news-details
മറ്റുലേഖനങ്ങൾ

നാരായണഗുരു

ഒന്ന്

തിളച്ചുപൊന്തുന്ന മണ്‍കലം ഇറക്കി വയ്ക്കുമ്പോള്‍ ഒന്നേ ആ കുഞ്ഞിന്‍റെ ഉള്ളിലുണ്ടായിരുന്നുള്ളൂ. അത് തിളച്ചുമറിഞ്ഞുപോയാല്‍ ആ ദരിദ്രകുടുംബം പട്ടിണിയിലാകും. അത് സഹിക്കാനുള്ള ശക്തി അവന്‍റെ ഹൃദയത്തിനില്ലായിരുന്നു.

വീട്ടിലെത്തിയപ്പോഴാണ് താന്‍ ചെയ്തത് അപരാധമാണെന്ന് ആ കുഞ്ഞറിഞ്ഞത്. അന്തിച്ചു നില്ക്കുന്ന മനുഷ്യരുടെ പ്രതികരണങ്ങള്‍ എന്തിനെന്ന് അവനൊട്ടും മനസ്സിലായില്ല. അമ്മയോട് അവന്‍ പറഞ്ഞത് ഇത്രമാത്രം; താനത് ചെയ്തില്ലായിരുന്നെങ്കില്‍ അവര്‍ പട്ടിണിയായിപ്പോവില്ലേ, അമ്മേ?

ആ കുഞ്ഞിന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനു മുന്നില്‍ അമ്മ മൗനിയായി. ആ അമ്മ മാത്രമല്ല, ജാതിമതങ്ങളുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് ജീവിതം ഹോമിക്കുന്ന ഏത് ആത്മാവും ആ നിഷ്കളങ്കതയ്ക്കു മുന്നില്‍ നിശ്ചലരാകും. അതെ, ആ അലിവിനു മുന്നിലേ നാം നിശ്ചലരാകൂ.

പിന്നീടങ്ങോട്ടുള്ള ആ കുഞ്ഞിന്‍റെ ജീവിതം അതുവരെ മനുഷ്യര്‍ പിന്തുടര്‍ന്നു പോന്നിരുന്ന മനുഷ്യത്വവിരുദ്ധമായ എന്തിനോടുമുള്ള ചോദ്യങ്ങളായി, ഉത്തരങ്ങള്‍തേടി അവന്‍ എവിടെയും പോയില്ല. പ്രമാണങ്ങളില്‍ അന്ധത്വത്തെ സ്ഥാപിക്കുന്ന ബോധങ്ങളില്‍നിന്നും ഒരുപാട് അകലെയായിരുന്നു അവന്‍. അവനോ, അവന്‍റെ ജീവിതംതന്നെ ഉത്തരമാക്കി മാറ്റുകയാണ് ചെയ്തത്.

അവന്‍ അങ്ങനെയായിരുന്നു. എല്ലാ തരത്തിലുമുള്ള പട്ടിണികളും അവന്‍റെയും പട്ടിണിയായിരുന്നു. തന്‍റെ ഉള്ളിലുണരുന്ന വഴിയിലൂടെ അതിന് ഉപശമനമുണ്ടാക്കാന്‍ സദാ അവന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

പരമ്പരാഗത രീതികള്‍ പിന്തുടരുകയെന്ന അന്ധത്വമായിരുന്നില്ല അവന്‍റെ ജീവിതം. മറിച്ച് തന്‍റെ മുന്നില്‍ ജീവനും ജീവിതത്തിനുമായി ദാഹിച്ചു നില്ക്കുന്നവര്‍ക്ക് ദാഹജലം പകരുക എന്നതു മാത്രമായിരുന്നു. അതിന് അവന് മാനദണ്ഡമായിരുന്നത് മനുഷ്യത്വമെന്ന തെളിച്ചം മാത്രമായിരുന്നു.

മനുഷ്യരെന്നുപോലും കരുതാതെ അകറ്റിനിര്‍ത്തിയിരുന്ന മനുഷ്യര്‍ക്ക് അവന്‍ വൃത്തിയായി കുളിച്ചുവന്ന് ആരാധിക്കാന്‍ ഒരിടം ഉണ്ടാക്കിക്കൊടുത്തു. ഉന്നതകുലജാതര്‍ക്കുമാത്രം അനുവദനീയമായിരുന്ന ഭാഷ ഏവര്‍ക്കും പഠിക്കാന്‍ വിദ്യാലയമുണ്ടാക്കി.

ആധുനികഭാഷയായ ഇംഗ്ലീഷിനെ പരിചയിപ്പിക്കാന്‍ സ്കൂളുണ്ടാക്കി. വ്യവസായത്തെ പ്രോത്സാഹിപ്പിച്ച് പൊതുജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് മനുഷ്യരെ ഉയര്‍ത്തിക്കൊണ്ടുവന്നു. ജീവിതത്തെ സ്പര്‍ശിക്കുന്ന ഒന്നിനെയും ലൗകികമെന്നു പറഞ്ഞ് തള്ളിമാറ്റിയില്ല. പച്ചമലയാളത്തില്‍ സൂക്ഷ്മദര്‍ശനങ്ങള്‍ അവതരിപ്പിച്ചു.

അധമബോധത്തില്‍നിന്നും ഉത്തമബോധത്തിലേക്ക് ഉണര്‍ത്തിക്കൊണ്ടുവരാന്‍ താന്‍ചെയ്തതെന്തോ അത് കൂടുതല്‍ അധമത്വത്തില്‍ തന്നെ മനുഷ്യരെ കെട്ടിയിടുന്നതുകണ്ടപ്പോള്‍ അത് തുടരാതിരിക്കാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചില്ല. തള്ളിപ്പറയേണ്ടതിനെ തള്ളിപ്പറയുകതന്നെ ചെയ്തു.

ഏതെങ്കിലും ഒരു ആശയത്തെ മുന്നില്‍വെച്ച് അതിനനുസരിച്ച് ജീവിക്കാനല്ല, ജീവിതത്തെ തെളിച്ചമുള്ളതാക്കുന്ന ആശയങ്ങളെ കാലത്തിനനുസരിച്ച് തിരുത്തി സ്വീകരിക്കാനാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടുതന്നെ അദ്ദേഹം ഏതെങ്കിലും ഒരു ദര്‍ശനത്തിന്‍റെ വക്താവായില്ല. മറിച്ച് ജീവിതത്തിന്‍റെ വക്താവാകുകയാണ് ചെയ്തത്.

അതെ, നാരായണഗുരു നമുക്കിത്രയും പ്രിയപ്പെട്ടവനാകുന്നത് അതുകൊണ്ടുതന്നെയാണ്. അവന്‍ ജീവിതത്തിന്‍റെ വക്താവായിരുന്നു എന്നതുതന്നെയാണ് ആ മഹത്വം. വിശ്വാസങ്ങളുടെയും ആശയങ്ങളുടെയും അഹന്തയില്‍ തൂങ്ങി ജീവിതം ഹോമിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തില്ല. അകമേ വിരിയുന്ന വെളിച്ചത്തെ പിന്‍പറ്റി സ്വജീവിതത്തെ പ്രകാശവത്താക്കാന്‍ പ്രചോദനമായി മാറുകമാത്രമാണ് ചെയ്തത്.

രണ്ട്

നാരായണഗുരുവിന് ജാതിയുണ്ടായിരുന്നു. 'മനുഷ്യത്വം'
മതമുണ്ടായിരുന്നു. 'ആത്മസുഖം'
ദൈവമുണ്ടായിരുന്നു. 'സത്യം, ജ്ഞാനം, ആനന്ദം'
പ്രാര്‍ത്ഥിക്കുമായിരുന്നു. 'കൃതജ്ഞത'
ദേശമുണ്ടായിരുന്നു. 'പ്രപഞ്ചം'
മന്ത്രം നിര്‍ബന്ധമെങ്കില്‍ അത് 'അരുളുള്ളവനാണ് ജീവി'
എന്ന നവാക്ഷരീമന്ത്രമാകട്ടെ എന്നു ചൊല്ലിത്തന്നു.
അരുളില്ലാത്തവര്‍ അസ്ഥിയും മജ്ജയും രക്തവും മാംസവും നിറഞ്ഞ വെറും ജഡങ്ങള്‍ മാത്രമെന്ന് വിലപിച്ചു. വനമലര്‍ കൊണ്ടല്ല, മറിച്ച് മനമലര്‍കൊണ്ട് പൂജ ചെയ്യാന്‍ പറഞ്ഞു. ഇനി വനമലരായാലും അത് ബോധമുണരാനാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു.

മനുഷ്യരാവുക എന്ന് ഗുരു കരഞ്ഞത് വെട്ടിമുറിച്ച് പരിശോധിക്കേണ്ട. അത് പച്ചക്ക് പറഞ്ഞ സത്യം. വ്യാഖ്യാനിച്ച് വികൃതമാക്കാതിരുന്നാല്‍ മതി. വാദിച്ചും ജയിച്ചും നേടിയതെല്ലാം തോറ്റുതൊപ്പിയിട്ടത് ഗുരു അറിഞ്ഞു. അറിയുകയും അറിയിക്കുകയും ചെയ്യുന്നത് വിനയപൂര്‍വ്വമാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. ആനയെ കണ്ട അന്ധരെപ്പോലെ പലവിധ യുക്തിപറഞ്ഞ് തമ്മില്‍ തല്ലുന്ന പാമരന്മാരില്‍ നിന്ന് അകന്നു മാറാന്‍ സദാ ഉണര്‍ത്തിച്ചു.

അറിവ് എന്ന് അഗ്നിയില്‍ അടിമുടി സ്ഫുടം ചെയ്തെടുക്കേണ്ട ജീവിതത്തിന് വഴികാട്ടിയായി. ഇന്ന് നാം ആ ജ്ഞാനാഗ്നിയെ നമ്മുടെ യുക്തിയിലും ഭക്തിയിലും തളച്ചിടാന്‍ പെടാപാടുപെടുമ്പോള്‍ എവിടെയും ഉറച്ചുനില്ക്കാതെ വഴുതി വഴുതിപ്പോകുന്നത് അവനില്‍നിന്ന് നാം അത്രമാത്രം അകന്നുപോയതുകൊണ്ടാണ്. അവനെ അറിയാനല്ല നാം ശ്രമിക്കുന്നത്. മറിച്ച് അവനെ നമ്മുടെ പൈശാചിക സങ്കുചിതത്വത്തിലേക്ക് വ്യാഖ്യാനിച്ചൊതുക്കാനാണ്.

ഗുരുപരമ്പരകളേ, ഞങ്ങളോട് പൊറുക്കുക. ഒരൊറ്റ കാറ്റില്‍ നിലംപരിശാകുന്ന നൈമിഷിക കീടങ്ങളായ ഞങ്ങള്‍ക്ക് ഗുരുത്വമെന്തെന്ന് തെളിയാന്‍ ബോധം തെളിഞ്ഞിട്ടില്ല. ഞങ്ങള്‍ നിന്നെ വെട്ടിമുറിച്ച് പങ്കിട്ടെടുക്കാന്‍ ആക്രോശിക്കുമ്പോള്‍ എന്നത്തേയുംപോലെ കരഞ്ഞുകൊണ്ട് പൊറുക്കുക... അന്നും നിന്നെ ഞങ്ങള്‍ കരയിച്ചിട്ടുണ്ട്. ഇന്നും ഞങ്ങളത് തുടരുന്നു. എന്തുകൊണ്ടെന്നോ? ഞങ്ങള്‍ക്ക് വേണ്ടത് അധികാരമാണ്. പണവും പ്രശസ്തിയുമാണ്. അല്ലാതെ നിന്നെയല്ല. നിന്‍റെ തെളിച്ചമല്ല. നീ കാട്ടിയ വെളിച്ചമുള്ള വഴിയുമല്ല.

അതുകൊണ്ടു തന്നെയാണ് നിന്‍റെ വാക്കുകളെയുപേക്ഷിച്ച് നിന്‍റെ തപസ്സിനെയവഗണിച്ച് നിന്‍റെ കര്‍മ്മങ്ങളെ കലുഷമാക്കി ഞങ്ങള്‍ നിനക്ക് കവലതോറും സിമന്‍റ് പ്രതിമകള്‍ പണിതത്. അവിടെ നീ മൗനമായിരിക്കുക. ഇവിടെ ഞങ്ങള്‍ നിനക്ക് ഗുരു.

മൂന്ന്

നാരായണഗുരു പറയുന്നു: തന്‍റെ അഭിപ്രായമാണ് ഏറ്റവും ശരിയെന്നു പറയുന്നത് കേവലം അഹന്തയാലാണ്. ഒരഭിപ്രായത്തിനും അതെത്രതന്നെ ഉച്ചത്തില്‍ ആവര്‍ത്തിച്ചാലും മുഴുവന്‍ സത്യത്തെയും വെളിപ്പെടുത്താനാവില്ല. ആനയെക്കണ്ട അന്ധരുടെ കഥപോലെയാണത്.

ഏതെങ്കിലും ഒരു മതത്തെ ശരിയെന്നു സ്ഥാപിക്കാനുള്ള വാദം വെറും പ്രാണവ്യയമാണ്. ഒരു അഭിപ്രായം മാത്രം നിലനില്‍ക്കുക എന്നത് പ്രകൃതിയുടെ വ്യവസ്ഥയ്ക്ക് നിരക്കുന്നതല്ല. ഇത്ര ലളിതമായ സത്യം മനസ്സിലാക്കാതെയും മനുഷ്യരുടെ പ്രാഥമികാവശ്യങ്ങളെ മറന്നും ആളുകള്‍ വെറുംവാക്കുകളെപ്രതി ചേരിതിരിഞ്ഞു പോരടിക്കുന്നു.

ഒരു മനുഷ്യന്‍റെ മതം അയാളുടെ വ്യക്തിപരമായ ബോധ്യത്തിന്‍റെ ഫലമാണ്. അത് ഓരോ മനുഷ്യന്‍റെയും വികാസപരിണാമങ്ങള്‍ക്കൊത്ത് വ്യത്യസ്തമായിരിക്കും. ആ നിലയ്ക്ക് ഓരോ മനുഷ്യനും ഓരോ മതമാണെന്നോ രണ്ടു മനുഷ്യര്‍ക്ക് ഒരേ മതം ഉണ്ടാകില്ലെന്നോ കരുതാം.

അതേ സമയം ലോകത്തിലെ എല്ലാ മതങ്ങളും അവയുടെ അന്തഃസത്തയില്‍ യോജിക്കുന്നു. സത്യത്തിനും ധര്‍മ്മത്തിനുമായാണ് അവയെല്ലാം നിലകൊള്ളുന്നത്. അവയ്ക്കെല്ലാം പൊതുവായ ലക്ഷ്യമാണുള്ളത്.

മനുഷ്യനെന്തിനാണ് തന്‍റെ വിശ്വാസത്തിനായി പോരടിക്കുന്നത്? അത് അജ്ഞതമൂലമാണ്. മനുഷ്യന്‍ അഭിപ്രായഭിന്നതകള്‍ക്ക് വശപ്പെടരുത്. മറിച്ച്, എല്ലാവരും ആത്മസുഖത്തിനായാണ് പ്രയത്നിക്കുന്നതെന്നറിഞ്ഞ് ശാന്തരായി കഴിയണം.

ആളുകള്‍ പലതരം വസ്ത്രങ്ങള്‍ ധരിക്കുന്നു. ചിലര്‍ക്ക് താടി വയ്ക്കാന്‍ ഇഷ്ടമാണ്. മറ്റു ചിലര്‍ മുടി വടിച്ചവരാണ്. വിവരമുള്ളവര്‍ ഇതിന്‍റെയൊന്നും പേരില്‍ ശണ്ഠകൂടില്ല. അതുപോലെ ഭാഷകള്‍ വ്യത്യസ്തമായിരിക്കുന്നു. എങ്കിലും മനുഷ്യരാശി ഒന്നാണെന്നു കാണാന്‍ പ്രത്യേകിച്ചു തെളിവിന്‍റെയൊന്നും ആവശ്യമില്ല. പിന്നെന്തിനാണ് മനുഷ്യന്‍ ഭിന്നിക്കുന്നതും വിദ്വേഷം പരത്തുന്നതും?

എല്ലാം വെറുതെ... പോരടിക്കുന്നതുകൊണ്ട് നാശമേ ഉണ്ടാകൂ എന്ന് മനുഷ്യന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ലളിതമായ ഈ സത്യം അറിഞ്ഞാല്‍ പിന്നെ അവന്‍ പോരടിക്കില്ല.

(മൂന്ന്: നടരാജഗുരുവിന്‍റെ ഗുരുവരുള്‍ (The Word of the Guru) എന്ന പുസ്തകത്തില്‍ നിന്ന്)

You can share this post!

ഹൃദയനിക്ഷേപം

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

മുള

സഖേര്‍
Related Posts