news-details
മറ്റുലേഖനങ്ങൾ

നമ്മുടെ സ്വഭാവം നമ്മുടെ മനോനില

വിഷാദരോഗത്തിനും (depression) അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)ത്തിനും മരുന്നില്ലാചികിത്സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ്മില്ലര്‍ രൂപം നല്‍കിയ പതിനാലുദിനം കൊണ്ട് പൂര്‍ത്തിയാകുന്ന മനോനിലചിത്രണം(Mood Map) പത്താം ദിനത്തിലേക്ക് കടക്കുന്നു. നമ്മുടെ 'സ്വഭാവം'(nature) നമ്മുടെ 'മനോനില'(Mood)യില്‍ ചെലുത്തുന്ന സ്വാധീനമാണ് ഈ ദിനം നാം ചര്‍ച്ച ചെയ്യുക.

"ലോകം എപ്രകാരം മാറിത്തീരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ മാറുക.'
മഹാത്മാഗാന്ധി

'സഹജ'മാണ്, 'സ്വാഭാവിക'മാണ്, സ്വപ്രകൃതമാണ് നമ്മുടെ സ്വഭാവം. നമ്മുടെ സ്വഭാവമാണ് നാം.  അതാണ് നമ്മുടെ സ്വത്വം. നമ്മുടെ മേല്‍വിലാസം.സമൂഹം കൂടുതല്‍ കൂടുതല്‍ 'പരിഷ്കൃത'മാകുംതോറും നാം നമ്മുടെ സഹജസ്വഭാവത്തില്‍നിന്ന് നമ്മുടെ മൗലികപ്രകൃതത്തില്‍ നിന്ന് അകന്നുപോകുന്നു. ഒടുവില്‍ വേറിടുന്നു. മനുഷ്യനെ കമ്പ്യൂട്ടറായി കണക്കാക്കിയാല്‍ മനുഷ്യന്‍റെ 'അറിവ്' കമ്പ്യൂട്ടറിന്‍റെ ഡേറ്റയും സോഫ്റ്റ്വെയറുമാണ്. മനുഷ്യന്‍റെ 'സ്വഭാവം' കമ്പ്യൂട്ടര്‍ തന്നെയും! അപ്പോള്‍ ഒരു 'കമ്പ്യൂട്ടര്‍' എന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ തലച്ചോറില്‍ നിരവധി 'ഡേറ്റ' (വിവരങ്ങള്‍) കള്‍ ശേഖരിക്കുന്നു. നിരവധി 'സോഫ്റ്റ്വെയറുകള്‍' ഉപയോഗിക്കുന്നു. പക്ഷേ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തിയാലും നാം ഒരു 'ഡെല്‍', 'എച്ച്. പി', 'സോണി'. 'മാക്' അഥവാ 'തോഷിബാ' ആയിരിക്കും. മൗലികമായി നമ്മുടെ സ്വഭാവം മാറ്റമില്ലാത്ത ആ നാം ആണ്. എന്നും എപ്പോഴും 'നാം' ആയിരിക്കുന്ന 'നാം.'

ജന്മനാല്‍ നമുക്കു ലഭിച്ചതാണ് നമ്മുടെ സ്വഭാവം. ജീവിതവഴിയില്‍ നാം ആര്‍ജിച്ചെടുത്തതാണ് നമ്മുടെ 'അറിവ്. യുക്തിസഹമായിരിക്കുന്ന നിങ്ങളുടെ അറിവാണ് നിങ്ങള്‍ക്ക് പ്രായോഗികക്ഷമതയും ആത്മവിശ്വാസവും നല്‍കുന്നത്. യുക്തിസഹമല്ലാത്ത നമ്മുടെ സ്വഭാവം പക്ഷേ നമ്മുടെ സഹജാവബോധ (intution)- ത്തെയും വിവരണാതീതമായ അനുഭൂതികളെയും അറിവുകളെയും ആധാരമാക്കിയത്രേ നിലകൊള്ളൂക. പ്രായോഗികമായി ജീവിക്കാനല്ല, യുക്തിസഹമായി ജീവിക്കാനല്ല, നിങ്ങള്‍ക്ക് അഭികാമ്യമായ നിലയില്‍ ജീവിക്കാനാണ് 'സ്വഭാവം' നിങ്ങളെ പ്രേരിപ്പിക്കുക. നിങ്ങളുടെ 'മൂല്യ'ങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാണ് അത് ആവശ്യപ്പെടുക. നിങ്ങളുടെ സ്വഭാവമായ ആത്മചൈതന്യത്തിന് (Spirit - അന്തസ്സത്ത), മങ്ങലേറ്റുവെങ്കില്‍ നിങ്ങള്‍ക്ക് നിരാശ അനുഭവപ്പെടാം. ആ ചൈതന്യത്തിന് മങ്ങലേറുംതോറും നിരാശതയും അധികരിക്കും. അതൊടുവില്‍ കടുത്ത വിഷാദത്തിലെത്തും.മറിച്ച് നിങ്ങളുടെ 'സ്വഭാവം' അഥവാ ആത്മചൈതന്യം, അന്തസ്സത്ത 'സ്വതന്ത്ര'മെങ്കില്‍ നിങ്ങള്‍ക്ക് ആര്‍ജവത്തോടെ, അന്തസോടെ. കൂലീനമായി ജീവിക്കാം!

നമ്മുടെ സ്വഭാവത്തിന് അനുരൂപമായിരിക്കും നമ്മുടെ 'മൂല്യ'ങ്ങള്‍. നാം ലോകത്തെ നോക്കിക്കാണുന്ന, നമ്മുടെ കാഴ്ചപ്പാടും നമ്മുടെ സ്വഭാവത്തിന് അനുസൃതമായിരിക്കും. സാമൂഹിക കീഴ്വഴക്കങ്ങള്‍ക്ക്, ചട്ടങ്ങള്‍ക്ക്, നിയമങ്ങള്‍ക്ക് വഴങ്ങി നമുക്കു നമ്മുടെ 'വ്യക്തിത്വം' നഷ്ടപ്പെടുത്തേണ്ടി വരുമ്പോള്‍ നമുക്കു നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ സ്വത്വവും നഷ്ടമാകുന്നു. 'പരിഷ്കൃത'മായ ഒരു സമൂഹം അച്ചടക്കവും അനുസരണശീലവും ഉള്ളവരായിരിക്കും. പക്ഷേ അവരില്‍ സര്‍ഗാത്മകതയും സൃഷ്ടിപരതയും ഭാവാത്മകതയും തികച്ചും കുറവായിരിക്കും. കീഴ്വഴക്കങ്ങള്‍ക്ക്, നിയമങ്ങള്‍ക്ക്, ചട്ടങ്ങള്‍ക്ക് മെരുക്കാന്‍ കഴിയാത്തതാണ് സര്‍ഗാത്മകമായി, സൃഷ്ടിപരതയായി പ്രകടമാകുക. ചുരുക്കിപ്പറഞ്ഞാല്‍ 'നാമായി' ജീവിക്കാന്‍. നമ്മുടെ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍, നമ്മോട് സത്യസന്ധരായിരിക്കാന്‍, നമ്മോട് നീതി പുലര്‍ത്താന്‍, നമ്മെ നാമായി പ്രകാശിപ്പിക്കാന്‍, പ്രകടമാക്കാന്‍ നമുക്ക് നാമായിരിക്കേണ്ടതുണ്ട്. അതാണ്, ആത്മബലമുള്ള മനുഷ്യനായിരിക്കാന്‍ അത്യന്തം ആവശ്യമുള്ള ഘടകം. അതാണ് നമ്മുടെ മനോനില(Mood)യെ ഏറ്റം സ്വാധീനിക്കുന്ന ഘടകം.

ആധുനികലോകത്ത് ഏതാണ്ട് എല്ലാ സാഹചര്യങ്ങളിലും സ്വഭാവത്തെ. സഹജാവബോധത്തെ 'അറിവ്' മറികടക്കുന്നു. പരിഷ്കൃതസമൂഹത്തിന് പെരുമാറ്റച്ചട്ടങ്ങള്‍ ആവശ്യമാണ്, ശരിതന്നെ. നമ്മുടെ സ്വാഭാവിക പ്രകൃതിയെ, സഹജവാസനകളെ, സ്വാഭാവിക ചോദനകളെ അടിച്ചമര്‍ത്തുക എന്നും കൂടി പക്ഷേ അത് അര്‍ത്ഥമാക്കുന്നുണ്ട്. പ്രായോഗികതലത്തില്‍ ഒരു പരിധിവരെ 'പെരുമാറ്റച്ചട്ടങ്ങള്‍' ആവശ്യമാണ്. ഒരാളുടെ പെരുമാറ്റം നമുക്ക് അസഹ്യമെങ്കില്‍, ഒരടി കൊടുത്ത് ആ ദേഷ്യം നമുക്ക് തീര്‍ക്കാനാവില്ല. നമ്മുടെ സ്വാഭാവിക 'ചോദന' ഒരടി കൊടുക്കാനായിരിക്കും. അതു പക്ഷേ ശരിയാവില്ലെന്നു നമ്മുടെ 'പ്രായോഗിക അറിവ്' നമ്മോടു പറഞ്ഞുതന്നിട്ടുണ്ട്. അടികൊടുക്കാനുള്ള  'ചോദന' അതിനാല്‍ നമുക്ക് അമര്‍ത്തിയേ പറ്റൂ. പക്ഷേ കുറെയങ്ങു കഴിയുമ്പോള്‍ ആ 'അടിച്ചമര്‍ത്തല്‍' നമ്മുടെമേല്‍ നിയന്ത്രണം ഏറ്റെടുക്കും. നമ്മുടെ 'അറിവ്' അനുസരിച്ച് ജീവിക്കാന്‍ അത്രമേല്‍ നമുക്കു ബുദ്ധിമുട്ടാകും. അതിനനുസരിച്ച് നമ്മുടെ 'സ്വഭാവ'ത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും. ആ വിഷമസന്ധി പരിഹരിക്കപ്പെടണമെങ്കില്‍ നമ്മുടെ യഥാര്‍ത്ഥ സ്വഭാവം നമ്മുടെ നിയന്ത്രണം ഏറ്റെടുക്കേണ്ടതുണ്ട്. അതേക്കുറിച്ച് അടുത്ത ലക്കത്തില്‍.

(തുടരും)    

You can share this post!

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts