news-details
ഫ്രാൻസിസ്കൻ വിചാര ധാര

പറയ്ക്കടിയിലെ വിളക്കുകള്‍

'ഫ്രാന്‍സിസും ക്ലാരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരവസരത്തില്‍ ചില കുശുകുശുപ്പുകള്‍ ഉയര്‍ന്നു. അതില്‍ ചിലത് ഫ്രാന്‍സിസിന്‍റെ ചെവിയിലും എത്തി. "സിസ്റ്റര്‍, അവര്‍ നമ്മെക്കുറിച്ച് എന്താണ് പറയുന്നതെന്ന് കേട്ടുവോ?" ക്ലാരയ്ക്ക് മറുപടി പറയാനായില്ല. ഹൃദയം നിലച്ചതുപോലെ അവള്‍ക്കു തോന്നി. ഒരു വാക്ക് ഉച്ചരിച്ചാല്‍ കരഞ്ഞുപോകും. "നാം പിരിയേണ്ടിയിരിക്കുന്നു," ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു. "സിസ്റ്റര്‍ പൊയ്ക്കൊളൂ. ഇരുട്ടുവീഴും മുമ്പ് മഠത്തിലെത്തണം. ഞാനും പിറകേയുണ്ടാവും. തനിച്ച്. ദൈവം എനിക്ക് നല്കിയ നിര്‍ദ്ദേശം അതാണ്." ക്ലാര വഴിമദ്ധ്യേ തളര്‍ന്നു വീണു. അല്‍പ്പസമയത്തിനു ശേഷം എണീറ്റു മുന്നോട്ടു നടന്നു. തിരിഞ്ഞുനോക്കാതെ. പാത ഒരു വനത്തിലേക്ക് നീണ്ടു. പെട്ടെന്ന് ക്ലാരയ്ക്ക് നിയന്ത്രണം നഷ്ടമായി. അവള്‍ ഏതാനും നിമിഷം കാത്തുനിന്നു. "നാം ഇനി എന്നു കാണും ഫാദര്‍?" അവള്‍ ചോദിച്ചു. "പനിനീര്‍പൂക്കളെ വിരിയിക്കുന്ന വേനല്‍ക്കാലമെത്തുമ്പോള്‍" അവന്‍ മറുപടി പറഞ്ഞു. അപ്പോള്‍, ആ നിമിഷം, മഞ്ഞുപുതച്ചു കിടന്ന പ്രദേശമാകെ ആയിരിക്കണക്കിന് പൂക്കള്‍ വിടര്‍ന്നു. ആദ്യത്തെ അമ്പരപ്പുമാറിയപ്പോള്‍, ക്ലാര പൂക്കളിറുത്ത് പൂച്ചെണ്ടുണ്ടാക്കി ഫ്രാന്‍സിസിനു സമ്മാനിച്ചു. അതിനു ശേഷം ഫ്രാന്‍സിസും ക്ലാരയും വേര്‍പിരിഞ്ഞിട്ടില്ല." (ഫ്രാന്‍സിസ്കന്‍ പാരമ്പര്യം)

സന്ദിഗ്ദ്ധതകളുടെ കൗമാരത്തിലാണ് ക്ലാര അജ്ഞാതവും അന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്തതും അപകടകരവും അവ്യക്തവുമായ ആ വഴി തെരഞ്ഞെടുത്തത്. നാടുവാഴിത്ത ചട്ടക്കൂട്ടിലെ സാമൂഹികസദാചാര കാര്‍ക്കശ്യങ്ങളില്‍ ഒരു പ്രഭുകുമാരിക്ക് അചിന്ത്യമെന്നല്ല, അത്യന്തം വിദൂരസങ്കല്പങ്ങളില്‍  പോലും കടന്നുവരാനിടയില്ലാത്ത മാര്‍ഗഭ്രംശം.

ഫ്രാന്‍സിസിനു മാനസാന്തരം സംഭവിച്ചുകഴിഞ്ഞിരുന്നു. ക്ലാര മാതാപിതാക്കളോടൊപ്പം കുടുംബത്തില്‍ താമസിച്ചുപോന്നു. ഫ്രാന്‍സിസിനെക്കുറിച്ച് അറിഞ്ഞ ക്ലാര അവനെ കാണാനും കേള്‍ക്കാനും ആഗ്രഹിച്ചു. ക്ലാരയെ കാണുന്നതിന് ഫ്രാന്‍സിസിനും ആഗ്രഹമുണ്ടായി. ഫ്രാന്‍സിസും ക്ലാരയും പലതവണ കണ്ടുമുട്ടി. അവരുടെ ദൈവികസൗഹൃദം ഗാഢമായി.

ഫ്രാന്‍സിസ് നിര്‍ദ്ദേശിച്ചതനുസരിച്ച് ക്ലാര വീടുവിട്ടിറങ്ങി. അവള്‍ നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. ഫ്രാന്‍സിസും കൂട്ടരും പോര്‍സ്യുങ്കുലായില്‍ കാത്തുനിന്നിരുന്നു. അവര്‍ ക്ലാരയുടെ നീണ്ട സ്വര്‍ണവര്‍ണമുടി മുറിച്ചു. ഫ്രാന്‍സിസിന്‍റെ കൈകളാല്‍ അവള്‍ ക്രിസ്തുവിന്‍റെ മണവാട്ടിയായി. ഫ്രാന്‍സിസാല്‍ ആശീര്‍വദിക്കപ്പെട്ട ചെറുചെടിയെന്ന് അവള്‍ വിശേഷിപ്പിച്ചു. ഫ്രാന്‍സിസിനെപ്പോലെ അവളും ദരിദ്രരുമായി പ്രണയത്തിലായി.

ക്രിസ്തുവിനെ ദാരിദ്ര്യത്തില്‍ പിന്തുടര്‍ന്ന ഫ്രാന്‍സിസിനെ അതേ പാതയില്‍ അനുഗമിക്കാന്‍ ഉറപ്പു നല്കുംവിധം അവളുടെ തെരഞ്ഞെടുപ്പിന് വ്യക്തത നല്‍കിയതെന്താവും. അത് മാതൃകയുടെ മൗലികതയല്ലാതെ മറ്റൊന്നുമാവില്ല. മൂലക്കല്ലില്‍ തന്നെ വിശ്വാസത്തിന്‍റെ പള്ളി പണിതവനിലുള്ള വിശ്വാസം.

സ്വാര്‍ത്ഥതയ്ക്കും നിസ്വാര്‍ത്ഥതയ്ക്കുമിടയിലെ തെരഞ്ഞെടുപ്പ് എല്ലാ കൗമാരങ്ങളുടെയും അഗ്നിപരീക്ഷയാണ്. അവിടെ മാതൃകകളാണ് വഴികാട്ടുക. മാതൃകയാവാന്‍ മുതിര്‍ന്നവര്‍ക്കെല്ലാം ബാദ്ധ്യതയുണ്ട്. മാതൃകകള്‍ മണ്‍ശില്പങ്ങളായതിന്‍റെ ദുരന്തമാണ് സമകാലകൗമാരവും യൗവ്വനവും അനുഭവിക്കുന്നത്. മുഖം വികൃതമായതിന് മുതിര്‍ന്നവര്‍ കണ്ണാടിയോട് പരിഭവം പറയുകയും ചെയ്യുന്നു.

മൗലികമായതിനുള്ള അന്വേഷണമാണ്, അന്യഥാ അപ്രസക്തമായ ജീവിതത്തിന് വില നല്‍കുന്നതെന്ന്  വിശുദ്ധന്‍ വെളിപ്പെടുത്തുന്നു. പുറംപൂച്ചുകള്‍ അരങ്ങുതകര്‍ക്കുന്ന വര്‍ത്തമാനകാലത്തില്‍ മൗലികത തമസ്കരിക്കപ്പെടുന്നുവെന്നത് വാസ്തവം. വെളിച്ചത്തെ പക്ഷേ അധികകാലം പറയ്ക്കടിയില്‍ ഒളിപ്പിക്കാനാവില്ല. കാലം വിശുദ്ധിയ്ക്കായി കാത്തിരിക്കുന്നു, കൗമാരങ്ങളെ ക്ഷണിക്കുന്നു.

You can share this post!

സമരപ്രിയന്‍ ശാന്തിദൂതനിലേക്ക് തീര്‍ത്ഥാടനം നടത്തിയപ്പോള്‍

ഫാ. ചെറിയാന്‍ പാലൂക്കുന്നേല്‍
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts