news-details
കവർ സ്റ്റോറി

വിസിബിന്‍റെ വിസ്മയം

 ദിവസം മുഴുവന്‍ അധ്വാനിക്കാന്‍ മനസ്സുള്ള ദരിദ്രന്‍ എന്നും ദരിദ്രനായിരിക്കുന്നത് അവന്‍റെ അലസത മൂലമല്ല. അവനായിരിക്കുന്ന പരിമിത സാഹചര്യങ്ങളില്‍ നിന്ന് അവന് വിമോചനം നല്‍കാന്‍ പര്യാപ്തമായ ഒരു സാമ്പത്തിക സംവിധാനം രാജ്യത്തിന് നല്‍കാന്‍ കഴിയാത്തതിനാലാണ്.

ആഗോളവത്കരണത്തിന്‍റെ കാറ്റ് കേരളത്തിന്‍റെ ചെറുഗ്രാമങ്ങളിലും വീശിത്തുടങ്ങുന്ന തൊണ്ണൂറുകളുടെ ആദ്യഘട്ടത്തില്‍ ഒരു സാധാരണ സ്പോര്‍ട്ടിംഗ് ക്ലബ്ബായി തുടങ്ങിയ ഒരു പ്രസ്ഥാനം ഇന്ന് അനേകര്‍ക്ക് അന്നമായും വെളിച്ചമായും മാറിയതിന്‍റെ കഥ, 'വിസിബി'ന്‍റെ പ്രവര്‍ത്തന മേഖലകളാണ്. ഈ വിസിബിന്‍റെ ദൈനദിന പ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രീകരിക്കുന്നത് ഇതിന്‍റെ സെക്രട്ടറി ശ്രീ. കെ.സി. തങ്കച്ചനിലാണ്.

തികഞ്ഞ സാധാരണത്വം ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന ലളിതമായ ജീവിതശൈലി മുഖമുദ്രയാക്കിയ ഒരു മനുഷ്യന്‍. എന്നാല്‍ ഇദ്ദേഹത്തെ അസാധാരണക്കാരനാക്കുന്ന ഒന്നുണ്ട്. നിരന്തരം ഈ സംഘടനയും സംവിധാനങ്ങളും തന്‍റെ ശ്വാസോച്ഛ്വാസത്തിനൊപ്പം തലക്കുള്ളിലിട്ട് പ്രശ്നങ്ങളും പ്രതിവിധികളും നൂതനവും കാര്യക്ഷമവുംമായ ആശയങ്ങളും ഉരുക്കഴിച്ചുകൊണ്ടേയിരിക്കുക. അദ്ദേഹവുമായി അസ്സീസിക്കായി നടത്തിയ അഭിമുഖത്തിലെ ചില പ്രസക്തഭാഗങ്ങള്‍.

എന്താണ് ഇത്തരം ഒരു സംരംഭക സംവിധാനത്തിലേക്ക് ഒരു ക്ലബ്ബില്‍ നിന്ന് എത്തിച്ചേരാനുണ്ടായ കാരണം?

 

തൊഴിലില്ലായ്മ പ്രശ്നത്തെ പരിഹരിക്കുക, സമൂഹത്തിന് കുറച്ചുകൂടി സാമ്പത്തിക നേട്ടം കൈവരിക്കാനുതകുന്ന നവീനമായ ഒരാശയം പ്രയോഗത്തില്‍ വരുത്തുക. ഈ ചിന്തകളുടെ പരിസമാപ്തിയാണ് ഇന്ന് കാണുന്ന വിസിബ്. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നത് കൃഷിക്കാരനായ അപ്പന്‍റെ സ്വതസിദ്ധമായ ശൈലികളും ക്രിയേറ്റിവിറ്റിയും ഒക്കെ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. തികച്ചും പരിമിതമായ ചുറ്റുപാടുകളും സാമൂഹിക പരിജ്ഞാനവും മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും പുതിയ ആശയങ്ങളോടും അധ്വാനത്തിലൂടെയുള്ള സമൃദ്ധിയോടും എന്നും തികഞ്ഞ ആവേശം ഉണ്ടായിരുന്നു. എന്‍റെ ഡിഗ്രിപഠനത്തിനുശേഷം ഏതാണ്ട് രണ്ടരവര്‍ഷത്തോളം ഒരു ബാറില്‍ ക്യാഷ് കൗണ്ടറില്‍ ജോലി നോക്കി. അവിടുത്തെ ഉടമകളുടെ കഠിനാധ്വാനവും ശൈലികളും എന്നെ പലതും പഠിപ്പിച്ചു. മദ്യശാല നടത്തിപ്പിലും മദ്യംതൊടാതെ ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവന്ന സാഹചര്യം യഥാര്‍ത്ഥത്തില്‍ വലിയൊരു പാഠപുസ്തകമായിരുന്നു. ഇങ്ങനെ ചെറുതും വലുതുമായ അനേകം അനുഭവങ്ങളാണ് ഇന്ന് പ്രവര്‍ത്തിപഥത്തിലെ പല മികവുകള്‍ക്കും ആധാരം.

