news-details
സഞ്ചാരിയുടെ നാൾ വഴി
   ഒടുവിലത്തേതെന്നു പറയരുത്. ഒരു കിളി കൂടി ചിലയ്ക്കാനുണ്ട്. ഒരു പൂ കൂടി വിരിയാനുണ്ട്. ആടുകള്‍ക്കിനിയും ഇടയനുണ്ട്. പാപികള്‍ക്കിനിയും വചനമുണ്ട്. അവന് ഇനിയും അത്താഴമുണ്ട്. വളരെ ചെറിയ പ്രായത്തില്‍ വായിച്ച ഒരു കവിതയാണ്. ആരാണ് എഴുതിയതെന്നുപോലും മറന്നുപോയി. എന്നിട്ടും ആ കവിത നല്‍കിയ ഊര്‍ജ്ജം വളരെ കൂടുതലായിരുന്നു. വിശേഷിച്ച് ഒടുവിലത്തെ വരി. അവനിനിയും അത്താഴമുണ്ട്! അവസാനത്തെ അത്താഴമെന്നൊക്കെയാണ് ക്രിസ്തുവിന്‍റെ അന്ത്യഅത്താഴമേശയെ പറയുക. ആരെങ്കിലും വിചാരിക്കുന്നുണ്ടോ അതാണ് അവന്‍ വിളമ്പിയ ഒടുവിലത്തെ അത്താഴമെന്ന്! എല്ലാ പ്രഭാതങ്ങളിലും ആ വിരുന്നുമേശയില്‍ നാം പങ്കുചേരുന്നുണ്ട്. ഒന്നും അവസാനത്തേതല്ല. എന്തെങ്കിലുമൊക്കെ ഇനിയും ആരംഭിക്കാനുണ്ട്. ഓരോ ഘട്ടം കഴിഞ്ഞു പോകുമ്പോഴും പ്രതീക്ഷയാണ് മാനവരാശിയുടെ ഊര്‍ജ്ജമായ നിലനില്‍ക്കുന്നത്. ഏറ്റവും നന്നായി മനുഷ്യാവസ്ഥയെ സംഗ്രഹിച്ചിരിക്കുന്നത് പൗലോസാണ്. വിശ്വാസം, പ്രത്യാശ, സ്നേഹം (13:13) ഈ മൂന്നു കാര്യങ്ങളിലാണ് മനുഷ്യജീവിതം നിലനിന്നുപോകുന്നതെന്നു പറയുമ്പോള്‍... ഏതാണ് ശ്രേഷ്ഠം? സ്നേഹമാണ് സര്‍വ്വോത്കൃഷ്ടം. അതുപറഞ്ഞാണ് ആ അദ്ധ്യായം അവസാനിപ്പിക്കുന്നത്. പ്രതീക്ഷ സ്വയം നിലനില്‍ക്കുന്ന ഒന്നല്ല. മറ്റു രണ്ടു കാര്യങ്ങള്‍ക്കകത്തു നിന്നുണ്ടാകുന്നതാണ്. വര്‍ഷങ്ങളിങ്ങനെ കൊഴിഞ്ഞുപോകുമ്പോള്‍ അവശേഷിക്കുന്നത് സ്നേഹത്തിലും വിശ്വാസത്തിലും പ്രതീക്ഷയിലും തളിര്‍ത്ത അനുഭവങ്ങളായിരിക്കും. ഇവയെ ഒരു മെറ്റഫര്‍ ആയി സങ്കല്പിച്ചു നോക്കൂ. വൃക്ഷരൂപകം വിശ്വാസം നിശ്ചയമായും വേരുകളാണ്. ഓരോ ദിവസം കഴിയുന്തോറും അതിന്‍റെ വേരുകള്‍ ആഴത്തിലേക്കു പോയിക്കൊണ്ടിരിക്കും. നീര്‍പ്രവാഹങ്ങളെത്തേടി അതു പിന്നെയും ദൃഢതയുള്ളതായി മാറും. അതിന്‍റെ ചില്ലകള്‍ സ്നേഹശാഖകളാണ്. സ്നേഹമെന്നു പറയുന്നതുതന്നെ ഉള്ളില്‍ നാം കൊണ്ടുനടക്കുന്ന പച്ചപ്പിന്‍റെ പേരാണ്. അതില്‍നിന്നുണ്ടാകുന്ന പൂവിന്‍റെയോ പഴത്തിന്‍റെയോ ഒക്കെ പേരാണ് പ്രതീക്ഷ. കഴിഞ്ഞ ദശകങ്ങളില്‍ ഇവിടുന്ന് കടന്നുപോയ ഇടപ്പിള്ളി രാഘവന്‍പിള എന്ന കവിയുടെ ഓര്‍മ്മകള്‍... എന്തുമാത്രം സാധ്യതകള്‍ ഉണ്ടായിരുന്ന ഒരു മനുഷ്യനാണ്! ദാര്‍ശനിക പ്രപഞ്ചം സൃഷ്ടിച്ചെടുത്ത കവി. ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ മനുഷ്യന്‍ നേരത്തെ കളിമതിയാക്കി പിന്‍വാങ്ങുമ്പോള്‍ പത്രമോഫീസില്‍ എത്തിച്ച കുറിപ്പില്‍ ജീവിതത്തിനര്‍ത്ഥം തരുന്ന മൂന്നു കാര്യങ്ങളെക്കുറിച്ചുള്ള സൂചനയുണ്ട്. സ്നേഹിക്കാനും ആശിക്കാനും പ്രവര്‍ത്തിക്കാനും എന്തെങ്കിലും ഉണ്ടായിരിക്കുന്നതിനെക്കുറിച്ച്. ഇതു മൂന്നുമില്ലാത്ത മനുഷ്യന്‍ ജീവിച്ചതുകൊണ്ട് കാര്യമില്ലെന്നു സൂചിപ്പിച്ചുകൊണ്ടാണ് തന്‍റെ ഭരതവാക്യം കുറിക്കുന്നത്. ഖലീല്‍ ജിബ്രാന്‍ എഴുതിയ ചെറിയ കഥ ഓര്‍ത്തെടുക്കുക. കുടുംബത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യന്‍. ഏറെക്കാലമായി അയാള്‍ വീടുകണ്ടിട്ട്. ഓരോ നിമിഷവും ഉറുമ്പുകള്‍ ധാന്യമണി ശേഖരിച്ചുവക്കുന്ന കണക്ക് ഓരോന്നു ശേഖരിച്ച് ഒരു ദിവസം അയാള്‍ വീട്ടിലേയ്ക്കു പോകുന്നു. വഴിയില്‍ ഒരു നദിയുണ്ട്. അപകടങ്ങള്‍ പതിയിരിക്കുന്ന നദിയാണത്. കടത്തുകാരന്‍ അതിനെക്കുറിച്ച് പറയുന്നുമുണ്ട്. ഒരിക്കല്‍പോലും താന്‍ നീന്തിയിട്ടില്ലെന്ന് അയാള്‍ നിസ്സഹായനായി. അപ്രതീക്ഷതമായ ചുഴികളുള്ള നദി. പ്രതീക്ഷിച്ചതുപോലെ ഒരു ചുഴിയില്‍ അകപ്പെട്ട് തോണി മറിഞ്ഞു കരയിലേക്ക് നീന്തിയടുക്കുമ്പോള്‍ കടത്തുകാരന്‍ ആകുലപ്പെട്ടത് ഈ മനുഷ്യനെ ഓര്‍ത്താണ്. എന്തുമാത്രം കിനാക്കളുമായി വീടണയാന്‍ കൊതിച്ച അയാള്‍ക്കു എന്തുപറ്റിയിട്ടുണ്ടാകും? എന്നാല്‍ കടത്തുകാരനെ തെല്ല് അത്ഭുതപ്പെടുത്തിക്കൊണ്ടും അമര്‍ഷപ്പെടുത്തിക്കൊണ്ടും നീന്തലറിയില്ല എന്നു പറഞ്ഞ ആ മനുഷ്യന്‍ കരയില്‍ നില്‍ക്കുന്നു! സത്യമായും അയാള്‍ക്കു നീന്തലറിയില്ലായിരുന്നു. മുങ്ങിത്തുടങ്ങിയ തന്‍റെ ചുമലില്‍ കുടുംബത്തിന്‍റെ സ്നേഹവും വിശ്വാസവും അയാള്‍ അറിയുന്നു... അടിച്ചും തുടിച്ചും എങ്ങനെയോ അയാള്‍ നീന്തുന്നു. ഒരിക്കല്‍ക്കൂടി എന്നെ ഈ പുഴയില്‍ എറിയുക. ഈയക്കട്ട കണക്ക് താന്‍ താഴ്ന്നുപോകും. പ്രതീക്ഷ...സ്വപ്നങ്ങള്‍... നാളെയിലേക്ക് മാനവരാശി അടുക്കുന്നത് ഈ വഴികളിലൂടെയാണ്.
   വേദപുസ്തകത്തിനുള്ളില്‍ നിന്ന് പ്രതീക്ഷ എന്ന കാര്യം മൈനസ് ചെയ്താല്‍ ഒന്നുമില്ല. ഓരോ അധ്യായത്തിനകത്തും ദുരന്തങ്ങളുണ്ട്. തലകുനിച്ചുനിക്കേണ്ടവിധം പാപഭാരമുണ്ട്. ലജ്ജിതമായ നിമിഷങ്ങള്‍ ഉണ്ട്. തോറ്റുതുന്നംപാടിയ കഥകളുണ്ട്. തകര്‍ന്ന ദേവാലയങ്ങള്‍ ഉണ്ട്. പ്രവാസകാലമുണ്ട്. എന്നിട്ടും ഓരോ അധ്യായത്തിനകത്തും ഒരു അന്തര്‍ധാരയായി പ്രതീക്ഷയുണ്ട്. ഉല്പത്തിമുതല്‍ വെളിപാടുവരെ പറുദീസയില്‍നിന്നു പുറന്തള്ളപ്പെടുമ്പോഴും പ്രളയം എല്ലാം കീഴടക്കുമ്പോഴും പ്രതീക്ഷയുടെ പുസ്തകം തുറക്കപ്പെടുന്നു. ദൈവം ഒരു ഉടമ്പടി ഉണ്ടാക്കുകയാണ്. ചക്രവാളത്തില്‍ അതെഴുതി വയ്ക്കുന്നു. മഴവില്ലാണ് ആ ഉടമ്പടി. ദൈവം മാനവരാശിയോട് ചെയ്ത ഉടമ്പടി... ആകാശത്തു ചാലിച്ച വര്‍ണ്ണങ്ങള്‍ തെളിയുന്ന ഒരധ്യായത്തിലാണ് പ്രളയത്തിന്‍റെ കഥ അവസാനിക്കുന്നത്. എന്തുമാത്രം കൊടിയ അനുഭവങ്ങളിലൂടെ പോകുമ്പോഴും എന്തോ ഒന്ന് ആശിക്കാനുണ്ട്.
മരണത്തിനുപോലും പരിഹാരമുണ്ടെന്നു പറയുന്ന പുസ്തകമാണ് സുവിശേഷം. ബൈസിക്കിള്‍ തീവ്സ് എന്ന ചലച്ചിത്രംപോലെ... കൊടിയ ദാരിദ്ര്യത്തിലും ലജ്ജയിലും ആ കഥാപാത്രം മകനോട് പറയുന്നുണ്ട്. എല്ലാത്തിനും പരിഹാരമുണ്ട്. മരണത്തിനൊഴികെ. ആത്മഹത്യ ചെയ്യാന്‍ തയ്യാറല്ല എന്ന സൂചന. കരിങ്കല്‍ ക്വാറികളില്‍ തടവിനു വിധിക്കപ്പെട്ട വൃദ്ധന്‍, യോഹന്നാന്‍, ക്ലേശകരമായ ജോലി ചെയ്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ യോഹന്നാന്‍ കാണുന്നത് പുതിയ ആകാശവും പുതിയ ഭൂമിയുമാണ്... ഇതിനെക്കാള്‍ പ്രതീക്ഷ തരുന്ന എന്തുണ്ട്? അനുദിന ജീവിതത്തിന്‍റെ ലാവണ്യം ഭൂമിയെ കാണിച്ചുകൊടുത്തുകൊണ്ട് ക്രിസ്തു പറയുന്നുണ്ട് ദൈവരാജ്യം നിങ്ങളുടെ ഇടയാണ്. അതിനുവേണ്ടി ഉപയോഗിക്കുന്ന പ്രതീകങ്ങളില്‍ പുതിയ കാലത്തിന്‍റെ തളിര്‍പ്പുകളുണ്ട്. വിത്ത്. സുഷിപ്തിയിലുളള സുകൃതത്തിന്‍റെ പേരാണിത്. നനവുള്ള ഒരിടത്തുവീണാല്‍ നിശത്യമായും അതിനു മുളപൊട്ടും. ചിലിയില്‍ ഒരു മരുഭൂമിയുണ്ട്. വര്‍ഷങ്ങളായി അവിടെ മഴപെയ്തിട്ടില്ല. നോക്കെത്താദൂരത്തോളം മണല്‍പ്പരപ്പുകള്‍ മാത്രം. ഒരു ദിവസം അവിടെ മഴപെയ്യുന്നു. അതിനുശേഷം ആ മരുഭൂമി ഒരു വിസ്മമായി. മണ്ണ് മറയുമാറ് നിറയെ പൂക്കളാണ്. ഒരു മരുഭൂമി പൂപ്പാടമായി മാറുന്ന പ്രക്രിയ. പുതുവര്‍ഷത്തിലേയ്ക്കുള്ള പ്രയാണം ഇതുതന്നെയാകാം. ഒ.ഹെന്‍റിയുടെ കഥയുണ്ട്. രോഗിണിയായ ഒരു പെണ്‍കുട്ടി പുറത്തെ വൃക്ഷത്തിന്‍റെ ഇലകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്. അവസാനത്തെ ഇലകൊഴിയുന്ന ദിവസം താന്‍ മരിച്ചുപോകുമെന്ന് എങ്ങനെയോ അവള്‍ക്കൊരു സങ്കല്പമുണ്ടായി. ഓരോ ദിവസവും പ്രഭാതത്തില്‍ അവള്‍ നോക്കും അങ്ങനെ ഒരില മാത്രമാകുന്ന ദിവസം എത്തും. അവള്‍ കൂട്ടുകാരിയോടു പറയും നാളെ ഈ ഇലയും കാണില്ല. എനിക്ക് ജീവിക്കാന്‍ മറ്റൊന്നുമില്ല. രാത്രി മുഴുവന്‍ ഭീകരമായ കാറ്റും മഴയും ആയിരുന്നു. ഈ ഇല രാത്രിമഴയില്‍ നിശ്ചയമായും വീണുപോയിരിക്കുമെന്ന് അവള്‍ വിചാരിക്കുന്നുണ്ട്. പിറ്റേന്ന് അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരി നില്പുണ്ട്.

ഒരു കാറ്റിനും മഴയ്ക്കും നശിപ്പിക്കാനാകാത്ത വിധത്തില്‍. അതവളുടെ സൗഖ്യത്തിന്‍റെ ഗതിയെ വേഗത്തിലാക്കി. കുറെ ചിത്രകാരന്മാര്‍ വസിക്കുന്ന തെരുവാണത്. അതിനകത്ത് ഒരു വയോധികനായ ചിത്രകാരന്‍ ഉണ്ട്. കാര്യമായി ഒന്നും ചെയ്യാത്ത എന്നെങ്കിലും ഒരിക്കല്‍ താന്‍ ഒരു ചിത്രം വരയ്ക്കും എന്നു പറഞ്ഞു നടക്കുന്ന ഒരു മനുഷ്യന്‍. അയാള്‍ കടുത്ത ന്യുമോണിയ കൊണ്ടു മരിച്ചു. ആ കോരിച്ചൊരിയുന്ന മഴയില്‍ അയാള്‍ തന്‍റെ മാസ്റ്റര്‍പീസ് വരയ്ക്കുകയായിരുന്നു. ഒരു ഏണിവച്ച് ആ വൃക്ഷത്തിന്‍റെ ഒരു പച്ചില വരച്ചു. അയാള്‍ ആ ചിത്രമാണ് ഒടുവിലത്തെ ഇല... ഇത്തരം ചില മനുഷ്യരുണ്ട്. ഭൂമിയുടെ പ്രതീക്ഷയെ നിലനിര്‍ത്താന്‍ തങ്ങളുടെ സമത്തെ വ്യയം ചെയ്യുന്നവര്‍... ജീവിതം വിട്ടുകൊടുക്കുന്നവര്‍... അപരന്‍റെ പ്രതീക്ഷകളിലേയ്ക്ക് മഴവില്ല് വിടര്‍ത്തുന്നവര്‍... ഒരിലയെങ്കിലും വരയ്ക്കാതെ എങ്ങനെ കടന്നുപോകും? വിശ്വാസവും സ്നേഹവും കൂടിയാണ് പ്രത്യാശയെന്ന പൂവിനു സുഗന്ധം കൊടുക്കുന്നത്. ദൈവമേ! ഭൂമി കുറേക്കൂടി സ്വപ്നം കാണുന്നവരുടെ ഇടമാകട്ടെ.

You can share this post!

താവളമില്ലാത്തവര്‍

ബോബി ജോസ് കപ്പുച്ചിന്‍
അടുത്ത രചന

പ്രത്യാശ

ബോബി ജോസ് കട്ടികാട്
Related Posts