news-details
കവർ സ്റ്റോറി

സംരക്ഷിക്കപ്പെടേണ്ടത് അന്തസ്സത്തയാണ്, പ്രതിച്ഛായയല്ല

സഭ സ്ഥാപനം എന്നതിലുപരി ക്രിസ്തുവിന്‍റെ യോഗാത്മക ശരീരം (Mystical body) കൂടിയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെയും ദൈവരാജ്യത്തിന്‍റെ സേവകരുടെയും സമൂഹം. സഭ ഒരേസമയം ദൈവികവും മാനുഷികവും ആണെന്ന് മറന്നുകൂടാ. രക്ഷകനും ദൈവപുത്രനുമായ ക്രിസ്തു സ്ഥാപിച്ച സഭ പക്ഷേ ദുര്‍ബലരായ മനുഷ്യരുടെ കൂട്ടായ്മയാണ്. പരിശുദ്ധാത്മാവാല്‍ മെനയപ്പെട്ട സഭയെ നാരകീയശക്തികള്‍ തോല്പിക്കില്ല (മത്താ.16:18). അതിനര്‍ത്ഥം സഭ മാനുഷികദൗര്‍ബല്യങ്ങള്‍ എന്നേയ്ക്കുമായി അതിജീവിച്ചു എന്നല്ല. സഭയില്‍ നുഴഞ്ഞുകയറുന്ന മാനുഷികദൗര്‍ബല്യങ്ങള്‍ ദൈവികവരങ്ങളായ സത്യത്തെയും വിശ്വസ്തതയെയും നീതിയെയും പ്രത്യാശയെയും സഹാനുഭൂതിയെയും പൊറുതിയെയും പുറന്തള്ളാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് ക്രിസ്തുശിഷ്യരുടെ കടമയാണ്. 
 
സഭയുടെ വിശ്വാസ്യത ഇന്ന് വലിയ പ്രതിസന്ധി നേരിടുന്നു. ചിലര്‍ വ്യാഖ്യാനിക്കുന്നതുപോലെ അത് വെറും ധാര്‍മ്മിക അപചയം മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു കൂട്ടം കന്യാസ്ത്രീകള്‍ തങ്ങളുടെ ഇടയനും മെത്രാനുമായ വ്യക്തിക്കെതിരെ ഉന്നയിച്ച പരാതി അവരുടെ മേലധികാരികളും സഭയുടെ ഉന്നതനേതൃത്വവും അവഗണിക്കുന്നു. കന്യാസ്ത്രീക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായി ജലന്തറിലെ മെത്രാന്‍ പോലീസില്‍ പരാതി കൊടുക്കുന്നു. തദവസരത്തില്‍ സഭാതലത്തില്‍ നിന്നും പരാതി പരിഗണിക്കാമെന്ന് ഒരു വാഗ്ദാനം പോലും ലഭിക്കാതെ വന്നപ്പോള്‍ മെത്രാനെതിരെ കന്യാസ്ത്രീ പോലീസില്‍ പരാതി നല്കുന്നു. തുടര്‍ന്ന് അന്വേഷണം ഗൗരവപരമായി നടക്കുന്നില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ നീതിക്കായി പൊതുജനങ്ങളിലെത്തുകയും നീതിക്കുവേണ്ടിയുള്ള പൊതുസമൂഹത്തിന്‍റെ മുറവിളിയും പ്രതിഷേധവുമായി അതു പരിണമിക്കുകയും ചെയ്യുന്നു. വ്യത്യസ്തകാരണങ്ങളാല്‍, ഒരുപക്ഷേ നിഷേധാത്മക കാരണങ്ങളാല്‍ത്തന്നെ, മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുന്നു. പരിഗണനാവിഷയവുമായി ഒരു ബന്ധവുമില്ലാത്ത കുമ്പസാരം, കൂദാശകള്‍ തുടങ്ങിയ വിഷയങ്ങളൊക്കെ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. ചിലരെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ സഭയ്ക്കും സന്ന്യാസജീവിതശൈലിക്കും എതിരെ വിഷം ചീറ്റുന്നു. ഇവിടെ ഞാന്‍ പ്രധാനകാര്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. സഭ നേരിടുന്ന പ്രധാന പ്രതിസന്ധി എന്ന നിലയില്‍ ഈ വിഷയത്തെ നാം എങ്ങനെ അഭിമുഖീകരിക്കണം? തീര്‍ച്ചയായും വ്യക്തതയ്ക്കും നീതിപൂര്‍വ്വകമായ പരിഹാരത്തിനുമായി ദൈവത്തോട് നാം പ്രാര്‍ത്ഥിക്കണം. പക്ഷേ അതു മതിയോ? നാം മൗനം പാലിക്കണോ അതോ തുറന്നുപറയണോ? ഇരുവശത്തും തെളിവുകള്‍ പൂര്‍ണമല്ലെന്ന ന്യായത്തില്‍ നാം നിഷ്പക്ഷത പുലര്‍ത്തണമോ? അതോ മനസ്സാക്ഷിയുടെ വിളി പിന്തുടര്‍ന്ന് ദുര്‍ബലര്‍ക്ക്, അവരുടെ എല്ലാ പരാതികളും പൂര്‍ണമായി വിശ്വസിക്കുന്നില്ലെങ്കില്‍കൂടി, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമോ? വൈകിക്കല്‍ തന്ത്രം വെടിഞ്ഞ് സഭയും നീതിന്യായസംവിധാനവും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നത് അവിവേകവും അനീതിയുമാണോ? സ്വയം ന്യായീകരിക്കാന്‍ നാം മറ്റ് മതങ്ങളിലെയും സംഘടനകളിലെയും സമാനസംഭവങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതുണ്ടോ? അതോ ഏത് സുവിശേഷസത്യങ്ങള്‍ പിന്തുടരാനാണോ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത് ആ നീതിയും സഹാനുഭൂതിയുമാണോ നമ്മെ നയിക്കേണ്ടത്? ഇപ്രകാരം  സങ്കീര്‍ണമായ ഒരു പ്രശ്നത്തില്‍ നമ്മള്‍ നിലപാട് എടുക്കുമ്പോള്‍ പോലീസിന്‍റെ ജോലിയോ, ന്യായാധിപന്‍റെ ജോലിയോ ഏറ്റെടുക്കുകയല്ല, പ്രത്യുത നാമേവരും ഒരുപോലെ അംഗീകരിക്കുന്ന ജനാധിപത്യസമ്പ്രദായത്തില്‍ ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സഭാസംവിധാനങ്ങളും നേതൃത്വവും നിയമത്തിനു മുമ്പില്‍ മറ്റേതൊരാളെപ്പോലെയുമാണ്. 
 
എല്ലാ പ്രതിസന്ധികളും ദുരന്തത്തില്‍ കലാശിക്കണമെന്നില്ല. അത് നിലപാടുകള്‍ ഉറപ്പിക്കാനും ബോധ്യങ്ങള്‍ക്ക് വ്യക്തത വരുത്താനുമുള്ള അവസരമാണ്. തെറ്റുകള്‍ സാധ്യമാംവിധം തിരുത്താനുള്ള സന്ദര്‍ഭമാണ്. പ്രതിസന്ധിഘട്ടത്തില്‍, സഭയുടെ 'പ്രതിച്ഛായ' സംരക്ഷിക്കുന്നതിന് 'സ്വയംപ്രഖ്യാപിത' രക്ഷകര്‍ രംഗത്തെത്താറുണ്ട്. അത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ മിതത്വവും മൗനവും പാലിക്കാനുള്ള അവരുടെ ഉപദേശങ്ങളില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ചരിത്രത്തിലുടനീളം മതരാഷ്ട്രീയ അധികാരിവര്‍ഗം എന്നും പുലര്‍ത്തിപ്പോന്ന നിലപാടാണത്. മലര്‍ന്നു കിടന്ന് തുപ്പരുത്, അഭിഷിക്തരെ തൊടരുത്, ശത്രുക്കള്‍ക്ക് അടിക്കാന്‍ വടി കൊടുക്കരുത് എന്നൊക്കെ ആവര്‍ത്തിച്ച് കേട്ടപ്പോള്‍, തിരുത്തേണ്ടത് പലതും ചൂണ്ടിക്കാണിക്കാതെ നാം വിഴുങ്ങിക്കളഞ്ഞത് തെറ്റായിപ്പോയില്ലേ? അവര്‍ അന്തസ്സത്തയെക്കാളേറെ പ്രതിച്ഛായയ്ക്ക് പരിഗണന നല്കുന്നു. മത്തായി 23-ാം അധ്യായത്തില്‍ എത്ര ശക്തമായ വിമര്‍ശനം തന്നെയാണ് ക്രിസ്തുനാഥന്‍ നടത്തുന്നത്! അനീതിയുടെയും ചൂഷണത്തിന്‍റെയും സന്ദര്‍ഭത്തില്‍, അറിയുന്ന സത്യം പുറത്തുപറയാതെ മൗനം ദീക്ഷിക്കുന്നത് പരിശുദ്ധാരൂപിക്കെതിരായ പാപമാണ്. സത്യത്തിലും നീതിയിലും ഇരട്ടത്താപ്പ് പാടില്ലതന്നെ. ആരോപിതന്‍ നമ്മില്‍ ഒരാളാകുമ്പോള്‍ നിശ്ശബ്ദപ്രാര്‍ത്ഥനയ്ക്കും മറ്റൊരാളാകുമ്പോള്‍ പ്രതിഷേധാരവങ്ങള്‍ക്കും ആഹ്വാനം ചെയ്യുന്നത് അസംബന്ധംതന്നെയാണ്. നീതിയോട് പ്രതിബദ്ധതയുള്ളവര്‍ക്ക് സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാട് മാറ്റാന്‍ ഒരിക്കലും കഴിയുകയില്ല. 
 
സഭയുടെയും സമൂഹത്തിന്‍റെയും അധികാരികളില്‍നിന്ന് നീതി തേടി ഏതാനും സഹോദരിമാര്‍ നടത്തിയ സമരത്തില്‍ സുവിശേഷത്തിന്‍റെയും സഭാപാഠങ്ങളുടെയും അടിസ്ഥാനത്തില്‍ വിവേകപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ മാര്‍പാപ്പയുടെ ലേഖനങ്ങള്‍ അടക്കം ഏതാനും കാര്യത്തിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. കഴിഞ്ഞ വര്‍ഷം(2017) ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (CBCI) അംഗീകരിച്ച് പ്രസിദ്ധീകരിച്ച ജെന്‍ഡര്‍ പോളിസി(Gender  Policy)യില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു, "സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ നമ്മുടെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന വിഷയമായി ഇന്ത്യയിലെ കത്തോലിക്കാ സഭ അംഗീകരിക്കുകയും  അതിക്രമം നടത്തുന്നവരോട് യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ചയും (Zero Tolerance ) പാടില്ലെന്ന്  നിര്‍ദേശിക്കുകയും ചെയ്യുന്നു". 2013ല്‍ തന്നെ ഭാരതസര്‍ക്കാര്‍ ഇതിനു സമാനമായ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു. ആധികാരിക ആത്മീയ ജീവിതത്തിന് ഭീഷണിയായ 'ലൗകിക ആധ്യാത്മികത'(Spiritual Worldiness)യെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ 'സുവിശേഷ ആനന്ദം'(Joy of the gospel ) എന്ന ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭക്തിപ്രദര്‍ശനങ്ങളുടെയും സഭാസ്നേഹത്തിന്‍റെയും മറവില്‍ ഒളിച്ചിരിക്കുന്ന 'ലൗകിക ആത്മീയത' ദൈവമഹത്ത്വത്തിനു പകരം മനുഷ്യനില്‍നിന്നുള്ള മഹത്ത്വവും സ്വാര്‍ത്ഥലാഭവും അന്വേഷിക്കുന്നു. "പരസ്പരം മഹത്ത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍ നിന്നു വരുന്ന മഹത്ത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും" (യോഹ 5:44) എന്ന നാഥന്‍റെ വിമര്‍ശനം അര്‍ത്ഥമാക്കുന്നത് ഇതത്രേ. "യേശുവിന്‍റെ താത്പര്യത്തിനു പകരം സ്വന്തം താത്പര്യം" (ഫിലിപ്പി 2:21) അന്വേഷിക്കുന്നവരുടെ മാര്‍ഗമത്രേ അത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വഭാവം അനുസരിച്ച് അത് പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. "എന്നാലത് സഭയ്ക്കുള്ളില്‍ നുഴഞ്ഞുകയറിയാല്‍ മറ്റ് ഏതു ലൗകിക മൂല്യച്യുതിയേക്കാള്‍ മാരകമായിരിക്കും" (സുവിശേഷ ആനന്ദം). പരമ്പരാഗത കത്തോലിക്കാ വിശ്വാസികള്‍ എന്ന നിലയിലും ചില ചട്ടങ്ങള്‍ ആചരിക്കുന്നതിനാലും മറ്റുള്ളവരുടെ മുകളിലാണ് തന്‍റെ സ്ഥാനം എന്നു വിശ്വസിക്കുന്ന, സ്വന്തം കഴിവുകളെ മാത്രം ആശ്രയിക്കുന്ന സങ്കുചിതരും സ്വാര്‍ത്ഥരുമായ 'അഭിനവ പെലാജിയനിസ്റ്റുകളെ'* (Pelagianist)യും മറ്റൊരു തരം ലൗകിക ആത്മീയതയ്ക്ക് ഉദാഹരണമായി മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു. 
 
ദരിദ്രര്‍ക്കും ദുര്‍ബലര്‍ക്കും യേശു നല്കിയ പ്രഥമ പരിഗണനയാണ് നീതിയെ സംബന്ധിച്ച സഭയുടെ നിലപാടുകള്‍ക്ക് മാതൃകയായി ആദിമസഭാപിതാക്കന്മാര്‍ മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വരെ പഠിപ്പിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ സഭ പലപ്പോഴും അതിനോട് മുഖം തിരിക്കുകയും മാതൃകയില്‍ നിന്ന് വഴിമാറി സഞ്ചരിക്കുകയും അന്തസ്സത്ത കളഞ്ഞുകുളിക്കുകയും ചെയ്തിട്ടുണ്ട്. "നീതിക്കായുള്ള പോരാട്ടത്തില്‍ സഭയ്ക്ക് കാഴ്ചക്കാരായി മാറി നില്‍ക്കാനാവില്ല" എന്ന് ബനഡിക്ട് പതിനാറാമന്‍ പാപ്പ ആദ്യ ഇടയലേഖനമായ 'ദൈവം സ്നേഹമാകുന്നു' (Deus Caritas Est)-ല്‍ പ്രഖ്യാപിക്കുന്നു. സഭയ്ക്കുള്ളിലെ നീതിനിഷേധങ്ങളില്‍ സഭാധികാരികള്‍ സ്വീകരിക്കേണ്ട നിലപാട് ഇതില്‍നിന്ന് സുവ്യക്തമാണല്ലോ. ദരിദ്രരുടെ നിലവിളിയെക്കുറിച്ച് മാര്‍പാപ്പ പറഞ്ഞിരിക്കുന്നത് അനീതിയുടെ ഏത് ഇരയ്ക്കും ബാധകമാണ്. "ദരിദ്രരെ കേള്‍ക്കുന്നതിനുള്ള ദൈവത്തിന്‍റെ മാധ്യമമാണ് നാം എന്നിരിക്കേ, ദരിദ്രരുടെ നിലവിളിക്കെതിരെ ചെവികൊട്ടിയടയ്ക്കുക വഴി ദൈവപിതാവിന്‍റെ തീരുമാനവും പദ്ധതിയും നാം അട്ടിമറിക്കുന്നു, അങ്ങനെ നിനക്കെതിരെ ദരിദ്രന്‍റെ പരാതി ദൈവസന്നിധിയിലെത്തുകയും ദൈവം നിന്നെ കുറ്റം വിധിക്കുകയും ചെയ്യും" (നിയമാവര്‍ത്തനം 15:9, സുവിശേഷ ആനന്ദം 189).
 
 
ദുര്‍ബലരോടുള്ള നമ്മുടെ സമീപനമാകും അന്ത്യവിധിനാളില്‍ ദൈവത്തിന്‍റെ വാക്കുകളില്‍ വ്യക്തമായും സ്പഷ്ടമായും പ്രതിഫലിക്കുക (മത്താ. 25,31-46). നീതിയും സഹാനുഭൂതിയും നിഷേധിക്കപ്പെട്ടവരോട് സ്വയം താദാത്മ്യപ്പെടുകയായിരുന്നു ദൈവപുത്രനായ യേശു എന്നും ഓര്‍ക്കുക.
 
 
"നിന്‍റെ  സഹോദരന്‍ എവിടെ(ഉത്പത്തി 4:9), അടിമയാക്കപ്പെട്ട നിന്‍റെ സഹോദരനും സഹോദരിയും എവിടെ എന്ന ദൈവത്തിന്‍റെ നിലവിളി നിങ്ങള്‍ ഓരോരുത്തരും ശ്രവിക്കണമെന്ന്" (സുവിശേഷ ആനന്ദം) മാര്‍പാപ്പ നമ്മോട് ആഹ്വാനം ചെയ്യുന്നു. "ഒറ്റപ്പെടലിനും അടിച്ചമര്‍ത്തലിനും അക്രമത്തിനും ഇരയാകുന്ന സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അബലകളായതിനാല്‍ ഇരട്ടി 'ദാരിദ്ര്യം' അനുഭവിക്കുന്നു" (സുവിശേഷ ആനന്ദം 212) എന്ന വാക്കുകള്‍ സഭയില്‍ നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ നേരിട്ട് അഭിസംബോധന ചെയ്യുന്നു. ഭൂരിപക്ഷത്തിന്‍റെ അനുഭവമോ, പൊതുവായ പ്രവണതയോ അല്ലെങ്കില്‍പ്പോലും സന്ന്യാസസമൂഹത്തിലെ ഏതെങ്കിലും ഒരംഗത്തിന് ഇത് അവളുടെ അനുഭവത്തെ കുറിക്കുന്നതായി തോന്നിയാല്‍ കുറ്റം പറയാനാവുമോ? നീതിക്കും സുതാര്യതയ്ക്കും വേണ്ടി വാദിക്കുന്നവരുടെയും സഭയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നവരുടെയും വെളിപ്പെടുത്തലുകള്‍ക്ക് അപ്പുറത്തെ കാര്യങ്ങളും സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കാം. ഉണ്ടായിരിക്കേണ്ട അന്തസ്സത്തയും ആത്മാവും അവഗണിച്ച് പ്രതിച്ഛായ സംരക്ഷിക്കുന്നത് ആത്മവഞ്ചനയും കാപട്യവുമാണ്. നീതിയുക്തമായ പരിഹാരസാധ്യത വിരളമാണെന്നറിയാവുന്നതിനാല്‍ സ്ഥാപനവത്കരിക്കപ്പെട്ട അധികാരശക്തിയെ ഭയന്ന് നിലവിളി ഒളിപ്പിച്ച് കഴിയുന്ന നിരവധി ഇരകള്‍ ഇനിയുമുണ്ടാകാം. തങ്ങളോ, തങ്ങളോടടുത്തവരോ തുറന്നുകാട്ടപ്പെട്ടേക്കാം എന്നു ഭയന്ന് നിശ്ശബ്ദത പാലിക്കുന്നവരുമുണ്ടാകാം.
 
കേരളമെത്രാന്‍ സമിതി (കെ സി ബി സി)യുടെ വാര്‍ത്താക്കുറിപ്പും സിസ്റ്റര്‍ ലൂസിക്കെതിരെ ഇടവക വികാരി തിരക്കുപിടിച്ചെടുത്ത നടപടികളും സഭയുടെ മുഖം രക്ഷിക്കാന്‍ അല്പവും പര്യാപ്തമാകുന്നില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള തീവ്രാഭിനിവേശം സഭയിലും സമൂഹത്തിലുമുള്ള ദുര്‍ബലരോട് നീതിയും കാരുണ്യവും അനുഭവവേദ്യമാകുന്നതിലൂടെ വേണം പ്രകടമാകേണ്ടത്. നടപടി എടുക്കുന്നതിനുള്ള ന്യായീകരിക്കാനാകാത്ത കാലതാമസവും  ഔദ്യോഗികസ്ഥാനത്തിരിക്കുന്നവരുടെ മൗനവും, ആരോപണങ്ങളില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള പരസ്യപ്രക്ഷോഭത്തേക്കാള്‍, സഭയുടെ പ്രതിച്ഛായ തകര്‍ത്തിരിക്കുന്നു. സമരവേദിയിലെത്തിയ പലര്‍ക്കും വ്യക്തി താത്പര്യം ഉണ്ടാവാമെന്നതു സത്യംതന്നെ. വൈകിയ നീതി, നീതിനിഷേധത്തിന് തുല്യമാണ്. ആ സാഹചര്യം സമൂഹവിരുദ്ധരോ, സഭാവിരുദ്ധരോ ഉപയോഗപ്പെടുത്തിയെന്നും വരാം. എല്ലാ പൊതുജനപ്രക്ഷോഭങ്ങളിലും അങ്ങനെ സംഭവിക്കാറുണ്ട്. അത്തരക്കാരുടെ മ്ലേച്ഛമായ പരാമര്‍ശങ്ങളും സാമാന്യവത്കരണവും ശത്രുതാപരമായ ആക്രമണങ്ങള്‍ പോലും നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ന്യായീകരണമാകുന്നില്ല. 
 
നാം നമ്മുടെ നിലപാട് വ്യക്തമാക്കുകയാണ് വേണ്ടത്. അതിനുപകരം അന്യരിലേക്ക് വിരല്‍ചൂണ്ടി അവരില്‍ സഭയോടുള്ള ശത്രുത ആരോപിച്ചാല്‍ അതിന് വിശ്വാസ്യത ഉണ്ടാവില്ല. ഇനിയെങ്കിലും സഭാനേതൃത്വം തെറ്റുതിരിച്ചറിഞ്ഞ് മറ്റുള്ളവരെ, പ്രത്യേകിച്ച് അവരുടെ ഉദ്ദേശ്യങ്ങളെ വിധിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം. മാനസികമായോ ശാരീരികമായോ ദുര്‍ബലരായവര്‍ക്കും സ്ത്രീകള്‍ക്കും 'പ്രായപൂര്‍ത്തിയായ ദുര്‍ബലര്‍ക്കും' (Vulnerable Adults), കുട്ടികള്‍ക്കും നേരെയുള്ള പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങളിലും ചൂഷണങ്ങളിലും ഒട്ടും സഹിഷ്ണുത(Zero tolerance ) വേണ്ടെന്ന ഫ്രാന്‍സിസ് പാപ്പായുടെയും രണ്ട് മുന്‍ഗാമികളുടെയും നിലപാടിന്‍റെയും അതനുസരിച്ചുള്ള അവരുടെ നടപടികളുടെയും പൊരുള്‍ തിരിച്ചറിയുന്നതിലും പിന്‍തുടരുന്നതിലും നമ്മുടെ സഭാനേതൃത്വം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അധികാരത്തിന്‍റെയും സ്ഥാനത്തിന്‍റെയും അടിസ്ഥാനത്തില്‍  തുല്യത ഇല്ലാത്തവര്‍ ദുര്‍ബലരായ പ്രായപൂര്‍ത്തിയായവരില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ത്തന്നെ ലൈംഗിക അതിക്രമത്തില്‍ പരാതി വൈകിയെന്ന വാദം തികച്ചും അസംബന്ധമത്രേ. ഇരയ്ക്ക് മറ്റേതെങ്കിലും ദൗര്‍ബല്യമോ, വീഴ്ചയോ ഉണ്ടായിരുന്നാലും, അവന്‍/അവള്‍ മറ്റൊരു കുറ്റം തന്നെ ചെയ്തിരുന്നാലും അത് അതിക്രമിക്ക് ഒഴിവു നല്കാന്‍ കാരണമാകുന്നില്ല. ഒരു കുറ്റം മറ്റൊന്നിനാല്‍ ന്യായീകരിക്കപ്പെടുന്നില്ല. 
 
സഭയുടെ വിശ്വാസ്യതയ്ക്ക് ഗുരുതരമായ ആഘാതമേറ്റു എന്നതു സത്യംതന്നെ. എന്നാല്‍ സഭയുടെ  പ്രസക്തിയല്ല ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. മറിച്ച്, സഭാധികാരികളുടെ കാപട്യവും അയോഗ്യതയും സ്വാര്‍ത്ഥതയുമാണ്. ഇത് വിശ്വാസ്യതയിലുള്ള പ്രതിസന്ധിയാണ്. വിശ്വാസത്തിലുള്ള പ്രതിസന്ധിയല്ല. വിശ്വാസമില്ലാത്തവരുടെയും സഭയുടെ എതിരാളികളുടെയും ശബ്ദം ഉച്ചത്തില്‍ മുഴങ്ങുന്നതിനാലാണ് ഇത് വിശ്വാസത്തിന്‍റെ പ്രതിസന്ധിയായി തോന്നുന്നത്. ക്രിസ്തുവിന്‍റെ സുവിശേഷാദര്‍ശങ്ങള്‍ ഇവിടെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. മറിച്ച് പുരോഹിതരും സഭാധികാരികളും ക്രിസ്തുവിന്‍റെ ആദര്‍ശങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നില്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. അത് നല്ല ലക്ഷണം തന്നെയാണ്. 
 
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ച് ഈ വിചിന്തനം ഞാന്‍ അവസാനിപ്പിക്കട്ടെ: "ലൗകികതയില്‍ വീണവര്‍ മറ്റുള്ളവരില്‍നിന്ന്  മാറിനിന്ന് കാര്യങ്ങള്‍ കാണുന്നു. തന്‍റെ സഹോദരന്‍റെയും സഹോദരിയുടെയും പ്രവാചകസ്വരത്തെ അവര്‍ തള്ളിക്കളയുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ ഇടിച്ചുതാഴ്ത്തുന്നു. അവര്‍ മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ പുറംമോടിയില്‍ അഭിരമിക്കുന്നു. സ്വന്തം മൂക്കിന്‍തുമ്പത്ത് അവസാനിക്കുന്നു അവരുടെ ചക്രവാളം. അവരുടെ ഹൃദയം സ്വാര്‍ത്ഥതാത്പര്യങ്ങളില്‍  കുടുങ്ങിക്കിടക്കുന്നു. അതിനാലവര്‍ സ്വന്തം തിന്മ തിരിച്ചറിയുന്നില്ല. ഹൃദയം തുറന്ന് പൊറുക്കുന്നില്ല. നന്മയുടെ പ്രച്ഛന്നവേഷമണിഞ്ഞ കൊടിയ തിന്മയാണിത്. സ്വയം പുറത്തുകടന്ന്, യേശുക്രിസ്തുവില്‍ ഊന്നിയുള്ള ദൗത്യവും ദരിദ്രരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ചൂഷിതരോടുമുള്ള പ്രതിബദ്ധതയും പുതുക്കി സഭ ഈ തിന്മയെ ഒഴിവാക്കേണ്ടതുണ്ട്. 
 
ഉപരിപ്ലവമായ ആത്മീയ പൗരോഹിത്യ കെണികള്‍ തീര്‍ക്കുന്ന ലൗകികസഭയില്‍ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ. ദൈവത്തെ പടിക്കു പുറത്തു നിര്‍ത്തിയ, പുറംമോടിയില്‍ അഭിരമിക്കുന്ന, മതാത്മകതയുടെ വേഷമിട്ട സങ്കുചിതത്വങ്ങളില്‍ നിന്ന്, നമ്മെ സ്വതന്ത്രമാക്കാന്‍ ശേഷിയുള്ള പരിശുദ്ധാരൂപിയുടെ ശുദ്ധവായു ശ്വസിക്കുന്നതിലൂടെ മാത്രമേ ലൗകികതയുടെ വീര്‍പ്പുമുട്ടലില്‍നിന്ന് നാം സുഖം പ്രാപിക്കൂ. സുവിശേഷം നമ്മില്‍നിന്ന് അപഹരിക്കപ്പെടാന്‍ നാം അനുവദിക്കരുത്. (സുവിശേഷ ആനന്ദം 97). 
 
അതിനാല്‍ ഇത് ആത്മപരിശോധനയ്ക്കും തിരുത്തലിനുമുള്ള അവസരമാണെന്നാണ് എന്‍റെ എളിയ അഭിപ്രായം. ക്രിസ്തുവിന്‍റെ സഭയ്ക്കേറ്റ മുറിവുകള്‍ ഉണക്കുന്നതിന് യേശുക്രിസ്തുവിനെ സ്നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കൊപ്പം നാം കൈകോര്‍ക്കേണ്ട സമയം. സഭാഗാത്രത്തിലെ ഒരംഗം നീതിക്കുവേണ്ടി(1കൊറി. 12:26) വേദനിക്കുമ്പോള്‍ എല്ലാവരും ആ വേദനയില്‍ പങ്കുചേരുന്നു. ഒരംഗം ആദരിക്കപ്പെടുമ്പോള്‍ എല്ലാവരും അതില്‍ ആനന്ദിക്കുന്നു. 
 
*പെലാജിയനിസം - ബ്രിട്ടീഷ് ദൈവശാസ്ത്രജ്ഞന്‍ പെലാജിയുസിന്‍റെ (എ ഡി 360-416) പേരിലുള്ള ദൈവശാസ്ത്രതത്വങ്ങള്‍. ദൈവസഹായത്തിനും ഉപരിയായി മനുഷ്യന്‍റെ ഇച്ഛയെ പ്രതിഷ്ഠിക്കുന്നു.  

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts