news-details
വേദ ധ്യാനം

എല്ലാം കീഴ്മേലാക്കുന്ന ഉപമയും സംഭവവും

ക്രിസ്തുവിനെയും അവന്‍റെ സുവിശേഷത്തെയും മനസ്സിലാക്കാനുള്ള ഒരെളുപ്പ മാര്‍ഗം ശീര്‍ഷാസനത്തില്‍ നിന്ന് ലോകത്തെ കാണുകയെന്ന താണ്. പുറത്തെന്നു കരുതിയവരെയൊക്കെ അകത്താക്കുന്ന, അകത്തെന്നു കരുതിയവരെയൊക്കെ പുറത്താക്കുന്ന വിസ്മയമാണ് ഉടനീളം സുവിശേ ഷത്തിലുള്ളത്. അത്തരത്തിലുള്ള, സമാനമായ രണ്ടു വേദഭാഗങ്ങള്‍ ഇവിടെ പരിഗണിക്കുകയാണ്.

ഫരിസേയനും ചുങ്കക്കാരനും (ലൂക്കാ 18:9-14)

തലക്കെട്ടില്‍ പരാമര്‍ശിക്കപ്പെട്ട രണ്ടു വ്യക്തികളുടെ പ്രാര്‍ഥനകളാണ് ലൂക്കാ 18:9-14 ലെ ഉപമയുടെ ചേരുവകള്‍. ഫരിസേയന്‍റെ പ്രാര്‍ഥന നീണ്ടതാണ് (24 വാക്കുകള്‍); എന്നാല്‍ അയാളുടെ ശരീര ഭാഷയെക്കുറിച്ച് ചെറിയൊരു പരാമര്‍ശമേയുള്ളൂ (17:11- "നിന്നുകൊണ്ടു പ്രാര്‍ഥിച്ചു"). ചുങ്കക്കാരന്‍റെ പ്രാര്‍ഥന ചെറുതാണ് (4 വാക്കുകള്‍); എന്നാല്‍ അയാളുടെ ശരീര ഭാഷയെക്കുറിച്ച് നീണ്ട പരാമര്‍ശമുണ്ട് (17:13- "ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്... പ്രാര്‍ഥിച്ചു"). ഫരിസേയന്‍ തന്‍റെ പ്രാര്‍ഥനയില്‍ 'ഞാന്‍' എന്ന വാക്ക് നാലു തവണ ഉപയോഗിക്കുമ്പോള്‍ ചുങ്കക്കാരന്‍ അത് ഒരിക്കല്‍ പോലും ഉപയോഗിക്കുന്നില്ല.

ഇരുവരുടേയും പ്രാര്‍ഥനയിലെ അന്തരം അവര്‍ക്കിടയിലെ അകലത്തിന്‍റെ പ്രതിഫലനംതന്നെയാണ്. യഹൂദനിയമപ്രകാരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉപവസിച്ചാല്‍ മതിയാകുന്നതാണ്. (യോം കീപ്പൂര്‍ എന്ന പാപപരിഹാരദിനത്തിലാണ് ഒരു യഹൂദന്‍ നിര്‍ബന്ധമായും ഉപവസിക്കേണ്ടത്.) എന്നാല്‍ ഉപമയിലെ ഫരിസേയന്‍ ആഴ്ചയില്‍ രണ്ടു തവണ ഉപവസിക്കുന്ന വ്യക്തിയാണ്. (നിയമം അനുശാസിക്കുന്നതിന്‍റെ 96 മടങ്ങു പുണ്യമാണ്  അയാള്‍ സമ്പാദിക്കുന്നത്!) ഏതൊരു കാര്‍ഷിക ഉല്‍പന്നത്തിന്‍റെയും ദശാംശം ദേവാലയത്തില്‍ കര്‍ഷകര്‍ കൊടുത്തിരുന്നു. അത്തരമൊരു ഉല്‍പന്നം ചന്തയില്‍നിന്നു വാങ്ങുമ്പോള്‍ നിയമപ്രകാരം വീണ്ടും ദശാംശം കൊടുക്കേണ്ടിയിരുന്നില്ല. എന്നാല്‍ ഫരിസേയര്‍, ചന്തയില്‍നിന്നു വാങ്ങുന്നവയുടെ ദശാംശവും കൊടുത്തിരുന്നു.

ഫരിസേയന്‍റെ നേര്‍വിപരീതമാണു ചുങ്കക്കാരന്‍. യഹൂദ ഗ്രന്ഥമായ മിഷ്നാപ്രകാരം നാം സത്യം പറയാന്‍ പാടില്ലാത്ത മൂന്നു വിഭാഗങ്ങളുണ്ട്: കൊലപാതകികള്‍, മോഷ്ടാക്കള്‍, ചുങ്കക്കാര്‍. യേശുവിന്‍റെ കാലത്തെ സിനഗോഗുകള്‍ ഗ്രാമീണ കോടതികള്‍ കൂടിയായിരുന്നല്ലോ. (മത്താ. 10:17 ലും നടപടി 22:19 ലും സിനഗോഗുകളില്‍ നടത്തിയിരുന്ന ചാട്ടവാറടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. സിനഗോഗുകള്‍ കോടതിയായും വര്‍ത്തിച്ചിരുന്നുവെന്നു സാരം.) അത്തരം കോടതികള്‍ ചുങ്കക്കാരന്‍റെ മൊഴികള്‍ക്ക് സാധുത കല്‍പിച്ചിരുന്നില്ല. മറ്റുള്ളവരെ കബളിപ്പിച്ച് ഒരാള്‍ എന്തെങ്കിലും സ്വന്തമാക്കിയെന്നിരിക്കട്ടെ. അയാള്‍ക്കു നിയമപ്രകാരം പാപമോചനം ലഭിക്കണമെങ്കില്‍ സ്വന്തമാക്കിയ വസ്തുവും അതിന്‍റെ അഞ്ചിലൊന്നു വിലയും ഉടമസ്ഥനു തിരികെ നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു (ലേവ്യര്‍ 6:1-5). എന്നാല്‍, താന്‍ ആരെയൊക്കെ വഞ്ചിച്ചിട്ടുണ്ട് എന്ന ഒരു കണക്കുമില്ലാത്തതുകൊണ്ട് അത്തരമൊരു പാപമോചന സാധ്യത അപ്പാടെ നഷ്ടപ്പെടുത്തിയ ആളാണ് ചുങ്കക്കാരന്‍. അതുകൊണ്ടു തന്നെ അയാള്‍ പാപിയും ജെറുസലെം ദേവാലയ ത്തിന്‍റെ കിഴക്കേ കവാടത്തില്‍നിന്നു മാത്രം പ്രാര്‍ഥിക്കേണ്ടവനുമായിരുന്നു.

നമ്മുടെ ഉപമയിലെ ഫരിസേയനെ യേശു നെഗറ്റീവായി അവതരിപ്പിക്കുന്നതിനു കാരണം, യേശു യഹൂദമതത്തിന് എതിരായിരുന്നതുകൊ ണ്ടാണ് എന്ന മട്ടില്‍ ചില വ്യാഖ്യാനങ്ങള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍, യേശു എല്ലാ ഫരിസേയരേയും കാടടച്ചു വിമര്‍ശിച്ചിരുന്നു എന്ന പൊതുധാരണ സുവിശേഷങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതാണു യാഥാര്‍ഥ്യം. ലൂക്കാ 7:36, 11:37, 14:1 എന്നിവിടങ്ങളില്‍ ഫരിസേയരുടെ ആതിഥ്യം സ്വീകരിച്ച യേശുവിനെ നാം കണ്ടുമുട്ടുന്നുണ്ട്. ലൂക്കാ 13:31-ല്‍ ഹേറോദേസ്  കൊല്ലാന്‍ ഒരുങ്ങുന്നെന്ന മുന്നറിയിപ്പു യേശുവിനു കൊടുക്കുന്നത് ഫരിസേയരാണ്. നമ്മുടെ ഉപമയിലെ കഥാപാത്രമായ ഫരിസേയന്‍റെ ഒരു പ്രത്യേക സ്വഭാവവിശേഷംമാത്രമാണ് യേശു പ്രശ്നവല്‍കരിക്കുന്നത്; അല്ലാതെ മുഴുവന്‍ ഫരി സേയരെയോ അവരുടെ ആകമാന ജീവിതത്തെയോ കുറിച്ചല്ല ഉപമ പഠിപ്പിക്കുന്നത്.

ഫരിസേയന്‍റെ പ്രാര്‍ഥനയിലെ ആത്മപ്രശംസ നിമിത്തമാണ് യേശു അതു തള്ളിക്കളയുന്നത് എന്ന വാദവും നിലനില്‍ക്കുന്നതല്ല. നിയമാവര്‍ത്തനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: "ദശാംശ ത്തിന്‍റെ വര്‍ഷമായ മൂന്നാം വര്‍ഷം എല്ലാ വിളവുകളുടെയും ദശാംശം എടുത്ത് നിന്‍റെ പട്ടണത്തിലുള്ള ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും നല്കണം. അവര്‍ ഭക്ഷിച്ചു തൃപ്തരാകുമ്പോള്‍, നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മുന്‍ പില്‍ ഇപ്രകാരം പറയണം: അങ്ങ് എനിക്കു നല്കിയിട്ടുള്ള കല്പനകളെല്ലാമനുസരിച്ച് അവിടുത്തേക്കു സമര്‍പ്പിക്കപ്പെട്ടവയെല്ലാം എന്‍റെ വീട്ടില്‍നിന്നു കൊണ്ടുവന്ന് ലേവ്യനും പരദേശിക്കും അനാഥനും വിധവയ്ക്കും ഞാന്‍ കൊടുത്തിരിക്കുന്നു. ഞാന്‍ അങ്ങയുടെ കല്പനയൊന്നും ലംഘിക്കുകയോ മറന്നുകളയുകയോ ചെയ്തിട്ടില്ല; ...അങ്ങ് വസിക്കുന്ന വിശുദ്ധ സ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് കടാക്ഷിക്കണമേ!" (നിയമാ. 26:12-15). അപ്പോള്‍ ഉപമയിലെ ഫരിസേയന്‍ പ്രാര്‍ഥിച്ചത് കൃത്യമായും നിയ മഗ്രന്ഥത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന രീതിയില്‍ തന്നെയാണ്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും കര്‍ത്താവിന്‍റെ വഴിയേ വിശ്വസ്തതയോടെ താന്‍ സഞ്ച രിച്ചുവെന്നും കരളുറപ്പോടെ അവകാശപ്പെടുന്ന സങ്കീര്‍ത്തകനെ നാം പഴയനിയമത്തില്‍ കണ്ടുമുട്ടുന്നുണ്ട്: "കര്‍ത്താവേ, എന്‍റെ ന്യായം കേള്‍ക്കണമേ! എന്‍റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എന്‍റെ അധരങ്ങളില്‍ നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ! ... അവിടുന്ന് എന്‍റെ ഹൃദയം പരിശോധിച്ചാല്‍, രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍, അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍ എന്നില്‍ തിന്മ കണ്ടെത്തുകയില്ല; എന്‍റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല" എന്ന് സങ്കീ.17:1-3. "കര്‍ത്താവേ, എനിക്കു ന്യായം സ്ഥാപിച്ചു തരണമേ! എന്തെന്നാല്‍, ഞാന്‍ നിഷ്കളങ്കനായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാന്‍ കര്‍ത്താവില്‍ ആശ്രയിച്ചു. കര്‍ത്താവേ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക; എന്‍റെ ഹൃദയവും മനസ്സും ഉരച്ചു നോക്കുക" എന്ന് സങ്കീ. 26:1-2. (സങ്കീ. 17 ന് 'നിഷ്കള ങ്കന്‍റെ പ്രതിഫല'മെന്നും സങ്കീ. 26 ന് 'നിഷ്കള ങ്കന്‍റെ പ്രാര്‍ത്ഥന' യെന്നുമുള്ള തലക്കെട്ടാണ് പി.ഒ.സി. ബൈബിള്‍ കൊടുത്തിരിക്കുന്നത്.) ഈ സങ്കീര്‍ത്തനങ്ങളില്‍ പറയുന്നതില്‍ കവിഞ്ഞ തൊന്നും ഉപമയിലെ ഫരിസേയന്‍ സ്വന്തം നന്മകളെക്കുറിച്ചു പറയുന്നില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

അപ്പോള്‍ ഉപമയിലെ ഫരിസേയന്‍റെ ശരിക്കുള്ള പ്രശ്നമെന്താണ്? അതിനുത്തരം ഉപമയുടെ പശ്ചാത്തലമായി പറയുന്ന ആദ്യവാക്യത്തില്‍തന്നെയുണ്ട്: "തങ്ങള്‍ നീതിമാന്മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് അവന്‍ ഈ ഉപമ പറഞ്ഞു" (ലൂക്കാ 18:9). ഫരിസേയന്‍റെ പാപം അയാള്‍ അടുത്തുള്ളവനെ ഇകഴ്ത്തിപ്പറഞ്ഞു എന്നതാണ്. അയല്‍ക്കാരനോട്  അവജ്ഞ സൂക്ഷിച്ചുകൊണ്ടുതന്നെ ദൈവത്തിന്‍റെ കല്‍പനകള്‍ പാലിക്കാമെന്ന് അയാള്‍ വിചാരിച്ചുപോയി. അങ്ങനെയാണ് അയാള്‍ പുറത്താക്കപ്പെടുന്നത്.

എന്നാല്‍ ഫരിസേയന്‍ എഴുതിത്തള്ളി പുറത്താക്കിയവനെ ദൈവം അകത്തിരുത്തുകയാണ്. ദൈവത്തിന്‍റെ കരുണയ്ക്കു മുമ്പില്‍ വീണതു കൊണ്ടുമാത്രമാണ് അവന്‍ നീതീകരിക്കപ്പെടുന്നത്. താന്‍ നീതീകരിക്കപ്പെട്ടെന്ന് ഉപമയിലെ ചുങ്കക്കാരന് യാതൊരു സൂചനയുമില്ല. അക്കാര്യം ചുങ്കക്കാരനോടല്ല, തന്‍റെ കേള്‍വിക്കാരോടു യേശു പറയുന്നതായിട്ടാണ് ലൂക്കാ 18:14 ല്‍ നിന്നു നാം മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ ചുങ്കക്കാരന് ഫരിസേയനെക്കാള്‍ എന്തെങ്കിലും മെച്ചം അവകാശപ്പെടാനാകില്ല. (അങ്ങനെയാണെങ്കില്‍ അയാളായി രിക്കും പുതിയ ഫരിസേയന്‍.)

ഏതെങ്കിലുമൊരാളെ നമ്മുടെ ജീവിതത്തില്‍ നിന്നു നാം പുറത്താക്കിയാല്‍ ദൈവത്തിന്‍റെ രാജ്യത്തില്‍നിന്നു നാം പുറത്താക്കപ്പെടുകതന്നെ ചെയ്യുമെന്നതാണ് ഈ ഉപമയുടെ പാഠം. അവജ്ഞയും ആത്മീയതയും ഒരേ സമയം ഒരാളില്‍ നിലനില്‍ക്കില്ല. ദൈവത്തോടു നന്ദിയും അയല്‍ക്കാരനോടു നിന്ദയുമെന്നത് ആത്മീയതയിലെ വൈരുധ്യമാണ്.
രണ്ടു കടക്കാര്‍ (ലൂക്കാ 7:41-42)

അഞ്ഞൂറു ദനാറ ഇളച്ചു കൊടുത്തവനാണോ, അതോ അന്‍പതു ദനാറ ഇളച്ചു കൊടുത്തവനാണോ ഉത്തമര്‍ണനെ അധികം സ്നേഹിക്കുക എന്ന ഉപമയിലെ ചോദ്യത്തിനുള്ള ഉത്തരം ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യമേയല്ലല്ലോ. എന്നാല്‍ ഈ ഉപമ യേശു പറയാനിടയായ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നത് നല്ലതാണെന്നു കരുതുന്നു.

"ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യന്‍" (ലൂക്കാ 7:34) എന്നു വിളി കേട്ട യേശു, തന്‍റെ നാട്ടിലെ ഒരു വീട്ടില്‍ വിരുന്നിനെത്തിയതറിഞ്ഞ്,  ക്ഷണിക്കപ്പെടാത്ത അതിഥിയായി അവിടെയെത്തി, അവന്‍റെ കാലു കണ്ണീരില്‍ കുതിര്‍ത്ത പാപിനിയും, നാളതുവരെ  പാപമേശാതെ ജീവി ച്ച ഫരിസേയനും ചേര്‍ന്നൊരുക്കുന്നതാണ് ഉപമയുടെ പശ്ചാത്തലം.

യേശുവിനെ അതിഥിയായി വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയിട്ടും, അതിഥിയോട് ആതിഥേയന്‍ അന്നത്തെ സമ്പ്രദായമനു സരിച്ച് പുലര്‍ത്തേണ്ട മര്യാദകള്‍, ഫരിസേയന്‍റെ ഭാഗത്തുനിന്ന് എന്തുകൊണ്ടോ ഉണ്ടായില്ലെന്നാണ് ലൂക്കാ 7:44-46 ല്‍ നാം വായിക്കുന്നത്. വീട്ടിലെത്തുന്ന അതിഥിയെ ചുംബിച്ചു സ്വീകരിക്കുന്നത് അന്നാട്ടിലെ രീതിയായിരുന്നു എന്ന് ഉല്‍പത്തി 27:26; 2 സാമുവല്‍ 15:5; 20:9; റോമാ 16:16 തുടങ്ങിയ വചനഭാഗങ്ങളില്‍ നിന്നു വ്യക്തമാണ്. യേശുവിന്‍റെ ഫരിസേയ ആതിഥേയന്‍ അങ്ങനെയൊന്നും ചെയ്തില്ലെന്നാണു ലൂക്കാ പറയുന്നത്.

അതിഥിക്കു പാദം കഴുകി വീട്ടിനകത്തു പ്രവേശിക്കാന്‍ വേണ്ട വെള്ളം കൊടുക്കുന്ന പതിവും യേശുവിന്‍റെ നാട്ടിലെ സമ്പ്രദായമായിരുന്നെന്നു തെളിയിക്കുന്ന വേദഭാഗങ്ങളുണ്ട് (ഉല്‍ പത്തി 18:4, 24:32 മുതലായവ). ഈ മര്യാദയും യേശുവിന്‍റെ ആതിഥേയന്‍ പുലര്‍ ത്തിയില്ല. തലയില്‍ തൈലം പൂശുന്ന പതിവു രീതിയും (റൂത്ത് 3:3; സങ്കീ. 23:5) അയാള്‍ അവഗണിച്ചു.


അമേരിക്കന്‍ യഹൂദ പണ്ഡിതനായ ജേക്കബ് നൂസ്നെറുടെ അഭിപ്രായത്തില്‍, ജറുസലെം ദേവാ ലയത്തിലെ ശുദ്ധി-അശുദ്ധി അനുശാസനങ്ങള്‍ തീന്‍മേശയിലേക്കും പരാവര്‍ത്തനം ചെയ്തു ഫരി സേയര്‍ പാലിച്ചിരുന്നത്രേ. മത സംഭാഷണങ്ങള്‍ ക്കുള്ള നല്ലൊരവസരം കൂടിയായിരുന്നു ഫരിസേയ ര്‍ക്കു ഭക്ഷണവേളകള്‍. അപ്പോള്‍, യേശുവിനൊപ്പം വിരുന്നിനിരുന്നവര്‍ അറിവുള്ളവരും നിലയുള്ളവരു മാണെന്നതു വ്യക്തമാണ്. ദേഹത്തിന്‍റെയും ദേഹിയുടെയും ശുദ്ധിയെക്കുറിച്ച് അങ്ങേയറ്റത്തെ ശാഠ്യം പുലര്‍ത്തിയിരുന്നവര്‍ ആയിരിക്കണം അവിടെയുണ്ടായിരുന്ന എല്ലാവരുംതന്നെ. രക്തച്ചൊ രിച്ചിലിനെക്കാള്‍ തിന്മ നിറഞ്ഞതാണ് അശുദ്ധിയെ ന്നൊക്കെയുള്ള യഹൂദ പാഠങ്ങളുണ്ട്. ദാവീദിന്‍റെ വഞ്ചനയുടെയും കൊലപാതകത്തിന്‍റെയും കഥ തുടങ്ങുന്നിടത്തു  വായിക്കുന്ന ഒരു കാര്യം നമ്മെ അതിശയിപ്പിക്കും: "അവളെ കൂട്ടിക്കൊണ്ടുവരാന്‍ ദാവീദ് ആളയച്ചു. അവള്‍ വന്നപ്പോള്‍ അവന്‍ അവളെ പ്രാപിച്ചു. അവള്‍ ഋതുസ്നാനം കഴിഞ്ഞിരുന്നതേയുള്ളു. അവള്‍ വീട്ടിലേക്കു മടങ്ങിപ്പോയി. അവള്‍ ഗര്‍ഭംധരിച്ചു" (2 സാമുവല്‍ 11 : 4)! ബത്ഷെ ബായുടെ മാസമുറകൊണ്ടുള്ള അശുദ്ധി ദാവീദിന്‍റെ ക്രൂരതയ്ക്കു തുല്യം നില്‍ക്കുന്ന ഒന്നാണെന്നു ഗ്രന്ഥകര്‍ത്താവിനു തോന്നുന്നുണ്ടെന്ന് നമുക്ക് അനുമാനിക്കാം. യേശുവിന്‍റെ കാലത്തും അത്തരക്കാര്‍ക്കു കുറവുണ്ടായിരുന്നില്ല.

ശുദ്ധിയെക്കുറിച്ച് ഇത്രയും കാര്‍ക്കശ്യം പുലര്‍ത്തിയ ഒരു 'വിശുദ്ധ'കൂട്ടായ്മയുടെ മധ്യത്തിലേക്കാണ് ആ സ്ത്രീ കടന്നുവരുന്നത്. യേശുവിന്‍റെ കാലു കണ്ണീരുകൊണ്ടു കഴുകിയവളെക്കുറിച്ചു   ലൂക്കാ 7:37 പറയുന്നത് "ആ പട്ടണത്തിലെ പാപിനിയായ ഒരുവളെ"ന്നാണ്. അത്തരമൊരു പ്രയോ ഗത്തില്‍നിന്ന് അവളൊരു ഗണികയായിരുന്നുവെന്ന് മിക്കവാറും നമുക്ക് ഊഹിക്കാം. (മേരി മഗ്ദലീനയാണ് അവളെന്ന് ഒരൊറ്റ വചനഭാഗംപോലും പറയുന്നില്ലെന്നതു പ്രത്യേകം ശ്രദ്ധിക്കുമല്ലോ.)

"വേശ്യ തുപ്പലിനെക്കാള്‍ വിലകെട്ടതാണെ"ന്നുള്ള ഒറ്റ പ്രഭാഷകപാഠം (26:22) മതി, ഫരിസേയന്‍റെ വീട്ടില്‍ വിരുന്നിന് ഇരുന്നവര്‍ അവളെ എത്ര അറപ്പോടെ കണ്ടുവെന്നു മനസ്സിലാക്കാന്‍. മിഷ്നാ ഗ്രന്ഥത്തിലും 'തോമസിന്‍റെ നടപടി പുസ്തക'ത്തിലും ശിരോവസ്ത്രം ധരിക്കാതെ സ്ത്രീകള്‍ വീടിനു വെളിയിലിറങ്ങാന്‍ പാടില്ലെന്ന ശാഠ്യമുണ്ട്. അക്കാലത്ത് ആ നാട്ടില്‍ സ്ത്രീ തലമുടി അഴിച്ചിടുകയെന്നു വച്ചാല്‍ ഇക്കാലത്ത് നമ്മുടെ നാട്ടില്‍ പൊതുസ്ഥലത്തുവച്ച് അവള്‍ മാറിടത്തുനിന്ന് സാരി മാറ്റുന്നതിനു സമാനമാണ്. ചുരുക്കത്തില്‍, കണ്ണീരില്ലായിരുന്നെങ്കില്‍ കാമവിവശയായ ഒരുവളുടെ പ്രവൃത്തിയായി പാപിനിയുടെ ചെയ്തികള്‍ വ്യാഖ്യാനിക്കപ്പെടാമായിരുന്നു.

ഈയൊരു പെണ്ണിനെ തിരിച്ചറിയാന്‍ യേശുവിനാകുന്നില്ലല്ലോ എന്നത് ഫരിസേയനെതെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. "പാമ്പാ ട്ടിയെ പാമ്പു കടിച്ചാല്‍ ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്ഷിക്കുന്നവന് അപകടം വന്നാല്‍ ആര്‍ക്ക് അനുകമ്പ തോന്നും? പാപിയുമായി സഹവസിക്കുകയും പാപങ്ങളില്‍ മുഴുകുകയും ചെയ്യുന്നവനോട് ആര്‍ക്കും സഹതാപം തോന്നുകയില്ല" (പ്രഭാഷകന്‍ 12 : 13-14); "ചെന്നായ്ക്ക് കുഞ്ഞാടിനോട് എന്തു ചങ്ങാത്തം? പാപിക്കു ദൈവഭക്തനോടും അതിലേറെയില്ല." (പ്രഭാഷകന്‍ 13: 17) തുടങ്ങിയ വചനഭാഗങ്ങളൊക്കെ അറിയാവുന്ന ആതിഥേയന് യേശുവിന്‍റെ കാര്യത്തില്‍ പെട്ടെന്നു തീര്‍പ്പാക്കാനായി: "ഇയാള്‍ ഗുരുവുമല്ല, പ്രവാചകനുമല്ല."

ഇവിടുത്തെ ഐറണി രസകരമാണ്: പെണ്ണിന്‍റെ പുറം കണ്ട് ഒന്നും തിരിച്ചറിയാത്തവനാണ് യേശു എന്നാണു ഫരിസേയന്‍ കരുതിയത്. എന്നാല്‍ യേശുവാകട്ടെ, അയാളുടെ അകത്തെ വിചാരങ്ങള്‍ വലിച്ചു പുറത്തിടുകയാണ്. തുടര്‍ന്ന്, തീണ്ടേണ്ടത് അശുദ്ധിയല്ലെന്നും തീണ്ടേണ്ടത് കാരുണ്യമാണെന്നും രണ്ടു കടക്കാരുടെ ഉപമ പറഞ്ഞ് അവന്‍ പഠിപ്പിക്കുകയാണ്.

ഉപമയിലെ കടക്കാരന്‍റെ കടം ഇളച്ചു കൊടുത്തതുകൊണ്ടാണ് കടക്കാരന്‍ ഉത്തമര്‍ണനെ സ്നേഹിക്കുന്നത്. അല്ലാതെ, കടക്കാരന്‍ സ്നേഹിച്ചതു കൊണ്ട് ഉത്തമര്‍ണന്‍ കടം ഇളച്ചു കൊടുക്കുകയല്ല. ഇതേ രീതിയില്‍, യേശു ആ സ്ത്രീയുടെ പാപങ്ങള്‍ പണ്ടെന്നോ ക്ഷമിച്ചതുകൊണ്ടാണ് അവള്‍ അവിടെയെത്തി, നാഥന്‍റെ കാലുകള്‍ കണ്ണീരില്‍ കഴുകി, സ്നേഹം പ്രകാശിപ്പിക്കുന്നത്. അല്ലാതെ, അവള്‍ സ്നേഹിച്ചതുകൊണ്ട് യേശു അവളുടെ പാപങ്ങള്‍ ക്ഷമിക്കുകയല്ല. അപ്പോള്‍, പി.ഒ.സി. ബൈബിളില്‍ ലൂക്കാ 7:47 ല്‍ കാണുന്ന 'ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്നേഹിച്ചു' എന്ന ഭാഗം കൃത്യമല്ലെന്നു വരുന്നു. എന്നാല്‍ ചില ഇംഗ്ലീഷ് പരിഭാഷകള്‍ കൃത്യമാണ്.""Her many sins have been forgiven; hence she has shown great love.''(NRSV). ""Her many sins have been forgiven; that's why she loved much'' (HCSB).

വിശ്വാസത്തിനും സ്നേഹത്തിനും ഇടയില്‍ പൊതുവേ നമ്മള്‍ കാണുന്ന അന്തരം കൃത്രിമമാണെന്നുകൂടി ഈ വചനഭാഗം പഠിപ്പിക്കുന്നുണ്ട്. വിശ്വാസമെന്നത് ബുദ്ധികൊണ്ടു ചെയ്യുന്നതും സ്നേഹമെന്നത് ഹൃദയംകൊണ്ട് ചെയ്യുന്നതുമായിട്ടാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നതെന്നു തോന്നുന്നു. എന്നാല്‍, അവളുടെ സ്നേഹത്തിന്‍റെ പ്രവൃത്തികള്‍ കണ്ടിട്ട്, യേശു അവളുടെ വിശ്വാസ ത്തിന്‍റെ ആഴത്തെക്കുറിച്ചാണു പറയുന്നത്. വിശ്വാസം സ്നേഹിക്കുന്നു; അല്ലെങ്കില്‍ അതു വിശ്വാസമേയല്ല. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിര തമാകുന്നതാണു വിശ്വാസമെന്നു പൗലോസ് (ഗലാത്തിയാ 5 : 6) പറഞ്ഞത് കാര്യങ്ങള്‍ നമുക്കു വ്യക്തമാക്കിത്തരുന്നുണ്ട്.

You can share this post!

താരതമ്യം പാപമാണ്

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

എല്ലാം മുന്‍കൂട്ടി കണ്ടവന്‍ കാണാതെ പോയത്

ഷാജി കരിംപ്ലാനില്‍
Related Posts