പണമിടപാടുകളിലൂടെ തന്നെയാണ് വിസിബിന്‍റെ തുടക്കം. മൈക്രോഫിനാന്‍സെന്ന ആശയം സാധാരണമല്ലെങ്കിലും അതുമായി വന്ന തട്ടിപ്പുകള്‍ മലയാളികള്‍ക്കിടയില്‍ സാധാരണമായിരുന്നു. ആ സാഹചര്യത്തില്‍ എങ്ങനെ സമൂഹത്തിന്‍റെ വിശ്വാസ്യത ആര്‍ജ്ജിക്കാനായി?

അതെന്നെപ്പോലും പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിസിബിന്‍റെ യാത്ര ഒരിക്കലും പരവതാനി വിരിച്ച പാതയിലൂടെ ആയിരുന്നില്ല. അനേകം പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. ഇവിടെ തുണയായത് പ്രവര്‍ത്തന സുതാര്യതയും പിന്നെ ഞങ്ങളെ വിശ്വാസത്തിലെടുത്ത ആദ്യകാല പ്രവര്‍ത്തകരുമാണ്. അവരുടെ വ്യക്തിപരമായ സാക്ഷ്യങ്ങള്‍ ഹൃദയത്തില്‍ നിന്നാണെന്ന് പിന്നീട് വരുന്നവര്‍ തിരിച്ചറിഞ്ഞു. ഒരാളുടെ പ്രശ്നം മറ്റുള്ളവരുടെ സഹായത്താല്‍ പരിഹരിക്കാം എന്നത് ആശയം മാത്രമല്ല പ്രായോഗികതയാണെന്നത് വ്യക്തമായി. അതിനാല്‍ തന്നെ ഇതിന്‍റെ വിശ്വാസ്യത ഇതിന്‍റെ അംഗങ്ങള്‍ തന്നെയായി മാറി.

ഈ അവസരത്തില്‍ അവിടെയെത്തിയ ഷേര്‍ളി രാജു എന്ന തലപ്പലം ബ്രാഞ്ചംഗവുമായി നേരിട്ടു സംസാരിക്കാനിടയായി. വിസിബിന്‍റെ ആദ്യകാല അംഗങ്ങളിലൊരാളായ അവരോടും ഇതേ ചോദ്യം ഞാനാവര്‍ത്തിച്ചു. എന്താണ് നിങ്ങള്‍ക്കിതിതില്‍ വിശ്വാസം തോന്നാനിടയായത്. വളരെ ലളിതമായ ഒരു ചിന്തയാണ് വിസിബില്‍ വിശ്വസിക്കാന്‍ പ്രേരകമായത്. ഞങ്ങള്‍ നല്‍കുന്ന ചെറിയ നിക്ഷേപത്തിന്‍റെ പത്തിരട്ടിവരെ വായ്പയായി ഞങ്ങള്‍ക്കു കിട്ടുന്നു.  ഒപ്പം കൂടെയുള്ള അംഗങ്ങളിലുള്ള വിശ്വാസവും കൂട്ടായ്മയുടെ ശക്തിയും.

സ്ത്രീകളുടെ സ്വയം സഹായക സംഘത്തിന് ഊന്നല്‍ നല്‍കിയതിന്‍റെ കാരണം?

നമ്മുടെ സാഹചര്യത്തില്‍ ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത് സ്ത്രീകളുടെ സംഘാടന മികവുകൊണ്ടാണ്. പുരുഷന്‍ തന്‍റെ ഇഷ്ടങ്ങള്‍ക്കും വിനോദങ്ങള്‍ക്കുമായി സമയവും സമ്പത്തും ചിലവിടാന്‍ താല്പര്യപ്പെടുമ്പോള്‍ മിക്ക ഇടങ്ങളിലും സ്ത്രീകളാണ് കുടുംബത്തിന്‍റെ ദൈംദിന കാര്യങ്ങളുടെ നടത്തിപ്പുകാരാകുന്നത്. അവര്‍ക്ക് സ്വാശ്രയബോധവും പരസ്പര സഹായവും രൂപം നല്‍കേണ്ടത് ഒരു അനിവാര്യതയായി തോന്നി. അതിലുപരി ഈ പ്രസ്ഥാനം നടക്കണമെങ്കില്‍ സ്ത്രീകള്‍ സംഘശക്തിയായാലേ പറ്റു എന്നത് വ്യക്തവുമായി. കുറച്ചുകൂടി ഉത്തരവാദിത്വം എന്നും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് എന്നാണ് എന്‍റെ അഭിപ്രായം.

സാമ്പത്തിക അച്ചടക്കം അന്യം വന്നുകൊണ്ടിരിക്കുന്ന ഒരു വാണിജ്യ കാലത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ ഇവിടെ വ്യക്തി ജീവിതത്തിലും പ്രസ്ഥാനത്തിന്‍റെ നടത്തിപ്പിലും താങ്കളിത് കൃത്യമായി പാലിക്കുന്നുണ്ട് എന്നത് പകല്‍പോലെ വ്യക്തമാണ്. അതേപ്പറ്റി ഒന്നു പറയാമോ.

തത്വചിന്തയുടെയോ ആശയത്തിന്‍റെയോ പിന്‍ബലത്തിലല്ല ഈ സാമ്പത്തിക അച്ചടക്കത്തെപ്പറ്റി ഞാന്‍ പറയുക. ഇത് പരീക്ഷിച്ചറിഞ്ഞ ഒരുവന്‍ എന്ന നിലയിലാണ്. പരാജയത്തിന്‍റെ കയ്പ് പല കാലഘട്ടങ്ങളിലും നന്നായി അറിഞ്ഞിട്ടുണ്ട്. ആ പരാജയങ്ങളെല്ലാം ഒരുപാട് പാഠങ്ങള്‍ പകര്‍ന്നു നല്‍കി. അതാണ് ഇന്നു കാണുന്ന ഈ സാമ്പത്തിക അച്ചടക്കത്തിന്‍റെ കരുത്ത്. വരവും ചിലവും തമ്മില്‍ സംസാരിക്കുമ്പോള്‍ വരവില്‍ കവിഞ്ഞ ചെലവുകളും അതിനുമപ്പുറമുള്ള സ്വപ്നങ്ങളും ആത്മഹത്യാപരമാണെന്നു തിരിച്ചറിയുക ഇതില്‍ പ്രധാനമാണ്. ഒപ്പം സാമ്പത്തിക അടിത്തറയിലൂന്നിയ കൃത്യമായ പ്ലാനിംഗ് സാമ്പത്തിക അച്ചടക്കത്തിന് ഒത്തിരി സഹായിക്കും.

ഉദാഹരണത്തിന് ഇവിടെ സാധനങ്ങള്‍ റീപായ്ക്ക് ചെയ്യാന്‍ സ്വന്തമായി കാര്‍ട്ടണുകള്‍ വാങ്ങാം. ഒന്നിന് 15 രൂപ കൊടുത്താല്‍ മതി. എന്നാല്‍ ഞങ്ങള്‍ ഉപയോഗിച്ച കാര്‍ട്ടണുകള്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കും. അതിന്‍റെ ചിലവ് ഒന്നിന് 2 രൂപ മാത്രം. ഇപ്രകാരം ചെറിയ കാര്യങ്ങളില്‍പ്പോലും ഈ അച്ചടക്കം നിര്‍ബന്ധമാണ്.

ഞങ്ങളുടെ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഒന്നരക്കോടി രൂപയുടെ ഇന്‍വെസ്റ്റ്മെന്‍റ് നടത്തി യന്ത്രവത്ക്കരിച്ചാല്‍ ആഹാരസംസ്കരണ നടത്തിപ്പിലെ മനുഷ്യവിഭവശേഷി പത്തിലൊന്നായി കുറക്കാന്‍ സാധിക്കും. വിറകടുപ്പുകള്‍ കുറേക്കൂടി ശാസ്ത്രീയമായ സങ്കേതികതയിലേക്ക് കൂടുമാറും. എന്നാല്‍ ഈ നിക്ഷേപം ഇപ്പോള്‍ നടത്തുന്നത് ഒരു ഡെഡ്ലി ഇന്‍വെസ്റ്റ്മെന്‍റാണ്. കാരണം അങ്ങനെ ഒന്നുണ്ടായാല്‍ ആ നിക്ഷേപം തിരികെ എടുക്കുന്നതിന് ഉത്പാദനം വര്‍ദ്ധിപ്പിക്കണം വിപണനം കൂട്ടണം തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പ്രതിസന്ധി ഉണ്ടായാല്‍ പോലും രണ്ടോമൂന്നോ ദിവസത്തെ തൊഴില്‍ മുടക്കിയാല്‍ അതുപരിഹരിക്കാന്‍ പറ്റും. ആര്‍ക്കും കാര്യമായ നഷ്ടമുണ്ടാവുകയില്ല.

ഇങ്ങനെ അനിവാര്യമെന്നു തോന്നുന്ന ഇടങ്ങളില്‍പോലും അനാവശ്യ വളര്‍ച്ചയുടെ പ്രലോഭനത്തില്‍പ്പെടാതിരിക്കുക സാമ്പത്തിക അച്ചടക്കത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. മനുഷ്യന്‍ ഉള്ളുകൊണ്ട് തൃപ്തിപ്പെടാന്‍ പഠിച്ചിരുന്നെങ്കില്‍ വികസനങ്ങള്‍ ഒന്നും നടക്കില്ല എന്നു പറയുമ്പോഴും തൃപ്തിപ്പെടേണ്ട ഇടങ്ങളില്‍ 'മതി' എന്നു പറയാനുള്ള ആര്‍ജ്ജവത്വമാണ് സാമ്പത്തിക അച്ചടക്കത്തിന്‍റെ നട്ടെല്ല്.

ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്ന് ഗൃഹോപകരണങ്ങളുടെ വിതരണക്കാരും ഉല്പാദകരുമായി മാറിയതെങ്ങനെ?

ഓരോന്നും ഓരോ സാഹചര്യങ്ങളില്‍ സംഭവിച്ചതാണ്. ഇടുക്കിയിലെ ഞങ്ങളുടെ യൂണിറ്റിലെ അംഗങ്ങള്‍ക്കുവേണ്ടി 2000 ഗ്യാസ് കണക്ഷന്‍ എടുത്തുകൊണ്ടാണ് തുടക്കം. മൊത്തമായി സാധനങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് എടുക്കുമ്പോള്‍ കൂടുതല്‍ ലാഭം കിട്ടുന്നു എന്നത് കൂടുതല്‍ ഉത്പന്നങ്ങളുടെ വിപണനത്തിലേക്ക് കടക്കാന്‍ കാരണമായി. നിരന്തരം സംഘാംഗങ്ങളുമായി ഇടപഴകുകയും അവരെ കൃത്യമായ ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്തപ്പോഴാണ് എന്താണ് ആവശ്യം, അത്യാവശ്യം അനാവശ്യം എന്നൊക്കെ തിരിച്ചറിയാന്‍ സാധിച്ചു. ആ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ഉത്പന്നങ്ങളുടെ പിറവി. ഇവിടെ വിസിബിന് പരസ്യങ്ങള്‍ ഒന്നും ഇല്ല. അതിന്‍റെ ആവശ്യവും വരുന്നില്ല. മനുഷ്യരുടെ ദൈനംദിന കാര്യങ്ങളില്‍ അവരുടെ കുടുംബാംഗത്തെപ്പോലെ ഉത്തരവാദിത്വപൂര്‍ണ്ണമായി നിലയുറപ്പിച്ചതാണ് ഇന്നത്തെ വിജയത്തിന് പിന്നില്‍.

കൃത്യമായ സംഘാടകപാടവം, നേതൃത്വഗുണം ഇവ അംഗങ്ങളില്‍ കാണാന്‍ പറ്റുന്നുണ്ട്. അതെങ്ങനെ സാധിക്കുന്നു?

വിസിബിലെ അംഗങ്ങള്‍ക്ക് കൃത്യമായ പരിശീലനപരിപാടികള്‍ നിരന്തരം നല്‍കുന്നുണ്ട്. ഒപ്പം ഒരിക്കല്‍ പരിശീലനം ലഭിച്ചവര്‍ മുന്നിട്ടിറങ്ങുമ്പോള്‍ അവരില്‍ നിന്ന് വളരെ അനായാസേന ആ ഗുണങ്ങള്‍ മറ്റുള്ളവരിലേക്ക് പ്രസരിക്കുന്നു എന്നതാണ് പ്രധാനം. സ്ത്രീശാക്തീകരണം എന്നതില്‍ സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു ജീവിതക്രമം അനിവാര്യമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അടിസ്ഥാനപരമായ അറിവുകള്‍ സാധ്യതകള്‍ ഒക്കെ സ്ത്രീകളെ പരിശീലിപ്പിക്കുന്നുണ്ട്.

വിസിബ് അംഗങ്ങളില്‍ സമൂഹനന്മയെക്കരുതിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്?

സമൂഹത്തില്‍ മനുഷ്യനന്മയെക്കരുതി ഇടപെടേണ്ട മേഖലകള്‍ കണ്ടെത്തി അവയില്‍ കൃത്യമായ ഫലം ഉണ്ടാക്കുക എന്നത് വിസിബിന്‍റെ പ്രവര്‍ത്തനശൈലിയാണ്. കാലാകാലങ്ങളോളം ഒരേ കാര്യം ഞങ്ങള്‍ തന്നെ ചെയ്തേ തീരൂ എന്ന നിര്‍ബന്ധവും ഇവിടെയില്ല. നമുക്കു പിന്നാലെ മറ്റുള്ളവര്‍ അതേറ്റെടുക്കുകയാണെങ്കില്‍ വളരെ നല്ലത്. ആദ്യകാലഘട്ടങ്ങളില്‍ നമ്മുടെ അംഗങ്ങള്‍ക്കുവേണ്ടി ആരംഭിച്ച ആംബുലന്‍സ് സര്‍വ്വീസ് പിന്നീട് ഒരു നാടിനുമുഴുവന്‍ ഉപയോഗിക്കത്തക്ക തരത്തില്‍ വളര്‍ന്നു. എന്നാല്‍ ഇന്ന് സമാനമായ നിരവധി ആംബുലന്‍സ് സര്‍വ്വീസുകള്‍ ഉള്ളതിനാല്‍ വിസിബ് ഒരു ആംബുലന്‍സില്‍ മാത്രമായി ചുരുക്കി. അപ്പോഴും നമ്മുടെ സേവന ത്വര പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. പല ദുരന്തമുഖത്തും ആദ്യം ദുരന്തനിവാരണ പ്രവര്‍ത്തനവുമായി എത്തിയ സന്നദ്ധ സംഘടന നമ്മളായിരുന്നു.

പരസ്പരമുള്ള വിശ്വാസത്തിലും അച്ചടക്കത്തിലുമൂന്നി പ്രസ്ഥാനം വളര്‍ന്നപ്പോഴും വീഴ്ചകള്‍, പരാജയങ്ങള്‍, പറ്റിക്കലുകള്‍...?

തീര്‍ച്ചയായും, വീഴ്ചകള്‍ എന്നതിലുപരി പലതും പരിശ്രമിച്ചു, ചിലതില്‍ പരാജയപ്പെട്ടു എന്നതാണ് ശരി. ബോധപൂര്‍വ്വം ഒരു വീഴ്ചവരുത്തിയിട്ടില്ല. എന്നാല്‍ ചില പരീക്ഷണങ്ങള്‍ തികഞ്ഞ പരാജയമായിരുന്നു. ആദ്യകാലത്തെ ഹോട്ടലുകള്‍ ഉള്‍പ്പെടെ. ഒരു 6 വര്‍ഷം മുന്‍പുവരെ പരാജയങ്ങള്‍ നന്നായി ഉണ്ടായിരുന്നു. നല്‍കിയ വിശ്വാസം മുതലെടുത്തവരും നിരവധി. എപ്പോഴും വിശ്വസിച്ചു കൂടെനിന്നിവര്‍ മുതലെടുപ്പു നടത്തിയവരിലും അധികമായിരുന്നു. അതാണ് ഇവിടെയൊക്കെ തകരാതെയും തളരാതെയും പിടിച്ചുനിര്‍ത്തിയത്.  ഒരാളുടെ പ്രശ്നം മറ്റുള്ളവരാല്‍ പരിഹരിക്കപ്പെടുമെന്ന് ഞാന്‍ പറയുമ്പോഴും എന്‍റെ ജീവിതത്തിലും അതിനു നിരവധി ഉദാഹരണങ്ങളുണ്ട്. പരിഹാരം ഞാന്‍ തന്നെ കണ്ടെത്തേണ്ട സാഹചര്യങ്ങളും ഉരുത്തിരിഞ്ഞിട്ടുണ്ട്. വിജയവും പരാജയവും ഇടകലര്‍ന്നതാണ് ജീവിതം. എന്‍റെ വ്യക്തിപരമായ അനുഭവത്തില്‍ പരാജയങ്ങള്‍ കൂടുതല്‍ കരുത്തായി പകര്‍ന്നിട്ടുണ്ട്.

ഇന്ന് വിസിബ് തല ഉയര്‍ത്തി നില്‍ക്കുന്നതിനു കാരണം പരസ്പരവിശ്വാസവും മാനുഷിക നന്മയും മാത്രമല്ല പരാജയങ്ങളില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങളും സാമ്പത്തിക അച്ചടക്കത്തിന്‍റെ പ്രായോഗിക പടികളുമാണ് എന്ന് നിസ്സംശയം പറയാം.

എന്താണ് ഭാവി സ്വപ്നം?

ഇതിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പുതിയ മേഖലകളിലേക്ക് ഉണ്ടോ എന്നു ചോദിച്ചാല്‍ കൃത്യമായ ഒരു മറുപടി സാധ്യമല്ല. ഞങ്ങള്‍ നിരന്തരം അന്വേഷണത്തിലും പഠനത്തിലുമാണ്. ആലങ്കാരിക അര്‍ത്ഥത്തിലല്ല പ്രായോഗികതലത്തില്‍ നിന്നാണ് ഇതുപറയുന്നത്. കാരണം ഓരോ ദിനവും ഓരോ അന്വേഷണങ്ങളാണ്. നാളെ ഞങ്ങള്‍ ഇതാകുമെന്നു പറയുന്നതിലല്ല കാര്യം എന്നെനിക്കു തോന്നുന്നു. നാളെ ആകേണ്ടത് നമ്മെ തേടിവരും. അന്വേഷണാത്മകതയും തുറവിയും ഉണ്ടായിരുന്നാല്‍ മതി. ഇന്ന് ഏകദേശം നാനൂറോളം പേര്‍ക്ക് പ്രത്യക്ഷമായി തൊഴില്‍ നല്‍കുമ്പോള്‍ ഗുണഭോക്താക്കളുടെ എണ്ണം ഒരു ലക്ഷത്തിലധികമാണ്. ഒരു വര്‍ഷം ഏകദേശം നൂറുകോടി രൂപയുടെ ബിസിനസ്സ് ഇവിടെ നടക്കുന്നുണ്ട്.

അതെ കെ.സി. തങ്കച്ചന്‍ എന്ന ഈ സാധാരണക്കാരനായ മനുഷ്യന്‍ അസാധാരണക്കാരാകുന്നതിവിടെയാണ്. ഈ ജീവനക്കാരെല്ലാം തന്നെ അദ്ദേഹത്തെപ്പോലെയോ അതിലധികമോ ഈ പ്രസ്ഥാനത്തെ നെഞ്ചേറ്റിയവരാണ്. അവരുടെ സ്വപ്നം അവരുടെതന്നെ ജീവിതത്തിന്‍റെ അടിത്തറയാകുന്നു എന്നതിലാണ് കാര്യം. ഇപ്പോഴും ഒരു ജീവനക്കാരന്‍റെ ശബളത്തില്‍ തൃപ്തിപ്പെട്ടും സാധാരണ ജീവിതം നയിക്കാനാകുന്നു എന്നതാണീ മനുഷ്യനെ വേറിട്ടതാക്കുന്നത്. സ്ഥാപനത്തിന്‍റെ ലാഭം എന്നത് ഓരോ അംഗത്തിനും അവകാശപ്പെട്ടതാണ്. അതിനാല്‍ തന്നെ വിസിബ് ഒരു സംഘടനയിലോ സംഘാടകരിലോ അല്ല ഒതുങ്ങുന്നത്. വിസിബ് അതിന്‍റെ അംഗങ്ങളുടെ ഉയിരും ശ്വാസവുമാണ്. അതാണിതിന്‍റെ വിജയരഹസ്യം.

You can share this post!

ലൂസിയും സഭയും മാധ്യമങ്ങളും

ജോര്‍ജ്ജ് വലിയപാടത്ത് കപ്പൂച്ചിന്‍
അടുത്ത രചന

ഒരു അതിജീവനത്തിന്‍റെ യാത്ര (The journey of a suicide survivor)

ഷെറിന്‍ നൂര്‍ദീന്‍
Related Posts