news-details
ഫ്രാൻസിസ്കൻ വിചാര ധാര

വീണ്ടെടുക്കുക ഫ്രാന്‍സിസിനെ, ക്രൈസ്തവമൂല്യങ്ങളെ

പ്രസക്തി നഷ്ടപ്പെട്ട, സുവിശേഷത്തിന്‍റെ ചൈതന്യത്തിലേക്ക് വിശ്വാസികളെ കൈപിടിച്ചുയര്‍ത്താന്‍ അപര്യാപ്തമായ, അഴിമതി നിറഞ്ഞ, പുരോഹിതമേധാവിത്തത്തിന്‍റെ പിടിയിലമര്‍ന്ന കത്തോലിക്കാസഭയെ എണ്ണൂറൂവര്‍ഷം മുന്‍പ് ഇറ്റലിയിലെ അസ്സീസിയില്‍ നിന്നുള്ള ഒരു മനുഷ്യന്‍ വീണ്ടെടുത്തു. ഫ്രാന്‍സെസ്കോ ദെ ബെര്‍ണദോണ്‍ എന്ന് അവന് പേര്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് എന്ന് അവനെ നാം അഭിസംബോധന ചെയ്യുന്നു.
ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തനായ വിശുദ്ധനാണ് ഫ്രാന്‍സിസ്. നമ്മുടെ മാര്‍പാപ്പായുടെ പ്രചോദനം. പക്ഷേ അവന്‍ തെറ്റായി ധരിക്കപ്പെട്ടവനുമാണ്. 
പാതിവെന്ത ഐതിഹ്യങ്ങള്‍ക്കിടയില്‍ നിന്ന് യഥാര്‍ത്ഥ ഫ്രാന്‍സിസിനെ വീണ്ടെടുക്കുന്നതിന് നാം നമ്മുടെ സാമൂഹിക, ആത്മീയ കാഴ്ചപ്പാടുകളെ ഒന്ന് തുടച്ച് വ്യക്തമാക്കേണ്ടിയിരിക്കുന്നു. 
"സത്യം തീര്‍ച്ചയായും ഭാവനയേക്കാള്‍ വിചിത്രമായിരിക്കും, കാരണം നാം ഭാവനയെ നമ്മുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്നു" വെന്ന് ജി.കെ. ചെസ്റ്റര്‍ട്ടണ്‍ ഒരിക്കല്‍ എഴുതി. അറിയപ്പെടുന്ന ഫ്രാന്‍സിസ് അയഥാര്‍ത്ഥമാണ്. ചരിത്രത്തിലെ ഒരു പക്ഷേ ഏറ്റവും പ്രശസ്തമായ കല്പിതകഥാപാത്രം. കാല്പനിക കഥകളുടെയും പ്രതീകങ്ങളുടെയും സമ്മോഹന സമ്മിശ്രണം. പറവകള്‍ക്കിടയില്‍ ഉപവിഷ്ടനായ, ചെന്നായോട് കുശലം പറയുന്ന ഫ്രാന്‍സിസ്. അത് നമ്മെ യഥാര്‍ത്ഥ ഫ്രാന്‍സിസില്‍ നിന്ന് ഏറെ അകറ്റുന്നു.
സന്മാര്‍ഗ്ഗകഥകളിലെ ശാലീനബിംബങ്ങളോടാണ് നമുക്ക് എപ്പോഴും പഥ്യം. പൂക്കള്‍ ചിരിക്കുന്ന, പക്ഷികള്‍ പാടുന്ന, ഉദ്യാനത്തില്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ സൗമ്യതയാര്‍ന്ന പ്രതിമക്കു സമീപം അല്പനേരം ഇരിക്കാന്‍ ആരാണ് കൊതിക്കാത്തത്!  സരളമാണ് വിശുദ്ധരെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍. അവ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് സ്വയം ഒളിച്ചോടുന്നു. നമ്മുടെ പ്രതീക്ഷകള്‍ നാം വിശുദ്ധരില്‍ ആരോപിക്കുന്നു. ഒരു ചായയ്ക്കുള്ള നമ്മുടെ ക്ഷണം സ്വീകരിച്ചെത്തി സ്വീകരണമുറിയില്‍ ഇരുന്ന് പുറത്ത് പറവകള്‍ നടത്തുന്ന പാട്ടുകച്ചേരിയെക്കുറിച്ച് നമ്മോട് പറയുന്ന, ഒരു പക്ഷേ അതിന്‍റെ അര്‍ത്ഥം വ്യാഖ്യാനിച്ചു തരുന്ന വിശുദ്ധനാവും നമ്മുടെ സങ്കല്പത്തില്‍ ഉണ്ടാവുക. എന്നാല്‍ യഥാര്‍ത്ഥ ഫ്രാന്‍സിസിനെ നിങ്ങള്‍ ചായയ്ക്ക് ക്ഷണിച്ചാല്‍ അവന്‍ ആദ്യം അടുക്കളയിലാവും പ്രത്യക്ഷപ്പെടുക.
വിശുദ്ധനാകുക എന്നത് വിലപിടിപ്പുള്ള ലക്ഷ്യംതന്നെ സംശയമില്ല. എന്നാല്‍ ആത്മജ്ഞാനമായിരുന്നില്ല വിശുദ്ധനായ ഫ്രാന്‍സിസിന്‍റെ സവിശേഷത. സുവിശേഷങ്ങളില്‍ കണ്ടുമുട്ടിയ യേശുവിന്‍റെ വഴി പിന്‍തുടര്‍ന്ന ഫ്രാന്‍സിസിനെ അനുകരിച്ച പില്‍ക്കാല വിശുദ്ധര്‍ വിശുദ്ധിയുടെ പ്രഖ്യാപിത മാര്‍ഗത്തില്‍ സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു.
അല്ലെങ്കില്‍ വഴിപോക്കരോട് ഭക്ഷണമിരന്നു വാങ്ങി അതുമായാകാം അവന്‍ സല്‍ക്കാരത്തിനു വരിക. പുറംമോടിയില്‍ ഭ്രമിക്കാത്തതിനാല്‍ അവന്‍റെ വസ്ത്രം ജീര്‍ണവും മുഷിഞ്ഞതുമായിരിക്കും. അതിഥികള്‍ അവനെ തുറിച്ചുനോക്കും! 
അസ്വസ്ഥമാക്കുന്ന യാഥാര്‍ത്ഥ്യം
1911ല്‍ ഫ്രാന്‍സ് കാഫ്ക ലൂവ്ര് (Lorvre പാരീസിലെ പ്രശസ്തമായ മ്യൂസിയവും ആര്‍ട്ട്ഗ്യാലറിയും) സന്ദര്‍ശിക്കുന്നതിന് പ്രാഗില്‍ നിന്ന് പാരീസിലെത്തി. ലെയനാര്‍ദോ ഡാവിഞ്ചിയുടെ 'മൊണാലിസ'യുടെ സന്ദര്‍ശകനിരയില്‍ അദ്ദേഹം സ്ഥാനം പിടിച്ചു. 'മൊണാലിസ' കാണാനല്ല, അതു പ്രദര്‍ശിപ്പിച്ചിരുന്ന ഭിത്തിയിലെ ശൂന്യസ്ഥലം കാണുവാന്‍. ഒരാഴ്ചമുന്‍പ് മൊണാലിസ മോഷ്ടിക്കപ്പെട്ടിരുന്നു. കാഫ്ക (ആയിരക്കണക്കിന് മറ്റ് സന്ദര്‍ശകരും) അവിടെയെത്തിയത് യഥാര്‍ത്ഥ ചിത്രം കാണാനായിരുന്നില്ല, അത് അവശേഷിപ്പിച്ച പാരമ്പര്യം കാണാനായിരുന്നു. 
നാം പക്ഷേ പാരമ്പര്യത്തെ മറികടന്ന് യഥാര്‍ത്ഥ ഫ്രാന്‍സിസിനെ കണ്ടുമുട്ടേണ്ടിയിരിക്കുന്നു. പ്രചരിക്കുന്ന പ്രതിച്ഛായയിലെ ഫ്രാന്‍സിസിനെക്കാള്‍ അര്‍ത്ഥസമ്പൂര്‍ണവും ഒപ്പം അസ്വസ്ഥമാക്കുന്നതുമായ യഥാര്‍ത്ഥ ഫ്രാന്‍സിസിനെ.
വിശുദ്ധനെന്ന പദം തന്നെ തെററിദ്ധാരണ ജനിപ്പിക്കുന്നു. വിശുദ്ധരെ ബഹുമാനിക്കുന്ന ഞാന്‍ അവരെക്കുറിച്ച് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പക്ഷേ ഒട്ടും അവധാനതയോടെയല്ല ആ പദം നാം ഉപയോഗിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. വിശുദ്ധരെന്നു കേള്‍ക്കുമ്പോഴേക്കും ഭക്തിയെന്ന വികാരമാണ് പലരുടെയും മനസ്സില്‍ ഓടിവരിക. ഭക്തിയാകട്ടെ, പലരുടെയും കണക്കില്‍ പരലോകത്തെ സംബന്ധിച്ച 'സംഗതി'കള്‍ മാത്രവുമാണ്. 
ചരിത്രത്തിലെ ചില വിശുദ്ധര്‍, പ്രത്യേകിച്ച് ഫ്രാന്‍സിസിന്‍റെ കാലത്തിനു ശേഷമുള്ളവര്‍, താരങ്ങളാക്കാന്‍ വേണ്ടി വളര്‍ത്തുന്ന ചില കുട്ടികളെപ്പോലെ വിശുദ്ധരാകാന്‍ ബോധപൂര്‍വ്വം വളര്‍ത്തപ്പെട്ടവരാണ്. മുന്‍കാല വിശുദ്ധരുടെ, പ്രത്യേകിച്ച് ഫ്രാന്‍സിസിന്‍റെ, ചിത്രങ്ങള്‍ പഠിച്ച് അവരുടെ മുഖഭാവവും അംഗചലനങ്ങളും അനുകരിക്കാന്‍ ശ്രമിക്കുന്ന ലിസ്യുവിലെ വിശുദ്ധ തെരേസയെ ഇതെഴുതുമ്പോള്‍ ഞാന്‍ മനസ്സില്‍ കാണുന്നു. 
വിശുദ്ധനാകുക എന്നത് വിലപിടിപ്പുള്ള ലക്ഷ്യംതന്നെ സംശയമില്ല. എന്നാല്‍ ആത്മജ്ഞാനമായിരുന്നില്ല വിശുദ്ധനായ ഫ്രാന്‍സിസിന്‍റെ സവിശേഷത. സുവിശേഷങ്ങളില്‍ കണ്ടുമുട്ടിയ യേശുവിന്‍റെ വഴി പിന്‍തുടര്‍ന്ന ഫ്രാന്‍സിസിനെ അനുകരിച്ച പില്‍ക്കാല വിശുദ്ധര്‍ വിശുദ്ധിയുടെ പ്രഖ്യാപിത മാര്‍ഗത്തില്‍ സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു. ഫ്രാന്‍സിസിന്‍റെ ജീവിതം വിശുദ്ധ വ്യവസായത്തില്‍ ഒരു വഴിത്തിരിവായി. അവന്‍ വിശുദ്ധിയുടെ 'വിഗ്രഹമായി.' പക്ഷേ അവനത് മാനസാന്തരത്തിന്‍റെ പാതയായിരുന്നു. 
ഫ്രാന്‍സിസ് സന്ദേഹിയായിരുന്നു. അവന്‍ സ്വയം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. സ്വന്തം കാലത്ത് സുവിശേഷത്തില്‍ ജീവിക്കുക എന്നതായിരുന്നു അവന്‍റെ പരീക്ഷണം. സ്ഥാപനങ്ങള്‍ക്കും വേദപഠനങ്ങള്‍ക്കും കൂദാശകള്‍ക്കും ഉപരിയായി ക്രൈസ്തവികത ജീവിതശൈലിയാണെന്ന് ഫ്രാന്‍സിസിന്‍റെ ജീവിതം തെളിയിച്ചു. "വരൂ, ഞാന്‍ കാണിച്ചുതരാം" എന്ന് അവന്‍ സഹോദരരോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. 
ആറു മൂല്യങ്ങള്‍
ക്രൈസ്തവരെ സുവിശേഷത്തിലേക്ക് തിരികെയെത്തിച്ച് ഫ്രാന്‍സിസ് സഭയെ നവീകരിച്ചു. ക്രൈസ്തവജീവിതം ആറു മൂല്യങ്ങളില്‍ അവന്‍ ഉറപ്പിച്ചു. അവയില്‍ ചിലത് അവന്‍റെ കാലത്തിന് അപ്പുറത്തേക്ക് കടന്ന അവനെ കാണിച്ചുതരുന്നു. ഒരെണ്ണം നമ്മുടെ കാലത്തെയും മറികടക്കുന്ന ഫ്രാന്‍സിസിനെ വെളിപ്പെടുത്തുന്നു. അവയിലോരോന്നിലും അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെയും ഫ്രാന്‍സിസ് മാര്‍പാപ്പായുടെയും സാദൃശ്യം നാം ദര്‍ശിക്കുന്നു.
800 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഫ്രാന്‍സിസ് പറഞ്ഞതും പ്രവര്‍ത്തിച്ചതും സഭയ്ക്കും വിശ്വാസികള്‍ക്കും വേണ്ടി മാത്രമായിരുന്നില്ല, സകല ജനതകള്‍ക്കും വേണ്ടിയായിരുന്നു. ഇപ്പോഴും അവന്‍ ജനകീയനായിരിക്കുന്നതിന് കാരണവും അതുതന്നെ. 
ഇന്ന് ഫ്രാന്‍സിസ് പാപ്പയെ സംബന്ധിച്ചും അതു സത്യമാകുന്നു. യുക്തിവാദികളും ബുദ്ധിസ്റ്റുകളും വിമതകത്തോലിക്കരും അടങ്ങിയ അപ്രതീക്ഷിതവിഭാഗങ്ങള്‍ അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കുന്ന, ലോകത്തിന് അര്‍ത്ഥവും മൂല്യവും നല്‍കുന്ന വിശ്വാസജീവിതം മുന്നോട്ടുവയ്ക്കുന്ന,  മാര്‍പാപ്പായെ ശ്രദ്ധയോടെ ശ്രവിക്കുന്നു. ഒരു കത്തോലിക്കന് എങ്ങനെ മനോഹരമായി കത്തോലിക്കനായി ജീവിക്കാമെന്ന് അത് കാണുന്ന നാം തിരിച്ചറിയുന്നു. 
ഫ്രാന്‍സിസിന്‍റെ ആത്മീയകാഴ്ചപ്പാടിലെ ആറു പടവുകള്‍ വിശദമായി വിവരിക്കാന്‍ ഇവിടെ സാവകാശമില്ല. അതിനാല്‍ ഞാനവയെ സംഗ്രഹിച്ച് അവതരിപ്പിക്കുന്നു. എന്നാല്‍ ആ മൂല്യങ്ങളിന്മേലുള്ള ധ്യാനം നമ്മുടെ ജീവിതത്തെയും വിശ്വാസത്തെയും അടിമുടി മാറ്റിമറിക്കുന്ന വിപ്ലവാത്മകമായ സമീപനം നമുക്ക് വ്യക്തമാക്കിത്തരും.  
സാര്‍വ്വലൗകിക സഹൃദം
ആദ്യപരിഗണന അര്‍ഹിക്കുന്നില്ലെന്ന് തോന്നാമെങ്കിലും ഫ്രാന്‍സിസിന് സൗഹൃദം പ്രഥമവും പ്രധാനവുമായിരുന്നു. ആത്മസ്ഥൈര്യവും ജ്ഞാനവും സഹാനുഭൂതിയുമാണ് വിശുദ്ധിയുടെ പാരമ്പര്യഗുണങ്ങളായി പ്രഘോഷിക്കപ്പെടുക. ഫ്രാന്‍സിസിന് ആ മൂല്യങ്ങളൊക്കെയുണ്ടായിരുന്നു. ചിലതൊക്കെ അസാധാരണ അളവില്‍തന്നെ. എന്നാലവന്‍റെ പരിഗണനയുടെ പട്ടിക തുടങ്ങുക മറ്റൊന്നിലാണ് - സൗഹൃദത്തില്‍. സത്യവും സ്ഥായിയുമായ സൗഹൃദമായിരുന്നു ഫ്രാന്‍സിസിന്‍റെ വ്യക്തിത്വത്തിന്‍റെ സവിശേഷത. അഗാധമായ ഐക്യദാര്‍ഢ്യമായിരുന്നു അവന്‍റെ വ്യക്തിപ്രഭാവത്തിന്‍റെ അടിസ്ഥാനം. അവന്‍റെ കാലത്തെയും സമൂഹത്തിലെയും മതവര്‍ഗലിംഗവ്യത്യാസങ്ങളെ അവന്‍ സൗഹൃദത്താല്‍ മറികടന്നു. ഐക്യം സാധ്യമാക്കി. അനന്യമായ അഭിവാഞ്ഛകളാലും സ്വഭാവസവിശേഷതകളാലും മാത്രമല്ല അഭൂതപൂര്‍വ്വമായ ഏകതാബോധത്താലും അവന്‍റെ ഉള്ളം എരിഞ്ഞിരുന്നു. 
സര്‍വ്വാശ്ലേഷിയായ സാഹോദര്യം
അവന്‍റെ കാലത്തെ മതമനുഷ്യര്‍ കണ്ട ലോകത്തില്‍നിന്ന് വ്യത്യസ്തമായ ലോകം ഫ്രാന്‍സിസ് കണ്ടു. എല്ലാവരിലും എല്ലാറ്റിലും അവന്‍ ഒരേ ചൈതന്യത്തെ ദര്‍ശിച്ചു. അതിനാല്‍ ആരുടെയും കണ്ണില്‍പെടാത്ത, ആരും പരിഗണിക്കാത്ത, അവമതിക്കപ്പെട്ട മനുഷ്യരെ, അല്പപ്രാണികളെ, അറിയപ്പെടാത്തവയെ അവന്‍ ആദരിച്ചു. തുല്യരായി ഉള്‍ക്കൊണ്ടു. സകലതിനെയും ഉള്‍ക്കൊള്ളുന്ന സമഗ്രദര്‍ശനം, സമ്യക്കായ പ്രപഞ്ചദര്‍ശനം സന്യാസത്തിന്‍റെ സത്തയായി അവന്‍ പരിഭാഷപ്പെടുത്തി. സകലചരാചരങ്ങളും സഹോദരരെന്ന് അവന്‍ പ്രഖ്യാപിച്ചു.   
ദാരിദ്ര്യം
മാനസാന്തരത്തിനും മരണത്തിനുമിടയിലെ രണ്ടു പതിറ്റാണ്ടുകളില്‍ ഫ്രാന്‍സിസിന്‍റെ ആത്മീയ മുന്നേറ്റം കൈവരിച്ച ജനകീയത ക്രൈസ്തവചരിത്രത്തില്‍ അനന്യമായിരുന്നു. സന്യാസത്തിലെ മറ്റ് പരിഷ്കരണങ്ങളും പെട്ടെന്ന് വളര്‍ച്ച പ്രാപിച്ചെങ്കിലും ആദ്യകാല ഫ്രാന്‍സിസ്കന്‍ മുന്നേറ്റത്തിനു സമാനമായിരുന്നില്ല അവയൊന്നും. 
വി. ബെനഡിക്ട് അറയില്‍ ശേഖരിച്ചത് വിശുദ്ധ ഫ്രാന്‍സിസ് വിതച്ചു" എന്ന ജി. കെ.ചെസ്റ്റര്‍ട്ടന്‍റെ പരാമര്‍ശം അര്‍ത്ഥഗര്‍ഭമത്രേ. ഫ്രാന്‍സിസ് ബോധപപൂര്‍വ്വം വിത നിര്‍വ്വഹിക്കുകയായിരുന്നു. സന്ന്യാസപാരമ്പര്യത്തിന്‍റെ ആത്മീയതയും മൂല്യങ്ങളും അവന്‍ എല്ലാ ഇടങ്ങളിലും എല്ലാ തരത്തിലുമുള്ള മനുഷ്യരിലേക്ക് പറിച്ചുനട്ടു. അവന്‍ ദാരിദ്ര്യത്തെ 'മറ്റുള്ളവരുടെ കാര്യം' എന്നതില്‍നിന്ന് സ്വമേധയാ സ്വീകരിച്ച സ്വന്തം കാര്യമാക്കി മാറ്റിത്തീര്‍ത്തു.  ദാരിദ്ര്യം അതിനാല്‍ മാത്രം ഒരു പുണ്യമായി അവന്‍ കരുതിയില്ല. എന്നാല്‍ ഒരു ദരിദ്രന് യേശുവിന്‍റെ സന്ദേശം നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയും എന്നവന്‍ തെളിയിച്ചു. ദാരിദ്ര്യം എന്നത് അവന് ജീവനോപാധികളില്ലാത്ത ജീവിതം മാത്രമായിരുന്നില്ല. അധികാരവും വിജയവും സ്വാധീനവും എന്തിന് അന്തസ് പോലും കൈയൊഴിഞ്ഞുള്ള ജീവിതമായിരുന്നു. ദാരിദ്ര്യത്തില്‍ ജീവിക്കുകയെന്നാല്‍ ഫ്രാന്‍സിസ് ജീവിക്കുന്നതുപോലെ ജീവിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഒന്നായി അങ്ങനെ മാറി. 
ആത്മീയത
ഫ്രാന്‍സിസിന്‍റെ കാലത്ത് സഭക്കുപുറത്ത് ആത്മീയത അന്യമായിരുന്നു. ആത്മീയത പള്ളികളില്‍ ഒതുങ്ങിനിന്നു. ഫ്രാന്‍സിസ് പക്ഷേ എവിടെയുമുള്ള എല്ലാത്തരത്തിലുംപെട്ട സാധാരണ മനുഷ്യര്‍ക്ക് വിശുദ്ധി സാധ്യമെന്ന് കാണിച്ചുകൊടുത്തു. അവന്‍റെ ആത്മീയജീവിതം അവന്‍റെ കാലത്തെ സഭാമേധാവികളുടെ ദൈവശാസ്ത്രപരിജ്ഞാനത്തില്‍ നിന്ന് അവനെ വേര്‍തിരിച്ചുനിര്‍ത്തി. 
കരുതല്‍
മനുഷ്യരോടും മൃഗങ്ങളോടും മാത്രമല്ല സകല ചരാചരങ്ങളോടുമുള്ള ഫ്രാന്‍സിസിന്‍റെ സൗമ്യസമീപനമാണ് അവന്‍റെ കരുതലിന്‍റെ സാരാംശം. അത് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും ജലജീവികളിലേക്കും മാത്രമല്ല പരുക്കന്‍ പാറകൂട്ടങ്ങളിലേക്ക് വരെ നീളുന്നു. എന്തുകൊണ്ട്? അതുവഴി അവന്‍ സമഷ്ടിസ്നേഹത്തിന്‍റെ നിര്‍വൃതി പരിശീലിച്ചു. ചെറിയ കാര്യങ്ങളില്‍ അവനുണ്ടായിരുന്ന ശ്രദ്ധയാണ് അവനെ ഇന്നറിയപ്പെടുന്ന പ്രകൃതിയുടെ വിശുദ്ധനാക്കി മാറ്റിത്തീര്‍ത്തത്. ഇവിടെ അവന്‍ അവന്‍റെ കാലത്തിന് അതീതനായി. 
മരണം
ജീവിതത്തെ മരണവുമായുള്ള ഒളിച്ചുകളിയായി കണ്ട മധ്യകാലമനോഭാവത്തിനു വിരുദ്ധമായി ഫ്രാന്‍സിസ് മരണത്തെ ജീവിതത്തിന്‍റെ അതിപ്രധാന ഘടകമായി ആദരിച്ചു. അവന്‍ മരണത്തെ സഹര്‍ഷം സ്വാഗതം ചെയ്തു. സഭയുടെ പ്രബോധനങ്ങളില്‍ അതിന് മുന്‍മാതൃകകളില്ല. അതിലുപരി ലോകത്തിനാകെ അതു പുതുമയായി. മരണം മനുഷ്യന്‍റെ സഹോദരി! ഇവിടെ ദരിദ്രരില്‍ ദരിദ്രന്‍ നമ്മുടെ കാലത്തിനു മുമ്പേ നടക്കുന്നു.
** **  ** **
ഈ ആറുവഴികളിലൂടെ ഫ്രാന്‍സിസ് ഒരു പുതുവഴി വെട്ടി. ഫ്രാന്‍സിസ് പാപ്പായുടെ കാലത്ത് ക്രൈസ്തവജീവിതത്തിലെ ഇതേ മൂല്യങ്ങള്‍ വീണ്ടെടുപ്പിന് വിധേയമാകുന്നത് യാദൃച്ഛികമല്ല. 
800വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ചൊന്ന മാര്‍ഗങ്ങളിലൂടെ അസ്സീസിയിലെ ഫ്രാന്‍സിസ് ആയിരക്കണക്കിന് അനുയായികളെ നേടി. ഫ്രാന്‍സിസ് പക്ഷേ അസന്തുഷ്ടനായാണ് മരിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. എന്തുകൊണ്ട്? ആദ്യത്തെ ആവേശം വിട്ടൊഴിഞ്ഞപ്പോള്‍ അവന്‍റെ അടുത്ത അനുയായികള്‍പോലും മൗലികമൂല്യങ്ങള്‍ കൈയൊഴിഞ്ഞു. അവര്‍ സാവകാശം മൂല്യങ്ങളില്‍ സന്ധിചെയ്തു തുടങ്ങി. അവ അവര്‍ക്ക് കഠിനമായി അനുഭവപ്പെട്ടു. ആ ആറുമൂല്യങ്ങളില്‍ ജീവിക്കുക 'അപ്രായോഗികമായി.' 1226 ഒക്ടോബറില്‍ ഫ്രാന്‍സിസ് മരിക്കുന്നതിനു മുന്നേതന്നെ ഫ്രാന്‍സിസ്കനിസം വ്യവസ്ഥാപിതത്വത്തിലേക്ക് പലവഴിക്കും പിന്‍വാങ്ങിത്തുടങ്ങിയിരുന്നു. 
ഇന്ന് ഫ്രാന്‍സിസ് പാപ്പാ നമ്മുടെയിടയില്‍ ഫ്രാന്‍സിസിന്‍റെ ചൈതന്യം വീണ്ടെടുക്കുന്നു. "സുവിശേഷത്തിന്‍റെ ആനന്ദം നമ്മില്‍നിന്ന് കവര്‍ന്നെടുക്കപ്പെടാന്‍ അനുവദിക്കരുതെന്ന്" സുവിശേഷത്തിന്‍റെ ആനന്ദത്തില്‍  മാര്‍പാപ്പാ ആഹ്വാനം ചെയ്യുന്നു. 'ആമേന്‍' എന്നു നാം അതിനോട് പ്രതിവചിക്കേണ്ടിയിരിക്കുന്നു. എങ്ങനെ? നാം ചരിത്രത്തിലേക്ക് നോക്കേണ്ടിയിരിക്കുന്നു. എന്തു സംഭവിച്ചുവെന്നറിയാന്‍, മാത്രമല്ല, ചരിത്രത്തിന്‍റെ ഈ ദശാസന്ധിയില്‍ നാം എവിടെ നില്‍ക്കുന്നു എന്ന് തിരിച്ചറിയാന്‍ വേണ്ടി കൂടി. അസ്സീസിയിലെ വി. ഫ്രാന്‍സിസിനെ നമുക്ക് അന്വേഷിച്ചുകൊണ്ടിരിക്കാം. അതുപോലെ 800 വര്‍ഷം മുന്‍പുനടന്ന വിപ്ലവകരമായ പരിണാമം, ഫ്രാന്‍സിസ് പാപ്പായുടെ സഹായത്താലും പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താലും ഇന്നും സാധ്യമാകുമെന്ന് ഉറപ്പിക്കുകയും ചെയ്യാം.
 
മൊഴിമാറ്റം : ടോം മാത്യു

You can share this post!

ശുശ്രൂഷിക്കുന്നവരും ശുശ്രൂഷിക്കപ്പെടുന്നവരും

ടോം മാത്യു
അടുത്ത രചന

വിശ്വസാഹോദര്യത്തിന്‍റെ അന്യാദൃശമായ ഒരു മാനം

ചെറിയാന്‍ പാലൂക്കുന്നേല്‍
Related Posts