news-details
കവർ സ്റ്റോറി

പ്രകൃതിയുടെ സ്നേഹഗായകന്‍

ഒരു ദിവസം എനിക്കൊരു ഫോണ്‍കോള്‍ വന്നു. "ഞാന്‍ ആന്‍റപ്പന്‍. ആലപ്പുഴയില്‍ നിന്നാണ് വിളിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. സാറുമായി നേരിട്ട് ബന്ധപ്പെടുവാനാഗ്രഹമുണ്ട്." വിശദമായ പരിചയപ്പെടലുകളില്ലാതെ എന്നാല്‍ ചിട്ടവട്ടങ്ങളുടെ എല്ലാ സ്വാതന്ത്ര്യവും മാനിച്ച് സംസാരിച്ച തുടങ്ങിയ ആന്‍റപ്പന്‍ തനിയ്ക്ക് പരിസ്ഥിതിക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഉണ്ട് എന്നറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇറങ്ങിത്തിരിച്ച വ്യക്തിയായിരുന്നു. ചിതറിക്കിടക്കുന്ന നാട്ടുരാജ്യങ്ങള്‍ പോലെ അങ്ങിങ്ങായി കിടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെയും സംഘടനകളെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യം ആന്‍റപ്പനുണ്ടായിരുന്നു. അതിനുള്ള സഹായവുമഭ്യര്‍ത്ഥിച്ച് ആ ഫോണ്‍കോള്‍ അവസാനിപ്പിക്കുമ്പോള്‍ മുമ്പെങ്ങും തോന്നാത്ത ഒരാത്മബന്ധമാണ് തോന്നിയത്. അയാള്‍ എന്നിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. ആ തീക്ഷ്ണതയോടെയുള്ള പ്രവേശനം എന്നെ അത്ഭുതപ്പെടുത്തി.

ഭൂമിയാകുന്ന ജീവന്‍ ക്ഷയിച്ചുകൊണ്ടിരിക്കുമ്പോള്‍, നാശത്തിന്‍റെ അജയ്യഭാവത്തിന് തടയിടാന്‍ നമുക്കാര്‍ക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല. ഒരുമിച്ച് നില്‍ക്കുന്നതാണ് ബലം. ചിതറിക്കിടക്കുന്ന ചെറിയ സംഘടനകള്‍ക്കും ഇതുപോലെ ഒന്നും ചെയ്യാനായെന്ന് വരില്ല. ചെയ്യുന്നതാകട്ടെ പരിമിതികളുടെ ചുറ്റുപാടില്‍ ആയിരിക്കുകയും ചെയ്യും. അതുകൊണ്ട് നാം സംഘം ചേരണം. സംഘടനകളുടെ സംഘം ചേരലുണ്ടാകണം. വ്യക്തികള്‍ സംഘം ചേര്‍ന്നുണ്ടാകുന്ന സംഘടനകള്‍ സംഘം ചേര്‍ന്ന് ഒരു മഹാപ്രസ്ഥാനം പിറവിയെടുക്കണം. ഇപ്രകാരമുള്ള വിശാലവും ദീര്‍ഘവുമായ കാഴ്ചപ്പാടുകളോടു കൂടെയാണ് ആന്‍റപ്പന്‍ പ്രവര്‍ത്തിച്ചത്.

2006 മുതല്‍ ഉത്തരകേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളപരിസ്ഥിതി സംരക്ഷണ ഏകോപനസമിതി ഒരു സംഘംചേരലിന്‍റെ പ്രസക്തി ആദ്യം കേരളത്തില്‍ അവതരിപ്പിക്കുകയും ഉത്തരകേരളത്തില്‍ നിറസാന്നിദ്ധ്യമാവുകയും തുടര്‍ന്ന് ഗ്രീന്‍ കമ്മ്യൂണിറ്റിയുമായി സഹകരിക്കുകയും ചെയ്തു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു 'മഴനടത്തം' എന്ന പേരിലുള്ള വയനാടന്‍ ചുരത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന യാത്ര. വെറുമൊരു വിനോദ യാത്ര എന്നതിലുപരി പ്രകൃതി പഠന യാത്രയായിട്ടാണ് ഇത് വിഭാവനം ചെയ്തത്. കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയായിരുന്നു ഇതിന് നേതൃത്വം വഹിച്ചത്. പ്രകൃതിയില്‍ സംഘം ചേര്‍ന്ന് പ്രകൃതി ദര്‍ശനം സ്വന്തമാക്കുന്നു എന്ന വിശാല ലക്ഷ്യം ഇവയ്ക്കു പിന്നിലുണ്ട്. ഭൂമിയെയും ജീവജാലങ്ങളെയും മണ്ണിനെത്തൊട്ട് നടന്നു കണ്ട് സൗന്ദര്യം ആസ്വദിച്ച് മുന്നോട്ട് പോകുമ്പോള്‍ പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ പ്രകൃതിയെ അവര്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നു. ഓരോ വര്‍ഷവും ഇത് തുടരുമ്പോള്‍ ഇത് സ്കൂളിന്‍റെ പരിപാടിയാകുന്നു. സ്കൂളിന്‍റെ പരിസ്ഥിതി പ്രവര്‍ത്തനമാകുന്നു. ജൂണ്‍ മാസത്തിലെ 2 -ാം ശനിയാഴ്ച നടത്തിവന്ന 'മഴനടത്തം' എന്ന ഈ പഠനയാത്ര ഈ വര്‍ഷം മഴ കിട്ടാതായപ്പോള്‍ ജൂലായ് രണ്ടാം ശനിയാഴ്ച നടത്തി. ലക്കിടിയില്‍ ഒരുമിച്ച് സംഗമിച്ച് ആമുഖ പ്രഭാഷണത്തിനു ശേഷം 15 കിലോമീറ്റര്‍ മഴക്കാടുകളിലൂടെയുള്ള നടത്തമാണ്. ഇതൊരു കൂട്ടായ്മയുടെ യാത്രയാണ്. കൂട്ടായ ബോധ്യങ്ങളുടെ ചുവടു വയ്പാണിത്. ഉദ്ദേശ്യത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ബോധപൂര്‍വം നടത്തുന്ന ബോധ്യയാത്രയായി മാറുന്നു. ഒപ്പം പ്രകൃതിയുമായി ബന്ധപ്പെട്ട് ഒരു 'മൂവിംഗ് ക്ലാസ്' യാത്രയ്ക്കിടയില്‍ നല്‍കുന്നു. വിദ്യാലയങ്ങളിലൂടെ വിദ്യാര്‍ത്ഥകളിലേയ്ക്ക് ചെന്ന് പരിസ്ഥിതി നായകരെ വളര്‍ത്താനുള്ള പ്രയത്നമാണ് 'മഴനടത്ത'ത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സമിതിയോടു ചേര്‍ന്ന് ഗ്രീന്‍കമ്യുണിറ്റി എന്ന മഹാപ്രസ്ഥാനത്തിന് ആന്‍റപ്പന്‍ രൂപം നല്കി.  വ്യക്തികളെയും സ്ഥാപനങ്ങളെയും സംഘടനകളെയും ഉള്‍പ്പെടുത്തി ആഗോളമായി ചിന്തിച്ച് പ്രാദേശികമായി പ്രവര്‍ത്തിക്കാനായിരുന്നു ഗ്രീന്‍കമ്യൂണിറ്റിയുടെ തീരുമാനം. ഇതിന് മാര്‍ഗനിര്‍ദേശം നല്കിയത് 25 അംഗങ്ങള്‍ അടങ്ങുന്ന ഫൗണ്ടേഴ്സ് കമ്മിറ്റിയായിരുന്നു.

പരിസ്ഥിതി സംഘടനകളുടെ നവോത്ഥാനത്തിന് ചുവടുറപ്പിച്ച നവോത്ഥാന നായകനായിരുന്നു ആന്‍റപ്പനെന്ന് പറയുന്നതില്‍ തര്‍ക്കമില്ല. ചെറിയ പ്രവര്‍ത്തനങ്ങളുടെ മാധ്യമറിപ്പോര്‍ട്ട് കണ്ട് സ്വയം തൃപ്തരാകുന്ന, ഒതുങ്ങിപ്പോകുന്ന പ്രവര്‍ത്തകരെ ഒരു കുടക്കീഴിലാക്കി ഒരുമയുടെ ബോധ്യം നല്‍കി ശക്തിപ്പെടുത്താനായിരുന്നു ആന്‍റപ്പന്‍ അദ്ധ്വാനിച്ചത്. പരിസ്ഥിതി സംഘടനകളുടെ പുതിയ അദ്ധ്യായമാണ് അദ്ദേഹം ആരംഭിച്ചത്. ആന്‍റപ്പന്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തി വികസിച്ച് കൂടുതല്‍ ശക്തിമത്തായിട്ടുണ്ടാകുമായിരുന്നു എന്നതും നിസ്തര്‍ക്കമായ കാര്യമാണ്. അതിലേക്കുന്നം വച്ചുള്ള യാത്രയിലാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്.

നിരവധി ക്യാമ്പുകള്‍ക്കു രൂപം നല്‍കി, ഒരുമിച്ച് പ്രവര്‍ത്തിച്ച് സഫലീകരണത്തിന്‍റെ വിളവെടുപ്പിനുള്ള പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശം സ്വന്തമായുണ്ടായിരുന്ന ആളായിരുന്നു ആന്‍റപ്പന്‍. ക്യാമ്പുകളില്‍ പങ്കുവയ്ക്കപ്പെട്ട ഐക്യത്തിന്‍റെ ജീവാത്മാവ് ഏവരേയും സ്വാധീനിച്ചു. ദേശീയ, അന്തര്‍ദ്ദേശീയ ക്യാമ്പുകളിലൂടെ ലോകമറിയുന്ന ഐക്യശക്തിയായി പരിസ്ഥിതി പ്രവര്‍ത്തകര്‍ മാറണമെന്ന വലിയ കാഴ്ചപ്പാടുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്‍റെ വലിയ പ്രത്യേകതയും ഈ ലോകകാഴ്പ്പാടു തന്നെയായിരുന്നു. ഉത്തര, ദക്ഷിണ മധ്യ മേഖലകളായി തിരിഞ്ഞ് സംഘടന പ്രവര്‍ത്തനം ശക്തമാക്കാന്‍ സംയുക്തമായി തീരുമാനിച്ചപ്പോഴും ആന്‍റപ്പന്‍റെ ധീരമായ നിലപാടുകളുടെ ഫലമായിരുന്നു അതെന്ന് പറയാതെ വയ്യ.

ലോകചരിത്രത്തിലാദ്യമായി കേരളം പോലെയുള്ള ഒരു ചെറുസംസ്ഥാനത്തിന്‍റെ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിക്കപ്പെട്ട പാരിസ്ഥിതിക ഉച്ചകോടി ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകരും കേരള യൂണിവേഴ്സിറ്റി ഗാന്ധിയന്‍ പഠന കേന്ദ്രവും ചേര്‍ന്ന് 2011 ല്‍ തിരുവനന്തപുരത്ത് പരിസ്ഥിതി ഉച്ചകോടി നടത്തി. അതില്‍ ഗ്രാമാന്തരങ്ങളുടെ യഥാര്‍ത്ഥ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കുവരെ പരിഹാരങ്ങള്‍ തയ്യാറാക്കി ഗവണ്‍മെന്‍റിന് നല്കുകയുണ്ടായി. ചടുലമായ നീക്കങ്ങള്‍കൊണ്ട് കേരളത്തെ മാത്രമല്ല ലോകംമുഴുവന്‍ ഹരിതാഭമാക്കാന്‍ ഹരിതസേന എന്ന സംഘടനയും ആന്‍റപ്പന്‍ രൂപീകരിച്ചു.  

2011 മുതല്‍ 2013 ജൂണ്‍ വരെ അക്ഷീണം പ്രയത്നിച്ച അദ്ദേഹം ഈ ചുരുങ്ങിയ കാലത്തിനിടയ്ക്ക് പരിസ്ഥിതി പ്രവര്‍ത്തകരെ നേരില്‍ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തു എന്നുള്ള ആന്‍റപ്പന്‍റെ നിശ്ചയദാര്‍ഢ്യത്തെയും തീക്ഷ്ണതയെയും വിളിച്ചോതുന്ന ഈ ചുരുങ്ങിയ സമയം എടുത്തു പറയണം. പ്രവര്‍ത്തനത്തിന്‍റെ വ്യാപ്തിയും, അതെത്രമാത്രം ഗഹനമായിരുന്നു എന്നും നമുക്ക് മനസ്സിലാകുന്നത് അദ്ദേഹത്തിന്‍റെ യാത്രകളില്‍ നിന്നാണ്. 14 ജില്ലകളിലെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ തുന്നിക്കൂട്ടിച്ചേര്‍ത്ത് നിര്‍ത്തുന്ന സൂചി പോലെ സഞ്ചരിച്ച് പ്രവര്‍ത്തിച്ച മറ്റൊരാളില്ല. പരിസ്ഥിതി പ്രവര്‍ത്തനത്തിന്‍റെ ഏകോപനസൂചി ആയിരുന്നു ആന്‍റപ്പന്‍. ഒരു ശക്തമായ മുന്നേറ്റമായിരുന്നു ഇദ്ദേഹത്തിന്‍റേത്. വ്യക്തമായ ലക്ഷ്യങ്ങളും അതിലേക്ക് എത്തിച്ചേരാന്‍ വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ആന്‍റപ്പന് സ്വന്തമായിരുന്നു. അതുകൊണ്ടു തന്നെ സമയത്തിന്‍റെ പരിമിതികളെ പ്രവര്‍ത്തനം കൊണ്ടദ്ദേഹം തോല്പിച്ചു. കാലത്തിലേക്ക് ഓടാനുള്ള ഇന്ധനം നിറച്ചുകൊണ്ടാണ് ഈ മനുഷ്യന്‍ പ്രകൃതിയിലേയ്ക്കിറങ്ങിയത്. കാരണം ആഴമേറിയ പാരിസ്ഥിതിക ദര്‍ശനം കൊണ്ടു സമ്പന്നനായിരുന്നു അദ്ദേഹം.

'പ്രകൃതി പക്ഷം സ്നേഹപക്ഷം' എന്ന തത്വമാണ് അദ്ദേഹം മുറുകെ പിടിച്ചതും ജീവിച്ചതും. ആര്‍ക്കും ചെവി കൊടുക്കാത്ത കേരളീയരുടെ ആധുനിക ഭാവത്തെ അതിജീവിച്ചതു അദ്ദേഹത്തിന്‍റെ സ്നേഹത്തിലൂന്നിയ പ്രകൃതി സ്നേഹമായിരുന്നു. നമുക്കിടയിലൂടെ ആന്‍റപ്പന്‍ നടന്നു. പ്രകൃതി സ്നേഹമുള്ളവരെ കണ്ടെത്തി. കണ്ടെത്തലുകളുടെ യാത്രകള്‍ നടത്തിയ സ്നേഹയാത്രികനായിരുന്നു അദ്ദേഹം.

അപരിചിതരോട് പരിസ്ഥിതി എന്ന ഗഹന വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കാകും? ആന്‍റപ്പന്‍ എന്നതാണ് ഉചിതമായ ഉത്തരം. ഇതൊരു സ്നേഹധൈര്യമാണ്. ഒരു ഫോണ്‍കോളിലൂടെ പോലും നീണ്ട പരിചിത ഭാവം സൃഷ്ടിക്കുന്ന ഒരു സ്വാധീനശക്തി ആന്‍റപ്പനിലുണ്ടായിരുന്നു. തീക്ഷ്ണത മുറ്റിയ കണ്ണുകളും പ്രസന്നവദനവും നിഷ്കളങ്കസ്നേഹത്തിന്‍റെ പ്രതിഫലനമായി അദ്ദേഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. മുഖത്തറിയാവുന്ന സ്നേഹത്തിന്‍റെ ഉള്ളടക്കം ആന്‍റപ്പനില്‍ ഉണ്ടായിരുന്നു. സ്നേഹം കൊണ്ട് ഭൂമിയെ സ്വന്തമാക്കുന്നതിന് ബഹൂദൂരം സഞ്ചരിക്കാനിറങ്ങിയ പ്രകൃതി സ്നേഹിയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ നിലനില്പിനെ അപരനില്‍ കോറിയിടാന്‍ വിളിക്കപ്പെട്ട പ്രകൃതി സ്നേഹി.

'അപകടം' എത്രയോ വലുതാണ് എന്നു മനസ്സിലായത് ആന്‍റപ്പന്‍റെ വേര്‍പാടോടെയാണ്. കാരണം പ്രിയപ്പെട്ടവരുടെ വേര്‍പാടുകളാണ് അകന്ന സത്യങ്ങളുടെ അകക്കാഴ്ചകളെ നമുക്ക് നല്കുന്നത് എന്നതുതന്നെ. അത്രമാത്രം ആന്‍റപ്പന്‍ മനസ്സിനെ സ്വാധീനിച്ചിരുന്നു. നിരന്തര യാത്രകള്‍ക്കിടയിലും സ്നേഹപൂര്‍വ്വം ഓര്‍മ്മിക്കാനും സംസാരിക്കാനും സ്നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യം ആന്‍റപ്പനുണ്ടായിരുന്നു. പുത്ര, സഹോദര ബന്ധങ്ങള്‍ക്കുപരിയായ ആത്മബന്ധത്തിന്‍റെ മുറിവാണ് ആന്‍റപ്പന്‍റെ വേര്‍പാടോടെ വേദനയായത്.

ആന്‍റപ്പന്‍റെ ശ്രമഫലമായിരുന്നു മഴമിത്രം എന്ന മാസിക. ആമുഖപതിപ്പോടെ പ്രസിദ്ധീകരണം നിലച്ച ആ പുസ്തകം പാരിസ്ഥിതിക കേരളത്തിന്‍റെ അസ്തിത്വപ്രതിസന്ധിയെ പ്രതിപാദിക്കുന്നതായിരുന്നു. നാം മറന്നുപോകുന്ന പ്രകൃതി വിഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും ക്രിയാത്മകദര്‍ശനങ്ങളും നിറഞ്ഞ് ഹരിതവിനിമയം എന്ന ലക്ഷ്യവുമായി ആരംഭിച്ച ആ മഹാസ്വപ്നം നിലച്ചപ്പോള്‍ മലയാളത്തിന്‍റെ പോഷണത്തിന് ചുക്കാന്‍ പിടിക്കേണ്ടിയിരുന്ന ഒരു പ്രകൃതി വിസ്മയമാണ് നമുക്ക് നഷ്ടമായത്.  
ജീവശ്വാസം പോലെ പ്രകൃതിയോടിണങ്ങി പ്രകൃതിയ്ക്കുവേണ്ടി അദ്ധ്വാനിച്ച് മണ്ണോടു ചേര്‍ന്ന മഹത് വ്യക്തി അതാണ് ആന്‍റപ്പന്‍റെ ഓര്‍മ്മകള്‍ ഉള്ളില്‍ നിറയ്ക്കുന്നത്. പരിസ്ഥിതിയുടെ പ്രവാചകനായി ദൗത്യമേറ്റെടുത്ത ഈ മഹാമനുഷ്യന്‍റെ ഓര്‍മ്മകള്‍ക്കുള്ള സ്വാധീനശക്തി വളരെ വലുതാണ്. മരിക്കാത്ത ഓര്‍മ്മകളുടെ പ്രതിഫലനമാണ് അദ്ദേഹ ത്തിന്‍റെ സ്മരണയ്ക്കായി നിര്‍മ്മിക്കപ്പെട്ട മഴമിത്രം എന്ന ഭവനം. നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ശ്രമഫലമായി 'മഴമിത്രം' ആന്‍റപ്പന്‍റെ കുടുംബത്തിന് സമര്‍പ്പിക്കുമ്പോള്‍ ഓര്‍മ്മകള്‍ മരിക്കുന്നില്ല എന്നതിനേക്കാള്‍ ആന്‍റപ്പന്‍ അമ്പിയായം എന്ന പ്രകൃതി സ്നേഹി നല്കിയ മഹത്തായ ദര്‍ശനത്തിലേക്കുള്ള കാല്‍വയ്പാകണം. ഓര്‍മ്മകളില്‍ അടിഞ്ഞുകൂടാതെ പ്രവര്‍ത്തനനിരതരാകാന്‍ ആന്‍റപ്പന്‍റെ സ്വപ്നം, സാക്ഷാത്കരിക്കാനാണ് പ്രയത്നിക്കേണ്ടത്

ഗീന്‍ കമ്മ്യൂണിറ്റി

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും കൂട്ടായ്മ. വിശദമായ ഗൃഹപാഠങ്ങള്‍ക്കുശേഷം 2011 ഏപ്രില്‍ 15-ാം തീയതിയിലെ വിഷുദിനത്തിന്‍റെ അന്ന് ആന്‍റപ്പനും 25 സുഹൃത്തുക്കളും ചേര്‍ന്ന് ഗ്രീന്‍ കമ്മ്യൂണിറ്റിക്ക് ജന്മം കൊടുത്തു. ഹരിതജാലകം, ഹരിതവിനിമയം, ഹരിത സാമ്പത്തിക ശാസ്ത്രം, ഹരിത ശില്പശാലകള്‍, ഹരിത തരംഗം, ഹരിത വാരം, ഹരിത മാസം, ഹരിത തീര്‍ത്ഥാടനം, ഹരിത ഉത്സവം തുടങ്ങി ഹരിത രാഷ്ട്രീയം വരെ എത്തിനില്‍ക്കുന്ന ഒരു വന്‍പ്രസ്ഥാനമാകാനുള്ള ചുവടുവയ്പായിരുന്നു ഗ്രീന്‍ കമ്മ്യൂണിറ്റി. 

You can share this post!

കുടുംബം ഒരു ദേവാലയം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts