news-details
സാമൂഹിക നീതി ബൈബിളിൽ

നീതി- മാനസാന്തരത്തിന്‍റെ ഫലം

"ആസന്നമായ ക്രോധത്തില്‍ നിന്നോടിയകലുക" യാണ് (മത്താ 3,7) ജനത്തിന്‍റെ ലക്ഷ്യം. എന്നാല്‍ അവരുടെ മനോഭാവവും ചെയ്തികളും ഈ ലക്ഷ്യം പ്രാപിക്കാന്‍ പര്യാപ്തമല്ല. മൂന്നുകാര്യങ്ങളാണ് നിഷേധാത്മകമായി സ്നാപകന്‍ എടുത്തുകാട്ടുന്നത്. 1 ഹൃദയപരിവര്‍ത്തനമില്ലാത്ത അനുഷ്ഠാനം 2. തങ്ങള്‍ ദൈവത്തിന്‍റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും ജന്മനാ ദൈവരാജ്യത്തിന് അവകാശികളുമാണെന്ന മിഥ്യാധാരണ. 3. വിധി ഇപ്പോഴൊന്നും ഉണ്ടാവില്ല. മാനസാന്തരം അല്പം കഴിഞ്ഞായാലും മതി എന്ന ചിന്ത.

സ്നാപകസവിധത്തില്‍ വെള്ളത്തില്‍ മുങ്ങുന്നതാണ് അനുഷ്ഠാനം. പക്ഷേ ഏതെല്ലാം നദിയില്‍, എത്രതവണ മുങ്ങിയാലും ദൈവകോപത്തില്‍നിന്നു രക്ഷപ്പെടുകയില്ല. മരുഭൂമിയിലെ കുറ്റിക്കാടുകളില്‍ തീ പടരുമ്പോള്‍ വെള്ളം നോക്കി പായുന്ന പാമ്പിനെപ്പോലെയാണ് സ്നാപകന്‍റെ വാക്കുകേട്ട് ജോര്‍ദ്ദാനില്‍ മുങ്ങുന്ന ജനം. ഈ മുങ്ങല്‍ മാത്രം ആരെയും രക്ഷിക്കുകയില്ല. അബ്രാഹത്തിനു ദൈവം നല്കിയ  വാഗ്ദാനത്തില്‍ പങ്കുചേരാന്‍ ശാരീരികമായി അബ്രാഹത്തിന്‍റെ സന്തതിയാണെന്ന് അവകാശപ്പെട്ടാല്‍പോരാ - അതിലുപരി അബ്രാഹത്തെപ്പോലെ വിശ്വാസവും അനുസരണയും ഉണ്ടാകണം. ഇപ്പോഴാണ് വിധി. നല്ല ഫലങ്ങള്‍ കായ്ക്കാത്ത വൃക്ഷങ്ങളുടെ വേരിനു കോടാലി വച്ചുകഴിഞ്ഞു. വെട്ടി തീയിലിടാന്‍ ഇനി വൈകില്ല. അതു സംഭവിക്കാതിരിക്കാന്‍ ഒന്നു മാത്രമാണ് ആവശ്യം, മാനസാന്തരത്തിനു യോജിച്ചഫലം എന്ന് ലൂക്കാ വ്യക്തമായി പറയുന്നുണ്ട്.  

"ജനക്കൂട്ടം അവനോടു ചോദിച്ചു. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ' (ലൂക്കാ 3, 10-11). ഏറ്റം പ്രാഥമികമായ തലത്തില്‍ തുടങ്ങണം മാനസാന്തരം. മനോഭാവത്തിലുണ്ടാകുന്ന മാറ്റം പ്രവൃത്തിയില്‍ പ്രകടമാകണം. സമൂഹത്തില്‍ സകലര്‍ക്കും ഏറ്റം പ്രാഥമികാവശ്യങ്ങളായ ആഹാരം, വസ്ത്രം എന്നിവ ഉറപ്പുവരുത്തുന്നതിലൂടെയാണ് മാനസാന്തരം പ്രകടമാകേണ്ടത്. രണ്ടുടുപ്പുള്ളവന്‍ ഒന്നുമില്ലാത്തവന് ഒന്നു കൊടുക്കണം. ആഹാരത്തിന്‍റെ കാര്യത്തിലും അതുതന്നെ ചെയ്യണം. അനീതിയുടെ ഉറവിടമായ ദ്രവ്യാഗ്രഹത്തിന്‍റെ തായ്‌വേരിനു  സ്നാപകന്‍ കത്തിവയ്ക്കുന്നത്. ആഹാരവും വസ്ത്രവുമില്ലാതെ അയല്ക്കാരന്‍ വിഷമിക്കുമ്പോള്‍ സ്വത്തു സംഭരിക്കുക കഠിന പാപമാണെന്ന് ഇവിടെ സൂചിപ്പിക്കുന്നു. കെടാത്ത അഗ്നിയില്‍ എരിഞ്ഞു ചാമ്പലാകാതെ നിരന്തരം ദഹിക്കുക എന്ന ശിക്ഷയായിരിക്കും ഈ അനീതി വിളിച്ചുവരുത്തുക.

പങ്കുവയ്ക്കണം, നിര്‍ബന്ധത്തിനു വഴങ്ങിയല്ല, സ്വന്തം ഇഷ്ടം അനുസരിച്ച്, സ്വതന്ത്രമായി. അതിന് മനോഭാവം മാറിയേ മതിയാവൂ. പരിമിതമായ ഭൂവിഭവങ്ങള്‍ എല്ലാവര്‍ക്കുമായി ദൈവം നല്കുന്നതാണെന്നും ആവശ്യത്തില്‍ കൂടുതല്‍ എടുക്കുന്നത് അക്ഷന്ത്യവമായ അപരാധമാണെന്നും ഉള്ള ബോധ്യമാണ് ഇവിടെ മാനസാന്തരത്തിന്‍റെ തുടക്കം. അയല്‍ക്കാരന്‍റെ ആവശ്യം എന്‍റെ അവകാശത്തിന്‍റെ പരിധി നിര്‍ണ്ണയിക്കുന്നു. ആഹാരവും വസ്ത്രവും പങ്കിടുന്നത് ഒരു തുടക്കം മാത്രമാണ്. രണ്ടു കാര്യങ്ങള്‍ ഇതിലൂടെ അനുസ്മരിപ്പിക്കുന്നു. 1. എന്‍റെ അവകാശങ്ങള്‍ക്കു പരിധികളും പരിമിതികളുമുണ്ട്. മതി എന്നു പറയാന്‍ ഞാന്‍ പഠിക്കണം. സ്വരുക്കൂട്ടി വയ്ക്കുന്ന സമ്പത്തും അതു നല്കുമെന്നു പ്രതീക്ഷിക്കുന്ന സുഖഭോഗങ്ങളും സ്ഥാനമാനങ്ങളും മിഥ്യ മാത്രമല്ല, കനത്ത ശിക്ഷ വിളിച്ചുവരുത്തുന്ന പാപങ്ങളുമാണ്. 2. ആവശ്യം അനുഭവിക്കുന്ന അയല്ക്കാരന് എന്‍റെ സമൃദ്ധിയില്‍ നിന്നു ഞാന്‍ എന്തെങ്കിലും ദാനം ചെയ്യുന്നെങ്കില്‍ അത് വലിയ പ്രശംസയ്ക്കു നിദാനമാകുന്ന ഔദാര്യമല്ല. ഞാന്‍ നിര്‍വ്വഹിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്ന കടമ മാത്രമാണ് അത്.
രാജ്യത്തിനുവേണ്ടി നികുതി പിരിക്കുന്ന ചുങ്കക്കാര്‍ക്കും ക്രമസമാധാനനില ഉറപ്പുവരുത്തുന്ന പടയാളികള്‍ക്കും നല്കുന്ന ഉപദേശത്തില്‍ നീതിയുടെ മറ്റൊരു വശം പ്രകടമാകുന്നു. "നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത്." ആരെയും ഭീഷണിപ്പെടുത്തരുത്, വ്യാജമായ കുറ്റാരോപണം അരുത്, വേതനം കൊണ്ട് തൃപ്തിപ്പെടണം" (ലൂക്കാ 3, 12-14). നികുതി പിരിവും ക്രമസമാധാന പാലനവും സമൂഹത്തിന്‍റെ നിലനില്പിനും സുഗമമായ നടത്തിപ്പിനും ആവശ്യമാണ്. പൗരന്മാരെല്ലാം അതിനോടു സഹകരിക്കണം. എങ്കിലേ നീതി നിലനില്ക്കൂ. എന്നാല്‍ ഈ സംവിധാനങ്ങളൊന്നും ചൂഷണത്തിനു കാരണമാകരുത്, നീതി നിഷേധത്തിനു വഴിയൊരുക്കുകയുമരുത് എന്നു പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ തലങ്ങളില്‍ സമഗ്രമായ ഒരഴിച്ചു പണിയല്ല സ്നാപകന്‍ ആവശ്യപ്പെടുന്നത്, മറിച്ച് അവയുടെയെല്ലാം നീതിപൂര്‍വ്വകമായ പ്രയോഗമാണ്. നിലവിലുള്ള സംവിധാനങ്ങള്‍ മാറ്റാതെ തന്നെ സമഗ്രമായ നീതിപാലനം നടപ്പിലാക്കാന്‍ കഴിയും എന്നാണ് സ്നാപക മതം. അതിനാവശ്യം ഓരോ വ്യക്തിയിലും സംഭവിക്കേണ്ട, ആഴമേറിയ ഹൃദയപരിവര്‍ത്തനമാണ്. ഈ പരിവര്‍ത്തനത്തിനുള്ള പ്രേരകശക്തിയാകട്ടെ ദൈവരാജ്യം ആസന്നമായിരിക്കുന്നു എന്ന അവബോധവും. മാനസാന്തരം വ്യക്തിജീവിതത്തിലും സമൂഹത്തിലും ദൃശ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്തും, വരുത്തണം. അതുണ്ടാകുന്നില്ലെങ്കില്‍ സമൂലനാശമായിരിക്കും സംഭവിക്കുക എന്ന് കോടാലി, വീശുമുറം, തീക്കൊള്ളി മുതലായ പ്രതീകങ്ങളിലൂടെ താക്കീതു നല്കുന്നു. ഇതെല്ലാം വഴിയൊരുക്കങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ രക്ഷകന്‍ പിന്നാലെ വരുന്നു. അവനാണ് ശാശ്വതമായ നീതി സ്ഥാപിക്കുക.

ജീവിതസാക്ഷ്യവും ഉപദേശങ്ങളും മാത്രമായിരുന്നില്ല സ്നാപകന്‍റെ ദൗത്യം. അനീതിയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത കടന്നാക്രമങ്ങള്‍ക്കും സ്നാപകന്‍ തയ്യാറായി. അവന്‍റെ ശബ്ദം കേട്ട് സിംഹാസനങ്ങള്‍ കിടിലം കൊണ്ടു. 'നിന്‍റെ സഹോദരന്‍ ജീവിച്ചിരിക്കേ അവന്‍റെ ഭാര്യയെ നീ ഭാര്യയാക്കുന്നത് നിയമലംഘനമാണ്, വ്യഭിചാരമാണ്. ദൈവകോപം വിളിച്ചുവരുത്തുന്ന അനീതിയാണ്. പറഞ്ഞയയ്ക്കൂ ആ വേശ്യയെ' എന്ന് ഹേറോദേസ് അന്തിപ്പാസിനെതിരെ ഗര്‍ജ്ജിച്ച സ്നാപകന്‍ നീതിക്കുവേണ്ടി നിലവിളിക്കുന്ന പ്രവാചകശബ്ദത്തിന്‍റെ മറ്റൊരു വശം വ്യക്തമാക്കുന്നു. ദാവീദിനെതിരെ നാഥാനും ആഹാബിനെതിരെ ഏലിയായും എടുത്ത പ്രവാചകനിലപാടിന്‍റെ തുടര്‍ച്ച ഇവിടെ കാണാം. രാജകോപം ഭയന്ന് മാളങ്ങളിലൊളിക്കുകയോ ചുവടുമാറ്റി ചവിട്ടുകയോ ചെയ്യുന്ന ഭീരുവായിരുന്നില്ല സ്നാപകന്‍. തന്‍റെ നിലപാടിന്‍റെയും പ്രഘോഷണത്തിന്‍റെയും ഫലം എന്തായിരിക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് സ്നാപകന്‍ രാജാവിനെ മാനസാന്തരത്തിനു വെല്ലുവിളിച്ചത്.

തന്‍റെ ജീവന്‍ അപകടത്തിലായേക്കും എന്നു ഭയന്ന ഹേറോദിയാ തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കി. തടവറയില്‍ കിടന്ന സ്നാപകന്‍റെ തലവെട്ടി തളികയില്‍ വച്ചുതരണം എന്ന് മകള്‍ വഴി ഭര്‍ത്താവിനോടാവശ്യപ്പെടാന്‍ അവള്‍ മടിച്ചില്ല. ഒരു ആട്ടക്കാരിയുടെ വാക്കുകേട്ട് പ്രവാചകന്‍റെ കഴുത്തറക്കാന്‍ നട്ടെല്ലു നഷ്ടപ്പെട്ട ആ ഭരണാധിപന്‍ തയ്യാറായി. നീതിക്കുവേണ്ടി സ്നാപകന്‍ കൊടുക്കേണ്ടിവന്ന വില തന്‍റെ തല തന്നെയായിരുന്നു.
സ്നാപകന്‍ വരച്ചു കാട്ടുന്ന സാമൂഹ്യനീതിയുടെ രൂപരേഖ ഇവിടെ പൂര്‍ത്തിയാകുന്നു. അത്യാവശ്യകാര്യങ്ങള്‍ കൊണ്ടു തൃപ്തിപ്പെടുന്ന ജീവിതം. ആര്‍ഭാടങ്ങളും ആഡംബരങ്ങളും ഒഴിവാക്കി, ഏവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനും വളരാനും അവസരം സൃഷ്ടിക്കുന്ന ലാളിത്യം. ആചാരാനുഷ്ഠാനങ്ങളില്‍ അഭിരമിക്കാതെ പാരമ്പര്യങ്ങളില്‍ ഊറ്റം കൊളളാതെ, പൂര്‍ണഹൃദയത്തോടെ കര്‍ത്താവിലേക്കു തിരിയാനും അയല്ക്കാരനെ തന്നെപ്പോലെ തന്നെ പരിഗണിച്ചു സ്നേഹിക്കാനും പരിചരിക്കാനും തയ്യാറാകുന്ന സാഹോദര്യം. അനീതിയുടെ കോട്ടകള്‍ക്കു മുമ്പില്‍ ഭയന്നു പിന്മാറാതെ ദൈവനിയമത്തിന്‍റെ പേരില്‍ പരിവര്‍ത്തനത്തിനു വെല്ലുവിളിക്കുന്ന പ്രവാചക ധീരത. ഇതൊക്കെയാണ് സ്നാപകയോഹന്നാനില്‍ നിന്ന് ഇന്നും സ്വീകരിക്കാവുന്ന സാമൂഹ്യനീതിയെ സംബന്ധിച്ച വിലപ്പെട്ട പാഠങ്ങള്‍.

 

You can share this post!

ദേവാലയം - ദൈവാലയം

മൈക്കിള്‍ കാരിമറ്റം
അടുത്ത രചന

കവിത തുടല്‍

സുരേഷ് നാരായണന്‍
Related Posts