news-details
കവർ സ്റ്റോറി

അവളുടെ ദിനങ്ങള്‍

ജീവിതത്തിലെ ഏറ്റവും മനോഹരവും നിര്‍ണ്ണായകവുമായ കാലമാണ് ബാല്യത്തില്‍നിന്നും കൗമാരത്തിലേക്കുള്ള ചുവടുവയ്പ്.

ബാഹ്യമായി പ്രകടമാകുന്ന ശാരീരിക വളര്‍ച്ച മാത്രമല്ല കൗമാരം. വളര്‍ച്ചയ്ക്ക് കാരണമായ പലതരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി മാനസികവും വൈകാരികവും ലൈംഗികവുമായ ചിന്തകളും കാഴ്ചപ്പാടുകളും കുട്ടികളില്‍ ഉടലെടുക്കുന്നു. എതിര്‍ലിംഗത്തോടുള്ള ആകര്‍ഷണം, ലൈംഗികാകര്‍ഷണം ഒക്കെ കൂടുതലായി തോന്നിത്തുടങ്ങുന്ന സമയമാണിത്. വളര്‍ച്ചയുടെ ഭാഗമായുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം മുഖക്കുരു, മുടികൊഴിച്ചില്‍,കറുത്തപാടുകള്‍ എന്നിവയൊക്കെ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഇത് കൗമാരക്കാരുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കുന്നു. ശാരീരിക മാറ്റങ്ങളെ കുറിച്ചു കുട്ടികള്‍ കൂടുതല്‍ ബോധവാന്മാരായിത്തീരുന്നതുകൊണ്ട് ഈ സമയം അവര്‍ കണ്ണാടിയുടെ മുന്‍പിലും കുളിമുറിയിലുമൊക്കെ കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട്. വീട്ടിലുള്ളവര്‍ അവരെ മനസ്സിലാക്കുന്നില്ല എന്ന ചിന്തയില്‍ അവര്‍ പെട്ടെന്ന് ദേഷ്യപ്പെടുകയോ ആരോടും മിണ്ടാതിരിക്കുകയോ ചെയ്യും. ചിലപ്പോള്‍ നിരാശ വരെ ബാധിക്കും. ഇതെല്ലാം സ്വാഭാവികമായ വളര്‍ച്ചയുടെ പ്രത്യേകതകളാണെന്നുള്ള തിരിച്ചറിവ് അവരെ പറഞ്ഞു മനസ്സിലാക്കുകയും കൂടെ നില്‍ക്കുകയും ആണ് ചെയ്യേണ്ടത്.

ഇന്നത്തെ ജീവിതശൈലിയില്‍ ബാല്യകാലം തീരുന്നതിനു മുന്‍പേ എത്തുന്ന ആര്‍ത്തവം പല പെണ്‍കുട്ടികള്‍ക്കും സ്വഭാവവ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നു. ആര്‍ത്തവം എന്ന് പറയുന്നത് എന്നും മാറ്റിനിര്‍ത്തേണ്ട അല്ലെങ്കില്‍ കുടുംബത്തിലോ സമൂഹത്തിലോ ഉറക്കെ പറയാന്‍ പാടില്ലാത്ത ഒരു കാര്യമായാണ് കണ്ടിരുന്നത്. ഇന്ന് ഈ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഒരു രഹസ്യസ്വഭാവം ഇന്നും നിലനില്‍ക്കുന്നു. ആര്‍ത്തവം സമൂഹത്തില്‍ നിന്നും മറച്ചുവെയ്ക്കാനായി സ്ത്രീകള്‍ നടത്തുന്ന ശ്രമങ്ങള്‍ അതാണ് തെളിയിക്കുന്നത്.

എന്താണ് ആര്‍ത്തവം? ഒരു പെണ്‍കുട്ടി സ്ത്രീയായി എന്നതിന്‍റെ പ്രകടമായ തെളിവാണ് ആര്‍ത്തവം. അവള്‍ക്കു അമ്മയാകാനുള്ള കഴിവുണ്ടെന്നും അങ്ങനെ ഈ പ്രപഞ്ചവ്യവസ്ഥയില്‍ പ്രകൃതി മാതാവിനോടൊപ്പം അവള്‍ക്കും പങ്കുചേരാനാകും എന്നതാണ് ആര്‍ത്തവത്തിന്‍റെ ആത്മീയ വശം.

നമ്മുടെ സംസ്കാരത്തിലും കുടുംബങ്ങളിലും ആര്‍ത്തവത്തിനു കൊടുക്കുന്ന രഹസ്യാത്മകതയും മാറ്റിനിര്‍ത്തലുമൊക്കെ ഇതെന്തോ മോശപ്പെട്ട കാര്യമാണ് എന്ന ചിന്തയാണ് പെണ്‍കുട്ടികളിലുണ്ടാക്കുന്നത്. ആദ്യമായി ആര്‍ത്തവമുണ്ടാകുമ്പോള്‍ മുതിര്‍ന്നവരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമൊക്കെ ഉണ്ടാകുന്ന കളിയാക്കലുകള്‍, വയ്ക്കുന്ന നിയന്ത്രണങ്ങള്‍, സ്വാതന്ത്ര്യത്തിനു വരുന്ന തടസ്സം എല്ലാം ചേര്‍ന്ന് ഈ ശാരീരിക മാറ്റത്തെ മനസ്സുകൊണ്ട് അംഗീകരിക്കുവാനോ ഇഷ്ടപ്പെടാനോ കഴിയാത്തവരാണ് ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും. ഇതിനാല്‍ തന്നെ വലിയൊരു വിഭാഗം പേരിലും ആര്‍ത്തവസമയത്ത് അനുഭവപ്പെടുന്ന വേദനകള്‍ മനോജന്യമാകാം. ഹോര്‍മോണുകളുടെ വ്യതിയാനഫലമായി ഈ സമയത്ത് വൈകാരിക, മാനസിക, ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുക സ്വാഭാവികം. ഇറിറ്റേഷന്‍, വിഷാദം, ദേഷ്യം, അസ്വസ്ഥത, അപകര്‍ഷത, ആകുലത, ഏകാന്തത, മറവി, ഏകാഗ്രതയില്ലായ്മ, പിരിമുറുക്കം തുടങ്ങിയവയെല്ലാം ആര്‍ത്തവത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ അനുഭവപ്പെടാം. ശരീരത്തിന് ശക്തമായ ക്ഷീണം, തളര്‍ച്ച, ഉറക്കക്കുറവ്, ഭക്ഷണത്തിനോട് താത്പര്യമില്ലായ്മയോ, താത്പര്യക്കൂടുതലോ, തലകറക്കം, പൊട്ടിത്തെറിക്കുന്ന സ്വഭാവം, എല്ലാത്തില്‍ നിന്നും ഉള്‍വലിയാനുള്ള പ്രവണത, വയറുകമ്പിക്കുക, വയറുവേദന, തലവേദന, മസിലുകള്‍ക്ക് വേദന, ഭാരക്കൂടുതല്‍ ഇവയും ആര്‍ത്തവത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ അനുഭവപ്പെടാം. ആര്‍ത്തവത്തെ സ്ത്രീത്വത്തിനു ലഭിച്ചിരിക്കുന്ന അനുഗ്രഹമായി കാണാനും അതിനെ സ്വാഭാവികമായി നേരിടാനും കഴിഞ്ഞാല്‍ ഈ അസ്വസ്ഥതകളെ അതിജീവിക്കുവാനും കുറയ്ക്കുവാനും കഴിയും. ഓവുലേഷന് മുന്നോടിയായും ആര്‍ത്തവത്തിനു മുന്‍പും സ്ത്രീകളില്‍ പലവിധ ശാരീരിക മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്.

ഇത് മനസ്സിലാക്കി അവരോടു പെരുമാറാന്‍ വീട്ടിലുള്ള എല്ലാ അംഗങ്ങളും ശ്രദ്ധിക്കേണ്ടതാണ്. കൗമാരപ്രായത്തിലെ മാറ്റങ്ങള്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പലവിധ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും. ഈ മാറ്റങ്ങളെകുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തില്ലെങ്കില്‍ അവര്‍ വഴിമാറി സഞ്ചരിക്കാന്‍ ഇടയുണ്ട്.

എന്‍റെ പതിനഞ്ചാം വയസിലാണ് ആദ്യാര്‍ത്തവം ഉണ്ടാകുന്നത്. ശാസ്ത്രീയമായ അറിവോ ധാരണയോ ഒന്നുമില്ലായിരുന്നു എനിക്ക്. എന്‍റെ അമ്മ ഒന്നും പറഞ്ഞുതന്നിരുന്നില്ല. ഒരു കൂട്ടുകാരി രഹസ്യമായി പങ്കുവച്ച മുറിവൈദ്യം എന്ന് പറയുന്നതുപോലുള്ള മുറി അറിവ് മാത്രം. ചോര കണ്ടു പകച്ചുപോയി ഞാന്‍. ഇനി എന്തു ചെയ്യും എന്ന ഭയവും സഹോദരങ്ങളൊക്കെ അറിഞ്ഞാലുള്ള ചമ്മലും മനസ്സിലോര്‍ത്തു തളര്‍ന്നു പോയ ഞാന്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് അമ്മയോടു പറയാന്‍ ധൈര്യപ്പെട്ടത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ഞാനും രണ്ടു മക്കളുടെ അമ്മയായി. ഇവിടെ ഓസ്ട്രിയായില്‍ രണ്ടാം ക്ലാസുമുതല്‍ കുട്ടികള്‍ക്ക് ആണിന്‍റെയും പെണ്ണിന്‍റെയും ശരീരത്തെക്കുറിച്ചും ശരീരധര്‍മ്മങ്ങളെക്കുറിച്ചും സ്കൂളുകളില്‍ പഠിപ്പിച്ചു തുടങ്ങും.

കുട്ടിത്തം വിട്ടുമാറാത്ത എന്‍റെ മോള്‍ക്ക് പത്താം വയസിലാണ് ആര്‍ത്തവം ഉണ്ടായത്. അതിനു മുമ്പേ തന്നെ എന്‍റെ അമ്മമനസ്സ് പല നിരീക്ഷണങ്ങള്‍ കൊണ്ട് ഉടനെ ഉണ്ടാകും എന്ന നിഗമനത്തിലെത്തിയിരുന്നു. അത് ഭര്‍ത്താവിനോടും പറഞ്ഞു. മോളെ അടുത്തിരുത്തി ശാസ്ത്രീയമായി തന്നെ ഞാനവള്‍ക്ക് എല്ലാം പറഞ്ഞുകൊടുത്തു. പേടിക്കേണ്ടതില്ലെന്നും സ്കൂളില്‍ ആണെങ്കില്‍ ടീച്ചറോട് പറയണമെന്നും ഞാന്‍ വന്നു കൂട്ടികൊണ്ടുപോരാം എന്നും വാക്കു കൊടുത്തു.

അവള്‍ക്കു ആയതിനുശേഷം രണ്ടു വയസ്സിനിളയ എന്‍റെ മോനോടും ഞാന്‍ എല്ലാം തുറന്നു പറഞ്ഞു. എന്‍റെയും മോളുടെയും ആ ദിവസങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ രഹസ്യമല്ല. നാപ്കിന്‍ വരെ എന്‍റെ മോന്‍ വാങ്ങിച്ചുകൊണ്ടുവരാറുണ്ട്.

വീടുകളിലെ തുറന്ന സംസാരത്തിലൂടെ കൗമാരക്കാര്‍ അവര്‍ പോലുമറിയാതെ പക്വതയാര്‍ന്ന സ്ത്രീയും പുരുഷനുമായി സമൂഹത്തില്‍ ജീവിക്കും.

കുട്ടികളോട് തുറന്ന മനോഭാവം  സ്വീകരിച്ചാല്‍ പല പ്രശ്നങ്ങളും ഉടലെടുക്കാനുള്ള സാധ്യത പോലും ഉണ്ടാകാറില്ല.  

You can share this post!

കുടുംബം ഒരു ദേവാലയം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts