news-details
കാലികം

നാട്ടിലെ നട്ടുവേല സമൂഹം

 'നാടു നന്നാവാന്‍ കാടു കാക്കണം' എന്നാണ് ചൊല്ല്. കാടിനെ പകര്‍ത്തി അന്നം വിളയിക്കുന്ന കൃഷീവലന്‍, കൃഷിവൈവിധ്യത്തില്‍ വനസമൃദ്ധി തേടുകയാണ്. നമ്മുടെ മുഖ്യധാരാ ജനതതിയുടെ കൃഷിഭൂമിയില്‍ പിന്തുടരുന്ന ദേശസേവനത്തിന്‍റെ സത്യസന്ധമായ വരവുചെലവിന്‍റെ ചില്ലിക്കാശാണ് രാജ്യത്തെ തീറ്റിപ്പോറ്റാനുതകുന്ന അനുഭവയോഗ്യമായ ഭക്ഷ്യസമ്പത്ത്. കാടും മേടും നിറഞ്ഞ കൃഷിഭൂമിയിലെ കഷ്ടപ്പാടിന്‍റെയും ബുദ്ധിമുട്ടിന്‍റെയും അനുഭവപാഠങ്ങളുടെ ബോധ്യതകള്‍ക്കപ്പുറം, ഏട്ടിലെ താളുകളില്‍ കുറിക്കുന്ന തത്വസംഹിതകളുടെയോ, മായാമോഹങ്ങള്‍ നിറഞ്ഞ ഭാവനയുടെയോ പ്രൗഢി  കാര്‍ഷികമേഖലക്കില്ല എന്നതു വാസ്തവമാണ്. അനാദികാലം മുതല്‍ പിന്തുടരുന്ന സംശുദ്ധമായ ഈ തൊഴില്‍ സംസ്കാരത്തിന് അവഗണനയാല്‍ ഭവിക്കുന്ന നാശനഷ്ടങ്ങള്‍ തിരുത്തി പുനരധിവസിപ്പിക്കുന്നത് അസാധ്യമായിക്കൊണ്ടിരിക്കുന്നു.
 
പ്രഭാതം മുതല്‍ പ്രദോഷം വരെ പ്രതികൂലസാഹചര്യങ്ങളില്‍ സംതൃപ്തിയോടെ കഠിനാധ്വാനത്തില്‍ സേവനം ചെയ്യുന്ന ഈ ദേശസ്നേഹികളെ നിസംഗതയോടെ ചൂഷണവിധേയമാക്കുന്നത് നിന്ദ്യമാണ്. ഈ ജീവിതസമസ്യക്കു വിരമിക്കലില്ല. അവധിയും അധികജോലി സേവനആനുകൂല്യവുമില്ല, ക്ഷേമ, ക്ഷാമബത്ത പരിരക്ഷണസംരക്ഷണമേതുമില്ല. അതിലുപരി മുതല്‍മുടക്കി, കാലങ്ങളേറെ കഠിനപരിശ്രമത്തിനുശേഷം കാത്തിരുന്നു ലഭിക്കുന്ന വിളവിനു വാണിജ്യതലത്തില്‍ ലഭിക്കുന്ന പരിമിതമായ വില കൃഷിച്ചെലവിനോ നിത്യവൃത്തിക്കോ തികയാതെ ശുഷ്കമായിത്തീരുന്നു. സംഘടിത തൊഴിലാളി രംഗത്തിനും പ്രതിരോധമേഖലയ്ക്കും മറ്റും അനുശാസിച്ചു നല്കുന്ന സാമ്പത്തികനേട്ടങ്ങള്‍ക്കനുസൃതമായ കര്‍ഷകസമൂഹത്തിനും ശാശ്വത ശമ്പളവരുമാനം ക്രമമായി വേണ്ടതാണ്. കാരണം ഇവിടുത്തെ കര്‍ഷകന്‍ വെയിലത്തും മഴയത്തും ചൂടിലും ചെളിയിലും മണ്ണിലും വെള്ളത്തിലും പണിയെടുത്തില്ലെങ്കില്‍ അന്നം വിളയുകയില്ല, തീന്‍മേശയില്‍ ആഹാരം ലഭിക്കില്ലതന്നെ.
 
  പ്രതിസന്ധി സാഹചര്യങ്ങള്‍
 
വ്യവസായവത്ക്കരണം, നഗരവത്ക്കരണം, ആധുനിക സുഖഭോഗസൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന മരാമത്തുനിര്‍മ്മാണങ്ങള്‍ കാര്‍ഷികരംഗത്തിനു വരുത്തുന്ന പ്രതിസന്ധികള്‍ എണ്ണമറ്റതാണ്. വര്‍ദ്ധിക്കുന്ന താപനില, മഴയുടെ ലഭ്യത വ്യതിയാനങ്ങള്‍, ഉണങ്ങി വരളുന്ന ജലസ്രോതസ്സുകള്‍ നദികള്‍, മലിനമാകുന്ന മണ്ണ്, ജലം, വായു, നശിച്ചുകൊണ്ടിരിക്കുന്ന വനസമ്പത്ത്, വൃക്ഷലതാദികള്‍ എന്നിങ്ങനെയുള്ള ആധുനികതയുടെ ദൂഷ്യവശങ്ങള്‍ കാര്‍ഷികമേഖലയ്ക്കു പ്രതിസന്ധി ഉളവാക്കുന്നു. പ്രകടമായി ഭവിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ വഴി ഭവിക്കുന്ന വിളനാശം കാര്‍ഷികരംഗത്തിനുള്‍ക്കൊള്ളാവുന്നതിനപ്പുറമാണ്.
 
ഉത്പാദനവിപണന ആവശ്യങ്ങളുടെ അവ്യക്തതയും വാണിജ്യഭരണതലങ്ങളുണ്ടാക്കുന്ന കെട്ടുപിണഞ്ഞ വ്യവഹാരനൂലാമാലകളും കര്‍ഷകനെ ചൂഷണത്തിനിരയാക്കി പരാജിതനാക്കുന്നു. എന്തിനേറെ കൃഷിമാര്‍ഗം ആരുടെയെങ്കിലും വിഴുപ്പലക്കി സാമ്പത്തികനേട്ടങ്ങള്‍ സ്വരൂപിക്കുന്ന പണിയല്ല, മറ്റുള്ളവരുടെ കീശയിലെ സമ്പത്തിന്‍റെ പങ്ക് ചൂഷണം ചെയ്യുന്ന ഭാവനസൃഷ്ടിയുടെ വ്യവഹാരങ്ങളല്ല, ശൂന്യതയില്‍ നിന്നും സമ്പത്തിനെ ആര്‍ജിക്കുന്ന കുരുട്ടുവിദ്യയുമല്ല. മറിച്ച് പരിശ്രമത്തിലൂടെ കൃഷിപ്പണി നിര്‍വ്വഹിച്ച് നശിക്കാതെ വിളവിനെ സംഭരിച്ചു വിപണനത്തിനെത്തിക്കുന്ന അപകടകരമായ സാഹസമാണ്. സ്ഥിരതയില്ലാത്ത ഉത്പാദനം, മണ്ണിന്‍റെയും ജലത്തിന്‍റെയും ശോച്യാവസ്ഥ, മൂല്യശോഷണം, കൃഷിപ്രോത്സാഹനത്തിനും വായ്പയിലും ലഭിക്കാതെ പോകുന്ന സൗഹൃദസഹായസഹകരണങ്ങള്‍, വിപണിയില്‍ നേരിടുന്ന അസന്ദിഗ്ദ്ധാവസ്ഥ, വിത്ത്, വളം, ജോലിക്കാര്‍ എന്നിവയുടെ അഭാവം, ലഭ്യതക്കുള്ള കാലതാമസം ഇവയെല്ലാം ഇന്നത്തെ കാര്‍ഷികപ്രതിസന്ധി സങ്കീര്‍ണമാക്കുന്നു. 
 
രാജഭരണത്തില്‍ ചട്ടവരിയോലശാസനകളില്‍ കര്‍ഷകനു ചാര്‍ത്തിനല്കിയ മാന്യതയുടെ പരിരക്ഷ ജനാധിപത്യക്ഷേമരാഷ്ട്രത്തിന്‍റെ പരിചരണത്തില്‍ അപ്രസക്തമാകുന്നത് എന്തുകൊണ്ട്? ആധുനിക ജനാധിപത്യ സാമ്പത്തികശാസ്ത്രം അസംഘടിത കര്‍ഷകരെ പാടേ അവഗണിക്കുന്നു. കൃഷിയെ നഗ്നപാദരായ കര്‍ഷകരുടെ കര്‍മപാതയില്‍ നിന്നും വേര്‍പെടുത്തി ധനകാര്യവിദഗ്ദ്ധരുടെയും കൃഷിശാസ്ത്രജ്ഞരുടെയും നിയന്ത്രണത്തിലും ധനകാര്യകുത്തകകളുടെ നിയന്ത്രണത്തിലും ആക്കിത്തീര്‍ത്തു.. കൃഷിക്കായി അനവധി ഭരണപരിഷ്കാരങ്ങള്‍, ഗവേഷണങ്ങള്‍, സ്ഥാപനങ്ങള്‍, ഔദ്യോഗികതലഭാരവാഹികള്‍, നിര്‍വാഹകസമിതികള്‍, കൃഷിവികസനവകുപ്പുകള്‍ തുടങ്ങിയവ നിലവിലുണ്ട്. അവയ്ക്ക് അനവധി പദ്ധതി നടത്തിപ്പുകളും ഉണ്ട്. എന്നാല്‍ അവയെല്ലാം മണ്ണിനെയും മണ്ണിലെ പണിസാഹചര്യങ്ങളെയും ഉള്‍ക്കൊള്ളാതെ സ്വപ്നമാര്‍ഗം തേടുന്നു.  ഇവയുടെ സമഗ്രപ്രവര്‍ത്തനം നിഷ്പക്ഷമായി അന്വേഷിച്ചു കാര്‍ഷികപുരോഗതിക്കു ഗുണകരമായ പുനര്‍നിര്‍ണയ നടപടി അനിവാര്യമാണ്. മതിയായ കാര്‍ഷികപ്രാതിനിധ്യമില്ലാതെ രൂപീകൃതമായ ഈ സ്ഥാപനങ്ങള്‍ക്ക് കൃഷിക്കുവേണ്ടി എന്തുചെയ്യാനാകും? 
 
   പ്രതിവിധി സംസര്‍ഗം
 
സമൂഹത്തിലെ കുടുംബകൃഷിയേകുന്ന ഭക്ഷ്യ ആരോഗ്യസ്വരാജിന്‍റെ കരുത്ത് ബുദ്ധിപൂര്‍വ്വം രാജ്യം തിരിച്ചറിയണം. സമൂഹപങ്കാളിത്ത കൃഷി സംരംഭത്തിന്‍റെ വികസനത്തിനുതകുന്ന സംവിധാനങ്ങളും സൗകര്യങ്ങളും പ്രാദേശിക ഭരണകൂടം കണ്ടെത്തി നടപ്പിലാക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും സംസ്ഥാന ദേശീയ തലങ്ങളിലെയും ജൈവനിയന്ത്രണസമിതികളും മറ്റു സ്ഥാപനങ്ങളും കാര്‍ഷികരംഗത്തെ സ്ഥാപനങ്ങള്‍ ജൈവവൈവിധ്യ കലവറ നിലനിര്‍ത്താനുള്ള കരുതലില്‍ പ്രവര്‍ത്തിക്കണം. പുരമുകളിലേക്കും പ്ലാസ്റ്റിക് സഞ്ചികളിലേക്കും മഴമറ ഭവനങ്ങളിലേക്കും കൃഷിരീതികളെക്കാളുപരി വനവത്കരണസഹവാസത്തിന്‍റെ ചുവടുപിടച്ചുള്ള പരമ്പരാഗത പുരയിട കൃഷിക്കു പ്രോത്സാഹനമേകണം. കൃഷിക്കായുള്ള ഭരണവകുപ്പുകളും വിദ്യാഭ്യാസസേവന സ്ഥാപനങ്ങളും കര്‍ഷകസമൂഹത്തിനേകുന്ന സേവനത്തിലൂടെ കൃഷിക്കു സംരംക്ഷണമേകുന്ന തലങ്ങളിലേക്കു വളരണം. 
 
വനാന്തരങ്ങള്‍ കാട്ടിത്തന്ന ബഹുമുഖജൈവശൈലിയില്‍ നിന്നും ഉരുത്തിരിഞ്ഞ ഇതിഹാസചരിത്രങ്ങളും വൃക്ഷായൂര്‍വേദവും കൃഷിരീതിയും എഞ്ചുവടിയും എല്ലാം ഉപാധികളില്ലാതെ ഉള്ളതെല്ലാം വാരിക്കോരിതരുന്ന പ്രകൃതിയുടെ വരദാനങ്ങളുടെ സൗഹൃദകണ്ടെത്തലുകളാണ്. സമൃദ്ധിയായ വര്‍ഷകാലം സംഭരണത്തിനുള്ളതാണ്. ഭൂമി ജലവും വളവും ജൈവാംശങ്ങളുമെല്ലാം സംഭരിക്കുന്നു, ചെടികള്‍ പോഷണങ്ങളും ഔഷധമൂല്യങ്ങളും ഏറ്റുകൊണ്ട് പ്രപഞ്ചത്തിലെ ഇല്ലം നിറക്കുന്ന കര്‍മപാതയില്‍ വളരുന്നു.
 
കടലില്‍ നിന്നും കരയിലേക്കു വീശുന്ന കാറ്റിന്‍റെ ചിറകിലേറിവരുന്ന മേഘങ്ങള്‍ മലകളിലും മരങ്ങളിലും തട്ടി മഴത്തുള്ളികളായി വര്‍ഷിച്ചു നല്‍കുന്ന ജലസമൃദ്ധിയില്‍ ജീവിക്കുന്നവരാണ് നമ്മുടെ കര്‍ഷകസമൂഹം. അനുഭവബോധ്യങ്ങളുടെ മികവില്‍ ഭൂമിയുടെയും കാലാവസ്ഥ സാഹചര്യങ്ങളുടെയും ഘടനകള്‍ വിലയിരുത്തി ക്രമീകരിക്കുന്ന കര്‍ഷകരുടെ ചാതുര്യം മികവുറ്റതാണ്. നെല്‍കൃഷിയില്‍ പിന്‍തുടരുന്ന വിരിപ്പു, മോഡം, മുണ്ടകന്‍, പൊക്കാളി, തീരദേശകൃഷി മാര്‍ഗ്ഗങ്ങള്‍ എല്ലാം സ്ഥായിയായ പാരമ്പര്യ നേട്ടങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. അക്കങ്ങളുടെ കണക്കുകളില്‍ വികസിപ്പിച്ചു നല്‍കുന്ന വ്യവസ്ഥാപിത സാങ്കേതിക വിദ്യാവികാസങ്ങള്‍ പ്രപഞ്ചസുസ്ഥിതിക്കു തീരാശാപമായി ഭവിക്കുന്നു. വികലമായ കാര്‍ഷികവിപ്ളവം പ്രചരിപ്പിക്കുന്ന സാങ്കേതിക പഠനവിഭാഗങ്ങളും കൃഷിപരിപോഷണസ്ഥാപനങ്ങളും ജൈവവൈവിധ്യസമ്പുഷ്ടതയുടെ നമ്മുടെ പാരമ്പര്യധര്‍മശാസ്ത്രം പാടേ തകര്‍ത്തു കൃഷിപ്പണിയെ ദുരിതപൂര്‍ണമാക്കി. 
 
ഭക്ഷ്യആരോഗ്യസ്വരാജിന്‍റെ സുസ്ഥിതിയേകുന്ന അപ്പത്തിനായുള്ള അദ്ധ്വാനത്തിന്‍റെ പാരമ്പര്യതൊഴില്‍ സമൂഹത്തിന്‍റെ ആയൂര്‍ആരോഗ്യത്തിനായി എന്നും നിലനില്‍ക്കണം. വീടുകളിലെ അടുക്കളതോട്ടങ്ങളും കുറുപൂകൃഷികളും കുടുംബകൃഷിയുടെ ഉത്തരവാദിത്വചുമതലയില്‍ തിരിച്ചുവരണം. ഒന്നിനും കണക്കുവയ്ക്കാതെ ഒന്നും പ്രതീക്ഷിക്കാതെ           നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാനായി പരിത്യാഗത്തിന്‍റെ പാരമ്പര്യപിന്തുടര്‍ച്ചയുടെ കൃഷിമാതൃകകളായ പ്രകൃതികൃഷി, ജൈവകൃഷി, സുസ്ഥിരകൃഷി,  മൃദുകൃഷി, ഇടവരി കൃഷി എന്നിങ്ങനെയുള്ള പൈതൃക ആശയങ്ങളുടെ പരിപോഷണത്തിനായുള്ള ഉത്തമസാഹചര്യങ്ങള്‍ സമൂഹത്തില്‍ വളരണം. സമൂഹപങ്കാളിത്തകൃഷി വികസനത്തിനായുള്ള പദ്ധതികള്‍ ധാരാളം ഉണ്ടാകട്ടെ. ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്ന ബഹുമുഖ പങ്കാളിത്തപ്രയോജനങ്ങള്‍ക്കനുസൃതമായ പ്രതിഫലം കാര്‍ഷികരംഗത്തിനു നല്‍കാനുള്ള ആര്‍ജവം സമൂഹത്തില്‍ ഉണ്ടാകണം. ഉപഭോക്താക്കള്‍ക്കു നേരില്‍ ബോധ്യപ്പെട്ടു നട്ടുവളര്‍ത്തി വിളവെടുത്തു ഉല്പന്നങ്ങള്‍ ലഭ്യമാക്കാനുതകും വിധം കൃഷിയെ സമൂഹപങ്കാളിത്വവികസനമായി പറയാന്‍ കഴിയുന്നത് പരമ്പരാഗതകൃഷിമാര്‍ഗമാണ്. അതിനാല്‍ അന്നവിചാരം പുണ്യമാര്‍ഗവും അന്നദാതാവ് പൊന്നുതമ്പുരാനുമാകാനിട വരണം. മലിനീകരണ വസ്തുവകകളും സാഹചര്യങ്ങളും നികുതി വഴി പരിമിതമാക്കി ഉപാധികളില്ലാതെ കാര്‍ഷികതൊഴില്‍ സംസ്കാരം സംശുദ്ധമായി നിലനില്‍ക്കാനിടവരണം. സമൂഹത്തില്‍ കിസാന് അംഗീകാരമഹത്വം നല്കും വിധം രാഷ്ട്രത്തിന്‍റെ സാമ്പത്തിക കണക്കുകളിലെ കൂട്ടിക്കഴിക്കല്‍ തടസ്സങ്ങള്‍ക്കതീതമായി കാര്‍ഷികരംഗത്തെ സംരക്ഷിച്ചു പരിരക്ഷിക്കാനിടവരട്ടെ.

You can share this post!

പൗരോഹിത്യത്തിനുള്ളില്‍ കൂടിക്കലര്‍ന്നുപോയ സന്ന്യാസം

ജിജോ കുര്യൻ
അടുത്ത രചന

ലൂബ്രിക്കന്‍റ്

ഫാ. ഷാജി സി എം ഐ
Related Posts