news-details
മറ്റുലേഖനങ്ങൾ

ഭാഷ മാറുകയാണ്!

ഭാഷകള്‍ മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തില്‍, മതത്തില്‍, മാധ്യമങ്ങളില്‍... എല്ലാം ഭാഷ വ്യത്യസ്തമായിരിക്കുന്നു. ഭാഷ ഇപ്പോള്‍ കൂട്ടിയിണക്കുന്ന ഘടകം അല്ലാതാകുന്നു. അധികാരികളും അനുയായികളും വിഭജനത്തിന്‍റെ ഭാഷയാണ് സംസാരിക്കുന്നത്. ഉള്‍ക്കൊള്ളലിന്‍റെ ഭാഷ ഒരിടത്തും കേള്‍ക്കാതായിരിക്കുന്നു. പുറന്തള്ളലിന്‍റെ ഭാഷയാണ് ഏവരും ഉച്ചരിക്കുന്നത്. അപരത്വത്തെ സൃഷ്ടിക്കുന്നതാണ് ഭാഷയുടെ പുതിയ രീതി. രാഷ്ട്രീയം തന്നെ അപരത്വത്തെ സൃഷ്ടിക്കുകയെന്നതായി മാറിയിരിക്കുന്നു.

ചിലരെ സമൂഹത്തില്‍ നിന്ന്, രാജ്യത്തുനിന്ന് പുറന്തള്ളുന്നതിനെപ്പറ്റിയാണ് നേതാക്കള്‍ സംസാരിക്കുന്നത്. ജാതിയും മതവുമെല്ലാം വേലിക്കെട്ടുകളുടെ ഭാഷ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. 'ഏവരും ഒന്നിച്ചു മുന്നോട്ടുപോകണമെന്ന്' ആരും പറയാത്തതെന്തുകൊണ്ട്? 'അവരും' 'നമ്മളും' എന്ന വിഭജനം രാഷ്ട്രീയത്തില്‍ വിജയമന്ത്രമാകുന്നു. 'അന്യന്‍ നരകമാണ്' എന്ന കാഴ്ചപ്പാട് ഇത്ര ശക്തമായ കാലം നമുക്കിടയില്‍ ഉണ്ടായിട്ടില്ല. 'മനുഷ്യന്‍റെ സ്വരം സംഗീതംപോലെ ശ്രവിക്കുന്ന കാലം' സ്വപ്നം കണ്ട നാളുകള്‍ അന്യമായിരിക്കുന്നു. പൊളിക്കലിന്‍റെയും തകര്‍ക്കലിന്‍റെയും കൈയ്യേറലിന്‍റെയും കര്‍മ്മങ്ങള്‍ ഭാഷയില്‍ നിന്നാണ് ആരംഭിക്കുന്നത്. ചേര്‍ത്തുനിര്‍ത്തുന്നതല്ല, തള്ളിമാറ്റുന്നതാണ് ഇന്നിന്‍റെ രീതി. വിശ്വാസം, മതം, ഭക്ഷണം, ജാതി ഏതും വിഭജിക്കാനുള്ള കാരണമാകുന്നു. ഭാഷയും ഹിംസാത്മകമാകുന്നു. ദൈവനാമം ഉച്ചരിച്ചുകൊണ്ട് ഹിംസ ചെയ്യുന്നവന്‍ കാരുണ്യത്തിന്‍റെ മൂര്‍ത്തികളെ അക്രമത്തിന്‍റെ മൂര്‍ത്തികളാക്കുന്നു. അലറിവിളിക്കുന്ന അസത്യവാക്യങ്ങള്‍ക്കിടയില്‍ സത്യത്തിന്‍റെ നേര്‍ത്ത ശബ്ദങ്ങള്‍ വീണുടയുന്നു.

 

സത്യാനന്തരകാലത്ത് ഭാഷ അസത്യത്തിന്‍റെ വാഹനമാകുന്നു. സത്യത്തിനുപകരം നുണകളും അര്‍ദ്ധസത്യങ്ങളും അരങ്ങുവാഴുന്നു. സത്യവും അസത്യവും വേഷം മാറുമ്പോള്‍ ഭാഷയിലും കലക്കമുണ്ടാകുന്നു. അപരനെ ശത്രുവാക്കുന്നതില്‍ ഭാഷയും നിര്‍ണ്ണായക പങ്കുവഹിക്കുന്നു. 'നീ സഹോദരനെ കൊല്ലരുത്' എന്നല്ല 'അവനെ ക്രൂശിക്കുക' എന്ന ശബ്ദമാണ് മുഴങ്ങികേള്‍ക്കുന്നത്.

 

'എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം' എന്ന കവിവാക്യം അന്വര്‍ത്ഥമാകുന്ന കാലം സത്യാനന്തരകാലമായി വേഷം മാറുന്നു. ബോധപൂര്‍വ്വമാണ് അസത്യത്തിനു സത്യത്തിന്‍റെ വേഷം നല്‍കുന്നത്. ഖലീല്‍ ജിബ്രാന്‍റെ കഥയില്‍ പറയുന്നതുപോലെ അസത്യം സത്യത്തിന്‍റെ വേഷത്തില്‍ എവിടെയും കടന്നുകയറുന്നു.

ചരിത്രത്തെ മിത്തുകളുടെയും നുണകളുടെയും സമാഹാരമായി കാണുമ്പോള്‍ എല്ലാം തകിടം മറിയുന്നു. അപനിര്‍മ്മിക്കപ്പെട്ട ചരിത്രം സത്യത്തെ മാറ്റിനിര്‍ത്തുന്നു. നായകന്മാര്‍ നീചന്മാരും വില്ലന്മാര്‍ നായകന്മാരുമായി മാറുന്നു. ഏതാണു ശരി എന്നറിയാതെ സാമാന്യജനങ്ങളുടെ മനസ്സ് കലങ്ങുന്നു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ഭാഷയെ ഇത്തരത്തില്‍ അപനിര്‍മ്മിക്കുന്നത്. ഗീബല്‍സിയന്‍ തന്ത്രമെന്നതുപോലെ നുണകള്‍, അര്‍ദ്ധസത്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. തിരിച്ചറിവു നഷ്ടപ്പെട്ട സമൂഹം ആട്ടിന്‍പറ്റങ്ങളായി മാറുന്നു. അവര്‍ തലയുയര്‍ത്തി നോക്കുന്നില്ല.

മാധ്യമങ്ങള്‍ പരത്തുന്ന അസത്യങ്ങളിലും ഭാഷയാണ് മലിനമാകുന്നത്. വാര്‍ത്താ ചാനലുകളില്‍ നിറയുന്ന ചര്‍ച്ചകള്‍ എത്ര ഭീകരമായ സാംസ്കാരികമായ അധഃപതനമാണ് ഉണ്ടാക്കുന്നത്. സംവാദവും സംഭാഷണവും എങ്ങും കാണാനില്ല. പരസ്പരം ചീത്തവിളികളും കല്ലേറുകളും വെല്ലുവിളികളും നിറയുന്ന ചര്‍ച്ചകളില്‍ ഭാഷ ഹിംസാത്മകമാകുന്നു. മനുഷ്യര്‍ തമ്മില്‍ തുറന്നു സംഭാഷണം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ ഭാഷയും സംസ്കാരവും വിഷമയമാകും. പകയുടെ കത്തികള്‍ ഒളിപ്പിച്ചുവച്ച വാക്കുകള്‍ നനവില്ലാത്ത ലോകത്തെയാണ് സൃഷ്ടിക്കുക. ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി എന്ന ആധിപത്യസ്വരം എല്ലാ ചര്‍ച്ചകളിലും നിറയുന്നു. മാധ്യമപ്രവര്‍ത്തകരും സത്യത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. അധികാരത്തോടു ചോദ്യം ചോദിക്കാന്‍, രാജാവ് നഗ്നനാണ് എന്നു പറയാനുള്ള ധൈര്യം ആര്‍ക്കുമില്ലാതായിരിക്കുന്നു. റേറ്റിംഗിനുവേണ്ടി അസത്യത്തെ വേഷം കെട്ടിച്ച് എഴുന്നള്ളിക്കുകയാണ് മുഖ്യധാരാമാധ്യമങ്ങള്‍ ചെയ്യുന്നത്.

ഭാഷയെ വീണ്ടെടുക്കുകയാണ് ഇതിന് പരിഹാരം. ഭാഷയില്‍ നിന്ന് ഹിംസയെ ഇല്ലാതാക്കുക. നനവുള്ള, സംവാദത്തിന്‍റെ, ചേര്‍ത്തുപിടിക്കലിന്‍റെ ഭാഷ കണ്ടെത്തിയില്ലെങ്കില്‍ ബാബേല്‍പോലെ നമ്മുടെ സമൂഹം ശിഥിലമാകും. അപരനെക്കൂടി പരിഗണിക്കുന്ന, പാരസ്പര്യത്തിന്‍റെ ഭാഷ തിരിച്ചെടുക്കണം ഭാവി വെളിച്ചമുള്ളതാകാന്‍, അതാവശ്യമാണ്. മാധ്യമകാലഘട്ടത്തിന്‍റെ ഇരുട്ടിലേക്ക് സമൂഹത്തെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരോട് കലഹിക്കാന്‍ സ്നേഹത്തിന്‍റെ, കരുതലിന്‍റെ ഭാഷ ഉപയോഗിക്കുന്നവര്‍ ശക്തിനേടണം. 'സത്തയുടെ ഭവനമാണ് ഭാഷ' എങ്കില്‍ നാം നമ്മുടെ യഥാര്‍ത്ഥ സത്ത വീണ്ടെടുക്കണം. ഭാഷ മലിനമായാല്‍, കലങ്ങിയാല്‍ സമൂഹം ഹിംസാത്മകമാകും എന്ന് തിരിച്ചറിയണം.

You can share this post!

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts