news-details
മറ്റുലേഖനങ്ങൾ

ചോര പുരണ്ട കരങ്ങള്‍ - കായേന്‍

"കായേന്‍ തന്‍റെ വിളവിന്‍റെ ഒരു ഭാഗം കര്‍ത്താവിനു കാഴ്ചയര്‍പ്പിച്ചു"(ഉല്‍പ 4, 3).

ദൈവത്തിനു കാഴ്ചകളും ബലികളും അര്‍പ്പിക്കുകയാണ് എല്ലാ മതങ്ങളിലെയും പുരോഹിതന്‍റെ മുഖ്യദൗത്യം. ഈ കാഴ്ചപ്പാടില്‍, ബൈബിളില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പുരോഹിതരാണ് കായേനും സഹോദരന്‍ ആബേലും.

വിലക്കപ്പെട്ട കനി ഭക്ഷിച്ച് ദൈവകല്പന ലംഘിച്ചതിന്‍റെ പേരില്‍ പറുദീസായില്‍നിന്ന് പുറത്താക്കപ്പെട്ട ആദിമാതാപിതാക്കളുടെ ആദ്യസന്തതികളാണവര്‍. തനിക്കു ജനിച്ച ആദ്യസന്തതിക്ക് അമ്മ ഹവ്വ നല്കിയ പേരാണ് കായേന്‍. അതു വലിയൊരു വിശ്വാസത്തിന്‍റെയും നന്ദിയുടെയും പ്രകടനമായിരുന്നു. "കര്‍ത്താവ് കടാക്ഷിച്ച് എനിക്കൊരു പുത്രനെ ലഭിച്ചിരിക്കുന്നു" (ഉല്‍പ 4, 1) എന്നു പറഞ്ഞുകൊണ്ടാണ് അവള്‍ പുത്രന് കായേന്‍  എന്നു പേരു നല്കിയത്. ലഭിക്കുക, സമ്പാദിക്കുക, ദാനമായി സ്വീകരിക്കുക എന്നൊക്കെ അര്‍ത്ഥമുള്ള 'കാനാ' എന്ന ഹീബ്രു വാക്കില്‍നിന്ന് രൂപം കൊണ്ടതാണ് കായേന്‍ എന്ന പേര്. 'നീരാവി' എന്നര്‍ത്ഥമുള്ള 'ഹേബെല്‍' എന്ന ഹീബ്രുവാക്കില്‍നിന്നു രൂപംകൊണ്ട ആബേല്‍ എന്ന പേര് അല്പായുസ്സായി അസ്തമിച്ച അനുജന്‍റെ സ്വഭാവവും ദൗത്യവും സൂചിപ്പിക്കുന്നു.

കായേന്‍ കൃഷിക്കാരനും ആബേല്‍ ഇടയനും ആയിരുന്നു എന്ന് ഇരുവരുടെയും തൊഴിലിനെക്കുറിച്ച് സൂചിപ്പിച്ചതിനുശേഷം വിശുദ്ധ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ പ്രവൃത്തിയാണ് ദൈവത്തിനുള്ള കാഴ്ചസമര്‍പ്പണം. ഇരുവരും തങ്ങളുടെ സമ്പത്തിന്‍റെ ഒരംശം ദൈവത്തിനു സമര്‍പ്പിച്ചു. ഇതാണ് പറുദീസായ്ക്കു പുറത്ത് മനുഷ്യന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആദ്യവിവരണം - ദൈവത്തിനു കാഴ്ചയര്‍പ്പിക്കല്‍. എന്തിനുവേണ്ടിയാണ് അവര്‍ ഇതു ചെയ്തതെന്ന് വിശുദ്ധ ഗ്രന്ഥകാരന്‍ പറയുന്നില്ല; എന്നാലും ഒരു വിശദീകരണവും കൂടാതെ അനുവാചകര്‍ക്കു മനസ്സിലാകും അവര്‍ ഇരുവരും ദൈവവിശ്വാസികളായിരുന്നു. തങ്ങള്‍ക്കുള്ളതെല്ലാം ദൈവത്തിന്‍റെ ദാനമാണെന്ന് അംഗീകരിക്കുകയും നന്ദിയോടെ ഏറ്റുപറയുകയും ചെയ്യുന്നതിന്‍റെ ദൃശ്യമായൊരു അടയാളവും പ്രകടനവുമാണ് ഈ കാഴ്ചസമര്‍പ്പണം. അതുവഴി ഇരുവരും നിര്‍വഹിക്കുന്നത് പില്‍ക്കാലത്ത് ഔദ്യോഗിക പുരോഹിതര്‍ ചെയ്തിരുന്ന വിശുദ്ധമായൊരു പ്രവൃത്തിയാണ്. അതിനാല്‍ത്തന്നെ, അഭിഷിക്തരല്ലെങ്കിലും ഇരുവരും പുരോഹിതരായി പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ എത്ര വ്യത്യസ്തമാണ് ഇരുവരുടെയും തുടര്‍ന്നുള്ള അനുഭവവും പ്രതികരണങ്ങളും!

