news-details
കവർ സ്റ്റോറി

2018ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിലി സന്ദര്‍ശനത്തിനിടയില്‍ നടന്ന ഒരു സംഭവം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തന്‍റെ വാഹനത്തിന് അകമ്പടി സേവിച്ചിരുന്ന ഒരു കുതിരയുടെ പുറത്തു നിന്ന് ഒരു സ്ത്രീ നിലംപതിക്കുന്നു.  അതു   കണ്ടയുടന്‍ പാപ്പാ, തന്‍റെ  വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നു.  അതില്‍ നിന്നിറങ്ങിയ അദ്ദേഹം നിലത്തു വീണ ആ സ്ത്രീയുടെ അടുത്തുചെന്ന് അവളെ ആശ്വസിപ്പിക്കുന്നു, അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ കാഴ്ച  അത്ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. 'അതിശയകരമായ മാതൃക' എന്നാണ് മാര്‍പാപ്പയുടെ ഈ പ്രവൃത്തിയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

ക്രൈസ്തവലോകം പെസഹാക്കാലത്തിലൂടെ കടന്നുപോകുന്ന ദിവസങ്ങളാണ്. ഈശോയുടെ പെസഹാരാത്രിയെക്കുറിച്ചുള്ള വിവരണങ്ങളില്‍  മൂന്നു സുവിശേഷങ്ങളില്‍ മാത്രമാണ് ഈശോ പരിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്ന സംഭവം രേഖ പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ യോഹന്നാന്‍റെ സുവിശേഷത്തിലാകട്ടെ അത്തരം ഒരു സംഭവം ശ്ലീഹാ  സൂചിപ്പിക്കുന്നില്ല. അന്ത്യഅത്താഴ സമയത്ത് പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചു എന്നതിനു പകരമായി,   ആ സമയം ഈശോ എഴുന്നേറ്റു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്‍റെ വിവരണമാണ് യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  തന്‍റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയ ഗുരു അവരോടു പറയുന്ന വാക്കുകള്‍ ഇപ്രകാരമാണ്: "ഞാന്‍ ചെയ്തതുപോലെ നിങ്ങള്‍ ചെയ്യേണ്ടതിനു ഞാന്‍  നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു" എന്ന്.

അന്നത്തെ കാലത്തെ  സാമൂഹിക വ്യവസ്ഥിതിയെ തകിടംമറിക്കുന്ന വിപ്ലവാത്മകമായ ഒരു ചുവടാണ് ഈശോയുടെ ഈ കാലുകഴുകല്‍ ശുശ്രൂഷ. അപരന്‍റെ കാലു കഴുകുന്നത് വെറും അടിമയുടെ ജോലിയായിരുന്ന ആ കാലഘട്ടത്തില്‍ തന്‍റെ  ശിഷ്യന്മാരുടെ കാലു കഴുകിക്കൊണ്ട് ഈശോ കാണിച്ചുതന്ന എളിമയുടെ മാതൃക അനുകരണീയമാണ്. നമ്മുടെ അനുദിനജീവിതത്തിലെ പൊതു രീതികളുമായി തട്ടിച്ചുനോക്കുമ്പോഴും ഈശോ ചെയ്തകാര്യം അത്ര എളുപ്പമല്ലെന്നു മനസ്സിലാകും. ഏതു കാലത്തും സമൂഹത്തിന് അതിന്‍റേതായ ചില ചട്ടക്കൂടുകള്‍ ഉണ്ട്.  എഴുതിവച്ചിട്ടില്ലെങ്കില്‍ കൂടി ഇവിടെ ആര് എന്തെല്ലാം ചെയ്യണം എന്നതിനു  കൃത്യമായ പൊതു മനോഭാവവും ജീവിതക്രമവുമുണ്ട്. അത്തരമൊരു പൊതുബോധത്തിന്  വിപരീതമാണ് ഈശോയുടെ ഈ മാതൃക.  അത്തരം ചില എതിര്‍ജീവിത ശൈലികള്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും നമുക്കു ചിലപ്പോള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടായേക്കാം. ഭാര്യയുടെ വസ്ത്രം അലക്കിക്കൊടുക്കുന്ന ഭര്‍ത്താവ്, വിദ്യാര്‍ഥിയുടെ ചോറ്റുപാത്രം കഴുകിക്കൊടുക്കുന്ന അധ്യാപകന്‍, അനിയനുമുമ്പില്‍ കളിയില്‍ തോറ്റുകൊടുക്കുന്ന ചേട്ടന്‍, ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ റെക്കോര്‍ഡ് ബുക്ക് എഴുതിക്കൊടുക്കുന്ന സീനിയര്‍ വിദ്യാര്‍ത്ഥി, കോണ്‍സ്റ്റബിളിന്‍റെ മുന്നില്‍ സല്യൂട്ട് ചെയ്യുന്ന എസ്. ഐ., ശുശ്രൂഷിയുടെ ഭക്ഷണപാത്രം കഴുകിക്കൊടുക്കുന്ന വികാരിയച്ചന്‍, ആശംസ പറയുന്നവനുവേണ്ടി  മുന്‍നിരയില്‍  സീറ്റ് ഒഴിഞ്ഞു കൊടുക്കുന്ന  യോഗഅധ്യക്ഷന്‍, സെക്രട്ടറിക്കു വേണ്ടി കാറു തുറന്നുകൊടുക്കുന്ന മെത്രാനച്ചന്‍ ഇങ്ങനെയുള്ള ചില  ചെയ്തികള്‍ ഈ കാലത്തും  നമ്മുടെ ലോകത്ത് തീര്‍ത്തും അസ്വാഭാവികമായി തന്നെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ എക്കാലത്തെയും  സാമൂഹികതലങ്ങളെ അപ്പാടെ തകിടം മറിച്ചുകൊണ്ടാണ് ഈശോയുടെ ഈ 'കാലുകഴുകല്‍' എന്ന മാതൃക എന്നതു നിശ്ചയമാണ്...

 

ഈശോയുടെ ജീവിതത്തിന്‍റെ ഒരു പ്രത്യേകത അവന്‍ എന്തു പഠിപ്പിച്ചുവോ അവന്‍ അതു ജീവിതത്തിലൂടെ കാണിച്ചുതന്നു എന്നതാണ്. (He did what he said.) താന്‍ ചെയ്തതുപോലെ ചെയ്യുവാനാണ് ഈശോ പലപ്പോഴും ശിഷ്യന്മാരോട് ആവശ്യപ്പെടുന്നതും. 'ഞാന്‍ സ്നേഹിച്ചതുപോലെ നിങ്ങള്‍ പരസ്പരം സ്നേഹിക്കുക,' 'ഞാന്‍ കാലുകഴുകി, ഇതുപോലെ നിങ്ങള്‍ പരസ്പരം കാലുകഴുകുക,' 'ഞാന്‍ പ്രാര്‍ത്ഥിച്ചതുപോലെ നിങ്ങളും പ്രാര്‍ത്ഥിക്കുക' എന്നൊക്കെ പലപ്പോഴായി ഈശോ ശിഷ്യന്മാരെ ഓര്‍മ്മപ്പെടുത്തിയിരുന്നു. കാരണം അവന്‍റെ ജീവിതംതന്നെയായിയുന്നു ഏവര്‍ക്കും മാതൃക.

 

മാതൃകകള്‍ നഷ്ടപ്പെട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുക. മദര്‍ തെരേസയുടെ മരണവിവരം അറിഞ്ഞു ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: "ലോകത്തിനു ചൂണ്ടിക്കാണിക്കാന്‍ നമുക്കൊരു  മാതൃക നഷ്ടപ്പെട്ടിരിക്കുന്നു" എന്നാണ്. "എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം" എന്നു പറഞ്ഞ നമ്മുടെ രാഷ്ട്രപിതാവിനെപ്പോലുള്ള  ചില വ്യക്തികള്‍  ഈ ലോകത്ത് അന്യംനിന്നു പോകുന്നു എന്നുള്ളതാണ് ഇക്കാലത്തെ വലിയ സങ്കടം.

നമുക്കു മുന്നില്‍ വെളിച്ചമായി ഉണ്ടായിരുന്ന ചില പ്രകാശഗോപുരങ്ങള്‍ അകന്നു പോകുന്നതും  ചില നക്ഷത്രങ്ങള്‍ കെട്ടുപോകുന്നതും ഏറെ  വിഷമത്തോടെ നമുക്കു നോക്കിനില്‍ക്കാനേ കഴിയുന്നുള്ളു. ഉപദേശങ്ങള്‍ നല്‍കാനാണ് ആളുകള്‍ക്ക് ഇവിടെ എളുപ്പം. പക്ഷേ മാതൃകയാകാന്‍ ആര്‍ക്കും ഇവിടെ വലിയ താല്‍പര്യം ഇല്ല.

പഴയ മുത്തശ്ശിക്കഥ പോലെയാണ് കാര്യങ്ങള്‍ പലപ്പോഴും. പിറകോട്ട് നടക്കുന്ന തന്‍റെ കുഞ്ഞിനോട് നേരെ മുന്നോട്ട് നടക്കാന്‍ പറയുന്ന അമ്മ ഞണ്ട്. എന്നാല്‍ 'അമ്മയൊന്നു നടന്നു കാണിക്ക്' എന്ന് കുഞ്ഞുഞണ്ടിന്‍റെ ആവശ്യം.  അമ്മയാകട്ടെ എത്ര ശ്രമിച്ചിട്ടും നേരെ മുന്നോട്ട് നടക്കാന്‍ സാധിക്കാത്ത വിധം കുഴങ്ങിപ്പോകുന്നു. അതോടെ തന്‍റെ പറച്ചിലും അമ്മ ഞണ്ട് അവസാനിപ്പിക്കുന്നു. എന്നു വച്ചാല്‍ വെറും വാചക കസര്‍ത്തിനെക്കാളും ഉപദേശങ്ങളെക്കാളും ഉപരി പ്രവൃത്തിപഥത്തില്‍ മാതൃകകള്‍ ആകാന്‍  പലര്‍ക്കും കഴിയുന്നില്ല എന്നു ചുരുക്കം.

മാതാപിതാക്കള്‍ മക്കള്‍ക്കു മുന്നില്‍ മാതൃകയാകണം, അധ്യാപകര്‍ കുട്ടികള്‍ക്ക് മുമ്പില്‍ മാതൃകയാകണം, വികാരിയച്ചന്‍ ഇടവക ജനത്തിനു മുന്നില്‍ മാതൃകയാകണം. അതത്ര എളുപ്പമുള്ള കാര്യമല്ല. ബൈബിളില്‍ ജെറമിയയുടെ പുസ്തക ത്തില്‍ 35-ാം അധ്യായത്തില്‍ വിവരിക്കുന്ന ഒരു സംഭവം ഉണ്ട്. പ്രവാചകന്‍റെ അടുത്ത് ദൈവമായ കര്‍ത്താവ് 'റക്കാബ്യര്‍' എന്നു പറയുന്ന ജനതയെ തന്‍റെ ആലയത്തിലേക്ക് ഭക്ഷണത്തിനു  വിളിക്കുവാനും പുതുവീഞ്ഞു നല്‍കുവാനും ആവശ്യപ്പെടുന്നു.  പ്രവാചകന്‍ അവരെ  സ്വീകരിച്ചു വിരുന്നു നല്കുന്നുണ്ടെങ്കിലും ആ ജനത അവരുടെ  പിതാവായ യോനാദാബിന്‍റെ നിര്‍ദേശം അനുസരിച്ച്, വീഞ്ഞു കുടിക്കാന്‍ തയ്യാറായില്ല. തങ്ങളുടെ പിതാവിന്‍റെ മാതൃക തങ്ങളും പിന്തുടരുന്നു എന്നു ള്ളതാണ് അതിന് അവര്‍ നല്‍കിയ വിശദീകരണം. അതില്‍ തൃപ്തനായ യഹോവയാകട്ടെ തന്‍റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നതില്‍ നിന്നും റക്കാബ്യരുടെ സന്തതികള്‍ അറ്റുപോകില്ല എന്നു പറഞ്ഞുകൊണ്ടാണ് അവരെ അനുഗ്രഹിക്കുന്നത്. എന്നുപറഞ്ഞാല്‍ നന്മയുള്ള ചില മാതൃകകള്‍ നമുക്ക് അനുകരണീയമാണ് അതിനു ദൈവത്തില്‍ നിന്നുള്ള പ്രതിഫലം വളരെ വലുതാണ്.

ഈ നോമ്പുകാലം നമ്മള്‍ പഠിപ്പിക്കുന്ന ഒരു പാഠം  കുറച്ചുകൂടി മറ്റുള്ളവര്‍ക്ക് മാതൃകയാവുക എന്നുള്ളതാണ്. വാക്കില്‍, പ്രവൃത്തിയില്‍, ജീവിതത്തില്‍, നിശ്ശബ്ദതയില്‍, ക്ഷമയില്‍, സ്നേഹത്തില്‍ നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകകള്‍ ആയിത്തീരണം.

ക്രിസ്തുവും  ബുദ്ധനും ഗാന്ധിയും മാത്രമല്ല    മറ്റുള്ളവര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ള ചില നക്ഷത്രങ്ങളായി നീയും ഞാനുമൊക്കെ മാറണം. അത്തരം  ചില സാധ്യതകളിലേക്കാണു ക്രിസ്തു നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. അവന്‍ വെറുതെ പറയുക മാത്രമല്ല, ജീവിതംകൊണ്ട് അതു കാണിച്ചുതരുകയും ചെയ്തു. കാരണം അവനറിയാം ഉപദേശങ്ങളല്ല, മാതൃകകളാണ് നമുക്കിന്നാവശ്യമെന്ന്...

You can share this post!

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts