news-details
കഥപറയുന്ന അഭ്രപാളി

മരിച്ചവരുടെ ദിവസം കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാണ് പിക്സറിന്‍റെ ആനിമേറ്റഡ് സിനിമയായ കോകോ. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മില്‍ നിലനില്‍ക്കുന്ന സൂക്ഷ്മവും എന്നാല്‍ ലോലവുമായ ബന്ധത്തെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. നവംബര്‍ രണ്ടാം തീയതി അമേരിക്കക്കാര്‍ക്ക് ഹാലോവിന്‍ ദിനമാണ്. മരിച്ചവരെ പ്പോലെ ജീവിച്ചിരിക്കുന്നവര്‍ പല വേഷവും കെട്ടി നടക്കുന്ന ദിവസം. ഭീകരമായതിനെ താമശയാക്കുന്ന രീതി. പല കത്തോലിക്കാ രാജ്യങ്ങളിലും മരിച്ചവരെ ഓര്‍ക്കുന്ന ദിവസം. ഏറെ വിശേഷിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യക്കാര്‍ സിമിത്തേരികളെ ഏറ്റവും സുന്ദര മായി അലങ്കരിച്ച് വൈകുന്നേരം മുഴുവന്‍ അവിടെത്തന്നെ ഭക്ഷണം കഴിച്ച് മരിച്ചവരോടൊപ്പം ജീവിക്കുന്ന ദിവസം. അതുകൊണ്ടുതന്നെ ഈ സിനിമക്ക് നല്‍കിയിരിക്കുന്ന പശ്ചാത്തലം ലാറ്റിന്‍ അമേരിക്കയുടേതാണ്.

ജീവിച്ചിരിക്കുന്നവരുടെ പ്രധാനപ്പെട്ട കടമകളിലൊന്ന് മരിച്ചു പോയവര്‍ക്ക് കൂട്ടിരിക്കുക എന്നതാണ് എന്ന ഹൈഡഗറുടെ ആശയം ഈ സിനിമ നന്നായി പങ്കുവയ്ക്കുന്നുണ്ട്. 'ഓര്‍മ്മയില്‍ ജീവനുണ്ട്' എന്ന ക്രിസ്ത്യന്‍ ആശയമാണ് സിനിമയുടെ കഥാതന്തു. മറവിക്കും മരണത്തിനുമെതിരെ പോരാടുന്ന ഓര്‍മ്മയുടെ കഥയാണ് ക്രിസ്തുവിന്‍റെ ജീവിത കഥ എന്നു വേണമെങ്കില്‍ പറയാം.

സംഗീതത്തെ വെറുക്കുന്ന, ഷൂ നിര്‍മ്മാണം തൊഴിലാക്കിയ ഒരു കുടുംബത്തില്‍ ജനിച്ച, സംഗീതത്തെ ജീവനുതുല്യം സ്നേഹിക്കുന്ന മിഖായേല്‍ എന്ന ഒരു കൊച്ചു ബാലന്‍റെ കഥയാണ് ഈ സിനിമ. മരിച്ച വരുടെ ദിവസത്തില്‍ നടത്തുന്ന സംഗീത മത്സരത്തില്‍ പങ്കെടുക്കാനായി ഗിത്താര്‍ അന്വേഷിക്കുന്ന അവന്‍ തിരിച്ചറിയുന്നു, അവിടുത്തെ ഇതിഹാസ ഗായകനായ ഏര്‍ണസ്റ്റ് ഡെ ലാ ക്രോസ് അവന്‍റെ മുതുമുത്തച്ഛ നാണെന്ന്. ഒരു സംഗീത പരിപാടിയില്‍ ഉയരത്തില്‍ സ്ഥാപിച്ചിരുന്ന വലിയ മണി വീണ് മരിച്ച അദ്ദേഹ ത്തിന്‍റെ  സ്മാരക കുഴിമാടത്തില്‍ വച്ചിരിക്കുന്ന ഗിത്താര്‍ എടുക്കാന്‍ അവന്‍ ശ്രമിക്കുന്നതിനിടയില്‍ അവന്‍ മരിച്ചവരുടെ ലോകത്ത് ചെന്നുപെടുന്നു.

മരിച്ചവരുടെ ലോകത്തു നിന്നും എല്ലാവരും ഭൂമിയിലെ അവരുടെ കുഴിമാടത്തിലേക്ക് യാത്രചെയ്യുന്ന സമയമാണത്. പക്ഷെ ഭൂമിയിലേക്കവര്‍ യാത്ര ചെയ്യ ണമെങ്കില്‍ ഭൂമിയില്‍ ആരുടെയെങ്കിലും കൈയില്‍ അവരുടെ ഫോട്ടോ ഉണ്ടായിരിക്കണം. അങ്ങനെ മരിച്ചവരുടെ ദിനത്തില്‍ അവരുടെ പ്രിയപ്പെട്ടവരെ കാണാന്‍ ഒരിക്കലും സാധിക്കാത്ത ഹതാശരായ കുറേ ആത്മാക്കള്‍ അവിടെയുണ്ട്. ഈ ആത്മാക്കള്‍ അവിടെ ജീവിക്കുന്നതുതന്നെ ഭൂമിയില്‍ അവരെ ഓര്‍മ്മിക്കാന്‍ ആരെങ്കിലുമുള്ള കാലത്തോളം മാത്രമാണ്. ഭൂമിയില്‍ നിന്നും അവരുടെ ഓര്‍മ്മ അപ്രത്യക്ഷമാകുമ്പോള്‍ മരിച്ചവരുടെ ലോകത്തു നിന്നും അവര്‍ അപ്രത്യക്ഷരാ കുന്നു, അതാണവരുടെ രണ്ടാമത്തെ മരണം.

അസ്തമയത്തിനു മുമ്പ് ഭൂമിയില്‍ തിരിച്ചുവന്നില്ലെങ്കില്‍ എന്നേക്കുമായി മരിച്ചവരുടെ ലോകത്ത് അകപ്പെട്ടു പോകാന്‍ ഇടയുള്ള അവന്‍റെ കുടുംബാംഗ ങ്ങളെ അവിടെ കാണുന്നു. അവന്‍റെ മുതുമുത്തച്ചനെ കണ്ടുമുട്ടാനുള്ള ശ്രമത്തില്‍ അവന്‍ ശരിക്കുള്ള മുതുമുത്തച്ചന്‍ ആരാണെന്നും അയാളാണ് യഥാര്‍ത്ഥത്തില്‍ ഏര്‍ണസ്റ്റ് ഡെ ലാ ക്രോസ്സിന്‍റെ പാട്ടുകള്‍ രചിച്ചതെന്നും മനസ്സിലാക്കുന്നു. ഭൂമിയില്‍ അയാളെ ഓര്‍ക്കുന്നത് അയാളുടെ മകളും മിഖായേലിന്‍റെ മുത്തശ്ശിയുമായ കോക്കോ മാത്രമാണ്. ഓര്‍മ്മശക്തി നശിച്ചു കൊണ്ടിരിക്കുന്ന മുത്തശ്ശിയില്‍ മരിച്ചവരുടെ ലോകത്തു നിന്നുപോലും അപ്രത്യക്ഷനാകാന്‍ പോകുന്ന മുത്തച്ഛന്‍റെ ഓര്‍മ്മ സംരക്ഷിക്കാന്‍ ഭൂമിയിലേക്കു വരുന്ന മിഖായേലിന്‍റെ കഥ, നമ്മളില്‍ നഷ്ടപ്പെട്ടുപോയി എന്നു തോന്നിപ്പിക്കുന്ന ഒത്തിരി നല്ല വികാരങ്ങള്‍ക്ക് പുനര്‍ജീവന്‍ നല്‍കും.

You can share this post!

മധുരം കിനിയാത്ത തേന്‍കൂടുകള്‍

അജി ജോര്‍ജ്ജ്
Related Posts