news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഫ്രാന്‍സിസിന്‍റെ ക്രൈസ്തവ ജീവിത സാക്ഷ്യം

ഫ്രാന്‍സിസിന്‍റെ ക്രൈസ്തവ ജീവിത സാക്ഷ്യവും, അത് ക്രമേണ, ദൈവം ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കുമ്പോള്‍ മാത്രം, എങ്ങനെയാണു വിശ്വാസ പ്രഘോഷണത്തിലേക്കു കടക്കുന്നതെന്ന രീതിയുമാണ് നാം കണ്ടുവരുന്നത്.  ഫ്രാന്‍സിസ്കന്‍ ചരിത്രപണ്ഡിതനായ Laurent  Gallant, "Francis  of  Assisi, Forerunner  of  Interreligious  Dialogue,' എന്ന ലേഖനത്തില്‍, "Regula  non  bullata' - യിലെ പതിനാറാം അധ്യായത്തിലെ ഏഴാം വാക്യത്തില്‍ 'പകര്‍ത്തിയെഴുത്തിലെ' ഒരു പിശക് "textual  criticism' എന്ന സങ്കേതത്തിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലാറ്റിന്‍ഭാഷയില്‍  രചിക്കപ്പെട്ട ഈ മൂലകൃതി, ഇംഗ്ലീഷിലേക്കു വിവര്‍ ത്തനം ചെയ്യുമ്പോള്‍ "in' എന്ന ഒരു അധിക "preposition' ചേര്‍ക്കാറുണ്ട്. ഏകദേശം പതിനേഴാം നൂറ്റാണ്ടു മുതലുള്ള വിവര്‍ത്തനങ്ങളിലാണ് ഇങ്ങനെ കാണപ്പെടുന്നതെന്നാണ് Gallant - ന്‍റെ ഗവേഷണം ചൂണ്ടിക്കാണിക്കുന്നത്. ഇത് വിവര്‍ത്തകന്‍റെ പിശകാണ്, രചയിതാവായ ഫ്രാന്‍സിസിന്‍റേതല്ല എന്നതാണ് കണ്ടെത്തല്‍. ഈ ഭാഗം പകര്‍ത്തിയ ഭൂരിഭാഗം എഴുത്തുകാരും, ക്രൈസ്തവ 'വിശ്വാസപ്രമാണം' (Creed) എന്ന പരിചിതമായ ടെക്സ്റ്റുമായി ഇതിനെ ബന്ധിപ്പിച്ചു എന്നതാണ് ഇങ്ങനെയൊരു '"copyist  error'' സംഭവി ക്കാനുള്ള കാരണം. ചിരപരിചിതമായ"Credo  in  unum  Deum  omnipotentum' (സര്‍വ്വശക്തനായ ഏക ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു) എന്ന് തുടങ്ങുന്ന ക്രൈസ്തവ വിശ്വാസപ്രമാണത്തിലെ "in'  ഫ്രാന്‍സിസിന്‍റെ രചനയുടെ പരിഭാഷയെ സ്വാധീനിച്ചു എന്നാണ് Gallant കണ്ടെത്തുന്നത്.Kajetan  Esser, David  Flood  എന്നിങ്ങനെയുള്ള വിഖ്യാതരായ പണ്ഡിതരും ഈ പഠനങ്ങള്‍ക്ക് വഴി തെളിച്ചവരാണ്.

"Regula  non  bullata' -യിലെ പതിനാറാം അധ്യായത്തിലെ ഏഴാം വാക്യം, Gallant നാലു ഭാഗങ്ങളായി തിരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ അത് വിശ്വാസത്തിന്‍റെ നാലു പ്രമാണങ്ങളാണ്. അതിലെ രണ്ടെണ്ണം, ക്രിസ്ത്യാനികളും മുസ്ലിംകളും വിശ്വസിക്കുന്ന പൊതുവായ വിശ്വാസപ്രമാണങ്ങളാണ്; എന്നാല്‍ മറ്റു രണ്ടെണ്ണം വിശേഷാല്‍ ക്രിസ്തീയ വിശ്വാസത്തിന്‍റെ പ്രമാണങ്ങളും. അതിന്‍റെ ഹ്രസ്വമായ ലാറ്റിന്‍ പാഠം ചുവടെ ചേര്‍ക്കുന്നു:

.... ut  Credant
1. Deum  omnipotentem,
2. Patrem  et  Filium  et  Spiritum  Sanctum,
3. creatorem  omnium,
4 . redemptorem  et  salvatorem  Filium. 

മുകളില്‍ കാണുന്ന തരംതിരിക്കലില്‍ ഒന്നാമത്തെയും, മൂന്നാമത്തെയും പ്രമാണങ്ങള്‍ ക്രൈസ്തവരും മുസ്ലിംകളും പൊതുവായി വിശ്വസിക്കുന്നവയാണ്. എന്നാല്‍ രണ്ടാമത്തെയും നാലാമത്തെയും അനന്യസാധാരണമായ (exclusive) ക്രിസ്തീയ വിശ്വാസപ്രമാണങ്ങളാണ്.  Gallant ഈ വാക്യത്തെ പകര്‍ത്തെഴുത്തിലെ തെറ്റ് കൂടാതെ എഴുതിയിരിക്കുന്നത്, വീണ്ടും ഈ ലേഖകന്‍റേതായ ഒരു  പരിഭാഷയില്‍ തെറ്റുണ്ടാകാ തിരിക്കാനുള്ള ഒരു മുന്‍കരുതലെന്നോണം ഇംഗ്ലീഷില്‍ തന്നെ ചേര്‍ക്കാമെന്നു കരുതുന്നു.

 ... in  order  that  they  [the  Saracens  and  other  non -believers] may  believe
1. that  [A]lmighty  God  [in  which  they  already  believe]
is  Father, Son, and  Holy  Spirit ,
2. that  the  Creator  of  all  [in  which  they  also  already  believe]
is  the  Son  [i.e., God's  creating  Word],
who  is redeemer  and  Savior.

ചുരുക്കത്തില്‍, 'സര്‍വശക്തനും, സര്‍വത്തിന്‍റെയും സ്രഷ്ടാവുമായ ദൈവം' എന്നത് ഇരുകൂട്ടര്‍ക്കും പൊതുവായതും, എന്നാല്‍  'ത്രീയേക ദൈവം, രക്ഷകനും വിമോചകനും ആയ പുത്രന്‍' എന്നത് ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രത്യേകതയുമാണ്. ഇവിടെ Gallant ഫ്രാന്‍സിസിന്‍റെ ഈ ഊന്നലിന്‍റെ  പ്രത്യേകത എടുത്തുപറയുന്നുണ്ട്. ഫ്രാന്‍സിസിന്‍റെ കാലഘട്ടത്തിലെ ക്രിസ്ത്യാനികള്‍ പൊതുവെ ക്രിസ്തീയ വിശ്വാസത്തിന്‍റെ പ്രത്യേകത ആദ്യമേ തന്നെ  ഖണ്ഡിതമായി പറയുകയും, അതിലൂടെ ക്രൈസ്തവരും മുസ്ലിംകളും തമ്മിലുള്ള വ്യത്യസ്തകള്‍ ഊന്നിപ്പറയുകയുമായിരുന്നു പതിവ്. ഇത് പലപ്പോഴും മുസ്ലിംകളുടെ വിശ്വാസത്തെ ആക്ഷേപിക്കുക എന്ന രീതിയിലുമായിരുന്നു. എന്നാല്‍ ഫ്രാന്‍സിസിന്‍റെ ശൈലി നേരെ വിപരീതവും. ഫ്രാന്‍സിസ് തുടങ്ങിയത് ഇരുകൂട്ടരും  പൊതുവായി വിശ്വസിക്കുന്ന 'സര്‍വശക്തനും സ്രഷ്ടാവുമായ' ദൈവത്തില്‍ നിന്നാണ്.

ഫ്രാന്‍സിസ്കന്‍ മതാന്തര സംഭാഷണത്തിന്‍റെ സവിശേഷതകളിലൊന്നായാണ് 'പൊതുവിശ്വാസം കണ്ടെത്താനുള്ള ഈ മുന്‍ഗണന തിരഞ്ഞെടുപ്പിനെ' അമേരിക്കന്‍ ഫ്രാന്‍സിസ്കനും, വാഗ്മിയും പണ്ഡിതനുമായ Daniel  Patrick  Horan കാണുന്നത്. ഇങ്ങനെ പൊതുവിശ്വാസ പ്രമാണങ്ങള്‍ക്ക് ഊന്നല്‍ നല്കാന്‍ Gallant  -ന്‍റെ പഠനങ്ങള്‍ സഹാ യിച്ചിട്ടുണ്ട് എന്നാണ് Horan  -ന്‍റെ അഭിപ്രായം. ഈ പഠനങ്ങള്‍ തീര്‍ച്ചയായും പ്രമാണ പരമായ യോജിപ്പിലൂടെ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മിലുള്ള ഐക്യത്തിലെത്താന്‍ ഒരു പ്രാരംഭ കാരണമാകും എന്നാണ് Horan -ന്‍റെ നിഗമനം. അതേസമയം, സഹോദരങ്ങള്‍ക്ക് ആത്മീയമായി പ്രവര്‍ത്തിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തതാണ് ഫ്രാന്‍സിസിന്‍റെ ഈ രണ്ടാമത്തെ രീതിയെന്നാണ്  Cusato -യുടെ നിഗമനം. അദ്ദേഹം ഈ രീതിയെ വിളിക്കുന്നത്, 'നേരിട്ടുള്ള സാക്ഷ്യത്തിന്‍റെ വഴി' എന്നാണ്. ഈ സാക്ഷ്യത്തെ ഈമെീേ കാണുന്നതിങ്ങനെയാണ്:

'ത്രിയേക ദൈവത്തിലുള്ള വിശ്വാസത്തിനും, ക്രിസ്തുവിലുള്ള രക്ഷയ്ക്കും, ക്രിസ്തുവിലേ ക്കുള്ള സ്നാനത്തിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള അവരുടെ (സാരസന്‍സിന്‍റെ) വീക്ഷണത്തിനും സാക്ഷ്യം വഹിക്കുന്നതിന്, ആത്മാവ്  പ്രേരിപ്പിച്ചാല്‍ ദൈവവചനം പ്രഘോഷിക്കുക. ഫ്രാന്‍സിസ് ഊന്നല്‍ നല്‍കിയത് മറ്റ് വിശ്വാസങ്ങളെ നിന്ദിക്കുന്നതിലല്ല, മറിച്ച് 'നിങ്ങളുടെ ഉള്ളിലുള്ള പ്രത്യാശയുടെ' സാക്ഷ്യം നല്‍കാനാണ് (1 Pt 3:15). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ ധസഹോദ രന്മാര്‍പ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്നും, നിങ്ങള്‍ എന്തുകൊണ്ടാണ് ലോകത്തെ ഇങ്ങനെ വീക്ഷിക്കുന്നതെന്നും, മറ്റുള്ളവരുടെ വിശ്വാസത്തെ അവമതിക്കാതിരിക്കുകയും ചെയ്യുന്നതെന്തിനാണെന്നു  നിങ്ങള്‍ വിശദീകരിക്കുക.'

"Regula  non  bullata' -യിലെ പതിനാറാം അദ്ധ്യായത്തില്‍ കാണുന്ന ക്രൈസ്തവ സാക്ഷ്യ ത്തിന്‍റെ രണ്ടു രീതികളെയും സ്പഷ്ടമാക്കുന്ന ദൈവ വചനഭാഗങ്ങളുടെ സംപ്ക്ഷിക്തം 'പീഡനമേല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍' എന്ന വചനത്തില്‍ അധിഷ്ഠിതമാണ്. ക്രൈസ്തവ സാക്ഷ്യം നല്‍കുന്നവര്‍ക്ക് ഉറപ്പായുള്ള പ്രതിഫലം പീഡനമോ, മരണമോ ആണ്. സ്വീകരണമോ തിരസ്കരണമോ അല്ല സാക്ഷ്യത്തിന്‍റെ മാനദണ്ഡം. അപ്പോള്‍ എന്തിനാണ് ഫ്രാന്‍സിസ് സഹോദരന്മാരെ സാരസെന്‍സിനടുത്തേക്ക് അയയ്ക്കുന്നത്? രക്തസാക്ഷിത്വം വരിക്കാനാണോ ഫ്രാന്‍സിസ് തന്‍റെ സഹോദരന്മാരെ പ്രേരിപ്പിച്ചത്?

ഫ്രാന്‍സിസ് തന്‍റെ സഹോദരന്മാരെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നുണ്ട്: 'ക്രിസ്തുവി നോടുള്ള സ്നേഹത്തെ പ്രതി' നിങ്ങള്‍ സാരസന്‍സിന്‍റെ അടുത്തേക്ക് പോവുക. RegNB: 16:11) തീര്‍ച്ചയായും ആദ്യപടിയായി അവരെ അയയ്ക്കാനുണ്ടായ  പ്രേരകശക്തി സഹിക്കാനോ, പീഡനമേല്‍ക്കാനോ അല്ല, മറിച്ചു, സാരസെന്‍സിന്‍റെ ഇടയില്‍ സഹോദരന്മാരുടെ എളിയ സേവനം വഴിയായി നിര്‍വ്യാജമായ  സമാധാനം സ്ഥാപിക്കുക എന്നതായിരുന്നു. കുരിശുയുദ്ധക്കാരുടെ ഹിംസയുടെയും യുദ്ധത്തിന്‍റെയും ദുഷ്ചെയ്തികള്‍ക്കു വിരുദ്ധമായി ക്രിസ്തുമാര്‍ഗത്തിന്‍റെ സത്യമായ മുഖം ഇവരുടെ സാക്ഷ്യത്തിലൂടെ  നല്‍കുക എന്നതായിരുന്നു ഫ്രാന്‍സിസ് തന്‍റെ സഹോദരന്മാരെ സാരസെന്‍സിനിടയിലേക്കു അയച്ചതിന്‍റെ ഉദ്ദേശ്യം. രക്തസാക്ഷിത്വം ആയിരുന്നു ഉദ്ദേശ്യമെങ്കില്‍ എങ്ങനെ അവരുടെ ഇടയില്‍ ആത്മീയമായി,  രണ്ടു രീതിയില്‍ ജീവിക്കാം എന്ന് ഉദ്ബോധിപ്പിക്കേണ്ട കാര്യമേ ഇല്ലായിരുന്നു. അതുമാത്രമല്ല, അങ്ങനെ ആരെക്കണ്ടാലും 'കൊല്ലുന്ന' ആളുകളായി ഫ്രാന്‍സിസ് സാരസന്മാരെ വീക്ഷിക്കുകയും ചെയ്തില്ല. എന്നിരുന്നാലും, തന്‍റെ സഹോദര ന്മാര്‍ പീഡനമോ, ഇനി രക്തസാക്ഷിത്വം തന്നെയുമോ ചെറുക്കേണ്ടതില്ലെന്നു ഫ്രാന്‍സിസ് അവരെ ഉദ്ബോധിപ്പിക്കുന്നുണ്ട്. കാരണം അവര്‍ 'തങ്ങളുടെ ശരീരങ്ങളെ കര്‍ത്താവായ യേശുക്രിസ്തുവിനു വിട്ടുകൊടുത്തവരാണ്, മാത്രവുമല്ല അക്കാരണത്താല്‍ത്തന്നെ, ക്രിസ്തു വിനോടുള്ള സ്നേഹത്തെപ്രതി അവരുടെ ശരീരങ്ങള്‍ ശത്രുക്കള്‍ക്കു വിധേയമാക്കുകയും വേണം.' ഒരിക്കല്‍ ക്രിസ്തുവിനു സമര്‍പ്പിച്ച ശരീരങ്ങള്‍ തങ്ങളുടെ സ്വന്തമല്ലല്ലോ. ഫ്രാന്‍സീ സിന് 'ദാരിദ്ര്യത്തോടുള്ള' സ്നേഹത്തിന്‍റെയും വിട്ടുകൊടുക്കലിന്‍റെയും പരകോടിയാണിത്. തങ്ങള്‍ക്കു സ്വന്തംശരീരം പോലും 'സ്വന്തമല്ല' എന്ന ചിന്തയുടെ ആഴം സമര്‍പ്പണത്തിന്‍റെ അവസാനവാക്കാണ്. ക്രിസ്താനുകരണത്തില്‍ ഫ്രാന്‍സിസ് നല്‍കുന്ന മാതൃക പരമമായ ശൂന്യവല്‍ക്കരണത്തിന്‍റേതാണ്. Hoeberichts -ന്‍റെ അഭിപ്രായത്തില്‍ ഫ്രാന്‍സിസിന്‍റെ ഈ ഉദ്ബോധനം സാരസെന്‍സിനിടയില്‍ പോകുന്നവര്‍ക്ക് മാത്രമല്ല, മറിച്ചു സമാധാന ദൗത്യത്തിന് പോകുന്ന എല്ലാ സഹോദരന്മാര്‍ക്കും വേണ്ടിയുള്ള താണ്.Hoberichts   ഫ്രാന്‍സിസിന്‍റെ ഈ പ്രബോധനത്തെ, 'നിര്‍വ്യാജമായ സ്നേഹം' എന്ന ഫ്രാന്‍സിസിന്‍റെ തന്നെ ഒന്‍പതാമത്തെ പ്രബോധനവുമായി (Admonitions) ചേര്‍ത്തുവായിക്കുന്നുണ്ട്. അതിങ്ങനെയാണ്: 'എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍'. (മത്തായി 5 : 44) ശത്രുവിനെ സത്യമായി സ്നേഹിക്കുന്നവന്‍ തനിക്കു നേരിടുന്ന പീഡനങ്ങളില്‍ അസ്വസ്ഥമാകില്ല; എന്നാല്‍ ദൈവ സ്നേഹത്തെപ്രതി മറ്റേയാളുടെ ആത്മാവിന്‍റെ പാപം ഒരുവനെ അസ്വസ്ഥമാക്കും. അപരനോടുള്ള സ്നേഹം തന്‍റെ പ്രവൃത്തികള്‍ വഴി എപ്പോഴും പ്രകടിപ്പിക്കുക.' കര്‍ത്താവിന്‍റെ സ്നേഹത്തോടുള്ള അനുകരണത്തില്‍, സഹോദരന്മാരുടെ സ്നേഹം മോചനവും സമാധാനവും നല്‍കുന്ന യേശുവിന്‍റെ ദൗത്യത്തില്‍  ആയിരിക്കുക എന്നതാണ്.  അങ്ങനെ അവര്‍ തങ്ങളുടെ ശരീരങ്ങളെ ശത്രുക്കള്‍ക്കു വിട്ടു കൊടുക്കുകയാണ്, ഇനി  അതിന്‍റെ പരിണത ഫലം രക്തസാക്ഷിത്വം ആണെങ്കില്‍കൂടിയും. സഹോദരന്മാര്‍ ഹിംസയ്ക്ക് ഇരകളാകാം, എന്നാല്‍ ഒരിക്കലും കാരണമാകരുത്.

മതത്തിന്‍റെ പേരില്‍ പോരടിച്ചിരുന്ന, അതിനു സാമൂഹ്യവും, മതപരവും, രാഷ്ട്രീയവും ആയ എല്ലാ സാംഗത്യവും ഉണ്ടായിരുന്ന ഒരു കാലത്തില്‍, കാലത്തിനു മുമ്പേ ചിന്തിച്ച കര്‍മയോഗിയാണ് അസ്സീസിയിലെ ഫ്രാന്‍സിസ്. കഴിഞ്ഞ കാലഘട്ടത്തെയും അതിന്‍റെ പ്രത്യേകതകളെയും,  ആധുനിക കാലഘട്ടത്തിന്‍റെ 'നേരിന്‍റെ' അളവുകോല്‍കൊണ്ട് പൊതുവെ ചരിത്ര പണ്ഡിതന്മാര്‍ നോക്കാറില്ല. ആ രീതി  യഥാതഥമായ ഒരു ചരിത്ര വായന അല്ല, മറിച്ചു ഒരു ചരിത്ര 'പുനര്‍' വായനയാണ്. എങ്ങനെ തന്നെ നോക്കിയാലും, മധ്യകാലഘട്ടത്തില്‍ സര്‍വ്വജനീനമായ 'അന്യവല്‍ക്കരണത്തിന്‍റെ' രീതികളില്‍ നിന്നും അകന്നു നില്‍ക്കുക മാത്രമല്ല, ഒരു പക്ഷെ ഇന്നു പോലും കാണാന്‍ കഴിയാത്ത വിധം തുറവിയോടും, സഹവര്‍ത്തിത്തോടും, അതിലുപരി നാമെല്ലാം ഒരേ ദൈവത്തിന്‍റെ സൃഷ്ടികളാണെന്ന ഉറച്ച ദൈവിക വീക്ഷണത്തോടും കൂടി ഫ്രാന്‍സിസ് ലോകത്തെയും മനുഷ്യനെയും കണ്ടു എന്നത് തികച്ചും ആശ്ചര്യകരമാണ്. ഒരു മതപണ്ഡിതനോ വിദ്യാസമ്പന്നനോ അല്ലാതിരുന്നിട്ടു കൂടി, ഇങ്ങനെ തന്‍റെ കാലത്തിനു വിരുദ്ധമായും, കാലത്തിനു മുമ്പേയും സഞ്ചരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് കാലാതിവര്‍ത്തിയാകുന്നത്.

You can share this post!

വിശ്വാസത്തിന്‍റെ പൊതുഭവനം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts