news-details
സഞ്ചാരിയുടെ നാൾ വഴി

1

സദാ സങ്കടപ്പെട്ടിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. മഴക്കാലത്ത് തന്‍റെ പപ്പടക്കാരിയായ മകളെയോര്‍ത്തായിരുന്നു അവളുടെ വേവലാതി. വേനല്‍ക്കാലത്താവട്ടെ, പൂക്കാരിയായ മകള്‍ എന്തു ചെയ്യുമെന്നോര്‍ത്ത് നെടുവീര്‍പ്പിട്ടു. അവളുടെ പ്രശ്നം ലളിതമായി പരിഹരിച്ചത് ഒരു സെന്‍ ഗുരുവാണ്. മഴക്കാലത്ത് പൂക്കാരിയെ ഓര്‍ക്കുക, വേനലില്‍ മറ്റേ മകളേയും.

The Orphan of Kazan എന്ന ശൈലി ജീവിതത്തോടു സദാ പരാതി പറയുന്നവരെ ദ്യോതിപ്പി ക്കുന്നു. ഒരു റഷ്യന്‍ ബാക്ഡ്രോപ്പിലാണത്.

നമുക്കിപ്പോള്‍ പ്രസക്തമല്ലാത്ത പതിനാറാം നൂറ്റാണ്ടിലെ ചില സാമൂഹിക-മത പശ്ചാത്തല ത്തില്‍, ഒരിക്കല്‍ വലിയ ആത്മാഭിമാനവും അതീവധൈര്യവും പുലര്‍ത്തിയിരുന്ന മനുഷ്യര്‍ ഏറ്റവും ചെറിയ അസൗകര്യങ്ങള്‍ക്കു പോലും പരാതി പറയുകയും ആനുകൂല്യങ്ങള്‍ക്കു വേണ്ടി കെഞ്ചുകയും ചെയ്യുന്ന കാഴ്ച ദേശം ഭരിച്ചിരുന്ന സാര്‍ ചക്രവര്‍ത്തിയില്‍ അനുഭാവത്തിലേറെ പരിഹാസം സൃഷ്ടിച്ചിരുന്നു. പോപ്പുലര്‍ മനഃശാസ്ത്ര ത്തിന്‍റെ വായനയില്‍ 'persecutory delusion'എന്നൊരു പദമുണ്ട്. ആരോ തന്നെ സദാ പിന്തുടരുന്നു വെന്നും ഓരോ നിമിഷവും തന്‍റെ ജീവിതം കഠിനമാക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള, മനോരോഗത്തോട് അടുത്തുനില്‍ക്കുന്ന തോന്നലാണത്. അതിലെ നേര്‍പ്പിച്ച രൂപങ്ങളിലൂടെ ആരാണു കടന്നുപോകാത്തത്!

Complaining is an insult to God എന്ന മോണിക്ക ജോണ്‍സണ്‍ന്‍റെ ഉദ്ധരണിയെ ശരിവയ്ക്കുന്നതാണ് വേദപുസ്തകവിചാരങ്ങള്‍. പഴയ നിയമം കഠിനമായി നേരിടുന്ന അപരാധമാണത്. ആകാശം പൊഴിച്ചിരുന്ന മന്ന എന്ന അപ്പത്തേക്കുറിച്ചുള്ള പരാതി യിലാണ് ആ വിചാരം ആരംഭിക്കുന്നത്. ഒരിക്കല്‍ വിസ്മയിപ്പിച്ച, അനുഭൂതി നല്‍കിയ മനുഷ്യരുടേയും അനുഭവങ്ങളുടേയും ചാരുത ചിരപരിചയം കൊണ്ട് ചോര്‍ന്നുപോവുകയും വിരസമാവുകയും ചെയ്തേക്കാം. ഭൂതകാലസ്മൃതികളെ കൂടെക്കൂട്ടാന്‍ മറന്നു എന്നതാണ് നമ്മുടെ പ്രധാന പാളിച്ച.

ബൈബിള്‍പഠനങ്ങള്‍ വിജനതയില്‍നിന്നുയരുന്ന പരാതികളെ മൂന്നായി തിരിക്കുന്നു. ഒന്ന്, complaints of the flesh.. സുഖങ്ങളിലേക്കുതന്നെ ചായുന്ന ഒരു ഡിഫോള്‍ട്ട് സിസ്റ്റവുമായിട്ടാണ് ഉടല്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ജീവന്‍മശായി 'ആരോഗ്യനി കേതന'ത്തില്‍ കണ്ടെത്തുന്നതുപോലെ, ഓരോരുത്തരുടേയും ഇഷ്ടങ്ങള്‍ അവരുടെ മരണകാരണമാകുന്നു. ഇബ്സന്‍റെ 'ബ്രാന്‍റ്' എന്ന നാടകത്തില്‍ വലിയ വിമോചനത്തിലേക്ക് ക്ലേശകരമായ യാത്ര നടത്തിക്കൊണ്ടിരുന്ന ഒരു ജനാവലി പുഴയില്‍ ഊത്ത ഇളകിയിരിക്കുന്നു എന്ന സുവിശേഷം കേട്ട് തങ്ങളുടെ രക്ഷകനെ തനിച്ചാക്കി മീന്‍ പിടിക്കാന്‍ പായുന്നത് കേവലഫലിതമാകാത്തത് അതുകൊണ്ടാണ്.

രണ്ട്, complaints of jealousy. കാര്യം സിംപിളാണ്. ഒരു റെസ്റ്റോറന്‍റില്‍ ഭക്ഷണത്തിനായി നാമെ ത്തുന്നു. വി കെ എന്നിന്‍റെ ഭാഷയില്‍ 'ഭക്ഷണപ്രിയരുടെ ബൈബിള്‍' നമ്മുടെ മേശയിലിരിപ്പുണ്ട്. തിരിച്ചും മറിച്ചും കുറേയധികം നേരമെടുത്ത് ഒരു കാര്യം ഓഡര്‍ ചെയ്യുന്നു. അതു വരാന്‍ വേണ്ടി കാത്തിരുക്കുമ്പോള്‍ അതിനേക്കാള്‍ രുചികരമെന്നു തോന്നിക്കുന്ന ഒരു വിഭവം അടുത്ത മേശയിലെത്തുന്നു. അതോടെ നമ്മുടെ ഏകാഗ്രത നഷ്ടമാകുന്നു. വളരെയേറെ ബാലിശമെന്നു തോന്നിക്കാവുന്ന ഈ വിചാരം ഭേദപ്പെട്ട രീതിയില്‍ കൊണ്ടുനടക്കേണ്ട തലവര മനുഷ്യസ്വഭാവത്തിലുണ്ട്; അയാള്‍ക്ക് / അവള്‍ക്ക് എന്നേക്കാള്‍ സൗഭാഗ്യങ്ങളുണ്ടായി. ഒരു പെരുന്തച്ചന്‍ പോലും ഉളിമിനുക്കുന്നത് ഈ വികാരത്തിലാണ്. 'സാവൂള്‍ ആയിരങ്ങളെ കൊന്നു, ദാവീദ് പതിനായിരങ്ങളെ കൊന്നു' എന്ന പാട്ടില്‍ ആദ്യത്തെയാളുടെ ഉറക്കം നഷ്ടമാവുകയാണ്. പുതിയ നിയമത്തിന്‍റെ ഭാഷയില്‍, 'ഞാന്‍ ഉദാരശീലനാകുന്നതില്‍ നിനക്കെന്താണിത്ര കലമ്പാന്‍' എന്ന വീണ്ടുവിചാരം കൊണ്ട് പുറത്തു കടക്കേണ്ട കെണിയാണിത്. ഒടുവിലായി, complaints of unbelief. ആത്യന്തികമായി എല്ലാ പരാതികളും, 'എല്ലാം ശുഭകരമാക്കും' എന്ന ഉറപ്പുനല്‍കുന്ന ഒരാളുടെ മീതെയുള്ള നമ്മുടെ ഇടര്‍ച്ചക്കല്ലാണ്. ധൂര്‍ത്തപുത്രന്‍റെ കഥയിലെ ജ്യേഷ്ഠനെപ്പോലെ, സ്വന്തം ആനുകൂല്യങ്ങളുടെ ഭംഗി കാണാതെ അടിമജീവിതമാണ് തനിക്കു നല്‍കപ്പെട്ടിരിക്കുന്ന തെന്ന് സങ്കല്പിക്കുന്ന ഒരാള്‍ക്കുവേണ്ടിയുള്ളതല്ല ആനന്ദത്തിന്‍റെ ഒരു തുരുത്തും.

പരാതിപ്പെടാന്‍ എത്രയോ കാരണങ്ങളുണ്ടായിട്ടും ഒരു ചെറുപുഞ്ചിരിയോടെ കടന്നുപോയ കുറേയധികം മനുഷ്യരുടെ ഓര്‍മ ഈ പുലരിജാലകത്തിനു വെളിയില്‍ ഘോഷയാത്രയായി നീങ്ങുന്നുണ്ട്.

2

താരതമ്യം എന്ന അവനവന്‍കടമ്പയില്‍ തട്ടിയാണ് മിക്കവാറും പേര്‍ തീവ്രവിഷാദികളാകുന്നത്. ചുറ്റിനും പാര്‍ക്കുന്നവരോട് ജീവിതം കുറേയേറെ അനുഭാവവും ആനുകൂല്യവും കാട്ടിയതായി നാം പരാതിപ്പെടുന്നു. ഇന്നലെ വായിച്ചെടുത്ത ആ കഥ അങ്ങനെ ഒരു പരാമര്‍ശത്തിലാണ് അവസാനി ക്കുന്നത്. കൈവെള്ളയിലെ നാണയത്തിന്‍റെ തിളക്കം കാണാനാവാത്ത വിധത്തില്‍ നിഴല്‍ വീണിരിക്കുന്നു. 'അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്‍റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ.'

ശ്രദ്ധേയമായ ഒരു ഹ്രസ്വചിത്രം - The Neighbors' Windowപറയാന്‍ ശ്രമിക്കുന്നതതാണ്. ഒരു വീട്ടമ്മയുടെ മിഴിയിലൂടെയാണ് കഥ വികസിക്കുന്നത്. ജാലകക്കാഴ്ചകള്‍ സാധ്യമാവുന്ന വിധത്തില്‍ മുഖാമുഖം നില്‍ക്കുന്ന ഒരു അപാര്‍ ട്മെന്‍റില്‍ താമസമാക്കുന്ന പുരുഷന്‍റേയും സ്ത്രീ യുടേയും സ്നേഹം നുരയുന്ന ജീവിതം അവളെ കൊതിപ്പിക്കുന്നു. ഇവിടെയാവട്ടെ കുഞ്ഞുങ്ങളുടെ ബഹളവും ജീവിതത്തിന്‍റെ പെടാപ്പാടുകളും ചില സംഘര്‍ഷങ്ങളും. വിരസമാകുന്ന ജീവിതത്തിലെ സ്വപ്നത്തുരുത്തായിട്ടാണ് ആ അയല്‍വീട് അവള്‍ക്ക് അനുഭവപ്പെടുന്നത്. ഒരു ദിവസം അയല്‍ക്കാരന്‍ ശയ്യാവലംബിയാകുന്നതായും പിന്നീട് ആരൊക്കെയോ ചേര്‍ന്ന് അയാളെ പുറത്തേക്ക് കൊണ്ടുപോകുന്നതും അവള്‍ കാണുന്നു. ആദ്യമായി തന്‍റെ അയല്‍ക്കാരിയോടു സംസാരിക്കാന്‍ അവള്‍ ഓടിയെത്തുന്നുണ്ട്. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, താനും ഭര്‍ത്താവും എത്ര കൗതുകത്തോടുകൂടിയാണ് തങ്ങളുടെ ജാലകത്തിലൂടെ അവളേയും അയാളേയും അവരുടെ കുഞ്ഞുങ്ങളേയും ഉറ്റുനോക്കിയിരുന്നതെന്ന് അയല്‍ക്കാരി അവളോടു പറയുന്നു,  "Your children are highly adorabale and hilarious' എന്നാണ് അമ്മയെ അവര്‍ കോംപ്ലിമെന്‍റ് ചെയ്യുന്നത്.

താരതമ്യങ്ങളുടെ കഠിനമായ നുകം നാം കെട്ടിവയ്ക്കുന്നത് അവരുടെ ഇളംചുമലിലേക്കാണ്. കുട്ടികളെ മത്സരബുദ്ധിയുള്ളവരാക്കുക എന്ന സങ്കല്പത്തിലാണ് പലരുമായി അവരെ താരതമ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതു വീട്ടിലെ കുഞ്ഞു ങ്ങളാവാം, ക്ലാസ്മുറിയിലെ കൂട്ടുകാരാവാം, സഹപ്രവര്‍ത്തകരുടെ മക്കളാവാം. എന്തൊരു അപകടം പിടിച്ച കളിയാണിത്."You can't teach children to behave better by making them feel worse' എന്ന് കുട്ടികളുടെ മനഃശാസ്ത്രജ്ഞയായ പാം ലിയോ പറയുന്നത് എത്ര ശരിയാണ്. എന്തിലേ ക്കൊക്കെയാണ് നമ്മളവരെ തള്ളിയിടുന്നത്; കഠിന സമ്മര്‍ദം, കളഞ്ഞുപോവുന്ന ആത്മവിശ്വാസം, ലജ്ജ, പൊതുവിടങ്ങളില്‍ നിന്നുള്ള അകലം, സിബ്ലിങ് റൈവല്‍റി അങ്ങനെ. ഇതിന്‍റെ ഭാരം നിങ്ങളനുഭവിക്കണമെങ്കില്‍, നിങ്ങളുടെ പങ്കാളി മറ്റൊരാളുടെ പങ്കാളിയുമായി നിങ്ങളെ താരതമ്യപ്പെ ടുത്തുന്ന സാഹചര്യം ഓര്‍മിച്ചാല്‍ മതി.

മനുഷ്യരുടെ വിഭിന്നങ്ങളായ സാധ്യതക ളേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയിട്ടു വേണം നമ്മളവരെ കൂട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ആകാശത്തേക്കു വിരല്‍ ചൂണ്ടാന്‍. വിഭിന്നങ്ങളായ അളവുകളിലാണ് ഓരോരുത്തരുടേയും ആന്തരികധനം പങ്കിട്ടുകൊടുത്തിരിക്കുന്നത്. അതുകൊണ്ടാണ് താലന്തുകളുടെ കഥ പറഞ്ഞപ്പോള്‍ അഞ്ചും രണ്ടും ഒന്നുമൊക്കെയായി അതു കൈമാറിയെന്ന് യേശു പറഞ്ഞത്. അടിസ്ഥാനസാധ്യതകളില്‍ത്തന്നെ കാതലായ വ്യത്യാസം സൂക്ഷിക്കുമ്പോള്‍ പൊതുവായ ബെഞ്ച്മാര്‍ക്കുകള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നതാണ് താരതമ്യങ്ങളെ അയുക്തമാക്കുന്ന വിചാരം.

You can share this post!

മണ്ണ്

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts