news-details
കവർ സ്റ്റോറി

അസ്സീസിയിലെ കൊച്ചുമനുഷ്യനും ഈശോയും

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്, രണ്ടാം ക്രിസ്തുവെന്ന അപരാഭിധാനത്താല്‍ അറിയപ്പെടുന്നവന്‍. ഈ പേരും ജീവിതവും എനിക്കെന്നും വലിയ പ്രചോദനമാണ്. കാലങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ഈ മനു ഷ്യനെ ലോകം ഇപ്പോഴും ശ്രദ്ധി ക്കുന്നു, അവന്‍ പറഞ്ഞുവച്ച കാര്യങ്ങളേയും അവന്‍റെ ജീവിത ത്തേയും ഇപ്പോഴും അനേകര്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ആ ജീവിതത്തോട് ചേര്‍ത്ത് പുതിയ പുതിയ ദര്‍ശനങ്ങള്‍ രൂപപ്പെടു ത്തിയെടുക്കുന്നു. കുറേ നൂറ്റാണ്ടു കള്‍ക്ക് മുന്‍പാണീ മനുഷ്യന്‍ ജീവിച്ചിരുന്നതെന്ന് മറന്നുപോയ വിധമാണ് പലരും സംസാരിക്കു ന്നതും എഴുതുന്നതുമൊക്കെ. അത്രമാത്രം അസ്സീസിയിലെ കൊച്ചുമനുഷ്യന്‍ ഏതൊക്കയോ വിധത്തില്‍ ഇന്നും മനുഷ്യജീവി തങ്ങളെ തൊട്ടുകൊണ്ടേയി രിക്കുന്നു. അതുപോലെ, കത്തോ ലിക്കാസഭയുടെ പരമാദ്ധ്യക്ഷ നായ ഫ്രാന്‍സീസ് പാപ്പാ, സഭാമക്കളുടെ ജീവിതനവീകരണത്തിനായി പറഞ്ഞുതരുന്ന കാര്യങ്ങളില്‍ മിക്കപ്പോഴും ഈ മനുഷ്യനെ ക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഇതെല്ലാം എന്നെ ഓര്‍മ്മിപ്പിക്കുന്നത്, അസ്സീസിയിലെ ഫ്രാന്‍സീസ് എന്ന ഈ മനുഷ്യനെ രണ്ടാം ക്രിസ്തു എന്ന് വിളിക്കുന്നതില്‍ യാതൊരു തെറ്റുമില്ലായെന്നും, എന്തെന്നാല്‍, അവന്‍റെ ജീവിതവും ദര്‍ശനങ്ങളും ഏറെ വിലപ്പെട്ടതും എല്ലാക്കാലത്തേക്കുമുള്ളതെന്നുമാണ്.

അസ്സീസിയിലെ ഫ്രാന്‍സിസിനെക്കുറിച്ച് ആദ്യമായി കേട്ട നാള്‍മുതല്‍ സാന്‍ ഡാമിയാനോ ദൈവാലയവും അവിടുത്തെ ക്രൂശിതരൂപവും എന്‍റെ മനസിലും കയറിക്കൂടി എന്നത് സത്യമാണ്. ഈ ക്രൂശിതരൂപത്തിന്‍ മുന്‍പിലായി മുട്ടുകുത്തി നിന്നുകൊണ്ട് പ്രാര്‍ഥിക്കുന്ന ഫ്രാന്‍സിസിന്‍റെ ഒരു ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടതുപോലെ കിടന്നിരുന്ന ഈ ദേവാലയത്തില്‍ അവശേഷിച്ചിരുന്ന ഈ ക്രൂശിതരൂപത്തെ നോക്കി എന്തായിരിക്കാം അവന്‍ പ്രാര്‍ഥിച്ചത് എന്നു ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. ചരിത്രകാരന്മാര്‍ക്ക് അവരുടെ ഉത്തരങ്ങളുണ്ടാകും. പക്ഷേ, എന്‍റെ മനസ് അവരുടെ ഉത്തരങ്ങളില്‍ പൂര്‍ണമായും തൃപ്തിയടയുന്നില്ല.

ഫ്രാന്‍സിസ് സാന്‍ ഡാമിയാനോ ദേവാലയത്തില്‍ എത്തുന്നതിന് മുന്‍പ് ആ ജീവിതം മറ്റുപലതിനുമായുള്ള നെട്ടോട്ടത്തിലായിരുന്നു എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ആടിപ്പാടി നടന്നിരുന്ന ആ ചെറുപ്പക്കാരന്‍, തന്‍റെ അപ്പന്‍റെ ആഗ്രഹപ്രകാരം ഒരു മാടമ്പിയാകുക എന്ന ലക്ഷ്യത്തോടെ യുദ്ധത്തിന് പോകുന്നതും, ആരെ സേവിക്കുന്നതാണ് ഉത്തമമെന്ന ചോദ്യം കര്‍ത്താവില്‍ നിന്ന് കേള്‍ക്കുന്നതും, പിന്നീട് യുദ്ധത്തില്‍ പരാജിതനായി തിരികെ അസ്സീസിയില്‍ എത്തുന്നതും ഈ ചരിത്രഭാഗമാണ്. കൃത്യമായി പറഞ്ഞാല്‍, അവിടം മുതലാണ് ഫ്രാന്‍സിസിന്‍റെ ജീവിതം മാറിമറിയുന്നത്. പരാജിതനായി തിരിച്ചെത്തിയതില്‍ തന്‍റെ ചുറ്റുപാടുകളില്‍ നിന്നും നേരിടേണ്ടിവരുന്ന കളിയാക്കലുകളെ അതിജീവിക്കാനാകാം അധികമാരും കടന്നുചെല്ലാത്ത സാന്‍ഡാമിയാനോ ദേവാലയത്തിലേക്ക് അവന്‍ ചെന്നിട്ടുണ്ടാകുക. ബഹളങ്ങളില്ലാത്ത ആ അന്തരീക്ഷത്തിലാണ് ആ ക്രൂശിതരൂപം അവനെ ആകര്‍ഷിക്കുന്നതും അവന്‍റെ ജീവിത ത്തിന്‍റെ ശരിയായ വഴിയിലേക്കുള്ള തുറവികിട്ടുന്നതും.

മത്തായിയുടെ സുവിശേഷം പറഞ്ഞുതരുന്നതനുസരിച്ച് പത്രോസ് വളരെ ഗൗരവമായ ഒരു ചോദ്യം ഒരിക്കല്‍ ഈശോയോട് ചോദിക്കുന്നുണ്ട്, "ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക"? (മത്തായി 19:27) ഈശോ അന്ന് കൊടുത്ത ഉത്തരം എത്രമാത്രം പത്രോസിന് മനസ്സിലായി എന്നത് വ്യക്തമല്ല. കാരണം ആ ഉത്തരത്തില്‍ ഈശോയെ അനുഗമിക്കുന്നതുവഴി ഭൗതികമായി എന്തെങ്കിലും ലഭിക്കുമെന്ന ചെറുസൂചനപോലുമില്ല. എന്നിട്ടും പത്രോസ് അവനെ പിന്തുടര്‍ന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നുണ്ട്.

പത്രോസിന്‍റെ ചോദ്യത്തിന് സമാനമായ ചോദ്യം ഫ്രാന്‍സിസും ആ ക്രൂശിതരൂപത്തിന്‍റെ മുന്‍പില്‍ ഉയര്‍ത്തിയിട്ടുണ്ടാകും എന്നാണ് ഞാന്‍ കരുതുക. അതില്‍ അവന്‍റെ ആകുലതകളും സ്വപ്നങ്ങളും പ്രതീക്ഷകളും നൊമ്പരങ്ങളുമെല്ലാം ചേര്‍ന്നിട്ടുണ്ടാകും. സാധാരണമായി ദൈവത്തോട് അടുത്തുനില്‍ക്കുന്നു അല്ലെങ്കില്‍ ദൈവവിളികിട്ടി എന്ന ചിന്തയുള്ളവരില്‍ ഭൂരിപക്ഷവും കാര്യസാധ്യതയ്ക്കാണല്ലോ കര്‍ത്താവിന്‍റെ അടുക്കല്‍ എത്തുക. കര്‍ത്താവില്‍ നിന്നും ലഭിക്കാന്‍ അവന്‍ ആഗ്രഹിച്ച കാര്യങ്ങളൊക്കെ അവിടെ ആ സന്നിധിയില്‍ പറഞ്ഞിട്ടുണ്ടാകും. അപ്പന്‍റെ മുന്‍പിലും നാട്ടുകാരുടെ മുന്‍പിലും താനൊരു പരാജയമായി കഴിഞ്ഞു. പഴയതുപോലെ കൂടെക്കൂട്ടാന്‍ ആരുമുണ്ടാകില്ല. ഒരളവുവരെ നാട്ടുകാരാലും വീട്ടുകാരാലും തിരസ്കൃതനായി കഴിഞ്ഞിരിക്കുന്നു. മുന്‍പോട്ട് എന്താണെന്ന് വലിയ വ്യക്തതയൊന്നുമില്ല. യജമാനനെ സേവിക്കുന്നതാണ് ഉത്തമം എന്ന് അറിയുമ്പോഴും അതെങ്ങിനെയെന്നത് അറിഞ്ഞുകൂടാ. ഇങ്ങനെ അനവധിയായ കാര്യങ്ങളാല്‍ കലങ്ങിമറിഞ്ഞ തന്‍റെ ഉള്ളം അവന്‍ അവിടെ തുറന്നുവച്ചിട്ടുണ്ടാകും.

ഇനിയുള്ള ജീവിതം യജമാനനായ കര്‍ത്താവിന്‍റെയൊപ്പം എന്നുള്ള തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ഈ ക്രൂശിതസാന്നിധ്യം സഹായിച്ചു എന്ന തുറപ്പാണ്. അതെല്ലാം കഴിയുമ്പോഴാകും പത്രോസ് ഈശോയോട് ചോദിച്ച ചോദ്യത്തില്‍ നിന്നും വ്യത്യസ്തമായി, എനിക്കെന്താണു കിട്ടുക എന്ന ചോദ്യ ത്തിന് പകരം, ഇനി ഞാന്‍ എന്താണു ചെയ്യേണ്ടത് എന്ന് ഫ്രാന്‍സിസ് ഈശോയോട് ചോദിച്ചത്. അവിടെയവന് കിട്ടുന്ന ഉത്തരം 'എന്‍റെ ആലയം പുതുക്കിപ്പണിയുക' എന്നാണ്. അങ്ങിനെ ഇടിഞ്ഞു പൊളിഞ്ഞ കര്‍ത്താവിന്‍റെ ആലയം പുതുക്കിപ്പ ണിത് സ്വയം കര്‍ത്താവിനാല്‍ പണിയപ്പെട്ടവനാണവന്‍.

അസ്സീസിയിലെ ഫ്രാന്‍സിസ് സാന്‍ഡാമിയാനോ ദേവാലയത്തില്‍ ചെലവഴിച്ച നിമിഷങ്ങള്‍ പോലെയല്ലെങ്കിലും ഞാനും എന്‍റെ ദൈവവിളിയുടെ ഭാഗമായി കര്‍ത്താവിന്‍റെ മുന്‍പില്‍ പ്രാര്‍ഥനാപൂര്‍വം ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. അനേക തവണ ഞാന്‍ കര്‍ത്താവിനോട് പത്രോസ് പറഞ്ഞ അതേപോലെ ആവശ്യപ്പെട്ടിട്ടുമുണ്ട്. കര്‍ത്താവേ, ഞാനും പലതും ഉപേക്ഷിച്ചാണ് നിന്‍റെ പിന്നാലെ വന്നിരിക്കുന്നത്, എനിക്ക് എന്‍റെ ഈ സന്യാസ പൗരോഹിത്യ ജീവിതത്തില്‍നിന്നും എന്താണ് കിട്ടുക? ഇങ്ങനെയൊക്കെ ചിന്തിക്കാനും ചോദിക്കാനും കാരണം, ഇതില്‍ വന്നിട്ട് പലതും കിട്ടിയ വരുടെ ആഹ്ളാദപ്രകടനങ്ങള്‍ ഞാന്‍ കണ്ടതുകൊണ്ടാണ്, പ്രതീക്ഷിച്ചുപോലെ ഒന്നും കിട്ടാത്തവരുടെ വേദനകള്‍ കേള്‍ക്കാന്‍ ഇടവന്നതിനാലുമാണ്. എന്തെങ്കിലുമൊക്കെ ചെറിയ കാര്യങ്ങള്‍ ലഭിച്ചുകഴിയുമ്പോള്‍ അത് തന്ന കര്‍ത്താവിനെപ്പോലും വിസ്മരിച്ചിട്ടുണ്ട് എന്നതും സത്യമാണ്. പക്ഷേ, ഫ്രാന്‍സിസ് കര്‍ത്താവില്‍ നിന്നും കേട്ട, എന്‍റെ ആലയം പുതുക്കി പണിയുകയെന്ന ആഹ്വാനത്തെ വാച്യാര്‍ത്ഥത്തില്‍ തന്നെ മനസിലാക്കുകയും, എളുപ്പമല്ലാതിരുന്നിട്ടും തകര്‍ന്ന ദേവാലയം പുനരുദ്ധരിക്കാന്‍ ആരംഭിക്കുകയും ചെയ്തു.

സാന്‍ ഡാമിയാനോ ദേവാലയ പുനരുദ്ധാരണത്തില്‍ മാത്രം ഒതുങ്ങിപ്പോകേണ്ടതല്ല തന്‍റെ ജീവിതമെന്ന് പതുക്കെ പതുക്കെ ഫ്രാന്‍സിസ് മനസിലാക്കുന്നുണ്ട്. കര്‍ത്താവ് തന്നോട് ആവശ്യപ്പെട്ടത് സഭയാകുന്ന ദേവാലയത്തിന്‍റെ പുനഃസൃഷ്ടിയാണെന്നവന്‍ അങ്ങിനെ പതിയെ പതിയെ പിന്നീട് തിരിച്ചറിയുകയാണ്. അപ്പോഴും ഫ്രാന്‍സിസ് എത്രയോ ശാന്തമായാണ് സഭാധികാരികളോടും മറ്റു മനുഷ്യരോടുമെല്ലാം ഇടപെടുന്നത്, എത്രയോ ക്ഷമയോടെയാണ് തന്‍റെ ജീവിതയാത്ര തുടരുന്നത്. തന്‍റെ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം സാവകാശം കര്‍ത്താവില്‍ നിന്നും വെളിപ്പെട്ടുകിട്ടുമ്പോഴും ഫ്രാന്‍സിസ് സ്വീകരിക്കുന്ന നിലപാട് എത്രയോ സുന്ദരമാണ്. ചിലപ്പോഴൊക്കെ ഞാനു ള്‍പ്പെടുന്ന സന്യാസപൗരോഹിത്യ ഇടങ്ങളിലേക്ക് വെറുതെയൊന്ന് മിഴിപായിക്കുമ്പോള്‍ കാണുന്നത് അങ്ങനെയൊന്നുമല്ലാ എന്നറിയുന്നുണ്ട്. സഭയെ നവീകരിക്കാനായി ഇറങ്ങിത്തിരിക്കുന്ന പലരുടേയും ശരീരഭാഷയും രീതികളും മിക്കപ്പോഴും ധാര്‍ഷ്ട്യവും അഹന്തയും അഹങ്കാരവുംകൊണ്ട് നിറഞ്ഞിരിക്കുന്നതായി കാണാന്‍ സാധിക്കും. അങ്ങനെയുള്ളവര്‍ക്ക് ഒരിക്കലും സഭയെ നവീക രിക്കാനോ ആത്മീയമായ ഒരു ചെറുചലനമെങ്കിലും സൃഷ്ടിക്കാനോ സാധിക്കില്ല. സഭയിന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിലൊന്ന് അസ്സീസിയിലെ ഫ്രാന്‍സിസിനെപ്പോലെ ആരേയും കാണുന്നില്ലായെന്നതാണ്.

സാന്‍ ഡാമിയാനോയില്‍ നിന്നു കിട്ടിയ ദൈവിക വെളിപാടിനുശേഷം അവന്‍റെ ജീവിതത്തിന്‍റെ മറ്റൊരു വശം എന്നതുപോലൊരു ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ ക്രൂശിതരൂപത്തിന്‍റെ മുന്‍പില്‍ നിന്നു മിഴിനീരൊഴുക്കുകയാണ് ഫ്രാന്‍സിസ്. തന്‍റെ ഗുരുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസ്, കര്‍ത്താവ് അവന്‍റെ നേരെ നോക്കുന്നത് കണ്ടപ്പോള്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞതുപോലെ (ലൂക്കാ 22:62), കര്‍ത്താവില്‍ നിന്നും വലിയ കൃപകള്‍ കിട്ടിയതിനുശേഷവും പൂര്‍ണമായി അവനോട് വിശ്വസ്തത പുലര്‍ത്താന്‍ കഴിയാതെ പോയതിനെക്കുറിച്ചോ, അതുപോലെ മറ്റെന്തെങ്കിലും തിന്മയുടെ വലയത്തില്‍ വീണുപോയതിനെക്കുറിച്ചോ ഓര്‍ത്തായിരിക്കാം ഫ്രാന്‍സിസും മിഴിനീരൊഴുക്കിയത് എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രം.

പുതിയ ജീവിതം തുടങ്ങിയതിനുശേഷം, സാധാരണ മനുഷ്യര്‍ക്ക് മണ്ണിലെ ജീവിതത്തിന്‍റെ ഭാഗമായി വന്നുചേരാന്‍ സാധ്യതയുള്ള ആഗ്രഹ ങ്ങളും പ്രതീക്ഷകളുമൊക്കെ അസ്സീസിയിലെ ഫ്രാന്‍സിസില്‍ നിന്നും ഇല്ലാതായോ എന്ന് ഞാന്‍ ചിന്തിച്ചുനോക്കിയിട്ടുണ്ട് ഒരാള്‍ എത്രയൊക്കെ ആത്മീയ ഔന്നത്യം നേടിയാലും ആ വ്യക്തിയുടെ മരണംവരെ തിന്മയിലേക്ക് ചായാനുള്ള സാധ്യതയെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. അപ്പോള്‍ ഫ്രാന്‍സിസ് എത്രമാത്രം അതിനപവാദമാകും? ഒരു ഭ്രാന്തനെപ്പോലെയുള്ള ആകാരത്തോടെ ജീവിക്കു മ്പോഴും പലരും അവനെ വിശുദ്ധനെന്ന് വിളിച്ചിരുന്നു. അത് കേള്‍ക്കുമ്പോളൊക്കെ അതില്‍ മതി മറന്ന് സന്തോഷിക്കുന്ന ഒരു പ്രകൃതമായിരുന്നില്ല ഫ്രാന്‍സിസിന്‍റേത് എന്ന് വായിച്ചിട്ടുണ്ട്. അത്തരം വിളികള്‍ക്ക് അവന്‍ കൊടുത്ത ഉത്തരം അവന്‍റെ സഹോദരന്മാരോടായിരുന്നു. ഇതുവരെ നമ്മള്‍ ഒന്നും ചെയ്തിട്ടില്ല, നമുക്ക് പുതിയ ഒരു തുടക്കം കുറിക്കാം. എപ്പോഴും ഒരു പുതിയ തുടക്കം കുറിക്കാം എന്ന് ഫ്രാന്‍സിസ് പറയുമ്പോള്‍ അത് കര്‍ത്താവിനൊപ്പമുള്ള ഒരു ജീവിതം തന്നെയായിരുന്നു എന്നത് തിന്മയുടെ സ്വാധീനത്തില്‍ നിന്നും അത്രമാത്രം അകലാന്‍ അവനു കഴിഞ്ഞിരുന്നു എന്നതിന്‍റെ തെളിവുകൂടിയാണ്. സഭയവനെ വിളിച്ചത് രണ്ടാം ക്രിസ്തുവെന്നാണ്. അങ്ങനെ വിളിക്കപ്പെടണമെങ്കില്‍ ആ ജീവിതം ക്രിസ്തുവിനെ അറിഞ്ഞതിനുശേഷം എത്രയോ വിശുദ്ധമായിരുന്നു എന്നത് സത്യമല്ലേ? മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ലോകവും അതിനോടു ചേര്‍ന്നുള്ള മോഹങ്ങളും കര്‍ത്താവിന്‍റെ മുന്‍പില്‍ ഒന്നുമല്ലായെന്ന് അറിഞ്ഞ ഒരു മനുഷ്യനായിരുന്നു ഫ്രാന്‍സിസ്.

കുരിശിലെ ഈശോ ആണിതറച്ച തന്‍റെ വലതുകരം കുരിശില്‍നിന്നെടുത്ത് മണ്ണിലെ ഫ്രാന്‍സിസിനെ ആശ്ലേഷിക്കുന്ന പ്രതിമകളും ചിത്രങ്ങളും ധാരാളമിടങ്ങളില്‍ കാണാനിടവന്നിട്ടുണ്ട് എനിക്കിതില്‍ നിന്നും മനസിലാകുന്നതിങ്ങനെയാണ്, ഒരാള്‍ ക്രിസ്തുവിനെ തന്‍റെ ജീവിതത്തിലെ മറ്റെല്ലാകാര്യങ്ങളെക്കാളും മുകളിലായി പരിഗണിക്കുകയും ജീവിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതാണിത്. എല്ലാം ഉപേക്ഷിച്ച് അവനെ മാത്രം നിനച്ച് ജീവിച്ചാല്‍ എന്തുകിട്ടും എന്ന പത്രോസിന്‍റെ ചോദ്യത്തിന്‍റെ ഉത്തരം പോലെ ഇവിടെ ഫ്രാന്‍സിസ് യജമാനനായ ഈശോയെ സേവിക്കാന്‍ തുടങ്ങിയപ്പോള്‍ അവനെന്താണ് കിട്ടിയത് എന്നറിയാന്‍ കര്‍ത്താവ് ഫ്രാന്‍സിസിനെ ആശ്ളേഷിക്കുന്ന ഈ രൂപമോ ചിത്രമോ ഒന്നു കണ്ടാല്‍ മതി. അവന്‍ ഫ്രാന്‍സിസിനെ ആശ്ളേഷിക്കുന്നത് ഒരു ചിത്രകാരന്‍റെ ഭാവനയാണെങ്കില്‍ കൂടി അത് പകര്‍ന്നുതരുന്ന സത്യം വലുതാണ്.

എന്തുകൊണ്ടായിരിക്കാം ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും മനുഷ്യര്‍ അസ്സീസിയിലെ ഫ്രാന്‍സിസില്‍ ആകൃഷ്ടരാകുന്നതും അവനെക്കുറിച്ച് അന്വേഷിക്കുന്നതും? ഉത്തരമൊന്നേയുള്ളൂ, ഏതുകാലത്തും ഏതു സാഹചര്യത്തിലും കഴിയുന്ന മനുഷ്യര്‍ക്ക് ക്രിസ്തുവിലേക്കെത്താന്‍ സഹായിക്കുന്ന ഒരു വഴികാട്ടിയാണ് ഈ മനുഷ്യന്‍ എന്നതു തന്നെ. ഫ്രാന്‍സിസിലൂടെ ക്രിസ്തുവിലേക്ക് എത്തി ച്ചേരാനായി അത്ഭുതങ്ങളുടെ വിവരണങ്ങളോ കെട്ടുകഥകളോ ആവശ്യമില്ലായെന്നതും ഒരു  കാരണമാകാം.

അസ്സീസിയിലെ കൊച്ചുമനുഷ്യാ, അന്ന് നിനക്ക് യഥാര്‍ത്ഥ യജമാനനായ കര്‍ത്താവിനെ തിരിച്ചറിയാനും അവന്‍റെ ഹിതം മനസ്സിലാക്കാനും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞതുപോലെ, നിന്നേയും നിന്‍റെ ദര്‍ശനങ്ങളേയും ജീവിതശൈലിയേയും ഇഷ്ടപ്പെടുന്ന ഞങ്ങള്‍ക്കും യഥാര്‍ത്ഥ യജമാനനെ കണ്ടെത്താനും അവന്‍റെ പ്രയപ്പെട്ടവരായി ജീവിക്കാനും സാധിക്കുന്നതിനായി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കണമേ.

You can share this post!

ഫ്രാന്‍സിസ്കന്‍ മിസ്റ്റിസിസം

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts