news-details
മറ്റുലേഖനങ്ങൾ

കൂടുതല്‍ പ്രസാദാത്മകമാകുക

വിഷാദരോഗ (depression) ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder-) ത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ മരുന്നില്ലാ ചികിത്സയായ പതിനാലുദിന മനോനിലചിത്രണം (Mood Mapping) പതിനൊന്നാം ദിവസത്തിലേക്ക് പ്രവേശിക്കുന്നു. നമ്മുടെ മനോനില കൂടുതല്‍ പ്രസാദാത്മകമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് പതിനൊന്നാം ദിവസം നാം ആരായുന്നത്.

"ജീവിതം സഹനങ്ങള്‍ നിറഞ്ഞതാണെന്നത് ശരി തന്നെ. അവ മറികടക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ടെന്നത് നാം പക്ഷേ മറക്കരുത്." ഹെലന്‍ കെല്ലര്‍

ജീവിതത്തിന്‍റെ വിവിധ ഘടകങ്ങള്‍ക്ക് നിങ്ങളുടെ മനോനില(Mood) യെ എപ്രകാരം സ്വാധീനിക്കാമെന്നും അതു നിരീക്ഷിക്കുക വഴി എപ്രകാരം മനോനിലയെ രേഖപ്പെടുത്താമെന്നും (Mood Mapping) നാം പത്തുദിവസം കൊണ്ട് മനസ്സിലാക്കി. നമ്മുടെ മനോനിലയെ പ്രസാദാത്മകമാക്കുന്നതിനുള്ള ചില വിദ്യകളും നാം പഠിച്ചു. നമ്മുടെ മനോനിലയെ എപ്രകാരം കൂടുതല്‍ പ്രസാദാത്മകമാക്കാം എന്നാണ് ഇനിയുള്ള നാലുദിവസം നാം പഠിക്കുക.

വലിയ മനോനില വ്യതിയാനങ്ങളില്‍, അതായത്, ശാന്തവും കര്‍മ്മോത്സുകവുമായ അവസ്ഥയില്‍ നിന്ന് ഉത്കണ്ഠാകുലവും വിഷാദാത്മകവുമായ മനോനിലയിലേക്കുള്ള ചാഞ്ചാട്ടങ്ങളില്‍, ആവും ഇനിയുള്ള നാലുദിവസം നാം പ്രധാനമായും ശ്രദ്ധയൂന്നുക. നിങ്ങള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളോടുള്ള പ്രതികരണം എന്നതുപോലെതന്നെ മനോനില ഒരു ശീലവുമാണെന്നോര്‍ക്കുക. നിങ്ങളുടെ മനോനില എന്തെന്ന്, നിങ്ങളുടെ അനുഭവം എന്തെന്ന് ഈ ദിവസങ്ങള്‍ നിങ്ങള്‍ക്കു കാണിച്ചു തരും. ഒപ്പം എങ്ങനെ ആ മനോനിലയെ മാറ്റാമെന്നും.

ശീലങ്ങള്‍ മറക്കാവതല്ല

പഴയ ശീലങ്ങള്‍ സൗകര്യപ്രദമായി നമുക്ക് അനുഭവപ്പെടുന്നു. അതു മാറ്റിയെടുക്കാന്‍ കഠിനപ്രയത്നം ആവശ്യമുണ്ട്. മിക്കവരും അതിനു മെനക്കെടാറില്ല. വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുകയെന്നാല്‍ പലപ്പോഴും അസാധ്യമായി തന്നെ തോന്നും. കാരണം മാറ്റമെന്നാല്‍ പുതിയ ശീലം പഠിക്കുക എന്നാണ്. പഴയശീലമനുസരിച്ച് കാര്യങ്ങള്‍ ചെയ്യുക എന്നത് അനായാസമാണ്.

എന്താണ് ചെയ്യേണ്ടതെന്ന് അറിയുകയും അപ്രകാരം ചെയ്യേണ്ടത് അതിപ്രധാനമായ കാര്യമാണെന്നു വിശ്വസിക്കുകയും അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയും എന്ന് അറിയുകയും അപ്രകാരം വിജയകരമായി ചെയ്യുമെന്ന് ദൃഢനിശ്ചയം ചെയ്യുകയുമാണ് വിജയകരമായ മാറ്റത്തിന് അവശ്യം വേണ്ട കാര്യങ്ങള്‍. മാറ്റത്തിന് ഊര്‍ജ്ജവും പ്രയത്നവും സമയവും ആവശ്യമുണ്ട്. അവിടെ കുറുക്കുവഴികളില്ല. മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ വരുമ്പോള്‍ മാത്രമാണ് പലരും മാറ്റത്തിന് തയ്യാറാകുന്നത് എന്നതില്‍ അത്ഭുതമില്ല.

എന്‍റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു, വീണ്ടും അസുഖത്തിലേക്കു വഴുതിവീഴാതിരിക്കാന്‍ എന്തു ചെയ്യുമെന്ന അവസ്ഥയിലായിരുന്നു ഞാന്‍. വിവാഹിതയായിരുന്നു ഞാന്‍, ആഗ്രഹത്തിനനുസരിച്ച് ഏറെക്കുറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു, പക്ഷേ എനിക്ക് മരുന്ന് കഴിക്കേണ്ടിയിരുന്നു. എന്‍റെ 'അസുഖം' മൂലം എനിക്കു ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും ഉണ്ടായിരുന്നു. വീണ്ടും അസുഖം വരാനുള്ള സാധ്യതയെ ഞാന്‍ ഭയപ്പെട്ടിരുന്നു. കടുത്ത വിഷാദത്തിലേക്ക് വഴുതിവീണേക്കാമെന്ന് എന്‍റെ സൈക്യാട്രിസ്റ്റ് എന്നോടു പറഞ്ഞിരുന്നു. എനിക്കിനി ജോലി ചെയ്യാനാവില്ലെന്ന് കുടുംബവും കൂട്ടുകാരും കരുതുകയും ചെയ്തു. എന്‍റെ വിരുദ്ധധ്രുവ മാനസികവ്യതിയാനം എങ്ങനെയും ഭേദമാക്കുമെന്ന നിലയിലായി ഞാന്‍. 'ഇനി വയ്യ' എന്ന അവസ്ഥ എന്‍റെ ജീവിതത്തെ മാറ്റി.

മാറ്റത്തിനു രണ്ടു മാര്‍ഗ്ഗങ്ങള്‍

നാടകീയമായ ഒരു ചുവടുവയ്ക്കുക എന്നതാണ്  മാറ്റത്തിന്‍റെ ഒരു മാര്‍ഗ്ഗം. ഇനി ഇതു തുടരുന്നില്ല എന്നങ്ങു തീരുമാനിക്കുക. ഇത്രത്തോളം മതി, ഇനി വയ്യ എന്നു നാം തീരുമാനിക്കുന്നു. പൊടുന്നനെയുള്ള ഈ തീരുമാനം വലിയ മാറ്റത്തിനു വഴിതെളിച്ചേക്കാം. കാരണം നിങ്ങളുടെ തീരുമാനത്തിലെ ദൃഢത മാറ്റത്തിലെ പ്രക്രിയയിലും പ്രതിഫലിച്ചേക്കാം.

രണ്ടാമത്തേത്, ചെറിയ ചെറിയ ചുവടുകളില്‍  സാവകാശമുള്ള മാറ്റമാണ്. എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയാം. മാറിയേ തീരൂ എന്നു നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഒറ്റയടിക്ക് എന്തെങ്കിലും ചെയ്യുന്നതിനു പകരം കുറെശ്ശെയായി ചെയ്യുന്നു. ഒരു സമയത്ത് ഒരു ചുവടുവെയ്ക്കുന്നു. അതുവഴി ഒരു ദിശാവ്യതിയാനം സംഭവിക്കുന്നു. നിങ്ങള്‍ നിങ്ങളെ കഠിനമായി കഷ്ടപ്പെടുത്തുന്നില്ല. എന്നാല്‍ ഓരോ ഘട്ടത്തിലും വിജയിക്കുന്നു എന്നു നിങ്ങള്‍ ഉറപ്പുവരുത്തുന്നു.

മനോനിലയില്‍ ഇതെങ്ങനെ പ്രായോഗികമാകും? എല്ലാ മനോനിലയ്ക്കും ഒരു കാരണമുണ്ട് എന്നു മനസ്സിലാക്കുകയാണ് ആദ്യഘട്ടം. കാരണത്തെ മാറ്റിയാല്‍ മനോനിലയും മാറും. അതിനാല്‍ മനോനില എന്നത് ഒരു തിരഞ്ഞെടുപ്പാണ്. പൂര്‍ണമായും നിങ്ങളുടെ തിരഞ്ഞെടുപ്പാണ് എന്നു പറയാനാവില്ലെങ്കിലും നാല് മനോനിലയില്‍ ഏതില്‍ അധികസമയം ചെലവഴിക്കുന്നു എന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെയാണ്.  

മനോനിലയെ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം തീര്‍ച്ചയായും നിങ്ങള്‍ക്ക് പഠിച്ചെടുക്കാവുന്നതു തന്നെ. പരിശീലനത്തിലൂടെ പുരോഗതി കൈവരിക്കുകയും ചെയ്യാം. അതിന് ഉള്‍ക്കാഴ്ചയും അച്ചടക്കവും ആവര്‍ത്തിച്ച് പരിശീലിക്കാനുള്ള ക്ഷമയും ആവശ്യമാണ്. (തുടരും)    

You can share this post!

കരുണയുടെ ദൈവശാസ്ത്രം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts