news-details
എഡിറ്റോറിയൽ

അധികം അടുത്തുവരരുത്. നിങ്ങള്‍ക്ക് നൃത്തം ചെയ്യാവുന്നത്ര അകലം പരസ്പരം പാലിക്കണം. എപ്പോഴും മറ്റേയാളുടെ കരവലയത്തിലായാല്‍ അത് മടുപ്പുണ്ടാക്കും. അത് ശ്വാസം മുട്ടിക്കുമെന്ന് മാത്രമല്ല മറ്റെയാളുടെ സ്വാതന്ത്ര്യത്തെ നിഹനിക്കലുമാകും.

-ഖലീല്‍ ജിബ്രാന്‍


 ഡിസംബര്‍, ഓര്‍മ്മിപ്പിക്കുന്നത് ഒരു കുടുംബത്തിലെ മൂന്നു വ്യക്തികള്‍ വ്യത്യസ്തമായ ദൈവാനുഭവ വഴിയിലൂടെ അവിടുത്തെ മഹത്വം ദര്‍ശിക്കുന്നതാണ്. ഒരു സിനിമ കാണുന്നപോലെ ഉദ്വോഗജനകമാണിവരുടെ ജീവിതങ്ങള്‍. സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളും സന്തോഷവും, ആത്മീയാനുഭവങ്ങളും ഒരു കുഞ്ഞിന്‍റെ ജനനത്തോടെ താത്കാലികമായി ശുഭപര്യവസാനവും. കുടുംബജീവിതത്തിന്‍റെ ശരിക്കുള്ള നേര്‍ക്കാഴ്ചയാണ് ഈ കുടുംബം. അവിഹിത ഗര്‍ഭത്തിന്‍റെയും സംശയത്തിന്‍റെയും നിഴലില്‍ തുടങ്ങി മുപ്പത്തിമൂന്നു വയസ്സുള്ള യേശുവിന്‍റെ മരണംവരെയും മറിയത്തിന് വാര്‍ത്തകള്‍ മംഗളകരമായിരുന്നില്ല. ഒരു സ്വപ്നത്തിനു പുറകെ തന്‍റെ അഭിലാഷങ്ങളും ജീവിതവും ഹോമിച്ച യൗസേപ്പിനും വാര്‍ത്തകള്‍ മംഗളമല്ല. പുല്‍ക്കൂട്ടില്‍ ജനിക്കുന്ന ശിശുവിന്, പിതാവായ ദൈവത്തിന്‍റെ ഹിതത്തിനുവേണ്ടി മനുഷ്യകുലത്തില്‍ അവതരിച്ച ശിശുവിനും വാര്‍ത്തകള്‍ അത്ര നല്ലതല്ല. ദൈവം തിരുമനസായത് നിറവേറട്ടെ എന്ന് ജീവിതത്തെ സമര്‍പ്പിക്കുമ്പോള്‍ മറിയത്തെപ്പോലെ കീര്‍ത്തനം ആലപിക്കാനും വാര്‍ത്തകളെ മംഗളവാര്‍ത്തയായി കാണാനുമുള്ള ആത്മീയ ബലവും, അതിജീവനത്തിനുള്ള മാര്‍ഗ്ഗങ്ങളും മുമ്പില്‍ തുറന്നുവരും. യൗസേപ്പിനെപോലെ മുനിയാകാനും പാനപാത്രങ്ങള്‍ സ്വീകരിക്കാനുമുള്ള കരുത്ത് ലഭിക്കും.

മറിയത്തിന്‍റെയും യൗസേപ്പിന്‍റെയും യേശുവിന്‍റെയും ജീവിതത്തില്‍ അത്ഭുതകരമായി ഒന്നും കാണുന്നില്ല. പരസ്പരം ഉള്‍ക്കൊള്ളുന്നതുകൊണ്ട് സ്വാതന്ത്ര്യത്തെ ഹനിക്കാതെ ജീവിക്കാനുള്ള ശ്രമമുണ്ട്. മറിയത്തെക്കുറിച്ച് നല്ലതല്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും ഉപേക്ഷിക്കാന്‍ യൗസേപ്പ് തയ്യാറാകുന്നില്ല. അമ്മയെയും കുഞ്ഞിനെയുംകൊണ്ടുള്ള പലായനമൊക്കെ ഭാര്യയെ എത്രമാത്രം കരുതലോടെ യൗസേപ്പ്  ശുശ്രൂഷിച്ചു എന്നതിന്‍റെ തെളിവാണ്. മകന്‍ വീഞ്ഞുകുടിയനും, ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമാണെന്നൊക്കെ വാര്‍ത്തകള്‍ കേട്ടിട്ടും മറിയം അവന്‍റെ സ്വാതന്ത്ര്യത്തിനു തടയിടുന്നതിനായി നാം കാണുന്നില്ല. പഴിചാരാനും, കലഹമുണ്ടാക്കുന്നതിനും, തളര്‍ന്നുപോകുന്നതിനും, ശിഥിലമാകുന്നതിനും, വിഷാദാത്മകതയോടെ, പ്രസരിപ്പില്ലാതെ മരിച്ചവരെപ്പോലെ ജീവിക്കുന്നതിനുള്ള നിരവധി കാരണങ്ങളുണ്ടായിരുന്നു. തകര്‍ന്നുപോകാമായിരുന്ന ഒരു കുടുംബം വിശ്വസ്തതയിലും സ്നേഹത്തിലും, സമര്‍പ്പണത്തിലും ദൈവാശ്രയബോധത്തിലും  പ്രസാദാത്മകമായി ജീവിച്ചു. പരസ്പരം പഴിചാരാതെയും താഴ്ത്തിക്കെട്ടാതെയും.

ജനാധിപത്യത്തില്‍ വിശ്വസിക്കുകയും രാജ്യഭരണം ജനാധിപത്യപരമാകണമെന്നു ചിന്തിക്കുകയും ചെയ്യുന്നവരാണ് നമ്മുടെ രാജ്യത്ത് ഭൂരിപക്ഷംപേരും. ജനാധിപത്യ ആദര്‍ശങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നവരും ആഴത്തില്‍ ചിന്തിക്കുന്നവരുമുള്‍പ്പെടെയുള്ള നാം കുടുംബ ജീവിതത്തില്‍ എത്രമാത്രം ജനാധിപത്യം ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.

* പാത്രം കഴുകുന്നതും, മുറ്റമടിക്കുന്നതും, തുണികഴുകുന്നതും, വീട് വൃത്തിയായി സൂക്ഷിക്കുന്നതും സ്ത്രീയുടെ കടമയാണെന്ന് കരുതുന്നു ചിലര്‍.

* ലൈംഗിക പങ്കാളിത്തത്തില്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍  അസംതൃപ്തിയോടെ  അനുസരിച്ച് മാനസികമായി സഹിക്കുന്ന മറ്റുചിലര്‍.

* ഉത്തരവാദിത്തങ്ങളെല്ലാം ഭര്‍ത്താവിനാണെന്ന് ചിന്തിക്കുന്ന ഭാര്യമാര്‍

* മാതാപിതാക്കളുടെ കാര്‍ക്കശ്യങ്ങളിലും, ധാര്‍ഷ്ട്യങ്ങളിലും, സ്വാതന്ത്ര്യം ഹനിക്കപ്പെട്ട് ജീവിക്കുന്ന മക്കളും മരുമക്കളും.

* ഭര്‍ത്താവ് കഴിച്ചതിന്‍റെ ബാക്കിപാത്രത്തില്‍ കഴിക്കണമെന്നുപോലും ശഠിക്കുന്ന ഭര്‍ത്താവും അമ്മായിയമ്മയും.

*  ഇമോഷണല്‍ ബ്ലാക്മെയിലിങ്ങിലൂടെ പങ്കാളിയെയും മക്കളെയും (പെണ്‍മക്കള്‍) തങ്ങളുടെ വരുതിയിലാക്കുന്നവര്‍.

* ജീവിതത്തിലെ ക്രിയാത്മക മനോഭാവം നഷ്ടപ്പെടുത്തി നാവിനെ നിയന്ത്രിക്കാതെ, അസംതൃപ്തരായി ഭര്‍ത്താവിനെയും മക്കളെയും കുറ്റപ്പെടുത്തി കുടുംബസമാധാനം തകര്‍ക്കുന്നവര്‍.

* സ്വാതന്ത്ര്യമെന്നാല്‍ ഭര്‍ത്താവിനോടുള്ള വെല്ലുവിളിയാണെന്ന് കരുതി സമൂഹത്തിലേക്ക് ഇറങ്ങി കുടുംബജീവിതം കുട്ടിച്ചോറാക്കുന്നവര്‍

ഇങ്ങനെ പോകുന്നു... നമ്മുടെ കുടുംബങ്ങളില്‍ ചിലതെങ്കിലും..

ഈ പറയുന്ന കുടുംബങ്ങളിലൊന്നും തിരുക്കുടുംബത്തിലെ ആനന്ദവും സ്വാതന്ത്ര്യവും സ്നേഹവും കാണുന്നില്ല. ഇന്ന് കുടുംബങ്ങള്‍ പലതും തകര്‍ച്ചയുടെ വക്കിലാണ്. തിരുക്കുടുംബം സ്വായത്തമാക്കിയ ദര്‍ശനങ്ങളെ ആധാരമാക്കി ജീവിക്കാന്‍  പ്രേരകമാവണം ക്രിസ്മസ് ദിനങ്ങള്‍.

65 വര്‍ഷം ഒരുമിച്ച് ആനന്ദത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബത്തിലെ സ്ത്രീയോട് ചോദിച്ചു നിങ്ങള്‍ എങ്ങനെ ഇത്രയും നീണ്ടനാള്‍ ഒരുമിച്ചു ജീവിച്ചു . സ്ത്രീ പറഞ്ഞു. ഞങ്ങള്‍ ജനിച്ച കാലത്തൊക്കെ പൊട്ടിപ്പോയത് തുന്നിപ്പിടിപ്പിക്കാറുണ്ടായിരുന്നു. ഒന്നും എറിഞ്ഞുടക്കാറില്ല. ഒട്ടിചേര്‍ക്കലുകള്‍ ഇല്ലാത്തതാണ് ഇന്നത്തെ കാലത്തിന്‍റെ കെടുതി.

When I first became paralyzed I wanted to die. But my wife wouldn’t let me, She told me I had to live to see our Son grown up. So I went on living. (തളര്‍ന്നുവീണപ്പോള്‍ മരിക്കുകയാണ് ഭേദമെന്ന് ഞാന്‍ കരുതി. പക്ഷേ ഭാര്യ അനുവദിച്ചില്ല. ഞങ്ങളുടെ മകന്‍ വളരുന്നത് കാണാന്‍ ജീവിച്ചിരിക്കണമെന്ന് അവള്‍ എന്നോട് പറഞ്ഞു. ഞാന്‍ ജീവിച്ചു).

Breathe  എന്ന ഹൃദയമുള്ള സിനിമയിലെ നായകന്‍റെ  വാക്കുകളാണിത്. സുന്ദരനും ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമായ നായകന്‍ അപ്രതീക്ഷിതമായി പോളിയോ രോഗത്താല്‍ ശരീരം തളര്‍ന്ന് വിഷാദാത്മക മനസ്സോടെ മരണത്തെ തീവ്രമായി ആഗ്രഹിക്കുന്നു. ഭാര്യയുടെ നിബന്ധനങ്ങളില്ലാത്ത സ്നേഹംകൊണ്ട് ജീവിക്കാനുള്ള ആഗ്രഹത്തെ തിരിച്ച് പിടിക്കുമെന്ന് മാത്രമല്ല വേദനിക്കുന്ന അനേകര്‍ക്ക് അയാള്‍ കരുത്താകുകയും ചെയ്യുന്നു.

വര്‍ഷങ്ങള്‍ നീണ്ട ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത് കാണാറുണ്ട്. സ്നേഹമെന്നത് കേവലവികാരപ്രകടനങ്ങളല്ല, പ്രതിബദ്ധതയാണെന്ന തിരിച്ചറിവില്ലാത്തതുകൊണ്ടാണത് സംഭവിക്കുക. നഷ്ടമായ വെളിച്ചത്തെ നര്‍മ്മബോധത്തിലൂടെ വീണ്ടെടുക്കുകയാണ് ആവശ്യം. ആത്മാര്‍ത്ഥതയുടെ ഉള്‍ക്കരുത്തുള്ള ഒരാളുടെ സാന്നിധ്യം മതി ഇരുണ്ടു മൂടിയ അന്തരീക്ഷത്തില്‍ പ്രകാശം പരക്കാന്‍.

കുടുംബജീവിതത്തില്‍ ശക്തി ചോര്‍ന്നുപോകുമ്പോള്‍, ലഹരി നഷ്ടപ്പെടുമ്പോള്‍ തിരുക്കുടുംബം ദിശാബോധവും, അതിജീവനത്തിനുള്ള കരുത്തും പകരട്ടെ.

കുടുംബജീവിതം എങ്ങനെ സംതൃപ്തികരമാക്കണം. ലളിതമായ ഭാഷയിലൂടെ പ്രശ്ന ധ്യാന പ്രഘോഷകനായ ജോസഫ് പുത്തന്‍പുരയ്ക്കലച്ചനും, ക്രൈസ്തവ കുടുംബ ജീവിതത്തില്‍ വിവാഹമെന്ന കൂദാശയുടെ മാഹാത്മ്യം കുര്യാക്കോസ് കണ്ണങ്കര അച്ചനും, നിസാരകാര്യങ്ങള്‍ക്കുവേണ്ടിയും മാമൂലുകള്‍ക്കുവേണ്ടിയും ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്നതിനേക്കുറിച്ച് തോണിക്കുഴിയച്ചനും അകം താളുകളില്‍ സംസാരിക്കുന്നു.

എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

You can share this post!

മുഖക്കുറിപ്പ്

ഫാ. പ്രിന്‍സ് കരോട്ടുചിറയ്ക്കൽ
അടുത്ത രചന

രാത്രിയില്ലായിരുന്നെങ്കില്‍ നക്ഷത്രങ്ങളും നിലാവുമെനിക്കന്യമായേനെ

റോണി കിഴക്കേടത്ത്
Related Posts