"ആബേലിലും അവന്‍റെ കാഴ്ചവസ്തുക്കളിലും കര്‍ത്താവു പ്രസാദിച്ചു. എന്നാല്‍ കായേനിലും അവന്‍റെ കാഴ്ചവസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു കായേനെ അത്യധികം കോപിപ്പിച്ചു" (ഉല്‍പ 4, 4-5). എന്തായിരുന്നു ദൈവത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ വ്യത്യസ്ത പ്രതികരണങ്ങളുടെ കാരണം എന്ന് വിശുദ്ധ ഗ്രന്ഥകാരന്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍ ഒരു സൂചന നല്കുന്നുണ്ട്; തന്‍റെ കാഴ്ച തിരസ്കരിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ കായേന്‍ കുപിതനായി. അവന്‍റെ ഉള്ളില്‍ വിദ്വേഷം നിറഞ്ഞു. ദൈവത്തിന്‍റെ ചോദ്യം കായേന്‍റെ ഹൃദയഭാവങ്ങളിലേക്കു വെളിച്ചം വീശുന്നുണ്ട്.

"നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്‍റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താല്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴടക്കണം" (ഉല്‍പ 4, 6-7). ആഴമേറിയ സത്യങ്ങള്‍, ഒരാശയപ്രപഞ്ചം തന്നെ, വളരെ ലളിതമായി, ചുരുക്കം വാക്കുകളില്‍, കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന, മിത്ത് എന്ന സാഹിത്യരൂപമാണ്  ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്ന കാര്യം വ്യാഖ്യാനത്തില്‍ ശ്രദ്ധിക്കണം.

എന്തുകൊണ്ടാണ് ആബേലിന്‍റെ ബലി സ്വീകരിച്ച കര്‍ത്താവ് കായേന്‍റെ കാഴ്ച തിരസ്കരിച്ചത്? കാഴ്ചയര്‍പ്പിച്ച വസ്തുവാണിതിനു കാരണം എന്നു കരുതുന്നവരുണ്ട്. ആബേല്‍ ആട്ടിന്‍കൂട്ടത്തില്‍നിന്ന് കടിഞ്ഞൂല്‍ കുഞ്ഞുങ്ങളുടെ കൊഴുപ്പുള്ള ഭാഗമാണ് ബലിയര്‍പ്പിച്ചത് എന്നു വിശദീകരിക്കുമ്പോള്‍ കായേന്‍ തന്‍റെ വിളവില്‍നിന്ന് ഒരു ഭാഗം അര്‍പ്പിച്ചു എന്നത്രേ രേഖപ്പെടുത്തിയിരിക്കുന്നത്. മൃഗത്തിന്‍റെ കൊഴുപ്പ് ധാന്യങ്ങളെക്കാള്‍ കര്‍ത്താവിനു സ്വീകാര്യമാണെന്നോ, കായേന്‍ അര്‍പ്പിച്ചത് നല്ല ധാന്യങ്ങളല്ല എന്നോ ഇതില്‍നിന്ന് അനുമാനിക്കാനാവില്ല. കൊടുക്കുന്ന വസ്തുവല്ല, കൊടുക്കുന്നവന്‍റെ ഹൃദയമാണ് കര്‍ത്താവ് കാണുന്നത്. അതു തന്നെയാണ് കായേന്‍റെ ബലി സ്വീകാര്യമാകാതിരിക്കാന്‍ കാരണം. അവന്‍റെ ഹൃദയത്തില്‍ സഹോദരനോട് അസൂയയും വെറുപ്പും വിദ്വേഷവും നിറഞ്ഞിരുന്നു. ബലിയര്‍പ്പണം തിരസ്കരിക്കപ്പെട്ടതിന്‍റെ ഫലമല്ല, കാരണമാണതെന്ന് ദൈവത്തിന്‍റെ താക്കീത് വ്യക്തമാക്കുന്നു.

വാതില്‍ക്കല്‍ പതിയിരിക്കുന്ന പാപം വിലക്കപ്പെട്ട മരത്തില്‍ പതിയിരുന്ന മറ്റൊരു സര്‍പ്പത്തിന്‍റെ പ്രതീകമാണ്. മാതാപിതാക്കള്‍ക്കു സംഭവിച്ച പരാജയം തനിക്കുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന താക്കീത്, പക്ഷേ, കായേനില്‍ പ്രതികരണം സൃഷ്ടിച്ചില്ല. തന്‍റെ അധ്വാനഫലത്തിന്‍റെ പങ്ക് കര്‍ത്താവിനു സമര്‍പ്പിച്ച അതേ കരങ്ങള്‍  ഇപ്പോള്‍ സഹോദരന്‍റെ രക്തത്താല്‍ കുതിര്‍ന്നു.

"ഒരു ദിവസം കായേന്‍ തന്‍റെ സഹോദരന്‍ ആബേലിനോട് പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലില്‍ ആയിരിക്കേ കായേന്‍ ആബേലിനോട് കയര്‍ത്ത് അവനെ കൊന്നു" (ഉല്‍പ 4, 8). ആദ്യ പുരോഹിതന്‍റെ കരങ്ങളില്‍ സഹോദരന്‍റെ രക്തത്തിന്‍റെ കറ പുരണ്ടു. ദൈവത്തിനു കാഴ്ചയര്‍പ്പിച്ച ബലിപീഠം ഇപ്പോള്‍  നരബലിയുടെ വേദിയായി. തികച്ചും ഭീകരമായൊരു ചിത്രം; ഒപ്പം വലിയൊരു താക്കീതും.

വധിച്ച കായേനും വധിക്കപ്പെട്ട ആബേലും, രണ്ടുപേരും ദൈവവിശ്വാസികളാണ്, ഭക്തരാണ്, പുരോഹിത ശുശ്രൂഷ ചെയ്തവരുമാണ്. എന്നാല്‍ ഒരാളുടെ ഹൃദയത്തില്‍ ദൈവഭക്തിയോടൊപ്പം സഹോദരവിദ്വേഷവും നിറഞ്ഞു. അതു സഹോദരവധത്തില്‍ കലാശിച്ചു. ദൈവഭക്തിയും നരഹത്യയും ഒരുമിച്ചുപോകുന്ന ഭീകരദൃശ്യം! ആബേലും ബലിയര്‍പ്പിച്ച പുരോഹിതനാണ്. ഇപ്പോള്‍ അവന്‍, തികച്ചും ദുര്‍ഗ്രഹമാം വിധം, ബലിവസ്തുവായി മാറുന്നു. ആബേല്‍ അര്‍പ്പിച്ച കാഴ്ച സ്വീകരിച്ച ദൈവം ഇപ്പോള്‍ ആബേലിനെത്തന്നെ കാഴ്ചയായി സ്വീകരിക്കുന്നു. ഒരു ഭാഗത്തുനിന്ന് ക്രൂരമായ നരഹത്യ, മറുഭാഗത്തുനിന്ന്   സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണം. ബൈബിളില്‍ പ്രത്യക്ഷപ്പെടുന്ന പൗരോഹിത്യത്തിന്‍റെ രണ്ടു ചിത്രങ്ങള്‍, രണ്ടു ധ്രുവങ്ങള്‍ - അതാണ് കായേനും ആബേലും.
ആബേല്‍ വരാനിരുന്ന മഹാബലിയിലേക്കു വിരല്‍ ചൂണ്ടുന്ന വലിയൊരു പ്രതീകമാണ്; ഒരേ സമയം നിത്യപുരോഹിതനും ദൈവത്തിനു സ്വീകാര്യമായ ബലിവസ്തുവും ആയ യേശുക്രിസ്തുവിന്‍റെ  പ്രതീകം. അതിനു വിപരീതമായി നില്ക്കുന്നു കായേന്‍ എന്ന പ്രതീകം - സഹോദരനെ വധിച്ച, നരബലിയര്‍പ്പിക്കുന്ന, വഴിപിഴച്ച പൗരോഹിത്യത്തിന്‍റെ പ്രതീകം.

കായേന്‍ ആബേലിനെ വധിച്ചത് ബലിയര്‍പ്പണമായി ബൈബിള്‍ കാണുന്നില്ല. എന്നാല്‍ ദൈവത്തെ പ്രസാദിപ്പിച്ച്, സ്വന്തം ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി മനുഷ്യക്കുരുതി നടത്തുന്ന പുരോഹിതന്മാരെക്കുറിച്ച് ബൈബിള്‍ പ്രതിപാദിക്കുന്നുണ്ട്. കാനാന്‍കാരുടെ ഇടയില്‍ പ്രചാരത്തിലിരുന്ന ഒരാചാരമായിരുന്നു നരബലി (ലേവ്യ18, 21; നിയ 12, 31; 18,20; 2രാജാ 3, 27). ഇസ്രായേല്‍ക്കാരും ഈ ആചാരം ചിലപ്പോഴെങ്കിലും അനുഷ്ഠിച്ചിരുന്നു. ഏകപുത്രിയെ ബലിയര്‍പ്പിച്ച ജെഫ്താ തന്നെ ഏറ്റം വ്യക്തമായ ഉദാഹരണം (ന്യായാ 11, 30 -40). സ്വന്തം പുത്രനെ ബലിയര്‍പ്പിച്ച മനാസ്സെ രാജാവ് (2 രാജാ 21, 5-7) മറ്റൊരുദാഹരണം.

ജറൂസലേം പട്ടണത്തിനും ഒലിവുമലയ്ക്കും ഇടയിലുള്ള ഹിന്നോം താഴ്വരയില്‍, വിജാതീയാചാരപ്രകാരം മനുഷ്യക്കുരുതി നടത്തിയിരുന്ന സ്ഥലമാണ് തോഫെത്. "പുത്രീപുത്രന്മാരെ ആരും മോളെക്കിനു ബലിയര്‍പ്പിക്കാതിരിക്കാന്‍ അവന്‍ ബെന്‍ഹിന്നോം താഴ്വരയിലുള്ള തോഫെത് മലിനമാക്കി" (2 രാജാ 23,10). സമൂലമായ മതനവീകരണത്തിന്‍റെ ഭാഗമായി ജോസിയാ രാജാവു നടത്തിയ ഈ ശുദ്ധീകരണപ്രക്രിയ ഇസ്രായേലിലും നരബലി നടത്തിയിരുന്നു എന്നതിനു തെളിവായി നില്ക്കുന്നു.

തങ്ങളുടെ തന്നെ ഭാവനാസൃഷ്ടികളായ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ മനുഷ്യര്‍ നരബലി നടത്തുന്നതിന്‍റെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ഉടനീളം കാണാം. യേശു തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ശിഷ്യന്മാര്‍ക്കു നല്കുന്ന ഒരു മുന്നറിയിപ്പും ഉപദേശവും ഇവിടെ ശ്രദ്ധേയമാകുന്നു. "നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു" (യോഹ 16, 2). കഴിഞ്ഞ ഇരുപതുനൂറ്റാണ്ടുകളിലായി മതപീഡനമേറ്റു വധിക്കപ്പെട്ട ലക്ഷക്കണക്കിന് ക്രിസ്തു ശിഷ്യര്‍ ഇപ്രകാരം ബലിയര്‍പ്പിക്കപ്പെട്ടവരാണ്. അവരെ കുരുതി കഴിക്കുന്നവരിലൂടെ കായേന്‍ എന്ന പുരോഹിതന്‍ ഇന്നും ജീവിക്കുന്നു, പോരാ, നരബലി ആഘോഷമാക്കി ഉറഞ്ഞു തുള്ളുന്നു.

നരബലിയര്‍പ്പിക്കുന്ന കായേന്‍റെ വ്യത്യസ്ത അവതാരങ്ങള്‍ ഇന്നും ദൃശ്യമാണ്. ഏതെങ്കിലും ദൈവത്തിന്‍റെ നാമത്തില്‍ മതനിന്ദകുറ്റം ആരോപിച്ച്, നിരപരാധരെ കുരുതി കഴിക്കുന്ന മതതീവ്രവാദികളാണ് ഇക്കൂട്ടരുടെ മുന്‍പന്തിയില്‍. വിശ്വാസപ്രഖ്യാപനം തന്നെ കൊലവിളിയും മതചിഹ്നം വാളും ആക്കി, ലോകം മുഴുവന്‍ തങ്ങളുടെ മതപതാകയുടെ കീഴിലാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളില്‍ കായേന്‍ എന്ന പുരോഹിതന്‍ പുനര്‍ജനിക്കുന്നു.

തന്‍റേതില്‍ നിന്നു വ്യത്യസ്തമായ വിശ്വാസം കാത്തുസൂക്ഷിക്കുന്നവരെ ദൈവവിരോധികളായി മുദ്രകുത്തി ഉന്മൂലനം ചെയ്യാനുള്ള ശ്രമം പല മതങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്; അത് ഇന്നും പലേടത്തും തുടരുകയും ചെയ്യുന്നു. വിശ്വാസം സംരക്ഷിച്ച്, ദൈവത്തെ പ്രീതിപ്പെടുത്താന്‍ എന്ന ധാരണയില്‍ നടത്തുന്ന പീഡനങ്ങളും കൂട്ടക്കുരുതികളും എല്ലാം കായേന്‍റെ വിവിധ അവതാരങ്ങളായി കാണാന്‍ കഴിയും. വിശ്വാസ സംരക്ഷണത്തിന്‍റെ പേരില്‍ നടന്ന കുരിശുയുദ്ധങ്ങളിലും പാഷണ്ഡതയെ ഉന്മൂലനം ചെയ്യാന്‍ എന്ന ധാരണയില്‍ നടന്ന കൊടും ക്രൂരതയിലും മനുഷ്യക്കുരുതികളിലും കായേന്‍ എന്ന പുരോഹിതന്‍റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്.

ദൈവത്തിനു സ്വീകാര്യമല്ലാത്ത ബലിയര്‍പ്പിച്ച കായേന്‍ പുരോഹിതനാണ്, ദൈവത്തിന്‍റെയല്ല,  ആരംഭം മുതലേ നുണയനും കൊലപാതകിയുമായ (യോഹ 8, 44) സാത്താന്‍റെ പുരോഹിതന്‍. ആ പുരോഹിതന്‍ ഇന്നും ജീവിക്കുന്നു, പല വേഷത്തിലും ഭാവത്തിലും ഇന്നും പ്രത്യക്ഷപ്പെടുന്നു, പലപ്പോഴും അരങ്ങു തകര്‍ത്ത് ഉറഞ്ഞുതുള്ളുന്നു. നിരപരാധരുടെ രക്തമൊഴുക്കുന്നു. മതമേഖലയില്‍ മാത്രമല്ല, സമൂഹത്തിന്‍റെ ഇതരമേഖലകളിലും കായേന്‍റെ സാന്നിധ്യം തിരിച്ചറിയണം. സഹോദരനെ വെറുക്കുകയും ചൂഷണം ചെയ്യുകയും വധിക്കുകയും ചെയ്യുന്നവര്‍ കായേന്‍റെ പിന്മുറക്കാരാണെന്ന സത്യം മറക്കരുത്. "സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്" (1 യോഹ 3, 15) എന്ന അപ്പസ്തോല താക്കീതിനു കാതോര്‍ക്കണം. ജനിക്കാന്‍ പോകുന്ന ശിശു തങ്ങള്‍ക്ക് ഒരു ഭാരവും തങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കു തടസ്സവും ആയേക്കാം എന്ന ധാരണയില്‍ കോടിക്കണക്കിനു ശിശുക്കളെ മാതൃഗര്‍ഭത്തില്‍ വച്ചുതന്നെ കൊന്നുതള്ളുന്നവരും കായേന്‍ എന്ന പുരോഹിതന്‍റെ പിന്‍മുറക്കാരല്ലേ? ഏതു ദൈവത്തിനാണവര്‍ ഈ നരബലിയര്‍പ്പിക്കുന്നത് എന്നതിന് സംശയം വേണ്ടാ, നുണയനും കൊലപാതകിയുമായ സാത്താനു തന്നെ.

മതവിശ്വാസത്തിന്‍റെയും ആചാരങ്ങളുടെയും പേരില്‍ അപരനെ വെറുക്കുകയും നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ സകല മനുഷ്യരുടെയും സ്രഷ്ടാവും പിതാവും സകല നന്മയുടെയും ഉറവിടവുമായ നന്മ ദൈവത്തെയല്ല, നുണയനും കൊലപാതകിയും തിന്മയുടെ മൂര്‍ത്തഭാവവുമായ സാത്താനെയാണ് ആരാധിക്കുന്നത്, അവനാണു പുരോഹിതശുശ്രൂഷ ചെയ്യുന്നത് എന്നു തിരിച്ചറിയാന്‍ സഹോദരഘാതകനായ കായേന്‍ എന്ന പ്രതീകം സഹായകമാകണം. പ്രത്യക്ഷമായ സാത്താന്‍ ആരാധനയില്‍ മാത്രമല്ല, അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സഹോദരവിരുദ്ധമായ സകല പ്രവര്‍ത്തനങ്ങളിലും ഒളിഞ്ഞിരിക്കുന്ന, സാത്താന്‍റെ പുരോഹിതനായ, കായേനെ തിരിച്ചറിയണം.     

You can share this post!

കരുണയുടെ ദൈവശാസ്ത്രം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts