news-details
മറ്റുലേഖനങ്ങൾ

ഒത്തിരി ശ്രമിച്ചുനോക്കി ഒന്നും പറയാതിരിക്കാനും എഴുതാതിരിക്കാനും. എന്തോ അറിയില്ല, പഴയ പാര്‍ട്ടിക്കാരനാണോ അതോ ഇപ്പോഴത്തെ പട്ടക്കാരനാണോ ഉള്ളിലിരുന്ന് വിപ്ലവം പറയുന്നതെന്ന്. പൊതുവെ അങ്ങനെയൊരു സംസാരമുണ്ട്, അദ്ധ്യാപകരും അച്ചന്മാരുമാണ് എറ്റവും നല്ല കള്ളന്മാരെന്ന്. പഠിപ്പിക്കാനും പ്രസംഗിക്കാനും വേണ്ടി ആശയങ്ങള്‍ അടിച്ചുമാറ്റുന്നതില്‍ ഞങ്ങളെ കഴിഞ്ഞേ ആരും ഉള്ളൂ. വിദ്യാലയത്തില്‍ എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ ബി എഡ് കോളേജില്‍ നിന്ന് അദ്ധ്യാപനവും പഠിപ്പിക്കലും പരിശീലിക്കാന്‍ വന്ന അമ്പിളി എന്ന കുഞ്ഞു (ഇപ്പോള്‍ വലിയ) അദ്ധ്യാപികയുടെ പുതിയ ഭവനത്തിനിട്ടിരിക്കുന്ന പേരാണ് നിലാവ്. ഫെയ്സ്ബുക്കില്‍ ഈ പേരോടുകൂടിയ ടീച്ചറിന്‍റെ വീടിന്‍റെ ചിത്രം പോപ് അപ്പ് ചെയ്തപ്പോള്‍ വല്ലാത്തൊരു ആകര്‍ഷണം തോന്നി നിലാവിനോട്. പറഞ്ഞു വരുമ്പോള്‍ അമ്പിളി പടര്‍ത്തുന്ന വെട്ടമാണ് നിലാവ്. ഇച്ചിരി കളറാക്കിയാല്‍ അമ്പിളിയുടെ ചിരിയാണ് നിലാവ്.

തീര്‍ച്ചയായിട്ടും ഈ ഭൂമിയിലെ ഏതൊരു മനുഷ്യന്‍റെ മുഖത്തും ചുണ്ടിലും വിരിയുന്ന ചിരിക്കുക്കൊടുക്കാവുന്ന ഏറ്റവും നല്ല വിശേഷണമായിരിക്കും നിലാവ്. ഇനിയിരുന്നു കുറുകാന്‍ പോകുന്നതിന്‍റെയെല്ലാം ബാക്ക് അപ്പ് കണ്ട കുറച്ച് സിനിമകളും പിന്നെ പേരുമാത്രം കേട്ട ചില പുസ്തകങ്ങളുമാണ്. പൊന്നേ നമ്മള്‍ വിടര്‍ത്തുന്ന നിലാവൊരു അത്ഭുതമാണെന്ന് പറഞ്ഞാല്‍ ഒന്നു പോ മച്ചാനെയെന്ന് പറയാന്‍ വരട്ടെ. അത്ഭുതമെന്ന വാക്കിന്‍റെ ആംഗലേയപദം മിറക്കിളാണെന്നാര്‍ക്കാണറിയാത്തത്. ഈ സായിപ്പിന്‍റെ വാക്ക് ലാറ്റിന്‍ഭാഷയുടെ വണ്ടര്‍ഫുള്‍ എന്നര്‍ത്ഥം വരുന്ന മിയറസ് എന്ന ചൊല്ലില്‍നിന്നാണ്.  ഈ വാക്കാകട്ടെto smile /ചിരിക്കുക എന്ന പൊരുളുള്ള ഇന്ത്യോ യൂറോപ്യന്‍ ചായ്വുള്ള മൂലപദത്തില്‍ നിന്നാണ്. ഇപ്പം പിടുത്തം കിട്ടിയ ടെല്ലാര്‍ ദ് ഷര്‍ദ്ദനെന്ന, വേദതത്വശാസ്ത്രപണ്ഡിതനും  ശാസ്ത്രജ്ഞനുമായ ഫ്രഞ്ച് ജെസ്യൂട്ട് കത്തനാര്‍ ""Joy the outcome of laughter is the infallible sign of the presence of God/ ദൈവസാന്നിധ്യത്തിന്‍റെ ഒരിക്കലും തെറ്റുപറ്റാത്ത അടയാളമാണ് ചിരിയും അതില്‍നിന്നു വിടരുന്ന സന്തോഷവുമെന്നു" പറഞ്ഞ് നമ്മുടെ Mind to Mind ആവണത് കണ്ടില്ലേ. അല്ലെങ്കിലും അത്ഭുതങ്ങള്‍ അരങ്ങേറുന്നത് ദൈവത്തിന്‍റെ സാന്നിധ്യവും സാമീപ്യവും സമൃദ്ധമാകുമ്പോഴല്ലേ. നിലാവായി ചൊരിയുന്ന ചിരിയാണു ബ്രോ നമ്മളെയൊരു അത്ഭുതമാക്കുന്നതും അപരന്‍റെ ജീവിതത്തില്‍ അത്ഭുതങ്ങളുടെ കാര്‍ണിവെല്ലിനു കൊടികയറ്റാന്‍ നമ്മെ പാകപ്പെടുത്തുന്നതും.

""LIve, laugh and Be Blessed /ജീവിക്കുക, ചിരിക്കുക, പിന്നെ അനുഗ്രഹമാകുക" ആനി ബ്രയന്‍ എന്നൊരു ഗന്ധീയെ പുസ്തകമാണ്. താളുകളൊക്കെ മറിക്കുമ്പോള്‍ ഉള്ളിലുള്ള കണ്ടന്‍റ് ജാവപോലെ സിമ്പിളാണ്. സീന്‍ ഡാര്‍ക്കാണെങ്കിലും ബ്രൈറ്റാണെങ്കിലും ചിരിയുടെ നിലാവ് പടര്‍ത്താനായാല്‍ സ്വന്തം ജീവിതത്തിലും നമുക്ക് ചുറ്റുമുള്ളവരിലും ക്രിയാത്മകമായ മനോഭാവത്തിലൂടെയും മാറ്റങ്ങളിലൂടെയും നാം പാര്‍ക്കുന്ന, പോകുന്ന ഇടങ്ങളെല്ലാം അനുഗ്രഹിക്കപ്പെടുമെന്നാണു പുള്ളിക്കാരീടെ കണ്ടുപിടുത്തം. അതേ, ഭായി നമ്മക്കൊണ്ടു നടക്കുന്ന ചിരിയുടെ നിലാവ് അനുഗ്രഹമാണെന്നാണു ഈ ആനിചേച്ചി ഷെയര്‍ ചെയ്യുന്നത. ജോമോന്‍റെ സുവിശേഷത്തിലെ ജോമോന്‍റെ കമന്‍റ് ഈ ആനിസിസിന്‍റെ പുസ്തകത്തിനു സ്യൂട്ടാവും.

"നമ്മുടെയൊക്കെ ഉള്ളിലെ ദൈവത്തിന്‍റെ പ്രസാദമാണ് മുഖത്തു തെളിയുന്ന ഈ ചിരി, ദൈവം ഒരു പാടുപേര്‍ക്കു ഫ്രീ ആയിട്ട് ഡിസ്ട്രിബ്യുട്ട് ചെയ്യാന്‍ വച്ചിരിക്കുന്ന പ്രസാദമാണ് നമ്മള്‍ ചിരിക്കാതിരുന്നാല്‍ വെയ്സ്റ്റ് ആയിപ്പോകുന്നത്." കാള്‍ ബാര്‍ത്തെന്ന സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ വേദശാസ്ത്രജ്ഞന്‍ "Laughter is the closet thing to the grace of God/ ദൈവത്തിന്‍റെ അനുഗ്രഹത്തോടു ചേര്‍ന്നിരിക്കുന്ന ഒന്നാണ് ചിരിയെന്നു' എഴുതിയത് ജോമോന്‍റെ സുവിശേഷത്തിനു ഒരു വ്യാഖ്യാനമായിട്ടാണോയെന്നൊരു സംശയം. ചിരിയുടെ നിലാവു പടര്‍ത്താനുള്ള ഒരേയൊരു മൂലധനം സ്നേഹമാണ്. സുവിശേഷകന്‍ ജോണ്‍ 15:11 ല്‍ ജീസസിനെ കട്ടയ്ക്ക് ഡബ്ബ് ചെയ്യുന്നത് കേട്ടാല്‍ പിടുത്തംകിട്ടും. "ഇതു ഞാന്‍ നിങ്ങളോട് പറഞ്ഞത് എന്‍റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളുന്നതിനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനും വേണ്ടിയാണ്. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍."

ഫോര്‍ട്ടുകൊച്ചിക്കാര്‍ക്കിരിക്കട്ടെ ഒരു കുതിരപവന്‍. അവിടത്തെ ഡ്യൂഡ്സൊക്കെ പറയണത്, 'ചത്തുകിടന്നാലും ചിരിച്ച് കെടക്കുള്ളുയെന്നാണ്.' ചിരിയെന്ന ഈ നിലാവ് ആയുസ്സാണ്. ജാക്ക് എന്‍ ജില്ലിലെ കുട്ടപ്പാസ് ഒരു കുഞ്ഞി ലാപ്പ്ടോപ്പിന്‍റെ ഉള്ളിലിരുന്നു "ചിരിക്കൂ, മനസ്സ് തുറന്നു ചിരിക്കൂ, അല്ലെങ്കിലും ചിരിക്കാന്‍ വേണ്ടിയല്ലേ നമ്മള്‍ ജീവിക്കുന്നത്" എന്ന കമാന്‍ഡില്‍ കേഴ്സര്‍വച്ച് എന്‍റര്‍ അടിക്കാതെ തരമില്ല ചിരി ആയുസ്സാണെന്നുള്ളതിന്. ഒടുവിലായി നിലാവെന്ന ഈ ചിരി ആത്മീയതയാണ്. ലാഫ് ഔട്ട് ലൗഡെന്നൊക്കെയുള്ള പ്രയോഗത്തിന്‍റെ പിന്നാമ്പുറം പോലുമതാണ്. കുറെക്കൂടി ഉച്ചത്തില്‍ ചിരിക്ക് അപ്പോള്‍ സന്തോഷം, സമാധാനം, സ്നേഹം പങ്കുവച്ച് ആത്മീയതയുടെ ആഴം കൂടുന്നു.  ""Laughter  is the beginning of prayer/ പ്രാര്‍ത്ഥനയുടെ ആരംഭമാണ് ചിരിയെന്ന്" പറഞ്ഞ ഹിറ്റ്ലറിന്‍റെ നാട്ടുകാരന്‍ റെയ്നോള്‍ഡ് നീബര്‍ എന്ന ബൈബിള്‍ പണ്ഡിതന്‍ അതിനെ ടൈറ്റ് ആക്കും.

ഒരു കത്തനാരെന്ന നിലക്ക് ചിന്തിക്കുന്നതും ചിലയ്ക്കുന്നതും ചെയ്യുന്നതും നങ്കൂരമിടേണ്ടത് ബൈബിളിലും ജീസസിലുമാണെന്നൊരു വിവരമൊക്കെ വച്ചുതുടങ്ങിയിട്ടുണ്ടിപ്പോള്‍. നൂറാം വയസ്സില്‍ തനിക്ക് ഒരു മകനുണ്ടാകുമോ എന്നു സാറായോട് പറഞ്ഞ് തലകുത്തികിടന്ന് ചിരിക്കുന്ന അബ്രാഹത്തില്‍ തുടങ്ങി ചിരിയുമായി ബന്ധപ്പെട്ട് 57 സൂചനകള്‍ പഴയനിയമത്തിലും 287 സാഹചര്യങ്ങളില്‍ ചിരിയുടെ നാനാര്‍ത്ഥം വരുന്ന പദങ്ങള്‍ പുതിയ നിയമത്തിലുമുണ്ട്. അത് പോര മച്ചാനെ. ഇനി ഈശോയെ ട്രയ്സ് ചെയ്താല്‍ തഗും ട്രോളും കൊണ്ടു സ്വയം ചിരിക്കുകയും ഫ്രണ്ട്സിനെ ചിരിപ്പിക്കുകയും ചെയ്ത ബഡിയാണ്. സമാന്തര സുവിശേഷങ്ങളില്‍ മാത്രമായി 30 ഇടങ്ങളില്‍ ഈശോ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ടാകുമെന്നാണ് ഡോ. എല്‍ടണ്‍ ട്രൂബ്ലഡ് "The Humor of Christ' എന്ന തന്‍റെ പുസ്തകത്തില്‍ പറയുന്നത്. പന്നിക്ക് മുത്തിട്ടുകൊടുക്കുന്നത്, ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം സൂചിക്കുഴയിലൂടെ ഒട്ടകം കടന്നുപോകുന്നത്, അന്ധരായ മാര്‍ഗ്ഗദര്‍ശികള്‍ കൊതുകിനെ അരിച്ചുനീക്കി ഒട്ടകത്തെ വിഴുങ്ങുന്നത്, പഴയ വീഞ്ഞുകുടിച്ച ഒരുവനും പുതിയ വീഞ്ഞ് ഇഷ്ടപ്പെടുകയില്ലെന്നത്, നഥാനിയേലിനെക്കണ്ടപ്പോള്‍ ഇതാ നിഷ്കപടനായ ഇസ്രായേല്‍ക്കാരന്‍ എന്ന് വിളിക്കുന്നത്, ഫരിസേയരെയും നിയമജ്ഞരെയും പുരോഹിതരെയും വെള്ളയടിച്ച കുഴിമാടങ്ങളെന്ന് വിശേഷിപ്പിച്ചത്.  ഹേറോദേസിനെ കുറുക്കനെന്നു വിളിക്കുന്നതെല്ലാം ജീസസിന്‍റെ കിടിലോസ്ക്കി തഗും ട്രോളും കലര്‍ന്ന ഹ്യൂമര്‍ സെന്‍സല്ലാതെ വേറെന്താണ്. ഇതൊക്കെ വായിച്ച് ചിരിച്ചിട്ടാണോയെന്നറിയില്ല പാദുവായിലെ വി. അന്തോണി ഒരു ക്രിസ്തുമസ് രാവില്‍ തന്‍റെ പ്രസംഗം തുടങ്ങിയതിങ്ങനെയാണ്""Laughter is born, Christ is born therefore let us laugh and rejoice ചിരി ജനിച്ച്, ഈശോയും ജനിച്ചു. അതിനാല്‍ നമുക്ക് ചിരിച്ചു സന്തോഷിക്കാം." ചിരിയെപ്പറ്റി കേട്ടിട്ട് എന്നെ ചീത്തവിളിക്കാതിരിക്കാന്‍ ഒരു ഷോര്‍ട്ട് ബ്രേക്ക് ദാ പോയി ദാ വരണില്ല. എഴുപത്തിയാറാം സ്വാതന്ത്ര്യദിനമാഘോഷിച്ച അമ്മ ഭാരതത്തിന്‍റെ മക്കള്‍ക്ക് ചിരിയുടെ നിലാവുണ്ടോയെന്ന ചോദ്യം മണിപ്പൂരിലേക്കു നോക്കുമ്പോള്‍ കുത്തിനോവിക്കുന്നുണ്ട്. ഇന്ത്യയില്‍ മുഴുവന്‍ താമരവിരിയിച്ചാലോ, റബറിനു 300 കിട്ടിയാലോ ചിരിയുടെ നിലാവ് പടര്‍ത്താനാവില്ല സഖാവേ. അതിനു സ്നേഹത്തില്‍ ആഴപ്പെട്ട നീതിബോധത്തിന്‍റെ സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം. അത്ഭുതമാകുന്ന അനുഗ്രഹമാകുന്ന ആയുസ്സും ആത്മീയതയുമായ ചിരിയെന്ന നിലാവ് എല്ലാവരിലും വിടരട്ടെ. 

You can share this post!

തീര്‍ത്ഥാടനം

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts