news-details
മറ്റുലേഖനങ്ങൾ

'ഒരുവേള പഴക്കമേറിയാല്‍...'

ഈശ്വരനെ യുദ്ധത്തില്‍ തോല്പ്പിച്ചിട്ടാണെങ്കിലും വേണ്ടില്ലാ ഈ നരകത്തില്‍ നിന്ന് ഒന്നു രക്ഷപ്പെടണമെന്നു വിചാരിക്കുന്ന ഒരു കഥാപാത്രത്തെ 'പാരഡൈസ് ലോസ്റ്റ്' എന്ന കൃതിയില്‍ മില്‍ട്ടണ്‍ അവതരിപ്പിച്ചിട്ടുണ്ട്. നരകത്തിലെത്തണമെന്ന് ഒട്ടും മോഹിച്ചതല്ലെങ്കിലും അയാളവിടെയകപ്പെട്ടു പോയിയെന്നു മാത്രം. നരകത്തിലാണെങ്കിലും അവിടെയും മൊളോക്കനെയാശ്വസിപ്പിക്കുവാനൊരാളുണ്ടായിരുന്നു. അവിടം തീരെ നരകമല്ല എന്ന് മൊളോക്കിനും തോന്നി. ബിലിയല്‍ എന്ന കഥാപാത്രമാണ് മൊളോക്കിനെ ആശ്വസിപ്പിക്കുന്നത്. നരകത്തില്‍ നല്ല അനുഭവജ്ഞാനമുള്ളയാളായിരുന്നു ബിലിയന്‍. അതുകൊണ്ടയാള്‍ ഇങ്ങനെ ആശ്വസിപ്പിച്ചു. കാലക്രമേണ നരകവും ശീലമാകും. ഈ ഇരുട്ട് വെളിച്ചമാകും. ഈ വേദന നിത്യപരിചിതമായിരുന്നതുകൊണ്ട് ശ്രദ്ധിക്കപ്പെടാത്ത ഒരു സാധാരണാനുഭവമാകും..!

ഇവിടെ പൊരുത്തപ്പെടല്‍ എന്നൊരു വിഷയമുദിക്കുന്നു. എന്തുമായും പൊരുത്തപ്പെടുകയെന്നത് ചിലര്‍ക്കാവും ചിലര്‍ക്കാവില്ല. ഏതെടുത്താലും പത്തുപൈസ എന്ന പരസ്യവുമായി സാധനങ്ങള്‍ വില്‍ക്കുന്നവരെ പണ്ടൊക്കെ കാണാനുണ്ടായിരുന്നു. കാലപ്രവാഹത്തില്‍പ്പെട്ട് പത്തുപൈസയും പത്തുപൈസാക്കാരുമൊക്കെ എവിടെയോ മറഞ്ഞു. 'ഞാന്‍ വളരുകയല്ലേ മമ്മി' എന്നു ചോദിക്കുന്ന കുട്ടിയെപ്പോലെ നമ്മളും വളരുകയല്ലേ. അതുകൊണ്ടാണല്ലോ മിക്ക സാധനങ്ങളും ഇന്ന് ഫ്രീയായി ലഭിക്കുന്നത്. ഏതെടുത്താലും പത്തുപൈസായെന്നു പറയുന്നതുപോലെ ഏതു നരകത്തെയും സ്വന്തം ശീലമാക്കി മാറ്റുന്നവരുടെയെണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. "ഒരുവേള പഴക്കമേറിയാലിരുളും മെല്ലെ വെളിച്ചമായ് വരാം" എന്ന ആശാന്‍റെ ആശയം എല്ലാവരുമുള്‍ക്കൊണ്ടിരിക്കുന്നു. വായന കുറയുന്നു ആരുമൊന്നും ഉള്‍ക്കൊള്ളുന്നില്ല എന്നൊക്കെ വെറുതെ ശത്രുരാജ്യങ്ങളാണ് പ്രചരണം നടത്തുന്നത്.

ഏതു നരകവുമായും പൊരുത്തപ്പെടാനാണ് നമ്മള്‍ തീരുമാനിക്കുന്നതെങ്കില്‍ പിന്നെന്തിനാണ് വെറുതെ സ്വര്‍ഗ്ഗത്തെക്കുറിച്ചൊരു സങ്കല്പം മനസ്സില്‍ കൊണ്ടുനടക്കുന്നത്. കുറെക്കഴിയുമ്പോള്‍ നരകവും നമ്മുടെയൊരു ശീലമാവുകയല്ലേ. അപ്പോള്‍ സ്വര്‍ഗത്തിലെത്താനുള്ള എളുപ്പവഴി നരകത്തിലെത്തുക എകതാകുന്നു. എല്ലാവരും സ്വര്‍ഗത്തിലെത്തിയെന്നൊരു പ്രചരണം നിലനില്‍ക്കുമ്പോള്‍ ജാതി, മതം, ധനം തുടങ്ങിയവയൊന്നും വിലക്കുകളുമായെത്തുകയുമില്ല. ആര്‍ക്കും പ്രവേശിക്കാവുന്ന ഒരിടം. ഇവിടമാദ്ധ്യാത്മ വിദ്യാലയം എന്ന് ശ്മശാനത്തെക്കുറിച്ചു പറയുന്നതുപോലെ. അവിടേയ്ക്കാകുമ്പോള്‍ തയ്യാറെടുപ്പുകളൊന്നും വേണ്ട. രാവിലെയങ്ങുപോയാല്‍ മതി. അങ്ങോട്ടുള്ള വഴിയും ആരുടെയോ ഫണ്ടില്‍നിന്നും ലഭിച്ചതുകൊണ്ട് വളരെനല്ലതുപോലെ നന്നാക്കിയിട്ടുണ്ടെന്നുമാണ് വാര്‍ത്ത.

സ്വര്‍ഗ്ഗത്തിലെത്തണമെങ്കില്‍ ഇതൊന്നും പോരാ, അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്നിങ്ങനെയുള്ള വിലക്കുകളുടെ കുന്തമുനകള്‍ക്കു നടുവില്‍ക്കൂടി വളരെയിടുങ്ങിയ വഴിയെവേണം സഞ്ചരിക്കുവാന്‍ എന്നാണ് അറിവുള്ളവര്‍ പറയുന്നത്. അത്ര കഷ്ടപ്പാടാണെങ്കില്‍ ആ യാത്ര ഒഴിവാക്കുന്നതാണു ബുദ്ധി എന്നു വിചാരിക്കുന്നവരുടെ എണ്ണം വളരെ വര്‍ദ്ധിക്കുന്നത് വെറുതെയല്ല. നരകവുമായും നിത്യസമ്പര്‍ക്കം കൊണ്ട് പൊരുത്തപ്പെടാമെന്ന ഗുണപാഠം എവിടെ നിന്നോ എല്ലാവരും പഠിച്ചുകഴിഞ്ഞു.

ആ പൊരുത്തപ്പെടലിന്‍റെയും ശീലമാക്കലിന്‍റെയും പരിശീലനക്കളരികളാക്കി നമ്മള്‍ നമ്മുടെ പ്രസ്ഥാനങ്ങളെയൊക്കെ മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഏതിനോടും പൊരുത്തപ്പെടുകയെന്ന എളുപ്പവഴിയേ ക്രിയചെയ്യല്‍ എന്നേ നമ്മളാരംഭിച്ചു. ആയിരംകോടിയുടെയോ രണ്ടായിരംകോടിയുടെയോ ഒക്കെ അവമതിയില്‍ ഒരു ഭരണാധികാരി മുഴുകിയിരിക്കുന്നു എന്നു കേട്ടാലും ആ വിവരം പത്രത്തില്‍ വായിച്ചാലും അതിനെയൊക്കെയവഗണിക്കുവാന്‍ നമുക്കു സാധിക്കുന്നത് അതുകൊണ്ടാണ്.

ജീവിതത്തെ അനായാസേന കൊണ്ടുനടക്കുവാന്‍ സാധിക്കുന്നത് ഏതുമായും പൊരുത്തപ്പെട്ടു പോകുവാന്‍ സാധിക്കുമ്പോഴാണെന്ന് ചാനലുകള്‍ പറയുന്നു. അത്തരമൊരവസ്ഥയില്‍ 'കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന പാട്ടിനൊരു പ്രസക്തിയില്ലാതാകും എന്നല്ലാതെ മറ്റൊരു ദോഷവുമുണ്ടാകില്ലെന്നാണ് വിദഗ്ദ്ധസമിതിയുടെ അഭിപ്രായം. അങ്ങനെ നരകമൊരു ശീലമായിക്കഴിയുമ്പോള്‍ നമുക്ക് വന്നുചേരുന്ന സാമ്പത്തികലാഭവും വളരെ വലുതായിരിക്കുമെന്ന് ധനകാര്യവകുപ്പ് പറയുന്നു. ആരാധനാലയങ്ങള്‍ക്കായും ആരാധനകള്‍ക്കായും വിദ്യാഭ്യാസത്തിനായുമൊക്കെ ചെലവഴിച്ചുകൊണ്ടിരിക്കുന്ന തുകയും നമുക്കു ലാഭിക്കാം. പ്രതിരോധച്ചെലവുകള്‍ ഒന്നും വേണ്ടിവരില്ല. അയല്‍രാജ്യം ഇങ്ങോട്ടു കടന്നുവന്നാലെന്താ അവരുമായങ്ങു പൊരുത്തപ്പെട്ടേക്കണം.

അടിമത്തവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞവരാണല്ലോ, സ്വതന്ത്രരാവുന്നു എന്നു കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞത്. ഏതു യജമാനന്‍ വന്നാലും താന്‍ ആ യജമാനന്‍റെ കഴുത എന്നു പറഞ്ഞ് അയല്‍രാജ്യത്തിന്‍റെയാക്രമണത്തെ ചെറുക്കാതിരുന്ന ഒരു കഴുതയെ പഞ്ചതന്ത്രകഥയില്‍ കാണാം.

എന്തുചെയ്യാം എന്തുമായും ഏതുമായും പൊരുത്തപ്പെടാന്‍ കൂട്ടാക്കാതിരുന്ന കുറെ കുസൃതികള്‍ ഈ ലോകത്തു ജനിച്ചുപോയി. ദൈവങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്നവരെ അവര്‍ ശകാരിക്കും. ധനവാന്മാര്‍ക്കെതിരെ അവര്‍ ശബ്ദിക്കും. അടിമകളുടെ വിമോചനത്തിനായി അവര്‍ പ്രവര്‍ത്തിക്കും. അവര്‍ അസ്വാതന്ത്ര്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കാതെ സ്വാതന്ത്ര്യം തങ്ങളുടെ ജന്മാവകാശമാണെന്നു പ്രഖ്യാപിക്കും. കൊട്ടാരങ്ങളിലെ സുഖഭോഗങ്ങളെ ശീലത്തിന്‍റെ ഭാഗമാക്കി മാറ്റാതെ അവര്‍ തെരുവിലെ ദരിദ്രരെക്കുറിച്ചും രോഗികളെക്കുറിച്ചും ചിന്തിക്കും. അവര്‍ക്കായി കൊട്ടാരമുപേക്ഷിക്കും.

നമ്മുടെ വര്‍ത്തമാനകാലജീവിതത്തിലേക്കു വന്നാലോ? വര്‍ഗ്ഗീയത ഒരു ശീലമാക്കാത്ത വലിയൊരു വിഭാഗം ജനം ഇവിടെയുണ്ടായിരുന്നു. വര്‍ഗ്ഗീയതയ്ക്കെതിരെ അസഹ്യത പുലര്‍ത്തിയവര്‍ പോലും ഇന്ന് അത്തരം പ്രസ്ഥാനങ്ങളുമായി പൊരുത്തപ്പെട്ടു നില്‍ക്കുകയും അതുതന്നെ മഹാകാര്യം എന്നു കരുതുകയും ചെയ്യുന്നു. നരകവാസം ഒരു ശീലമാക്കുക വഴി നമ്മള്‍ നമ്മുടെ പ്രൗഢമായ ചിന്താപദ്ധതികളില്‍ നിന്ന് ബഹുദൂരം അകന്നിരിക്കുന്നു. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിഷയമേതെന്ന തിരിച്ചറിവ് അനാവശ്യമായിരിക്കുന്നു.

കൗരവപക്ഷത്തു നിന്നിരുന്ന കണ്ണനോട് പാണ്ഡവപക്ഷത്തേയ്ക്ക് പോകണമെന്ന് ഭീഷ്മര്‍ നിര്‍ദ്ദേശിച്ചു. എന്തു കേട്ടാലും പ്രതികരിക്കുക എന്നൊരു സ്വഭാവദൂഷ്യം കര്‍ണ്ണനുണ്ടായിരുന്നു. പലതും നഷ്ടപ്പെടുവാനുള്ളവര്‍ക്കാണല്ലോ പ്രതികരിക്കുവാന്‍ വയ്യാത്തത്. ഭീഷ്മരെന്തുകൊണ്ട് പാണ്ഡവപക്ഷത്തു നിന്നില്ല എന്നൊരു മറുചോദ്യം കര്‍ണ്ണനില്‍ നിന്നുണ്ടായി. അര്‍ത്ഥബന്ധനം കൊണ്ട് തനിക്കു ദുര്യോധനന്‍റെ കൂടെ നില്‍ക്കേണ്ടി വന്നു എന്നായിരുന്നു ഭീഷ്മരുടെ മറുപടി. തന്നെ ദുര്യോധനനോട് ചേര്‍ത്തുനിര്‍ത്തുന്നത് സ്നേഹബന്ധനമാണെന്നായിരുന്നു കര്‍ണ്ണന്‍റെ മറുപടി.

ഈശ്വരനോടാണെങ്കില്‍പോലും ഏറ്റുമുട്ടണമെന്നും നരകത്തില്‍ നിന്നും രക്ഷപെടണമെന്നും കരുതിയ മോളോക്കിനെപ്പോലെയായാല്‍ വലിയ നഷ്ടം സംഭവിക്കുമെന്ന തിരിച്ചറിവ് ഇന്നു നമ്മളെ പല ബന്ധനങ്ങളിലും വീഴ്ത്തിയിരിക്കുന്നു. ചിലതിനോടൊക്കെയകന്നു നിന്നെങ്കിലേ സ്വത്വം സൂക്ഷിക്കാന്‍ സാധിക്കൂ എന്ന പാഠം ഇന്നു നമുക്കാവശ്യമില്ലാത്തതായിരിക്കുന്നു. ഭൗതികസുഖങ്ങള്‍ക്കുവേണ്ടി മാത്രം തന്‍റെ ആത്മാവിനെ പണയപ്പെടുത്തിക്കൊണ്ട് ചെകുത്താനുവേണ്ടി ബന്ധം സ്ഥാപിച്ച ഡോ. ഫൗസ്റ്റിന്‍റെ പ്രായോഗികതയാണ് ഇന്നാവശ്യം എന്നു നമ്മള്‍ കരുതുന്നു. ഏതുമായും പൊരുത്തപ്പെടുക വഴി നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന ധന്യതകളെ ഇനിയെന്നാണ് തിരികെ ലഭിക്കുക.

You can share this post!

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts