news-details
കവർ സ്റ്റോറി

വസന്തം വിരിയും ചിത്തം - തുടർച്ച

മരുന്നുപയോഗം ഇല്ലാതെതന്നെ മാനസികരോഗങ്ങള്‍ക്ക് സ്വാഭാവികമായ ശമനം ഉണ്ടാകാറുണ്ടോ?
 
ചില വ്യക്തികളില്‍ മാനസികരോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സ്വയം ശമനത്തിലേക്ക് നീങ്ങാറുണ്ട്. എങ്കിലും എല്ലാവര്‍ക്കും ഇപ്രകാരമുള്ള ഒരു സ്വാഭാവിക ശമനം ലഭിക്കണമെന്നില്ല. അതിനാല്‍ത്തന്നെ എത്രയും നേരത്തെയുള്ള വിദഗ്ദ്ധപരിചരണം ഇപ്രകാരമുള്ളവര്‍ക്കു ഗുണം ചെയ്യും എന്നതില്‍ യാതൊരു സംശയവും ഇല്ല. ശരിയായ മരുന്ന് ശരിയായ അളവില്‍ ശരിയായ സമയത്ത് ഉപയോഗിക്കുക എന്നതാണ് പ്രധാനം.
 
കണക്കുകള്‍ പറയുമ്പോള്‍ സമൂഹത്തിന്‍റെ ഏതാണ്ട് മുപ്പതുശതമാനം പേരും ഏതെങ്കിലുമൊക്കെ രീതികളില്‍ മാനസികാരോഗ്യപ്രശ്നങ്ങളില്‍ പെടുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ മറ്റ് എഴുപതുശതമാനം പേരും ഏതെങ്കിലും രീതിയില്‍ ഈ മുപ്പതുശതമാനവുമായി ബന്ധപ്പെട്ടവര്‍ കൂടിയാണ്.  ഇപ്രകാരമുള്ള ഒരു സമൂഹത്തില്‍ ഞാന്‍, എന്‍റെ കുടുംബം മാനസികാരോഗ്യപ്രശ്നങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നവരാണെന്ന് എങ്ങനെ പറയാനാവും?
 
തീര്‍ച്ചയായും നമുക്കിതു പറയാന്‍ പറ്റില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ചില വ്യക്തികള്‍ അവരുടെ കുടുംബമഹിമകള്‍ക്കൊപ്പം മാനസികാരോഗ്യമേഖലകള്‍ ഒക്കെ തികച്ചും തൃപ്തികരമാണെന്ന്. പറയുമ്പോള്‍ അതില്‍ അതിശയോക്തിയുണ്ട്. 
 
ഏറിയും കുറഞ്ഞും സമൂഹത്തിന്‍റെ മുഖ്യധാരയില്‍തന്നെ ഈ പ്രതിസന്ധിയുള്ളപ്പോള്‍ ഞാന്‍ പരിപൂര്‍ണനാണെന്ന് എങ്ങനെയാണ് ഒരാള്‍ക്ക് പറയാന്‍ കഴിയുക? ദൈനംദിന കാര്യങ്ങള്‍  അടുക്കോടും ചിട്ടയോടും കൂടി ചെയ്യുന്ന നിരവധി രോഗികള്‍ എനിക്കുണ്ട്. മരുന്നിന്‍റെയും കൂടെയുള്ളവരുടെയും പിന്‍തുണയാല്‍ സാധാരണജീവിതം നയിക്കുന്ന ഉദ്യോഗസ്ഥര്‍ മുതല്‍ സമൂഹത്തിന്‍റെ വിവിധ ശ്രേണിയിലും മേഖലകളിലും ഉള്ളവര്‍ ഇന്ന് നിരവധിയാണ്. Schizophrenia രോഗികളില്‍ ഒരു എഴുപതുശതമാനവും നല്ലരീതിയില്‍ ചികിത്സാരീതികളോട് പ്രതികരിക്കുന്നുണ്ട്. 
 
ചില വ്യക്തികളില്‍ psychotic delusion പലപ്പോഴും ഒരു കൃത്യമായ മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കാറുണ്ട്. ഉദാഹരണത്തിന് ഒരാളെ അലട്ടുന്നത് ഒരേയൊരു പ്രശ്നം മാത്രമായിരിക്കും. മറ്റുള്ള കാര്യങ്ങളില്‍ പൂര്‍ണമായും സാധാരണനിലയിലുള്ള പ്രതികരണങ്ങളാവും ഉണ്ടാകുക.  'പേടികിട്ടുക', 'ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന അതിസമ്മര്‍ദ്ദം കൊണ്ട് രൂപപ്പെട്ടതാണ്'. ഇത്തരത്തിലുള്ള മാനസികാരോഗ്യ തകരാറുകള്‍ ഉണ്ടാകാറുണ്ടോ?
 
ഉദാഹരണത്തിന് ഒരു വ്യക്തി വന്നുപറയുന്നു, "ഡോക്ടര്‍ അവള്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരു പാറ്റ രാത്രി ദേഹത്തു ചാടിയതു കണ്ട് പേടിച്ചതാണ്, അല്ലെങ്കില്‍ സ്കൂളില്‍ വച്ച് ഒരു ടീച്ചര്‍ അകാരണമായും അമിതമായും ശാസിച്ചപ്പോള്‍ സംഭവിച്ച താളപ്പിഴയാണ്". എന്നാല്‍ ഈ പറഞ്ഞതൊക്കെയും ഇവരുടെയുള്ളില്‍ രൂഢമൂലമായിരുന്ന മാനസികപ്രശ്നത്തിന്‍റെ വിത്തിനെ മുളപൊട്ടാന്‍ സഹായിച്ച ചില ഘടകങ്ങള്‍ മാത്രമാണ് എന്നതാണ് പ്രധാനം. വഴക്കു കേള്‍ക്കുന്ന എല്ലാവര്‍ക്കും ഈ പ്രശ്നം ഉണ്ടാകുന്നില്ല. പേടിക്കുന്ന എല്ലാവരും ഇങ്ങനെ മാനസികാരോഗ്യപ്രതിസന്ധിയിലേക്ക് എത്താറില്ല.
 
രോഗിയെ കണ്ടുമുട്ടുമ്പോള്‍തന്നെ മരുന്നെഴുതുന്നു, എന്ന് ചിലര്‍ പരാതി പറയാറുണ്ട്. അത് എന്തുകൊണ്ടാണ്.
 
ഇത് തികച്ചും ആപേക്ഷികമായ ഒരു കാര്യമാണ്. ഓരോ മെഡിക്കല്‍ പ്രാക്ടീഷണര്‍ക്കും ചികിത്സകനും അവരുടെ ശൈലികളുണ്ടാവാം. എന്നാല്‍ 'രോഗനിര്‍ണയം' വളരെ സുപ്രധാന  കാര്യമാണ്. ചിലര്‍ കുറഞ്ഞ സമയംകൊണ്ട് രോഗനിര്‍ണയത്തില്‍ എത്താം. ചിലര്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് രോഗനിര്‍ണയത്തിലേക്ക് കടക്കുക. ഒരു ഡോക്ടറുടെ അടുത്ത് ആളുകൂടുന്നതു കൊണ്ട് അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ട ഡോക്ടര്‍ ആകണമെന്നില്ല. ഇതു ചിലപ്പോള്‍ പരീക്ഷിച്ചു വിജയിച്ച ഒരു 'ഫോര്‍മുല' യുടെ  ഉപയോഗം ആവാം. ഏതായാലും  ഒരു രോഗനിര്‍ണയം നിശ്ചയമായും രോഗിയോട് പങ്കുവെയ്ക്കപ്പെടേണ്ടതാണ്, കാര്യകാരണസഹിതം. എന്നാല്‍ രോഗിയുടെ ആരോഗ്യനില പരിഗണിച്ചു വേണം അത് വെളിപ്പെടുത്താന്‍ എന്നാണ് എന്‍റെ അഭിപ്രായം.
 
ഈ കാലഘട്ടത്തില്‍ സാമാന്യം എല്ലാ രോഗികളും തങ്ങളുടെ രോഗത്തിന്‍റെയും മരുന്നിന്‍റെയും വിശദാംശങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുക സ്വാഭാവികമാണ്. അത് ഞാന്‍ തടയാറില്ല, എങ്കിലും അവര്‍ തിരയേണ്ട ആധികാരികമായ ചില വെബ്സൈറ്റുകള്‍ ഞാനവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാറുണ്ട്. അല്ലെങ്കില്‍ ചില തെറ്റായ ധാരണകളിലേക്ക് ഈ തിരച്ചില്‍ ഒരു രോഗിയെ കൊണ്ടെത്തിക്കും.
 
ചിലര്‍ Anti Psychatric movement ല്‍  വളരെ അധികമായി ഇടപെട്ടു കാണാറുണ്ട്. അതായത് മാനസികപ്രശ്നങ്ങള്‍ക്ക് മരുന്ന് ഒരിക്കലും ഒരു പരിഹാരമല്ലായെന്നു പറയുന്നവര്‍. അതിനെ എങ്ങനെയാണ് താങ്കള്‍ നിരീക്ഷിക്കുന്നത്.
 
മാനസസികാരോഗ്യരംഗത്ത് സമഗ്രമായ ചികിത്സാരീതികള്‍ അനിവാര്യമാണെന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. ഏതെങ്കിലും ഒരു രീതി മാത്രമാണ് ശരിയെന്നു പറയുമ്പോള്‍ അതൊരു മൗലികവാദം (Fundamentalism)ആയി മാറുന്നു. ഇതൊരു ശരിയായ നടപടിയല്ല. എല്ലാ സിസ്റ്റങ്ങള്‍ക്കും അവയുടെ ബലഹീനതകളും മെച്ചങ്ങളും ഉണ്ട്. 
 
ഇന്ന് ആത്മീയതയുടെ മറവില്‍ മനുഷ്യനെ വളരെയധികം ഭയപ്പെടുത്തി മനപരിവര്‍ത്തനം വരുത്തുന്ന ശൈലി സാധാരണക്കാരില്‍ അനാരോഗ്യകരമായ മാനസിക പ്രതിസന്ധികള്‍ സൃഷ്ടിക്കാറില്ലേ.
 
'ധ്യാനം' എന്നത് ഇന്ന് കേരളത്തില്‍ വളരെ സെന്‍സിറ്റീവായ ഒരു സംഗതിയായാണ് നടക്കുന്നത്. ടീനേജിലൊക്കെ മകന്‍/മകള്‍ നന്നായിക്കോട്ടെയെന്നു വിചാരിച്ച് പലപ്പോഴും ധ്യാനങ്ങളിലേക്ക് തള്ളിവിടാറുണ്ട്. ഒരു Psychotic episodes ന്‍റെ വരമ്പത്ത് നില്ക്കുന്ന ചില വ്യക്തികളാവും ഇത്. രോഗത്തെ രോഗമായി കാണാനും ആത്മീയതയെ ആത്മീയതയായി കാണാനുമുള്ള വിവേകം നമുക്കുണ്ടായാല്‍ മതി. ഒപ്പം എന്‍റെ വിശ്വാസരീതികളാകണമെന്നില്ല മറ്റൊരാളുടേത്. ആ വിശ്വാസരീതികളിലൂടെ തന്നെ സൗഖ്യത്തിന്‍റെ മേഖലകളിലേക്ക് എത്താനും പറ്റും. അതിനാല്‍ എന്‍റെ ബോധ്യങ്ങള്‍ മറ്റൊരാളില്‍ ഞാന്‍ അടിച്ചേല്പിച്ച് അതിനെ നിസ്സാരവത്കരിക്കുന്നതിലുപരി അവരുടെ വിശ്വാസരീതികളിലൂടെ സൗഖ്യത്തിലേക്ക് എത്തിച്ചേരാനായാല്‍ വളരെ നല്ലത്. എങ്കിലും അനാവശ്യമായ കുറ്റബോധം, ഭയപ്പെടുത്തല്‍, അശാസ്ത്രീയമായ അല്പജ്ഞാനം പ്രചരിപ്പിക്കല്‍ ഒക്കെ ധ്യാനകേന്ദ്രങ്ങളില്‍ നിന്നകറ്റി നിര്‍ത്തിയാല്‍ വളരെ നല്ലതാണ്. 
 
ഒരിക്കല്‍ ഞാന്‍ ആലുവാ മംഗലപ്പുഴ സെമിനാരിയിലെ ഡീക്കന്മാര്‍ക്ക് ക്ലാസെടുക്കാന്‍ ഒരു ദിവസം പോയിരുന്നു. കാര്യകാരണസഹിതം മനുഷ്യന്‍റെ  വിശ്വാസത്തിന്‍റെയും രോഗത്തിന്‍റെയും അതിര്‍വരമ്പുകള്‍ നിര്‍വചിക്കേണ്ട ഉത്തരവാദിത്വം പലപ്പോഴും വൈദികരില്‍ നിക്ഷിപ്തമാകാറുണ്ട്. കാരണം കാര്യങ്ങള്‍ വിശ്വസനീയമായി പങ്കുവയ്ക്കാനുള്ള സാധാരണ വിശ്വാസിയുടെ ഏറ്റവും സുപ്രധാന സങ്കേതമാണ് വൈദികര്‍. ഇവിടെ വൈദികര്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി മാറുകയാണ്. അതിനാല്‍ത്തന്നെ കൃത്യമായി ഒരു വിശ്വാസിയെ തെറ്റിദ്ധാരണകളില്‍ നിന്ന് മോചിപ്പിക്കാനുള്ള അറിവെങ്കിലും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് എല്ലാ വൈദികര്‍ക്കും ഉണ്ടാവേണ്ടതാണ്. 
 
ഓട്ടിസം, ബുദ്ധിമാന്ദ്യം മുതലായ അസുഖങ്ങള്‍ ശാപമാണെന്നും പാപത്തിന്‍റെ ഫലമാണെന്നുമൊക്കെ പ്രസംഗിക്കുന്നവരെപ്പറ്റി എന്തു പറയുന്നു.
 
ശുദ്ധ അസംബന്ധമാണത്. എത്രയോ നല്ല മാതാപിതാക്കള്‍ക്ക് ഇപ്രകാരമുള്ള കുട്ടികളുണ്ടാകുന്നു. ആദ്യം തന്നെ ഈ കുട്ടികള്‍ക്കുള്ള പ്രത്യേകതകളും പരിചരണങ്ങളുമായി മനസ്സ് മടുത്തിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ക്കു പകരം ഇപ്രകാരം മുറിപ്പെടുത്തുന്ന വാക്കുകള്‍ എത്രമാത്രം വേദനയാണ് അവരില്‍ ഉളവാക്കുക എന്ന് മനസ്സിലാക്കുക.
 
എന്നാല്‍ ചില വ്യക്തികള്‍ക്ക് ഞാന്‍ ധ്യാനങ്ങള്‍ നിര്‍ദേശിക്കാറുണ്ട്. കാരണം ചില വ്യക്തികളുടെ വിശ്വാസശൈലിയില്‍ ആത്മീയതയുടെ ആഴം അനുസരിച്ച് ഫലം വ്യത്യസ്തമായിരിക്കാം. കാരണം നമ്മള്‍പോലും അറിയാതെ നമ്മുടെയുള്ളില്‍ മറഞ്ഞിരിക്കുന്ന ചില രൂഢവിശ്വാസങ്ങളുണ്ട്. ആ വിശ്വാസങ്ങള്‍ തീരുമാനിക്കും നമ്മുടെ ചില ധാരണകളെ. എന്നാല്‍ ഒരാളുടെയും ഇീൃല  യലഹശലള പൂര്‍ണമായും ശരിയാകണമെന്നില്ല. യാഥാര്‍ത്ഥ്യം പലപ്പോഴും ഇവയ്ക്ക് ഇടയിലാകാം.
 
Psycho Therapy കളെപ്പറ്റി എന്തു പറയുന്നു.
 
വിവിധതരം തെറാപ്പികള്‍ ഇന്ന് ശാസ്ത്രീയമായി നിലവിലുണ്ട്. ഇവയില്‍ പലതും വളരെ മനോഹരമായി ഫലമുളവാക്കുന്നവയുമാണ്. ഒപ്പം അത് ഉപയോഗിക്കുന്ന തെറാപ്പിസ്റ്റിന്‍റെ  അറിവിനും കഴിവിനും അതില്‍ നിസ്തുലപ്രാധാന്യമുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ പലരും 'കൗണ്‍സിലേഴ്സ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന 'അവിദഗ്ദ്ധര്‍' ആണ്. ഇത്തരം അവിദഗ്ദ്ധരുടെ സേവനം ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നുണ്ട്. ചില പൊടിക്കൈകളും ചില്ലറ ഉപായപരിപാടികളുമായി നീങ്ങുന്ന ഈ കൂട്ടരെ തിരിച്ചറിയാനുള്ള വിവേകം നാം കാണിക്കണം. സൈക്കോളജിയില്‍ ഒരു ഡിഗ്രിയും ലോകപരിചയവും ഉള്ളതുകൊണ്ടുമാത്രം ഒരാളും ഒരു നല്ല തെറാപ്പിസ്റ്റ് ആകാന്‍ പോകുന്നില്ല. കാര്യങ്ങള്‍ വ്യക്തമായി വേറിട്ടുകാണാനും അപഗ്രഥിക്കാനും നിരീക്ഷിക്കാനും വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാനുമുള്ള പാടവം വേണം. A Good Therapist is a Mirror എന്നാണ് പറയുക. കൗണ്‍സിലിംഗ് എന്നു പറയുന്നത് ഉപദേശം കൊടുക്കലല്ല എന്ന് നാം തിരിച്ചറിയണം. വരുന്ന ആളിന് സ്വയം കാണാനുള്ള ഒരു കണ്ണാടിയായി തെറാപ്പിസ്റ്റ് മാറണം. സ്വയം കണ്ടെത്തലുകള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാം. തെറാപ്പികളില്‍ പലരും പല ശൈലികളാണ് ഉപയോഗിക്കുക. ഞാന്‍ കുറേക്കൂടി CBT (Cognitive Behavior Therapy) ശൈലിയില്‍ വിശ്വസിക്കുന്ന ആളാണ്. അതിനാല്‍ത്തന്നെ തെറാപ്പികളെപ്പറ്റി എന്‍റെ നിരീക്ഷണം പൂര്‍ണമായും നിഷ്പക്ഷമാണെന്നു പറയാന്‍ പറ്റില്ല.
 
കൗണ്‍സിലിംഗ്, സൈക്കോ-തെറാപ്പി ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്
 
ഇതൊരു അവ്യക്തമായ (Vague) ചോദ്യമാണ്.  നമ്മുടെ നാട്ടില്‍ ഒരു കുഴപ്പമുണ്ട്. എല്ലാവരും കൗണ്‍സിലേഴ്സാണ്. ചെറിയ ചില തത്വങ്ങളും ഉപദേശങ്ങളും ഒക്കെ മറ്റൊരാളുടെ പ്രായോഗിക ജീവിതത്തില്‍ സമൂല വ്യതിയാനവും അവരുടെ പ്രതിസന്ധികളില്‍ ആശ്വാസവും പകരുമെന്നു വിശ്വസിക്കുന്നവരാണ് മലയാളികള്‍. ചില വ്യക്തികള്‍ ഒരു കൗണ്‍സിലിംഗ് കൊടുക്കണം എന്നുപറഞ്ഞ് എന്‍റെയടുക്കല്‍ വരാറുണ്ട്. എന്നാല്‍ പലപ്പോഴും ഗുരുതരമായ മാനസികപ്രശ്നങ്ങളിലൂടെയും രോഗത്തിലൂടെയുമായിരിക്കാം ആ രോഗി കടന്നുപോകുന്നത്. രോഗിയുടെ അവസ്ഥയെ മനസ്സിലാക്കേണ്ടത് തികച്ചും അത്യന്താപേക്ഷിതമാണ്. എന്നാല്‍ ചില കേസുകളില്‍ ഇതൊരു ഗുരുതരപ്രശ്നമാകാറില്ല. അതിനെ വല്ലാതെ പെരുപ്പിച്ചുകാണുകയുമരുത്.  'കൗണ്‍സിലിംഗ്' എന്ന പദം വളരെ ഉപരിപ്ലവമായ പദമാണ്. അതിന്ന് പല മേഖലകളിലും നിരന്തരം ഉപയോഗിക്കപ്പെടുന്ന പദമാണ്. നമ്മുടെ സാഹചര്യങ്ങളില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് സൈക്കോ തെറാപ്പി എന്ന പദമാണ് കുറേക്കൂടി യോജിക്കുക.  Modern Therapy എന്നത്  Bio-Psycho-Socio എന്ന സമഗ്രമായ ഒരു ചികിത്സാശൈലിയാണ്. ഇത് എപ്പോഴും സൗഖ്യത്തിലേക്ക് നയിക്കുന്നതുമാവണം.
 
Normality, Abnormality വേര്‍തിരിവ് എങ്ങനെയാണ് 
 
നോര്‍മാലിറ്റിയും അബ്നോര്‍മാലിറ്റിയും തമ്മിലുള്ള വേര്‍തിരിവ് വളരെ നേര്‍ത്തതും അവ്യക്തവുമാണ്. നിങ്ങളുടെ ചില പ്രത്യേകതകള്‍ നിങ്ങളുടെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും നിരന്തരം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെങ്കില്‍   അതെപ്പറ്റി നാം കുറേക്കൂടി ജാഗ്രത പുലര്‍ത്തണം. നോര്‍മാലിറ്റിയിലും അബ്നോര്‍മാലിറ്റിയിലും ഉള്ളത് വളരെ കുറച്ചുപേര്‍ മാത്രമാണ്. ഭൂരിഭാഗവും ഇതിനിടയിലെവിടെയോ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെ സംശയം തോന്നുന്ന ചിലരെ ഞാന്‍ കുറച്ചുദിവസത്തേക്ക് നിരീക്ഷണത്തിന് വയ്ക്കാറുണ്ട്. 
 
മാനസികാരോഗ്യവിദ്യാഭ്യാസത്തിന്‍റെ (Normality, Abnormality)പ്രാധാന്യം
 
ഇത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. രോഗം എന്താണ്, സ്വഭാവം എന്താണ് എന്ന് മനസ്സിലാക്കുക. ചില ലക്ഷണങ്ങളെ(വാണിംഗ് സൈന്‍സ്) പറ്റി രോഗിയെ ബോധവത്കരിക്കുക. ഉദാഹരണത്തിന് എന്‍റെ ഒരു രോഗിക്ക് ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍വച്ച് മറ്റുള്ളവര്‍ തന്നെപ്പറ്റി സംസാരിക്കുന്നു, തന്‍റെ ബാഗില്‍ ആരോ മയക്കുമരുന്ന് വച്ചിരിക്കുന്നു എന്നൊക്കെ സംശയങ്ങള്‍ തോന്നിത്തുടങ്ങി. അപ്പോള്‍തന്നെ എനിക്ക് മെസേജ് അയച്ചു ചോദിച്ചു, ഞാന്‍ ഇപ്പോള്‍ എന്‍റെ മരുന്നിന്‍റെ ഡോസ്  കൂട്ടണമോ വേണ്ടയോ? ഇത് സ്വന്തം അവസ്ഥയെപറ്റി കൃത്യമായ മാനസികാരോഗ്യവിദ്യാഭ്യാസം  ഉണ്ടായിരുന്നതുകൊണ്ടാണ്. നമ്മുടെ വീടുകളിലെ അകാരണമായ പൊട്ടിത്തെറികള്‍, പരസ്പരം കുറ്റപ്പെടുത്തല്‍ ഒക്കെ രോഗിയുടെ അവസ്ഥ ശോചനീയമാക്കുന്നു. രോഗിയുടെ കൂടെയുള്ളവരുടെ സ്വഭാവസവിശേഷതകളും അവര്‍ പിന്‍തുടരേണ്ട ചില രീതികളും മാനസികരോഗ്യവിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്. ചില കേസുകളിലെങ്കിലും രോഗിയെ ഏതെങ്കിലും മേഖലകളില്‍ ജോലി ചെയ്യിക്കുക, അവര്‍ക്കു വേണ്ട കൃത്യമായ ദൈനംദിന ശൈലി രൂപപ്പെടുത്തുക ഇവയൊക്കെ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി വരുന്നതാണ്.
 
കുട്ടികളില്‍ ഇന്നു കണ്ടുവരുന്ന പ്രധാന അടിമത്തങ്ങളാണ് സ്ക്രീന്‍ അഡിക്ഷന്‍ കമ്പ്യൂട്ടര്‍ -മൊബെല്‍ ഫോണ്‍ അഡിക്ഷന്‍. ഇതില്‍ സംഭവിക്കാവുന്ന ശാരീരിക വ്യതിയാനങ്ങള്‍
 
സ്ക്രീനില്‍ കണ്ണും നട്ടിരിക്കുന്ന വ്യക്തിക്ക് സ്ലീപ് ഹോര്‍മോണിന്‍റെ  (melatonin) താളം തെറ്റും. രാത്രി വൈകിയും സ്ക്രീനില്‍ കണ്ണുനട്ടിരിക്കുന്നവരുടെ ഇരവുപകലുകളെ സംബന്ധിച്ച് തലച്ചോറ് ആശയക്കുഴപ്പത്തിലാകും. ഇത് ശാരീരികമായ ഒരു പ്രതിസന്ധിയായി മാറും. 6-8 മണിക്കൂര്‍ ഉറങ്ങിയാലും രാവിലെ തികച്ചും ക്ഷീണിതനായിരിക്കും. സൂര്യന്‍ അസ്തമിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്ന melatonin Secretion  സ്ക്രീനില്‍ നോക്കിയിരിക്കുമ്പോള്‍ തെറ്റും. ഈ പ്രവണത ബോധപൂര്‍വ്വമായ ചില തീരുമാനങ്ങളിലൂടെ 3-4 മാസം കൊണ്ട് തിരുത്താം.
 
വിഷാദാവസ്ഥ എങ്ങനെയുണ്ടാകുന്നു.
 
അതില്‍ ചെറിയ ഒരു ബയോളജിക്കല്‍ കോംപണന്‍റ് ഉണ്ടെന്നു പറയാം. വിഷാദ അവസ്ഥയിലുള്ള ന്യൂറോ ട്രാന്‍സ്മിറ്റേഴ്സ് കോമ്പിനേഷനുള്ള ചിലര്‍ക്ക് ജനിതകപരമായി വിഷാദാവസ്ഥയിലേക്ക് പോകാനുള്ള സാദ്ധ്യത കൂടുതലാണ്. സൈക്കോ സോഷ്യല്‍ ഘടനയില്‍ നാലു കാരണങ്ങളാല്‍ വിഷാദാവസ്ഥയുണ്ടാകാം.
 
1. നഷ്ടപ്പെടലിന്‍റെ അവസ്ഥ (സെന്‍സ് ഓഫ് ലോസ്). അത് ചിലപ്പോള്‍ ഒരു വ്യക്തിയുടെ അഭാവം ആകാം. ജോലിയുടെ നഷ്ടമാകാം. ചിലപ്പോള്‍ നമ്മുടെ പ്രാധാന്യം നഷ്ടപ്പെട്ടതാകാം. ഉദാഹരണത്തിന് മരുമകള്‍ വീട്ടിലെത്തുമ്പോള്‍ അമ്മയുടെ പ്രാധാന്യം (റോള്‍) നഷ്ടപ്പെട്ടു എന്ന ചിന്ത. അല്ലെങ്കില്‍ റിട്ടയര്‍മെന്‍റ് കഴിയുമ്പോള്‍ എനിക്കിനി ഒന്നും ചെയ്യാനില്ലെന്ന തോന്നല്‍.
 
2. അപമാനിക്കപ്പെട്ടു എന്ന തോന്നല്‍ (സെന്‍സ് ഓഫ് ഹ്യുമിലിയേഷന്‍). ഉദാഹരണത്തിന് ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു. പക്ഷേ ഇവിടെ ആ സ്ത്രീക്കു പകരം ഭര്‍ത്താവാണ് അപമാനത്തിലേക്ക് പോയത്, കാരണം എന്‍റെ ഭാര്യക്ക് ഞാന്‍ നല്കേണ്ട സുരക്ഷിതത്വം ഭര്‍ത്താവെന്ന നിലയ്ക്ക് എനിക്ക് നല്‍കാന്‍ പറ്റാതെ പോയല്ലോ എന്ന അപമാനഭാരം. അദ്ദേഹം ആ സംഭവസമയത്ത് അവിടെ ഇല്ലാതിരുന്ന വ്യക്തിയാണെങ്കില്‍ കൂടി നിരവധി കാരണങ്ങളാല്‍ അത് ഭയങ്കര അപമാനമായി തോന്നുന്നു.
 
3. അനാവശ്യമായ കുറ്റബോധം (സെന്‍സ് ഓഫ് ഗില്‍റ്റ്). ചില കാര്യങ്ങളില്‍ എല്ലാ ഭാരവും സ്വയം ഏറ്റെടുത്ത് തെറ്റുകാരനായിത്തീര്‍ന്നു എന്ന തോന്നല്‍ മാത്രമാകാം ഇത്.
 
4. Sense of Entrapment  എനിക്കിവിടെ നിന്ന് ഒരു മോചനമില്ല, മറ്റൊരു മാര്‍ഗം ഇല്ലാത്തതിനാല്‍ ഞാന്‍ ഇവിടെ പെട്ടുപോയി എന്നു കരുതുന്ന അവസ്ഥ. ചിലര്‍ക്ക് അത് ദാമ്പത്യജീവിതവുമായോ, കര്‍മ്മമേഖലയുമായോ ബന്ധപ്പെട്ടതാകാം.
 
ഈ നാലു കാരണങ്ങളുമല്ലാതെയും ചിലര്‍ക്ക് ഒരു കാരണവുമില്ലാതെയും ഉണ്ടാകുന്ന Meloncholic Depression അത് പൂര്‍ണമായും Nuero Transmittory combination മൂലമുണ്ടാകുന്ന Biological depression ആണ്. സ്ട്രെസ്സ് വരുന്നവര്‍ക്ക് ഇതു കൂടുതല്‍ ഉണ്ടാകുമോ എന്നു ചോദിച്ചാല്‍ കോഴിയാണോ, കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് എന്നതുപോലുള്ള ചോദ്യമാണ്. വിഷാദരോഗത്തിന്‍റെ വിത്ത് ഉള്ളിലുള്ളവര്‍ക്ക് സ്ട്രെസ്സ് വരുന്നത് അതിലേക്ക് നയിക്കാനുള്ള സുപ്രധാന കാരണമാകാം എന്നതാണിവിടെ പ്രധാനം. ഇതിനെ പരിഹരിക്കാന്‍ ഒരു ആക്ടിവിറ്റി ഷെഡ്യുള്‍ തയ്യാറാക്കിയാല്‍ ഒരു പരിധിവരെ സ്വഭാവരീതികള്‍ ശരിയാക്കാം. CBT  അടിസ്ഥാനപ്പെടുത്തിയ തെറാപ്പികള്‍ ഒത്തിരി സഹായകരമാണ്. ഇതൊന്നും അത്ര എളുപ്പമുള്ള ചികിത്സാ വിധികളല്ല. 
 
വിഷാദരോഗികളാണോ പൊട്ടിത്തെറിക്കാറുള്ളത്.
 
ചില കേസുകളില്‍ വിഷാദരോഗികളില്‍ ചികിത്സകനിലുള്ള വിശ്വാസരാഹിത്യം ഒക്കെ ചില ട്രോമകളുടെ പരിണതഫലം ആയിരിക്കാം. 'ട്രോമ' യില്‍ പ്രധാനപ്പെട്ട കാര്യം ആ സംഭവത്തില്‍നിന്ന് ഈ വ്യക്തി എന്തു പഠിച്ചു, എന്താണ് സ്വയം സ്വാംശീകരിച്ചിരിക്കുന്നത് എന്നിവയെ ആശ്രയിച്ചിരിക്കും. അതായയത് രണ്ടുപേര്‍ക്ക് സമാനമായ ഒരനുഭവം അവരുടെ വ്യക്തിജീവിതത്തില്‍ സംഭവിച്ചു. അത് ഒരു കഠിനമേറിയ നെഗറ്റീവ് അനുഭവം ആയിക്കൊള്ളട്ടെ. ഇതില്‍ ഒരാള്‍ അതില്‍നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കുറച്ചുകൂടി കരുത്തുള്ള വ്യക്തിത്വത്തിനുടമയായി മാറി. എന്നാല്‍ മറ്റേയാള്‍ തികച്ചും ദുര്‍ബലനും പ്രതിസന്ധിയുള്ളവനുമായി മാറി. എന്തുകൊണ്ടാണിങ്ങനെ? ഒരു കാരണം ജനിതഘടനയിലുള്ള മാറ്റങ്ങളാകാം, മറ്റൊരു കാരണം ഇത് കുട്ടിയാരിക്കുമ്പോഴാണ് സംഭവിച്ചതെങ്കില്‍ ആ കാലയളവിലെ അവരുടെ രക്ഷിതാക്കള്‍ എങ്ങനെ ഈ അനുഭവത്തെ സ്വയം സ്വാംശീകരിക്കാന്‍ അവരെ പഠിപ്പിച്ചോ, അതു വളരെ പ്രധാനപ്പെട്ട ഘടകമാണ്. ചില മുറിവുകള്‍ സൗഖ്യപ്പെടാതെ കിടക്കുന്നതുകൊണ്ടാണ് പലപ്പോഴും ചെറിയ സംഗതികള്‍ക്കുപോലും മനുഷ്യന്‍ പൊട്ടിത്തെറിക്കുന്നത്. എന്നാല്‍ ചില Dispropotinate expressions ചിലപ്പോള്‍ ശാരീരിക വ്യതിയാനം കൊണ്ടുള്ള ചില തകരാറുകള്‍ മൂലവും ആകാം. അതായത് Autism പോലുള്ള ഡിസ്ഓര്‍ഡര്‍ എന്നത് ഒരു ശാരീരികവ്യതിയാനവും തലച്ചോറിലെ ഡിസോര്‍ഡറും ആണ്.
 
ഓട്ടിസം എന്ന അവസ്ഥ എങ്ങനെ നമുക്ക് മനസ്സിലാക്കാം
 
ഇതൊരു nuero physiological disorder ആണ്. ഇത് തലച്ചോറിലെ ഡിസ്ഓര്‍ഡറാണ്. നമുക്ക് മറ്റുള്ളവരുമായും സാഹചര്യങ്ങളുമായും കൃത്യമായി സംവദിക്കാനുള്ള ഒരു സമഗ്രമായ കഴിവ് തലച്ചോറിനുണ്ട്. എപ്പോള്‍ ഈ സമഗ്രതയ്ക്ക് കോട്ടം തട്ടുന്നുവോ അപ്രകാരമുള്ള ഒരവസ്ഥയായി ഇതിനെ വിശേഷിപ്പിക്കാം. ഇതുവരെയുള്ള സ്ട്രേക്ചറല്‍ സ്കാനിംഗ് കൊണ്ടൊന്നും ഇന്ന ഭാഗത്താണ് പ്രശ്നം എന്നൊന്നും പറയാന്‍ പറ്റില്ല. ഇതിന്‍റെ കാരണങ്ങള്‍ ഇന്നും വ്യക്തമല്ല. ഓട്ടിസമുള്ള വ്യക്തിയില്‍ സാമൂഹിക ഇടപാടുകളില്‍ വ്യക്തതയില്ലായ്മയും പരസ്പരം സംവദിക്കാനുള്ള അപര്യാപ്തതയൊക്കെ കാണാം. ഇവര്‍ക്ക് പല സാഹചര്യങ്ങളിലും ആവശ്യമായത്   വേര്‍തിരിച്ചെടുക്കാനുള്ള കഴിവ് കുറവായിരിക്കും. 
 
ചുരുക്കത്തില്‍ കാരണങ്ങള്‍ ഇന്നും വ്യക്തമല്ലാത്ത ഈ അവസ്ഥയ്ക്ക് എങ്ങനെ പരിഹാരം കണ്ടെത്താം എന്നതിലാണ് കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും നടക്കേണ്ടത്. അനാവശ്യമായ ഊഹാപോഹങ്ങള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. സോഷ്യല്‍ മീഡിയകളിലെ ഊതിപ്പെരുപ്പിക്കലുകളില്‍ വെറുതെ വിശ്വസിക്കരുത്.
 
മദ്യപാനം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോഗം അടിമത്തത്തിലേക്ക് നീളാനുള്ള ഒരു കാരണമാണോ വിഷാദം
 
മദ്യപാനം, ലഹരി മുതലായവയുടെ ഉപഭോഗത്തില്‍ നിന്നും കിട്ടുന്ന ചില താത്കാലിക ഉന്മാദാവസ്ഥ ഒരു അടിമത്തത്തിലേക്ക് നയിക്കാം. വിഷാദം കൊണ്ട് മദ്യപിക്കുന്നവര്‍ ഇത് ഒരു Mood elavation വേണ്ടി ചെയ്യുന്നതാവാം. ഇനി ഇവര്‍ക്ക് ഈ ഉന്മാദാവസ്ഥ കിട്ടാതെ വന്നാല്‍ ഇവയുടെ ഉപയോഗം തന്നെ വേണ്ടെന്നുംവയ്ക്കാം. എന്നാല്‍ ചിലര്‍ തങ്ങളുടെ ഉന്മത്താവസ്ഥയില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ ലഹരി ഉപയോഗിക്കാറുണ്ട്.
 
ഒരു വിഷാദരോഗിയുടെ സാമൂഹിക കുടുംബപശ്ചാത്തലത്തില്‍ എന്തു മാറ്റങ്ങളാണ് വരുത്തേണ്ടത്.
 
മുന്‍പറഞ്ഞ നാല് അവസ്ഥകള്‍ കൊണ്ടുണ്ടാകുന്ന സൈക്കോ സോഷ്യോ അവസ്ഥയില്‍ ഉള്ളവരെ കൃത്യമായി മനസ്സിലാക്കി പരിഗണന നല്‍കണം എന്നു പൊതുവില്‍ പറയാം. എന്നാലിവിടെ കൃത്യമായി എന്തുചെയ്യണം എന്നൊരു ഉത്തരം ചുരുങ്ങിയ വാക്കുകളില്‍ പറയാന്‍ പറ്റില്ല. ഓരോ രോഗിക്കും അവരുടെ അവസ്ഥകള്‍ വ്യത്യസ്തവും വ്യതിരിക്തവും ആണ്. അതാതവസ്ഥയില്‍ തിരികെ നല്‍കേണ്ട പരിഗണനകള്‍ക്കും പ്രതികരണങ്ങള്‍ക്കും തികച്ചും വ്യക്തികേന്ദ്രീകൃതമായ ഉത്തരം മാത്രമാണുള്ളത്. അവരെ സ്നേഹിക്കണം പ്രോത്സാഹിപ്പിക്കണം എന്നൊക്കെ പറയുന്നത് വെറുതെ ഒരു പ്രായോഗിക മൂല്യമില്ലാത്ത ഉപദേശം മാത്രമാണ്. ഇതെങ്ങനെയാണ് കൃത്യമായി ചെയ്യേണ്ടത് എന്നുള്ളത് വളരെ വ്യക്തമായി പഠിക്കേണ്ടതുണ്ട്. അല്ലാതെ 'പേരന്‍റിംഗ്' എന്നൊക്കെ നാം സ്ഥിരം പറയാറുള്ള 'ജാര്‍ഗണ്‍' പോലെ ഇത് ആകരുത്. തികച്ചും വ്യക്തിനിഷ്ഠമായ ചില 'ഗൈഡിംഗ് പ്രിന്‍സിപ്പില്‍സ്' മാത്രമാണിതില്‍ പറയാനാകുക. 
 
ഉദാഹരണത്തിന് മകന് 18 വയസ്സായി എന്നതുകൊണ്ട് പക്വത എത്തണം എന്ന് നിര്‍ബന്ധമില്ല. 18 തികഞ്ഞിട്ടില്ല എന്നതിനാല്‍ പക്വത എത്തിയിട്ടില്ല എന്നു പറയാനും പറ്റില്ല. അങ്ങനെ ഉള്ള സാഹചര്യങ്ങളില്‍ അപ്പനും മകനും തമ്മില്‍ ഒരു തീരുമാനത്തിലെത്താന്‍ പറ്റുകയില്ലെങ്കില്‍ മൂന്നാമതൊരാളുടെ സഹായം തേടാം. അതായത് ഒരു 'എക്സ്പേര്‍ട്ടി'ന്‍റെ സേവനം. ഒരു വ്യക്തി രോഗിയാണെങ്കില്‍ അത് എപ്രകാരമാണെന്നും എന്താണു രോഗമെന്നും എങ്ങനെ പ്രതികരിക്കണം എന്നും കൃത്യമായി പറയാനാകുക ഒരു വിദഗ്ദ്ധനാണ്. അതായത് ഒരു മനോരോഗവിദഗ്ദ്ധന്‍റെ നിര്‍ദേശമനുസരിച്ച് ഒരു രോഗിയോട് പ്രതികരിക്കുന്നതാവും ഉത്തമം. കുറേ വാരികകളിലും ഉപദേശക്ലാസുകളിലും മാത്രം കേട്ടത് എത്രമാത്രം ഉള്‍ക്കൊള്ളാനാവും എന്ന് പറയാനാവില്ല എന്നതാണ് വാസ്തവം. 
 
വിഷാദരോഗികളുമായി അല്ലെങ്കില്‍ മാനസികരോഗമുള്ള ആരെങ്കിലുമായി ഇടപെടുമ്പോള്‍ പാലിക്കപ്പെടേണ്ട ചില പൊതുനിര്‍ദ്ദേശങ്ങള്‍ നല്‍കാമോ.
 
വിഷാദരോഗിക്കും ഉന്മാദരോഗിക്കും രണ്ടുതരത്തിലുള്ള പ്രതികരണങ്ങളാണ് വേണ്ടത്. ഏങ്കിലും പൊതുവില്‍ ഒരു കാര്യം പറയാനുള്ളത് രോഗം ഒരിക്കലും ഒരു പാപമല്ല, ഇതൊന്നും നിലനില്‍ക്കുന്ന അവസ്ഥയുമല്ല, മാറ്റമുണ്ടാകും എന്നത് മനസ്സിലാക്കണം. ഡിപ്രസ്ഡ് വ്യക്തിത്വങ്ങള്‍ക്ക് ആത്മഹത്യാപ്രവണതയുണ്ടാകാം അത് നമ്മള്‍ ഒന്നു ചോദിച്ചാല്‍ മാത്രമേ തുറന്നുപറയുകയുള്ളൂ. നേരത്തെ ചെയ്തുകൊണ്ടിരുന്ന ആക്ടിവിറ്റികള്‍ തുടരാനുള്ള അവസരം കൊടുക്കുക. പോസിറ്റീവ് ഫീഡ് ബാക്ക്. കാരണം വിഷാദാവസ്ഥയില്‍ ഞാന്‍ കൊള്ളില്ല എന്ന ഓര്‍മ്മ മാത്രമേ വരൂ. മാനിക് അവസ്ഥയില്‍ നേരേ തിരിച്ചാണ്. ഞാന്‍ ഒരു 'സംഭവം' ആണെന്നു മാത്രമേ തലയില്‍വരൂ. വിധി കല്‍പ്പിക്കുന്ന സംസാരങ്ങളും പ്രതികണങ്ങളും ഒഴിവാക്കുക. ഇവയൊക്കെയാണ് പൊതുവില്‍ നമുക്ക് പറയാവുന്ന ചില നിര്‍ദേശങ്ങള്‍.
 
മാനസികാരോഗ്യപ്രശ്നമുള്ള ഒരു വ്യക്തിക്ക് സ്വാഭാവിക ജീവിതം സാധ്യമാണോ
 
ഇന്ന് പ്രമേഹരോഗികളുടെ കാര്യം പറയുന്നതുപോലെ ഒരു ചെറിയ ശതമാനം ഒരിക്കലും ചികിത്സയ്ക്ക് വിധേയമാകില്ല. എന്നാല്‍ ഭൂരിഭാഗത്തിനും കൃത്യമായ ചികിത്സയും ഇടപെടലും കൊണ്ട് സാധാരണ ജീവിതം സാദ്ധ്യമാണ്. മാനസികാരോഗ്യമുള്ള ആളുകളുടെ പക്കല്‍ നിന്നുതന്നെ ചികിത്സ നേടുക എന്നതു പ്രധാനപ്പെട്ട കാര്യമാണ്.
 
ഒരു മാനസികരോഗി മാനസികാരോഗ്യവിദഗ്ദ്ധനെ കാണുന്നതില്‍നിന്ന് സ്വാഭാവികമായും  വിമുഖത കാണിക്കുമ്പോള്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകാമോ
 
അതിനായി ആദ്യം ചെയ്യേണ്ടത് ആരാണോ രോഗിയുടെ ഉത്തരവാദിത്തപ്പെട്ടയാള്‍ അദ്ദേഹം നേരത്തെ തന്നെ മനോരോഗവിദഗ്ദ്ധനുമായി സംസാരിച്ച് എങ്ങനെ, എന്ത് എന്നുള്ളതിന് വ്യക്തമായ പദ്ധതി തയ്യാറാക്കി കൊണ്ടുവരിക. ആദ്യം ഉത്തരവാദിത്വപ്പെട്ടവര്‍ കാണുക അതിനുശേഷം രോഗി എത്തുക എന്നാണ് ഈ കാര്യത്തില്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. ഒപ്പം ഞാന്‍ കരുതുന്നത് എന്തു ചികിത്സകള്‍ നിര്‍ദേശിക്കുമ്പോഴും രോഗിയെ അതു ബോധ്യപ്പെടുത്താനുള്ള ബാധ്യത ചികിത്സകന്‍റേതാണ്.  
 
ഡോ. സി. ജെ. ജോസഫ് 
MBBS, MRCPsych(UK), CCT(UK), FRANZCP(Australia), DPM, MSc(Psych)
Consultant Psychiatrist Brain and Mind Clinic, L F Hospital, Angamaly

You can share this post!

ദൈവം വെളിയില്‍ മഴ നനഞ്ഞുനില്‍ക്കുന്നു

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts