഹിതമായതും സമാധാനപൂര്‍ണവുമായ ജീവിതാവസ്ഥ യാണ് ഉണ്ടാകേണ്ടത് അല്ലെങ്കില്‍ പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്.  എന്നാല്‍ ഇതല്ല നാം നിത്യേന കാണുന്നതും ജീവിക്കുന്നതുമായ സത്യം എന്നതില്‍ പ്രത്യേക പരാമര്‍ശം ആവശ്യമില്ല. എന്തായിരിക്കാം ഇതിന് കാരണം?

എല്ലാവരും ഒന്നാണ് എന്ന സത്ചിന്തയില്‍ നിന്നുള്ള പടിയിറക്കം തന്നെയാണ് ഒന്നാമത്തെ കാരണമായി എന്‍റെ മുന്‍പിലുളളത്.  പതിയെ പതിയെ കുഞ്ഞുനാളില്‍ ചൊല്ലിയ പ്രതിജ്ഞയുടെ  വൈകാരികമായ അനുഭൂതി ഉള്ളില്‍ അലയടിക്കാതാകുന്നു. കണ്ടുമുട്ടുന്ന ഓരോ വ്യക്തിയേയും ഞാനുണ്ടാക്കിയ എന്‍റേതുമാത്രമായ അളവുകോലു കൊണ്ട് അളക്കുന്നു, ചിലരെ നല്ലവരെന്നും മറ്റു ചിലരെ ചീത്തവരെന്നും വേര്‍തിരിക്കുന്നു, മതത്തിന്‍റെയും, ഭാഷയുടെയും, നിറത്തിന്‍റെയും, രാഷ്ട്രീ യത്തിന്‍റെയുമൊക്കെ ലേബല്‍ പതിച്ച് അവര്‍ക്ക് ഗുണഗണങ്ങള്‍ നിശ്ചയിച്ച് കൊടുക്കുന്നു. ഇങ്ങനെ ഒന്നായ് കണ്ടു കൊണ്ടിരുന്നതിന്നെ പലതായി കാണുവാന്‍ തുടങ്ങുന്നു. കാലക്രമേണ, കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ വലുപ്പച്ചെറുപ്പങ്ങള്‍ രൂപപ്പെടുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം  ചെറുതാക്കപ്പെട്ടവരും വലിയവരെന്നു കരുതുന്നവരും തമ്മില്‍ വലിയ അകലം സംജാതമാകുന്നു.

സുവിശേഷത്തില്‍ നാം ഇപ്രകാരം വായിക്കുന്നില്ലേ, "ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല; ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല. ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍ യജമാനനെപ്പോലെയും ആയാല്‍ മതി" (മത്തായി 10:24-25). വളരെ കൃത്യമാണ് ഈശോ ഉപയോഗിക്കുന്ന വാക്കുകള്‍. അതില്‍നിന്നും ഒന്നും എടുത്തുമാറ്റാനില്ല. ആയ തിനാല്‍, അവന്‍ ജീവിച്ചുകാണിച്ച ഈ വാക്കുകള്‍ ഏതൊരു മനുഷ്യനും സാധ്യമാകേണ്ടതു തന്നെയാണ്. ഇവിടെ ഞാന്‍ ചെയ്യേണ്ടത്, അവന്‍ പറഞ്ഞതിന്‍റെ ഒപ്പം എന്‍റെ ആശയങ്ങളെയും അതില്‍നിന്നും രൂപപ്പെടുന്ന വാക്കുകളെയും ചിന്തകളെയുമൊക്കെ കുറച്ചുകൂടി രാകിമിനുക്കിയെടുക്കാന്‍ തയ്യാറാവുക എന്നതാണ്. പല വലിയവരും അവരുടെ അല്പത്തരങ്ങളെയാണ് വലുതാക്കി മാര്‍ക്കറ്റ് ചെയ്യുന്നത്. അതില്‍ അവര്‍ മിക്കപ്പോഴും വിജയിക്കുന്നുമുണ്ട്. പക്ഷേ അതില്‍ അവരുടെ ഹൃദയം ഇല്ലായെന്നത് തിരിച്ചറിയാനും സാധിക്കും എന്നാലും അതു തുറന്നുപറയാന്‍ ഭൂരിപക്ഷത്തിനും ഭയമാണ്. കാരണം അതിന്‍റെ ഭവിഷ്യത്ത് അത്ര വലുതാണെന്നു നാം തിരിച്ചറിയുന്നു. എന്നാല്‍ അതിനെല്ലാം വിപരീതമായി ഈശോ പറഞ്ഞുതരുന്നതുപോലെ ശിഷ്യനും ഭൃത്യനുമൊക്കെ എത്തിച്ചേരേണ്ടതും ആകേണ്ടതുമായ തലങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞാല്‍ എത്ര കഠിനമാകുന്ന ജീവിതസാഹചര്യങ്ങളെയും അതിജീവിക്കുവാന്‍ പ്രയാസമുണ്ടാകില്ല.

സത്യമായും ജീവനായും തീരേണ്ട നമ്മുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും മറ്റെന്തോ സംഭവിച്ചു പോയി. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ചെറുതാകാന്‍ വിളിക്കപ്പെടുകയും ചെറിയവനായ കര്‍ത്താവിനൊപ്പം ജീവിക്കുകയും ചെയ്യേണ്ടിയിരുന്ന ഞാന്‍ എന്‍റെ വഴിമാറി യാത്ര തുടങ്ങി. ഈ യാത്ര എന്നെ എത്തിക്കുന്നത് എന്‍റെ കാഴ്ചപ്പാടില്‍ വളര്‍ച്ചയിലേക്കാണ് എന്നു ഞാന്‍ കരുതുമ്പോള്‍, ആരെയൊക്കയോ ഞാന്‍ ചവിട്ടിതാഴ്ത്തുന്നുണ്ട് എന്നത് ഓര്‍ക്കാതെ പോകുന്നു. ശരിക്കും വലിയവനായ കര്‍ത്താവ് അവന്‍ വലിയവനാണെന്ന രീതിയിലല്ല മനുഷ്യരോട് ഇടപഴകിയത് എന്നത് എത്ര സുന്ദരമായ ചിത്രമാണ് നമുക്ക് നല്‍കുന്നത്. അവന്‍റെ അരികിലെത്തിയ ഏറ്റവും നിസ്സാര രായവര്‍ക്ക് അവന്‍ കൈമാറിയ ദൈവാനുഭവം വര്‍ണനാതീതമല്ലേ. ഈ മാതൃക സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ കൈമാറുന്നത് സുവിശേഷമല്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.

പ്രശ്നങ്ങളും പ്രതിസന്ധികളുമില്ലാത്ത ജീവിതം കൊതിക്കുന്നവര്‍ക്ക് എക്കാലത്തും ലഭിക്കുന്നത് അതിന്‍റെ വിപരീതം മാത്രം. ചെറിയ ചെറിയ സംഘര്‍ഷങ്ങള്‍ അതു വലുതായി കലാപമായി മാറിയ മണിപ്പൂരിലെ മനുഷ്യരെ വെറുതെയൊന്ന് ഓര്‍ത്തുനോക്കൂ. അവിടെ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികളില്‍ എല്ലാം നഷ്ടപ്പെട്ട കുറേയേറെ സഹോദരങ്ങളെ  ഓര്‍മ്മിക്കുകയും അവരുടെ ദുഃഖത്തില്‍ ഹൃദയപൂര്‍വം പങ്കുചേരുകയും ചെയ്യുമ്പോഴും അതില്‍ നിന്നും പലവിധത്തില്‍ ലാഭം കൊയ്യുന്ന കുറേപ്പേര്‍ അവിടെ ഉണ്ടെന്നുള്ള വസ്തുത കാണാതിരിക്കരുത്. ഇതാണ് ലോകവും അതിന്‍റെ രീതിയും.

ഒടുവില്‍ ഞാന്‍ എന്നിലേക്കാണല്ലോ നോക്കേണ്ടത്. ഞാനെങ്ങിനെയാണ് എന്‍റെ ജീവിതത്തെ ക്രമപ്പെടുത്തിയിരിക്കുന്നത്? ദൈവികതയെ മാറ്റി എത്ര ചെറുതാകാമോ അത്രയും ചെറുതാവുകയും അതിനൊപ്പം പൂര്‍ണമനുഷ്യനായി ഈ മണ്ണില്‍ ജീവിച്ച ക്രിസ്തുവിന്‍റെ ജീവിതമാകുന്ന സുവിശേഷമാണോ, അതോ അവന്‍ ആദ്യം തന്‍റെ പിതാവിനോടൊപ്പം ആയിരുന്ന അവസ്ഥയാണോ ഞാന്‍ കൊതിക്കുന്നത്? ഇവിടെ കിട്ടുന്ന ഉത്തരം എല്ലാം പറയും; ഞാനൊത്തിരി വളര്‍ന്നു പോയോ, അതോ അവനോളം ചെറുതായോ എന്ന്.

You can share this post!

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts