news-details
കവർ സ്റ്റോറി

റിലിജിയസ് ടെംപെര്‍

സമീപകാലത്ത് നമ്മുടെ സാംസ്കാരിക വിദ്യാഭ്യാസപരിസരങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വാക്കാണ് 'സയന്‍റിഫിക് ടെംപെര്‍.' ശാസ്ത്ര ബോധവും ശാസ്ത്രീയമായി എല്ലാകാര്യങ്ങളും ചെയ്യാനുള്ള താത്പര്യവും വ്യക്തികളില്‍ വളരുന്നതിനെ ലളിതമായി സയന്‍റിഫിക്ടെംപെര്‍ എന്ന് വിളിക്കാം. വിദ്യാഭ്യാസത്തിലും മറ്റും സയന്‍റിഫി ക്ടെംപെര്‍ വേണം എന്ന് ഒരുവശത്ത് ജനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍, ഏറ്റവും കൂടുതല്‍ അസ്വസ്ഥ രാകുന്നതും, ഭയപ്പെടുന്നതും മതവിശ്വാസികള്‍ ആണ്. ശാസ്ത്രബോധം വളര്‍ന്നാല്‍ മതത്തിന്‍റെ വിശ്വാസങ്ങളും ആചാരങ്ങളും വെല്ലുവിളിക്കപ്പെടും എന്നും, തങ്ങളുടെ അനുയായികളില്‍ വിശ്വാസ പ്രതിസന്ധി ഉണ്ടാവും എന്നും കരുതുന്ന അവരുടെ ഭയം അസ്ഥാനത്താണ്.

മതത്തെ ശരിയാംവണ്ണം ജീവിക്കാനും, പ്രായോഗികമാക്കാനും 'റിലീജിയസ് ടെംപെര്‍' ആവശ്യമാണ് എന്ന സംഗതി മതവിശ്വാസികള്‍ തിരിച്ചറിയുന്നില്ല. റിലീജിയസ് ടെംപെര്‍ എന്താണ്, അതിനു ക്രൈസ്തവികതയില്‍ സാധുത ഉണ്ടോ, അതിന്‍റെ മാനങ്ങള്‍ ഏതൊക്കെ എന്നൊരു അന്വേഷണമാണ് ഈ ലേഖനം.

മതപരമായ വിശ്വാസങ്ങളോടും ആചാരങ്ങളോ ടുമുള്ള ഒരു വ്യക്തിയുടെ മനോഭാവം വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് റിലീജിയസ് ടെംപെര്‍. മതപരമായ കാര്യങ്ങളില്‍ ഒരാള്‍ സ്വീകരിക്കുന്ന മൊത്തത്തിലുള്ള മാനസികാവസ്ഥ, വൈകാരിക സ്വഭാവം, സമീപനം എന്നിവയെ സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കപ്പെടുന്നു. വ്യക്തികള്‍ അവരുടെ വിശ്വാസവുമായി ഇടപഴകുന്ന രീതി, ഭക്തിയുടെ നിലവാരം, ദൈനംദിന ജീവിതത്തില്‍ അവര്‍ സ്വീകരിക്കുന്ന മതപരമായ മൂല്യങ്ങളുടെ വ്യാപ്തി എന്നിവയെ ഇത് ഉള്‍ക്കൊള്ളുന്നു.

ഇന്നുള്ളതിലെ ഏതാനും ചെറിയമതങ്ങളും സെക്റ്റുകളും ചില വ്യക്തികള്‍ ആരംഭിച്ചവയാണെങ്കിലും, ലോകമതങ്ങള്‍ പലതും ജൈവികമായി രൂപപ്പെട്ടു വികാസം പ്രാപിച്ചതാണ്. മനുഷ്യന്‍റെ അസ്തിത്വപ്രശ്നങ്ങള്‍ക്കും, അവന് അജ്ഞാതമായ പ്രപഞ്ചരഹസ്യങ്ങള്‍ക്കും മറുപടി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മതങ്ങള്‍ ആവിര്‍ഭവിക്കുന്നതും മതങ്ങളുടെ പ്രപഞ്ചവീക്ഷണം രൂപപ്പെടുന്നതും. സമൂഹത്തെ ഐക്യപ്പെടുത്തുന്ന ഘടകം പ്രപഞ്ചവീ ക്ഷണത്തില്‍ നിന്നു രൂപപ്പെടുന്ന അനുഷ്ഠാനങ്ങള്‍ ആണ്. അതോടൊപ്പം സമൂഹത്തില്‍ അവന് സമഞ്ജസം (സോഷ്യല്‍കോഹെഷന്‍) ഉണ്ടാകുന്നതിനുള്ള ധാര്‍മ്മികതയുടെ നിയമങ്ങള്‍ മതങ്ങള്‍ നല്‍കുന്നു. ദൈവം, പ്രപഞ്ചം, മനുഷ്യന്‍, പാപം, പുണ്യം ഒക്കെ അടങ്ങുന്ന വിശ്വാസസംഹിതയും (പ്രപഞ്ചവീക്ഷണം), യാഗം, ഹോമം, ബലി, തീര്‍ത്ഥാടനം, ആദിയായ അനുഷ്ഠാനങ്ങളും, പരസ്നേഹം, ദയ, ദാനം, ക്ഷമ എന്നിങ്ങനെയുള്ള ആരാധനാസമൂഹത്തിന്‍റെ ധാര്‍മ്മികജീവിതചര്യയും ഒക്കെ അടങ്ങിയതാണ് ഒരു മതഘടന.

മതം അനുയായികളെകൊണ്ട് നിറയുമ്പോള്‍ സ്വാഭാവികമായി ഉരുത്തിരിയുന്ന മാനുഷികഘട കങ്ങള്‍ കാലക്രമത്തില്‍ മതത്തെ ജീര്‍ണ്ണമാക്കുന്നു. അതിഭൗതിക യാഥാര്‍ഥ്യങ്ങളായ ദൈവം, പാപം, പുണ്യം, രക്ഷ, ശിക്ഷ, സ്വര്‍ഗ്ഗം, നരകം, എന്നിവയെ കുറിച്ചും ആചാരപരമായ സംഗതികളെകുറിച്ചും, ധാര്‍മികതയെകുറിച്ചും ദുര്‍വ്യാഖ്യാനങ്ങള്‍ രൂപപ്പെടുകയും, മതത്തിന്‍റെ ഭരണസംവിധാനങ്ങള്‍ ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നു. വിശ്വാസം, പ്രാര്‍ത്ഥന എന്നിവ മനുഷ്യന്‍റെ പെരുമാറ്റങ്ങളെയും കാഴ്ചപ്പാടുകളെയും സകാരാത്മകമായി പരിവര്‍ത്തനംചെയ്യുകയും, ജീവിക്കാനുള്ള പ്രത്യാശ, നന്മയില്‍ നടക്കാനുള്ള  പാത എന്നിവ മനുഷ്യനു വെളി വാക്കുകയും ചെയ്യുമെങ്കിലും ശരിയായ മതബോധം നഷ്ടപ്പെട്ടാല്‍ വിശ്വാസം അന്ധവിശ്വാസമായി മാറാന്‍ സാധ്യത ഏറെയാണ്. മതം തലക്കുപിടിച്ചാല്‍ വിദ്യാഭ്യാസവും, സാമ്പത്തിക ഉന്നതിയുമുള്ള ആളുകള്‍പോലും അന്ധവിശ്വാസികളായി മാറാന്‍ സാധ്യത ഉണ്ട്. അത്തരം അന്ധവിശ്വാസങ്ങളുടെ പേരില്‍ മറ്റുള്ളവരുടെ ജീവന്‍ കവരുക, സഹജരെ പരാജയപ്പെടുത്താനുള്ള കുതന്ത്രങ്ങള്‍ മെനയുക, എന്നൊക്കെയുള്ള ദുരാചാരങ്ങള്‍ ചെയ്യാന്‍ സാധ്യത ഉണ്ട്.

മൗലികമായ വിധത്തില്‍ മതത്തിന്‍റെ പ്രാപഞ്ചികവീക്ഷണം വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ മതത്തിലെ ചില വിഭാഗങ്ങള്‍ തങ്ങളുടെ വിശ്വാസി കളോടും ഇതരമനുഷ്യരോടും തീവ്രവാദം പ്രയോഗിക്കും. ശരീരത്തിന്‍റെ വാസനകള്‍ എന്നു പറഞ്ഞു ള്ള എല്ലാത്തിനെയും നിരോധിക്കുക, ലൈംഗികതയുമായി ബന്ധപ്പെട്ട കര്‍ക്കശനിയമങ്ങള്‍ കൊണ്ടു വന്നു സ്ത്രീകളെ അടിച്ചമര്‍ത്തുക, ഇതരമതവിശ്വാസികള്‍ ഇല്ലായ്മ ചെയ്യപ്പെടേണ്ടവരാണ് എന്നു വിചാരിക്കുക ഒക്കെ മതത്തിന്‍റെ, വിശ്വാസത്തിന്‍റെ ഭാഗമെന്നോണം വാഴ്ത്തപ്പെടും. അനിയന്ത്രിതമായ രീതിയില്‍ സ്വത്വബോധം വര്‍ദ്ധിക്കുകയും, സമൂഹത്തില്‍ ഐക്യബോധം ഉണ്ടാവുകയും ചെയ്യുമ്പോള്‍ ദുര്‍ബലരോ ന്യൂനപക്ഷങ്ങളോ ആയ ഇതരസമൂഹങ്ങളുടെമേല്‍ മതങ്ങളിലെ ചില വിഭാഗങ്ങള്‍ അധീശബോധം ഉണ്ടാക്കുകയും അതില്‍നിന്ന് രാഷ്ട്രീയലാഭം കൊയ്യുകയും ചെയ്തേ ക്കാം. അതിനുവേണ്ടി തീവ്രആക്രമണങ്ങളും, കലാപങ്ങളും ഉണ്ടാക്കുക, യുദ്ധം ചെയ്യുക ഒക്കെ മതത്തിന്‍റെ ജീര്‍ണ്ണത ആണ്. മതങ്ങളുടെ ജീര്‍ണ്ണതയില്‍ പൗരോഹിത്യത്തിന് ഗണ്യമായ പങ്കുണ്ട് എന്നത് അധികം ആരും സമ്മതിച്ചു തരാത്ത സംഗതിയാണ്.

വിചാരത്തേക്കാളുപരി മതം ഒരു വികാരമായി മാറുന്നതുകൊണ്ടാണ് മേല്പറഞ്ഞ അപചയങ്ങള്‍ സംഭവിക്കുന്നത്. മനുഷ്യന്‍റെ   വൈകാരികമണ്ഡലത്തെ  തീര്‍ച്ചയായും മതം ഉത്തേജിപ്പിക്കുന്നുണ്ട്. മതമെന്ന യാഥാര്‍ത്ഥ്യം  വ്യക്തിപരമായോ സമൂഹപരമായോ പ്രയോഗിക്കപ്പെടുമ്പോഴും അതു വിചാര പരമായിക്കൂടെ പരിഗണിക്കപ്പെടേണ്ട ഒന്നാണ്. മിക്ക മതങ്ങളും ആഴത്തിലുള്ള ദാര്‍ശനിക അടിസ്ഥാനത്തില്‍ വികസിച്ചിട്ടുള്ള ദൈവശാസ്ത്രത്തിന്മേലാണ് നിലകൊള്ളുന്നത്. എന്നാല്‍ ആ ദര്‍ശനങ്ങള്‍ കണ്ടെടുക്കുന്നതിനും, അത് ജീവിക്കുന്നതിനും ബഹുഭൂരിപക്ഷം മതവിശ്വാസികളും മെനക്കെടാറില്ല.

ആചാരങ്ങളിലും മൗലികമായ നിയമവ്യാഖ്യാനങ്ങളിലും കുരുക്കിയിടപ്പെട്ട ഒരു വിശ്വാസി-സമൂ ഹത്തിന്‍റെമേല്‍ പൗരോഹിത്യം തങ്ങളുടെ ദൈവശാസ് ദുര്‍വ്യാഖ്യാനങ്ങളുടെ നുകംവെച്ച് കൊടുത്തു പീഡിപ്പിക്കുന്ന ഒരു കാലഘട്ടത്തില്‍ അവതീര്‍ണനാകുന്ന ഈശോ  ടെംപെര്‍ നഷ്ടപ്പെട്ട മതബോധത്തെയും ആചാരങ്ങളെയും 'പതംവരുത്തി' (ടെംപെറിങ്) സജീവമാക്കുന്ന ദൗത്യം നിര്‍വഹിക്കുന്നുണ്ട്. ഈ 'ടെംപെറിങ്' ആണ് മലയിലെ പ്രഭാഷണത്തിന്‍റെ സാരസത്ത.  ജീവിത ത്തെക്കുറിച്ച് അതുവരെ ചിരപ്രതിഷ്ഠനേടിയിരുന്ന മാനുഷിക മാനദണ്ഡങ്ങളെ മാറ്റിമറിക്കുന്ന സുവിശേ ഷഭാഗ്യങ്ങളില്‍ തുടങ്ങി മാനുഷികബന്ധ ത്തില്‍ പുലര്‍ത്തേണ്ട പാരസ്പരികത, ധാര്‍മികനീതിയുടെ പുതിയനിയമങ്ങള്‍, ആത്മീയതയുടെയും പ്രാര്‍ത്ഥനയുടെയും നവഭാവങ്ങള്‍, ജീവിതവിജയത്തിന് ആവശ്യംവേണ്ട വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയെ സമ്യക്കായി അവതരിപ്പിക്കുന്നതാണ് ക്രിസ്തു മുന്നോട്ടുവെക്കുന്ന റിലീജിയസ് ടെംപെറിങ്.

സ്നേഹവും അനുകമ്പയും (മത്താ 22:37-40), വിനയവും സേവനവും  (യോഹ 13:1-17), ക്ഷമയും  കരുണയും (മത്താ 6:14-15; 18:21-22) പരിശീലിക്കുക എന്നത് ഈശോ മുന്നോട്ടുവെക്കുന്ന റിലീജിയസ് ടെംപെറിന്‍റെ പ്രധാനതത്വം ആണ്. ആചാരാനു ഷ്ഠാനങ്ങളേക്കാള്‍ ആന്തരികപരിവര്‍ത്തനത്തിനുള്ള ചാലകശക്തിയായി മതത്തെ ഉപയോഗിക്കുക (മത്താ 5:8; 6:5-8; 6:16-18;  23:25-26) എന്ന് ഈശോ ആവശ്യപ്പെടുന്നു. ചുങ്കക്കാര്‍, പാപികള്‍, പുറത്താക്കപ്പെട്ടവര്‍ എന്നിവരുള്‍പ്പെടെ ജീവിതത്തിന്‍റെ എല്ലാതുറകളിലുമുള്ള ആളുകളെ ഈശോ സ്വാഗതം ചെയ്യുകയും അവരുമായി ഇടപഴകുകയും ചെയ്തുകൊണ്ട് എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും വിവേചനരഹിതവുമായ സമൂഹം ഉണ്ടാക്കുന്നതുമാണ്  യഥാര്‍ത്ഥമതം അര്‍ത്ഥമാക്കുന്നത് എന്ന് ഈശോ കാണിച്ചു (ലൂക്കാ 5:27-32, മര്‍ക്കോ 2:13-17).

മതാത്മകതയും (റിലീജിയോസിറ്റി) പതം വരുത്തപ്പെട്ട മതാത്മകതയും (റിലീജിയസ് ടെംപെര്‍) രണ്ടാണ്. അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും ഒരു വ്യക്തിയുടെ മതപരമായ ഭക്തി, അനുസരണ, അല്ലെങ്കില്‍ പങ്കാളിത്തത്തിന്‍റെ വ്യാപ്തി, അളവ് എന്നിവയെ സൂചിപ്പിക്കുന്നു. മതാത്മകത പലപ്പോഴും അളവനുസരിച്ചാണ് (ക്വാണ്ടിറ്റേറ്റിവ്) വിലയിരുത്തപ്പെടുന്നത്. ഉയര്‍ന്ന മതാത്മകത (അഗാധമായ പ്രതിബദ്ധതയുള്ളതും അനുഷ്ഠാനപരത ഉള്ളതും) മുതല്‍ കുറഞ്ഞ മതാത്മകത (കുറച്ച് പ്രതിബദ്ധതയോ, നാമമാത്ര മതാത്മകതയോ) വരെയുള്ള ഒരു അളവുമാപിനിയില്‍ വ്യക്തികളെ തരംതിരിക്കുന്നതില്‍ അത് ശ്രദ്ധിക്കുന്നു. എന്നാല്‍ പതംവരുത്തപ്പെട്ട മതാത്മകത (റിലീജിയസ് ടെംപെര്‍) ആകട്ടെ, മതപരമായ വിശ്വാസങ്ങളോടും ആചാരങ്ങളോടും ഉള്ള ഒരു വ്യക്തിയുടെ മനോഭാവത്തെയോ സമീപനത്തെയോ സൂചിപ്പിക്കുന്നു. മതപരമായ കാര്യങ്ങളില്‍ ഒരു വ്യക്തി സ്വീകരിക്കുന്ന മാനസികാവസ്ഥ, വൈകാരിക ആഭിമുഖ്യം, സമീപനം എന്നിവയും, അവരുടെ ജീവിതത്തിലും ഇതര വ്യക്തികളോടുള്ള അവരുടെ ബന്ധത്തിലും അത് എങ്ങനെ പ്രതിഫലിക്കുന്നു എന്നതും ചേര്‍ന്നതാണ് അത്. റിലീജിയസ് ടെംപെര്‍ ഒരാളുടെ മതപരമായ ആഭിമുഖ്യത്തിന്‍റെ ഗുണപരവും (ക്വോളിറ്റേറ്റിവ്) ആത്മനിഷ്ഠവുമായ (സബ്ജക്റ്റീവ്) അളവുകോലാണ്, അത് മതത്തിന്‍റെ പ്രകടനപരമായ തലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കണമെന്നില്ല.

റിലീജിയസ് ടെംപെറോട് കൂടി, അഥവാ ആത്മത്തിനു വളര്‍ച്ചയും, അപരനു ദോഷകര കവുമല്ലാതെ ആരോഗ്യകരവും  ക്രിയാത്മകവുമായ രീതിയില്‍ മതം ജീവിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ പറയാം.

1) മതപരമായ ആചാരങ്ങളില്‍ മിതത്വവും സന്തു ലിതാവസ്ഥയും പാലിക്കുക. തീവ്രനിലപാടുകളും മൗലികവാദവും ഒഴിവാക്കുകയും മധ്യമാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്യുന്നത് കൂടുതല്‍ സുസ്ഥി രവും യോജിപ്പുള്ളതുമായ മതജീവിതത്തിലേക്ക് നയിക്കും.

2) മതവിശ്വാസങ്ങളെയും ആചാരങ്ങളെയും വിമര്‍ശനാത്മകമായും ബുദ്ധിപരമായും സമീപി ക്കുക.

3)  അനുകമ്പയുടെയും സ്നേഹത്തിന്‍റെയും മനോഭാവങ്ങള്‍ വികസിപ്പിക്കുന്ന മതപഠനം ഉണ്ടാവണം. മറ്റുള്ളവരോട് ദയയും സഹാനുഭൂതിയും ശീലിക്കുന്നത് സമൂഹത്തിന്‍റെയും പരസ്പരബന്ധത്തിന്‍റെയും ബോധം വളര്‍ത്തുന്നു.

4) സംവാദത്തിനോടും വിയോജിപ്പിനോടും ഉള്ള തുറന്ന മനസ്സ് വികസിപ്പിക്കുന്നത് ഇതരമതങ്ങളോടും അവയുടെ വിശ്വാസികളോടും കൂടുതല്‍ ധാരണയ്ക്കും പരസ്പരബഹുമാനത്തിനും ഐക്യത്തിനും  ഇടയാക്കും.

5) ആരോഗ്യകരമായ രീതിയില്‍ മതംജീവിക്കുന്നതിന് ദൈനംദിനജീവിതത്തില്‍ ധാര്‍മ്മിക തത്വങ്ങളും മൂല്യങ്ങളും പാലിക്കാന്‍ ശ്രമിക്കുക.

6) മതജീവിതത്തില്‍ വിനയത്തിന്‍റെ പ്രാധാന്യം വലുതാണ്. മനുഷ്യന്‍റെ അറിവിന്‍റെ പരിമിതികള്‍ തിരിച്ചറിയുന്നതും മറ്റുള്ളവരില്‍ നിന്ന് പഠിക്കാന്‍ തുറന്നിരിക്കുന്നതും വിലപ്പെട്ട സ്വഭാവമായി കരുതുക.

7) സേവനത്തിലും പരോപകാരത്തിലും ഏര്‍പ്പെടുന്നത് മതപരമായ ഭക്തി പ്രകടിപ്പിക്കുന്നതിനും ലോകത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതിനുമുള്ള ഒരു മാര്‍ഗമാണ്.

8) മതപരമായ ആചാരങ്ങളിലൂടെയും ധ്യാനാഭ്യാസങ്ങളിലും വ്യക്തിപരമായ വളര്‍ച്ചയ്ക്കും ആന്തരികപരിവര്‍ത്തനത്തിനും ഊന്നല്‍ നല്‍കുന്നത് ആരോഗ്യകരമായ മതജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം, ജോലി, കുടുംബം, സാമൂഹിക ഇടപെടലുകള്‍ എന്നിവയുള്‍പ്പെടെ ജീവിതത്തിന്‍റെ എല്ലാമേഖലകളിലും മതവിശ്വാസങ്ങളെ സമന്വയിപ്പിക്കുന്നത് മതത്തെ ആധികാരികമായി ജീവിക്കാനുള്ള അര്‍ത്ഥവത്തായ മാര്‍ഗമാണ്.

9) അവസാനമായി റിലീജിയസ് ടെംപെര്‍ വികസിപ്പിക്കുന്നതിന്  മതപരമായ വൈവിധ്യത്തെ മാനിക്കുകയും മതപരമായ ആവിഷ്കാരങ്ങളുടെ ബഹുസ്വരതയെ അംഗീകരിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.

അവസാനമായി, സയന്‍റിഫിക് ടെംപെറും റിലീജിയസ് ടെംപെറും സര്‍ഗ്ഗാത്മകമായും ക്രിയാത്മകമായും സന്ധിക്കുന്ന ഒരു മേളനസ്ഥാനം ഉണ്ട് എന്ന് അംഗീകരിക്കുകയും, അത് കണ്ടെത്തുകയും വേണം. പരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ച് ലഭ്യമാകുന്ന അറിവുകളെ പട്ടികവത്കരിച്ചു രേഖപ്പെടുത്തുകയും, അവ തമ്മിലുള്ള അന്തരങ്ങളും, പൊരുത്തങ്ങളും പഠിക്കുന്നതും, അതില്‍നിന്ന് പുതിയ നിഗമനങ്ങളും ഉപസംഹാരങ്ങളും രൂപപ്പെ ടുത്തുകയും ചെയ്യുന്നതും ശാസ്ത്രബോധത്തിന്‍റെ സവിശേഷതകള്‍ ആണല്ലോ. മതങ്ങള്‍ അതിസ്വാ ഭാവികമോ, അതിഭൗതികമോ ആയ യാഥാര്‍ഥ്യങ്ങളെ ആണ് കൈകാര്യം ചെയ്യുന്നതെങ്കിലും അതില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ ഭൗതികര്‍ ആണ്. വ്യക്തികളുടെ മതചര്യകള്‍, ആത്മീയഅനുഭവങ്ങള്‍, വ്യക്തിപരവും ധാര്‍മികവുമായ വളര്‍ച്ച/തളര്‍ച്ച എന്നിവയെ ഒക്കെ ശാസ്ത്രീയമായി അപഗ്രഥിക്കാനും, അതനുസരിച്ചു മതങ്ങളുടെ പ്രവര്‍ത്തനശൈലികളില്‍ മാറ്റം വരുത്താനും ആധുനികശാസ്ത്രത്തിന് മതങ്ങളെ സഹായിക്കാന്‍ സാധിക്കും. അങ്ങനെ ചെയ്യുന്ന ചെറിയമതവിഭാഗങ്ങള്‍ ഉണ്ട് താനും. ദൈവശാസ്ത്രവിഷയങ്ങളെയും, ധാര്‍മികനിയമങ്ങളെയും കൂടുതല്‍ കൃത്യതയും മികവുള്ളതും പുരോഗമനപരവും ആക്കാന്‍ ശാസ്ത്രീയതയെ മതത്തിന്‍റെ പ്രവര്‍ ത്തനങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നതു വഴി സാധിക്കും.

മുന്നോട്ടു കുതിപ്പിക്കുന്നതിനുള്ള പ്രത്യാശാഭരിതമായ ഒരു ചാലകശക്തിയായി മാറുക, ശുദ്ധീകരിക്കുക എന്നീ വൈഭവങ്ങള്‍ മതങ്ങള്‍ക്ക് സഹജമായി ഉണ്ട്. വിശ്വാസി-സമൂഹത്തെയും പൊതു സമൂഹത്തെയും ശുദ്ധീകരിക്കാനുള്ള മതങ്ങളുടെ ശക്തി അതുല്യമാണ്. അതേസമയം മതത്തിലെ ജീര്‍ണതകള്‍ അന്ധവിശ്വാസങ്ങളെയും, അധികാര പ്രമത്തതയെയും, ചൂഷണങ്ങളെയും വളര്‍ത്താനുള്ള സാധ്യത ഉണ്ട്. ജനാധിപത്യബോധമുള്ള, മതേതരമായ ഒരു സമൂഹത്തില്‍ മതങ്ങള്‍ സ്വയം പതം വരുത്തിയില്ലെങ്കില്‍  അത് അപ്രസക്തം ആകും എന്ന് മാത്രമല്ല, സമൂഹത്തിനു വലിയ വിപത്തായി മാറുക തന്നെ ചെയ്യും.

You can share this post!

നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന നിര്‍മ്മിതബുദ്ധി

കവര്‍സ്റ്റോറി - നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന നിര്‍മ്മിതബുദ്ധി, ട്രീസ മേരി സുനു (മൊഴിമാറ്റം : ടോം മാത്യു)
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts