news-details
കവർ സ്റ്റോറി

2024 - പ്രാര്‍ത്ഥനാവര്‍ഷം: വ്യക്തിപരമായ പ്രാര്‍ത്ഥന

നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു. പ്രാര്‍ത്ഥനയെപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതി: "പ്രാര്‍ത്ഥന പ്രഭാതത്തിന്‍റെ താക്കോലും പ്രദോഷത്തിന്‍റെ രക്ഷാകവചവുമാണ്. പ്രാര്‍ത്ഥിക്കാതെ ഞാന്‍ ഒരു പ്രവൃത്തിയും ചെയ്യാറില്ല. എനിക്ക് ഏതെങ്കിലും തരത്തിലുള്ള സമാധാനവും വിജയവും കൈവന്നിട്ടുണ്ടെങ്കില്‍ അതു പ്രാര്‍ത്ഥനയില്‍നിന്നു മാത്രമാണ്. ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് മനശ്ശാന്തിക്കും മനശുദ്ധിക്കും വേണ്ടിയാണ്. വിശ്വാസവും പ്രാര്‍ത്ഥനയും കൂടാതെയുള്ള ജോലികള്‍ ഗന്ധരഹിതമായ കൃത്രിമപൂക്കള്‍പോലെയാണ്. എന്‍റെ ഏറ്റവും വലിയ ആയുധം മൗനമായ പ്രാര്‍ത്ഥനയാണ്."

ഏകാന്തപ്രാര്‍ത്ഥനയും സമൂഹപ്രാര്‍ത്ഥനയും ആവശ്യമാണ്. കൂടുതല്‍ പ്രാധാന്യം മൗനപ്രാര്‍ത്ഥന തന്നെ. അതില്ലെങ്കില്‍ സമൂഹപ്രാര്‍ത്ഥന തന്നെ വെറും അധരവ്യാപാരമാകും. മൗനപ്രാര്‍ത്ഥനയിലാണ് നാം ദൈവസാന്നിദ്ധ്യം അനുഭവിക്കുന്നത്; അവിടത്തെ കണ്ടുമുട്ടുന്നത്; സ്വരം ശ്രവിക്കുന്നത്;  നമ്മെപ്പറ്റിയുള്ള ദൈവഹിതം അറിയുന്നത്; ആ ഹിതാനുസരണം ജീവിക്കാന്‍ ശക്തി ആര്‍ജ്ജിക്കുന്നത്.

ഓരോ വ്യക്തിയും വ്യത്യസ്തനാണ്, തനിമയുണ്ട്. ഒരാളെപ്പോലെ മറ്റൊരാള്‍ ഉണ്ടായിരിക്കുകയില്ല. അതുപോലെ ഓരോരുത്തര്‍ക്കുമുള്ള ദൈവദത്തമായ ദൗത്യം വ്യത്യസ്തമാണ്. സ്വന്തം തനിമ കണ്ടെത്തുന്നതും, തന്നെപ്പറ്റിയുള്ള ദൈവനിയോഗം തിരിച്ചറിയുന്നതും വ്യക്തിപരമായ പ്രാര്‍ത്ഥനയിലാണ്. അതുകൊണ്ട് ഒരുവന്‍റെ ജീവിതസാഫല്യത്തിന് വ്യക്തിപരമായ പ്രാര്‍ത്ഥന അനിവാര്യമാണ്.

പ്രാര്‍ത്ഥനയുടെ മോഡലുകള്‍

വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്ക് രണ്ടു മോഡലുകള്‍ എടുക്കുകയാണ്: മോശയും യേശുവും.

മോശയുടെ പ്രാര്‍ത്ഥനാജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു വചനഭാഗമാണ് പുറ. 33, 7f. ഇസ്രായേല്‍ ജനം ഈജിപ്തില്‍ നിന്നും മോചിതരായി വാഗ്ദത്തഭൂമിയെ ലക്ഷ്യമാക്കിയുള്ള യാത്രയാണു പശ്ചാത്തലം. മരുഭൂമിയിലൂടെ ഒക്കെയാണ് യാത്ര. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകള്‍, അവര്‍ക്കുള്ളതെല്ലാമായി യാത്ര ചെയ്യുന്നു. കുറെ യാത്ര ചെയ്തു മടുക്കുമ്പോള്‍ കുടിവെള്ളം കിട്ടാന്‍ സാധ്യതയുള്ള എവിടെയെങ്കിലും മോശ പാളയമടിക്കും - കൂടാരങ്ങളുടെ  ഒരു സമുച്ചയം. കുറെ ദിവസങ്ങള്‍ വിശ്രമിച്ചശേഷം കൂടാരങ്ങള്‍ അഴിച്ചെടുത്ത് യാത്ര തുടരുന്നു. അങ്ങനെ എവിടെയെങ്കിലും പാളയമടിക്കുമ്പോള്‍ മോശ ഒരു കാര്യം ചെയ്തിരുന്നു; പാളയത്തിനു പുറത്ത്, ദൂരെയായി, ഒരു കൂടാരമുണ്ടാക്കിയിരുന്നു. 'സമാഗമകൂടാരം' എന്ന് അതിനു മോശ പേരുകൊടുത്തു. ദൈവമനുഷ്യസമാഗമ വേദി എന്നര്‍ത്ഥം. "കര്‍ത്താവിന്‍റെ ഹിതമറിയാന്‍ ആഗ്രഹിച്ചവരൊക്കെ പാളയത്തിനു വെളിയിലുള്ള ഈ കൂടാരത്തിലേക്കു പോയിരുന്നു. മോശ ഈ കൂടാരത്തിലേക്കു പോയിരുന്ന അവസരങ്ങളിലൊക്കെ മേഘസ്തംഭം ഇറങ്ങിവന്ന് കൂടാരവാതില്‍ക്കല്‍ നില്‍ക്കും. അപ്പോള്‍ കര്‍ത്താവു മോശയോടു സംസാരിക്കും. സ്നേഹിതനോടെന്ന പോലെ കര്‍ത്താവ് മോശയോട് മുഖാഭിമുഖം സംസാരിച്ചിരുന്നു. അതിനുശേഷം മോശ പാളയത്തിലേക്കു മടങ്ങിപ്പോകും" (പുറ. 33, 7-10).

ഇവിടെ നാം കാണുന്നത് മൗനപ്രാര്‍ത്ഥനയ്ക്ക് അനുയോജ്യമായ ഒരു സാഹചര്യം വേണമെന്നതാണ് - ഏകാന്തത വേണം. അതുകൊണ്ടാണ് പാളയത്തിനു പുറത്ത് ദൂരെയായി സമാഗമ കൂടാരം നിര്‍മ്മിച്ചത്. സ്നാപകനും യേശുവും മരുഭൂമിയിലേക്കു പോയി പ്രാര്‍ത്ഥിക്കാന്‍. ഏതു തിരക്കിലും ഇടയ്ക്കിടയ്ക്ക് യേശു ജനത്തെ വിട്ട് വിജനപ്രദേശങ്ങളിലേക്കും മലമുകളിലേക്കുമൊക്കെ പോയിരുന്നതായി സുവിശേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ലൂക്കാ 4, 42; 5, 16; 16, 9, 12). യേശു പഠിപ്പിച്ചു: "നീ പ്രാര്‍ത്ഥിക്കുമ്പോള്‍, നിന്‍റെ മുറിയില്‍ കടന്ന്, വാതിലടച്ച്, രഹസ്യത്തില്‍ നിന്‍റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക, രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും" (മത്താ. 6,6).

അനുദിനജീവിതത്തിന്‍റെ വ്യഗ്രതകളില്‍നിന്നും ഏകാന്തതയിലേക്ക്, പിതൃസാന്നിധ്യത്തിലേക്ക്, ഇടയ്ക്കിടെ നാം പോകുന്നു എന്നു യേശു പഠിപ്പിക്കുന്നു. അവിടെ കര്‍ത്താവിനായി കാത്തിരിക്കുമ്പോള്‍ മോശയോടെന്നപോലെ ദൈവം നമ്മുടെ ഹൃദയത്തോടു സംസാരിക്കും. പ്രാര്‍ത്ഥനയുടെ പ്രഥമഘടകം ശ്രവണമാണ്; ദൈവവചനം കേട്ട് അതിനു പ്രത്യുത്തരം നല്‍കണം.

വീണ്ടും, മോശയോട് ദൈവം സ്നേഹിതനോട് എന്നപോലെ മുഖാഭിമുഖം സംസാരിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ദൈവം നമ്മെ ദാസരെപ്പോലെയല്ല, സ്നേഹിതരെപ്പോലെ കാണുന്നു. യേശു ശിഷ്യരോടു പറഞ്ഞു: "ഇനിമേല്‍ ഞാന്‍ നിങ്ങളെ ദാസരെന്നു വിളിക്കുകയില്ല; സ്നേഹിതരെന്നു വിളിക്കുന്നു"(യോഹ. 15,15). ഇതു നമ്മുടെ യോഗ്യതകൊണ്ടല്ല ദൈവത്തിന്‍റെ കാരുണ്യമാണ്.

ദൈവം മോശയോട് എന്താണ് സംസാരിച്ചതെന്നു തുടര്‍ന്നുള്ള വചനഭാഗത്തു കാണാം (പുറ 33, 12f).

ഒന്ന്: "നീ എന്‍റെ പ്രീതി സമ്പാദിച്ചിരിക്കുന്നു." ഓരോ വ്യക്തിയോടും ദൈവം ഇതുതന്നെ പറയുന്നുണ്ട് (പുറ. 43,4). ഞാന്‍ പാപിയാണെങ്കില്‍പോലും എന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ദൈവപൈതലിനെയാണ് ദൈവം കാണുന്നത്. യേശു സക്കേവൂസിന്‍റെ വീട്ടില്‍ അതിഥിയായി പോയപ്പോള്‍  ജനം പിറുപിറുത്തു: "ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ." യേശു പ്രതികരിച്ചു: "ഇവനും അബ്രാഹമിന്‍റെ പുത്രനാണ്" (ലൂക്കാ 19, 7-9). അതെ, പ്രാര്‍ത്ഥനയില്‍ നാം ദൈവത്തിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹവും കാരുണ്യവും അനുഭവിച്ചറിയുന്നു.

രണ്ടാമതായി ദൈവം മോശയോടു പറഞ്ഞത്: "നീ എന്‍റെ ജനത്തെ നയിക്കുക" എന്നാണ്. മോശ പറഞ്ഞു ഞാന്‍ പോകാം; എന്നാല്‍ നീ എന്‍റെ കൂടെ ഉണ്ടായിരിക്കണം, അതായിരുന്നു മോശയുടെ ബലം. ദൈവം അതിന് ഉറപ്പുനല്‍കി: "ഞാന്‍ തന്നെ നിന്നോടുകൂടി വരികയും നിനക്ക് ആശ്വാസം നല്‍കുകയും ചെയ്യും."

ദൈവത്തിന്‍റെ ഹിതമനുസരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ദൈവം നമ്മോടു കൂടെയുണ്ട്. പഴയ നിയമത്തില്‍ 'ദൈവം കൂടെ' എന്നു പറയുമ്പോള്‍ അവര്‍ മനസ്സിലാക്കിയിരുന്നത് ദൈവം സഹായത്തിന് അവരുടെ ചാരെ ഉണ്ടാകും എന്നാണ്. എന്നാല്‍ ക്രിസ്തുശിഷ്യനെ സംബന്ധിച്ചിടത്തോളം ദൈവം സമീപത്തു മാത്രമല്ല നമ്മില്‍ത്തന്നെയുണ്ട്. ഇമ്മാനുവേല്‍. യേശു പറഞ്ഞു: "എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുക്കല്‍ വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും" (യോഹ. 14, 23). ദൈവത്തിന്‍റെ ഹിതമനുസരിച്ചു നാം പ്രവര്‍ത്തിക്കുമ്പോള്‍ അവിടുന്നു തന്നെയാണു നമ്മിലൂടെ പ്രവര്‍ത്തിക്കുന്നത്. നാം അവിടുത്തെ കരങ്ങളിലെ ഉപകരണം മാത്രം. പൗലോസ് ശ്ലീഹാ പറഞ്ഞു: "ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്" (ഗലാ. 2, 20). മദര്‍ തെരേസ പറഞ്ഞു: "ഞാന്‍ കര്‍ത്താവിന്‍റെ കൈയിലെ ഒരു പെന്‍സില്‍ മാത്രം."

മോശ ഒരു കാര്യംകൂടി ചോദിക്കുന്നുണ്ട്: "കര്‍ത്താവേ, എനിക്ക് അങ്ങയുടെ വഴികള്‍ കാണിച്ചു തരിക. അങ്ങനെ ഞാന്‍ അങ്ങയെ അറിയുകയും അങ്ങയെ പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ." മോശ മനുഷ്യപ്രീതി നേടിയില്ല. ഇന്നു തനിക്കെതിരെ പിറുപിറുക്കുന്നുണ്ട്, വിമര്‍ശിക്കുന്നുണ്ട്. മോശയ്ക്ക് അതു പ്രശ്നമല്ല. ദൈവഹിതം നിറവേറ്റി ദൈവപ്രീതി നേടണം. അതു മാത്രം.

ഇതുതന്നെ ആയിരുന്നു യേശുവിന്‍റെ ജീവിതശൈലിയും. ഭക്ഷണം കഴിക്കാന്‍പോലും സമയം കിട്ടാത്തവിധം ആളുകള്‍ തിങ്ങിക്കൂടുമ്പോഴും ഇടയ്ക്കിടയ്ക്ക് ജനത്തെ വിട്ടു വിജനപ്രദേശങ്ങളിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോയിരുന്നു; പിതൃസന്നിധിയില്‍ ആയിരിക്കാന്‍, പിതാവിന്‍റെ ഹിതമറിയാന്‍; അതനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള ശക്തി സംഭരിക്കാന്‍. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും (ശുശ്രൂഷയും) സമന്വയിപ്പിച്ച ജീവിതമായിരുന്നു യേശുവിന്‍റേത്.

ലോകവ്യാപാരങ്ങളില്‍ നാം വ്യാപൃതരാകുമ്പോള്‍ നമ്മിലെ ദൈവചൈതന്യം സാവകാശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ലൗകികത നമ്മെ ഭരിക്കാന്‍ തുടങ്ങും. നഷ്ടപ്പെട്ട ചൈതന്യം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥന തന്നെ മാര്‍ഗ്ഗം. ഏകാന്തതയിലുള്ള പ്രാര്‍ത്ഥന ഒരു റീച്ചാര്‍ജിംഗ് പ്രക്രിയയാണ്.

പ്രാര്‍ത്ഥനയും ജീവിതവും

പ്രാര്‍ത്ഥനയില്‍ ദൈവൈക്യത്തിലായ ഒരു വ്യക്തി ദൈവഹിതമനുസരിച്ചുള്ള ശുശ്രൂഷയിലേക്കു വരുമ്പോള്‍, ആ ശുശ്രൂഷതന്നെ പ്രാര്‍ത്ഥനയാണ്. സ്വന്ത ഇഷ്ടത്തിനു മരിച്ച് ദൈവേഷ്ടത്തിനുള്ള സമര്‍പ്പണമാണ്. അതു ബലിയാണ്; യഥാര്‍ത്ഥ ആരാധനയാണ്.
നമ്മുടെ ശരീരം, ശരീരത്തിലെ ഓരോ അവയവവും, എന്തിനായി ദൈവം നമുക്കു തന്നിരിക്കുന്നുവോ ആ ലക്ഷ്യത്തിനായി അതു പ്രവര്‍ത്തിക്കുമ്പോള്‍ ശരീരത്തിലൂടെ നാം ദൈവത്തെ മഹത്വപ്പെടുത്തുന്നു, ആരാധിക്കുന്നു. ഇതാണ് റോമാ 12, 1 ല്‍ പൗലോസ് ശ്ലീഹാ പറയുന്നത്: "നിങ്ങളുടെ ശരീരങ്ങളെ  പരിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി അര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥമായ ആരാധന." ഇവിടെ ജീവിതം പ്രാര്‍ത്ഥനയായി മാറുന്നു. പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും ഒന്നിന്‍റെ രണ്ടു വശങ്ങള്‍ മാത്രം. അതുകൊണ്ടാണ് വി. ഫ്രാന്‍സിസിനെപ്പറ്റി സെലാനോ പറഞ്ഞിരിക്കുന്നത് "അവന്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നു മാത്രമല്ല, പ്രാര്‍ത്ഥനയായി മാറി" എന്ന്.

എന്തിനു പ്രാര്‍ത്ഥിക്കണം?

"ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് മനശ്ശാന്തിക്കും മനശുദ്ധിക്കും വേണ്ടിയാണ്" എന്ന് ഗാന്ധിജി പറഞ്ഞു. ഇവ രണ്ടും ഒന്നിച്ചു പോകുന്നതാണ്. മനശുദ്ധിയാണ് മനശാന്തിയിലേക്കു നയിക്കുന്നത്.

ഏശയ്യാ പ്രവാചകന്‍റെ അനുഭവം നല്ല ഉദാഹരണമാണ്. ഏശ. 6 ല്‍ പ്രവാചകനുണ്ടായ വലിയ ഒരു ദൈവാനുഭവത്തിന്‍റെ വിവരണമുണ്ട്. ദൈവാലയത്തില്‍ തനിയെ പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിന്‍റെ  ഒരു ദര്‍ശനമുണ്ടായി. ദൈവം ഉന്നതമായ ഒരു സിംഹാസനത്തില്‍ മഹത്വപൂര്‍ണ്ണനായി ഉപവിഷ്ടനായിരിക്കുന്നു. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു. അവിടുത്തെ ചുറ്റും സെറാഫുകള്‍ നിന്നിരുന്നു. അവ പരസ്പരം ഉല്‍ഘോഷിച്ചു: "പരിശുദ്ധന്‍, പരിശുദ്ധന്‍...." ദൈവാലയം ധൂപപൂരിതമായിരുന്നു(പരിശുദ്ധിയുടെ പരിമളം). ചുരുക്കത്തില്‍, ദൈവത്തിന്‍റെ പരമ പരിശുദ്ധിയും മഹത്വവും പ്രവാചകനു വെളിപ്പെടുത്തപ്പെട്ടു. ആ പരിശുദ്ധിയുടെ മുമ്പില്‍ പ്രവാചകന്‍ തന്‍റെ അശുദ്ധിയും ഇല്ലായ്മയും തിരിച്ചറിയുന്നു. പ്രകാശത്തിലാണ് നാം സത്യം തിരിച്ചറിയുന്നത്. പ്രവാചകന്‍ അത് അംഗീകരിച്ച് ഏറ്റുപറയുന്നു: "ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാല്‍ സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ എന്‍റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു"(ഏശ. 6,5). അപ്പോള്‍ ദൈവം തന്‍റെ ദൂതനെ അയച്ച് ഒരു തീക്കനല്‍ കൊണ്ട് അവന്‍റെ അധരങ്ങളെ സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു;  "നിന്‍റെ മാലിന്യം നീക്കപ്പെട്ടു;  നിന്‍റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു" (ഏശ. 6, 7).

ഇവിടെ തീക്കനല്‍ പരിശുദ്ധാത്മാവിന്‍റെ പ്രതീകമാണ്. ഒരുവന്‍ പ്രാര്‍ത്ഥനയില്‍ ദൈവസാന്നിദ്ധ്യം അനുഭവിക്കുകയും അവിടുത്തെ പരമപരിശുദ്ധിയും മഹത്വവും ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ തന്‍റെതന്നെ അശുദ്ധിയും ഇല്ലായ്മയും തിരിച്ചറിയുന്നു. സമാനമായ അനുഭവത്തില്‍ വി. ഫ്രാന്‍സിസ് പറഞ്ഞു: "ദൈവമേ, അങ്ങാര്! ഞാന്‍ ആര്!" ഈ തിരിച്ചറിവില്‍ സ്വയം എളിമപ്പെട്ട് പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ ദൈവം തന്‍റെ ആത്മാവാകുന്ന അഗ്നിയാല്‍ അവനെ ശുദ്ധീകരിക്കുന്നു. ഈ ശുദ്ധീകരണം മനശ്ശാന്തിയിലേക്കും ആനന്ദത്തിലേക്കും നയിക്കുന്നു.

പ്രാര്‍ത്ഥനയില്‍ ആത്മവിശുദ്ധീകരണം മാത്രമല്ല, ശക്തീകരണവും നടക്കുന്നു. "എനിക്കെന്തെങ്കിലും തരത്തിലുള്ള സമാധാനവും വിജയവും കൈവന്നിട്ടുണ്ടെങ്കില്‍ അതു പ്രാര്‍ത്ഥനയില്‍നിന്നു മാത്രമാണ്" എന്ന് ഗാന്ധിജി സാക്ഷ്യപ്പെടുത്തുന്നു.

"അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം" (മത്താ. 11,28). നമ്മുടെ ഹൃദയഭാരങ്ങളും ദുഃഖങ്ങളും കുറയ്ക്കാന്‍ മറ്റുള്ളവരുമായി നാം അവ പങ്കുവയ്ക്കാറുണ്ട്. അതു ചിലപ്പോള്‍ പരദൂഷണത്തിലേക്കും പോകാം. നേരെമറിച്ച് നമ്മെ ശരിക്കും അറിയാവുന്ന, മനസ്സിലാക്കുന്ന, കര്‍ത്താവിന്‍റെ മുമ്പില്‍ അതു പങ്കുവച്ചിരുന്നെങ്കില്‍ അവന്‍ അത് ഒപ്പിയെടുക്കുമായിരുന്നു; ശക്തി പകരുമായിരുന്നു. ദൈവാലയത്തില്‍ കരഞ്ഞുകൊണ്ടിരുന്ന സാമുവേലിന്‍റെ അമ്മ അന്ന, തന്നെ പുച്ഛിച്ച പുരോഹിതനോടു പറഞ്ഞു: "ഞാന്‍ എന്‍റെ കര്‍ത്താവിന്‍റെ മുമ്പില്‍ എന്‍റെ ഹൃദയം പകരുകയായിരുന്നു" (1 സാമു. 1, 15). അതാണു പ്രാര്‍ത്ഥന. അവിടെ ആശ്വാസം കണ്ടെത്തി. അവള്‍ക്ക് വാര്‍ദ്ധക്യത്തില്‍ ഒരു പുത്രനെ ലഭിച്ചു. അതും ഒരു വലിയ പ്രവാചകനെ!

ഗത്സെമനിയില്‍ "എന്‍റെ ആത്മാവ് മരണത്തോളം ദുഃഖിതമായിരിക്കുന്നു" എന്ന് ശിഷ്യരുമായി പങ്കുവച്ച യേശു ആ ഹൃദയഭാരമെല്ലാം പിതാവിന്‍റെ മുമ്പില്‍ ഇറക്കിവെച്ചു. കണ്ണീരൊഴുക്കി, രക്തം ഒഴുക്കി പ്രാര്‍ത്ഥിച്ചു: "കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നകന്നുപോകട്ടെ; എന്നാല്‍ എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടം നിറവേറട്ടെ." കുരിശു മാറിപ്പോയില്ല. കാരണം അതായിരുന്നു പിതാവിന്‍റെ പദ്ധതി. എന്നാല്‍ ആ കുരിശു സന്തോഷത്തോടെ സഹിക്കാനുള്ള ശക്തി ലഭിച്ചു. "അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു" (ലൂക്കാ 22, 43). തുടര്‍ന്ന് സമചിത്തതയോടെ, ധീരമായി, സ്വയം ശത്രുകരങ്ങളില്‍ ഏല്പിച്ചു കൊടുക്കുന്നു.

സഹനത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ചിലപ്പോള്‍ ഭയമോ, നിരാശയോ നമ്മെ കീഴ്പ്പെടുത്തിയെന്നു വരാം. അപ്പോള്‍ സുരക്ഷിതമെന്നു തോന്നുന്ന സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ പ്രലോഭനമുണ്ടാകാം. അതാണ് ജോനാപ്രവാചകനും ഏലിയാ പ്രവാചകനും സംഭവിച്ചത്. ദൈവം അങ്ങനെയുള്ളവരെ പിന്‍ചെന്ന്, വഴി തിരുത്തിക്കൊടുക്കുന്നു. ഈ തിരുത്തല്‍ പ്രാര്‍ത്ഥനയിലാണു ലഭിക്കുക.

ആഹാബു രാജാവിന്‍റെ ഭാര്യ ജെസ്സബെല്‍ രാജ്ഞി തന്‍റെ തലയ്ക്കു ലേലം വിളിച്ചിരിക്കുന്നു എന്ന വാര്‍ത്ത കേട്ട ഏലിയാ പെട്ടെന്നു ഭീരുവായി മരുഭൂമിയിലേക്ക് പലായനം ചെയ്യുന്നു. ദൈവത്തിന്‍റെ ആത്മാവ് അവനെ  പിന്‍ചെന്ന്, കര്‍ത്താവിന്‍റെ സാന്നിദ്ധ്യത്തിലേക്ക്, ഹോറെബ് മലയിലേക്ക് അവനെ നയിക്കുന്നു. അവിടെ ഒരു ഗുഹയില്‍ 40 ദിനരാത്രങ്ങള്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ട്, തെറ്റുതിരുത്തി തന്‍റെ ജനത്തിന്‍റെ ഇടയിലേക്ക്, ദൗത്യത്തിലേക്ക്, മടക്കിവിടുന്നു. (1 രാജാ. 19).

വി. ഫ്രാന്‍സിസിന്‍റെ മാനസാന്തരവും ഇതിനു സമാനമാണ്. മാടമ്പിസ്ഥാനം സ്വപ്നം കണ്ട്, അഹങ്കാരത്തിന്‍റെ കുതിരപ്പുറത്ത്, അപ്പൂലിയായിലേക്ക് യുദ്ധത്തില്‍ ചേരാന്‍ കുതിച്ച ഫ്രാന്‍സിസിന് സ്പൊളേറ്റോ താഴ്വരയില്‍വച്ച് ഒരസാധാരണ സ്വപ്നമുണ്ടായി.

കര്‍ത്താവു ചോദിച്ചു: "ഫ്രാന്‍സിസ്, യജമാനനെ സേവിക്കുന്നതോ ഭൃത്യനെ സേവിക്കുന്നതോ ഉചിതം?"

"യജമാനനെ" ഫ്രാന്‍സിസ് പ്രതികരിച്ചു.

"അങ്ങനെയെങ്കില്‍ ഭൃത്യനെ സേവിക്കാന്‍ നീ  പോകുന്നതെന്ത്?"

"ദൈവമെ, ഞാന്‍ എന്തു ചെയ്യണം?"

"അസ്സീസിയിലേക്കു മടങ്ങുക, അവിടെവച്ച് നിന്നെ അറിയിക്കാം."

ഫ്രാന്‍സിസ് അനുസരിച്ചു.

തുടര്‍ന്നുള്ള നാളുകളില്‍, ഒരു ഗുഹയിലും, ഒഴിഞ്ഞ ദൈവാലയങ്ങളിലും പ്രത്യേകിച്ച് പൊര്‍സ്യുങ്കുളായില്‍, ദീര്‍ഘനേരം അദ്ദേഹം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. അവിടെ തന്‍റെ ദൈവവിളി കണ്ടെത്തി.

തന്‍റെ ജീവന്‍റെയും ജീവിതത്തിന്‍റെയും ഉടയവനെന്ന നിലയില്‍ മനുഷ്യന്‍ പൂര്‍ണ്ണമായും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. എങ്കില്‍ തന്‍റെ ജീവനും ജീവിതവും നിരുപാധികം ദൈവത്തിനു സമര്‍പ്പിക്കാന്‍ അവന്‍ കടപ്പെട്ടവനാണ്. അതാണ് യഥാര്‍ത്ഥ ആരാധന.

ഞാന്‍ ആയിരിക്കുന്നതും എനിക്കുള്ളവയും എന്‍റെ രക്ഷയും ദൈവത്തിന്‍റെ സൗജന്യദാനമാണെന്ന് അംഗീകരിക്കുമ്പോള്‍ (1 കൊറി. 4, 7; 15,10) സ്തുതിയും കൃതജ്ഞതയും എന്‍റെ ഹൃദയത്തില്‍ നിന്നുയരും. അതായിരുന്നു പരിശുദ്ധ മറിയത്തിന്‍റെ അനുഭവം. എന്‍റെ ആത്മാവു കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു; എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു." (ലൂക്കാ 1, 46 f).

റഫായേല്‍ മാലാഖ തോബിയാസിനും സാറായ്ക്കും നല്‍കിയ ഉപദേശം ഇവിടെ പ്രസക്തമാണ്. "ദൈവത്തെ സ്തുതിക്കുകയും അവിടുത്തേയ്ക്കു നന്ദി പറയുകയും ചെയ്യുവിന്‍. അവിടുന്നു നിങ്ങള്‍ക്കു ചെയ്ത നന്മയെപ്രതി സകല ജീവികളുടെയും മുമ്പില്‍ അവിടുത്തെ മഹത്വപ്പെടുത്തുകയും അവിടുത്തേയ്ക്കു കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യുവിന്‍. ദൈവത്തിന്‍റെ പ്രവൃത്തികള്‍ പ്രഘോഷിച്ച് അവിടുത്തെ പുകഴ്ത്തുകയും അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നത് ഉചിതമത്രേ. അവിടുത്തേയ്ക്കു നന്ദി പറയാന്‍ അമാന്തമരുത്"(തോബിത്ത് 12, 6).

ദൈവത്തിന്‍റെ അനന്തമായ സ്നേഹവും കാരുണ്യവും അനുഭവിച്ചറിയുമ്പോള്‍ ആ സ്നേഹസാന്നിധ്യവും സഹവാസവും തേടാതിരിക്കില്ല. അത്  ആനന്ദദായകവും, ഹൃദയാഭിലാഷങ്ങളുടെ പൂര്‍ത്തീകരണവുമാകും. അതാണ് സങ്കീര്‍ത്തകന്‍ പറഞ്ഞത്: "അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം, അന്യസ്ഥലത്ത് ആയിരം ദിവസങ്ങളേക്കാള്‍ അഭികാമ്യമാണ്"(സങ്കീ. 84,10). സങ്കീ. 63, 5-6 ല്‍ പറയുന്നു: "കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ മജ്ഞയും മേദസും കൊണ്ടെന്നപോലെ സംതൃപ്തി അടയുന്നു. എന്‍റെ അധരങ്ങള്‍ അങ്ങേയ്ക്ക് ആനന്ദഗാനം ആലപിക്കും." വി. ഫ്രാന്‍സിസ് പ്രതികരിച്ചു: "ദൈവമെ, നീ എനിക്കു മതിയായവനാണ്."

ഈ ദൈവസ്നേഹാനുഭവം ദൈവികപൂര്‍ണ്ണതയാല്‍ നമ്മെ പൂരിതരാക്കുന്നു. വി. പൗലോസ് എഫേസോസിലെ സഭയ്ക്കുവേണ്ടി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: "അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്‍റെ സ്നേഹം നിങ്ങള്‍ ഗ്രഹിക്കാനും, അതുവഴി ദൈവത്തിന്‍റെ സമ്പൂര്‍ണ്ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ" (എഫേ 3, 19).

പ്രലോഭനങ്ങളെ നേരിടാന്‍

"പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍" എന്ന് യേശു ഉപദേശിച്ചിട്ടുണ്ട് (ലൂക്കാ 22, 40).

ദൈവത്തിന്‍റെ വഴി വിട്ട് സ്വന്തം വഴിയിലൂടെ പോകാനുള്ള പ്രേരണയാണ് പ്രലോഭനം. യേശുവും ഈ പ്രലോഭനങ്ങളെ നേരിട്ടിട്ടുണ്ട്. ഉദാ. മരുഭൂമിയിലെ പ്രലോഭനം. കുരിശില്‍ നിന്ന് ഒഴിവാകാന്‍ പത്രോസിലൂടെ സാത്താന്‍ പ്രലോഭിപ്പിച്ചു. ഗത്സെമനിയില്‍ അതേ പ്രലോഭനം. കുരിശില്‍ നിന്നും ഇറങ്ങിവന്ന് ദൈവപുത്രത്വം തെളിയിക്കാനുള്ള വെല്ലുവിളി. ഈ പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് പിതാവിന്‍റെ വഴിയിലൂടെ അവസാനംവരെ ചരിക്കുവാന്‍ പ്രാര്‍ത്ഥനയില്‍ യേശുവിനു ശക്തി ലഭിച്ചു. "എന്‍റെ ഏറ്റവും വലിയ ആയുധം മൗനമായ പ്രാര്‍ത്ഥനയാണ്" എന്ന് ഗാന്ധിജി പറഞ്ഞതോര്‍ക്കുക. 

You can share this post!

പാരഡൈസ് ഇന്‍ ദ കേവ്

ഫാ. ഷാജി സി എം ഐ
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts